- നിര്‍വികല്പം
- വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
- ഭിക്ഷാംദേഹി (നിര്‍വികല്പം 3)
- ശിഷ്യന്മാര്‍ കൊട്ടാരത്തിലേക്ക് (നിര്‍വികല്പം 14)
- മുതലയുടെ പിടി (നിര്‍വികല്പം 4)
- ഗുരുവിനെ തേടി (നിര്‍വികല്പം 5)
- ചണ്ഡാളന്‍(നിര്‍വികല്പം 6)
”ഒരു മാസത്തിനുള്ളില്‍ മടങ്ങിവരാം എന്നാണല്ലോ ഗുരു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ കാലയളവൊക്കെ കഴിഞ്ഞിരിക്കുന്നു!”
പത്മപാദനും കൂട്ടരും ഗുഹാമുഖത്തിരുന്ന് പരസ്പരം പുലമ്പി. അവരുടെ മനസ്സില്‍ തെല്ലൊരു ഉത്കണ്ഠ മുളപൊട്ടി. ഗുഹയിലിരിക്കുന്ന തന്റെ പൂര്‍വ്വാശ്രമദേഹത്തെ ഗുരു വിസ്മരിച്ചുവോ?! തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കൊട്ടാരഭടന്മാര്‍ ഗുരുവിനെ തിരിച്ചറിഞ്ഞ് അപായപ്പെടുത്തുകയോ മറ്റോ ഉണ്ടായോ?! പത്മപാദന്റെ മനസ്സില്‍ സംശയത്തിന്റെ നിഴല്‍ കനത്തുവന്നു.
”ഗുരുവിനെ അന്വേഷിച്ച് പുറപ്പെടേണ്ട സമയമായിരിക്കുന്നു. ഇനിയും അനിശ്ചിതമായി കാത്തിരിക്കുന്നത് ഉചിതമായ തീരുമാനമാകില്ല. ഒരുപക്ഷെ, ഇതുവരെയുള്ള നമ്മുടെ എല്ലാ പ്രതീക്ഷകളെയും ആ കാത്തിരിപ്പ് തകിടം മറിച്ചെന്നും വരാം.”
സഹശിഷ്യരുടെ ഉത്കണ്ഠയും വേവലാതിയുംകൂടി മനസ്സിലേറ്റി പത്മപാദന്‍ തുടര്‍ന്നു:
”വെറുതെ നാം ഇവിടെ വിഷമിച്ചിരുന്ന് ആവലാതികള്‍ പങ്കുവച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഗുരുനാഥനെ അന്വേഷിച്ച് ഒരു കൂട്ടര്‍ ഉടന്‍തന്നെ പുറപ്പെടുക. ഗുരു ഇതിനകം കൊട്ടാരം വിട്ടിരിക്കാനിടയുണ്ട്. രണ്ടുപേര്‍ ഗുഹയ്ക്ക് കാവല്‍ നില്‍ക്കട്ടെ. സമാധിദേഹത്തെ കാത്തുസൂക്ഷിക്കാനായി വൈഷ്ണവഭട്ടും ഗരുഡാചലനും ഇവിടെയുണ്ടാകണം. അവര്‍ ഗുഹാമുഖത്ത് കരുതലോടെ നിലയുറപ്പിക്കും. അതിനുപറ്റിയവര്‍ ഇവരാണെന്ന് എനിക്ക് തോന്നുന്നു; താരതമ്യേന കായബലം മുന്തിയവര്‍…”
പത്മപാദനും ശുദ്ധകീര്‍ത്തിയും ഭാനുമരീചിയുംകൂടി ഗുരുവിന്റെ ചൈതന്യം കൂടണഞ്ഞ ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. കൂടുവിട്ടു കൂടുമാറിയ ഗുരുവിനെത്തേടി കുന്നിന്‍പുറങ്ങളിലും താഴ്‌വരകളിലും അന്വേഷിച്ചു. കുറ്റിക്കാടുകളിലും മറ്റ് ശിലാഗുഹകളിലും ചെന്നു നോക്കി. പുഴയുടെ തീരങ്ങളിലും വള്ളിക്കുടിലുകളിലും വൃക്ഷച്ചുവടുകളിലും തിരഞ്ഞു. എങ്ങും കണ്ടെത്താനാവാതെ പത്മപാദനും കൂട്ടരും തളര്‍ന്ന് അവശരായി. രാത്രിയാകുമ്പോള്‍ നിരാശയോടെ ആകാശത്തേക്കു നോക്കി യാത്രാവഴിയിലെ പഞ്ചപാണ്ഡവപ്പാറമേല്‍ മലര്‍ന്നുകിടന്നു. അപ്പോള്‍ ആകാശക്കോണില്‍, കണ്ണുചിമ്മാത്ത ധ്രുവനക്ഷത്രം രാത്രിയുടെ സൂര്യനായി ഉദിച്ചു നില്‍ക്കുന്നതു കണ്ടു!
