ദേവയാനം
ഡോ.വി.എസ്.ശര്‍മ
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
പേജ്: 272 വില: 350 രൂപ
ഭാരതീയ സംസ്‌കാരത്തിന്റെ കൈവഴികളിലൂടെയായിരുന്നു സമീപകാലം വരെ മലയാള സാഹിത്യവും കേരളീയ കലകളും സഞ്ചരിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടോടെ കേരളത്തില്‍ വേരുറപ്പിച്ച പാശ്ചാത്യ സാഹിത്യരൂപങ്ങളും ഭൗതികവാദത്തില്‍ അധിഷ്ഠിതമായ സംസ്‌കാരവും നമ്മുടെ സാഹിത്യത്തെയും കലകളെയും കുറച്ചൊക്കെ വഴിതെറ്റിച്ചു. സ്വന്തമായതിനെ അന്യമായും അന്യമായതിനെ സ്വന്തമായും കാണുന്ന ഒരു അടിമ മനോഭാവം ഇവിടെ വളര്‍ന്നു വന്നു. ഇതിന്റെ ഫലമായി സാഹിത്യവും കലകളും സാധാരണക്കാരില്‍ നിന്ന് അകന്നു പോകുന്ന ഒരവസ്ഥയും ഉണ്ടായി. ഭാരതീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഉറച്ചു നിന്നുകൊണ്ട് സാഹിത്യരചനകള്‍ നടത്തുകയും ഭാരതീയ കാഴ്ചപ്പാടോടെ കലാരൂപങ്ങളെ വിലയിരുത്തുകയും ചെയ്ത പണ്ഡിതന്മാരായ സാഹിത്യകാരന്മാരാണ് ഒരു പരിധി വരെ ഈ അപചയത്തില്‍ നിന്നു മലയാളത്തെ രക്ഷിച്ചത്. ഈ കൂട്ടത്തില്‍ പരാമര്‍ശിക്കേണ്ട ആദ്യ പേരുകളില്‍ ഒന്നാണ് ഡോ.വി.എസ്. ശര്‍മ്മയുടേത്.
മലയാളത്തില്‍ പി.എച്ച്.ഡി. ഉള്‍പ്പെടെയുള്ള ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം ദീര്‍ഘകാലം കേരള സര്‍വ്വകലാശാലയില്‍ മലയാള വിഭാഗം അദ്ധ്യക്ഷനായിരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ ചുമതലകള്‍ വഹിച്ച അദ്ദേഹം കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ എന്ന പദവിയും വഹിച്ചിരുന്നു. ഈ കാലയളവിലെല്ലാം മലയാള ഭാഷയുടെയും കഥകളി ഉള്‍പ്പെടെയുള്ള കലകളുടെയും പോഷണത്തിനു വേണ്ടി നിര്‍വ്വഹിച്ച അസംഖ്യം പ്രവൃത്തികളാണ് ഡോ. ശര്‍മ്മയെ ഇതര അക്കാദമിക് പണ്ഡിതന്മാരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. വിവിധ കലാ സാഹിത്യ രൂപങ്ങളുമായി ബന്ധപ്പെട്ട നൂറോളം കൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണ് ഇവിടെ പരിചയപ്പെടുത്തുന്ന ‘ദേവയാനം’.
തൃപ്പൂണിത്തുറയില്‍ നിന്ന് ശിവദ്വിജ സേവാസമിതി പ്രസിദ്ധീകരിച്ചു വരുന്ന ‘ശിവദം’ എന്ന ചെറിയ മാസികയിലൂടെ 21 ദേവപദങ്ങളായിട്ടാണ് ഈ ഗ്രന്ഥം ആദ്യം പ്രസിദ്ധീകരിച്ചത്. ഇവ ചില അനുബന്ധങ്ങള്‍ കൂടി ചേര്‍ത്ത് കോഴിക്കോട്ടെ മാതൃഭൂമി ബുക്‌സ് ഇപ്പോള്‍ ആകര്‍ഷകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ജന്മം കൊണ്ട് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടും കര്‍മ്മം കൊണ്ട് തിരുവനന്തപുരവും സ്വദേശമായിത്തീര്‍ന്ന ഗ്രന്ഥകാരന്‍ തന്റെ ജീവിതസ്മരണകള്‍ വാര്‍ദ്ധക്യത്തിന്റെയും അന്ധതയുടെയും തടവിലിരുന്നുകൊണ്ട് വായനക്കാര്‍ക്കായി അയവിറക്കുകയാണ്. വിദ്യാഭ്യാസത്തിന്റെയും കലാ സാഹിത്യരൂപങ്ങളുടെയും മേഖലയിലൂടെയുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ അനുഭവങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ നേര്‍ചിത്രം കൂടിയാണ്. വിഷയത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെയുള്ള ആഖ്യാനം ഈ ഗ്രന്ഥത്തിന്റെ ഒരു മേന്മയാണ്.
തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഡോ.വി.എസ്. ശര്‍മ്മ തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട നിരവധി കൃതികളുടെ കര്‍ത്താവു കൂടിയാണ്. കൊട്ടാരവുമായി ഡോ. ശര്‍മ്മയ്ക്കുള്ള ബന്ധത്തെ കുറിച്ചു ഈ ആത്മകഥയ്ക്ക് അവതാരിക എഴുതിയ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിപറയുന്നുണ്ട്. യശ:ശരീരന്മാരായ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ, വൈക്കത്ത് പാച്ചുമൂത്തത്, വാചസ്പതി ടി.സി. പരമേശ്വരന്‍ മൂസത് തുടങ്ങി പാണ്ഡിത്യം കൊണ്ടും വൈഭവം കൊണ്ടും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹദ് വ്യക്തികളുടെ പരമ്പരയിലാണ് ഡോ.വി.എസ്. ശര്‍മ്മ ജനിച്ചതെന്ന് അവര്‍ പറയുന്നു. ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, അദ്ധ്യാപകന്‍, അനേകം സ്ഥാപനങ്ങളുടെ ഭരണം വിദഗ്ദ്ധമായി നിര്‍വഹിച്ച ഭരണ കര്‍ത്താവ്, കലാ തത്വജ്ഞന്‍, പ്രസിദ്ധനായ എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം വിപുലമായ അംഗീകാരം നേടിയിട്ടുള്ള ഒരു വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ വിനയാന്വിതമായ ജീവിതം തികച്ചും സംശുദ്ധവും മാതൃകാപരവുമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനുമായി ഉണ്ടായിരുന്ന അടുത്ത ബന്ധത്തെ കുറിച്ചും ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ആത്മകഥാ പ്രസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടാണ് ഡോ.വി.എസ്. ശര്‍മ്മയുടെ ‘ദേവയാനം’ എന്ന് നിസ്സംശയം പറയാം.