മുസ്ലിം വിഭാഗത്തിന്റെ ചാനലായാലും പത്രം ആയാലും പൂട്ടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ സംഘപരിവാറും കേന്ദ്രസര്‍ക്കാറും ആണെന്നാണല്ലോ അ വര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതൊക്കെ വെറും ഉമ്മാക്കിയാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിം പത്രങ്ങളെ പൂട്ടിക്കാന്‍ ശ്രമിക്കുന്നത് അവര്‍ തന്നെയാണ്. മുന്‍ മന്ത്രി കെ.ടി. ജലീല്‍ അത് എണ്ണിയെണ്ണി പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ? യുഎഇയിലെ ഭരണാധികാരിയെ കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രം പൂട്ടിക്കാന്‍ ശ്രമിച്ചത് കെ.ടി ജലീല്‍ ആണ്. അദ്ദേഹം അത് സമ്മതിക്കുന്നുമുണ്ട്. കാന്തപുരത്തിന്റെ സിറാജ് പത്രം ഖത്തറില്‍ പൂട്ടിച്ചത് ജമാഅത്തെ ഇസ്ലാമി നേതൃത്വമാണ്. കാന്തപുരം സുന്നി മതനേതാവ് കുട്ടിഹസന്‍ ഹാജിയെ ഖത്തറില്‍ ജയിലിലാക്കിയതും ജമാഅത്തെ ഇസ്ലാമി തന്ത്രം തന്നെ. തീര്‍ന്നില്ല മുജാഹിദ് പണ്ഡിതന്‍ ഉമര്‍ മൗലവിയെ ഖത്തറില്‍ ജയിലിലാക്കാന്‍ ശ്രമിച്ചതും ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി സ്‌കൂള്‍ വിഭാഗമാണ്. ജമാഅത്തെ ഇസ്ലാമിയുടെ തന്ത്രം അവിടെയും നിന്നില്ല. സുലൈമാന്‍ സേട്ടിനെ ലീഗില്‍നിന്ന് തെറ്റിച്ചതും ഇക്കൂട്ടരാണ്. ജെ.ഡി.ടി. സെക്രട്ടറിയായിരുന്ന ഹസ്സന്‍ ഹാജിയെ ജയിലാക്കാന്‍ കളിച്ചതും ഇവര്‍ തന്നെ.
ജമാഅത്തെ ഇസ്ലാമിയുടെ പഴയ വിദ്യാര്‍ത്ഥി സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്ന കെ.ടി ജലീല്‍ അതിനെ മനസ്സിലാക്കിയതുപോലെ നമുക്ക് മനസ്സിലാക്കാനാവില്ല. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ! മരണപ്പെട്ട ഗള്‍ഫുകാരായ മലയാളികളുടെ ഫോട്ടോ ഒന്നാം പേജില്‍ അച്ചടിച്ച് മാധ്യമം ‘മരണ സപ്ലിമെന്റ്’ ഇറക്കിയത് കണ്ടപ്പോള്‍ ജലീലിന് സഹിക്കാന്‍ കഴിഞ്ഞില്ല. താന്‍ മന്ത്രിയാണെന്നും പ്രോട്ടോകോള്‍ പാലിക്കണമെന്നും മറന്നുപോയി. സൗദി ഭരണാധികാരിക്ക് മാധ്യമം നിരോധിക്കണമെന്ന് കത്തെഴുതിയപ്പോഴേ സമാധാനമായുളളു. അതിപ്പോള്‍ വിവാദമായിരിക്കയാണ്. എന്തായാലും ജമാഅത്തെ ഇസ്ലാമിയെ വെറുതെ വിടാന്‍ ജലീല്‍ തയ്യാറല്ല. ഫേസ്ബുക്ക് പോസ്റ്റ് എന്ന ഉറുമി വീശി അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ജലീല്‍ സൗദി ഭരണാധികാരിക്ക് കത്തെഴുതിയത് ശരിയായില്ല എന്ന് വിജയന്‍ സഖാവ് തള്ളി പറഞ്ഞിരിക്കുകയാണ്. മുഖ്യന്‍ സഖാവ് മുമ്പ് ശിവശങ്കരനെ ഇതുപോലെ തള്ളി പറഞ്ഞതാണ്. പിന്നീട് നാം കണ്ടത് കൊടുങ്കാറ്റിന്റെ വേഗത്തിലുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവാണ്. ഇതുതന്നെയാണ് ജലീലിനും സംഭവിക്കാന്‍ പോകുന്നത്. അതാണ് ജലീലിന്റെ ധൈര്യവും.
Comments