മൂന്നാം ദിവസം, പ്രഭാതത്തിന്റെ ചുവപ്പു മാഞ്ഞനേരത്ത് പാറപ്പുറത്തുകൂടി രണ്ടു വഴിപോക്കര്‍ ധൃതിവെച്ച് നടന്നുപോകുന്ന ഒച്ച കേട്ടാണ് പത്മപാദന്‍ ഉണര്‍ന്നത്. അവരുടെ സംഭാഷണം കാക്കകളുടെ കരച്ചിലുകള്‍ക്കിടയിലും വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നു.
”നാടുനീങ്ങിയ അമരുകരാജാവ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഉണര്‍ന്നെണീറ്റപോലെയല്ലേ കിടക്കയില്‍ എണീറ്റിരുന്നത്! അത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍?! രാജ്ഞിമാരുടെ സന്തോഷത്തിന് അതിരുകളില്ല. രാജാവിന്റെ ഭാവവും ആകെ മാറിയിരിക്കുന്നു. ഒരു വേദാന്തിയെപ്പോലെയാണ് രാജാവിപ്പോള്‍ സംസാരിക്കുന്നത്. കൂടുതല്‍ തരുണീസക്തനാണദ്ദേഹം. സംഗീതത്തിലും നൃത്തത്തിലും മുമ്പില്ലാത്തതിനേക്കാള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു…”
ഒരു നീണ്ട താഴ്‌വരയും അതിനപ്പുറത്തുള്ള മലഞ്ചെരിവും കടന്നാല്‍ കൊട്ടാരക്കോട്ട കാണാമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
പത്മപാദന്‍ സഹശിഷ്യരോടു പറഞ്ഞു:
”മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ തങ്ങളുടെ രാജാവിനെപ്പറ്റിയാണ് പ്രജകള്‍ പറഞ്ഞുനടക്കുന്നത്. ഗുരു കൊട്ടാരം വിട്ടിട്ടില്ല. നമുക്ക് ഗായകരുടെ വേഷത്തില്‍ ഇന്നുതന്നെ കൊട്ടാരത്തിലേക്ക് പുറപ്പെടണം. സംഗീതപ്രിയനായ രാജാവ് തീര്‍ച്ചയായും നമ്മെ കൊട്ടാരത്തിനുള്ളിലേക്ക് കടത്തിവിടാതിരിക്കില്ല…”
കൊട്ടാരക്കോട്ടയുടെ പ്രധാനകവാടത്തിനു മുന്നിലെത്തുമ്പോള്‍ ഉച്ച പടിഞ്ഞാട്ടേക്ക് ചാഞ്ഞുനിന്നു. കവാടത്തിലെ കാവല്‍ക്കാരെ കണ്ടതും പത്മപാദനും കൂട്ടരും പെട്ടെന്ന് ഗാനം ആലപിക്കാന്‍ തുടങ്ങി. അതുകേട്ട് കൊട്ടാരപാലകര്‍ അടുത്തേക്കോടിയെത്തി.
”ഞങ്ങള്‍ക്ക് രാജാവിനുമുന്നില്‍ ഗാനങ്ങള്‍ ആലപിക്കണം.”പത്മപാദന്‍ പറഞ്ഞു.
കൊട്ടാരപാലകര്‍ക്ക് സംശയമൊന്നും തോന്നിയില്ല. അവര്‍ രാജസന്നിധിയിലേക്ക് ഗായകരെ കൂട്ടിക്കൊണ്ടു പോയി.
