ഭാരതത്തിലെ സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് എന്ന പുതിയ പൂട്ടുവീഴുകയാണ്. നിലവിലുള്ള ഐ.ടി. ആക്ട് പരിഷ്‌കരിച്ചുള്ള ഈ നിയമം നിരവധി മാനങ്ങളുള്ള ഒന്നാണ്. രാഷ്ട്രത്തെ തകര്‍ക്കുന്ന വിഘടന വാദികള്‍ക്കും അല്‍ഖ്വയ്ദ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, താലിബാന്‍, ലഷ്‌കര്‍ ഇ തൊയ്ബ പോലുള്ള രാജ്യസുരക്ഷക്ക് തുരങ്കം വീഴ്ത്തുന്ന അന്താരാഷ്ട്ര ഭീകരസംഘടനകള്‍ക്കും പാക് ചാരപ്രവര്‍ത്തനത്തിനും ഒത്താശചെയ്തുകൊടുക്കുന്നതില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഹിക്കുന്ന വിപുലമായ പങ്ക് വളരെ മുന്‍പു തന്നെ ചര്‍ച്ചയായിട്ടുള്ളതാണ്. ജമ്മുകശ്മീരില്‍ സമാധാനത്തിന് വിലങ്ങു തടിയാകുന്ന വിധത്തില്‍ അവിടുത്തെ തീവ്രവാദികള്‍ സോഷ്യല്‍ മീഡിയ വളരെ ഫലപ്രദമായും ശക്തമായും ഉപയോഗിച്ചു വരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇത്തരം ഗൗരവതരമായ സുരക്ഷാ വിഷയങ്ങളില്‍ ഫലപ്രദമായ തീരുമാനമുണ്ടായിരിക്കുകയാണ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡിലൂടെ. ജമ്മുകാശ്മീരില്‍ ബ്ലാക്ക്‌ബെറി ഐഫോണിന്റെ ഉപയോഗം നേരത്തേ തന്നെ നിരോധിച്ചിരുന്നല്ലോ.
ചാരപ്രവര്‍ത്തനവും ടെക്‌നോളജിയും
ഭീകരപ്രവര്‍ത്തനത്തില്‍ സ്‌പൈ വര്‍ക്ക് നൂതനമായ ആശയമല്ല. പൗരാണികമായി സാമ്രാജ്യങ്ങളും ചക്രവര്‍ത്തിമാരും ജനപദങ്ങളും രൂപപ്പെട്ടപ്പോള്‍ തന്നെ ചാരപ്രവര്‍ത്തനം ഓരോ രാജ്യങ്ങളും തങ്ങളുടെ സുരക്ഷക്കായി വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് ഫലവത്തായി നടപ്പാക്കി വന്നിരുന്നു. മൃഗങ്ങളും പക്ഷികളും സ്ത്രീകളും ചാവേറുകളും പുരുഷന്മാരും വരെ അന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടുവെങ്കില്‍ കൃത്രിമോപഗ്രഹങ്ങളുടെ ആഗമനത്തോടെ ആയത് കൂടുതല്‍ കൃത്യതയും സൂക്ഷ്മതയും ഉള്ളതായി മാറുകയും മറ്റാര്‍ക്കും തന്നെ സംശയത്തിന് ഇടനല്‍കാത്ത തരത്തില്‍ ഈ അതീവ രഹസ്യ പ്രവര്‍ത്തനം സാങ്കേതിക വിദ്യ ഏറ്റെടുക്കുകയും തെളിവുകളുടെയും രേഖകളുടേയും സമ്പാദനം സുഗമമായി മാറുകയും ചെയ്തു. ഫോണിലും വാഹനങ്ങളിലും ഉപയോഗിച്ചു വരുന്ന ജി.പിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) പോലുള്ള രീതികള്‍ സാറ്റലൈറ്റുകളുടെ ഉപയോഗത്തിന് ഉദാഹരണം മാത്രം. മാനവരാശിക്ക് പ്രയോജനകരമായ നിരവധി ഉപയോഗങ്ങള്‍ കൃത്രിമോപഗ്രഹങ്ങള്‍ മൂലമുണ്ടെങ്കിലും ചാര ഉപഗ്രഹങ്ങള്‍ (Spy Satellites) പോലുള്ള വിരുദ്ധ പ്രവര്‍ത്തനങ്ങളും യഥേഷ്ടം നടന്നു വരുന്നു.
സൈബര്‍ലോകത്തെ കാണാപ്പുറങ്ങള്‍
സാങ്കേതിക വിദ്യ പലപ്പോഴും ഇരുതലമൂര്‍ച്ചയുള്ള വാള്‍ പോലെയാണ്. കമ്പ്യുട്ടര്‍ വിദഗ്ദ്ധരായവര്‍ പലപ്പോഴും പുതിയ സോഫ്റ്റ്‌വെയറുകളോ പ്രോഗ്രാമുകളോ ആപ്ലിക്കേഷനുകളോ നിര്‍മ്മിക്കുമ്പോള്‍ തന്നെ കുശാഗ്രബുദ്ധികളായ ഹാക്കര്‍മാര്‍ സിസ്റ്റത്തെ തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള വൈറസുകളെ പടച്ചു വിടുന്നുണ്ടല്ലോ. വിവരസാങ്കേതികവിദ്യയില്‍ ഇരുള്‍വല (Dark net, Dark web) ) എന്ന പ്രയോഗത്തെക്കുറിച്ച് ഏവരും കേട്ടിരിക്കും.
മന്ത്രവാദത്തിന് ദുര്‍മന്ത്രവാദം എന്ന വളരെ വിരുദ്ധമായ എതിര്‍ശൈലി ഉള്ളതുപോലെയോ, പ്രകാശത്തിന് ഇരുള്‍ എന്ന വിപരീതം പറയുന്നതുപോലെയോ അല്ലെങ്കില്‍ ലോകത്തിന് അധോലോകം എന്ന ദ്വന്ദം പോലെയോ ആണ് ഇത്. ബൃഹദ് മഞ്ഞുകട്ടയുടെ (Ice berg) ഭൂരിഭാഗവും സമുദ്രത്തിനടിയിലാണ്, അല്‍പം മാത്രമാണ് പുറത്തു കാണപ്പെടുന്നത്. അതുപോലെ സൈബര്‍ലോകത്തിന്റെ നന്മ നിറഞ്ഞതും ഉപകാരപ്രദവുമായ 25 ശതമാനമേ പുറമേ കാണുന്നുള്ളുവെങ്കിലും ആയതിന്റെ 75%വും ക്രിമിനല്‍ സ്വഭാവവും അധാര്‍മ്മികതയും അനീതിയും നിറഞ്ഞ കാപട്യത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്നതാണ് നിര്‍ഭാഗ്യകരമായ സത്യം.
