Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍

മുരളി പാറപ്പുറംമുരളി പാറപ്പുറം
23 September 2022

ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത് 1957 ല്‍ കേരളത്തിലാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുപോലെ വസ്തുതാവിരുദ്ധമാണ് ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിലാണ് കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം ആദ്യം എഴുതപ്പെട്ടതെന്ന് പറയുന്നതും. 1912 ല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ ഈ ജീവചരിത്രം യഥാര്‍ത്ഥത്തില്‍ അതേവര്‍ഷം കൊല്‍ക്കത്തയില്‍നിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘മോഡേണ്‍ റിവ്യൂ’ എന്ന മാസികയില്‍ ലാല ഹര്‍ദയാല്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനമായ ‘കാറല്‍ മാര്‍ക്‌സ്-ഒരു ആധുനിക ഋഷി’ പദാനുപദം പകര്‍ത്തിവച്ചതാണ്. കമ്യൂണിസ്റ്റുകളല്ലാത്ത മലയാളികള്‍ക്കുപോലും മാര്‍ക്‌സിനോടുണ്ടായ അന്ധമായ ആഭിമുഖ്യത്തിനു പിന്നില്‍ രാമകൃഷ്ണ പിള്ളയുടെ വ്യാജനിര്‍മിതിക്ക് വലിയൊരു പങ്കുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ആള്‍ദൈവം എന്ന വിമര്‍ശനം പലപ്പോഴും ഉന്നയിക്കാറുള്ളത് കമ്യൂണിസ്റ്റുകാരാണല്ലോ. വിരോധാഭാസമെന്നു പറയട്ടെ, ഈ വിമര്‍ശനം ലക്ഷ്യം വയ്ക്കുന്നവരെക്കാള്‍ കേരളത്തിന്റെ ബൗദ്ധിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ കാറല്‍ മാര്‍ക്‌സ് ഒരു ആള്‍ദൈവമായി മാറിക്കഴിഞ്ഞിരുന്നു. മാര്‍ക്‌സിന്റെ മഹത്വം വാഴ്ത്തുന്നതിനിടെ ആ ചരിത്ര പുരുഷന്റെ വ്യക്തിവിവരങ്ങള്‍ പോലും ശരിയായി മനസ്സിലാക്കുന്നതില്‍ മലയാളികള്‍ വലിയ ഉദാസീനത കാണിച്ചു. സമത്വസുന്ദര ലോകത്തിന്റെ പ്രവാചകനായി ഘോഷിക്കപ്പെട്ട മാര്‍ക്‌സിന്റെ വ്യക്തിജീവിതം വര്‍ണശബളമായി വരച്ചുകാട്ടുന്നതിലായിരുന്നു മാര്‍ക്‌സിസ്റ്റുകള്‍ക്ക് താല്‍പ്പര്യം. മാര്‍ക്‌സിന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും സങ്കടങ്ങളുമോര്‍ത്ത് കരച്ചിലിന്റെ വക്കില്‍വരെ എത്തുന്ന മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ കേരളത്തിലുണ്ടായിരുന്നു. ഇതൊക്കെ മാര്‍ക്‌സിന്റെ പ്രഭാവലയത്തെ ശാശ്വതവല്‍ക്കരിച്ചു. മഹാനായ മാര്‍ക്‌സിനെ വിമര്‍ശനബുദ്ധിയോടെ സമീപിക്കാന്‍ പലരും മടിച്ചു. മാര്‍ക്‌സിന്റെ സ്വകാര്യ ജീവിതത്തിനു മുന്നില്‍ വലിയൊരു മറതന്നെ ആരാധകര്‍ വലിച്ചിട്ടു. വ്യക്തിപരമായി മാര്‍ക്‌സ് ആരായിരുന്നു എന്നതിലുള്ള അജ്ഞത മാര്‍ക്‌സിസ്റ്റുകള്‍ ഒരു ഭൂഷണമായി കൊണ്ടുനടന്നു. മാര്‍ക്‌സിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അടുത്തിടെ മുസ്ലിംലീഗ് നേതാവ് എം.കെ. മുനീര്‍ തുടക്കമിട്ട ഒരു വിവാദം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

