- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- കര്‍ണാടകത്തിലെ സത്യഗ്രഹം (ആദ്യത്തെ അഗ്നിപരീക്ഷ 19)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
കര്‍ണാടക സംസ്ഥാനം സംഘപ്രവര്‍ത്തന ദൃഷ്ടിയില്‍ ഒന്നായിരുന്നെങ്കിലും ഭരണപരമായി നാല് വ്യത്യസ്ത പ്രാന്തങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഉത്തരകര്‍ണാടകത്തിന്റെ നാലുജില്ലകള്‍ ബോംബെ പ്രാന്തത്തിലായിരുന്നു. വടക്കുകിഴക്കും കിഴക്കും ചേര്‍ന്ന് മൂന്നു ജില്ലകള്‍ ഹൈദരാബാദ് നൈസാമിന്റെ നാട്ടുരാജ്യത്തിലായിരുന്നു. തെക്കുഭാഗത്തുള്ള മംഗലാപുരം മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. അതില്‍ നൈസാമിന്റെ ഭരണപ്രദേശത്ത് സത്യഗ്രഹം ഇല്ലായിരുന്നു. സംഘകാര്യം പുതിയതായി മാത്രം ആരംഭിച്ച സ്ഥലമായിരുന്നതിനാല്‍ ബെല്ലാരി ജില്ലയിലും സത്യഗ്രഹമുണ്ടായില്ല. മറ്റെല്ലാ ജില്ലകളിലും എല്ലാവിധ വിഷമപരിതഃസ്ഥിതികളെയും നേരിട്ടുകൊണ്ട് സ്വയംസേവകര്‍ സന്തോഷത്തോടെ സത്യഗ്രഹപരിപാടികളില്‍ പങ്കാളികളായി. സത്യഗ്രഹത്തെ പരാജയപ്പെടുത്താന്‍ എതിരാളികള്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
സത്യഗ്രഹസമയത്ത് ഏറ്റവും കൂടുതല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത് മദ്രാസ് പ്രസിഡന്‍സിയില്‍പ്പെട്ട മംഗലാപുരം വിഭാഗിലെ സത്യഗ്രഹികളായിരുന്നു. അവിടെ നിന്നുള്ള 80% സത്യഗ്രഹികള്‍ക്കും നിഷ്‌ക്കരുണമായ അടിയും ലാത്തിച്ചാര്‍ജ്ജും സഹിക്കേണ്ടിവന്നു. ജയിലിലും മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവന്നു
മൈസൂരില്‍ അനുകൂലാവസ്ഥ
മൈസൂരിലെ 9 ജില്ലകളില്‍ പൊതുവെ അനുകൂലമായ അവസ്ഥയായിരുന്നു. ചിലയിടങ്ങളില്‍ ചെറിയ ലാത്തിച്ചാര്‍ജ് നടന്നതൊഴിച്ചാല്‍ സത്യഗ്രഹികളോട് പൊതുവെ മൃദുസമീപനമാണുണ്ടായിരുന്നത്. സത്യഗ്രഹികള്‍ക്കുള്ള ശിക്ഷയും രണ്ടോമൂന്നോ മാസത്തേയ്ക്കുള്ള തടവ് മാത്രമായിരുന്നു. അപവാദമെന്നനിലയ്ക്ക് മാത്രമായിരുന്നു കഠിനശിക്ഷ. പരീക്ഷയ്ക്കും മറ്റുമായുള്ള പരോള്‍ അപേക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍തന്നെ അനുവദിച്ചുകൊടുത്തിരുന്നു. ഇതുസംബന്ധിച്ച് അവിടുത്തെ സര്‍ക്കാരിന്റെ പെരുമാറ്റം എത്ര ഉദാരമായിരുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ വ്യക്തമാക്കാം.
