ഒരു പള്ളിയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല ഉണ്ടായത്. ബാബര്‍ പള്ളി പണിതത് ക്ഷേത്രം പൊളിച്ചാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയതുകൊണ്ടാണല്ലോ സുപ്രീം കോടതി അവിടെ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ഇപ്പോള്‍ മറ്റൊരു പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. അതോടെ മുഗളാധിപത്യത്തിന്റെ അവകാശികളായ ഒവൈസിമാര്‍ ആകെ അങ്കലാപ്പിലാണ്. ഹൈദരാബാദിലെ മജലിസ് നേതാവ് അസറുദ്ദീന് ഒവൈസിയുടെ ഉഷ്ണ സഞ്ചാരം കണ്ടാല്‍ കാര്യം പിടികിട്ടും. വാരണാസിയിലെ ജ്ഞാനവാപി പള്ളി പരിസരം വീഡിയോഗ്രാഫി ചെയ്യാനും അവിടെയുള്ള ശൃംഗാര്‍ ഗൗരി വിഗ്രഹം നില്ക്കുന്ന സ്ഥലം സര്‍വ്വേ ചെയ്യാനുമുള്ള വാരണാസി ജില്ലാ കോടതിയുടെ നിര്‍ദ്ദേശമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. 1991 വരെ ഹിന്ദുക്കള്‍ ആരാധിച്ചു വന്നിരുന്ന ശൃംഗാര്‍ ഗൗരിയുടെയും ഗണപതിയുടെയും ഹനുമാന്റെയുമൊക്കെ വിഗ്രഹങ്ങള്‍ അവിടെയുണ്ട്. 91ല്‍ അവിടെ തടയപ്പെട്ട ആരാധനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാരാണസിയിലെ ചില സ്ത്രീകള്‍ കോടതിയിലെത്തി. അവരുടെ വാദം കേട്ട ശേഷമാണ് കോടതി സര്‍വ്വേക്ക് ഉത്തരവിട്ടത്.
സര്‍വ്വേ നടന്നാല്‍ എന്ത് സംഭവിക്കുമെന്ന് ഒവൈസിക്ക് ഊഹിക്കാന്‍ കഴിയും. ആരാധന നടന്നുവരുന്ന വിഗ്രഹങ്ങളാണ് അവിടെ ഉള്ളതെന്നും അതു ക്ഷേത്രമാണെന്നും വീഡിയോ കണ്ടാല്‍ ആര്‍ക്കും ബോധ്യമാകും. തുടര്‍ന്ന് തടയപ്പെട്ട ആരാധനാ സ്വാതന്ത്ര്യം പുന:സ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടാല്‍ അയോദ്ധ്യയ്ക്കു പിന്നാലെ, തങ്ങള്‍ കയ്യടക്കി വെച്ച കാശിയും കൈവിട്ടുപോകും. പന്ത്രണ്ട് ജ്യോതിര്ലിംഗങ്ങളിലൊന്നാണ് കാശിയിലെ ജ്ഞാനവാപി ക്ഷേത്രം. അത് തകര്‍ത്താണ് ഔറംഗസീബ് പള്ളി പണിതത്. അവിടെ ക്ഷേത്രം തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കോടതിയുടെ മുമ്പിലിരിക്കയാണ്. 1947 ആഗസ്റ്റ് 15ലെ അവസ്ഥയില്‍ തന്നെ ആരാധനാലയങ്ങളെ നിലനിര്‍ത്തും എന്ന 1991ലെ പാര്‍ലമെന്റ് അംഗീകരിച്ച നിയമം കാരണം പള്ളിയാക്കിയ അമ്പലങ്ങളൊന്നും മാറ്റം കൂടാതെ നിര്‍ത്താം എന്നാണ് ഒവൈസിയും കൂട്ടരും സമാധാനിച്ചിരുന്നത്. ആ നിയമപ്രകാരം സര്‍വ്വേക്ക് അനുമതി നല്‍കരുത് എന്നാണ് ഒവൈസിയുടെ ആവശ്യം. രാജ്യവ്യാപകമായി കലാപമുണ്ടാക്കി അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തിന് വിലങ്ങിടാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അവിടെ ക്ഷേത്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത് അവര്‍ക്ക് വലിയ അടിയായി. അതിനു പിന്നാലെയാണ് കാശിയിലെ ക്ഷേത്ര പ്രശ്നവും ആരാധാനാവകാശവും ഉയര്‍ന്നുവരുന്നത്. കോടതിയുടെ സര്‍വ്വേ ഉത്തരവിനെതിരെ ഒവൈസി തീതുപ്പുകയാണ്. വര്‍ഗ്ഗീയ കലാപം ഉണ്ടാകും, ചോരപ്പുഴ ഒഴുകും എന്നൊക്കെയാണ് ഭീഷണി. നട്ടെല്ലില്ലാത്ത കോണ്‍ഗ്രസ് സര്‍ക്കാറല്ല യുപിയിലും കേന്ദ്രത്തിലുമുള്ളത് എന്ന് ഒവൈസിമാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.