ശിഷ്യനായ ദേവനന്ദനോടൊപ്പമാണ് തീര്‍ത്ഥയാത്ര പുറപ്പെട്ടത്. ആദ്യം കാളഹസ്തി ലക്ഷ്യമാക്കിയായിരുന്നു യാത്ര.
കാളഹസ്തീശ്വരസന്നിധിയിലെത്തുമ്പോള്‍ സൂര്യാസ്തമനം കഴിഞ്ഞിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള സുവര്‍ണ്ണമുഖരീനദിയില്‍ മുങ്ങിക്കുളിച്ച്, പരമേശ്വരനെ ദര്‍ശിക്കാനായി ഈറനണിഞ്ഞ് ക്ഷേത്രാങ്കണത്തിലേക്ക് പത്മപാദന്‍ ചുവടുകള്‍ വെച്ചു.
ഭഗവാന്റെ സര്‍വ്വ അംഗങ്ങളും സുന്ദരസര്‍പ്പങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കാളഹസ്തീശ്വരന്റെ ശിരസ്സില്‍ ചന്ദ്രക്കലയുടെ പ്രകാശം. ദയാര്‍ദ്രയായ പാര്‍വതീദേവിയെ പരമേശ്വരന്റെ പാര്‍ശ്വത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭാവമയങ്ങളായ പുഷ്പങ്ങള്‍ കൊണ്ട് ഭഗവാനും ഭഗവതിക്കും അര്‍ച്ചന ചെയ്തു. സ്തുതി ഗീതങ്ങള്‍ ചൊല്ലി.
കാളഹസ്തിയില്‍നിന്ന് കാഞ്ചിക്ഷേത്രത്തിലേക്കാണ് യാത്ര തുടര്‍ന്നത്. അവിടെയുള്ള ഏകാമ്ര ആരണ്യകത്തില്‍ വിശ്വേശ്വരന്‍ ധ്യാനഭാവത്തില്‍ വിരാജിക്കുകയാണ്… ഭഗവാനെ വിധിപ്രകാരം അര്‍ച്ചിച്ചശേഷം ഭഗവതിവിഗ്രഹത്തെ ദര്‍ശനം ചെയ്തു. തുടര്‍ന്ന് കല്ലാലേശ്വര തീര്‍ത്ഥസ്ഥാനത്തേക്കുള്ള യാത്രയ്ക്കു തയ്യാറായി…
പുരാണപുരുഷനായ ലക്ഷ്മീകാന്തന്റെ പ്രതിഷ്ഠയാണ് കല്ലാലേശ്വരതീര്‍ത്ഥസ്ഥാനത്തുള്ളത്. പൂര്‍ണ്ണമായ ഭക്തിഭാവത്തോടെ ഭഗവാനെ ദര്‍ശിച്ചശേഷം പുണ്ഡരീകപുരത്തേക്ക് തീര്‍ത്ഥയാത്ര തുടര്‍ന്നു….
പുണ്ഡരീകത്ത് പാര്‍വതീദേവിയുടെ മുന്നില്‍ പരമേശ്വരന്‍ സദാ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു! ശിവമൂര്‍ത്തീദര്‍ശനവും പൂജകളും കഴിഞ്ഞാണ് ശിവഗംഗയിലെത്തിയത്. ശിവന്‍ ആരാധിക്കുന്ന ഗംഗ ആവിര്‍ഭവിച്ചത് അവിടെയാണ്. ശിവഗംഗയില്‍ സ്‌നാനം ചെയ്ത് ശിവമൂര്‍ത്തിയെ ദര്‍ശിച്ചാല്‍ സര്‍വ്വപാപത്തില്‍നിന്നും മുക്തി ലഭിക്കുമെന്നൊരു വിശ്വാസമുണ്ട്.
കാവേരിനദിയുടെ തീരത്തുള്ള ശ്രീരംഗമാണ് അടുത്ത തീര്‍ത്ഥസ്ഥാനം…..അതിവിശിഷ്ടമായ ശ്രീരംഗനാഥന്റെ വിഗ്രഹത്തില്‍ പൂജകള്‍ അര്‍പ്പിച്ചുകൊണ്ട് ഭഗവാനെ മനം കുളിര്‍ക്കെ ദര്‍ശിച്ച് നിര്‍വൃതി നേടി. ഇനി ദര്‍ഭശയനത്തിലേക്കാണ് യാത്ര തുടരേണ്ടത്.