♦സംഘത്തിന്റെ ഒരു കാര്യകര്‍ത്താവ് സത്യഗ്രഹമനുഷ്ഠിച്ച് ജ യിലില്‍പോകാതെ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതിന്റെ ചുമതലയില്‍ പ്രവര്‍ത്തിച്ചതുകാരണം പരീക്ഷ എഴുതാന്‍ ആവശ്യമായത്രയും ഹാജര്‍ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. ശിക്ഷിക്കപ്പെട്ടിരിക്കുകയാണെന്നതിനാല്‍ ജയിലില്‍ പോയവര്‍ക്ക് ഹാജരില്ലെങ്കിലും പരീക്ഷ എഴുതാന്‍ അനുവാദമുണ്ടായിരുന്നു. എങ്കിലും സംഘത്തിന്റെ സത്യഗ്രഹം സംഘടിപ്പിക്കാനായി പുറത്തുനിന്ന് വേണ്ട ഏര്‍പ്പാട് ചെയ്യേണ്ട ചുമതലയുണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് ആവശ്യമായത്രയും ഹാജര്‍ ഇല്ലാതെവന്നതെന്നും അതിനാല്‍ ശിക്ഷിക്കപ്പെട്ട മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന ഇളവ് തനിക്കും തരാന്‍ കനിവുണ്ടാകണമെന്ന അപേക്ഷ വിദ്യാഭ്യാസഅധികാരികള്‍ക്ക് ആ വിദ്യാര്‍ത്ഥി നല്‍കുകയുണ്ടായി. അതിനോടൊപ്പം സ്ഥലത്തെ വിഭാഗ് പ്രചാരകന്റെ സാക്ഷ്യപത്രവും നല്‍കിയിരുന്നു. അതനുസരിച്ചു അയാള്‍ക്കുമാത്രമല്ല അതുപോലെ പ്രവര്‍ത്തിച്ചിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അനുവാദം കിട്ടിയെന്നത് ഏറെ സന്തോഷകരമായ സംഗതിയായി.
♦ ബോംബെ പ്രവിശ്യയിലുള്‍പ്പെട്ട ജില്ലകളില്‍ സത്യഗ്രഹികളോടുള്ള സമീപനം മൈസൂരിലെപോലെ അത്രയും അനുകൂലമല്ലെങ്കിലും മംഗലാപുരത്തെ മദ്രാസ് പ്രസിഡന്‍സി ഭരണകൂടത്തിന്റേതുപോലെ അത്രയും ക്രൂരമായിരുന്നില്ല.
♦ ബാംഗ്ലൂരില്‍ സത്യഗ്രഹത്തിന്റെ ശുഭാരംഭം കുറിച്ചത് പ്രാന്തപ്ര ചാരക് യാദവറാവു ജോഷിയായിരുന്നു. വലിയ എണ്ണത്തില്‍ സത്യഗ്രഹികളോടൊപ്പം ജാഥയായിവന്ന് അദ്ദേഹം പ്രസംഗം ആരംഭിച്ചു. എന്നാല്‍ ഉടന്‍തന്നെ പോലീസ് അത് തടഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അവിടെ തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ ബഹളം കൂട്ടിയപ്പോള്‍ യാദവറാവുജി ഇടപെട്ട് പോലീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ താത്പര്യപ്പെടുന്നവരല്ല നാമെന്ന് പറഞ്ഞ് ജനങ്ങളെ ശാന്തരാക്കി. ജനങ്ങളിലും പോലീസിലും അത് സംഘത്തിനനുകൂലമായ പ്രഭാവം സൃഷ്ടിച്ചു.
അനുപമമായ ത്യാഗം
മറ്റു സംസ്ഥാനങ്ങളെപ്പോലെ കര്‍ണാടകത്തിലും സംഘത്തിന്റെ നേര്‍ക്കുണ്ടായ അന്യായത്തെ ചെറുക്കാന്‍ സ്വയംസേവകര്‍ ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റെയും അത്യുത്തമ ഉദാഹരണങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. അവയെല്ലാം അങ്ങേയറ്റം പ്രേരണാദായകങ്ങളാണ്.
