ഇന്റര്‍നെറ്റിന്റെ രംഗത്തെ ആലോചനകളുടെയും അപഗ്രഥനങ്ങളുടെയും വഴിയില്‍ രണ്ട് മതങ്ങള്‍ തന്നെ ആവിര്‍ഭവിച്ചിരിക്കുന്നു ഈ മതത്തിന് നിലവിലുള്ള മതങ്ങളുമായി യാതൊരു ബന്ധവുമില്ല; ഒരു സാമ്യവുമില്ല. ഇത് ആരാധനാലയമോ പുരോഹിതനോ ഇല്ലാത്ത മതമാണ്. ഇത് മനുഷ്യന്റെ പുതിയ സ്വാതന്ത്ര്യബോധത്തിന്റെ മതമാണ്.
ഇസ്രായേലി ചരിത്രകാരന്‍ യുവാല്‍ നോവ ഹരാരിയുടെ Homodeus:A brief history of Tomorrow എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്ന ‘ഡാറ്റായിസം’ എന്ന ആശയമാണ് ഒരു മതം. മറ്റൊന്ന് സ്വീഡിഷ് ചിന്തകനായ അലക്‌സാണ്ടര്‍ ബാര്‍ദ് തന്റെ The Futurica Trilogy എന്ന പുസ്തകത്രയത്തിലൂടെ അവതരിപ്പിക്കുന്ന ‘സിന്തീയിസം’ എന്ന മതമാണ്. സിന്തീയിസം എന്നാല്‍ ദൈവത്തെ കണ്ടുപിടിക്കുന്ന മനുഷ്യന്‍ എന്നാണ് അര്‍ത്ഥം.
ഹാരിയുടെ ‘ഡാറ്റിയിസം’ സൂചിപ്പിക്കുന്നത് ഇന്റര്‍നെറ്റിലെ വസ്തുക്കളുടെ അസ്തിത്വമാണ്. നമ്മുടെ ഫോട്ടോയോ സന്ദേശമോ ഒരു ഡാറ്റ എന്ന നിലയിലാണ് ഇന്റര്‍നെറ്റില്‍ നില്‍ക്കുന്നത്. ഏത് വസ്തുവും ഈ ഉത്തര-ഉത്തരാധുനിക കാലത്ത് ‘ഡാറ്റയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ എത്തിയാല്‍ പിന്നെ മരണമില്ല. വാസ്തവത്തില്‍ അത് അശരീരികളുടെ സ്വര്‍ഗലോകമാണ്. മനുഷ്യന്‍ ശരീരമില്ലായെ വാട്‌സ്ആപ്പ്, ഫേയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സൈബര്‍ ഇടങ്ങളില്‍ വിഹരിക്കുന്നു. നമ്മള്‍ മനസ്സുകൊണ്ടുപോലും ഒരാളുടെയടുത്ത് പോകണ്ട; ഇമോജിയിട്ടാല്‍ മതി; അല്ലെങ്കില്‍ റെഡിമെയ്ഡ് ആശംസാ സന്ദേശങ്ങളോ ചിത്രങ്ങളോ കൈമാറിയാല്‍ മതി. നമ്മള്‍ ശരീരമില്ലാതെ പലയിടങ്ങളിലായി ജീവിക്കുന്നു. ഒരു ‘വാട്‌സ്ആപ്പ്’ ഗ്രൂപ്പില്‍ ഏതൊക്കെയോ രാജ്യത്തുള്ളവരാകും ഉണ്ടാകുക. എന്നാല്‍ എല്ലാവരിലും നമ്മള്‍ ജീവിക്കുന്നത് ശരീരമില്ലാതെയാണ്. ജീവിതത്തില്‍ ഒരിക്കല്‍പോലും പരസ്പരം കാണേണ്ട ആവശ്യം തന്നെ വരുന്നില്ല, രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തിലും ആശയവിനിമയത്തിലും.
