- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ലങ്കാലക്ഷ്മിയ്ക്ക് ശാപമോക്ഷം (വീരഹനുമാന്റെ ജൈത്രയാത്ര 8)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
സിംഹിക എന്ന ദുഷ്ടരാക്ഷസിയെ വകവരുത്തിയ വീരഹനുമാന്‍ ഒട്ടും സമയം കളയാതെ ലങ്കാപുരിയിലേക്കുള്ള തന്റെ പ്രയാണം തുടര്‍ന്നു. ഏതുവിധേനയും സീതാദേവിയെ കണ്ടെത്തുക എന്ന ഒരേയൊരു വിചാരം മാത്രമേ ഹനുമാന്റെ ചിന്തയിലുണ്ടായിരുന്നുള്ളൂ.
വളരെയധികം ത്യാഗങ്ങള്‍ സഹിച്ച് ഒരു സുപ്രഭാതത്തില്‍ ഹനുമാന്‍ ലങ്കാനഗരത്തിന്റെ ഗോപുരത്തിനടുത്തെത്തി. അപ്പോള്‍ നഗരത്തിലേക്കു പ്രവേശിക്കാനുള്ള ഗോപുരവാതില്‍ അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. അതു കണ്ടപ്പോള്‍ ഹനുമാന് ദേഷ്യം വന്നു.
”ഈ വാതില്‍ അടിച്ചുതകര്‍ത്ത് അകത്തു കടക്കാം” -ഹനുമാന്‍ മനസ്സില്‍ വിചാരിച്ചു.
അടുത്തനിമിഷം തന്നെ ആഞ്ജനേയന്‍ തന്റെ വലതുകൈ ചുരുട്ടി ആ കൂറ്റന്‍ വാതിലില്‍ ആഞ്ഞൊരു ഇടികൊടുത്തു: ”ഠേ!…..”
കണ്ണടച്ചുതുറക്കും മുമ്പേ വാതിലുകള്‍ രണ്ടായി പിളര്‍ന്ന് ‘ധടുപടു’വെന്ന് നിലംപൊത്തി.
നഗരവാതിലുകള്‍ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ട് കയ്യില്‍ ഒരു വലിയ ഗദയുമുയര്‍ത്തിപ്പിടിച്ചുകൊണ്ട് തടിച്ചുകൊഴുത്ത ഒരു സ്ത്രീ അവിടേയ്ക്ക് ചാടിക്കേറിവന്നു. നഗരത്തിന്റെ കാവല്‍ക്കാരിയായ ലങ്കാലക്ഷ്മിയായിരുന്നു അത്.
”ങും വാനരനായ നീയാണല്ലേ ഈ വാതില്‍ തകര്‍ത്തെറിഞ്ഞത്? ഒരു വിനാശകാരിയാണെന്ന് നിന്റെ മുഖം കണ്ടാല്‍ത്തന്നെ അറിയാം. പക്ഷേ നിന്റെ തെമ്മാടിത്തമൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല” –
അവള്‍ ഹനുമാനെ കണ്ണുരുട്ടി ഭയപ്പെടുത്തി.
അപ്പോള്‍ ഹനുമാന്‍ പറഞ്ഞു: ”എടീ പൊട്ടീപ്പെണ്ണേ, നിന്റെ പൊന്നുതമ്പുരാനായ രാവണന്‍ അധര്‍മ്മിയും അവിവേകിയും അഹങ്കാരിയുമാണ്. അത്തരക്കാര്‍ വാഴുന്ന നാടും നഗരവും കത്തിച്ചാമ്പലാവുകതന്നെ ചെയ്യും. എന്റെ യജമാനനായ ശ്രീരാമദേവന്റെ മുന്നില്‍ നീയും നിന്റെ രാവണനുമൊക്കെ വെറും പുല്‍ക്കൊടികള്‍ മാത്രം.”
”എന്ത്! ലങ്കാധിപതിയെ പരിഹസിക്കാനാണോ നീയിവിടെ വന്നത്? നിന്റെ ധിക്കാരം ഞാനിപ്പോള്‍ത്തന്നെ ശമിപ്പിക്കാം” -അവള്‍ തന്റെ ഗദയുമായി ഹനുമാന്റെ മുന്നിലേയ്ക്ക് എടുത്തുചാടി. അതോടെ ഹനുമാനും തന്റെ ഗദ കൈയിലെടുത്തു.
ലങ്കാലക്ഷ്മിയും ഹനുമാനും തമ്മില്‍ പൊരിഞ്ഞ ഗദായുദ്ധം തുടങ്ങി. ”ടക് ടക്! ടിക് ടിക്! ഡുംടും!” -കനത്ത പോരാട്ടം കുറേനേരം തുടര്‍ന്നു. ഹനുമാന്റെ ഗദയുടെ അടിയേറ്റ് ലങ്കാലക്ഷ്മിയുടെ കൈയിലിരുന്ന ഗദ ദൂരേയ്ക്ക് തെറിച്ചുപോയി. അതുകടന്നെടുക്കാന്‍ കഴിയുംമുമ്പേ ഹനുമാന്റെ ഗദയുടെ അടിയേറ്റ് ലങ്കാലക്ഷ്മി നിലംപതിച്ചു!
അത്ഭുതം! ആ നിമിഷംതന്നെ ലങ്കാലക്ഷ്മി അതിസുന്ദരിയായ ഒരു ദേവസ്ത്രീയായി രൂപാന്തരപ്പെട്ടു!
