- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ദിഗ്‌വിജയ യാത്ര (നിര്‍വികല്പം 26)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
കേരള രാജാവായ രാജശേഖരന്റെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. നിരവധി നാഴികകള്‍ സഞ്ചരിച്ച് അദ്ദേഹം ശൃംഗേരി വനഭൂമിയിലുള്ള ആശ്രമം തേടിയെത്തിയിരിക്കുന്നു.
രാജാവിനെ പര്‍ണ്ണകുടീരത്തില്‍ സ്വീകരിച്ചിരുത്തി.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം അദ്ദേഹത്തോട് ആരാഞ്ഞു:
”രാജാവ് പിന്നീട് ഗ്രന്ഥങ്ങള്‍ വല്ലതും രചിക്കുകയുണ്ടായോ?”
അല്പം നിരാശ കലര്‍ന്ന സ്വരത്തിലായിരുന്നു രാജശേഖരരാജാവിന്റെ മറുപടി:
”മുമ്പ് ഞാനെഴുതിയ മൂന്നു കാവ്യങ്ങള്‍ ആചാര്യരെ വായിച്ചു കേള്‍പ്പിക്കുകയുണ്ടായല്ലോ. അന്ന് അത് കേട്ടിട്ട് അങ്ങ് ഒന്നും മിണ്ടിയില്ല. അത് കണ്ടപ്പോള്‍ എന്റെ രചനയ്ക്ക് മേന്മ പോരെന്ന് ഞാന്‍ കരുതി. കൃതിയെ അലക്ഷ്യമായി കൊട്ടാരത്തിലെവിടെയോ നിക്ഷേപിച്ചു. കുറേ നാളുകള്‍ക്കുമുമ്പ് കൊട്ടാരത്തിന്റെ വടക്കേക്കെട്ടിലുണ്ടായ അഗ്നിബാധയില്‍ അത് നശിച്ചു പോയിട്ടുണ്ടാവുമെന്ന് സംശയിക്കുന്നു. പിന്നീട് ഒന്നും എഴുതുവാന്‍ മനസ്സ് വന്നില്ല.”
തന്റെ കാവ്യരചനകളുടെ ഗതിയില്ലായ്മയെക്കുറിച്ച് നിരാശയോടെ വിലപിക്കുന്ന രാജാവിനെ സമാശ്വസിപ്പിക്കാനായി പറഞ്ഞു:
”അങ്ങ് വിഷമിക്കണ്ട. അന്ന് വായിച്ചുകേള്‍പ്പിച്ച ആ മൂന്നു കാവ്യങ്ങളും എനിക്കോര്‍മ്മയുണ്ട്. ചൊല്ലിത്തരാം. എഴുതിയെടുത്തുകൊള്ളുക…”രാജാവിന്റെ മുഖത്ത് വിസ്മയവും ആനന്ദവും ഒരുമിച്ച് നൃത്തം ചെയ്യുന്നത് കണ്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം രചിച്ചുചൊല്ലികേള്‍പ്പിച്ച കാവ്യങ്ങള്‍ മനസ്സില്‍നിന്ന് ചുരുളഴിഞ്ഞ് പുറത്തുവന്നു.
കാവ്യങ്ങള്‍ പൂര്‍ണ്ണമായി എഴുതിയെടുത്തു കഴിഞ്ഞപ്പോള്‍ കൃതജ്ഞതയുടെ നിറവില്‍ രാജാവിന്റെ കണ്ണുകള്‍ നിറയുന്നതു കണ്ടു.
സുരേശ്വരാചാര്യന്‍ പെട്ടെന്നാണ് കുടീരത്തിലേക്ക് കടന്നു വന്നത്.
രാജശേഖരരാജാവിന് സുരേശ്വരാചാര്യനെ കണ്ടപ്പോള്‍ അത്ഭുതം. ജ്ഞാനവൃദ്ധനായ ഈ മഹാപണ്ഡിതന്‍ ആചാര്യരുടെ ശിഷ്യനായി മാറിയിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ രാജാവ് പറഞ്ഞു:
”കേരളത്തില്‍ കര്‍മ്മകാണ്ഡതല്‍പ്പരരായ മീമാംസകരാണ് മിക്ക പണ്ഡിതശ്രേഷ്ഠന്മാരും. അവരെല്ലാം ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സുരേശ്വരാചാര്യന്‍ ശങ്കരാചാര്യരുടെ ശിഷ്യനാവുകയോ! അത്യത്ഭുതകരമായിരിക്കുന്നു!!”