♦ അനേകലിലെ കൃഷ്ണശാസ്ത്രി സത്യഗ്രഹത്തിന് പോകേണ്ട ദിവസമായിരുന്നു അദ്ദേഹത്തിന് ഒരാണ്‍കുട്ടി ജനിച്ചത്. എന്നാല്‍ ഭാര്യയുടെ പ്രസവസംബന്ധമായ ശുശ്രൂഷകള്‍ക്കു നില്‍ക്കാതെ അതെല്ലാം ഭാര്യാമാതാവിനെ ഏല്‍പ്പിച്ചു നിശ്ചയ പ്രകാരം സത്യഗ്രഹത്തില്‍ പങ്കെടുത്ത് അദ്ദേഹം അറസ്റ്റുവരിക്കുകയും സന്തോഷപൂര്‍വം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
♦ദോഡ്ഡബല്ലാപൂരിലെ (ബാംഗ്ലൂര്‍) സുബ്ബുശര്‍മ്മയുടെ മൂന്നുപുത്രന്മാരും സത്യഗ്രഹമനുഷ്ഠിച്ചു ജയിലിലായിരുന്നു. വീട്ടില്‍ കൊടുംപട്ടിണിയായിരുന്നു. എങ്കിലും ജയിലിലുള്ള മക്കളോ പുറത്തുള്ള അച്ഛനോ അതിനെക്കുറിച്ച് തെല്ലുപോലും ചിന്താകുലരായില്ല. സ്ഥലത്തെ കാര്യകര്‍ത്താക്കള്‍ ആ വീട്ടിലേയ്ക്കുള്ള കാര്യങ്ങള്‍ ഒരുവിധം ചെയ്തുകൊടുത്തു.
♦ദക്ഷിണകന്നഡ കോളേജിലെ ഐ.യു.സി.വിദ്യാര്‍ത്ഥിയായിരുന്ന വിഠോബാ നാഗ്‌ലേക്കര്‍ സത്യഗ്രഹമനുഷ്ഠിച്ച് ജയിലിലായി. അയാളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ജയിലില്‍നിന്നുകൊണ്ടുപോരാനായി ആ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ എത്തി. കല്ലിനെപോലും അലിയിക്കുന്ന തരത്തില്‍ വാവിട്ടുകരഞ്ഞുകൊണ്ടാണ് തിരിച്ചുവരാനായി ആ പിതാവ് തന്റെ മകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സംഘത്തിന് അപമാനമുണ്ടാകുന്ന വിധം പ്രവര്‍ത്തിക്കില്ലെന്ന കാര്യത്തില്‍ വിഠോബാ എന്ന വിദ്യാര്‍ത്ഥി ഉറച്ചുനിന്നു.
♦ സ്വസ്തിക് രാംനാഥ് കമ്മത്ത് സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ കഴിയുന്ന സമയത്ത് അയാളുടെ അനിയന്‍ മാനസികരോഗിയായി. അത് അവസരമാക്കി അയാളെ ജയിലില്‍നിന്ന് മോചിപ്പിച്ചുകൊണ്ടുവരാനുള്ള ശ്രമം രാമനാഥിന്റെ മൂത്തജ്യേഷ്ഠന്‍ നടത്തി. ജയിലധികാരികള്‍ അയാളെ മോചിപ്പിക്കാനും സമ്മതിച്ചു. എന്നാല്‍ സംഘടനയ്ക്ക് കളങ്കമുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ഒരുക്കമല്ലെന്നാണ് അയാള്‍ ജ്യേഷ്ഠനെ അറിയിച്ചത്.
♦ അത്യന്തം സമ്പന്നമായ വീട്ടിലെ സന്താനമായ പാണ്ഡുരംഗക്കമ്മത്ത് സത്യഗ്രഹഫലമായി ജയിലിലായിരുന്നു. മാപ്പെഴുതിക്കൊടുത്ത് പുറത്തുവരണമെന്നും അതല്ലെങ്കില്‍ തന്റെ സ്വത്തില്‍ ഒന്നുംതന്നെ അയാള്‍ക്ക് കിട്ടുകയില്ലെന്നും അയാള്‍ക്കയച്ച സന്ദേശത്തില്‍ അച്ഛന്‍ അറിയിച്ചു. ”ജീവിതം മുഴുവന്‍ പിച്ചതെണ്ടി ജീവിക്കേണ്ടിവന്നാലും സംഘടനയെ വഞ്ചിച്ച് ജയില്‍ വിമുക്തനാവുക എന്ന പാപം ഞാന്‍ ചെയ്യില്ല” എന്നായിരുന്നു അതിന് പാണ്ഡുരംഗക്കമ്മത്ത് നല്‍കിയ ഉത്തരം.