സൈബര്‍ ലോകത്ത്, സാധാരണ സമൂഹത്തിന് അജ്ഞാതമായ ചില ആപ്ലിക്കേഷനുകളും ടെക്‌നോളജികളും ഉണ്ട്. അവ ഉപയോഗിക്കുന്നതു മൂലം പ്രയോജനങ്ങളും ന്യൂനതകളും മനുഷ്യനുണ്ട്.
മൊബൈല്‍ ട്രാക്കിംഗ് പ്രയോജനങ്ങളും ന്യൂനതകളും
ജി.പി.എസ്. സംവിധാനം ഉപയോഗിച്ചുള്ള ‘മൊബൈല്‍ ട്രാക്കിംഗ്’ സംവിധാനം തന്നെ നോക്കാം. സ്‌കൂളിലേക്ക് എന്നു പറഞ്ഞു വീട്ടില്‍ നിന്ന് യാത്രയാകുന്ന കൊച്ചുകുട്ടികള്‍ എവിടെപ്പോകുന്നു, ആരൊക്കെയാണ് അവന്റെ/അവളുടെ സുഹൃത്തുക്കള്‍, അവന്റെ/അവളുടെ ക്ലാസ്, സ്‌കൂള്‍ എന്നിവ എങ്ങനെയുണ്ട്, അവന്‍/അവള്‍ കണ്ടുമുട്ടുന്നവര്‍ ആരൊക്കെ, അവന്റെ/ അവളുടെ സഞ്ചാരപഥം എങ്ങനെയാണ് തുടങ്ങി ആ കുട്ടിയുടെ സകലമാന ദൈനംദിനപ്രവര്‍ത്തനങ്ങളുടെയും ഓരോ സെക്കന്റിലുമുള്ള കാര്യങ്ങള്‍ കുട്ടി അറിയാതെ തന്നെ നിരീക്ഷിക്കാനായുള്ള ആപ്പ് ആണിത്. മാതാപിതാക്കള്‍ക്ക് എല്ലായ്‌പോഴും കുട്ടിയുടെ സമീപത്തു നിന്ന് ഈ പ്രവൃത്തികള്‍ നിരീക്ഷിക്കുക അസാദ്ധ്യമായിരിക്കെ അവര്‍ക്ക് ഫലപ്രദമായി ഈ ആപ്ലിക്കേഷനിലൂടെയോ ഇത്തരം ആപ്പുകളിലൂടെയോ കാര്യങ്ങള്‍ നോക്കിക്കാണാവുന്നതാണ്.
2018 ജൂലായില്‍ തായ്‌ലാന്റിലെ ചിയാംഗ് റായ് പ്രോവിന്‍സിലെ താം ലുവാംഗ് നാംഗ് നോണ്‍ (സയാമീസ്-തായ് ഭാഷയില്‍ ഉറങ്ങുന്ന മഹതിയുടെ മലനിര എന്ന് അര്‍ത്ഥം- Mountain of sleeping lady- ഒരു പ്രത്യേക വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ഈ മലനിര കിടന്നുറങ്ങുന്ന ഒരു സ്ത്രീയുടെ രൂപത്തോട് സാദൃശ്യം പുലര്‍ത്തുന്നതിനാല്‍ ആ നാമം സിദ്ധിച്ചു) കുന്നുകളിലെ ഗുഹയില്‍ ഒറ്റപ്പെട്ട് അകപ്പെട്ടുപോയ കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ കോച്ചിനേയും കുറിച്ചും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി നിര്‍വഹിക്കപ്പെട്ട രക്ഷാപ്രവര്‍ത്തന ദൗത്യത്തെക്കുറിച്ചും ലോകമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതും വിശ്വജനത ആയത് ആകാംക്ഷയോടെ നിത്യേനയെന്നവണ്ണം അനുസന്ധാനം ചെയ്തതുമാണല്ലോ. കുട്ടികള്‍ എവിടെപ്പോയി എന്ന് ദിവസങ്ങള്‍ കഴിഞ്ഞ് മറ്റുള്ളവര്‍ മനസ്സിലാക്കിയത് മൊബൈല്‍ ട്രാക്കിംഗിലൂടെയാണ് എന്ന് പറയപ്പെടുന്നു. ആയതനുസരിച്ച് അന്വേഷിച്ചു ചെന്നവര്‍ പിന്നീടാണ് ഗുഹക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ സൈക്കിളും ഷൂസുകളും വസ്ത്രങ്ങളുമെല്ലാം കണ്ടെത്തിയത്.
സുദീര്‍ഘമായി വളഞ്ഞു പുളഞ്ഞു നീണ്ടു പോകുന്ന, ഇടുങ്ങിയ ഗുഹയില്‍ ഓരോരുത്തരുടേയും സ്ഥാനം കൃത്യമായി മനസ്സിലാക്കിയതും മൊബൈല്‍ ട്രാക്കിംഗിലൂടെയാണ്. ഇത്തരത്തില്‍ മനുഷ്യരാശിക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ആപ്പ് എന്ന് പറയുമ്പോള്‍ തന്നെ ഇതുമൂലമുള്ള പൊല്ലാപ്പുകളും ചില്ലറയല്ല.
