- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
തുലാഭവാനിതീര്‍ത്ഥസ്ഥാനത്ത് വിശ്രമിക്കുമ്പോള്‍ ഭവാനിഭക്തരായ ശാക്തേയന്മാര്‍ സമീപിച്ചിട്ട് പറഞ്ഞു:
”ഞങ്ങളുടെ വിശ്വാസം ആചാര്യരോട് പറയട്ടെ?”
”ശരി, പറഞ്ഞോളു”
”ഈ പ്രപഞ്ചത്തിലെ സകലകാര്യങ്ങള്‍ക്കും കാരണമായ ഒരു ആദിശക്തിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ ശക്തി പരമശിവനേക്കാള്‍ ശ്രേഷ്ഠമാണ്. എല്ലാ ജീവജാലങ്ങളും ഉത്ഭവിക്കുന്നത് ആ ആദിശക്തിയില്‍ നിന്നാണ്. വാക്കുകൊണ്ടും മനസ്സുകൊണ്ടും ഗോചരമാകാത്തതിനാല്‍ ആ ശക്തിയെ ഉപാസിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് ഞങ്ങള്‍ ശക്തിയുടെ അംശമായ ഭവാനിദേവിയെ ആരാധിക്കുന്നു. ഇവിടെ പ്രകൃതിയും ഈശ്വരനും രണ്ടല്ല. ഭവാനിയും ലക്ഷ്മിയുമെല്ലാം ആദിശക്തിയുടെ സ്വരൂപങ്ങളാണ്. ചിഹ്നം ധരിച്ച് ഭവാനിയെ ഉപാസിച്ചാല്‍ മുക്തിലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
അവരുടെ വിശ്വാസപ്രമാണം കേട്ടശേഷം പറഞ്ഞു:
”നിങ്ങള്‍ പറയുന്നത് ഒരു വീക്ഷണവൃത്തത്തിലൂടെ നോക്കുമ്പോള്‍ സത്യമാണ്. എന്നാല്‍, പ്രകൃതിയേക്കാള്‍ ഈശ്വരനായ പുരുഷന്‍ തന്നെയാണ് ശ്രേഷ്ഠം. പുരുഷന്റെ തത്ത്വം അറിഞ്ഞാല്‍ മാത്രമെ മോക്ഷം സിദ്ധിക്കുകയുളളൂ. ഭവാനിയുടെ തത്ത്വം മനസ്സിലാക്കിയാല്‍ ചിത്തശുദ്ധിയുണ്ടാകും.” ഞാന്‍ ബ്രഹ്‌മമാണ്” എന്ന ജ്ഞാനത്താല്‍ മുക്തനാകണം. ”ബ്രഹ്‌മവിദ് ബ്രഹ്‌മൈവഭവതി”എന്നാണല്ലോ വാക്യം. ബ്രഹ്‌മത്തെ അറിയുന്നവന്‍ ബ്രഹ്‌മമായിത്തന്നെ ഭവിക്കുന്നു! നിങ്ങള്‍ ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് അദ്വൈതമാര്‍ഗ്ഗം അവലംബിക്കുക. തീര്‍ച്ചയായും മുക്തി ലഭിക്കും…”
ശാക്തേയന്മാര്‍ ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് ശുദ്ധമായ അദ്വൈതമാര്‍ഗ്ഗത്തില്‍ ശ്രദ്ധാസമ്പന്നരാവാന്‍ തയ്യാറായി. ഒപ്പം സന്ധ്യാവന്ദനം തുടങ്ങിയ നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിലും പഞ്ചദേവതാപൂജ നടത്തുന്നതിലും അവര്‍ക്ക് താല്പര്യം വന്നിരിക്കുന്നു.
രണ്ടാംദിവസം ഒരുകൂട്ടം മഹാലക്ഷ്മ്യുപാസകന്മാരാണ് സന്ദര്‍ശിക്കാനായെത്തിയത്. അവര്‍ പറഞ്ഞു:
”മഹാത്മാവേ, സര്‍വ്വഭൂതജനനിയായ മഹാലക്ഷ്മി പരമപുരുഷന്റെ ആദ്യപ്രകൃതിയാണല്ലോ. അവിടെ നിന്നാണ് ബ്രഹ്‌മാദിദേവന്മാര്‍ ജനിച്ചത്. അതേ പ്രകൃതിയില്‍ തന്നെയാണ് പരമേശ്വരനും അന്തര്‍ഭവിച്ചിരിക്കുന്നത്. പദ്മാക്ഷമാല ധരിച്ച് പദ്മചിഹ്നവുംചൂടി കുങ്കുമപ്പൊട്ടിട്ട് മഹാലക്ഷ്മിയെ ആരാധിച്ചാല്‍ മോക്ഷം കൈവരും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയുടെ അഭിപ്രായം എന്താണ്?”