മാര്‍ക്‌സ് ഒരു അരാജകവാദിയും സദാചാരമൂല്യങ്ങള്‍ പുലര്‍ത്താത്തയാളുമായിരുന്നു എന്ന വിമര്‍ശനം എം.സ്വരാജിനെപ്പോലുള്ള പുതുതലമുറ മാര്‍ക്‌സിസ്റ്റുകളെ രോഷാകുലരാക്കി. തങ്ങള്‍ക്കറിയാത്ത ഇങ്ങനെയും ഒരു മാര്‍ക്‌സോ എന്ന് അവര്‍ അമ്പരന്നു. മുനീര്‍ ‘വെളിപ്പെടുത്തിയ’ മാര്‍ക്‌സിന്റെ സ്വഭാവദൂഷ്യങ്ങളെക്കുറിച്ച് പറയുന്നത് ഏത് പുസ്തകത്തിലെന്നായിരുന്നു ആത്മരോഷത്തോടെയുള്ള സ്വരാജിന്റെ നിഷ്‌കളങ്കമായ ചോദ്യം. തന്റെ പാണ്ഡിത്യത്തില്‍ അഭിമാനംകൊണ്ട് പോള്‍ ജോണ്‍സന്റെ ‘ദ ഇന്റലക്ച്വല്‍സ്’ എന്ന പുസ്തകമാണിതെന്ന് മുനീര്‍ പറഞ്ഞു. താനാണ് മലയാളികള്‍ക്കു മുന്നില്‍ മാര്‍ക്‌സിനെ സംബന്ധിക്കുന്ന ഇതുവരെ അജ്ഞാതമായിരുന്ന വസ്തുതകള്‍ അവതരിപ്പിക്കുന്നതെന്ന ഒരു ഭാവം മുനീറിനുണ്ടായിരുന്നു. ഇവിടെ മുനീറും സ്വരാജും പൊതുവായി പങ്കുവയ്ക്കുന്ന ഒരു അജ്ഞതയുണ്ട്. ആധുനിക കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തെ ഇളക്കി പ്രതിഷ്ഠിച്ച ചിന്തകനായിരുന്ന പി.പരമേശ്വരന്‍ മൂന്നരപ്പതിറ്റാണ്ടിനു മുന്‍പുതന്നെ മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ചും, സദാചാര ജീവിതത്തിലുള്ള താല്‍പ്പര്യമില്ലായ്മയെക്കുറിച്ചും ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. 1987 ല്‍ ആദ്യപതിപ്പായി ‘മാതൃഭൂമി’ ബുക്‌സ് പ്രസിദ്ധീകരിച്ച ‘വിവേകാനന്ദനും മാര്‍ക്‌സും’ എന്ന പുസ്തകത്തിലാണ് ഇതു ചെയ്യുന്നത്. മുനീര്‍ പറയുന്ന പോള്‍ ജോണ്‍സന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് 1988ലാണ്. ഇതിനും ഒരുവര്‍ഷം മുന്‍പാണ് ‘വിവേകാനന്ദനും മാര്‍ക്‌സും’ പുറത്തുവന്നത്.

ADVERTISEMENT

അമ്മയോടുള്ള വെറുപ്പും വഴക്കും
വിവേകാനന്ദന്റെ ആശയാദര്‍ശങ്ങളെ മാര്‍ക്‌സിന്റെ തത്വചിന്തയുമായി താരതമ്യം ചെയ്യുന്നതും, ഇരുവരുടെയും ചിന്താധാരകളിലെ പ്രത്യക്ഷത്തിലുള്ള ചില സാമ്യതകളും ആഴത്തിലുള്ള വൈരുദ്ധ്യങ്ങളും പരിശോധിക്കുന്നതാണ് ‘വിവേകാനന്ദനും മാര്‍ക്‌സും’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ”ഒരു നൂറ്റാണ്ടിനു മുന്‍പ് ലോകത്തെ പിടിച്ചുകുലുക്കുകയും പരുവപ്പെടുത്തുകയും ചെയ്ത രണ്ട് വിരുദ്ധ വ്യക്തിത്വങ്ങളെക്കുറിച്ച് പുതിയൊരു ധാരണ ഉണ്ടാക്കുന്നതിന്….” സഹായിക്കുന്ന പുസ്തകം എന്ന് അവതാരികയില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ‘വിവേകാനന്ദനും മാര്‍ക്‌സും’ മാര്‍ക്‌സിസത്തിന്റെ അപര്യാപ്തതകളെ ആഴത്തില്‍ വിശകലനം ചെയ്യുന്നതിനൊപ്പം, മഹത്വത്തിന്റെ മറുപുറമെന്നോണം കാറല്‍ മാര്‍ക്‌സിന്റെ സ്വഭാവ സവിശേഷതകളെ എടുത്തുകാട്ടുകയും ചെയ്യുന്നു. അസുഖകരമായ കാര്യങ്ങളാണ് പറയേണ്ടിവരുന്നതെങ്കിലും ഏറ്റവും മാന്യമായ ഭാഷയില്‍, വ്യക്തിവിദ്വേഷമില്ലാതെയാണ് ഗ്രന്ഥകാരനായ പി.പരമേശ്വരന്‍ അത് ചെയ്യുന്നത്. ഭാഷയിലെ സമസ്ത അധിക്ഷേപ പദങ്ങളും ഉപയോഗിച്ച് എതിരാളികളെ അപകീര്‍ത്തിപ്പെടുത്താറുള്ള മാര്‍ക്‌സിസ്റ്റുകള്‍ക്ക് തങ്ങളെ വിമര്‍ശിക്കുന്ന മറ്റുള്ളവര്‍ പക്ഷേ മാന്യത പുലര്‍ത്തണമെന്ന നിര്‍ബന്ധമുണ്ട്! മാര്‍ക്‌സുതന്നെ ഇത്തരക്കാരനായിരുന്നുവല്ലോ.