ഒരാളുടെ മൊബൈല്‍ മറ്റൊരാളോ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളോ മൊബൈല്‍ ട്രാക്കിംഗിലൂടെ ചോര്‍ത്തുന്നുണ്ട് എന്നു കരുതുക. രാത്രിയില്‍ അയാളുടെ കിടപ്പറയിലും കുളിമുറിയിലും നടക്കുന്ന കാര്യങ്ങള്‍ വരെ റെക്കോര്‍ഡ് ചെയ്‌തോ ലൈവായോ വീക്ഷിക്കാന്‍ വെറും ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സാധിക്കും എന്നതാണ് ഏറെ പരിതാപകരമായ വസ്തുത. ഇങ്ങനെ തന്റെ മൊബൈല്‍ ചോര്‍ത്തുന്ന വിവരം ഈ വ്യക്തിയൊട്ട് അറിയുകയുമില്ല. അയാളുടെ ധന ഇടപാടുകള്‍, അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് വിവരങ്ങള്‍, രഹസ്യമായിരിക്കേണ്ടുന്ന പാസ്‌വേഡുകള്‍ എ.ടി.എം പിന്‍ എന്നിവ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും മൊബൈല്‍ ചോര്‍ത്തുന്ന ഒരുവന് സുഗമമായി ലഭ്യമാകും. ചോര്‍ത്തപ്പെടുന്ന വ്യക്തി ഇത് അറിയുന്നുമില്ല. അതുകൊണ്ടു തന്നെ ആള്‍ക്ക് പരാതിയുമുണ്ടാവില്ല. ഇനി പരാതിയുണ്ടെങ്കില്‍ തന്നെ വ്യക്തമായ തെളിവില്ലാത്തതിനാല്‍ ആയത് ഭ്രാന്തുപുലമ്പുന്നതായോ, മണ്ടത്തരമായോ മറ്റുള്ളവര്‍, ഇതു ഭംഗിയായി ഉപയോഗിക്കുന്നവര്‍ പോലും അഭിപ്രായപ്പെട്ടേക്കാം. തുമ്പില്ലാത്തതിനാല്‍ പോലീസിനും നടപടിയെടുക്കാനാവില്ല. കിടപ്പുമുറിയിലോ, കുളിമുറിയിലോ ഒളിക്യാമറ സ്ഥാപിച്ചാല്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പാണ്. എന്നാല്‍ മേല്‍പ്രസ്താവിച്ച പ്രതിഭയുടേയും അതിശയകരമായ അറിവിന്റെയും മാന്യതയുടേയും മേലങ്കിയണിഞ്ഞ, ‘പ്രൗഢവും വിദഗ്ദ്ധവുമായ’ അധാര്‍മ്മികമായ സാങ്കേതിക വിദ്യ പിടിക്കപ്പെടുകയുമില്ല, പിടിക്കപ്പെട്ടാല്‍ തന്നെ തെളിവുകളുടെ അഭാവത്തില്‍ തള്ളിപ്പോവുകയും ചെയ്യും എന്ന അവസ്ഥാവിശേഷമാണ്. ഫോണ്‍ ചോര്‍ത്തപ്പെടുന്ന ഈ വ്യക്തി പ്രതിരോധസേനയിലോ, അത്തരം ആഭ്യന്തര രഹസ്യസ്വഭാവം സൂക്ഷിക്കപ്പെടേണ്ടുന്ന വകുപ്പിലോ, ഇന്റലിജന്‍സ് വിഭാഗത്തിലോ, റോ (RAW), പോലെയോ, ക്രൈംബ്രാഞ്ച് പോലെയോ, സി.ബി.ഐ പോലെയോ, ഇന്റലിജന്‍സ് ബ്യൂറോ പോലെയോ, ഡിഫന്‍സ് അക്കാദമി പോലെയോ, ന്യൂക്ലിയര്‍ റിസര്‍ച്ച് പോലെയോ, ആണവ വൈദ്യുതനിലയം പോലെയോ ഉള്ള നിര്‍ണ്ണായകമായ മേഖലയില്‍ ഉദ്യോഗം വഹിക്കുന്നയാളാണെങ്കില്‍ സംഗതി അതീവ ഗൗരവതരമാകും. തീവ്രവാദസംഘടനകളോ ശത്രുരാജ്യങ്ങളോ ഇത്തരം എല്ലാ മറുമര്‍മ്മ വിദ്യകളും ഉപയോഗപ്പെടുത്താവുന്ന സാദ്ധ്യതകള്‍ തള്ളിക്കളയാവുന്നതോ വിലകുറച്ചു കാണേണ്ടുന്നതോ അല്ലതന്നെ.
കേരളപോലീസിന്റെ കേസ് ചരിത്രത്തില്‍ തന്നെ ഇത്തരം ആപ്പുണ്ടാക്കിയ ‘ആപ്പി’ന്റെ കഥയുണ്ട്. ഒരു സ്ത്രീക്ക് അവരുടെ ഭര്‍ത്താവിന്റെ സദാചാരശുദ്ധിയില്‍ സംശയമായിരുന്നു. ഭര്‍ത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്നാണ് ഭാര്യയുടെ വിശ്വാസം. ഭര്‍ത്താവ് എവിടെ പോകുന്നു, ആരൊക്കെയായി കണ്ടുമുട്ടുന്നു എന്നറിയാന്‍ ഭാര്യക്ക് വ്യഗ്രത. ഭാര്യ സുഹൃത്തായ കമ്പ്യൂട്ടര്‍ എക്‌സ്‌പെര്‍ട്ടിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നു. അയാള്‍ ഈ ആപ്പ് ഭാര്യയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നു. അവര്‍ അതുപയോഗിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കാതെ തന്നെ അയാളുടെ നീക്കങ്ങള്‍ ഓരോന്നും അപ്പപ്പോള്‍ തന്നെ അറിയുന്നു. അതുവച്ച് അയാളെ ദിവസവും ചോദ്യം ചെയ്യുന്നു. ഭാര്യ കൃത്യതയോടെ അയാളുടെ ദിനചര്യകള്‍ വര്‍ണ്ണിക്കുമ്പോള്‍ ഭര്‍ത്താവിന് അതിശയവും ആശയക്കുഴപ്പവും സംശയങ്ങളും ബാക്കി. പോലീസിന്റെ മുന്നിലേക്ക് വിഷയം എത്തുന്നു. ഭാര്യയെ ശക്തമായി, രൂക്ഷമായി ചോദ്യം ചെയ്യുമ്പോളാണ് ഈ ആപ്ലിക്കേഷന്റെ വിശദാംശങ്ങള്‍ സൈബര്‍ സെല്ലുപോലും അറിയുന്നത്. പക്ഷേ, ഇക്കാര്യം പുറംലോകമറിഞ്ഞത് ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനു ലഭിച്ച സൂചനകളില്‍ നിന്നാണ്. മറ്റുള്ള കേസുകളില്‍ ഇതൊട്ട് അറിയാനും പോകുന്നില്ല. മൗലികാവകാശമായ മനുഷ്യന്റെ വിലയേറിയ സ്വകാര്യത അന്യം നില്‍ക്കുകയോ സ്വപ്‌നമായി മാറുകയോ ചെയ്യുന്ന ഡിജിറ്റല്‍ ഇലക്ട്രോണിക് യുഗത്തിലാണ് നാം ജീവിക്കുന്നത് എന്നു പറയാനുള്ള കാരണം അതാണ്. ക്രമസമാധാന വകുപ്പായ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സൈബര്‍സെല്‍ വിഭാഗത്തിനു പോലും കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഫോണ്‍ ചോര്‍ത്തുകയും ഫോണ്‍ സംഭാഷണങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയായി റെക്കോഡ് ചെയ്യുകയും വാട്‌സാപ്പ്, എസ്.എം.എസ്, മെസഞ്ചര്‍, ഇമെയില്‍ സന്ദേശങ്ങള്‍ എന്നിവയൊക്കെ ചോര്‍ത്തുകയും ചെയ്യാവൂ എന്നിരിക്കെ നമ്മുടെ നാട്ടിലും ഡാര്‍ക്‌നെറ്റ് ഉപയോഗത്തിലൂടെ ഇവ സാദ്ധ്യമാക്കി കൊച്ചുകുട്ടിക്കുപോലും ഇവയെല്ലാം ലഭ്യമാവുക എന്നത് ക്രിമിനല്‍ സ്യൂഡോ (Pseudo) ശാസ്ത്രത്തിന്റെ അപകടകരമായ വളര്‍ച്ചയും വികാസവുമാണെന്നതില്‍ തര്‍ക്കമില്ല.