വേഷഭൂഷകളോടെ കിരീടവും ചൂടി സിംഹാസനത്തിലിരിക്കുന്ന അമരുകരാജാവില്‍ തന്റെ ഗുരുവിനെ തിരിച്ചറിയാന്‍ പത്മപാദന് പെട്ടെന്ന് കഴിഞ്ഞു. ഗുരുവിന് മാത്രം സ്വായത്തമായ ആ സാത്വികഭാവം രാജാവിന്റെ മുഖത്തു പ്രകാശിച്ചു നിന്നു. അനന്തതയിലേക്ക് ശാന്തമായി ഉറപ്പിച്ച കണ്ണുകള്‍. ജാഗരൂകമായ അംഗചലനങ്ങള്‍. സിംഹാസനത്തിലാണെങ്കിലും ധ്യാനനിഷ്ഠമായ ഇരുപ്പ്.
”വണ്ടേ നിന്‍ സംഗമം തീരെയുപേക്ഷിച്ചു
തുംഗശൃംഗം തന്നില്‍ കാത്തിരിപ്പൂ
ആര്‍ത്തരായ് താവക സംഗമത്തിന്നായി
നിന്നുടെ കൂട്ടുകാര്‍ ശ്രദ്ധയോടെ”..
ഗുരുവിനെ അറിയിക്കുവാനുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന ഗാനം പത്മപാദനും കൂട്ടരും ഒരുമിച്ചു ചൊല്ലി. തങ്ങള്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാനും, ഗുരു മടങ്ങിവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഓര്‍മപ്പെടുത്താനുമാണ് ഗാനം ആലപിച്ചത്. ഗുരുവിന്റെ മട്ടുകണ്ടപ്പോള്‍ ഉടനെ മടങ്ങിവരാനുള്ള ഭാവമൊന്നും ആ മുഖത്ത് ദൃശ്യമായിരുന്നില്ല. ഗുരു കാര്യങ്ങള്‍ മറന്നുപോയോ? രാജകൊട്ടാരത്തിലെ അതിപ്രേയസ്‌കരമായ ജീവിതാനുഭവങ്ങളിലും അനുഭൂതികളിലും മതിമറന്ന ഗുരു ലൗകികസുഖഭോഗങ്ങളില്‍ സ്വയമറിയാതെ തളയ്ക്കപ്പെട്ടുവോ? തങ്ങളുടെ ഗാനത്തിലെ പൊരുളറിഞ്ഞ് കൊട്ടാരബന്ധനങ്ങളില്‍നിന്ന് മുക്തനായി തിരികെ വരാന്‍ ഗുരുവിന് കഴിയുമോ?
”ശരി… നിങ്ങള്‍ പൊയ്‌ക്കോളൂ….”
അമരുകരാജാവിന്റെ ദേഹത്തിരുന്ന് ഗുരു പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായെന്നു തോന്നുന്നു. ഗാനത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ധ്വനി ഗുരു ഗ്രഹിച്ചെന്ന് അനുമാനിച്ചു. അതുകൊണ്ടാണല്ലോ ”ശരി”എന്ന് പറഞ്ഞത്.
”ഗായകര്‍ക്കു വേണ്ട ഉചിതമായ സമ്മാനങ്ങള്‍ നല്‍കി ഉടനെ മടക്കി അയച്ചോളൂ…”
രാജാവ് ഭൃത്യന്മാര്‍ക്ക് കല്പന നല്‍കി…
രാജകിങ്കരന്മാര്‍ യോഗിയുടെ ശരീരം അന്വേഷിച്ചു പുറപ്പെട്ടുകഴിഞ്ഞിരുന്നു. പാറക്കൂട്ടങ്ങളും മേടുകളും കുറ്റിച്ചെടികള്‍ നിറഞ്ഞ താഴ്‌വരകളും കടന്ന് നാല് കിങ്കരന്മാര്‍ സമാധിഗുഹയുടെ മുന്നിലെത്തി.
”ഏതെങ്കിലും യോഗി ഈ ഗുഹയില്‍ തപസ്സനുഷ്ഠിക്കുന്നുണ്ടോ?”
കിങ്കരന്മാരുടെ ചോദ്യത്തിനുമുന്നില്‍ ഒന്നു പതറിയെങ്കിലും വൈഷ്ണവഭട്ടും ഗരുഡാചലനും സമനില വീണ്ടെടുത്ത് പെട്ടെന്ന് പറഞ്ഞു:” ഇല്ല; തപസ്സനുഷ്ഠിക്കുന്ന യോഗികള്‍ ഞങ്ങളുടെ അറിവില്‍ ഇവിടെങ്ങുമില്ല.”