അലക്‌സാണ്ടര്‍ ബാര്‍ദ് പറയുന്നത് മനുഷ്യന്‍ ഇന്റര്‍നെറ്റില്‍ സംഘംചേരുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റെയും പ്രണയത്തിന്റെയും പുതിയ ദൈവത്തെ സൃഷ്ടിച്ചു എന്നാണ്. ഇത് ഒരു അതീത, പ്രതീതി ലോകമാണ്. ഇവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് ഉത്തരവാദി മനുഷ്യന്‍ മാത്രമാണ്; ദൈവം നിസ്സഹായമായി നില്‍ക്കുകയാണ്. വേഗത, സ്വാതന്ത്ര്യം, മറവി എന്നീ മൂന്ന് അവസ്ഥകളാണ് മനുഷ്യനെ ഈ പുതിയ ദൈവത്തില്‍ കെട്ടിയിടുന്നത്. നാം ഒരു സന്ദേശം അയച്ചിട്ട് പെട്ടെന്ന് മറക്കുകയാണ്. കാരണം വേറെ സന്ദേശങ്ങള്‍ തൊട്ടുപിന്നാലെ നമ്മെ അപഹരിക്കുകയാണ്.
ഹാരാരി പറയുന്നു: ”ഇന്നത്തെ ആധുനികത നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, വ്യക്തികളാണ് അര്‍ത്ഥത്തിന്റെ ഉപജ്ഞാതാക്കളും അധികാരകേന്ദ്രവും എന്ന നിലയിലാണ്. നമുക്ക് എന്ത് സംഭവിച്ചാലും നാം തന്നെയാണ് കാരണക്കാര്‍; വോട്ടര്‍മാര്‍, ഉപഭോക്താക്കള്‍. കമിതാക്കള്‍ എന്നീ നിലകളില്‍ നമ്മള്‍ ഇന്റര്‍നെറ്റിന് അതിന്റെ അധികാരം നല്‍കുന്നവരാണ്. എന്നാല്‍ നെറ്റ് നമ്മുടെ ആശയങ്ങളെ ഉപയോഗിക്കുന്നു, നമുക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തീരുമാനിക്കുന്നത് ഇന്റര്‍നെറ്റ് സോഫ്റ്റ്‌വെയറുകളായിരിക്കും.”
ബാര്‍ദ് ഇങ്ങനെ പറയുന്നു: ”കോടിക്കണക്കിനാളുകള്‍ ജീവിതത്തില്‍ ഒരേസമയം പരസ്പരം ആശയവിനിമയം നടത്തുന്നു. ഇത് ദൈവമല്ലെങ്കില്‍ പിന്നെന്താണ്?”
ഈ ആശയവിനിമയം ചരിത്രത്തില്‍ മുമ്പ് ഉണ്ടാകാത്തതാണ്. അതുകൊണ്ടാണ് ഇതിനെ ദൈവം എന്ന് വിളിക്കാന്‍ അദ്ദേഹം തയ്യാറാകുന്നത്. ഫ്യൂഡലിസത്തിലും ക്രിസ്തുമതത്തിന്റെ ആദ്യകാലത്തും ജനങ്ങളെ ഭൂമിയില്‍ കെട്ടിയിടുകയാണ് ചെയ്തത്. മുതലാളിത്തം ജനങ്ങളെ ഉപഭോഗത്തിലേക്ക് നയിച്ചു. എന്നാല്‍ ഇന്റര്‍നെറ്റ് ഇപ്പോള്‍ മനുഷ്യര്‍ക്ക് ദൈവത്തെ സൃഷ്ടിക്കാനും ഓണ്‍ലൈനില്‍ ഒന്നിച്ചുകൂടാനും അവസരം ഒരുക്കിയിരിക്കുന്നു. ബാര്‍ദ് ചൂണ്ടിക്കാണിക്കുന്നു.
എന്തായാലും, മനുഷ്യന്റെ ജീവിതത്തെ വൈഫൈ, ഡാറ്റ, ഇന്റര്‍നെറ്റ് എന്നിവ പുതിയൊരു മാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.
ഇര്‍വിംഗ് സ്‌റ്റോണ്‍- വാന്‍ഗോഗ്
വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച വ്യക്തികളുടെ ജീവിതം നോവലിലൂടെ അവതരിപ്പിച്ച മഹാനായ എഴുത്തുകാരനാണ് ഇര്‍വിംഗ് സ്‌റ്റോണ്‍. ചാള്‍സ് ഡാര്‍വിന്‍, സിഗ്മണ്ട് ഫ്രോയിഡ്, പെയിസ്റ്റര്‍ ബ്ലോണ്‍ നോബിള്‍, വിന്‍സന്റ് വാന്‍ഗോഗ്, മൈക്കലാഞ്ജലോ തുടങ്ങിയവരെക്കുറിച്ചുള്ള നോവലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വാന്‍ഗോഗ്, മൈക്കലാഞ്ജലോ എന്നിവരെപ്പറ്റിയുള്ള നോവലുകള്‍ യഥാക്രമം Lust for life, The agony and the ecstasy എന്നിവ ഏറെ പ്രശസ്തമാണ്.