♦ ദേശപ്പ എന്ന സ്വയംസേവകന്‍ ജനുവരി 13 ന് തന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. രണ്ടു മാര്‍ഗ്ഗങ്ങളാണ് അയാളുടെ മുന്നിലുണ്ടായിരുന്നത്. ഒന്ന് സംഘത്തിന്റെ ആഹ്വാനം അവഗണിച്ചു തന്റെ സ്ഥാപനവുമായി മുന്നോട്ടു പോവുക അല്ലെങ്കില്‍ അതുപേക്ഷിച്ച് ജയിലില്‍ പോവുക. തന്റെ മൂത്തമകനും തന്നോടൊപ്പം താമസിക്കുന്ന മരുമകനും നേരത്തേതന്നെ ജയിലില്‍ പൊയ്ക്കഴിഞ്ഞതിനാല്‍ താനും പോയാല്‍ സ്ഥാപനം ഒരിക്കലും ആരംഭിക്കാന്‍ സാധിക്കില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു. ഈ സ്ഥിതിയിലും തെല്ലും ശങ്ക കൂടാതെ സ്ഥാപനത്തിന്റെ ഉദ്ഘാടനം മാറ്റിവെച്ച് സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ അയാള്‍ സന്നദ്ധനായി.
പതിനാലുതവണ സത്യഗ്രഹം
♦ചക്രപാണിയില്‍ താമസിച്ചിരുന്ന രാമസ്വാമി എന്ന ബാലന്‍ 14 തവണ സത്യഗ്രഹം നടത്തി എല്ലാ റെക്കാര്‍ഡുകളും തകര്‍ത്തു കളഞ്ഞു. ആദ്യത്തെ പ്രാവശ്യം അയാള്‍ കെ.സി. ശേഷാദ്രിജിയോടൊപ്പം ഷിമോഗയില്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. രാമസ്വാമിക്ക് വയസ്സ് 17 ആയെങ്കിലും കാഴ്ചയില്‍ 10-12 വയസ്സുമാത്രം തോന്നുന്ന ശരീരപ്രകൃതമായിരുന്നു. പൊക്കംകുറഞ്ഞ് മെലിഞ്ഞ ശരീരത്തോടുകൂടിയ രാമസ്വാമിയെ അറസ്റ്റ് ചെയ്ത് പോലീസ്‌സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും ‘നീ ഇനിയും പാലുകുടി മാറാത്ത കുഞ്ഞാണ്’ എന്നുപറഞ്ഞ് പോലീസ് വിട്ടയച്ചു. എന്നാല്‍ എവ്വിധവും അറസ്റ്റുചെയ്യപ്പെട്ട് ജയിലില്‍ പോയേതീരൂവെന്ന നിര്‍ബന്ധക്കാരനായിരുന്നു രാമസ്വാമി. അതിനാല്‍ അയാള്‍ വീണ്ടും വീണ്ടും സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും ഓരോ പ്രാവശ്യവും പോലീസ് അയാളെ വിട്ടയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്ങനെയെങ്കിലും ജയിലിലാകണമെന്ന ഉദ്ദേശ്യത്തോടെ അയാള്‍ പോലീസിനോട് തര്‍ക്കുത്തരം പറയുകയും മറ്റുചില കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്‌തെങ്കിലും പോലീസുദ്യോഗസ്ഥന്‍ തെല്ലും പ്രകോപിതനായില്ല. തന്നെ ജയിലിലടയ്ക്കാന്‍ സഹായകമാവുന്ന തരത്തില്‍ ഒരു പ്രസംഗം എഴുതിത്തരുവാന്‍ ഒരിക്കല്‍ രാമസ്വാമി ഒരു സംഘാധികാരിയോട് ആവശ്യപ്പെട്ടു. അതുകൊണ്ടും ഉദ്ദേശിച്ച ഫലമുണ്ടായില്ല. അവസാനം പതിനാലാമത്തെ തവണ പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിടെവെച്ച് ഉറക്കെ മുദ്രാവാക്യം വിളിച്ച അയാള്‍ക്ക് ശിക്ഷ നല്‍കാന്‍ ന്യായാധിപന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു.
