ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ദല്‍ഹിയിലെ ഹൃദയഭാഗത്തുള്ള കസ്തൂര്‍ബാ റോഡിലെ മുസ്ലിം പള്ളി സന്ദര്‍ശിച്ചു എന്നറിഞ്ഞപ്പോള്‍ ഹൈദരാബാദിലിരുന്ന് ഒവൈസി ഒന്നു ഞെട്ടി. ഞെട്ടല്‍ അവിടെയും നിന്നില്ല. ആള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് മേധാവി ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മൂന്നു മണിക്കൂര്‍ ഡോ. ഭാഗവത് ചര്‍ച്ച ചെയ്തു എന്നതാണ് പിന്നാലെ കേട്ടത്. ഇല്യാസിയുമായി മാത്രമല്ല പ്രമുഖരായ ചില മുസ്ലീം ബുദ്ധിജീവികളുമായും സംവാദത്തിലേര്‍പ്പെട്ടു എന്നത് അതിലേറെ ഞെട്ടലുണ്ടാക്കി. ഞെട്ടല്‍ ഭൂമികുലുക്കം പോലെയായത് ആസാദ്പൂരിലെ മദ്രസ സന്ദര്‍ശിച്ച ഡോ. ഭാഗവത് അവിടുത്തെ കുട്ടികളുമായി സംവദിക്കുകയും ചെയ്തു എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്. ഇല്ല്യാസി ഭാഗവതിനോട് പറഞ്ഞത് നാമെല്ലാം വ്യത്യസ്ത ആരാധനാ പദ്ധതിക്കാരാണെങ്കിലും ഒരേ ഡി.എന്‍.എയില്‍ പെട്ടവരാണ് എന്നാണ്. മദ്രസയിലെ കുട്ടികളോട് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞത് വിവിധ ആരാധനാപദ്ധതി പിന്തുടരുമ്പോഴും പരസ്പരം ബഹുമാനിക്കണമെന്നാണ്. ഇതൊക്കെ ഒവൈസിക്ക് എങ്ങനെ സഹിക്കും. സംഘപരിവാറുകാര്‍ മുസ്ലിങ്ങളെ മൂക്കുനുള്ളി വിഴുങ്ങുന്നവരാണ് എന്ന തങ്ങളുടെ പ്രചാരണം ഡോ.മോഹന്‍ ഭാഗവതും ഇല്ല്യാസിയും കൂടി പൊളിച്ചാല്‍ ഹൈദരബാദിലെ റസാക്കര്‍ തലവന്‍ എങ്ങനെ സഹിക്കും?
സര്സംഘചാലകന് മുസ്ലിംപള്ളി സന്ദര്‍ശിക്കുന്നത് ഇത് ആദ്യമല്ല. കെ.എസ്. സുദര്‍ശന്‍ജി പള്ളി സന്ദര്‍ശിക്കുകയും മുസ്ലിം പണ്ഡിതരുമായി സംവദിക്കുകയും ചെയ്തിരുന്നു. അന്നൊക്കെ അതിനുപാരവെക്കാന് ഒവൈസിയും കൂട്ടരും കോണ്‍ഗ്രസ്സിന്റെയും സഖാക്കളുടെയും സഹായത്തോടെ ശ്രമിച്ചിരുന്നു. എന്നാലിന്ന് പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പഴയപോലെയില്ല. മുസ്ലിം സമൂഹം ഈ നേതാക്കളെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.