കേരളത്തിലെ ഇടതുമുന്നണി ഭരണം മാതൃകയാണ് എന്ന് പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ മനസ്സിലാക്കേണ്ട ഒരു പാഠമുണ്ട് – വിജയന് സഖാവിനെ മാതൃകയാക്കാത്തതു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഉണ്ടായ മാനക്കേട് ചില്ലറയൊന്നുമല്ല. പിഴ അടക്കേണ്ടിയും വന്നു; പിഴയടച്ച ബിട്ടീഷ് പ്രധാനമന്ത്രി എന്ന ചീത്ത പേരും കിട്ടി! ബോറിസ് ജോണ്സണ് ചെയ്ത തെറ്റ് എന്താണെന്നോ? കോവിഡ് കാലത്ത് സ്വന്തം ഓഫീസില്‍ വെച്ച് പിറന്നാള്‍ ആഘോഷിച്ചു എന്ന നിസ്സാര കാര്യം. പിഴയിടാന്‍ പോലീസിന് ധൈര്യമോ എന്നു ചോദിക്കരുത് – കാരണം കേരളമല്ല ബ്രിട്ടണ്, ബ്രിട്ടനിലെ നിയമപ്രകാരം അതിന് വിലക്കുണ്ടായിരുന്നു. ജോണ്സണ് ചട്ടം ലംഘിച്ചു എന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പിഴയിടുകയും ചെയ്തു.
ജോണ്സണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവാണെങ്കിലും കേരളത്തിലെ വിപ്ലവ പാര്‍ട്ടി എന്തു ചെയ്തു എന്ന് ഒന്ന് അന്വേഷിക്കാമായിരുന്നു. എങ്കില്‍ ഈ നാണക്കേട് ഏല്‍ക്കേണ്ടി വരില്ലായിരുന്നു. കേരളത്തിലെ ഇടതു മുഖ്യന് വിജയന് സഖാവ് പരസ്യ യോഗങ്ങള്‍ക്ക് വിലക്കുള്ള കോവിഡ് കാലത്ത് പിറന്നാള്‍ പാര്‍ട്ടി സ്വകാര്യ മുറിയില്‍ വെച്ച് നടത്തി എന്നൊന്നും കരുതേണ്ട. വളരെ പരസ്യമായാണ് സഖാവ് എല്ലാം ചെയ്തത്. കോവിഡ് രോഗിയായിരിക്കെ രോഗിയല്ലാത്ത ഭാര്യയോടൊപ്പം സാമൂഹ്യ അകലം പാലിക്കാതെ യാത്ര ചെയ്തു. കോവിഡിന്റെ ലക്ഷണം ഉള്ളപ്പോഴും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു. സാമൂഹ്യ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചു എന്ന ആരോപണമുയര്‍ന്നപ്പോള്‍ സഖാവ് അതിനെ പുല്ലു പോലെ കരുതി. അതും കഴിഞ്ഞ് 2021 സപ്തംബറില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ക്ക്, ചട്ടം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കണം എന്ന് ക്ലാസെടുത്തു കൊടുക്കുകയും ചെയ്തു. പോലീസ് വകുപ്പ് വിജയന് സഖാവിന്റെ കക്ഷത്തിലായതിനാല് കേസ്സുമില്ല, പിഴയുമില്ല. ബോറിസ് ജോണ്സണ് പിഴ ഏല്ക്കുന്നതിനു മുമ്പ് വെറ്റിലയും ദക്ഷിണയും വിജയന് സഖാവിന്റെ കാല്ക്കല് വെച്ച് ചുകപ്പന്‍ രാഷ്ടീയം കുറച്ചെങ്കിലും പഠിക്കേണ്ടതായിരുന്നു.