ഇര്‍വിംഗ് സ്‌റ്റോണ്‍ നോവല്‍ എഴുതുന്ന സമയത്ത് (1934) വാന്‍ഗോഗ് യൂറോപ്പില്‍ അത്രയ്‌ക്കൊന്നും അറിയപ്പെട്ടിരുന്നില്ല. മാസങ്ങളോളം പാരീസിലും നെതര്‍ലാന്‍ഡിലും താമസിച്ചാണ് അദ്ദേഹം വാന്‍ഗോഗ് എന്ന പ്രതിഭയുടെ വ്യക്തിജീവിതം കണ്ടെത്തിയത്. Lust for life ലെ ചില വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
-
ഏകാന്തത ഒരുതരം ജയിലാണ്.
-
യാതന അനുഭവിച്ചുകൊണ്ടാണ് കലാകാരന്‍ തഴയ്ക്കുന്നത്.
-
നമ്മുടെ ജീവിതത്തേക്കാള്‍ കൂടുതല്‍ ആശ്വാസകരവും ലളിതവും സുന്ദരവുമായ ഒരു ലോകം സ്വന്തം നോവലില്‍ സൃഷ്ടിക്കാന്‍ എഴുത്തുകാരന് സ്വാതന്ത്ര്യമുണ്ട്.
-
വീട്, ഭാര്യ, കുട്ടികള്‍, പ്രേമം, സൗഹൃദം, ആരോഗ്യം, സുഖം, സന്തോഷം, ആഹാരം തുടങ്ങി ദൈവത്തെ വരെ വാന്‍ഗോഗ് വേണ്ടെന്നുവച്ചു. എന്നാല്‍ സ്വന്തം കലാപ്രതിഭയെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.
-
വിശക്കുന്ന വയറ് നിറവയറിനേക്കാള്‍ നല്ലതാണ്. അതുപോലെ സന്തോഷത്തെക്കാള്‍ നല്ലതാണ് വിഷാദം.
-
അവസാനമോ അതിര്‍ത്തിയോ ഇല്ലാത്ത ഒന്നുമാത്രമേ ഈ ലോകത്തുള്ളൂ. അത് ദുരിതമാണ്.
-
ഒരു നല്ല ചിത്രകാരനാവണമെങ്കില്‍ ശരീരത്തിന്റെ ശാസ്ത്രം മാത്രം പഠിച്ചാല്‍ പോരാ. ഈ ലോകത്തെക്കുറിച്ച് ആളുകള്‍ എന്ത് ചിന്തിക്കുന്നു, മനസ്സിലാക്കുന്നു എന്ന് അറിയേണ്ടതുണ്ട്.
വായന
ഇത്തവണത്തെ ഓണം സാഹിത്യസദ്യ ശുഷ്‌കമായിരുന്നു. മാതൃഭൂമിയും ദേശാഭിമാനിയും മത്സരിച്ച് മേതില്‍ ദേവികയെ ഇന്റര്‍വ്യൂ ചെയ്തത് എന്തിനാണെന്ന് മനസ്സിലായില്ല. ഈ ഓണപ്പതിപ്പുകളുടെ വായനക്കാര്‍ അറിയാതെ നൃത്തം ചെയ്തുപോകുന്നവരായിരിക്കുമോ? പടയണി കലാകാരന്‍ കടമ്മനിട്ട വാസുദേവന്‍ പിളള, കഥാകൃത്ത് ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട്, കവി അഗസ്റ്റിന്‍ ജോസഫ്, നോവലിസ്റ്റ് രാഘവന്‍ അത്തോളി തുടങ്ങിയവരെ ഇനിയും ഇന്റര്‍വ്യൂ ചെയ്തിട്ടില്ല. ഇവര്‍ക്ക് സിനിമാതാരങ്ങളുടെ ഗ്ലാമര്‍ ഇല്ല എന്ന് സമ്മതിക്കുന്നു. പക്ഷേ, ഇവരുടെ കൃതികള്‍ വായിക്കുന്നവര്‍ക്ക് പ്രയോജനമുണ്ടാകും.