രാജാവിന്റെ വാക്കുകള്‍ കേട്ട് വെറുതെ പുഞ്ചിരിച്ചു. സുരേശ്വരാചാര്യന്‍ ഒന്നും മിണ്ടുന്നില്ല. അതുകണ്ട് രാജാവ് തുടര്‍ന്നു:
”സുരേശ്വരാചാര്യന്‍ ആചാര്യശിഷ്യനായതുകൊണ്ടാവാം, നാട്ടിലെ പണ്ഡിതശിരോമണികളില്‍ മിക്കവരും ഇപ്പോള്‍ അദ്വൈതമതം സ്വീകരിച്ചിരിക്കുന്നു!”
പത്മപാദനും നിനച്ചിരിക്കാതെ കുടീരത്തിലേക്കു കടന്നുവന്നു. അദ്ദേഹത്തിന്റെ മുഖത്തെ ക്ഷീണവും പരവേശവും മാറിയിരിക്കുന്നു. ഉന്മാദത്തില്‍നിന്ന് ഏറക്കുറെ മുക്തമായപോലെ പത്മപാദന്റെ മുഖത്ത് ഒരു പുഞ്ചിരി ഉദിച്ചുനിന്നു.
”നിങ്ങളുടെ സങ്കടമെല്ലാം മാറിയോ പത്മപാദന്‍? സാരമില്ല. ക്രമേണ പൂര്‍വസ്മൃതി ലഭിക്കും. കഴിഞ്ഞസംഭവങ്ങളെല്ലാം പ്രാരബ്ധവശാല്‍ വന്നുഭവിച്ചതാണെന്നു കരുതിയാല്‍ മതി. കര്‍മ്മഫലം അനുഭവിച്ചുകഴിഞ്ഞെങ്കില്‍ മാത്രമെ അത് ക്ഷയിക്കുകയുള്ളൂ. ബ്രഹ്‌മജ്ഞാനം ഒരിക്കലും നശിക്കുന്നതല്ല. വലിയ പഞ്ഞിക്കെട്ടുകള്‍ അഗ്നികാരണം കത്തി നശിക്കുന്നപോലെ ബ്രഹ്‌മജ്ഞാനം കര്‍മ്മങ്ങളെ നശിപ്പിക്കുന്നു. മോഹമോ ഉന്മാദമോ ഒരിക്കലും ബ്രഹ്‌മജ്ഞാനത്തെ നശിപ്പിക്കുന്നില്ല.”
പത്മപാദന്‍ രാജശേഖരരാജാവിന്റെ ഇരിപ്പിടത്തിനു സമീപം നിലത്തിട്ടിരുന്ന പുല്‍വിരിപ്പിന്മേല്‍ അര്‍ദ്ധപത്മാസനത്തില്‍ സ്വസ്ഥനായി. സുരേശ്വരന്‍ തൊട്ടപ്പുറത്തുതന്നെ നില്പ്പുണ്ട്. ആചാര്യസമക്ഷത്തുനിന്ന് പഞ്ചപാദികയും, പ്രത്യേകിച്ച് അതിലെ ചതുഃസൂത്രിഭാഷ്യവും കേട്ടെഴുതിക്കഴിഞ്ഞശേഷം ഗ്രന്ഥരചനയോടുള്ള ഭ്രമം പത്മപാദനില്‍ അസ്തമിച്ചു തുടങ്ങി. വൈകിവന്ന വിവേകം അദ്ദേഹം ഒരു വെളിപാടുപോലെ വ്യക്തമാക്കി:
”ഗുരോ, അപരാവിദ്യയുടെ ബന്ധനത്തില്‍ അകപ്പെട്ടു കിടക്കാതിരിക്കാന്‍ എന്നെ അനുഗ്രഹിച്ചാലും. അവിദ്യാബന്ധനം തന്നെയാണ് അപരാവിദ്യയുടെ ബന്ധനവുമെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു!”
”നന്നായി. നിങ്ങള്‍ നേരിടേണ്ടി വന്ന വിഷമതകള്‍ മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള തടസ്സങ്ങളെല്ലാം തീര്‍ക്കാന്‍ സഹായകമായി. അത്തരം ദുരവസ്ഥ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഈ ശാന്തി നിങ്ങള്‍ക്ക് കൈവരുകയില്ല.”