ഡീപ്പ് ഫേക്ക് സാങ്കേതികതയും വിഷ്വല്‍ വെര്‍ച്വല്‍ റിയാലിറ്റിയും
ഇത്തരുണത്തിലാണ് ‘ഡീപ് ഫേക്’ (Deep fake), ‘വിഷ്വല്‍ വെര്‍ച്വല്‍ റിയാലിറ്റി’ (Vishual virtual Reality) ര്‍ച്ച ചെയ്യപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ അഭിസംബോധനയോടും വിവാദ സംഭാഷണ ശകലത്തോടും കൂടിയ വീഡിയോടേപ്പ് പുറത്തു വന്നത് ഫോര്‍ത്ത് എസ്റ്റേറ്റായ (Fourth Estate) മാദ്ധ്യമലോകത്ത് സെന്‍സേഷണല്‍ വാര്‍ത്തയായി കത്തിപ്പടരുകയുണ്ടായി. തന്റെ ശബ്ദവും തന്റെ രൂപവും കൃത്രിമമായി സൃഷ്ടിച്ചതും ഈ വീഡിയോ വ്യാജവുമാണെന്ന് സാക്ഷാല്‍ ഒബാമ തന്നെ പ്രസ്താവിച്ചിട്ടും സെന്‍സേഷണല്‍ മീഡിയ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ശാസ്ത്രീയ പരിശോധനകളില്‍ പോലും അത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് തെളിയിക്കാനായില്ല. അത്ര നൂതനവും അതിവിദഗ്ദ്ധവും തട്ടിപ്പു നിറഞ്ഞതുമായ ‘ഡീപ് ഫേക്’ (പേരു സൂചിപ്പിക്കുന്നതു പോലെ ആഴത്തിലുള്ളതും, തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടുള്ളതുമായ തട്ടിപ്പ്) സാങ്കേതികതയിലൂടെയാണ് പ്രസ്തുത ടേപ്പിലെ വീഡിയോ ഉപജാപകരമായി കൃത്രിമമായി നിര്‍മ്മിച്ചതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഡീപ്‌ഫേക് വ്യാജ ഫോണ്‍ സംഭാഷണങ്ങളും വീഡിയോ ടേപ്പുകളും നിര്‍മ്മിക്കപ്പെട്ടാല്‍ ആയതിന്റെ സാംഗത്യവും വാസ്തവികതയും സത്യാവസ്ഥയും (genuinity) തെളിയിക്കാന്‍ വികസിത രാജ്യങ്ങളുടെ പുതുപുത്തന്‍ സാങ്കേതികതക്കുപോലും കഴിവില്ലത്രേ. മോഡേണ്‍ ടെക്‌നോളജിയിലൂടെയും മോര്‍ഫിങ്ങിലൂടെയും സിനിമാ താരങ്ങളുടെയടക്കം ‘ബ്ലൂ’ഫിലിമുകളും ഹോട്ട് വീഡിയോകളും കൃത്രിമമായി പുറത്തുവരുന്ന കാലഘട്ടമാണിതെന്നും ഓര്‍ക്കേണ്ടതുണ്ട്. വിഷ്വല്‍, വെര്‍ച്വല്‍ റിയാലിറ്റി സിനിമാ രംഗത്ത് വളരെ ഭംഗിയായും മനോഹരമായും ചെലവുകുറഞ്ഞരീതിയിലും ദൃശ്യങ്ങള്‍ സൃഷ്ടിക്കാനുപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യയാണ്. വിദേശരാജ്യങ്ങളില്‍ പോകാതെയും സെറ്റിടാതെയും തന്നെ അവിടുത്തെ മനോഹര ദൃശ്യങ്ങള്‍, ബൃഹത്തായ കോട്ടകൊത്തളങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയൊക്കെ കമ്പ്യൂട്ടര്‍ സഹായത്തോടെ പുനര്‍നിര്‍മ്മിക്കാനും അതുവഴി ചലച്ചിത്രത്തിന്റെ ഭീമമായ നിര്‍മ്മാണ ചെലവ് തുലോം കുറക്കാനും സഹായിക്കുന്ന ഗ്രാഫിക്‌സ് സാങ്കേതികതയാണിത്. ഇത് സിനിമാമേഖലയെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദമാണെങ്കിലും ഇതുപയോഗിച്ചുള്ള തട്ടിപ്പുദൃശ്യങ്ങളും വിഭ്രാത്മക ചിത്രണങ്ങളും സത്യമെന്നു തെറ്റിദ്ധരിപ്പിക്കുന്ന മിഥ്യാദൃശ്യങ്ങളും വ്യാപകമാണ്. ഇത്തരം കാപട്യം/തട്ടിപ്പ് (pseudo/fraud)) നിറഞ്ഞ മൂന്നാംകിട കുതന്ത്രങ്ങള്‍ അരങ്ങേറുന്ന പൊതു സമൂഹത്തിലാണ് നാം എന്ന ദു:ഖകരമായ ദുര്യോഗം പലരും അറിയുന്നില്ല.