‘മാര്‍ക്‌സും വിവേകാനന്ദനും- വ്യക്തിഗതപഠനം’ എന്ന അധ്യായത്തില്‍ കുടുംബ പശ്ചാത്തലം സൂചിപ്പിച്ചശേഷം മാര്‍ക്‌സിന്റെ സ്വഭാവസവിശേഷതകളിലേക്കാണ് ഗ്രന്ഥകാരന്‍ പ്രവേശിക്കുന്നത്. ജെറോള്‍ഡ് സീഗള്‍ എഴുതിയ “Marx’s Fate’ എന്ന കൃതിയെയാണ് ഇതിനായി പി. പരമേശ്വരന്‍ അവലംബിക്കുന്നത്. ”മാര്‍ക്‌സിനെപ്പറ്റി പറയാനുള്ളത് മറ്റ് കുടുംബാംഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അദ്ദേഹത്തിന് തീരെ ശ്രദ്ധയില്ലായിരുന്നു എന്നാണ്. രൂപത്തിലും ഭാവത്തിലും അല്‍പ്പം പരുക്കനായിരുന്നെങ്കിലും അത്യന്തം പ്രതിഭാശാലിയായിരുന്നു ബാലനായ മാര്‍ക്‌സ്. ഭയങ്കരമായ ഊര്‍ജസ്വലതകൊണ്ട് മാര്‍ക്‌സിനെ പലര്‍ക്കും പേടിയായിരുന്നു. മാതാപിതാക്കള്‍ ആരോഗ്യത്തിന്റെയും പഠിത്തത്തിന്റെയും കാര്യത്തില്‍ ആവുന്നതിലധികം ശ്രദ്ധിച്ച് വലിയ പ്രതീക്ഷകളോടെ മാര്‍ക്‌സിനെ വളര്‍ത്തിക്കൊണ്ടുവന്നു. ഇതേ മനോഭാവം മാര്‍ക്‌സ് തിരിച്ചും പ്രകടിപ്പിച്ചിരുന്നു എന്ന് പറഞ്ഞുകൂടാ. പ്രത്യേകിച്ചും അമ്മയുടെ നേര്‍ക്ക്. ലഭ്യമായ എഴുത്തുകുത്തുകള്‍ ഇതിന് തെളിവാണ്. വിദൂരത്ത് പഠിച്ചു താമസിക്കുകയായിരുന്ന മാര്‍ക്‌സിന്റെ ക്ഷേമത്തെക്കുറിച്ച് ആശങ്കാകുലയായ ഹെന്റീറ്റ മാര്‍ക്‌സ് ഒരിക്കല്‍ എഴുതി- ”നീ ശരീരം ഉഷ്ണിപ്പിക്കരുത്. വീഞ്ഞും കോഫിയുമൊന്നും അധികം കഴിക്കരുത്. വല്ലാതെ എരിവും മസാലയുമുള്ള ഭക്ഷണം കഴിക്കരുത്. പുകവലിക്കുകയോ വൈകി ഉറങ്ങുകയോ ചെയ്യരുത്. അതിരാവിലെ എഴുന്നേല്‍ക്കണം. തണുത്ത് മരവിക്കാന്‍ ഇടവരരുത്. സമനില തെറ്റുന്നതുവരെ ഡാന്‍സ് ചെയ്യരുത്. മക്കള്‍ക്കസുഖം ബാധിക്കുമ്പോള്‍ അച്ഛനമ്മമാരെ അത് എങ്ങനെ ബാധിക്കുമെന്നും നീ കാരണം എത്ര തീയാണ് ഞങ്ങള്‍ തിന്നുന്നതെന്നും നിനക്കറിഞ്ഞുകൂടാ.” മാര്‍ക്‌സ് എന്താണ് മറുപടി അയച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ഹെന്റീറ്റയുടെ മറ്റൊരു കത്തില്‍നിന്ന് അത് ഏതാണ്ട് ധ്വനിക്കുന്നുണ്ട്. അവരെഴുതി: ”ഞങ്ങളെല്ലാം നിനക്കുവേണ്ടി കഷ്ടപ്പെടുന്നതിന്റെ ഒരംശംപോലും നീയൊരിക്കലും ഞങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുകയില്ല.” ഒരു ഘട്ടത്തില്‍ മാര്‍ക്‌സ് തന്റെ സുഹൃത്തിനെഴുതി- ”ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയതുപോലെ ഞാനും എന്റെ വീട്ടുകാരും തെറ്റിയിരിക്കുകയാണ്. എന്റെ അമ്മ ജീവിക്കുന്നിടത്തോളം കാലം എനിക്കെന്റെ പൈതൃകസ്വത്ത് ലഭിക്കുന്നതല്ല.” പല ജീവചരിത്രകാരന്മാരും ചൂണ്ടിക്കാണിക്കുന്നത് അമ്മയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പണത്തെ ചുറ്റിയുള്ളതായിരുന്നു, അതില്‍ സംശയത്തിന്റെയും വെറുപ്പിന്റെയും നിറം കലര്‍ന്നിരുന്നു എന്നാണ്. (1)