♦ മംഗലാപുരം താലൂക്കിലെ സൂരത്കല്‍ എന്ന സ്ഥലത്ത് സത്യഗ്രഹികളെ അറസ്റ്റുചെയ്യാന്‍ അവിടുത്തെ പോലീസ് സന്നദ്ധരായില്ല. സംഘത്തിനുമേലുള്ള നിരോധനം നീക്കിക്കഴിഞ്ഞതായും അവര്‍ക്ക് സ്വതന്ത്രമായി പരിപാടികള്‍ നടത്താമെന്നും പോലീസ് അവരോട് പറഞ്ഞു. അതിനാല്‍ അവര്‍ മംഗലാപുരത്തുപോയി സത്യഗ്രഹം നടത്തി. അതില്‍ തുക്കാറാം കാര്‍ക്കര എന്ന സ്വയംസേവകനായിരുന്നു മുന്നില്‍. അയാളുടെ സഹോദരിയുടെ മരണം ഒരുമാസംമുമ്പാണ് സംഭവിച്ചത്. രണ്ടുദിവസം മുമ്പ് അയാളുടെ അമ്മയുടെ ദേഹവിയോഗവും സംഭവിച്ചിരുന്നു. എങ്കിലും മുന്‍നിശ്ചയിച്ച ദിവസംതന്നെ അയാള്‍ സത്യഗ്രഹത്തിനെത്തി. സത്യഗ്രഹത്തില്‍ അവരുടെ നേരേ അതിഭീഷണമായ ലാത്തിച്ചാര്‍ജ് നടന്നു. എഴുന്നേറ്റു നില്‍ക്കാന്‍പോലും സാധിക്കാത്തവണ്ണം പരിക്കേറ്റ അയാളെ സ്റ്റേഷനുപുറത്തേയ്ക്ക് പോലീസ് തള്ളിവിട്ടു. ആ സ്ഥിതിയിലും വീട്ടിലേയ്ക്ക് പോകാതെ, കുറച്ചൊരാശ്വാസം തോന്നിയതോടെ വീണ്ടും സത്യഗ്രഹമനുഷ്ഠിക്കാന്‍ അയാള്‍ മുന്നോട്ടുവന്നു.
♦ കുമ്പളയിലെ വീരസിംഹനായ്ക്ക് രണ്ടുപ്രാവശ്യം കാസര്‍കോഡ് സത്യഗ്രഹം നടത്തിയപ്പോഴും അതിഭയങ്കര മര്‍ദ്ദനത്തിന് വിധേയനാക്കി അറസ്റ്റുചെയ്യാതെവിട്ടു. എന്നാലും പിന്നീട് പന്നെമംഗലാപുരം എന്ന സ്ഥലത്തുപോയി സത്യഗ്രഹം നടത്തിയെങ്കിലും ജയിലില്‍പോകാനുള്ള അയാളുടെ ആഗ്രഹം അവിടെയും സഫലമായില്ല. അതിനുശേഷം ജനുവരി 13 ന് നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. രാവിലെ നടന്ന സത്യഗ്രഹത്തില്‍ പങ്കെടുത്തു. എന്നാല്‍ മറ്റു സത്യഗ്രഹികളോടൊപ്പം ഇയാളേയും പോലീസ് അടിച്ചവശനാക്കി അറസ്റ്റ് ചെയ്യാതെ വിട്ടു. എന്നിട്ടും അയാളുടെ മനോവീര്യത്തിന് ഒരു കോട്ടവുമുണ്ടായില്ല. വൈകുന്നേരം നടക്കുന്ന സത്യഗ്രഹപരിപാടിയിലും പങ്കാളിയാകാന്‍ അയാള്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ അയാളുടെ ശരീരത്തിലെ മുറിവുകളും പൊതുവായ ശാരീരികാവസ്ഥയും കണ്ട (സംഘ)അധികാരികള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ അനുവാദം കൊടുത്തില്ല.