ഡിജിറ്റല്‍ യുഗത്തിലെ സത്യം
പറഞ്ഞുവരുന്നത് സത്യം പോലും മാറ്റിമറിക്കപ്പെടാനും വളച്ചൊടിക്കാനും ആപേക്ഷികമായി നുണയാക്കാനും സുഗമമായ ഒരു സൈബര്‍-ഡിജിറ്റല്‍ യുഗത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത് എന്ന യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് കോടതിയുടെ സമക്ഷത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ സെക്കന്ററി എവിഡന്‍സ് ആയി പരിഗണിക്കപ്പെടുന്നത്. ജര്‍മ്മനിയിലെ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ രഹസ്യപ്പോലീസായ ‘ഗെസ്റ്റപ്പോ’യുടെ തലവനായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഗീബല്‍സിയന്‍ തന്ത്രത്തെക്കുറിച്ച് ഇത്തരുണത്തില്‍ ചൂണ്ടിക്കാട്ടുക ഉചിതമെന്ന് കരുതുന്നു. ‘ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായി ഭവിക്കുകയും വിശ്വസിക്കപ്പെടുകയും ചെയ്യും’ എന്ന തത്വമാണ് അത്. നവീനസാങ്കേതികതയുടെ അത്തരമൊരു സ്ഥല-ജല വിഭ്രാന്തമായ അരങ്ങിലാണ് നാം ഇന്ന് ജീവിക്കുന്നത്. വ്യവസായ വിപ്ലവത്തിന്റെ ഫലമായുണ്ടായ ഫാക്ടറികളില്‍ പരുത്തിയും മറ്റും വിദേശ വസ്ത്രങ്ങളായി രൂപപ്പെടുത്തി അവ ഇന്ത്യന്‍ കമ്പോളത്തില്‍ കൂടിയ വിലക്ക് വിറ്റഴിച്ച് കൊള്ള ലാഭം സമാഹരിച്ചു. ഈ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ ധനം കുത്തകകളിലേക്ക് ഒഴുകുന്ന ചോര്‍ച്ചയാണ് ദാദാഭായി നവറോജി ബഹുരാഷ്ട്ര കുത്തകകളുടെ അധാര്‍മ്മികവും ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനവുമായി നിരീക്ഷിച്ചത്.
പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വന്നതാണ് ബ്രെയിന്‍ ഡ്രെയിന്‍ തിയറി (മസ്തിഷ്‌ക ചോര്‍ച്ചാ സിദ്ധാന്തം). ഇന്ത്യന്‍ ശാസ്ത്രജ്ഞരും ടെക്‌നീഷ്യന്‍സും വൈദ്യശാസ്ത്ര നിപുണരും പ്രഗല്‍ഭ എഴുത്തുകാരും മറ്റും വിദേശരാജ്യങ്ങളില്‍ ചേക്കേറി, ആ രാജ്യത്തെ പൗരത്വം സ്വീകരിച്ച് അവിടെ താമസമുറപ്പിക്കുന്നതിലൂടെ ഭാരതത്തിന് മുതല്‍ക്കൂട്ടാകേണ്ടുന്ന തലച്ചോറും കഴിവുകളും അറിവും വൈദഗ്ദ്ധ്യവും മറ്റുരാജ്യങ്ങള്‍ അവരുടെ വളര്‍ച്ചക്കും വികസനത്തിനും ഉപയോഗപ്പെടുത്തി ഭാരതത്തിന് ഇവ നഷ്ടമാകുന്ന ചോര്‍ച്ചയാണ് ബ്രെയിന്‍ ഡ്രെയിന്‍ തിയറി എന്നറിയപ്പെടുന്നത്.
ഇവയോടൊക്കെ മറ്റൊരുതരത്തില്‍ സാമ്യമുള്ള ഒരു കുറ്റവാസന നിറഞ്ഞ(criminal) നിയമാനുസൃതമല്ലാത്ത, എന്നാല്‍ നിയമത്തെ കബളിപ്പിച്ചുകൊണ്ട് അരങ്ങേറുന്ന മസ്തിഷ്‌ക ചോരണവും മാനസികവ്യാപാരങ്ങളുടെ ചോര്‍ച്ചയുമാണ് ബ്രെയിന്‍ മാപ്പിംഗില്‍ സംഭവിക്കുന്നത്. ഇത് മൂലം അതിന് ഇരയാവുന്ന നിരപരാധിയായ വ്യക്തിക്ക് മൈഗ്രേന്‍, ബ്രേയിന്‍ ട്യൂമര്‍, മേധാക്ഷയം എന്നിവയുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. കൂടാതെ ഒരു സാങ്കേതിക വിദഗ്ദ്ധന്റെയോ ഡോക്ടറുടെയോ ടെക്‌നീഷ്യന്റെയോ എഴുത്തുകാരന്റെയോ ശാസ്ത്രജ്ഞന്റെയോ മൈന്‍ഡ് റീഡിംഗാണു നടത്തുന്നതെങ്കില്‍ ആ വ്യക്തിയുടെ ദീര്‍ഘനാളത്തെ വായനയുടേയും പഠനത്തിന്റെയും തപസ്യയുടെയും ഫലമായി സ്വരുക്കൂട്ടിയ ജ്ഞാനം അതിവിദഗ്ദ്ധമായി ചോര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. അധാര്‍മ്മികവും അനീതികരവുമായ ക്രൂരചെയ്തി എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. പോലീസില്‍ പരാതിപ്പെട്ടാലും തെളിവില്ലാത്തതിന്റെയും കണ്ടെത്താനാകാത്തതിന്റെയും പേരില്‍ മൊബൈല്‍ ട്രാക്കിംഗിന് നടപടിയെടുക്കാനാകാത്തതുപോലെ ഇക്കാര്യത്തിലും നിയമവും നീതിയും നോക്കുകുത്തിയാവുകയും ചെയ്യും. മൊബൈല്‍ ട്രാക്കിംഗും മൈന്‍ഡ് റീഡിംഗും പോലെയുള്ള ആപ്പുകള്‍ നിയമാനുസൃതമല്ലെങ്കില്‍ പോലും ആയത് വ്യാപകമാകാനും മനപൂര്‍വ്വമല്ലാത്ത ഈ നിസ്സഹായത കാരണമാകുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ‘ആപ്പ്’ ആയ ഇത്തരം പൊല്ലാപ്പുകള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ മികച്ച ടെക്‌നോളജിയുടെ അഭാവവും കഴിവുകേടും നിമിത്തം സാധിക്കാത്ത അവസ്ഥയും നിരുത്തരവാദപരമായ ഉദാസീനതയുമാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് സംജാതമായിരിക്കുന്നത്.