ജീവിത ദു:ഖത്തെപ്പറ്റി പ്രവാചകമായ ഭാവത്തോടെ ചിന്തിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ‘ധ്രുവസംഗമം’ (കേസരി വാര്‍ഷികപ്പതിപ്പ്) മികച്ച കാവ്യാനുഭവമായി. വിഷാദമാണ് ജീവിതത്തിന്റെ നിത്യത എന്ന് അഗാധമായി കവി ധ്വനിപ്പിക്കുന്നു. ജീവിതത്തിന്റെ ആഴം മനസ്സിലാക്കാനുള്ള ശാസ്ത്രമാണ് ദു:ഖമെന്ന് കവി തിരിച്ചറിയുന്നു. അതിജീവനത്തിന്റെ ഔഷധിയാണത്. മങ്കൊമ്പ് കവിയെ ഋഷിയുടെ അടുത്തേക്ക് കൊണ്ടുപോയി.
കെ.ജയകുമാര്‍ ദാര്‍ശനികഭാവം വിടാതെ എഴുതിയ കവിതയാണ് ‘അരൂപിക്കൊരു കത്ത്’ (കലാകൗമുദി). വെറുപ്പിലും വിദ്വേഷത്തിലും ജീവിതം നിശ്ശബ്ദമാക്കിക്കളയുന്നത് ഏതോ ശാപം മൂലമാകാം. സ്‌നേഹം സാര്‍ത്ഥകമാകാതെ പോയത് ഓര്‍ത്ത് കവി വിഷാദിച്ചിരിക്കുന്നു. പരസ്പരം അറിയാനുള്ള അവസരമെല്ലാം തുലച്ചുകളഞ്ഞ ആ സ്‌നേഹിത ഇപ്പോള്‍ ഭുമിയിലില്ല. അവളുടെ മരണത്തിനുമുന്നില്‍ നില്‍ക്കുന്ന കവി, താന്‍ ഒരു ശൂന്യതയെ അഭിമുഖീകരിച്ച് തുടങ്ങുകയാണെന്ന് അറിയിക്കുന്നു.
എസ്. രമേശന്‍നായരുടെ ഓണവിചാരം (കേസരി), പി.കെ.ഗോപിയുടെ ‘ഒറ്റവിത്തിന്റെ വിളക്കുമാടം’ (കലാകൗമുദി), സിവിക് ചന്ദ്രന്റെ ‘അപ്പവും പൂക്കളും’ (മലയാളം), ദേശമംഗലം രാമകൃഷ്ണന്റെ ‘ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍’ (മലയാളം), പി.ബി. ഹൃഷികേശന്റെ’മിണ്ടാതിരിക്കുമ്പോള്‍’ (മെട്രോവാര്‍ത്ത) എന്നിവ ഓണക്കാല വായനയില്‍ ആസ്വാദ്യമായി.
നമ്പൂതിരിയുമായുള്ള സംഭാഷണം (കലാകൗമുദി), നാരായണന്‍കുട്ടിമേനോനെക്കുറിച്ച് യു.എ.ഖാദര്‍ എഴുതിയ ബാല്യകാല സ്മൃതി (കേസരി), ഭോപ്പാലിനടുത്തുള്ള ഭീംബേട്കിലെ ശിലാഗൃഹങ്ങളെക്കുറിച്ച് കെ.ആര്‍.വിനയന്‍ എഴുതിയ ലേഖനം (ഇന്ത്യാ ടുഡെ), കെ.വി.മോഹന്‍കുമാറിന്റെ മഹാബലി ഒരു പുനര്‍വായന (മെട്രോവാര്‍ത്ത), സി.കെ.ശിവാനന്ദന്‍ ഇന്നര്‍ എഞ്ചിനീയറിംഗ് യോഗവിദ്യയുടെ ഉപജ്ഞാതാവായ സദ്ഗുരുവുമായി നടത്തിയ സംഭാഷണം (മനോരമ വാര്‍ഷികപ്പതിപ്പ്), ജോണ്‍സാമുവലിന്റെ നോവല്‍ ‘ഏതോ മഴയില്‍’ (ദീപിക വാര്‍ഷികപ്പതിപ്പ്), ഡോ.എം.എ. കരീമിന്റെ ‘മലയാള കവിതയുടെ ഭാവി’ എന്ന ലേഖനം (ദീപിക), പി.നാരായണക്കുറുപ്പിന്റെ കവിത സുരയ്യ (കേരള കൗമുദി), എന്നീ രചനകള്‍ കൗതുകകരമാണ്.