പത്മപാദന്‍ മുന്നോട്ടാഞ്ഞ് നിലം നമസ്‌ക്കരിച്ചശേഷം മെല്ലെ എണീറ്റു. അദ്ദേഹം രാജശേഖരരാജാവിനെ വന്ദിച്ചിട്ട് പര്‍ണകുടീരം വിട്ടിറങ്ങി.
പണ്ഡിതനായ ബന്ധുവില്‍നിന്ന് പത്മപാദന്‍ നേരിടേണ്ടിവന്ന ദുരനുഭവം രാജാവിനോടു വിസ്തരിച്ചു. അതുകേട്ട് രോഷം കൊണ്ട രാജാവ്, ഇതുപോലുള്ള മതവിദ്വേഷികളെ തലയുയര്‍ത്താന്‍ അനുവദിച്ചുകൂടെന്ന് പ്രതിജ്ഞ ചെയ്തു. അദ്ദേഹം വികാരാവേശം പൂണ്ട് ഒരഭിപ്രായമെടുത്ത് അവതരിപ്പിച്ചു:
”ദിഗ്‌വിജയം ചെയ്യാന്‍ അങ്ങേക്ക് സമയമായിരിക്കുന്നു. അദ്വൈതസിദ്ധാന്തം നാടെങ്ങും ശക്തമാകണമെങ്കില്‍ അതനിവാര്യമാണെന്ന് നാം കരുതുന്നു.”
”ശരിയാണ് ഗുരോ, ദിഗ്‌വിജയത്തിനുള്ള കാലമായി.”
രാജശേഖരരാജാവിന്റെ അഭിപ്രായത്തെ സുരേശ്വരാചാര്യന്‍ ശക്തിപ്പെടുത്തി.
ശൃംഗേരിയുടെ സമാന്തരരാജാവായ സുധന്വാവും ദിഗ്‌വിജയം ചെയ്യണമെന്ന അഭിപ്രായവുമായി മുന്നോട്ടു വന്നു. സുരേശ്വരനു പുറമെ, പത്മപാദനും ഹസ്താമലകനും തോടകനും കൂടി ദിഗ്വിജയത്തെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് പിന്നാലെ കൂടി.
വ്യാസമഹര്‍ഷിയുടെ ആദേശം സ്മരിച്ചുകൊണ്ട് അവരോട് പറഞ്ഞു:
”എല്ലാവരുടെയും അഭിപ്രായവും ആഗ്രഹവും അതാണെങ്കില്‍ ദിഗ്‌വിജയമാകാം.”
ശിഷ്യരെയും പ്രശിഷ്യരെയും കൂട്ടി രാജാസുധന്വാവിനോടൊപ്പം യാത്രയ്ക്ക് ആരംഭം കുറിച്ചു. ധനവാന്മാരും സാധാരണക്കാരും സാധുക്കളും ഗൃഹസ്ഥാശ്രമികളും വാനപ്രസ്ഥരുമെല്ലാം ചേര്‍ന്ന വലിയൊരു സംഘം.
ആദ്യം രാമേശ്വരം ലക്ഷ്യമാക്കിയാണ് യാത്ര.
നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള സ്പര്‍ദ്ധയും വൈരാഗ്യവും കിടമത്സരവും രാഷ്ട്രീയഭിന്നതകളുമൊക്കെക്കൊണ്ട് പലപ്പോഴും ഇതുപോലുള്ള തീര്‍ത്ഥയാത്രക്കിടയില്‍ ആപത്തുകള്‍ പതിയിരിക്കാറുണ്ട്. എന്നാല്‍ ശ്രേഷ്ഠരായ സന്ന്യാസിസംഘത്തോടൊപ്പമുള്ള യാത്ര ആപത്തില്ലാതെ ശുഭകരമായി ഭവിക്കുമെന്ന ആത്മവിശ്വാസം എല്ലാവരുടെയും മുഖത്ത് പ്രകാശിച്ചു നിന്നു. പ്രധാനശിഷ്യരായ പത്മപാദനും ഹസ്താമലകനും തോടകനും പിന്നില്‍ മറ്റ് ശിഷ്യരായ സമിത്പാണി, ചിദ്‌വിലാസന്‍, ജ്ഞാനകന്ദന്‍, വിഷ്ണുഗുപ്തന്‍, ശുദ്ധകീര്‍ത്തി, ഭാനുമരീചി, വൈഷ്ണവഭട്ട്, ബുദ്ധവിരിഞ്ചി, ഗരുഡാചലന്‍, കൃഷ്ണദര്‍ശന്‍, പാദശുദ്ധാന്തന്‍ എന്നിവരും ദിഗ്‌വിജയയാത്രയില്‍ ആവേശം കൊണ്ടു. സുരേശ്വരാചാര്യനും ഉഭയഭാരതിയും ശൃംഗേരിയില്‍തന്നെ തുടര്‍ന്നതിനാല്‍ ശിഷ്യവൃന്ദങ്ങളുടെ നേതൃസ്ഥാനത്ത് പത്മപാദന്‍ ഉത്സാഹഭരിതനായി നടന്നു നീങ്ങി.
