ആലപ്പുഴയിലെ എസ്.ഡി.പി.ഐ പ്രകടനത്തിലെ പ്രകോപനമുദ്രാവാക്യം ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ച മതേതര ചാനല്‍ വീരന്മാരും രാഷ്ട്രീയ നേതാക്കളും ഇടത് സര്‍ക്കാറിന്റെ പോലീസ് വകുപ്പും ഏകാഭിപ്രായത്തിലെത്തി. ആ മുദ്രാവാക്യത്തില്‍ പ്രകോപനപരമായി ഒന്നുമില്ല. അതിലെ കുന്തിരിക്കവും മലരും കരുതി വെക്കാന്‍ പറഞ്ഞത് സംഘപരിവാറുകാരോടാണ്. അവരോട് അങ്ങനെയൊക്കെ പറയാം. കൊലവിളി മാത്രമല്ല കടയില്‍ കയറി വെട്ടിയരിഞ്ഞു കൊല്ലുകയും ചെയ്യാം. അതിനാല്‍ ആ മുദ്രാവാക്യം ചര്‍ച്ചയാക്കേണ്ട. അതിന്റെ പേരില്‍ കേസ്സെടുക്കുകയും വേണ്ട. എന്നാല്‍ ഈ മതേതര മര്യാദ ഒട്ടുമറിയാത്ത കേന്ദ്ര ബാലാവകാശ കമ്മീഷന്‍ കേസെടുക്കാന്‍ കേരളാ പോലീസിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയും ആവശ്യപ്പെട്ടു. അവരുടെയൊക്കെ കണ്ണില്‍ പൊടിയിടാന്‍ കേസെടുത്തല്ലേ പറ്റൂ. എന്നിട്ടും മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല. അതിന് പോലീസിനെ കുറ്റം പറയരുത്. കുട്ടിയുടെ ബാപ്പയെ തിരിച്ചറിഞ്ഞതുതന്നെ പോലീസിന്റെ നേട്ടം. വല്ല സംഘപരിവാറുകാരന്റെ കുട്ടിയായിരുന്നു ആ സ്ഥാനത്തെങ്കില്‍ പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ആവേശം കാട്ടാമായിരുന്നു.
പമ്പയാറ്റില്‍ എസ്.എഫ്.ഐക്കാര്‍ മൂന്ന് വിദ്യാര്‍ത്ഥി പരിഷത്ത് കുട്ടികളെ കല്ലെറിഞ്ഞ് മുക്കിക്കൊന്നതില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തോട് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ചോദിച്ചത് ആര്‍.എസ്.എസ്സുകാരെ കൊന്നതിന് നിങ്ങള്‍ക്കെന്താ ചേതം എന്നാണ്. അതേ ചോദ്യമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംഘപ്രവര്‍ത്തകരെ കൊന്നപ്പോഴൊക്കെ ചോദിച്ചത്. ആര്‍.എസ്.എസ്സുകാര്‍ കൊല്ലപ്പെടേണ്ടവരാണ് എന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇതേ നിലപാടു തന്നെയാണ് എസ്.ഡി.പി.ഐക്കുമുള്ളത്. ഞങ്ങള്‍ സംഘപരിവാറിനെതിരെയാണ് മുദ്രാവാക്യം വിളിച്ചത് അതില്‍ തെറ്റില്ല എന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞത്. അതേ വാദമാണ് ചാനല്‍ വീരന്മാരും മതേതര രാഷ്ട്രീയക്കാരും ആവര്‍ത്തിക്കുന്നത്. മതേതര കേരളത്തില്‍ ഏതുതരം ഭീകരവാദിക്കും മദിച്ചു പുളയ്ക്കാം. സംഘ പരിവാറുകാരന്‍ അന്തിയുറങ്ങുന്നതിനു മുമ്പ് മലരും കുന്തിരിക്കവും കരുതിവെച്ചു കൊളളണം എന്നുമാത്രം.