അഹന്തയും ആജന്മ ശത്രുതയും
ഒന്നാം ഇന്റര്‍നാഷണലിന്റെ സ്ഥാപനം മുതല്‍ ഉപജാപങ്ങളും കുത്തിത്തിരിപ്പുകളും പതിവാക്കിയ മാര്‍ക്‌സിന് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ഒരിക്കലും സൗഹാര്‍ദ്ദപരമായിരുന്നില്ല. ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”കാഴ്ചപ്പാടുകളുടെ നേരിയ വ്യത്യാസംപോലും പൊറുപ്പിക്കാന്‍ ആവാത്ത സ്വഭാവക്കാരനായിരുന്നു അദ്ദേഹം. സ്വന്തം പ്രാമാണ്യത്തിനെതിരായ ഭീഷണിയുടെ സൂചനപോലും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഒരു കാലത്ത് മികച്ച ആരാധകന്മാരായിരുന്ന സഹപ്രവര്‍ത്തകന്മാരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് എങ്ങനെയാണ് അദ്ദേഹത്തെ വീക്ഷിച്ചിരുന്നത് എന്നത് ബക്കുനിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.”(2)
മിഖായില്‍ ബക്കുനിനെ ഉദ്ധരിച്ചുകൊണ്ട് ഇതിനെക്കുറിച്ച് തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. ”മാര്‍ക്‌സ് അത്യന്തം ഗര്‍വിഷ്ടനായിരുന്നു. ചെളിക്കുണ്ടിലിറങ്ങാനും ഉന്മത്തനെപ്പോലെ പെരുമാറാനും തക്കവണ്ണം ഗര്‍വിഷ്ടന്‍. അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു അതിവേഗം ക്ഷതമേല്‍ക്കുന്ന ദുരഭിമാനം. ഹീനചിന്തകള്‍ക്കിടം നല്‍കുന്ന രോഗഗ്രസ്തമായ മനോഭാവം ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇവയുടെമേല്‍ അറിയാതെയാണെങ്കിലും പോറലേല്‍പ്പിക്കുക എന്ന നിര്‍ഭാഗ്യത്തിനിട വന്നിട്ടുള്ള ആരായാലും ശരി അയാള്‍ പിന്നെ മാര്‍ക്‌സിന്റെ ആജന്മ ശത്രുവായി. അത്തരമൊരാളെ പൊതുജന ദൃഷ്ടിയില്‍ താറടിച്ചു കാണിക്കുവാന്‍ ഏതു മാര്‍ഗവും അനുവദനീയമായി കണക്കാക്കുകയും ഏറ്റവും നാണംകെട്ട, പൊറുപ്പിക്കാനാവാത്ത രീതികള്‍ അവലംബിക്കുകയും ചെയ്യുന്നതില്‍ മാര്‍ക്‌സിന് മനസ്സാക്ഷിക്കുത്തുണ്ടായിരുന്നില്ല. കളവു പറയുകയും ഏറ്റവും ഹീനമായ അപവാദങ്ങള്‍ കണ്ടുപിടിച്ച് പ്രചരിപ്പിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം.”(3)

ബക്കുനിന്‍ ഇങ്ങനെ തുടരുന്നു: ”വ്യക്തിപരമായ അപരാധത്തിന് മാര്‍ക്‌സ് ഒരിക്കലും മാപ്പുകൊടുത്തിരുന്നില്ല. അദ്ദേഹത്താല്‍ സ്‌നേഹിക്കപ്പെടണമെങ്കില്‍ അദ്ദേഹത്തെ ആരാധിക്കാനും പൂജാമൂര്‍ത്തിയായി സ്വീകരിക്കാനും തയ്യാറാവണം. അദ്ദേഹം വച്ചുപൊറുപ്പിക്കണമെങ്കില്‍ അദ്ദേഹത്തെ ഭയപ്പെടുകയെങ്കിലും വേണം. കൊച്ചു മനുഷ്യരോടും സ്തുതിപാഠകന്മാരോടും പാദസേവകന്മാരോടും ഒരുമിച്ചു കഴിയുവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.” (4)

വ്യക്തിജീവിതത്തില്‍ മാര്‍ക്‌സ് സത്യസന്ധനായിരുന്നില്ല എന്നുകൂടി ബക്കുനിന്‍ പറയുന്നു. ”സ്വന്തം അഹന്തയെ അംഗീകരിക്കാന്‍ തയ്യാറുള്ളവരുടെ ഒരു പരസ്പര സഹകരണസംഘമായിരുന്നു മാര്‍ക്‌സിന്റെ സുഹൃദ് വലയം. അതില്‍ അദ്ദേഹമായിരുന്നു എല്ലാവര്‍ക്കും ബഹുമതികള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ അതേസമയം സത്യസന്ധതയില്ലാത്ത, ദുരുദ്ദേശയുക്തനായിരുന്ന മാര്‍ക്‌സ് ഒരിക്കലും തുറന്ന ഹൃദയമോ, ആര്‍ജ്ജവത്തോടുകൂടെയുള്ള പെരുമാറ്റമോ ഉള്ള ആളായിരുന്നില്ല. താന്‍ സംശയിക്കുന്നവര്‍ക്കോ, തന്റെ പ്രതീക്ഷയ്‌ക്കൊത്ത അളവില്‍ തന്നെ ബഹുമാനിക്കാതിരിക്കുക എന്ന കുറ്റം ചെയ്യുന്ന നിര്‍ഭാഗ്യവാന്മാര്‍ക്കോ എതിരെ അദ്ദേഹം സദാ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ഒരാള്‍ക്കെതിരായി കരുക്കള്‍ നീക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്ത് ദുഷ്ടതയും നീചകൃത്യവും അയാള്‍ക്കെതിരായി പ്രയോഗിക്കാന്‍ അദ്ദേഹം അറച്ചിരുന്നില്ല.”(5)

