കടലിന്നരികില് തനിച്ചിരുന്നീ
യിരുളില്‍, ഗാഢമലിഞ്ഞു ചേരുവാനായ്
ഗസലിന് ചഷകത്തെ, മുത്തി ഞാനീ
വിപഥം വിട്ടുനിലാവു പെയ്തിടുമ്പോള്‍
സ്മൃതിതന്‍ വഴിയേറേ പിന്നിലേക്കാ-
യിവനെത്തീയരികത്തു വന്നിരിയ്ക്കാന്‍
കവിയും മിഴിയാലേ നോക്കിയെന്തോ
മൊഴിയാതെന്നെ പിടിച്ചു വെച്ചു നീയീ
ഗസലിന് വരി കേട്ടു ചാഞ്ഞിരുന്നെന്
ചുമലില്‍ വിങ്ങിവിതുമ്പി നീറിടുന്നൂ
വിരലാല്‍ മിഴിനീരുമായ്ച്ചിടാനാ
മുടി ഞാന്‍ മെല്ലെയൊതുക്കിടുന്നു, നെഞ്ചില്‍
മുഖമാഴ്ത്തി വിതുമ്പി, യാദ്യമായ്ഞാന്
പുണരുന്നൂ, യലയാഴി ശാന്തമാകാന്‍
നിറയും മിഴിതന്നിലുമ്മവെച്ചൂ
മുഖമെന് കൈയ്യിലൊതുക്കി വെച്ചു, കണ്ണില്‍
നിറയുന്നതു നോക്കിനില്‍ക്കെ ചുണ്ടില്‍
വിരിയുന്നേയനുരാഗ സുസ്മിതങ്ങള്‍
ചുടുനിശ്വസിതങ്ങളേറ്റു നമ്മള്
മിഴിനീരുപ്പു കലര്‍ന്ന ചുംബനങ്ങള്‍
ഹൃദയം നിറയേപകര്ന്ന നേരം
അറിയുന്നേ, യവസാന ചുംബനം ഞാന്‍
കവിയും മിഴിയാലേ നോക്കി നിന്നൂ
വഴിയില്‍ നിന്നു മറഞ്ഞിടുമ്പോള്‍ മുന്നി-
ലുടയുന്നതിവേഗ പാതയോരം
നിറയേ വര്‍ണ്ണ വെളിച്ചവും കലങ്ങീ
സദിരില് നിന്നുമെനിക്കു പാടി പങ്കജ്
അവളന്നെന്നെയണച്ചു കേട്ട ഗാനം
തിരയറ്റ തടാകമെന്നപോലേ
ഇവനാകാശമുഖത്തു നോക്കി നില്പ്പൂ
വയലിന്നിഴനേര്ത്തു മേഘമല്‍ഹാര്‍
സ്മൃതിതന്മേഘമിരുണ്ടുവന്നു പെയ്യാന്‍
ഋതു,പര്ണ്ണമണിഞ്ഞ മഞ്ഞിലൂടെ
ഒരുമിച്ചെത്രനടന്നിരുന്നു നമ്മള്
പ്രണയശ്ശതതന്ത്രിമീട്ടി ജോഗിന്
ശ്രവണത്താല്‍ മരുഭൂമിയീറനായി
ഒരു ചുംബനമാത്ര, യത്രനേരം
മതിയീദീര്ഘ പഥത്തിലോര്ത്തു വെക്കാന്‍
മിഴിഞാന് പതിയേയടച്ചു നില്‍ക്കേ
കവിളില്‍, ചുണ്ടിലമര്‍ന്നു ദുഖിതാശ്രു.
ചുടുചുംബനമത്രമേലഗാധം
മൃദുവായെന്നിലലിഞ്ഞു, സാഗരത്തിന്
ചുടുനിശ്വസിതങ്ങളേറ്റുവാങ്ങീ
തിരവന്നെഴുതുന്നതു മാച്ചു പോയീ-
ഗസലിന് ചരണത്തിലിരുന്ന നിന്നെ
മുകരുന്നെത്ര വിശുദ്ധമീ സ്വകാര്യം
അനുപല്ലവി പാടിടാനിതാ നീ
യണയൂ നേര്ത്തനിലാവുപെയ്തിടുന്നൂ! .