ഡാര്‍ക് നെറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഫോണ്‍
ഫോണ്‍ ചോര്‍ത്തലും വ്യാജ ഫോണ്‍ സംഭാഷണം നിര്‍മ്മിക്കലുമൊക്കെ, ചാരപ്രവര്‍ത്തനം എന്ന പോലെ തന്നെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സാങ്കേതിക വിദ്യ വീപുലമായ ഇക്കാലത്ത് ഇത് വ്യാജമാണോ അല്ലയോ എന്ന് സന്ദേഹമുണ്ടാകുമാറ് കൂടുതല്‍ എളുപ്പത്തിലും വിദഗ്ദ്ധമായും സൃഷ്ടിക്കപ്പെടുന്നു എന്നു മാത്രം.
വാട്ടര്‍ഗേറ്റ് സംഭവം
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വാട്ടര്‍ഗേറ്റ് സംഭവം ഈ സന്ദര്‍ഭത്തില്‍ വായനക്കാരുടെ സ്മരണയിലെത്തുന്നുണ്ടാവും. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ രാജിവക്കേണ്ടി വന്ന വാട്ടര്‍ഗേറ്റ് വിവാദം സാങ്കേതികവിദ്യ അത്രകണ്ട് മേല്‍ക്കോയ്മ നേടാത്ത 1972ലാണ് ഉണ്ടായത്. യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഷിംഗ്ടണിലെ വാട്ടര്‍ഗേറ്റ് കോംപ്ലക്‌സിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത്ത് പ്ലംബര്‍മാര്‍ എന്ന വ്യാജേന കയറിക്കൂടിയ അഞ്ചുപേരെ ഫോണ്‍ സന്ദേശം ചോര്‍ത്താനുള്ള ഇലക്ട്രോണിക് മെഷീന്‍, ഫോട്ടോ കോപ്പി മെഷീന്‍ എന്നിവ സഹിതം യു.എസ്. പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റായ നിക്‌സണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത് ചെയ്തത് എന്ന് പുറത്തുവന്നതോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാമതും പ്രസിഡന്റായ നിക്‌സണ് രാജി വയ്‌ക്കേണ്ടി വന്നു.
ബിന്‍ ലാദന്‍, മുല്ല ഒമര്‍ എന്നിവര്‍ക്കായുള്ള വേട്ടയും സാങ്കേതിക വിദ്യയും
പാകിസ്ഥാനിലെ ആബട്ടാബാദില്‍ ഒളിച്ചു താമസിച്ചിരുന്ന അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കണ്ടുപിടിക്കപ്പെടുന്നതിനും 2011 ല്‍ ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയറിലൂടെ കൊല്ലപ്പെടുന്നതിനും അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ ജി.പി.എസ് ട്രാക്കിംഗ് ടെക്‌നോളജി സി.ഐ.എ.ക്കു സഹായകരമായി എന്ന് പറയപ്പെടുന്നു. താലിബാന്‍ നേതാവായ മുല്ല മുഹമ്മദ് ഒമര്‍ ക്ഷയബാധമൂലം 2013ല്‍ മരണപ്പെട്ടു എന്ന് പാക്-അഫ്ഗാന്‍ ഭരണകൂടങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ പോലും അമേരിക്ക ഈ ഭീകരനെ 2008 ല്‍ വധിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഒരിക്കല്‍ പോലും ഫോണ്‍ ഉപയോഗിക്കാതിരുന്ന മുല്ല ഒമര്‍ ഏതോ അടിയന്തിര ഘട്ടത്തില്‍ ഫോണ്‍ ഉപയോഗിക്കേണ്ടിവന്നപ്പോള്‍ ആയതിന്റെ ലൊക്കേഷന്‍, അക്ഷാംശ രേഖാംശങ്ങളുള്‍പ്പെടെ ജി.പി.എസില്‍ കണ്ടെത്തി, ആ സ്‌പോട്ടിലേക്ക് ക്ഷണനേരം കൊണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്ന് മിസൈല്‍ തൊടുത്താണ് വധിച്ചതെന്ന് സി.ഐ.എ അവകാശപ്പെടുന്നു.
നിലവിലെ ടെക്‌നോളജിയുടെ പരിമിതി
നാം ഒരാളെ ഫോണ്‍ ചെയ്യുമ്പോള്‍ അയാളുടെ ഫോണില്‍ നമ്മുടെ നമ്പര്‍ ആണല്ലോ ഡിസ്‌പ്ലേയില്‍ കാണുക. എന്നാല്‍ ഗൂഗിള്‍ അല്ലാതെ മറ്റുചില ബ്രൗസറിന്റ സഹായത്താല്‍ ഡൗണ്‍ലോഡുചെയ്യുന്ന ചില ആപ്പുകള്‍ പ്രയോഗിച്ച് നാം നമ്മുടെ ഫോണ്‍ ഉപയോഗിച്ച് വിളിച്ചാലും നാം ആപ്പില്‍ സെറ്റു ചെയ്യുന്നതു പ്രകാരം മറ്റൊരാളുടെ ഫോണ്‍ നമ്പരായിരിക്കും ദൃശ്യമാകുക. ഇത്തരം ചില ബ്രൗസറില്‍ നിന്ന് നാം ഡൗണ്‍ലോഡു ചെയ്യുന്ന പ്രത്യേക ആപ്പ് ഉപയോഗിച്ച് നാം ഒരു മെയില്‍ ചെയ്താല്‍ ആയതിന്റെ സ്രോതസ്സ് കണ്ടെത്താനാവില്ല. ട്രേസ് ചെയ്താല്‍ പോലും ഒരാളില്‍ നിന്ന് വേരൊരാളിലേക്ക് എന്ന നിലയില്‍ ഉള്ളി തൊലി പൊളിക്കുന്ന രീതിയില്‍ അന്വേഷണം നീണ്ടുപോയി ഉറവിടം കണ്ടെത്താനാകാതെ ഡെഡ് എന്‍ഡില്‍ എത്താനാണ് സാദ്ധ്യത. ഡാര്‍ക്‌നെറ്റിന്റെ അനന്തസാദ്ധ്യതകളില്‍ ഇത്തരം ക്രിമിനല്‍ ടെക്‌നോളജികളും ഉള്‍പ്പെടുന്നു. ചില എ.ടി.എം. കവര്‍ച്ചകള്‍ പോലീസിനും സൈബര്‍സെല്ലിനും പോലും തെളിയിക്കാനോ കുറ്റവാളികളെ പിടികൂടാനോ കഴിയാത്തതും ഇതുപോലെ കുരുക്കഴിക്കാനാകാത്ത ഡാര്‍ക്‌നെറ്റ് പ്രതിഭാവിലാസം കൊണ്ടാണെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത. നിലവിലെ ടെക്‌നോളജിയുപയോഗിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനാവില്ല എന്നത് കുറ്റാന്വേഷണ മേഖലയുടെ പരിമിതിയാണ്.