പ്രേരണാത്മക സംഭവങ്ങള്‍
സത്യഗ്രഹികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ തടവില്‍നിന്ന് വിടുവിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം നിലയില്‍ ഉപവാസം, ധര്‍ണ്ണ തുടങ്ങിയവ നടത്തുകയുണ്ടായി.
♦ ധാര്‍വാഡ ജില്ലയില്‍ പോലീസുകാര്‍ സത്യഗ്രഹത്തിനെതിരെ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയില്ല. എങ്കിലും ജയിലിലായ ചില സ്വയംസേവകരുടെ രക്ഷിതാക്കള്‍ മുഖേന ചില വിശേഷസംഭവങ്ങള്‍ നടന്നു. യെല്ലപ്പാ പാട്ടില്‍ സത്യഗ്രഹംനടത്തി ജയിലിലായി. അവരുടെ അമ്മ ലോക്കപ്പിനുമുന്നില്‍ വന്ന് വാവിട്ടുകരഞ്ഞുകൊണ്ട് ഉപവാസം ആരംഭിച്ചു. ആ സമയത്ത് അവര്‍ക്ക് 105 ഡിഗ്രി പനിയുണ്ടായിരുന്നു. അടുത്ത ദിവസം വൈകുന്നേരംവരെ അവര്‍ അവിടെത്തന്നെ ഉപവാസമിരുന്നു. പിന്നീട് ചില ബന്ധുക്കള്‍ അവരെ സമാധാനിപ്പിച്ച് വീട്ടില്‍ കൊണ്ടുചെന്നാക്കി. എന്നാല്‍ അടുത്തദിവസംതന്നെ വീണ്ടും വന്ന് ഉപവാസം ആരംഭിച്ചു. അത് മൂന്നുദിവസം തുടര്‍ന്നു. അമ്മ ഉപവാസമിരിക്കുന്നതറിഞ്ഞ് മകനും ഉപവാസമാരംഭിച്ചു. മകന്‍ പട്ടിണിയിരിക്കുന്നതറിഞ്ഞ അമ്മ സ്വന്തം ഉപവാസമവസാനിപ്പിച്ച് വീട്ടിലേയ്ക്ക് തിരിച്ചുപോയി. മകന്റെ ദൃഢനിശ്ചയത്തിനുമുന്നില്‍ ആ അമ്മ പരാജയം സമ്മതിച്ചു.
♦ കമല്‍ എന്ന സത്യഗ്രഹിയുടെ മാതാപിതാക്കള്‍ ലോക്കപ്പില്‍ അയാളെ കാണാനായെത്തി. അയാളെ തിരിച്ചുകൊണ്ടുവരുന്നതിന്, ആദ്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമില്ലെന്ന് കണ്ട അവര്‍ ശാസിക്കാനും ശകാരിക്കാനും തുടങ്ങി. അവസാനം എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് തിരിച്ചുപോ കുമ്പോള്‍ ”ഞങ്ങള്‍ പറയുന്നതനുസരിച്ച് മാപ്പിനപേക്ഷിച്ച് നീ വരാന്‍ ഒരുക്കമല്ലെങ്കില്‍ ജയില്‍ വിമുക്തനായശേഷം ഒരിക്കലും വീട്ടിലേയ്ക്ക് വരേണ്ടതില്ല. നിനക്ക് വീട്ടില്‍ ഒരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല” എന്നുപറഞ്ഞു. ”സത്യഗ്രഹം നടത്താന്‍ സ്വയം നിശ്ചയിച്ചു വന്നതാണ് ഞാന്‍. അതുകൊണ്ട് ഇപ്പോള്‍ വീട്ടിലേയ്ക്ക് വരുന്ന പ്രശ്‌നമേയില്ല” എന്നായിരുന്നു കമലിന്റെ മറുപടി.