ടി.പത്മനാഭന്റെ ‘കെട്ടുകഥ?'(പ്രഭാതരശ്മി), ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ ‘കലണ്ടര്‍'(മലയാളം), കെ.വി. പ്രവീണിന്റെ ‘മതിലുകള്‍’ (മലയാളം), ശ്രീകണ്ഠന്‍ കരിക്കകത്തിന്റെ ‘എന്റെ കാമുകി’ (കലാകൗമുദി), സലിന്‍ മാങ്കുഴിയുടെ ‘മരണം നമ്മെ വേര്‍പിരിക്കും വരെ'(കലാകൗമുദി), പെരുമ്പടവം ശ്രീധരന്റെ ‘പ്രളയം’ (കേസരി), പി.ആര്‍.നാഥന്റെ ലക്ഷ്മണഹൃദയം(കേസരി) എന്നീ കഥകള്‍ വായിക്കപ്പെടും.
ടി.പത്മനാഭന്റെ’കെട്ടുകഥ?’ വായനക്കാരനെ മുഷിപ്പിക്കില്ല അതിലെ കഥാനായകന്‍ കഥാകൃത്ത് തന്നെയാണെന്ന് തോന്നുന്നു. കഥയെഴുത്തുകാരനായ ഒരു വൃദ്ധനാണ് പ്രധാന കഥാപാത്രം. ആ മനുഷ്യന്‍ തന്റെയൊരു രഹസ്യം വെളിപ്പെടുത്തുന്നതാണ് സന്ദര്‍ഭം. ഭാര്യ മരിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുന്ന കഥാകൃത്തായ കഥാനായകന് മറ്റൊരു സ്ത്രീയില്‍ ഒരു മകളുണ്ട്. അത് തന്റെ അടുത്ത ബന്ധുക്കളെ അറിയിക്കുകയാണ്. അറിയിക്കുക മാത്രമല്ല, ആ മകളോടൊപ്പം താമസിക്കാന്‍ പോകാനും ആഗ്രഹിക്കുന്നു. ആ കുട്ടിയുടെ അമ്മ ജീവിച്ചിരിക്കുന്നുമുണ്ട്. കഥ വായിച്ചപ്പോള്‍ ആശ്വാസം തോന്നി. എന്തുകൊണ്ട് ഇദ്ദേഹത്തിന് നേരത്തെ തന്നെ ആ മകളുടെ സന്തോഷത്തെ കരുതി അവളുടെ കൂടെ പോകാന്‍ കഴിഞ്ഞില്ല? ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയാത്തമട്ടില്‍ നമ്മുടെ സമൂഹം മാമൂലുകളെ മുറുകെപിടിക്കേണ്ടതുണ്ടോ? സാമൂഹ്യ മര്യാദയ്ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ എത്രനാള്‍ ഹോമിക്കാനാവും? പത്മനാഭന്‍ നല്ലൊരു വിഷയമാണ് വായക്കാര്‍ക്ക് കൊടുക്കുന്നത്.
ഡോ. മധു മീനച്ചില്‍ എഴുതിയ’പിറന്നാള്‍ വിശേഷങ്ങള്‍’ (കേസരി) അതീന്ദ്രിയ സ്മൃതികളുണര്‍ത്തി. നൂറ്റാണ്ടുകള്‍ കഴിഞ്ഞും ഉണ്ണിക്കണ്ണന്റെ ചന്ദനച്ചാര്‍ പതിഞ്ഞ പാദങ്ങള്‍ എന്റെ നെഞ്ചില്‍ കൃഷ്ണഗന്ധം പൊഴിക്കുന്നുവെന്ന വരിയും ഉദാത്തമാം അഷ്ടമിരോഹിണി ദിനത്തില്‍ താന്‍ പണ്ട് തിണ്ണയില്‍ കണ്ട ആ പാദങ്ങളെ തിരയാറുണ്ട് എന്ന ചിന്തയും ഭാവനയുടെ ഉന്മേഷകരമായ നിമിഷമാണ്. ഒ.വി.വിജയന്റെ ‘ഗുരുസാഗര’ത്തില്‍ മധുരയിലൂടെ കാറോടിച്ചു വരുന്ന കുഞ്ഞുണ്ണി ചെവിടോര്‍ക്കുന്നത്, ദൂരെ നിന്ന് കുന്നുകളുടെ കുടമണിയൊച്ച കേള്‍ക്കാനാണ്. കന്നുമേക്കാരന്റെ വംശീനാദം എന്ന് ഓടക്കുഴലില്‍ നിന്നു വരുന്ന സംഗീതത്തെ വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഡോ.പി.എന്‍. രാജേഷ്‌കുമാറിന്റെ ‘ഇതിലേതാണ് ഞാന്‍?’ എന്ന കവിതാസമാഹാരം വായിച്ചു. കാലത്തിന്റെ കത്തി പണിത ഇരുമ്പ് പണിക്കാരന് ദയ ഒരല്‍പം കുറവായിരുന്നു’ എന്ന് എഴുതിയത് ചിന്തിപ്പിച്ചു. പ്രൊഫ. ആമ്പല്ലൂര്‍ അപ്പുക്കുട്ടന്റെ ‘അമൃതം’ എന്ന സമാഹാരത്തിലെ കവിതകള്‍ താളവും ഈണവും ചേര്‍ന്ന ഒരു ശില്പമാണ്.
