- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- അശോകവനിയിലെ സീത (വീരഹനുമാന്റെ ജൈത്രയാത്ര)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ലങ്കാലക്ഷ്മിയെ യാത്രയാക്കിയശേഷം ഹനുമാന്‍ സീതാദേവിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായി.
രാവണന്റെ കൊട്ടാരവളപ്പിലുള്ള വൃക്ഷങ്ങള്‍ക്കു മുകളിലൂടെ ഓടിയും ചാടിയും തൂങ്ങിയാടിയും ഹനുമാന്‍ മുന്നോട്ടു നീങ്ങി.
ഇതിനിടയിലാണ് അശോകവനിയിലെ ശിംശപാവൃക്ഷത്തിന്റെ ചുവട്ടില്‍ ഏകാകിനിയായിരിക്കുന്ന സീതാദേവിയെ ഹനുമാന്‍ കണ്ടെത്തിയത്.
‘ജയ് ശ്രീറാം! തന്റെ അന്വേഷണം സഫലമായിരിക്കുന്നു. താന്‍ സീതാദേവിയുടെ തൊട്ടരികില്‍ എത്തിയിരിക്കുന്നു!’ -ഹനുമാന്‍ സ്വയം സന്തോഷപുളകിതനായി.
ഹനുമാന്‍ ശിംശപാവൃക്ഷത്തിന്റെ മുകളില്‍ മറഞ്ഞിരുന്ന് സീതാദേവിയുടെ വിലാപസ്വരം ശ്രദ്ധിച്ചു. അതുകേട്ട ഹനുമാന്‍ പറഞ്ഞു: ”സീതാംബികേ, കരയരുത്. ഭവതിയെ രക്ഷിക്കാനുള്ള ദൗത്യവുമായിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്.”
ഒട്ടും പ്രതീക്ഷിക്കാത്ത ഈ സംസാരം കേട്ട് ദേവി തലയുയര്‍ത്തി മേലോട്ടുനോക്കി. അപ്പോള്‍ പച്ചിലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഹനുമാനെ കണ്ടു. അതോടെ ഹനുമാന്‍ കൈകൂപ്പിക്കൊണ്ട് താഴെയിറങ്ങി. ശ്രീരാമന്‍ ഏല്പിച്ചിരുന്ന മുദ്രമോതിരം ആഞ്ജനേയന്‍ ദേവിയെ കാണിച്ചു. അതുകണ്ട് ദേവിയ്ക്ക് വലിയ അതിശയമായി. തന്റെ വിവരങ്ങള്‍ അറിയാന്‍ ശ്രീരാമന്‍ പറഞ്ഞയച്ച ദൂതനാണ് തന്റെ അരികില്‍ എത്തിയിരിക്കുന്നതെന്ന് ദേവിയ്ക്ക് പൂര്‍ണ്ണബോധ്യമായി.
ലങ്കായാത്രയ്ക്കിടയില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചും ദുര്‍ഘടസന്ധികളെക്കുറിച്ചും ഹനുമാന്‍ വിശദമായി ദേവിയെ പറഞ്ഞുകേള്‍പ്പിച്ചു.
”എല്ലാം തരണം ചെയ്ത് എന്റെ സമീപം എത്തിച്ചേരാന്‍ ആഞ്ജനേയന് കഴിഞ്ഞല്ലോ. താമസിയാതെ നമ്മുടെ പ്രത്യാശകള്‍ സഫലമാകുമെന്ന് നമുക്കു വിശ്വസിക്കാം.” -സീത അറിയിച്ചു.
”ദേവി ഒട്ടും വിഷമിക്കേണ്ട. ഏതുനിമിഷവും ദേവിയെ രക്ഷിക്കാന്‍ ഈ മാരുതി തയ്യാറാണ്. അനുവദിക്കുന്നപക്ഷം ഇപ്പോള്‍ത്തന്നെ ഭവതിയെ തോളിലേറ്റി ശ്രീരാമസന്നിധിയിലെത്തിക്കാന്‍ ഈയുള്ളവനു കഴിയും.”” -ഹനുമാന്‍ വെളിപ്പെടുത്തി.
”ഏതായാലും ഇപ്പോള്‍ അതിനു തുനിയേണ്ട; ദശമുഖനെ നേരിടണമെങ്കില്‍ വലിയ കരുത്തന്മാര്‍ക്കു മാത്രമേ കഴിയൂ” – ഹനുമാനില്‍ പൂര്‍ണ്ണ വിശ്വാമില്ലാത്തമട്ടില്‍ സീത പറഞ്ഞു.
