ഹിന്ദുത്വവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ചു പ്രതിരോധിക്കുന്ന കക്ഷിയാണ് സി.പി.എം എന്നാണ് അവരുടെ അവകാശവാദം. കാവി കണ്ട സഖാവ് എന്നതു ചുകപ്പു കണ്ട കാളയ്ക്ക് തുല്യമാണത്രെ. തലശ്ശേരി കള്ള് ഷാപ്പ് അടിപിടിക്കേസില്‍ കൊല്ലപ്പെട്ട കുഞ്ഞിരാമന് സഖാവ് പള്ളി സംരക്ഷിക്കാന്‍ പോയി രക്തസാക്ഷിയായി എന്ന കഥ പ്രചരിച്ചത് ഇതിന്റെ ഭാഗമായാണ്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ സംഘപരിവാറിന്റെ അക്രമത്തില്‍ നിന്ന് മല പോലെ നിന്ന് കാത്തുരക്ഷിക്കുന്നത് തങ്ങളാണെന്നാണ് സഖാക്കള്‍ നെഞ്ച് വിരിച്ചു പ്രസംഗിക്കാറ്. ഇതേ സി.പി.എം. വേരോടെ ഹിന്ദുത്വവല്‍ക്കരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിന്റെ ഏറ്റവും പുതിയ ലക്ഷണം കണ്ടത് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന് സ്മാരക മന്ദിരത്തിലാണ്. പാര്‍ട്ടി ഓഫീസ് സരസ്വതി മന്ദിരമാക്കി മാറ്റിയത് ജില്ലാസെക്രട്ടറി മോഹനന് മാസ്റ്ററാണ്. വിജയദശമി നാളില്‍ അവിടെ വെച്ച് സഖാവ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. സ്ഥലം പാര്‍ട്ടി ഓഫീസ്. അരിയിലെഴുതിച്ചത് ജില്ലാ സെക്രട്ടറി. ഹരിശ്രീ കുറിച്ചത് പാര്‍ട്ടി തൂണേരി വെള്ളൂര്‍ ലോക്കല്‍ കമ്മറ്റിയംഗം ഇ.ടി. രജിലീഷിന്റെ മകള്‍ അനുസ്മിയ. തികച്ചും പാര്‍ട്ടി പരിപാടി എന്നു പറയേണ്ടതില്ലല്ലോ. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി വിജയന് സഖാവ് തന്റെ സ്റ്റാഫില്‍ ഒരാളുടെ കുട്ടിയെ അരിയിലെഴുതിച്ചിരുന്നു. എന്നാലത് പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നില്ല. കണ്ണൂരില്‍ സഖാവ് പി.ജയരാജനും കുട്ടികളെ അരിയിലെഴുതിക്കുക മാത്രല്ല ഗണപതയേ നമഃ എന്നു ചൊല്ലി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടിക്ക് അനഭിമതനായതിനാല്‍ ഔദ്യോഗിക അംഗീകാരമില്ല. നേരത്തെ ഇ.എം.എസ്സും നായനാരുമൊക്കെ ചില വ്യക്തി ബന്ധമുള്ളവരുടെ കുട്ടികളെ ഹരിശ്രീ എഴുതിച്ചിരുന്നു. അതും പാര്‍ട്ടി ഓഫീസിലായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുഖ്യന് സഖാവ് പച്ചക്കൊടി കാട്ടിയതിന്റെ ബലത്തില്‍ മോഹനന് മാസ്റ്റര്‍ പാര്‍ട്ടി ഓഫീസു തന്നെ ഹരിഃ ശ്രീ കുറിക്കാന്‍ വേദിയാക്കി. ഇതേ മാതൃകയില്‍ അടുത്ത വര്‍ഷം എല്ലാ ജില്ലാ കമ്മറ്റി ഓഫീസിലും താഴെ എല്‍.സി. ഓഫീസില്‍ വരെയും ഈ ചടങ്ങ് നടത്താം. ഒപ്പം ഗ്രന്ഥം വെപ്പു പൂജയുമാകാം.
ഇതെല്ലാം കണ്ട് പാര്‍ട്ടി ഓഫീസിന്റെ ചുമരിലെ ഫോട്ടോയിലിരുന്നു പല്ലുറുമ്മുന്ന ഒരാളുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു ഉപദേശിച്ച കാറല്‍ മാര്‍ക്സ്. ശബരിമലയ്ക്ക് പോകുന്ന സഖാക്കളെ ശാസിച്ച എ.കെ.ഗോപാലനെയും വീട്ടില്‍ ഗണപതിഹോമം നടത്തിയ സഖാവിന്റെ പേരില്‍ നടപടിയെടുത്ത നേതാക്കളെയും കണ്ട് ഫോട്ടോയിലിരുന്നു പുളകിതനായ താടിക്കാരന്. ഒരു മുട്ടന്‍ വടി കിട്ടിയാല്‍ മോഹനന് മാസ്റ്ററുടെ തലക്കിട്ട് രണ്ടു കൊടുക്കാന്‍ വെമ്പി നില്ക്കുന്ന മൂത്ത സഖാവ്.