തീര്‍ത്ഥാടനപാതയിലുടെ ദിഗ്‌വിജയം നീങ്ങുമ്പോള്‍ ചിലര്‍ ചെറുസംഘങ്ങളായിമാറി ശംഖനാദം മുഴക്കി. മറ്റുചിലര്‍ മണികിലുക്കിയും മൃദംഗം കൊട്ടിയും ആനന്ദഭരിതരായി. വേറൊരു കൂട്ടര്‍ മോഹമുദ്ഗരമോ, യതിപഞ്ചകമോ, കനകധാരാസ്‌തോത്രമോ, ലിംഗാഷ്ടകമോ, സാധനാപഞ്ചകമോ ചൊല്ലി. പത്മപാദന്‍ നിര്‍വാണാഷ്ടകം ഈണത്തിലും താളത്തിലും ആലപിച്ചു.
വിഭിന്നമായ അനുഭവ പന്ഥാവിലൂടെയുള്ള യാത്ര ദിവസങ്ങള്‍ പിന്നിട്ടു. ഒടുവില്‍ പ്രസിദ്ധ ശൈവ തീര്‍ത്ഥസ്ഥാനമായ മധ്യാര്‍ജ്ജുനത്തില്‍ സംഘമെത്തിച്ചേര്‍ന്നു. കാളി, താര എന്നീ മഹാവിദ്യകളും, ഷോഡശി, ഭുവനേശ്വരി തുടങ്ങിയ വിദ്യകളും മധ്യാര്‍ജ്ജുനം ശിവവിഗ്രഹത്തിന്റെ പാദങ്ങളെ പൂജിക്കുന്നു. ജ്ഞാനോപചാരം കൊണ്ട് സംഘാംഗങ്ങള്‍ പൂജയര്‍പ്പിച്ചു. ശിവവിഗ്രഹത്തിന്റെ ചൈതന്യഭാവം കണ്ട് തീര്‍ത്ഥാടകസംഘം ധന്യരായിരിക്കുന്നു.
ശിഷ്യവൃന്ദങ്ങളോടൊപ്പം ക്ഷേത്രാങ്കണത്തില്‍ താമസം.
മധ്യാര്‍ജ്ജുനനഗരത്തില്‍ നിരവധി ബ്രാഹ്‌മണപണ്ഡിതര്‍ താമസമുണ്ടത്രെ. അവരില്‍ ചിലര്‍ കര്‍മ്മകാണ്ഡത്തില്‍ വിശ്വസിക്കുന്നവര്‍. മറ്റുചിലരാകട്ടെ ഉപാസനാമാര്‍ഗം അവലംബിക്കുന്നവരും.
ദിഗ്‌വിജയ സംരംഭമറിഞ്ഞ് അദ്വൈതസിദ്ധാന്തത്തെക്കുറിച്ചറിയാനായി നഗരവാസികളില്‍ മിക്ക പണ്ഡിതന്മാരും സന്ദര്‍ശിക്കാനായെത്തി. ക്ഷേത്രാങ്കണത്തില്‍, ശിവസന്നിധിയില്‍ പകല്‍സമയം ഒരു വലിയസഭ തടിച്ചുകൂടി.
യുക്തിപൂര്‍ണ്ണമായ തന്റെ വാക്കുകളും വാദങ്ങളും കേട്ട് സഭ വളര്‍ന്നു. ചിലര്‍ അദ്വൈതമതം സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നു. മറ്റു ചിലര്‍ പ്രതികൂലിച്ചു പിന്മാറാനൊരുങ്ങി. ഒരേ സഭാസ്ഥലത്തുവച്ചുതന്നെ അവരുടെ ഭിന്നാഭിപ്രായങ്ങള്‍ സ്പഷ്ടമായി ഉരുത്തിരിഞ്ഞു. സായംസന്ധ്യയാകുംവരെ സഭ സജീവമായി തുടര്‍ന്നു.