കുത്തിത്തിരിപ്പുകളുടെ ആചാര്യന്‍
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്കും മാര്‍ക്‌സ് ഗൂഢാലോചനകളും കുത്തിത്തിരിപ്പുകളും കൊണ്ടുവന്നു. ”ഒന്നാം ഇന്റര്‍നാഷണലിന്റെ സംഘടനാസൗധം പൊളിഞ്ഞുവീഴുന്നതിന് ഇത്തരം വ്യക്തിപരമായ ശകാരങ്ങളും ഒപ്പം ഉപജാപങ്ങളും കുത്തിത്തിരിപ്പുകളും വലിയൊരു കാരണമായിരുന്നു. 1882 ജൂലായ് 29 ന് ഹേഗില്‍വച്ച് അതിന്റെ സമ്മേളനം ചേരുമ്പോഴേക്കും മാര്‍ക്‌സിന്റെ കൈകളില്‍നിന്ന് സംഘടന വഴുതിപ്പോയ്ക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തുക്കള്‍ പോലും അദ്ദേഹത്തെ കൈവെടിഞ്ഞു. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാണെന്നു കണ്ടപ്പോള്‍ മാര്‍ക്‌സും ഏംഗല്‍സും കൂടി ഗൂഢാലോചന നടത്തി ഇന്റര്‍നാഷണലിന്റെ ആസ്ഥാനം ന്യൂയോര്‍ക്കിലേക്കു മാറ്റിക്കൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കി എടുപ്പിച്ചു. പിറ്റേദിവസം ഹേഗില്‍ വിതരണം ചെയ്ത ഒരു ലഘുലേഖയില്‍ ഇങ്ങനെ എഴുതിക്കണ്ടു -”കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെ സമയമായപ്പോള്‍ ഇന്റര്‍നാഷണല്‍ തകര്‍ന്നു; അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മുകളില്‍ക്കൂടി, വിപ്ലവത്തില്‍നിന്ന് അത് ഒളിച്ചോടി.” മാര്‍ക്‌സിന്റെ ഹീനമായ പകവീട്ടലിന്റെ മകുടോദാഹരണമായിരുന്നു അതെന്ന് Karl Marx-A Political Biography’ എന്ന ഗ്രന്ഥത്തില്‍ ഫ്രിട്‌സ് ജെ, റെഡോട്‌സ് രേഖപ്പെടുത്തുന്നു.”(6)

ഫ്രിട്‌സ് റെഡോട്‌സ് ഇങ്ങനെ തുടരുന്നു: ”തന്റെ സഹപ്രവര്‍ത്തകരും സഹവിപ്ലവകാരികളും ആയിരുന്നവരോടുള്ള തകര്‍ന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്‌നേഹബന്ധങ്ങളുടെ പാഴ്മണല്‍ കൂമ്പാരങ്ങള്‍ ചിതറിക്കിടക്കുന്ന ഒന്നാണ് മാര്‍ക്‌സിന്റെ ജീവിതം. അന്ത്യംവരെ സൗഹൃദം നിലനിര്‍ത്തിയവര്‍ അതി വിരളമത്രേ.” (7)

ആത്മമിത്രമായ ഏംഗല്‍സിനോടുപോലുമുള്ള മാര്‍ക്‌സിന്റെ സൗഹൃദം പലപ്പോഴും കലുഷിതമായി. ”മേരി എന്നു പേരുള്ള ഒരു സ്ത്രീയുമായി ഏംഗല്‍സ് വിവാഹബാഹ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ആ സ്ത്രീയുമായി ഏംഗല്‍സ് ധാരാളം സമയം ചെലവഴിച്ചിരുന്നു. എന്നാല്‍, അവള്‍ അവിചാരിതമായി പെട്ടെന്ന് മരിച്ചപ്പോള്‍ ഏംഗല്‍സ് അത്യന്തം വ്യഥിതനായി. അടുത്ത സുഹൃത്തിന്റെ സഹതാപപൂര്‍ണമായ ആശ്വാസവാക്കുകള്‍ പ്രതീക്ഷിച്ചുകൊണ്ട് അദ്ദേഹം മാര്‍ക്‌സിനെഴുതി. എന്നാല്‍, അതിശയം തോന്നുമാറ് രണ്ടു ചെറിയ വാചകങ്ങളില്‍ തന്റെ അനുശോചനം പ്രകടിപ്പിച്ചതിനുശേഷം, അതേ കത്തില്‍ തന്നെ, സ്വന്തം വ്യക്തിപരമായ-സാമ്പത്തികമായ ക്ലേശങ്ങളുടെ ഒരു നീണ്ട പട്ടിക നിരത്തുകയും പരോക്ഷമായി ഏംഗല്‍സില്‍നിന്നും കൂടുതല്‍ ധനസഹായത്തിന് അഭ്യര്‍ത്ഥിക്കുകയുമാണ് മാര്‍ക്‌സ് ചെയ്തത്. അസമയത്തുള്ള അനുഭാവശൂന്യമായ ഈ കത്ത്, മാര്‍ക്‌സിനെ ഒരിക്കലും നിരാശപ്പെടുത്താത്ത ഏംഗല്‍സിനെ അസ്വസ്ഥനാക്കി. വ്രണിതഹൃദയനായ ഏംഗല്‍സ് ക്രോധപൂര്‍വ്വമായാണ് മാര്‍ക്‌സിന് മറുപടി എഴുതിയത്.”(8)