മഹാലക്ഷ്മ്യുപാസകന്മാരോടു പറഞ്ഞു:
”നിങ്ങളുടെ വിശ്വാസം അത്ഭുതകരമായിരിക്കുന്നു! യഥാര്‍ത്ഥ തത്ത്വം ഞാന്‍ പറയട്ടെ: പരമാത്മാവുതന്നെയാണ് എല്ലാ സൃഷ്ടികളുടെയും കര്‍ത്താവ്. ആ ചൈതന്യസ്വരൂപം ഏകനാണ്; അദ്വിതീയനാണ്; ആനന്ദസ്വരൂപനാണ്; നിത്യവുമുളളതാണ്. അതുതന്നെയാണ് പരമതത്ത്വവും! പ്രകൃതി എന്നത് ആ സദ്‌സ്വരൂപത്തിന്റെ അധീനയാണ്. പ്രകൃതി മോക്ഷദാത്രിയല്ല. ”അഹംബ്രഹ്‌മാസ്മി”എന്ന ധ്യാനം കൊണ്ടേ മുക്തി ലഭിക്കുകയുളളൂ. ലക്ഷ്മ്യുപാസനകൊണ്ട് പല ഉയര്‍ന്ന മാനസികലോകങ്ങള്‍ പ്രാപിക്കാമെന്നു മാത്രം. അതിനാല്‍ നിങ്ങള്‍ ചിഹ്നങ്ങളും മറ്റും ഉപേക്ഷിച്ച് ശുദ്ധമായ അദ്വൈത വിദ്യയെ അഭയം കൊള്ളുക.”
ലക്ഷ്മ്യൂപാസകരും പുനര്‍ചിന്തകളിലൂടെ സ്വയം തിരുത്തിക്കൊണ്ട് ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറായി. അവര്‍ അദ്വൈതബ്രഹ്‌മത്തെ ആശ്രയിച്ചു.
മൂന്നാംദിവസം സരസ്വതിഭക്തരാണ് തങ്ങളുടെ വിശ്വാസം വിളമ്പാനായി മുന്നിലേക്ക് വന്നത്:
”വേദം നിത്യമായതുകൊണ്ട് സരസ്വതിദേവിയും നിത്യയാണെന്ന് ഞങ്ങള്‍ കരുതുന്നു. സരസ്വതിയെ ജഗത്കര്‍ത്രി എന്നും നിത്യമായ വാക്ക് എന്നും ശ്രുതിയില്‍* പറയുന്നുണ്ടല്ലോ. അതിനാല്‍ ദേവിതന്നെയാണ് പരംപൊരുള്‍. ദേവി ഗുണത്തിന് അതീതയും മുമുക്ഷു** സേവ്യയുമാണ്. അതിനാല്‍ ആചാര്യരും ദേവിയെ ഉപാസിക്കണം.”
