2002 ലെ ഗുജറാത്ത് കലാപകേസ്സില്‍ നിന്ന് നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കാന്‍ ഒരു ദശാബ്ദ കാലത്തിലേറെ കോടതി വ്യവഹാരം നടത്തിയ സാക്കിയ ജഫ്രിയോട് മോദി നന്ദി പറഞ്ഞേ പറ്റൂ. അവരുടെ വാശി കാണുമ്പോള്‍ കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചു വരെ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന് സാക്കിയ ജഫ്രിക്ക് എന്തോ നിര്‍ബ്ബന്ധമുള്ളതുപോലെ ഉണ്ടായിരുന്നു. അതിന് അവരെ ഇളക്കി വിട്ടവര്‍ ചില്ലറക്കാരല്ല. ഫണ്ടു പിരിക്കാനും കേസ് നടത്താനും ടീസ്റ്റ സെത്തല്‍ വാദ്. എല്ലാ സഹായവും ചെയ്യാന്‍ ഇടത് – ഇസ്ലാമിസ്റ്റ് അച്ചുതണ്ടും. 2012-ല്‍ അഹമ്മദാബാദ് ജില്ലാ മജിസ്‌റ്റ്രേറ്റ് കോടതി മോദിയുടെയും കൂട്ടരുടെയും പേരിലുള്ള കലാപ ആസൂത്രണം എന്ന കേസ് തള്ളി. സാക്കിയ വിട്ടുകൊടുത്തില്ല. ഹൈക്കോടതിയിലെത്തി. അവരുടെ ആവശ്യപ്രകാരം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ചു. മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍. കെ.രാഘവന്റെ അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലായിരുന്നു. ഗൂഢാലോചന എന്ന ആരോപണത്തിന്റെ കള്ളക്കളികള്‍ എസ്.ഐ.ടി. പുറത്തു കൊണ്ടുവന്നതോടെ രാഘവന്‍ മോദിയുടെ ആളാണെന്ന് കുറ്റപ്പെടുത്തി. എസ്.ഐ.ടി റിപ്പോര്‍ട്ട് ശരിവെച്ച ഹൈക്കോടതി സാക്കിയയുടെ കേസ് തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തത്.
മൂന്നംഗ ഡിവിഷന്‍ ബഞ്ച് സാക്കിയയുടെ എല്ലാ ആരോപണങ്ങളും തള്ളി. ഉന്നതതല ഗൂഢാലോചന, സമാന മനസ്‌കരുടെ ഒത്തുകൂടല്‍ എന്നിവ വെറും കെട്ടുകഥ എന്നാണ് വിധിയില്‍ പറയുന്നത്. മോദി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ഹിന്ദു സംഘടനാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപം ഉണ്ടാക്കി എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ സാക്ഷി സഞ്ജീവ് ഭട്ടും മുന്‍മന്ത്രി ഹിരണ്‍ പാണ്ഡേയും ആര്‍.ബി.ശ്രീകുമാറുമായിരുന്നു. ഈ മൂന്നുപേരും യോഗത്തിന് എത്തിയിരുന്നില്ല എന്ന് കോടതി വിധിയില്‍ പറയുന്നു. അവരുടെ പ്രസ്താവന ഭാവനാസൃഷ്ടിയാണെന്നും വിധിയിലുണ്ട്. ശ്രീകുമാറിന് വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥന്‍ എന്ന സര്‍ട്ടിഫിക്കറ്റും വിധി നല്‍കിയിട്ടുണ്ട്. ഗോധ്രകലാപത്തിനു മുമ്പ് ഹിന്ദുക്കളുടെ ഭാഗത്തു നിന്നും ആയുധ ശേഖരം ഉണ്ടായിട്ടില്ല എന്നും ആര്‍. എസ്.എസ്-വിശ്വഹിന്ദു പരിഷത്ത് – ബജ് രംഗദള്‍ നേതൃത്വം ഗൂഢാലോചന നടത്തിയിട്ടില്ല എന്നും വിധിയില്‍ പറയുന്നു. ഇനി പറയൂ ചില്ലറ ഗുണമാണോ സാക്കിയ മോദിക്കും ആര്‍.എസ്.എസ്സിനും ഉണ്ടാക്കിക്കൊടുത്തത്. തന്റെ കേസ് തള്ളിയാലും സാരമില്ല മോദിക്കും ആര്‍.എസ്.എസ്സിനും ക്ലീന്‍ ചിറ്റ് വാങ്ങിക്കൊടുക്കാന്‍ സാക്കിയക്ക് സാധിച്ചല്ലോ. ഗോധ്ര ഗൂഢാലോചന കേസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു എന്നാണ് ജഡ്ജിമാര്‍ രേഖപ്പെടുത്തിയത്. ഗോധ്രയുടെ പേരിലായിരുന്നല്ലോ രാജ്യത്തിനകത്ത് നിരവധി ഇസ്ലാമിക ഭീകരര്‍ സ്‌ഫോടനങ്ങള്‍ നടത്തി നിരപരാധികളെ ചുട്ടു കൊന്നത്. അതിനൊക്കെ കാരണമായതിന് സാക്കിയയും ടീസ്റ്റയും എന്തു പരിഹാരമാണ് ചെയ്യുക? മോദിയും കൂട്ടരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ടീസ്റ്റയെ അകത്താക്കാനായില്ല. സാക്കിയ ഒരു കേസ് കൊടുത്തപ്പോള്‍ അത് നടന്നു!
Comments