ക്ലബ്ബ്ഹൗസ് ആപ്പും ചൂഷണങ്ങളും
2020 മാര്‍ച്ചില്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്യുകയും 2021 മേയ് അവസാനത്തോടെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ആവുകയും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ‘ക്ലബ് ഹൗസ്’ ആപ്പിനെച്ചൊല്ലി ഉയരുന്ന വിവാദങ്ങളാണ് ഇന്ന് സൈബര്‍ലോകത്തെ മറ്റൊരു ചിന്താവിഷയം. ഏതാണ്ട് 5000പേരെ ചാറ്റ് റൂമില്‍ ഉള്‍ക്കൊള്ളിച്ച് ഓഡിയോ ആയി സംഭാഷണങ്ങള്‍ മാത്രം നടത്താന്‍ സാധിക്കുന്ന തരം ആപ്പാണിത്. വിജ്ഞാനപ്രദങ്ങളായ ചര്‍ച്ചയും സംവാദങ്ങളും മീറ്റിംഗുകളും കൂടിക്കാഴ്ചകളും ക്ലാസുകളുമൊക്കെ ഈ ആപ്പിലൂടെ നടത്താമെങ്കില്‍ പോലും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും മറ്റും ഈ ആപ്പിലെ ഗ്രൂപ്പുകളില്‍ ചേര്‍ന്ന്, അല്ലെങ്കില്‍ സ്ത്രീകളേയും മറ്റും ഈ ആപ്പു വഴിയുള്ള ഗ്രൂപ്പുകളില്‍ ചേര്‍ത്ത് ഇവരൊക്കെയായി ബന്ധം സ്ഥാപിക്കുകയും അശ്ലീലച്ചുവയുള്ള സംഭാഷണം പതിവാക്കുകയും പിന്നീട് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നു. വ്യക്തിഹത്യക്കും മറ്റും ഉപയോഗപ്പെടുത്തുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും ഈ ആപ്പിനെ ചൊല്ലി കേട്ടുതുടങ്ങിയിട്ടുണ്ട്.
ഡാര്‍ക്ക് നെറ്റും കാണാച്ചരടുകളും
ലഹരിമരുന്ന് മാഫിയയും ഭീകരവാദവും പോലെ കൂടിക്കുഴഞ്ഞതും വൈപുല്യമാര്‍ന്നതുമായ ബൃഹത്തായ ഉലകവലയാണ് ‘ഡാര്‍ക്‌നെറ്റ്’ എന്ന ശൈലിയാല്‍ അറിയപ്പെടുന്ന തത്വദീക്ഷയില്ലാത്തതും അധാര്‍മ്മികവുമായ സൈബര്‍ലോകത്തിന്റെ ഇരുള്‍ നിറഞ്ഞ ലോകം. ഏറെ പ്രചുരപ്രചാരം നേടിയ സര്‍ച്ച് എഞ്ചിനായ ‘ഗൂഗിള്‍’ ബ്രൌസര്‍ പിന്തുണക്കുകയും (support) ഗൂഗിള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുകൊണ്ടും ഗൂഗിള്‍ നിബന്ധനകള്‍ക്ക് വിധേയമായിക്കൊണ്ടുമുള്ള ആപ്ലിക്കേഷനുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ലഭ്യമാകുകയുള്ളു. എന്നാല്‍ ടോര്‍ (tor) പോലുള്ള ബ്രൗസറുകള്‍ ഉപയോഗിച്ച് ചില അനീതികരവും അധാര്‍മ്മികവുമായ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഏതൊരു കൊച്ചുകുട്ടിക്കുപോലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഏറെ വിഷമകരവും ഗൗരവതരവുമായ യാഥാര്‍ത്ഥ്യം. മനുഷ്യന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ‘മൈന്‍ഡ് റീഡിംഗ്’ mind reading)/ ‘-ബ്രെയിന്‍ മാപ്പിംഗ്’ (brain mapping) എന്ന നവആപ്ലിക്കേഷന്‍ എടുത്തു പറയേണ്ടതായുണ്ട്.
ആത്മഹത്യാപ്രവണതയുള്ള വിഷാദരോഗമുള്ളവരുടേയോ മാനസികരോഗം ഉള്ളവരുടേയോ ചിന്തകളും ദ്രുതഗതിയില്‍ തുടര്‍ന്ന് അവര്‍ നടത്തുന്ന പെട്ടെന്നുള്ള പ്രവര്‍ത്തനങ്ങളും അറിയാനായി വൈദ്യശാസ്ത്രമോ ക്രിമിനല്‍ കുറ്റവാളികളുടെ ചിന്തകള്‍ മനസ്സിലാക്കുന്നതിന് പോലീസ് വകുപ്പോ അത്യന്താവശ്യ ഘട്ടത്തില്‍ മാത്രം ഉപയോഗപ്പെടുത്തുന്ന മൈന്‍ഡ് മാപ്പിംഗ് ആപ്പ് ഇത്തരം ബ്രൗസറുകളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത് ബ്രയിന്‍ ട്യൂമര്‍, മസ്തിഷ്‌കാഘാതം പോലുള്ള അസുഖങ്ങള്‍ക്കും ആരോഗ്യനാശത്തിനും കാരണമാകുന്നുണ്ട്. ഇതും ഡാര്‍ക്‌നെറ്റിന്റെ സന്തതി തന്നെ.