♦ ബസ്തിറാം പനിപിടിച്ച് വളരെ അവശനായി കിടക്കുകയായിരുന്നുവെങ്കിലും ജനുവരി 13 ന് സത്യഗ്രഹം നയിക്കേണ്ട ചുമതല അയാള്‍ക്കായിരുന്നു. അതുപ്രകാരം സത്യഗ്രഹത്തിന് നേതൃത്വംകൊടുത്ത് അറസ്റ്റിലായി. അറസ്റ്റുചെയ്യുന്നതിനുമുമ്പ് അവരെ നല്ലപോലെ ദേഹോപദ്രവമേല്‍പിക്കുകയും ചെയ്തു. അന്നേദിവസം വൈകുന്നേരം ശ്രീധര്‍ഭട്ട് എന്നയാളുടെ നേതൃത്വത്തില്‍ അവിടെതന്നെ സത്യഗ്രഹം നടന്നു. അവരുടെനേരെയും പോലീസ് കഠിനമായ ലാത്തിച്ചാര്‍ജ് നടത്തി. അടുത്തദിവസം ആരുംതന്നെ സത്യഗ്രഹം നടത്താന്‍ ധൈര്യപ്പെടില്ലെന്ന് ധരിച്ച് പോലീസ് മനസ്സമാധാനത്തോടെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പതിനാലാംതീയതി വൈകുന്നേരം ‘സാരഥി’ പത്രത്തിന്റെ പത്രാധിപരുടെ നേതൃത്വത്തില്‍ ജാഥ നടക്കുന്ന വിവരം കിട്ടിയത്. പോലീസ് ഓടിയെത്തി എല്ലാവരെയും വലിച്ചിഴച്ച് ലാത്തി കൊണ്ടടിച്ച് അവശരാക്കി. സകലരെയും പിടിച്ചുകൊണ്ടുവന്നു. ചിലരെയൊഴിച്ച് മറ്റുള്ളവരെയെല്ലാം വിട്ടയച്ചു. അതില്‍ സുഖറാംഭട്ട് എന്ന സത്യഗ്രഹിയുടെ തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായതിനാല്‍ അയാളെ ജയിലില്‍കൊണ്ടുപോകുന്നതിനുപകരം നേരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടിവന്നു.
♦ ഉഡുപ്പിയില്‍ പോലീസ് ആദ്യം സത്യഗ്രഹികളെ ക്രൂരമായി അടിച്ചവശരാക്കി. പോലീസ്‌സ്റ്റേഷനില്‍ കൊണ്ടുപോയി വീണ്ടും മര്‍ദ്ദിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ നേതാവിനെയൊഴികെ അവശനിലയിലായ മറ്റുള്ളവരെയെല്ലാം വിട്ടയച്ചു.
♦കാര്‍കളയിലെ പോലീസ് സത്യഗ്രഹികളെ മര്‍ദ്ദിച്ച് അവരുടെ ദീനരോദനം കേട്ട് ആനന്ദിക്കുന്നത്രയും മൃഗീയസ്വഭാവം പ്രകടമാക്കി. ആദ്യത്തെ ദിവസം സത്യഗ്രഹികളെ ആരെയും അറസ്റ്റുചെയ്തില്ല. രണ്ടാംദിവസം സത്യഗ്രഹം നടത്തിയ 40 സത്യഗ്രഹികളുടെ നേരെ കഠിനമായ ലാത്തിച്ചാര്‍ജ് നടത്തി. എല്ലാവ രും തലപൊട്ടി ചോരയൊലിച്ച് ബോധംകെട്ട് വീണു. കുറച്ചുകഴിഞ്ഞ് ചെറുതായി ബോധംവരുമ്പോള്‍ എഴുന്നേറ്റ് സ്റ്റേഷനിലേയ്ക്ക് പോകാമെന്ന പോലീസിന്റെ വാക്കുകേട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നവരെ വീണ്ടും അടിച്ചുവീഴ്ത്തി. ഇത് നിരവധിതവണ ആവര്‍ത്തിച്ചശേഷം സത്യഗ്രഹികളെ അതേ അവസ്ഥയില്‍ അവിടെത്തന്നെ ഉപേക്ഷിച്ച് പോലീസ് സ്ഥലംവിട്ടു.
ദക്ഷിണസംസ്ഥാനങ്ങളിലെപോലെ മറ്റു സംസ്ഥാനങ്ങളിലും പോലീസ് സത്യഗ്രഹസമയത്തുള്ള ക്രൂരമായ പെരുമാറ്റം കൂടാതെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയശേഷവും അവരുടെ മനുഷ്യത്വഹീനമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കി.
(തുടരും)