വഴിമദ്ധ്യേ, അമ്മാവനായ രാമനാഥപണ്ഡിറ്റിന്റെ വീടു കാണാനിടയായി. പെട്ടെന്ന്, അവിടെയൊന്ന് കയറണമെന്നു തോന്നി. അതൊരു ക്ഷണികമോഹമായി മനസ്സില്‍ ഉദിക്കുകയായിരുന്നു. സന്ന്യാസിക്ക് ബന്ധങ്ങളില്ലെങ്കിലും ഒരുനിമിഷം അക്കാര്യം മറന്നുപോയിരുന്നു. മായ കൊണ്ടുവന്ന മറവി!
അമ്മാവന്‍ നാട്ടില്‍ അറിയപ്പെടുന്നൊരു വലിയ പണ്ഡിതനായിരുന്നുവല്ലോ. കര്‍മ്മകാണ്ഡത്തില്‍ പ്രഭാകരമതത്തെ അനുകൂലിക്കുന്നയാളാണ് അദ്ദേഹം. ഒപ്പം ഉപാസനാവിഷയത്തില്‍ ദ്വൈതവാദിയായ വൈഷ്ണവഭക്തനുമാണ്.
അനന്തരവനായ സനന്ദനന്‍ സന്ന്യാസിവേഷത്തില്‍ വീടിന്റെ പടിപ്പുര കടന്നു വരുന്നത് ഉമ്മറത്തിരുന്നു പുസ്തകം വായിക്കുകയായിരുന്ന അമ്മാവന്‍ കണ്ടു. അദ്ദേഹത്തിന്റെ മുഖം അത്ഭുതംകൊണ്ട് വികസിക്കുകയും ഒപ്പം കണ്ണുകള്‍ നിറയുകയും ചെയ്തു. തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായി തന്നെ കണ്ടതിലുള്ള അമ്പരപ്പ് അദ്ദേഹത്തിന്റെ മുഖത്ത് കാണാനുണ്ട്. പക്ഷേ,എന്തിനാണ് അദ്ദേഹം കരയുന്നത്?!
”എന്റെ പ്രിയ അനന്തരവനായ നിനക്ക് സുഖമാണോ? നിന്നെ ഒന്ന് കണ്ടിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു!”
കണ്ണുനീര്‍ തുടച്ചുകൊണ്ട് അമ്മാവന്‍ തന്നെ അരികിലിരുത്തി കുശലം അന്വേഷിക്കാന്‍ തുടങ്ങി. സന്ന്യാസജീവിതത്തെയും ഭാഷ്യപഠനങ്ങളെപ്പറ്റിയുമെല്ലാം അദ്ദേഹത്തോടു വിസ്തരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അമ്മാവന്‍ അനുഗ്രഹിച്ചു:
”ശരി, നന്നായി വരട്ടെ!”
തന്റെ പാണ്ഡിത്യവും സന്ന്യാസത്തിലുള്ള ശ്രേഷ്ഠതയും കണ്ട് അമ്മാവന്‍ അഭിനന്ദിക്കുകയാണെന്നാണ് വിചാരിച്ചത്. എന്നാല്‍, തന്റെ അദ്വൈതസിദ്ധാന്തം ദ്വൈതവാദിയായ അമ്മാവന് അത്ര രസിക്കുന്നില്ലെന്ന് സംഭാഷണമധ്യേ പിന്നീട് സ്പഷ്ടമായി. അദ്ദേഹം തര്‍ക്കിക്കാന്‍ വന്നപ്പോള്‍ ഉശിരോടെ അതിനെ നേരിട്ടു. അദ്ദേഹത്തിന്റെ യുക്തികളെയെല്ലാം നിഷ്പ്രയാസം ഖണ്ഡിച്ചു. അപ്പോള്‍ വാദം നിര്‍ത്തിയിട്ട്, മറ്റ് നാട്ടുകാര്യങ്ങളും വീട്ടുവിശേഷങ്ങളും ബന്ധുജനങ്ങളോടുള്ള പരാതികളുമായി അമ്മാവന്‍ വിഷയം മാറ്റിപ്പിടിച്ചു. തന്റെ അദ്വൈതസിദ്ധാന്തപ്രചാരണത്തെ എങ്ങനെയും തടയിടണമെന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ മുളപൊട്ടുന്നതിന്റെ മണമറിഞ്ഞു.
”ഈ വലിയഗ്രന്ഥം ഏതാണ്?””തന്റെ കൈവശം സൂക്ഷിച്ചിരുന്ന പുസ്തകം കണ്ട് അദ്ദേഹത്തിന് ആകാംക്ഷയായി.