ദീപാരാധന കഴിഞ്ഞ് എല്ലാവരും വീണ്ടും ഒത്തുകൂടുമ്പോള്‍ മധ്യാര്‍ജ്ജുനനഗരത്തിലെ ഒരു പണ്ഡിതന്റെ പ്രഖ്യാപനം സഭയില്‍ മുഴങ്ങി:
”അടുത്ത ദിവസത്തെ ആലോചനാസഭയില്‍,” ”അദ്വൈതം സത്യമാണ്്”എന്ന് മധ്യാര്‍ജ്ജുനശിവനെക്കൊണ്ട് ആചാര്യര്‍ക്ക് പറയിപ്പിക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ അദ്വൈതസിദ്ധാന്തം സ്വീകരിക്കാം.”അതൊരു വെല്ലുവിളിയായി സഭയില്‍ പ്രകമ്പനം കൊണ്ടു.
അടുത്തദിവസം മധ്യാര്‍ജ്ജുനസന്നിധിയില്‍ മഹാസഭ കൂടുമ്പോള്‍ നഗരവാസികള്‍ വാര്‍ത്തയറിഞ്ഞ് ക്ഷേത്രാങ്കണത്തിലും പരിസരത്തുമായി ഒഴുകിയെത്തി. ഒരു ദീര്‍ഘപ്രഭാഷണം കഴിയവെ, പണ്ഡിതന്മാരുടെ പ്രതിനിധിയായ ആ ശിരോമണി വീണ്ടും തന്റെ ഉപാധിയില്‍ മുറുകെപിടിച്ചു:
”ആരാദ്ധ്യനായ യതിശ്രേഷ്ഠാ…..”
അദ്ദേഹം എണീറ്റുനിന്ന് പ്രസംഗിക്കാന്‍ തുടങ്ങി:
”സഭ കൂടി സത്യം തീരുമാനിക്കുവാന്‍ സാധ്യമല്ല. വാക്ചാതുര്യമുള്ളവനും തര്‍ക്കകുശലനും എവിടെയും ജയിക്കുക പതിവാണ്. അങ്ങയുടെ അഭിപ്രായം യുക്തിയുക്തമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ പിന്തുടര്‍ന്നുവരുന്ന സംസ്‌കാരവും വിശ്വാസവും അങ്ങേക്ക് മാറ്റാനാകില്ല. ഇവിടെ വാണരുളുന്ന മധ്യാര്‍ജ്ജുനനാഥനായ ശിവഭഗവാനെക്കൊണ്ട്”അദ്വൈതം സത്യമാണ ്” എന്ന് അങ്ങേക്ക് പറയിക്കാമോ? എങ്കില്‍ ഞങ്ങള്‍ അങ്ങയുടെ മതം സ്വീകരിക്കുവാന്‍ തയ്യാറാണ്. അല്ലാത്തപക്ഷം ക്ഷമിക്കണം, ഞങ്ങള്‍ക്കതിന് സാധ്യമല്ല.”
അദ്ദേഹത്തിന്റെ പ്രസംഗം തുടര്‍ന്നു.
പ്രതിനിധിയുടെ പ്രസംഗമൊന്നു ശമിച്ചപ്പോള്‍ സഭയിലുള്ളവരില്‍ ഭൂരിപക്ഷവും ആ അഭിപ്രായത്തില്‍ ആകര്‍ഷിതരായിക്കഴിഞ്ഞിരുന്നു. പത്മപാദന്റെയും മറ്റ് സംഘാംഗങ്ങളുടെയും മുഖത്ത് ഉദ്വേഗം ഉണരുന്നത് ശ്രദ്ധിച്ചു. മധ്യാര്‍ജ്ജുനത്തിലെ പണ്ഡിതന്മാര്‍ പരസ്പരം നോക്കി പുഞ്ചിരിക്കുകയാണ്. അവര്‍ പ്രതിനിധിയുടെ വെല്ലുവിളിയെ സ്വാഗതം ചെയ്തു കഴിഞ്ഞിരിക്കുന്നു. എല്ലാവരും തന്റെ പ്രതികരണം പ്രതീക്ഷിച്ച് ആകാംക്ഷയോടെ മുഖത്തേക്ക് കണ്ണും നട്ടിരിക്കുകയാണ്.