പണക്കൊതിയനായ മാര്‍ക്‌സ്
പണം മാര്‍ക്‌സിന്റെ ഒരു ദൗര്‍ബല്യമായിരുന്നു. പണത്തെ ദൈവമായി കരുതുന്ന മുതലാളിത്വത്തിന്റെ അന്തകനായിട്ടാണല്ലോ മാര്‍ക്‌സിനെ അനുയായികള്‍ കാണുന്നത്. ഇതേ മാര്‍ക്‌സ് ഒരു പണക്കൊതിയനായിരുന്നു. പണം എങ്ങനെയും കയ്യില്‍ കിട്ടിയാല്‍ ധൂര്‍ത്തടിക്കണമെന്ന് മാര്‍ക്‌സിന് നിര്‍ബന്ധമായിരുന്നു. ഏംഗല്‍സിന്റെ ജീവചരിത്രകാരനായ ഡബ്ല്യു.ഒ. ഹെന്‍ഡേര്‍സ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ”മാര്‍ക്‌സുമായി പരിചയപ്പെടുക എന്ന ബഹുമതി കൈവന്നിട്ടുള്ളവരോടെല്ലാം, ഉടനെയോ വൈകിയോ മാര്‍ക്‌സ് പണം വായ്പ ചോദിക്കാതിരുന്നിട്ടില്ല.” സ്‌നേഹിതന്മാരും ആരാധകന്മാരും കയ്യഴിഞ്ഞു സഹായിച്ചുകൊണ്ടിരുന്നുവെങ്കിലും, മാര്‍ക്‌സിനെയും കുടുംബത്തെയും സഹായിക്കുവാന്‍ ഏംഗല്‍സിനെപ്പോലെയുള്ളവര്‍ സദാ സന്നദ്ധരായിരുന്നുവെങ്കിലും മറ്റുള്ളവരില്‍നിന്ന് നിരന്തരം കടം വാങ്ങുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ മാര്‍ക്‌സിന് കഴിഞ്ഞില്ല. ലണ്ടനിലെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു: ”ലണ്ടനിലെ ഏറ്റവും മോശമായതും അതുകൊണ്ട് ഏറ്റവും ചെലവ് കുറഞ്ഞതും ആയ ഒരു പ്രദേശത്താണ് മാര്‍ക്‌സ് ജീവിക്കുന്നത്. രണ്ടു മുറികളായിരുന്നു ആകെ. വൃത്തിയുള്ളതോ കേടില്ലാത്തതോ ആയ ഒരൊറ്റ ഗാര്‍ഹികോപകരണം പോലും അവിടെ കാണാനുണ്ടായിരുന്നില്ല. ഉടഞ്ഞതും തകര്‍ന്നതും പൊളിഞ്ഞതും പൊടിപിടിച്ചതും ആയിരുന്നു എല്ലാം.”(9)

‘കാറല്‍ മാര്‍ക്‌സ്-എ പൊളിറ്റിക്കല്‍ ബയോഗ്രഫി’യില്‍ റെഡോട്‌സ് എഴുതുന്നു: ”മാര്‍ക്‌സിനിങ്ങനെ ജീവിക്കേണ്ടിവന്നത് വെറും പണക്കുറവുകൊണ്ട് മാത്രമായിരുന്നില്ല. തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും ഉള്ള ശ്രദ്ധയില്ലായ്മയും പണത്തെക്കുറിച്ച് ഉണ്ടായിരുന്ന അവജ്ഞയോടടുക്കുന്ന പുച്ഛവും ആയിരുന്നു യഥാര്‍ത്ഥ കാരണം…. പണം എവിടുന്നു വരുന്നു എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ശ്രദ്ധയുമുണ്ടായിരുന്നില്ല. പണമുണ്ടെങ്കില്‍ അത് നിര്‍ലോഭം ചെലവഴിക്കും. തന്റെ കുടുംബസ്വത്തിന്റെ ഭാഗമായി അമ്മയില്‍നിന്ന് നിസ്സാരമല്ലാത്ത തുക-6000 ഫ്രാങ്ക്- കയ്യില്‍ കിട്ടിയ ഉടന്‍ തന്നെ അദ്ദേഹം അതെല്ലാം ചെലവാക്കി. കഷ്ടിച്ച് ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എല്ലാ ഗാര്‍ഹികോപകരണങ്ങളും പണയം വയ്‌ക്കേണ്ടി വന്നു-പിന്നീട് ഒരു മാസത്തിനകം തന്റെ ആഭരണങ്ങളും.”(10)