അതുകേട്ട് സരസ്വതിഭക്തരോടു പറഞ്ഞു:
” യസ്യ നിഃശ്വസിതം വേദാഃ” ഏതൊരാളുടെ നിശ്വാസമാണോ വേദം, എന്നല്ലേ വാക്യം. അതില്‍ നിന്നുതന്നെ വേദം ജനിച്ചതാണെന്ന് പറയുന്നുണ്ടല്ലോ. സൂര്യസിദ്ധാന്തഗ്രന്ഥത്തിലും വേദത്തിന്റെ ഉല്പത്തിയെപ്പറ്റി പറയുന്നുണ്ട്. അതിനാല്‍ വേദരൂപിണിയായ സരസ്വതി നിത്യയാകുന്നതെങ്ങനെ? ആദിജീവിയായ ചതുര്‍മുഖ ബ്രഹ്‌മാവുപോലും അനിത്യനാണ്. ബ്രഹ്‌മാവിന്റെ നാവിലാണല്ലോ സരസ്വതി വര്‍ത്തിക്കുന്നത്. അപ്പോള്‍ സരസ്വതി നിത്യയാകുന്നതെങ്ങനെ? പരപ്രകൃതിയായ സരസ്വതിദേവി മഹത് തത്ത്വങ്ങള്‍ക്ക് കാരണം എന്ന് പറയുന്നതു ശരിയല്ല. പരമാത്മാവ് തന്നെയാണ് സര്‍വ്വകാരണത്തിന്റെയും കാരണം. പരമാത്മാവ് സര്‍വ്വസ്വരൂപിയും വാക്കിനും മനസ്സിനും ഗോചരമാകാത്തതുമാണ്. പരമാത്മജ്ഞാനം കൊണ്ടു മാത്രമെ മുക്തി സിദ്ധിക്കുകയുളളൂ. നിങ്ങള്‍ സകല കര്‍മ്മങ്ങളുടെയും ഫലം പരമാത്മാവില്‍ സമര്‍പ്പിച്ച് ശുദ്ധമായ അദ്വൈത ബ്രഹ്‌മത്തില്‍ തല്പരരാവുക..”സരസ്വത്യുപാസകരും അദ്വൈതസത്യത്തെ ആശ്രയിക്കാനായി മുന്നോട്ടുവരാന്‍ തയ്യാറായി. തുലാഭവാനിയിലെ ശാക്തേയന്മാരെയും മറ്റും സദ്പഥത്തിലേക്ക് കൊണ്ടുവന്നശേഷം രാമേശ്വരത്തേക്ക് യാത്ര തുടര്‍ന്നു…
രാമേശ്വരം രാമകൃത പ്രതിഷ്ഠം
കാമേശ്വരീ ഭൂഷിത വാമഭാഗം
മഹേന്ദ്ര നീലോജ്ജ്വല മുത്കിരീടം
ഭാമേശ്വരം ത്വാമിഹ പൂജയാമി. ദിഗ്‌വിജയം രാമേശ്വരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. ദക്ഷിണ ഭാരതത്തിലെ സര്‍വ്വപ്രധാനമായ തീര്‍ത്ഥസ്ഥാനം!
മന്ത്രം ഉച്ചരിച്ചുകൊണ്ട് ഗംഗാജലം, കൂവളദളം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് രാമേശ്വരശിവനെ പൂജിച്ചു. പത്മപാദന്‍ അദ്വൈതമതം പ്രചരിപ്പിച്ചുകൊണ്ട് കുറെനാള്‍ ഇവിടെ കഴിഞ്ഞിരുന്നതാണല്ലോ. ഇപ്പോള്‍, ഇതാ അദ്ദേഹത്തിന്റെ ഗുരു, ശിഷ്യരോടൊപ്പം ദിഗ്‌വിജയം ചെയ്തുകൊണ്ട് ശ്രീരാമചന്ദ്രസ്വാമിയാല്‍ പ്രതിഷ്ഠിതമായ പുണ്യക്ഷേത്രഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ദിഗ്‌വിജയ വിശേഷമറിഞ്ഞ് രാമേശ്വരനിവാസികള്‍ അരികിലേക്കൊഴുകിത്തുടങ്ങി….
ശൈവന്മാര്‍ക്ക് പ്രത്യേക പ്രാധാന്യം കല്പിക്കുന്ന തീര്‍ത്ഥാടനകേന്ദ്രം. ഭക്തജനങ്ങളെല്ലാം നിരവധി ആധ്യാത്മികസംഘടനകളുടെ കുടക്കീഴില്‍ പിരിഞ്ഞു നില്‍ക്കുന്നു. അതേസമയം എല്ലാവരും അദ്വൈതവിദ്വേഷത്തിന്റെ കാര്യത്തില്‍ ഒരു കുടക്കീഴിലുമാണ്! ശൈവന്മാരില്‍ ചിലവിഭാഗം രണ്ടുകൈകളിലും ശിവലിംഗ ചിഹ്നം പതിച്ചിരിക്കുന്നു. മറ്റൊരുവിഭാഗം രുദ്രോപാസകന്മാരാകട്ടെ ശരീരത്തിലെ സകല അംഗങ്ങളിലും ശിവലിംഗം കൊത്തിയിട്ടുമുണ്ട്; ഒപ്പം കൈയുടെ മേല്‍ഭാഗത്ത് ഡമരു ചിഹ്നവും.