ആ മറുപടി തീര്‍ത്തും വിശ്വാസത്തിലെടുക്കാതെ കിങ്കരന്മാരിലൊരുവന്‍ ഗുഹയ്ക്കുള്ളിലേക്ക് ഏന്തിവലിഞ്ഞ് ഒന്നെത്തി നോക്കി. എന്നിട്ട് വൈഷ്ണവഭട്ടിനെയും ഗരുഡാചലനേയും തുറിച്ചു നോക്കി.
”ഒരാള്‍ അകത്തു കയറി നോക്കൂ..”
കിങ്കരന്മാരില്‍ കായശേഷി കൂടിയവന്‍ മറ്റുള്ളവരോട് ആജ്ഞാപിച്ചു.
ഗുഹാമുഖത്തു നിന്നിരുന്ന വൈഷ്ണവഭട്ടിനെയും ഗരുഡാചലനേയും പിടിച്ചുമാറ്റി, ഒരാള്‍ ഗുഹയ്ക്കുള്ളിലേക്ക് തലകുമ്പിട്ട് നുഴഞ്ഞുകയറിപ്പോകാനായി തയ്യാറായി. ഇതുകണ്ട് വൈഷ്ണവഭട്ട് പിന്നാലെ ചെന്ന് അയാളുടെ കഴുത്തില്‍ ഇടതുകൈമുറുക്കി പിന്നോട്ടുവലിച്ച് അടിവയറ്റില്‍ വലതുകാല്‍ മടക്കി ശക്തിയായി തൊഴിച്ചു. അപ്പോഴേക്കും കിങ്കരനേതാവ് ഗുഹാമുഖത്തേക്ക് ചാടിവീണ് വൈഷ്ണവഭട്ടിന്റെ മുഖത്ത് മുഷ്ടിചുരുട്ടി ആഞ്ഞിടിച്ചു. മൂക്കില്‍ ചോരയൊലിപ്പിച്ചുകൊണ്ട് ഭട്ട് നിലത്തേക്ക് മറിഞ്ഞുവീണു! ഞൊടിയിടയില്‍ ഗരുഡാചലന്‍ ഇടപെട്ടു: കിങ്കരനേതാവിന്റെ നെഞ്ചകം നോക്കി കൈമുട്ട് രണ്ടും ചേര്‍ത്ത് ശക്തിയായി പ്രഹരിച്ചു. അയാള്‍ മറിഞ്ഞുവീണെങ്കിലും ഗരുഡാചലന്റെ ചവിട്ട് തടുത്തുകൊണ്ട് ചാടിയെണീറ്റു. ഗരുഡാചലന്‍ വീണ്ടും തൊഴിക്കാനായി കാലുയര്‍ത്തിയെങ്കിലും ആ കാലില്‍പിടിച്ച് ചുഴറ്റി കിങ്കരന്‍ അവനെ നിലത്തെറിഞ്ഞു. ഇതിനിടെ ഗുഹയ്ക്കുള്ളില്‍ കയറിയ രണ്ടു കിങ്കരന്മാര്‍ ഗുരുവിന്റെ സമാധിദേഹവുമായി പുറത്തു വന്നു. അവര്‍ ആ നിശ്ചലശരീരവുമായി താഴ്‌വരയിലേക്കു വേഗം ഇറങ്ങിപ്പോയി….
.
പത്മപാദനും കൂട്ടരും ഗുഹാമുഖത്തു മടങ്ങിയെത്തുമ്പോള്‍ വൈഷ്ണവഭട്ടും ഗരുഡാചലനും കരഞ്ഞുവറ്റിയ മുഖവുമായി നിലത്ത് കുമ്പിട്ടിരിക്കുന്നതാണ് കണ്ടത്.
”കിങ്കരന്മാര്‍ നമ്മുടെ ഗുരുവിന്റെ ദേഹം കണ്ടുപിടിച്ചു!”
ഒരു നിലവിളി പോലെയാണ് വൈഷ്ണവഭട്ട് പറഞ്ഞത്.
”അവര്‍ ഗുഹയില്‍നിന്ന് ദേഹം പുറത്തെടുത്തു.”
താഴ്‌വരയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഗരുഡാചലന്‍ ഗദ്ഗദത്തോടെ വിതുമ്പി: ”ഗുരുവിന്റെ ശരീരം ദഹിപ്പിക്കുന്നതിനായി അവര്‍ ചിത ഒരുക്കുകയാണവിടെ!”