ധനസബന്ധമായ മാര്‍ക്‌സിന്റെ കഷ്ടപ്പാടുകള്‍ ഒരളവുവരെ സ്വയം സൃഷ്ടമായിരുന്നു. കരുതലില്ലായ്മയായിരുന്നു അതിന്റെ മുഖ്യ കാരണം. തന്റെ കയ്യില്‍ എത്ര പണമുണ്ടെന്നോ പോരാത്ത പണം എവിടെനിന്ന് വരുമെന്നോ ആലോചിക്കലില്ലാതിരുന്ന മാര്‍ക്‌സിന് താന്‍ കൊടുത്തുതീര്‍ക്കാനുള്ള കടമെത്രയെന്ന് യാതൊരു രൂപവുമുണ്ടായിരുന്നില്ല. മാര്‍ക്‌സും ഏംഗല്‍സും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ വിശദമായ വിശകലനം നടത്തിയ വില്ലി ആന്‍സിന്റെ പഠനത്തില്‍നിന്ന് യഥാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കുന്നുണ്ട്: ”ലണ്ടനില്‍ ജീവിച്ചിരുന്ന കാലത്തു മുഴുവന്‍ മാര്‍ക്‌സ് പട്ടിണിയുടെ വക്കത്തായിരുന്നു എന്ന ധാരണയാണ് നമുക്കു പൊതുവെയുള്ളത്. പണത്തിനുവേണ്ടി യാചിച്ചുകൊണ്ട് ഏംഗല്‍സിന് മാര്‍ക്‌സ് എഴുതിയ കത്തുകളിലും അവയുടെ മറുപടികളിലും നിന്ന് പ്രതിമാസം എത്ര പണം ലണ്ടനില്‍ വച്ച് അദ്ദേഹം ചെലവഴിച്ചുകൊണ്ടിരുന്നുവെന്ന് മൊത്തത്തില്‍ കണക്കാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ശരാശരി 35 പവനില്‍ കുറവായിരുന്നില്ല. അതായത് അന്നത്തെ നിരക്കിന് 1000 മാര്‍ക്‌സ്(ജര്‍മന്‍ കറന്‍സി). കടുത്ത ‘വിപ്ലവകാരിയും’ ‘തൊഴിലാളികളുടെ നേതാവും’ ആയ ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊട്ടും തുച്ഛമായ സംഖ്യയായിരുന്നു എന്ന് പറഞ്ഞുകൂട.”(11)

മാര്‍ക്‌സിന്റെ ബൂര്‍ഷ്വാ ജീവിതം
ഒരുപക്ഷേ മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചിട്ടുള്ള വാക്ക് ബൂര്‍ഷ്വാ എന്നതായിരിക്കും. മാര്‍ക്‌സിന്റെ സാഹിത്യത്തിലുടനീളം ഈ വാക്ക് ചിതറിക്കിടക്കുന്നതു കാണാം. ബൂര്‍ഷ്വാസിയോട് മാര്‍ക്‌സിന് കഠിനമായ വെറുപ്പായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ബൂര്‍ഷ്വാസിയുടെ ജീവിതത്തെ മാര്‍ക്‌സ് കടിച്ചുകുടയുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഒരു ബൂര്‍ഷ്വാസിയുടെ ജീവിതം നയിക്കാന്‍ മാര്‍ക്‌സിന് തടസ്സമായില്ല. റെഡോട്‌സ് എഴുതിയ ജീവചരിത്രത്തില്‍ ഇതിനെക്കുറിച്ചും പറയുന്നുണ്ട്. ”വാസ്തവം പറഞ്ഞാല്‍ തൊഴിലാളികളുടെ ശൈലിയിലുള്ള ജീവിതം മാര്‍ക്‌സിന് തീരെ അസഹ്യമായിരുന്നു. ”ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ രണ്ടു വേലക്കാരി സ്ത്രീകളോടൊപ്പം ആഡംബരപൂര്‍ണ്ണം എന്നു വിളിക്കാവുന്ന വീടുകളിലാണ് മാര്‍ക്‌സ് ജീവിച്ചിരുന്നത്. ചിലപ്പോള്‍ ആഡംബര പ്രകടനം, മറ്റു ചിലപ്പോള്‍ ഇടത്തരക്കാരുടെ ചുരുങ്ങിയ ജീവിതനിലവാരം, ചിലപ്പോള്‍ ജര്‍മ്മന്‍ ബൂര്‍ഷ്വാസിയുടെ മേലാളത്ത സമ്പ്രദായം, മറ്റു ചിലപ്പോള്‍ എല്ലാ നാട്ടുകാരെയും സ്വീകരിക്കാന്‍ വാതില്‍ തുറന്നിട്ടിട്ടുള്ള ആതിഥേയ രീതി-ഇങ്ങനെ വിചിത്രമായ ഒന്നായിരുന്നു മാര്‍ക്‌സിന്റെ ലണ്ടന്‍ ജീവിതം.” (12) സമ്പന്നനായിരുന്ന ഏംഗല്‍സിനെപ്പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു മാര്‍ക്‌സിന്റെ ആഡംബര ജീവിതം. ”മാര്‍ക്‌സിന്റെ സ്വഭാവത്തില്‍ പരസ്പരവിരുദ്ധങ്ങളായ ഘടകങ്ങള്‍ അതിവിചിത്രമായി സമ്മേളിച്ചിരുന്നതായി കാണാം. ബുര്‍ഷ്വാജീവിതസമ്പ്രദായത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നുവെങ്കിലും സാഹചര്യങ്ങളനുവദിച്ചപ്പോഴെല്ലാം അദ്ദേഹമതില്‍ ആഹ്ലാദപൂര്‍വ്വം മുഴുകിയിരുന്നു. സാമ്പത്തിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹം ഒന്നാംതരമൊരു വീട് വാടകക്കെടുത്തു. ഏംഗല്‍സ് അതിനെ ‘ഏമിഗ്രേഷന്‍ മെഡീന’ എന്നു വിളിച്ചുവന്നു. പട്ടണത്തിലെ ആഡംബരപൂര്‍ണമായ ബംഗ്ലാവായിരുന്നു അത്. ഇന്നാവീട് നിലവിലില്ല. പക്ഷേ കണ്ടിട്ടുള്ളവര്‍ പറയുന്നത് അത് പ്രദര്‍ശനാത്മകമാംവിധം വലിയതായിരുന്നു എന്നാണ്. അന്‍പത് ആളുകളടങ്ങിയ ഒരു സദസ്സിന്റെ മുന്നില്‍ മാര്‍ക്‌സിന്റെ പെണ്‍മക്കള്‍ക്ക് നൃത്തപ്രകടനം കാഴ്ചവയ്ക്കാനുള്ള വലിപ്പം ആ വീട്ടിനുണ്ടായിരുന്നുവത്രേ.”(13)