ഉഗ്രഭക്തന്മാര്‍ മാറിടത്തില്‍ ശൂലചിഹ്നവും, തലയില്‍ ശിവലിംഗവും പതിച്ചിരിക്കുന്നതു ശ്രദ്ധിച്ചു. ജംഗമന്മാര്‍ ഹൃദയത്തിലും നാഭിയിലും ശൂലചിഹ്നമാണ് ധരിച്ചിരിക്കുന്നത്. അവര്‍ക്കാര്‍ക്കും ശിവതത്ത്വത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമൊന്നുമില്ല. എന്നാല്‍ ഉപാസനാതത്ത്വത്തില്‍ ഭിന്നാഭിപ്രായം. പല സംഘങ്ങളായി വിഘടിച്ചു നില്‍ക്കുന്നതിനു കാരണം അതാണ്.
അവര്‍ തങ്ങളുടെ തത്ത്വങ്ങള്‍ പഠിപ്പിക്കാനായി ഉത്സാഹത്തോടെ മുന്നോട്ടു വന്നുകൊണ്ടിരുന്നു. വേദം, ഗീത, ശിവരഹസ്യം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നുളള വാക്യങ്ങള്‍ ഉദ്ധരിച്ച് അവര്‍ ആവേശം കൊള്ളുമ്പോള്‍ ശിവന്‍ തന്നെയാണ് പരമാത്മാവും ജഗത്കാരണവുമെന്ന് അവര്‍ സമര്‍ത്ഥിക്കുകയായിരുന്നു.
രുദ്രപൂജ, രുദ്രസൂക്തജപം, പഞ്ചാക്ഷരമന്ത്രം, രുദ്രാക്ഷധാരണം, സര്‍വ്വാംഗഭസ്മലേപനം എന്നിവ ചെയ്യണമെന്ന് അവര്‍ തന്നെ സ്‌നേഹപൂര്‍വ്വം ഉപദേശിച്ചു. ശാന്തനായി എല്ലാം കേട്ടിരുന്നു. പിന്നെ മെല്ലെ പറഞ്ഞു:
”പരമാത്മാവാണ് ജഗത്കാരണമെന്നും ആ ചൈതന്യം ബ്രഹ്‌മാദി രൂപങ്ങളില്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ നടത്തുന്നുവെന്നും പറയുന്നത് എനിക്കും സമ്മതം തന്നെ. പക്ഷേ, ലിംഗം, ശൂലം, ഡമരു തുടങ്ങിയവ ധരിച്ചാല്‍ അത് മുക്തിക്കു കാരണമാണെന്ന് പറയുന്നതിനോടു യോജിക്കാനാവില്ല.”
പല വേദപ്രമാണങ്ങളും ഉദ്ധരിച്ചുകൊണ്ട് അദ്വൈതസിദ്ധാന്തത്തെ വിസ്തരിച്ച് മനസ്സിലാക്കിക്കൊടുത്തു. ഒപ്പം അവരുടെ വിശ്വാസങ്ങളില്‍ കടന്നുകൂടിയ തെറ്റുകളെയും പൊരുത്തക്കേടുകളെയും വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു.
മൂന്നുമാസക്കാലം രമേശ്വരത്ത.് അദ്വൈതസിദ്ധാന്തപ്രചരണം പൂര്‍ത്തിയാക്കിയശേഷം അനന്തശയനത്തിലേക്ക് ദിഗ്‌വിജയവാഹിനിയുടെ യാത്ര തുടര്‍ന്നു…
രാമനാഥപണ്ഡിറ്റിന്റെ വീടിനടുത്തെത്തുമ്പോള്‍, തന്റെ അമ്മാവന്റെ പുതിയ ഗൃഹം കണ്ട് പത്മപാദന്‍ ഞെട്ടി! ദിഗ്‌വിജയവാഹിനിയുടെ ഘോഷംകണ്ട് പണ്ഡിറ്റിന് വീണ്ടും കരച്ചില്‍ വന്നു. തന്റെ ദുഷ്ടകൃത്യങ്ങള്‍ വിഫലമായതിലുളള ദു:ഖം അദ്ദേഹത്തിന്റെ തടിച്ച കവിളുകളിലൂടെ ഒഴുകിയിറങ്ങി. കുറ്റം ചെയ്തവന്റെ മനസ്സില്‍ അപായചിന്തകള്‍ ശല്യം ചെയ്തുകൊണ്ടിരിക്കും. രാമനാഥപണ്ഡിറ്റ് ദിഗ്‌വിജയവാഹിനിയുടെ സമീപം വന്നതേയില്ല. സ്വന്തം വീടിന്റെ ഉമ്മറത്തുതന്നെ ഒരു ശിലപോലെ അദ്ദേഹം വിഷാദവും പേറി കുത്തിയിരുന്നു.
(തുടരും)