”എന്ത്! ഇതെന്തുകഥ? നീയൊരു ദേവാംഗനയാണെന്നോ? എങ്ങനെ നീ ഇവിടെ വന്നു?” -ഹനുമാന്‍ ആശ്ചര്യത്തോടെ ചോദിച്ചു:
”പറയാം. ബ്രഹ്‌മദേവന്റെ സമ്പത്തു സൂക്ഷിക്കുന്ന ഒരു ദേവകന്യകയായിരുന്നു ഞാന്‍. പക്ഷേ ജോലിയില്‍ അശ്രദ്ധ കാണിച്ചതിനാല്‍ ഒരിക്കല്‍ അദ്ദേഹം എന്നെ ശപിച്ചു.”
”എങ്ങനെയായിരുന്നു ആ ശാപം?” -ഹനുമാന്‍ അവളോട് അന്വേഷിച്ചു.
”രാക്ഷസരാജാവായ രാവണന്റെ ദ്വാരപാലികയാകട്ടെ എന്നായിരുന്നു ശാപം” -ലങ്കാലക്ഷ്മി വിശദമാക്കി.
”എന്നിട്ടുപിന്നെ എന്തുണ്ടായി?” -ഹനുമാന് അതുകേള്‍ക്കാന്‍ ആകാംക്ഷയായി.
”തെറ്റുപൊറുത്ത് തന്നെ ശാപത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഞാന്‍ ബ്രഹ്‌മാവിനോട് അപേക്ഷിച്ചു. അദ്ദേഹം എനിക്കു ശാപമോക്ഷം തന്നു.”
”എങ്ങനെയായിരുന്നു ശാപമോ ക്ഷം തന്നത്?” -ഹനുമാന്‍ ചോദിച്ചു.
”സീതാലക്ഷ്മിയെത്തേടി ഹനുമാന്‍ ലങ്കയില്‍ വരുമെന്നും ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ അടിയേറ്റ് എനിക്ക് പഴയരൂപം തിരിച്ചുകിട്ടുമെന്നും അതേതുടര്‍ന്ന് എനിക്ക് ദേവലോകത്തേക്ക് തിരിച്ചുപോകാന്‍ പറ്റുമെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്.”
”ഓഹോ! എന്നിട്ട്?” -ഹനുമാന്‍ പിന്നെയും ചോദിച്ചു.
”അന്നുമുതല്‍ ഞാനിവിടെ ലങ്കാലക്ഷ്മി എന്ന പേരില്‍ രാവണന്റെ ഗോപുരത്തിന് കാവല്‍ നില്‍ക്കുകയാണ്. ഇപ്പോള്‍ അങ്ങുവഴിയായി എനിക്ക് ശാപമോക്ഷം കിട്ടി” -ലങ്കാലക്ഷ്മി അടക്കാനാവാത്ത സന്തോഷത്തോടെ ഹനുമാനെ കൈവണങ്ങി.
”നന്നായി; ലങ്കാലക്ഷ്മിയെ സാക്ഷാല്‍ ദേവകന്യകയാക്കിത്തീര്‍ക്കാന്‍ എനിക്ക് അവസരമുണ്ടായല്ലൊ. ഇതില്‍പ്പരം ഭാഗ്യം മറ്റെന്താണുള്ളത്?” -ഹനുമാനും അടക്കാനാവാത്ത സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടി.
”അതെ; ആഞ്ജനേയന്റെ കരസ്പര്‍ശംകൊണ്ട് എനിക്കു വീണ്ടും പഴയ ദേവകന്യകയാകാന്‍ കഴിഞ്ഞല്ലൊ. രാവണന്റെ നരകവാരിധിയില്‍ നിന്ന് മോചനം കിട്ടാന്‍ അതുവഴി എനിക്ക് സൗഭാഗ്യമുണ്ടായിരിക്കുന്നു! ഞാനതില്‍ അത്യധികം അഭിമാനിക്കുന്നു; ആഹ്ലാദിക്കുന്നു. തുടര്‍ന്നും അങ്ങയുടെ കൃപാകടാക്ഷങ്ങള്‍ ഈയുള്ളവള്‍ക്കുണ്ടാകണം” – ലങ്കാലക്ഷ്മി അപേക്ഷിച്ചു.
”ധന്യവതീ, നീ സന്തോഷത്തോടെ സ്വര്‍ഗ്ഗത്തിലേക്കു പൊയ്‌ക്കൊള്‍ക. അതിനുമുമ്പായി ശ്രീരാമദേവന്റെ അനുഗ്രഹം കൂടി വാങ്ങാന്‍ കഴിയുമെങ്കില്‍ നിന്റെ ജീവിതം കുറേക്കൂടി മാറ്റുകൂടിയതാകും” -ഹനുമാന്‍ ഉപദേശിച്ചു.
”തീര്‍ച്ചയായും ശ്രീരാമചന്ദ്രനെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയശേഷമേ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകൂ” -അവള്‍ അറിയിച്ചു.
”എങ്കില്‍ ഇനി ഒട്ടും വൈകേണ്ട; നീ ശ്രീരാമസന്നിധിയിലേക്കു പുറപ്പെട്ടോളൂ” – ലങ്കാലക്ഷ്മിയ്ക്ക് വേണ്ട അനുഗ്രഹങ്ങളും ആശിസ്സുകളും നല്‍കി സ്‌നേഹാദരപൂര്‍വ്വം ഹനുമാന്‍ അവളെ യാത്രയാക്കി.
(തുടരും)