ഇതിന് കടകവിരുദ്ധമായിരുന്നു ഏംഗല്‍സിന്റെ ചിന്താഗതി എന്നത് വിചിത്രമായി തോന്നാം. ”സമ്പന്നനും എന്നാല്‍ കുട്ടികളില്ലാത്തവനുമായിരുന്ന ഏംഗല്‍സ് ലണ്ടനില്‍ മാറിത്താമസിക്കാനാഗ്രഹിച്ച്, അനുയോജ്യമായ ഒരു വീട് അന്വേഷിച്ചിരുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുകയുണ്ടായി…”എനിക്ക് ഇരിക്കാനും പഠിക്കാനും കിടക്കാനും എല്ലാംകൂടി നാലഞ്ചുമുറികളുള്ള ഒരു വീടേ ആവശ്യമുള്ളൂ. അത്ര വലിയൊരു വീട് വേണ്ടതില്ല. കുറച്ചുകൂടി ചെറിയ മുറികളായാലും മതി.” മാര്‍ക്‌സിന്റെ ഭാര്യ ഏംഗല്‍സിന് ഇങ്ങനെയെഴുതുകയുണ്ടായി….”ശരിക്കു പറഞ്ഞാല്‍ ഞങ്ങളൊരു കൊട്ടാരത്തിലാണു താമസിക്കുന്നത്. ഇത്ര വിശാലവും ചെലവു കൂടിയതുമായ ഒരു വീട് ആവശ്യമുണ്ടെന്ന അഭിപ്രായം എനിക്കില്ല.” ഏംഗല്‍സാണ് മാര്‍ക്‌സിന് ധനസഹായം ചെയ്തിരുന്നത്. മാര്‍ക്‌സ് ജീവിച്ചിരുന്നത് വായ്പവാങ്ങിയിട്ടാണ് താനും. എന്നിരുന്നാലും വളരെ ചെലവുകൂടിയ ജീവിതസംവിധാനമായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടും അഗണ്യമല്ലാതിരുന്ന തന്റെ വരുമാനത്തിന് ഒതുങ്ങാത്ത രീതിയില്‍ മാര്‍ക്‌സ് ജീവിച്ചു. ലണ്ടന്‍ ജീവിതകാലത്ത് അദ്ദേഹം അനുഭവിച്ചതായി പറയപ്പെടുന്ന ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും കാരണം ശരിക്കും പണമില്ലായ്മ മാത്രമല്ല, പണം ചെലവാക്കുന്നതില്‍ കാണിച്ച അശ്രദ്ധകൂടിയാണ്.” (14)

അടുത്തത്: വംശീയ വിദ്വേഷിയായ മാര്‍ക്‌സ്

അടിക്കുറിപ്പുകള്‍
1. വിവേകാനന്ദനും മാര്‍ക്‌സും, പി.പരമേശ്വരന്‍, മാതൃഭൂമി ബുക്‌സ്, പേജ് 130-131
2. Ibid പേജ് 146
3. Ibid പേജ് 146
4. Ibid പേജ് 146-147
5. Ibid പേജ് 147
6. Ibid പേജ് 147-148
7. Ibid പേജ് 149
8. Ibid പേജ് 149-150
9. Ibid പേജ് 151
10. Ibid പേജ് 151-152
11. Ibid പേജ് 152
12. Ibid പേജ് 152-153
13. Ibid പേജ് 153
14. Ibid പേജ് 153-154

 

Tags: കാറല്‍ മാര്‍ക്‌സ്മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍Karl Marx
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies