- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- വൈഷ്ണവാചാര്യന്മാരുടെ മനംമാറ്റം ( നിര്‍വികല്പം 28)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
ആറുവിഭാഗം വൈഷ്ണവവിശ്വസികള്‍ താമസിക്കുന്ന തീര്‍ത്ഥസ്ഥാനമാണ് ശ്രീരംഗം. ഭക്തമാര്‍, ഭാഗവതന്മാര്‍, വൈഷ്ണവര്‍, പഞ്ചരാത്രക്കാര്‍, വൈഖാനസര്‍, കര്‍മ്മഹീനര്‍. ഇവര്‍ ദ്വൈതമോ വിശിഷ്ടാദ്വൈതമോ സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടാവണം, അദ്വൈതിയായ തന്റെ വരവ്കണ്ട് അവര്‍ വിഷമിച്ചു. എങ്ങനെ വിഷമിക്കാതിരിക്കും?
ശ്രീരംഗക്ഷേത്രത്തില്‍ ദേവദര്‍ശനം നടത്തിയശേഷം ഏറക്കുറെ അന്തര്‍മുഖനായി കഴിഞ്ഞുവരികയായിരുന്നു. നാലുവശത്തും ശിഷ്യന്മാരും പ്രശിഷ്യന്മാരും മിണ്ടാതെയിരിക്കുന്നു. ശ്രീരംഗത്തെ ഭക്തജനങ്ങള്‍ എല്ലാദിവസവും കാണാന്‍ വന്നുകൊണ്ടിരുന്നു. ആരും സംസാരിക്കുന്നില്ല. എല്ലാവരും മൗനത്തെ മുറുകെപ്പിടിച്ചിരിക്കുന്ന തന്നെ നോക്കിയിരിക്കുകയാണ്.
പെട്ടെന്ന്, ഭക്തിസമ്പ്രദായത്തില്‍പ്പെട്ട രണ്ട് വൈഷ്ണവാചാര്യന്മാര്‍ അവിടേയ്ക്കു കയറിവന്നു. അവരോടു കുശലങ്ങള്‍ ചോദിച്ചുകൊണ്ട് മൗനത്തില്‍നിന്ന് മെല്ലെ പുറത്തുവന്നു:
”നിങ്ങള്‍ ഏത് വിശ്വാസ സംഘത്തില്‍പ്പെട്ടവരാണ്? നിങ്ങളുടെ മതതത്ത്വങ്ങള്‍ എന്തെല്ലാമാണ്? ”
വൈഷ്ണവാചാര്യന്മാരില്‍ ഒരാള്‍ പറഞ്ഞു:
”മഹാത്മാവേ, ഞങ്ങള്‍ രണ്ടു വിഭാഗങ്ങളില്‍പെട്ടവരാണ്. ഒരുകൂട്ടര്‍ ജ്ഞാനികളും മറ്റേക്കൂട്ടര്‍ കര്‍മ്മികളുമാണ്. എന്റെ അടുത്തിരിക്കുന്ന ഈ ബ്രഹ്‌മഗുപ്തന്റെ ആള്‍ക്കാരാണ് കര്‍മ്മികള്‍. ജ്ഞാനികളായ ഞങ്ങള്‍ വിഷ്ണുശര്‍മ്മന്റെ ശിഷ്യന്മാരാണ്. മഹാവിഷ്ണുവിനെ ദേവദേവനും സര്‍വ്വജ്ഞനുമായി ആരാധിക്കുന്ന ഞങ്ങള്‍ രണ്ടുകൂട്ടരും അദ്ദേഹത്തിന്റെ ലോകത്ത് എത്തുമെന്ന് വിശ്വസിക്കുന്നു.
അവരുടെ വിശ്വാസമറിഞ്ഞ് ഒരു ചോദ്യമെടുത്തിട്ടു:
”ശരി. ജ്ഞാനമെന്നാല്‍ എന്താണ്?”
വിഷ്ണുശര്‍മ്മന്റെ ശിഷ്യന്‍ കുറേക്കൂടി മുന്നിലേക്കു വന്നുനിന്നിട്ട് മറുപടി നല്‍കി:
”അനന്തശയനായ ഭഗവാന്റെ പാദകമലത്തില്‍ ശരണം പ്രാപിച്ചിരിക്കുന്നുവെന്ന ഭാവത്തില്‍ മൗനമായി വര്‍ത്തിക്കുന്നതാണ് ജ്ഞാനം. കാരണം അദ്ദേഹത്തിന്റെ ആജ്ഞ കൂടാതെ ഈ ലോകത്ത് ഒന്നും ചലിക്കുകയില്ലല്ലോ. ”
ശരണമെന്ന പദത്തില്‍പ്പിടിച്ച് ഇവര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളും സദ്പ്രവൃത്തികളും ത്യജിച്ചിരിക്കുന്നു. എന്നാല്‍, ശാസ്ത്രാനുസരണം ഭഗവദ്പൂജ നടത്താറുമില്ല. അത് മനസ്സിലാക്കിയപ്പോള്‍ അവരോട് ഓര്‍മ്മിപ്പിക്കേണ്ടി വന്നു:
”ജന്മനാ ജായതേ ശൂദ്രഃ കര്‍മ്മണാ ദ്വിജ ഉച്യതേ. ജനിക്കുമ്പോള്‍ എല്ലാവരും ശൂദ്രരാകുന്നു. കര്‍മ്മം കൊണ്ടാണ് ദ്വിജത്വം പ്രാപിക്കുന്നത്. ഇവിടെയാണ് സദ് പ്രവൃത്തികളുടെ അനിവാര്യത. ദിവസേന സന്ധ്യാവന്ദനാദികള്‍ അനുഷ്ഠിക്കണം. ഇല്ലെങ്കില്‍ പ്രത്യവായദോഷം സംഭവിക്കും. മനു പറയുന്നു: ജീവിച്ചിരിക്കുമ്പോള്‍ കര്‍മ്മം ത്യജിക്കുന്നവന്‍ അധമനും മൂഢനുമാണ്! യതികള്‍ക്കാണെങ്കില്‍പ്പോലും സ്‌നാനം, അര്‍ച്ചനം തുടങ്ങിയ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ ബ്രാഹ്‌മണ്യം ക്ഷയിക്കും. എല്ലാവരും കര്‍മ്മം ചെയ്‌തേ മതിയാകൂ…”
വിഷ്ണു ശര്‍മ്മന്റെ ശിഷ്യന്‍ വിയോജിപ്പ് വ്യക്തമാക്കി:
”ഞങ്ങള്‍ ഏഴ് തലമുറകളായി ഇങ്ങനെയാണ് മുന്നോട്ടു പോകുന്നത്. കര്‍മ്മം ത്യജിച്ച് ജ്ഞാനത്തില്‍ മാത്രം മനസ്സ് കേന്ദ്രീകരിക്കുന്നു. എന്റെ അച്ഛന്‍ മാത്രം കുറച്ചു കര്‍മ്മം അനുഷ്ഠിച്ചിരുന്നയാളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.”
”അങ്ങനെയെങ്കില്‍ നിങ്ങള്‍ മടങ്ങിപൊയ്‌ക്കൊള്ളുക. ഇനി എന്താണ് ഞാന്‍ നിങ്ങളോടു പറയേണ്ടത്?
വിഷ്ണുശര്‍മ്മന്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നത് കണ്ടു. അയാളില്‍ സത്‌സംഗംകൊണ്ട് സത്‌വാസനകള്‍ ക്രമേണ ഉണരുന്നതറിഞ്ഞു… ആ ”ജ്ഞാനി” പെട്ടെന്ന് നിലത്തുവീണു! സാഷ്ടാംഗം നമസ്‌ക്കരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു:
”എന്റെ തെറ്റുകള്‍ അങ്ങ് പൊറുക്കണം. ഈ നിമിഷം മുതല്‍ ഞാന്‍ അങ്ങയുടെ അദ്വൈതതത്ത്വത്തില്‍ ശരണം പ്രാപിച്ചിരിക്കുന്നു!”
സത്‌സംഗത്തിന്റെ പ്രഭാവം അപാരം തന്നെ. എത്ര വേഗമാണ് വിഷ്ണുശര്‍മ്മ ശിഷ്യന്റെ മനസ്സ് മാറിയത്! അടുത്തുനിന്നിരുന്ന പത്മപാദനോടു പറഞ്ഞു:
”ഇവര്‍ക്ക് പ്രായശ്ചിത്തത്തിന് വ്യവസ്ഥകള്‍ ചെയ്യുക. പ്രായശ്ചിത്തം കൂടാതെ ഇവര്‍ക്ക് ജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ പാടുളളതല്ല.”
ശാസ്ത്രവിധിപ്രകാരമുള്ള പ്രായശ്ചിത്തം പത്മപാദന്‍ നിശ്ചയിച്ചു. വിഷ്ണുശര്‍മ്മന്റെ കൂട്ടര്‍ പ്രായശ്ചിത്തം അനുഷ്ഠിച്ചശേഷം വന്നു പറഞ്ഞു:
”അങ്ങയുടെ കൃപയാല്‍ ഞങ്ങള്‍ക്ക് വീണ്ടും ബ്രാഹ്‌മണ്യം ലഭിച്ചിരിക്കുന്നു. ഇനി മോക്ഷമാര്‍ഗ്ഗം പറഞ്ഞുതന്നാലും…”
”പഞ്ചമഹായജ്ഞങ്ങളും പഞ്ചദേവതാപൂജകളും ചെയ്തശേഷം നിങ്ങള്‍ക്ക് ജീവബ്രഹ്‌മൈക്യ തത്ത്വം പറഞ്ഞുതരാം.”
വിഷ്ണുശര്‍മ്മന്റെ അനുയായികള്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ബ്രഹ്‌മഗുപ്തനും കൂട്ടരും കടന്നു വന്നു.
”ഞങ്ങള്‍ ബ്രഹ്‌മാര്‍പ്പണ ബുദ്ധിയോടുകൂടി ശാസ്ത്രവിധി പ്രകാരമുളള കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവരുന്നു. ഗുരോ.”
”ശരി. വളരെ നല്ലത്. എന്നാല്‍ അതിനോടൊപ്പം പഞ്ചദേവതാപൂജയും നടത്തണം. അങ്ങനെ ചിത്തശുദ്ധി വരുത്തണം. തുടര്‍ന്ന് ഭേദബുദ്ധി നീങ്ങി ആത്മജ്ഞാനം ലഭിക്കുന്നു. അനന്തരം ദേഹനിര്‍മ്മുക്തനായി സച്ചിദാനന്ദ സ്വരൂപത്തെ പ്രാപിക്കും!”
ബ്രഹ്‌മഗുപ്തന്റെ മുഖത്ത് സുര്യനുദിച്ചു. തന്റെ സ്‌നേഹപൂര്‍ണ്ണമായ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു! ബ്രഹ്‌മഗുപ്തന്റെ സംശയങ്ങള്‍ വേഗം നീങ്ങി. ബ്രഹ്‌മാര്‍പ്പണപൂര്‍വ്വം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്നതിനാല്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും ഏറക്കുറെ ചിത്തശുദ്ധി കൈവന്നിട്ടുണ്ട്…
അടുത്ത ഊഴം ഭാഗവതസമ്പ്രദായക്കാരുടേതായിരുന്നു. അവരുടെ നേതാവ് ഉഗ്രസേനന്‍ മുന്നോട്ടുവന്ന് വന്ദിച്ചിട്ട് പറഞ്ഞു:
”സര്‍വവേദേഷുയത് പുണ്യം
സര്‍വതീര്‍ത്ഥേഷു യത് ഫലം
തത്ഫലം നര ആപ്‌നോതി
സ്തുത്വാ ദേവം ജനാര്‍ദ്ദനം.”
ഈ പ്രമാണമനുസരിച്ച് ഞങ്ങള്‍ മഹാവിഷ്ണുവിന്റെ ഗുണങ്ങളെ പ്രകീര്‍ത്തിക്കുന്നു. കൂടാതെ ശംഖചക്രാദിവിഷ്ണു ചിഹ്നങ്ങള്‍ ദേഹത്ത് പതിക്കുന്നു. കഴുത്തില്‍ തുളസിമാലയും നെറ്റിയില്‍ ഊര്‍ദ്ധ്വതിലകവും ധരിക്കുന്നു. ഇതെല്ലാം ചെയ്തതുകൊണ്ട് മുക്തി ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.”
”ശരി. ഭഗവാന്റെ ഗുണങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് വളരെ നല്ലകാര്യമാണ്. എന്നാല്‍, വിഷ്ണുചിഹ്നങ്ങള്‍ ധരിക്കുന്നതുകൊണ്ട് മോക്ഷം സിദ്ധിക്കുന്നതല്ല. മാത്രവുമല്ല, വിഷ്ണുവിന്റെ ചിഹ്നങ്ങള്‍ എങ്ങനെ ധരിക്കാന്‍ കഴിയും? മനസ്സിനും വാക്കിനും ഗോചരമാകാത്ത ആ സ്വരൂപം, സര്‍വ്വലോകാത്മകമായ വ്യൂഹരൂപം, മത്സ്യാദികളായ വിഭൂതിരൂപം, അര്‍ച്ചനാ മൂര്‍ത്തി എന്നിങ്ങനെ വിഷ്ണുവിന് നാല് മൂര്‍ത്തിഭാവങ്ങളുണ്ട്. അപ്പോള്‍ ഇവയില്‍ ഏത് മൂര്‍ത്തിയുടെ ചിഹ്നമാണ് നിങ്ങള്‍ക്ക് ധരിക്കാനാവുന്നത്?”
ഉഗ്രസേനന്‍ ഒന്നും മിണ്ടുന്നില്ല.
”കര്‍മ്മഫലങ്ങളെല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച് കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുക. നിങ്ങളുടെ കടമ നിറവേറ്റുക. ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് നിഷ്‌ക്കാമ ഭാവത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുക.”
”കര്‍മ്മണ്യേവാധികാരസ്‌തേ
മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ഭൂര്‍-
മാ തേ സംഗോളസ്ത്വകര്‍മ്മണി.”
”നിനക്ക് കര്‍മ്മം അനുഷ്ഠിക്കുന്നതിനേ അധികാരമുളളുവെന്ന് ഗീതയില്‍ കൃഷ്ണന്‍ പറയുന്നു. കര്‍മ്മഫലത്തിന് അധികാരമില്ല. കര്‍മ്മഫലം അനുഭവിക്കുന്നതിന് കാരണമാകാതിരിക്കുക. അതുപോലെ കര്‍മ്മം ചെയ്യാതിരിക്കുന്നതില്‍ താല്പര്യമുണ്ടാകാനും പാടില്ല.”
ഉഗ്രസേനനും അദ്ദേഹത്തിന്റെ സംഘത്തിനും തങ്ങള്‍ ഇതുവരെ തുടര്‍ന്നുവന്ന വിശ്വാസപ്രമാണങ്ങളിലെ തെറ്റ് ബോധ്യമായിരിക്കുന്നു. അവരും അദ്വൈത സിദ്ധാന്തത്തില്‍ ശരണം പ്രാപിക്കാനായി തയ്യാറായിരിക്കുന്നു…
വൈഷ്ണവ സമ്പ്രദായക്കാരുടെ നേതാവായ ശാര്‍ങ്ഗപാണി ”നമോ നാരായണായ”എന്നുച്ചരിച്ചുകൊണ്ടാണ് മുന്നോട്ടുവന്നത്. അദ്ദേഹം നമസ്‌ക്കരിച്ചിട്ട് പറഞ്ഞു:”ഞാന്‍ വിഷ്ണുവിന്റെ മുദ്രകളും ചിഹ്നങ്ങളും ധരിക്കുന്ന ഒരു പരമ വൈഷ്ണവനാണ്. അതിനാല്‍ സംസാരബന്ധമുക്തനായി ഞാന്‍ വൈകുണ്ഠം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ കൂട്ടരുടെ ചിഹ്നധാരണത്തെപ്പറ്റി ശാസ്ത്രപ്രമാണമില്ലെന്ന് അങ്ങ് പറഞ്ഞതായി കേട്ടു. അത് ശരിയല്ല. പുരാണങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ:
”യേ ബാഹുമൂല പരിചിഹ്നിതശംഖ ചക്രാഃ
യേ കണ്ഠലഗ്ന തുളസീനളിനക്ഷ മാലാഃ
യേവാ ലലാടഫലകേ ലസദൂര്‍ദ്ധ്വപുണ്ഡ്ര-
സ്‌തേ വൈഷ്ണവാ ഭൂവനമാശൂ പവിത്രയന്തി.”
ശാര്‍ങ്ഗപാണിയുടെ വാദംകേട്ട് മറുപടി പറഞ്ഞു:
”പക്ഷേ, ഈ വിഷയത്തില്‍ വേദപ്രമാണമില്ല. മുക്തിക്കു കാരണമായി ബ്രഹ്‌മജ്ഞാനവും പാപനാശത്തിന് കാരണമായി തപസ്സും ധര്‍മ്മാചരണവും ഈശ്വരധ്യാനവുമാണ് വേദം വിധിച്ചിട്ടുളളത്. ചിഹ്നധാരണത്തെ ബ്രഹന്നാരദീയ പുരാണത്തില്‍ നിഷേധിച്ചിട്ടുമുണ്ട്. ‘അഹം ബ്രഹ്‌മാസ്മി’എന്ന് ചിന്തിച്ച് ഭേദബുദ്ധി നശിച്ചാല്‍ ജീവന് ശിവതത്വം സിദ്ധിക്കുന്നു.”ശിവോഹം” എന്ന ഭാവനയാല്‍ ഉണ്മയുമായി അഭേദം ജനിക്കുമെന്ന് ശിവഗീതയിലും പറയുന്നു. അതിനാല്‍ നിങ്ങള്‍ അദ്വൈതമാര്‍ഗ്ഗം അവലംബിക്കുക.”
ശാര്‍ങ്ഗപാണി സമര്‍പ്പിതനായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു:
”ഗുരോ, ഇന്നുമുതല്‍ ഞാന്‍ അങ്ങയുടെ സിദ്ധാന്തത്തെ പിന്തുടരാന്‍ തീരുമാനിച്ചു!”
നിരവധി ശ്രീരംഗനിവാസികളെ അദ്വൈതമാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ട് ശാര്‍ങ്ഗപാണി പ്രവര്‍ത്തനനിരതനായി.