”ഞങ്ങള്‍ ആ കിങ്കരന്മാരോട് പരമാവധി പൊരുതിനോക്കി. പക്ഷെ, അവര്‍ നാലു പേരുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഗുരുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.”
വൈഷ്ണവഭട്ട് കുറ്റബോധത്തോടെ പത്മപാദന്റെ മുഖത്തേക്കു നോക്കി. പത്മപാദന്‍ ഭട്ടിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പറഞ്ഞു:
”വിഷമിക്കണ്ട. നിങ്ങളെക്കൊണ്ടാവുന്ന കര്‍മ്മം നിങ്ങള്‍ നിര്‍വഹിച്ചു കഴിഞ്ഞു. വരൂ, നമുക്ക് അങ്ങോട്ട് പോകാം. ഗുരു ഈ പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.”
പത്മപാദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
താഴ്‌വരയിലേക്കിറങ്ങവെ, ചിതയ്ക്കു മുകളില്‍ അവര്‍ ഗുരുവിന്റെ ശരീരത്തെ കിടത്തിയിരിക്കുന്നത് കാണാനായി. തീ കൊളുത്തുവാനുള്ള കിങ്കരന്മാരുടെ പുറപ്പാടു കണ്ട് പത്മപാദനും കൂട്ടരും അതിവേഗം ചിതയിലേക്ക് ഓടിയടുക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കിങ്കരന്മാരില്‍ ഒരുവന്റെ തൊഴിയേറ്റ് പത്മപാദന്‍ നിലംപതിച്ചു. വൈഷ്ണവഭട്ട് കിങ്കരന്റെ തുടമേല്‍ ചവിട്ടി അയാളെ അവിടെ മറിച്ചിട്ടു. പെട്ടെന്ന് ഓടിയടുത്ത മറ്റൊരു കിങ്കരനെ ഭാനുമരീചി കഴുത്തില്‍ കൈമുറുക്കി ചുഴറ്റി നിലത്തെറിഞ്ഞു. വീണു കിടന്ന പത്മപാദന്‍ ഇടത്തോട്ടു ചരിഞ്ഞ് വലതുകൈ നിലത്തു കുത്തി എണീക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റൊരു കിങ്കരന്‍ അവിടേക്ക് ഓടിയടുത്ത് അദ്ദേഹത്തിന്റെ കഴുത്തിനുനേര്‍ക്ക് ശക്തിയായി കാലുകൊണ്ട് തൊഴിച്ചു. അതോടെ പത്മപാദന്‍ പൂര്‍ണമായി നിലംപറ്റി. അപ്പോഴേക്കും ഒരു കിങ്കരന്‍ ഗുരുവിന്റെ ചിതയ്ക്ക് തീ കൊളുത്തിക്കഴിഞ്ഞിരുന്നു!
”ശ്രീമത്പയോനിധിനികേതന ചക്രപാണേ
ഭോഗീന്ദ്രഭോഗ മണിരഞ്ജിതപുണ്യ മൂര്‍ത്തേ
യോഗീശ, ശാശ്വത, ശരണ്യ ഭവാബ്ധിപോത
ലക്ഷ്മീ നൃസിംഹ മമ ദേഹി കരാവലംബം.”
അഗ്നിനാളം വളര്‍ന്നുതുടങ്ങി. അഗ്നി വലുതായി. അഗ്നി ആകാശത്തേക്കുയര്‍ന്നു. പുകപടലങ്ങള്‍ മേഘമായി വളര്‍ന്നുപൊങ്ങി….
”അന്ധസ്യമേ ഹൃതവിവേകമഹാധനസ്യ
ചോരൈഃ പ്രഭോ ബലിഭിരിന്ദ്രിയനാമധേയൈഃ
മോഹാന്ധകൂപ കുഹരേ വിനിപാതിതസ്യ
ലക്ഷ്മീ നൃസിംഹ മമദേഹി കരാവലംബം”
അഗ്നി ശരീരത്തെ വിഴുങ്ങാന്‍ വായ് പിളര്‍ന്നു. പൊടുന്നനെ നരഹരിയുടെ കൃപയാല്‍ തീ കെട്ടു. ഞൊടിയിടകൊണ്ട് ചിതയില്‍നിന്നും ചാടി പുറത്തുവന്നു…
നിലത്തുവീണു കിടക്കുന്ന പത്മപാദന്റെ അരികിലേക്കാണ് ആദ്യം കുതിച്ചത്.
(തുടരും)