ആര്.എസ്.എസ് കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നാട്ടുകാരെ മുഴുവന്‍ അറിയിക്കണമെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് നിര്‍ബ്ബന്ധം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് രാജ്യം മുഴുക്കെ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ ആര്. എസ്.എസ്. കാര്യാലയത്തില്‍ പതാകയുയര്ത്തിയോ എന്നന്വേഷിക്കാന്‍ പത്രക്കാര്‍ക്ക് എവിടെ സമയം? എന്നിട്ടും നാഗപ്പൂരിലെ സംഘ കാര്യാലയത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതും സര്സംഘചാലകന് പതാക ഉയര്‍ത്തുന്നതുമൊക്കെ അവര്‍ ഓടി നടന്നു വാര്‍ത്തയാക്കി മാലോകരെ അറിയിച്ചു. സാധാരണ ആര്.എസ്.എസ്സുകാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു മുമ്പില്‍ കണ്ണടക്കുന്ന പത്രക്കാരെയും ചാനലുകാരെയും ഇതിന് പ്രേരിപ്പിച്ചത് രാഹുല്‍ ഗാന്ധിയാണ്. അതിനു നന്ദി പറയാതെ വയ്യ.
ആര്.എസ്.എസ്സുകാര്‍ ത്രിവര്‍ണ പതാകയെ അംഗീകരിക്കുന്നില്ല എന്നും ദേശീയ പതാക ഉയര്‍ത്താറില്ല എന്നും രാഹുല്‍ പുലമ്പിയ വിഡ്ഢിത്തം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുപാടി. മോദി പറഞ്ഞാലും ആര്.എസ്.എസ്. കാര്യാലയത്തില്‍ പതാക ഉയര്‍ത്തില്ല എന്നും അവര്‍ പ്രഖ്യാപിച്ചു. ആര്. എസ്.എസ്സിന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലും ട്വിറ്ററിലും ത്രിവര്‍ണ്ണം വന്നില്ല എന്ന് അവര്‍ കുറ്റപ്പെടുത്തി. വിവാദം ഏറ്റെടുക്കലല്ല പ്രവര്‍ത്തിച്ചു കാണിക്കലാണ് സംഘരീതി. ആഗസ്റ്റ് 12 ന് രാത്രി 12 മണിയോടെ രണ്ടും ത്രിവര്ണമായതോടെ കോണ്‍ഗ്രസ്സുകാരുടെ വായ മൂടി. സംഘകാര്യാലയത്തിലും ദേശീയ പതാക ഉയര്‍ന്നതോടെ തങ്ങളുണ്ടാക്കിയ വിവാദം തിരിച്ചടിയായി എന്നു ബോധ്യപ്പെടുകയും ചെയ്തു. ഇതേസമയം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഓഫീസിലും പാര്‍ട്ടിക്കാരുടെ വീട്ടിലും ദേശീയ പതാക ഉയര്‍ന്നില്ല എന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ആര്.എസ്.എസ്സുകാരുടെ കാര്യാലയത്തില്‍ പതാക ഉയര്‍ത്തിയോ എന്നന്വേഷിക്കുന്ന തിരക്കില്‍ സ്വന്തം ഓഫീസില്‍ പതാക ഉയര്‍ത്താന്‍ മറന്നതില്‍ അവരെ കുറ്റപ്പെടുത്തരുതേ. അവരുടെ ദേശസ്നേഹത്തെ സംശയിക്കരുതേ.