അതുകേട്ടതോടെ ഹനുമാന് വല്ലാത്ത വിഷമമായി. വായുപുത്രന്‍ ഉടനെ ശക്തിതെളിയിക്കുന്നതിനായി തന്റെ ശരീരം സ്വയം വലുതാക്കി. അവയവങ്ങള്‍ ഗിരിസാനുക്കള്‍പോലെയും കൈകള്‍ മഹാവൃക്ഷങ്ങള്‍ പോലെയും മസ്തകം കൊടുമുടിപോലെയും വാല് മഹാനദിപോലെയും രോമങ്ങള്‍ ചെറുമരങ്ങള്‍പോലെയും രൂപാന്തരപ്പെടുത്തി. ഹനുമാന്റെ ശ്വാസവായു വലിയൊരു കൊടുങ്കാറ്റായി അവിടെയങ്ങും ചീറിയടിക്കാന്‍ തുടങ്ങി.
ഈ രംഗം കണ്ടതോടെ ഹനുമാന്‍ മഹാശക്തനാണെന്നും ശ്രീരാമന്റെ അനുഗ്രഹം സിദ്ധിച്ചവനാണെന്നും സീതാദേവിക്ക് പരിപൂര്‍ണ്ണബോധ്യം വന്നു.
തുടര്‍ന്ന് ഹനുമാനും സീതാദേവിയും തമ്മില്‍ പല കാര്യങ്ങളും സംസാരിച്ചു. ദേവിയെ കാണാത്തതുകൊണ്ടുള്ള ശ്രീരാമന്റെ മനോവിഷമത്തെക്കുറിച്ചും ദേവിയെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിലുള്ള അദ്ദേഹത്തിന്റെ ആശങ്കകളെക്കുറിച്ചുമെല്ലാം ഹനുമാന്‍ സീതയെ സവിസ്തരം പറഞ്ഞുകേള്‍പ്പിച്ചു.
”മാരുതീ, ഇനി കൂടുതല്‍ സമയം ഇവിടെ നില്‍ക്കേണ്ട. രാവണനും രാക്ഷസന്മാരുമെല്ലാം ഊരുചുറ്റാനിറങ്ങുന്ന നേരമായിട്ടുണ്ട്.” -സീതാദേവി ഉപദേശിച്ചു.
”ശരി; എങ്കില്‍ ഞാന്‍ ദേവിയുടെ പക്കല്‍നിന്ന് തല്‍ക്കാലം വിടവാങ്ങുകയാണ്. ദേവി കുറച്ചുദിവസംകൂടി കാത്തിരിക്കുക. അപ്പോള്‍ ദേവിയെ രക്ഷിക്കാന്‍ ശ്രീരാമലക്ഷ്മണന്മാരും ഞാനടക്കമുള്ള വാനരന്മാരും മറ്റു സഹായികളുമെല്ലാമൊരുമിച്ച് ഇവിടെ വരും. രാവണനേയും രാക്ഷസസൈന്യത്തേയും തോല്പിച്ച് ഞങ്ങള്‍ ദേവിയെ വീണ്ടെടുത്തു കൊണ്ടുപോകും. തീര്‍ച്ച!”
-ഹനുമാന്‍ ഉറപ്പിച്ചു പറഞ്ഞു.
”എങ്കില്‍ ഇപ്പോള്‍ മാരുതി പൊയ്‌ക്കൊള്ളൂ. അതിനുമുമ്പായി ഇതാ, ഇതു കയ്യില്‍ സൂക്ഷിച്ചോളൂ. എന്നെ കണ്ടുമുട്ടിയതിനു തെളിവായി മാരുതി ഈ രത്‌നം ശ്രീരാമദേവനെ ഏല്പിക്കണം. അപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമാകും; ഒപ്പം എല്ലാക്കാര്യങ്ങളും വിശ്വാസമാവുകയും ചെയ്യും.”
-സീത തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന ചൂഡാമണിരത്‌നമെടുത്ത് ഹനുമാനെ ഏല്പിച്ചു.
”ദേവീ, ഇതു ഞാന്‍ ഭദ്രമായി സൂക്ഷിച്ചോളാം. ശ്രീരാമസ്വാമിയുടെ കയ്യില്‍ കൃത്യമായി ഏല്പിക്കുകയും ചെയ്യാം” – ഹനുമാന്‍ വലിയ ഭവ്യതയോടു കൂടിത്തന്നെ ചൂഡാരത്‌നം സ്വീകരിച്ചു.
”ഏതായാലും ഞാന്‍ രാജധാനിയും പരിസരവുമൊക്കെ ഒന്നു ചുറ്റിനടന്നു കണ്ടിട്ടേ പോകൂ””
– ഹനുമാന്‍ പറഞ്ഞു. ദേവി അതിനുള്ള മൗനാനുവാദം ഹനുമാന് നല്‍കുകയും ചെയ്തു.