നുറുങ്ങുകള്‍
-
ശ്രീനാരായണഗുരു ഹിന്ദുസന്ന്യാസിയല്ല എന്ന് മന്ത്രി തിലോത്തമന്‍ പറഞ്ഞത് വായിച്ചു. ഹിന്ദുവായതുകൊണ്ട് ഒരാള്‍ സന്ന്യാസിയല്ലാതാകില്ല. സന്ന്യാസിയായതുകൊണ്ട് ഹിന്ദുവല്ലാതെയുമാകില്ല. നാരായണഗുരു തപസ്സുചെയ്ത് (ഹിന്ദുദേവതകളെ പ്രതിഷ്ഠിച്ചു. നാരായണഗുരു മതാന്ധതയെയാണ് എതിര്‍ത്തത്; മതത്തെയല്ല. മതം ഏതായാലും മനുഷ്യന്‍ നന്നാവണമെന്ന് പറഞ്ഞതോര്‍ക്കുക. മതമില്ലെന്ന് പറയുന്നവര്‍ ഓട്ടോമാറ്റിക്കായി നന്നാവില്ല.
-
ചട്ടമ്പിസ്വാമികള്‍ സ്വസമുദായത്തിന് സ്വര്‍ണ്ണമുരുക്കുന്ന വിദ്യ പറഞ്ഞുകൊടുത്തില്ലെന്ന് ഡോ.കാനം ശങ്കരപ്പിള്ള എഴുതിക്കണ്ടു. ഇതുപോലുള്ള വിഡ്ഢിത്തരങ്ങള്‍ മഹാമനീഷികളുടെ കാര്യത്തിലെങ്കിലും ഒഴിവാക്കുക.
-
സിനിമാ വിമര്‍ശനം മരിച്ചു. സിനിമയെ വിമര്‍ശിച്ചാല്‍ വിമര്‍ശകന്‍ വിവരം അറിയും. നിര്‍മ്മാതാക്കളും സംവിധായകനും ചലച്ചിത്ര വിമര്‍ശനം എന്ന വകുപ്പ് വേണ്ടെന്ന് വിചാരിക്കുന്നവരാണ്. ഇന്ന് സിനിമാ വിമര്‍ശനം കാണാന്‍ കഴിയുക ചാനലില്‍ സിനിമയുടെ പ്രൊമോഷനുവേണ്ടി നടീനടന്മാരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നിരുന്ന് നടത്തുന്ന ചര്‍ച്ചകളിലാണ്! അത്തരം ചര്‍ച്ചകള്‍കൊണ്ട് പ്രേക്ഷകന്‍ തൃപ്തിപ്പെട്ടുകൊള്ളണം; വേറെ വഴിയില്ല.
-
സൗന്ദര്യവും തിന്മയും തന്റെ നേരെ വന്നാല്‍ താന്‍ പിന്‍വാങ്ങുകയാണ് ചെയ്യുന്നതെന്ന് ചൈനീസ് എഴുത്തുകാന്‍ ഗാവോ സിംഗ്ജിയാന്റെ ”സോള്‍ മൗണ്ടന്‍” എന്ന കൃതിയില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. സൗന്ദര്യത്തെയും തിന്മയെയും നേരിടാനുള്ള ശക്തി അയാള്‍ക്കില്ലെന്ന് സാരം. രണ്ടിനും ഭയാനകമായ പ്രാചീന ആത്മദാഹങ്ങളാണുള്ളത്്.