ആരോടും ഒന്നും ഉരിയാടാതെ സഭയില്‍ നിന്നെണീറ്റ് മെല്ലെ ശ്രീകോവിലിനു മുന്നിലേക്ക് ചുവടുവച്ചു. മധ്യാര്‍ജ്ജുനശിവനെ നമസ്‌ക്കരിച്ചശേഷം ചൈതന്യം സ്ഫുരിക്കുന്ന വിഗ്രഹത്തെ നോക്കി പറഞ്ഞു:
”ഭഗവാനേ, ഞാന്‍ അവിടുത്തെ ആദേശം പരിപാലിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. അങ്ങ് ഇപ്പോള്‍ സ്വന്തം രൂപത്തെ പ്രകാശിപ്പിച്ചുകൊണ്ട് ”അദ്വൈതം സത്യമാണ്” എന്നു പ്രഖ്യാപിക്കുന്നില്ലെങ്കില്‍ എന്റെ സങ്കല്പം വിഫലമാകും. ഞാന്‍ അദ്വൈതപ്രചാരകര്‍മ്മം ഇവിടെ നിര്‍ത്തിവയ്ക്കും!”
പൊടുന്നനെ ശ്രീകോവിലിനുള്ളില്‍നിന്ന് ആയിരം സൂര്യന്മാര്‍ ഒരുമിച്ചു പ്രകാശിച്ചപോലൊരു ജ്യോതിര്‍സ്വരൂപം പ്രത്യക്ഷമായി! പണ്ഡിതന്മാരില്‍ വിസ്മയം ജനിപ്പിച്ചുകൊണ്ട് ആ ജ്യോതിര്‍മയരൂപത്തില്‍ ഭഗവാന്‍ ആവിര്‍ഭവിച്ച് മേഘഗംഭീരസ്വരത്തില്‍ മൂന്നുവട്ടം ഉദ്‌ഘോഷിച്ചു: ” അദ്വൈതം സത്യം! അദ്വൈതം സത്യം! അദ്വൈതം സത്യം!”
സഭയിലുണ്ടായിരുന്നവരുടെ മനസ്സിന്റെ നൈര്‍മല്യമനുസരിച്ച് ദര്‍ശനസായുജ്യം അപൂര്‍വ്വം ചില സുകൃതികള്‍ക്കു മാത്രമായി. അതേസമയം, ” അദ്വൈതം സത്യം”എന്ന ഉദ്‌ഘോഷം സഭയിലുണ്ടായിരുന്ന സകലരുടെയും കാതുകളില്‍ മുഴങ്ങി.
അസംഭാവ്യം എന്ന് കരുതിയിരുന്നത് സംഭവിച്ചിരിക്കുന്നു! അസാധ്യം എന്ന് ചിന്തിച്ചിരുന്നത് സാധ്യമായിരിക്കുന്നു!
ആചാര്യസാമീപ്യം തേടാനും അനുഗ്രഹാശിസ്സുകള്‍ക്കുമായി ഓരോരുത്തരും ക്ഷേത്രാങ്കണചുമരോടു ചേര്‍ന്ന് വരിപിടിച്ചു നില്‍ക്കുകയാണ്. ചിലര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു: ” അദ്വൈതം വിജയിക്കട്ടെ! ആചാര്യര്‍ വിജയിക്കട്ടെ!”
മധ്യാര്‍ജ്ജുനനഗരത്തില്‍ എവിടെയും വാര്‍ത്ത പൊടുന്നനെ പടര്‍ന്നു. നഗരത്തിലെ ആബാലവൃദ്ധം ജനങ്ങളും ആചാര്യദര്‍ശനത്തിനായി തിരക്കുകൂട്ടി. നഗരവാസികളില്‍ മിക്കവരും ശിഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായി നിന്നു. അദ്വൈത ബ്രഹ്‌മനിഷ്ഠരാകുവാന്‍ അവരുടെ മനസ്സ് പാകമാകുകയായിരുന്നു.
മധ്യാര്‍ജ്ജുനത്തില്‍ ഏതാനും ദിവസങ്ങള്‍കൂടി താമസിച്ച് വേദാന്തപ്രചാരണവും അദ്ധ്യയനവും തുടര്‍ന്നു. തുലാഭവാനിയിലേക്ക് യാത്ര തുടരുമ്പോള്‍ മധ്യാര്‍ജ്ജുന നിവാസികളില്‍ പലരും അനുഗമിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു…..
ദിഗ്‌വിജയവാഹിനി വലുതായിരിക്കുന്നു!