ചോര്‍ച്ചാ സിദ്ധാന്തവും മസ്തിഷ്‌ക ചോര്‍ച്ചയും മൈന്റ് മാപ്പിംഗും
ഈ സന്ദര്‍ഭത്തില്‍ ചോര്‍ച്ചാ സിദ്ധാന്തം, മസ്തിഷ്‌ക ചോര്‍ച്ചാ സിദ്ധാന്തം എന്നിവയിലൂടെ കടന്നുപോകുന്നത് മൈന്റ് മാപ്പിംഗ് ആപ്പിനെക്കുറിച്ച് മറ്റൊരുതരത്തിലുള്ള വീക്ഷണം ലഭിക്കാന്‍ പര്യാപ്തമാകും. ഭാരതത്തിന്റെ വന്ദ്യ വയോധികനായ ദാദാഭായി നവറോജിയുടെ നിരീക്ഷണത്തില്‍ വന്ന സിദ്ധാന്തമാണ് ചോര്‍ച്ചാ സിദ്ധാന്തം (Drain Theory ). അധിനിവേശ ശക്തികളായ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഇന്ത്യയിലെ കര്‍ഷകരെ പിഴിഞ്ഞ് പരുത്തി മുതലായ അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് ഇംഗ്ലണ്ടിലെത്തിച്ച് ലങ്കാഷെയറിലും മറ്റുമുള്ള മില്ലുകളില്‍ നിന്ന് വസ്ത്രങ്ങളാക്കി ഭാരതത്തില്‍ കൊണ്ടുവന്ന് വിറ്റഴിച്ചു. ഇങ്ങനെ ഭാരതത്തിന്റെ സമ്പത്ത് അവര്‍ കവര്‍ന്നെടുത്തു.
ബ്ലൂവെയില്‍- ദ കില്ലര്‍ ഗെയിം
റഷ്യയില്‍ ‘ഫിലിപ്പ് ബുദെക്കിന്‍’ എന്ന വിദ്യാര്‍ത്ഥി സൃഷ്ടിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മുഖാന്തിരമുള്ള ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഡാര്‍ക്ക് നെറ്റിന്റെ ചൂണ്ടക്കൊളുത്തുകള്‍ക്ക് ഉത്തമ ഉദാഹരണമാണ് ഈ ഗെയിം. അഡ്മിന്‍ അഥവാ ക്യൂറേറ്റര്‍ വക 50 ദിവസത്തോളം നീളുന്ന ടാസ്‌ക് ചലഞ്ചുകള്‍ ഏറ്റെടുത്ത് പൂര്‍ണ്ണമാക്കലാണ് ഗെയിം. കളിയില്‍ ഏര്‍പ്പെടുന്നയാളെ മാനസികമായി തകരാറിലാക്കി, അവസാന ചലഞ്ച് ആത്മഹത്യയിലേക്കുള്ളതാണ് എന്നു കരുതപ്പെടുന്നു. ബ്ലൂവെയില്‍ ചലഞ്ചില്‍ ഏര്‍പ്പെട്ട് ലോകത്താകമാനം നിരവധി ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. കമ്പ്യൂട്ടറിലോ ഫോണിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനായിട്ടല്ല, പ്രത്യുത, സാമൂഹിക മാദ്ധ്യമങ്ങളിലെ സ്വകാര്യക്കൂട്ടായ്മകളില്‍ അതീവ രഹസ്യമായി വ്യാപിക്കുന്ന ഗെയിമായാണ് ഇത് പ്രചരിക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അതുമൂലം ഈ ഗെയിം ഇന്റര്‍നെറ്റില്‍ പരതുന്നവര്‍ ഡാര്‍ക്ക് നെറ്റിന്റെ ചതിക്കുഴികളില്‍ അകപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് തരുന്നു.
ഡാര്‍ക്ക് നെറ്റും ഡ്രഗ്ഗ് മാഫിയയും
ആഗോള ലഹരിമരുന്ന് മാഫിയ ലോകമെങ്ങും വലകളുള്ള, പലപ്പോഴും ഭരണകൂടങ്ങള്‍ക്കുപോലും ഭേദിക്കാന്‍ സാദ്ധ്യമല്ലാത്ത ആഴത്തിലും വിശാലവുമായ ശൃംഖലകളുള്ള ഒന്നാണ്. ലഹരിമരുന്നുകളുടെ വാണിജ്യം ഡാര്‍ക്ക്‌നെറ്റ് മുഖേന ചെയ്തുവരുന്നത് വാണിഭക്കാരുടേയും ഉപഭോക്താക്കളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നു എന്നത് ഡ്രഗ് മാഫിയക്ക് ഡാര്‍ക്‌നെറ്റ് നടത്തിക്കൊടുക്കുന്ന അനഭിലഷണീയമായ ഒത്താശയാണ്. എക്സ്റ്റസി ഇ എന്നും മോള്ളി (molly) എന്നുമൊക്കെ അറിയപ്പെട്ടുവരുന്ന അന്താരാഷ്ട്ര നിരോധിത മയക്കുമരുന്നും കൃത്രിമ ആനന്ദദായനിയും ഉത്തേജകമരുന്നുമായ എം.ഡി.എം.എ, താംഫെറ്റമി തുടങ്ങിയ ആരോഗ്യത്തിന് ഹാനികരങ്ങളായ ഡ്രഗ്ഗുകള്‍ ഡാര്‍ക്‌നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിച്ച് അത്യന്തം രഹസ്യമായി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന സമ്പ്രദായം വ്യാപകമാണ്. അടുത്തിടെ മുംബൈയിലെ ആഡംബരക്കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ ഡ്രഗ് മാഫിയയുമായി ബന്ധമുള്ള പ്രശസ്തസിനിമാതാരം ഷാരൂഖ് ഖാന്റെ പുത്രന്‍ ആര്യന്‍ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) കസ്റ്റഡിയിലെടുത്തത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.
സാങ്കേതിക വിദ്യ വലിയ കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ടെങ്കിലും കുറ്റവാളികളെ കണ്ടെത്തുക തുടങ്ങി ഒട്ടനവധി പ്രയോജനങ്ങള്‍ മനുഷ്യന് അതുമൂലമുണ്ടെങ്കില്‍ പോലും നിരവധി അധാര്‍മ്മികപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നുവെന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. ഡിജിറ്റല്‍ എത്തിക്‌സ് കോഡ് ബാധകമാകുന്നതിലൂടെ സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയപ്പെടുന്നതു കൂടാതെ ഡാര്‍ക്ക് നെറ്റ് ദുര്‍മന്ത്രവാദങ്ങള്‍ക്കും രാജ്യാന്തര മയക്കുമരുന്നു മാഫിയക്കും അറുതി വരുത്താനുള്ള മുന്നോടി കൂടിയാണെന്ന് കരുതാം. സുപ്രീം കോടതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മേല്‍ പ്രസ്താവിച്ച നിയമാനുസൃതമല്ലാത്ത ആപ്ലിക്കേഷനുകള്‍ വ്യാപകമാകാതെ തടയുന്നതിന് പ്രതിജ്ഞാബദ്ധമായി ആശാവഹമായ നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നത് സ്വാഗതാര്‍ഹമാണ്.