”ഇത് വിജയഡിണ്ഡിമ വ്യാഖ്യാനമാണ്, അമ്മാവാ. എന്റെ ഗുരുനാഥനായ ശ്രീശങ്കരഭഗവദ്പാദര്‍ രചിച്ച ബ്രഹ്‌മസൂത്രഭാഷ്യത്തിന് ഞാനെഴുതിയ വ്യാഖ്യാനം.””
അമ്മാവന്റെ കണ്ണുകള്‍ പൊടുന്നനെ വലുതാകുന്നതു കണ്ടു.
”ഓഹോ! ഇത്രയും വലിയൊരു ഗ്രന്ഥം നീ രചിക്കുകയോ?! അതിങ്ങു തന്നാട്ടെ. ഞാനൊന്നു നോക്കട്ടെ.”
ഗ്രന്ഥം അമ്മാവന് ഭക്തിപൂര്‍വം കൈമാറി. അദ്ദേഹം അതിയായ താല്പര്യം മുഖത്തണിഞ്ഞുകൊണ്ട് താളുകള്‍ മറിച്ചു തുടങ്ങി. വായിച്ചു പോകുന്നതിനനുസരിച്ച് ആ വലിയ മുഖം ഇരുളുന്നത് ശ്രദ്ധിച്ചു. അസൂയയും കോപവും അദ്ദേഹത്തിന്റെ മുഖത്ത് മാറിമാറി നിഴലുകള്‍ വീഴ്ത്തി. താനെഴുതിയ വ്യാഖ്യാനം വായിക്കുമ്പോള്‍ അമ്മാവന് ക്രോധമുണ്ടാകുന്നതെന്തിന്? ദുര്‍ബലന്റെ ഉള്ളില്‍ ദുരുദ്ദേശം ഉദിച്ചാല്‍ അത് സാധ്യമാക്കാനായി അയാള്‍ കാപട്യത്തെ ആശ്രയിക്കുന്നു. അതുകൊണ്ടാവണം, തന്റെ മനസ്സിലുള്ള കാര്യം മറച്ചുവെച്ച് അദ്ദേഹം പുസ്തകത്തെ വെറുതെ പ്രശംസിക്കാന്‍ തുടങ്ങി. അതൊരു കപടനാട്യമാണെന്ന് തോന്നിയിട്ടും മറുത്തൊന്നും പറഞ്ഞില്ല. അദ്വൈതസിദ്ധാന്തത്തെ പലഭാഗത്തും അദ്ദേഹം ഖണ്ഡിച്ചുവെങ്കിലും മാത്സര്യബുദ്ധിയെ പ്രകാശിപ്പിക്കാതെ തന്റെ വ്യാഖ്യാനത്തെ അമ്മാവന്‍ അനുമോദിക്കുകയായിരുന്നു.
”നീ ഇവിടെ മൂന്നു ദിവസമെങ്കിലും താമസിച്ചിട്ടു പോയാല്‍ മതി.””
അമ്മാവന്‍ വാത്സല്യത്തോടെ നിര്‍ബന്ധിച്ചു. ശിഷ്യന്റെ അഭിപ്രായമറിയാനായി ദേവനന്ദന്റെ മുഖത്തേക്കു തിരിഞ്ഞു നോക്കി. അയാള്‍ ഒന്നും മിണ്ടിയില്ല. ഒടുവില്‍ അമ്മാവന്റെ താല്പര്യത്തിനു വഴങ്ങി….
നാലാംദിവസം പ്രഭാതത്തില്‍ ദേവനന്ദനോടൊപ്പം ദര്‍ഭശയനത്തിലേക്ക് തീര്‍ത്ഥയാത്ര തുടരാനൊരുങ്ങുമ്പോള്‍ അമ്മാവന്‍ ഒരു അഭിപ്രായമെടുത്തിട്ടു:
”ഈ വലിയ പുസ്തകവും ചുമന്നുകൊണ്ട് നീ നടക്കണ്ട. ഗ്രന്ഥം ഇവിടെ വെച്ചേക്കൂ. മടങ്ങിവരുമ്പോള്‍ കൊണ്ടുപോകാമല്ലോ. ആ സമയംകൊണ്ട് നീ രചിച്ച ഈ കൃതി വിസ്തരിച്ച് എനിക്ക് വായിക്കണം.””
അമ്മാവന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു:
”ശരി. പുസ്തകം അമ്മാവന്റെ കൈയില്‍ ഭദ്രമായിരിക്കട്ടെ. മടങ്ങിവരുമ്പോള്‍ നമുക്കു കാണാം.””
താന്‍ നടന്നു നീങ്ങുന്നതു നോക്കി ഓലമേഞ്ഞ പടിപ്പുരയില്‍നിന്ന് അമ്മാവന്‍ ചിരിക്കുകയും, മറ്റൊരു ദിവസത്തേക്ക് എയ്തു വിടാനായി മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്ന അസൂയയും കോപവും അദ്ദേഹം മനസ്സില്‍ അടക്കിവെയ്ക്കുകയും ചെയ്തു…
യാത്ര ദര്‍ഭശയനത്തില്‍ എത്തിയിരിക്കുന്നു. ഫുല്ലമുനിയുടെ ആശ്രമം ഇവിടെയടുത്താണ്. സീതാവിരഹത്താല്‍ ദുഃഖിതനായ ശ്രീരാമചന്ദ്രനോട് സേതുബന്ധനം ചെയ്യണമെന്ന് അഗസ്ത്യമുനി ഉപദേശിച്ച സ്ഥാനം. തീര്‍ത്ഥസ്‌നാനം ചെയ്ത് ശ്രീരാമവിഗ്രഹം ദര്‍ശിച്ചു. ഏറെനേരം അവിടെയുള്ള ആലിന്‍ചുവട്ടില്‍ വിശ്രമിച്ചു. ശ്രീരാമന്‍ സേതു ബന്ധിക്കുവാന്‍ തുടങ്ങുന്നതിനുമുമ്പ് ഈ ആലിന്‍ ചുവട്ടില്‍ വിശ്രമിക്കുകയുണ്ടായത്രെ.
ദര്‍ഭശയനത്തില്‍നിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.താന്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന തീര്‍ത്ഥസ്ഥാനമായ രാമേശ്വരം!
സേതുബന്ധനതീര്‍ത്ഥത്തില്‍ച്ചെന്ന് സ്‌നാനം ചെയ്തു. ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ച ശ്രീരാമേശ്വരമൂര്‍ത്തിയെ ദര്‍ശിച്ചു. ഇപ്പോള്‍ ഹൃദയം പരമശാന്തിയില്‍ നിമഗ്നമായിരിക്കുന്നു! മനസ്സിനുള്ളിലെ ദുഃഖങ്ങളെല്ലാം നീങ്ങിയ പോലെ. കുറെ ദിവസങ്ങള്‍ ഇവിടെ ചെലവഴിക്കുകതന്നെ…
ഒരുമാസക്കാലം രാമേശ്വരശിവസന്നിധിയില്‍ കഴിഞ്ഞപ്പോള്‍ ഗുരുവിനെ കാണണമെന്ന മോഹം മനസ്സില്‍ കലശലായി…
മടക്കയാത്രയില്‍ വീണ്ടും അമ്മാവന്റെ ഗൃഹത്തിനു സമീപമെത്തി. പക്ഷേ, അവിടമാകെ മാറിയപോലെ. ആ വീട് അപ്രത്യക്ഷമായിരിക്കുന്നു! വീടിരുന്ന ഭാഗത്ത് ഒരു ചാരക്കൂമ്പാരം മാത്രം! പടിപ്പുര പോലും അവശേഷിച്ചിട്ടില്ല.
തൊട്ടപ്പുറത്തുള്ള മറ്റൊരു വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന അമ്മാവന്‍ തന്നെ കണ്ടതും വിതുമ്പിക്കരയാന്‍ തുടങ്ങി:
”എല്ലാം പോയി സനന്ദനാ; എല്ലാം വെണ്ണീറായി!””
രാമനാഥപണ്ഡിറ്റിന്റെ ഗൃഹം തീ പിടിച്ച് ‘ഭസ്മമായിരിക്കുന്നു!
വീട് നഷ്ടമായതിലല്ല എന്റെ ദുഃഖം. നീ കഷ്ടപ്പെട്ട് രചിച്ച ബ്രഹ്‌മസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനം വെണ്ണീറായത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല.”
അമ്മാവന്‍ പൊട്ടിക്കരയുകയാണ്. തന്റെ ഗ്രന്ഥം നശിപ്പിക്കാനായി അദ്ദേഹം സ്വന്തം ഗൃഹം അഗ്നിക്കിരയാക്കുമെന്ന് സങ്കല്‍പ്പിക്കാന്‍പോലും തനിക്ക് കഴിയുന്നില്ല. അമ്മാവനെ ആശ്വസിപ്പിക്കാനെന്ന ഭാവേന പറഞ്ഞു:
”കഴിഞ്ഞുപോയതിനെച്ചൊല്ലി ദുഃഖിച്ചിട്ടു ഇനി കാര്യമില്ല. ഇതിനേക്കാള്‍ യുക്തിപൂര്‍ണമായ ഒരു വ്യാഖ്യാനം വൈകാതെ ഞാന്‍ രചിക്കും. അമ്മാവന്‍ എന്നെ അനുഗ്രഹിക്കണം….”
അദ്ദേഹത്തിന്റെ പുതിയ ഗൃഹത്തിലിരുന്ന് രചന ആരംഭിച്ചു. രാമനാഥപണ്ഡിറ്റിന്റെ മുഖത്ത് വീണ്ടും കാര്‍മേഘം വന്നു മൂടാന്‍ തുടങ്ങി. സ്വന്തം വീട് നശിപ്പിച്ചതിന്റെ ഉദ്ദേശ്യം വിഫലമാകാന്‍ പോകുകയാണല്ലോ എന്ന ചിന്തയാവാം അദ്ദേഹത്തെ വിഷമിപ്പിച്ചത്.
അനന്തരവന് എന്തെങ്കിവും വിഷപ്രയോഗം നടത്തി രചന മുടക്കാന്‍ രാമനാഥപണ്ഡിറ്റ് ഒരു ശ്രമം നടത്തി. പത്മപാദന് നല്കിയ അത്താഴത്തില്‍ അദ്ദേഹം അത് ചേര്‍ത്തു! നേരം പുലര്‍ന്നപ്പോള്‍ പത്മപാദന്‍ ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ കണ്ണുകള്‍ ചെമ്പോത്തിന്റെ കണ്ണുപോലെ ചുവന്നു. കണ്‍പോളകള്‍ വീര്‍ത്തുവന്നു. ഇടയ്ക്കിടെ വെറുതെയിരുന്നു ചിരിച്ചു. ഇതു കണ്ട് ദേവനന്ദന്‍ പരിഭ്രമിച്ച് പണ്ഡിറ്റിനെ വിവരമറിയിച്ചു. പണ്ഡിറ്റ് മഹാദുഃഖത്തെ മുഖത്തു ധരിച്ചുകൊണ്ട് ഉള്ളില്‍ ചിരിച്ചു. എങ്കിലും അദ്ദേഹം ഒരു വൈദ്യനെ വരുത്തി അനന്തരവനെ ശുശ്രൂഷിക്കാനൊരുങ്ങി.
ഔഷധസേവകൊണ്ട് പത്മപാദന്റെ ഉന്മാദത്തിന് തെല്ലൊരു ശമനമുണ്ടായി. അതുകണ്ടപ്പോള്‍ പണ്ഡിറ്റിന് വീണ്ടും വിഷമമായി. ഔഷധപ്രയോഗം കൊണ്ട് പൂര്‍ണമായ രോഗശമനം പത്മപാദന് വന്നുഭവിക്കുമോയെന്ന് ഭയന്ന് രാമനാഥപണ്ഡിറ്റ് ദേവനന്ദനോടു പറഞ്ഞു:
”നിങ്ങളുടെ ഗുരുവിനെ ഉടന്‍തന്നെ ഇവിടെനിന്നും കൊണ്ടുപോകുന്നതാണ് നല്ലത്. ഇവിടെവച്ച് അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് അസഹനീയമായ മനോദുഃഖമുണ്ടാകും. ഒരുപക്ഷേ, സനന്ദനന്റെ ഗുരു വിചാരിച്ചാല്‍ ഈ അസുഖം ഭേദമാകുമായിരിക്കും. ഏതായാലും ഇനി താമസിക്കണ്ട. വേഗം തയ്യാറായിക്കോളൂ…””
ദേവനന്ദന് കാര്യം മനസ്സിലായി. ഉന്മാദത്തില്‍നിന്ന് അല്പം ആശ്വാസം ലഭിച്ച പത്മപാദന്‍ ശിഷ്യനോട് കരഞ്ഞുകൊണ്ട് പറഞ്ഞു:
”എന്നെ വേഗം ആചാര്യസമക്ഷം കൊണ്ടുപോകൂ…””
ശൃംഗേരിയില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പ് ആചാര്യര്‍ ഓര്‍മ്മിപ്പിച്ച കാര്യങ്ങള്‍ പത്മപാദന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നല്‍പോലെ കടന്നുപോയി: ‘യാത്രയില്‍ ആപത്ത് പതിയിരിക്കും; ഗ്രന്ഥത്തിന്റെ പ്രചാരത്തിന് വിഘ്‌നങ്ങള്‍ സംഭവിക്കും; കരുതിയിരിക്കുക!’
ശിഷ്യനോടൊപ്പം പത്മപാദന്‍ ശൃംഗേരിയിലേക്കുള്ള മടക്കയാത്ര തുടര്‍ന്നു…