സി.പി.എമ്മിന് അബദ്ധം പറ്റിയാല്‍ 50 വര്‍ഷം കഴിഞ്ഞ് തിരുത്തുമെന്നും അപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരുമെന്നും കേട്ടിട്ടുണ്ട്. ഇപ്പോള്‍ തിരുത്തലിന്റെയും മാപ്പു പറച്ചിലിന്റെയും കാലപരിധി കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹികരംഗത്തെ പുതിയ വാര്‍ത്തയും വര്‍ത്തമാനവും. 1942-ലെ ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റിക്കൊടുത്ത സി.പി.എം ചരിത്രം ‘ദ ഗ്രേറ്റ് ബിട്രേയല്‍’ എന്ന പുസ്തകത്തില്‍ അരുണ്‍ ഷൂരി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാകാലത്തും ഇത്തരം മണ്ടത്തരങ്ങളുടെയും നെറികേടുകളുടെയും കേദാരമായാണ് സി.പി. എം പ്രവര്‍ത്തിച്ചിട്ടുള്ളത്. ട്രാക്ടറും ടില്ലറും വരുമ്പോള്‍ തൊഴിലിനെ ബാധിക്കുമെന്ന് പറഞ്ഞ് അതിനെതിരെ സമരം നടത്തിയത് സി.പി.എം ആണ്. 1971 ല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തൊണ്ട് തല്ലാന്‍ യന്ത്രം ഏര്‍പ്പെടുത്താനുള്ള സംവിധാനം ഒരുക്കിയപ്പോള്‍ അതും തൊഴില്‍ദിനത്തെ ബാധിക്കുമെന്ന് പറഞ്ഞ് തുരങ്കം വെച്ചു. നൂറ് തൊണ്ട് തല്ലാന്‍ 10 പൈസ മാത്രം ചെലവുണ്ടായിരുന്ന ആ സംവിധാനം വേണ്ടെന്നു വെച്ചു. അതിന്റെ ഫലമോ, കയറിന്റെ യന്ത്രവത്കരണം വേണ്ടെന്നുവെച്ചതോടെ ചെലവു കുറഞ്ഞ കയര്‍ ഉല്‍പ്പന്നങ്ങള്‍ തേടി യൂറോപ്യന്‍ വിപണി തായ്‌വാനിലേക്കും ഇന്തോനേഷ്യയിലേക്കും ഒക്കെ പോയി. കഴിഞ്ഞില്ല, കമ്പ്യൂട്ടറിനെ എതിര്‍ത്ത് സമരം നടത്തിയവര്‍ ലാപ്‌ടോപ് ബാഗില്‍ വെടിയുണ്ടയുമായി പിടിക്കപ്പെട്ടപ്പോഴും കമ്പ്യൂട്ടറിനോടുള്ള എതിര്‍പ്പ് അവസാനിച്ചിരുന്നില്ല. കേരളത്തിലെ കാര്‍ഷിക ഗവേഷണ രംഗത്തെ ശാസ്ത്രവത്കരണവും യന്ത്രവത്കരണവും ആധുനികവത്കരണവും എതിര്‍ത്ത് തോല്‍പ്പിച്ചത് സി.പി.എം ആണ്. കാര്‍ഷികമേഖലയില്‍ മറ്റു സംസ്ഥാനങ്ങള്‍ നേടിയിട്ടുള്ള അസൂയാവഹമായ പുരോഗതിക്കു മുന്നില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യോല്പ്പന്നങ്ങള്‍ക്കായി ഉറക്കമിളച്ച് കാത്തിരിക്കുന്ന മലയാളിയെ കാണുമ്പോഴാണ് സി.പി.എം ചെയ്ത കൊടും ചതിയുടെ ആഴവും പരപ്പും നമുക്ക് ബോദ്ധ്യപ്പെടുക.
ഇപ്പോള്‍ ഏറ്റവും പുതിയ മാപ്പപേക്ഷ വാക്കുകൊണ്ട് പറഞ്ഞില്ലെങ്കിലും പ്രവൃത്തികൊണ്ടാണ് മലയാളികളോട് കാട്ടിയത്. നരേന്ദ്രമോദി എന്ന മുഖ്യമന്ത്രി ഗുജറാത്തില്‍ വികസനത്തിന്റെ ഏറ്റവും ഉന്നതമായ മാനങ്ങള്‍ പടുത്തുയര്‍ത്തുമ്പോഴും അതിനെ പരമപുച്ഛത്തോടെ കാണുകയായിരുന്നു സി.പി.എമ്മും പിണറായി വിജയനും ബദ്ധശത്രുവായ വി.എസ് അച്യുതാനന്ദനുമൊക്കെ. ബാക്കി എല്ലാ കാര്യങ്ങളിലും ഒരു ഉളുപ്പുമില്ലാതെ പരസ്യ ശണ്ഠയ്ക്ക് മുതിര്‍ന്നിരുന്ന പിണറായിയും വി.എസ്സും മോദി വിരോധത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. മോദിയെ കുറിച്ച് എന്ത് ആഭാസത്തരം പറയാനും അധിക്ഷേപിക്കാനും രണ്ടുപേര്‍ക്കും നൂറ് നാവായിരുന്നു. 2013 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിലെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി വന്നതിനെതിരെ വി.എസ്സും പിണറായിയും ഒരേപോലെയാണ് രംഗത്തുവന്നത്. മോദിയോടൊപ്പം വേദി പങ്കിടാനോ മോദിയെ കാണാനോ ഇവരാരും തയ്യാറായില്ല. ആളുകളോട് എങ്ങനെ പെരുമാറണം എന്ന് നന്നായിട്ട് അറിയാവുന്നതുകൊണ്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാവിലെ തന്നെ ശിവഗിരിയിലെത്തി സ്ഥലം കാലിയാക്കി. നരേന്ദ്രമോദി വരുന്നത് ശിവഗിരിയുടെ മതേതര കാഴ്ചപ്പാടിന് കളങ്കമാണെന്നായിരുന്നു പിണറായിയും വി.എസ്സും ആവര്‍ത്തിച്ച് വാദിച്ചത്. ശ്രീനാരായണഗുരുദേവന്‍ കേരളം കണ്ട ഏറ്റവും ശ്രേഷ്ഠനായ സന്യാസി മാത്രമായിരുന്നില്ല, ഹിന്ദു നവോത്ഥാനത്തിനും അനാചാരമുക്തമായ ഹിന്ദു സമൂഹത്തിനും അടിത്തറയിട്ട നവോത്ഥാന നായകും കൂടിയായിരുന്നു. ഭാരതീയ ഋഷിവര്യന്മാരെ പോലെയോ വേദേതിഹാസങ്ങളിലും വേദാന്തത്തിലും ഉണ്ടായിരുന്ന സാരസംഗ്രഹം തന്നെയാണ് ഗുരുദേവന്‍ മുന്നോട്ട് വെച്ചത്. അത് എന്താണെന്ന് മനസ്സിലാക്കാന്‍ പിണറായിക്കും അച്യുതാനന്ദനും കഴിയാതിരുന്നത് പഠിപ്പിന്റെ കുറവുകൊണ്ടാണെന്ന് കരുതുന്നില്ല. അന്ന് പിണറായി നരേന്ദ്രമോദി ശിവഗിരിയില്‍ വരുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കാന്‍ തന്റേടം കാട്ടിയത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.അശോക് ആയിരുന്നു. അശോകിന് എതിരെ സര്‍വ്വീസ് ചട്ടം ലംഘിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തത് ചരിത്രം.
കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇപ്പോള്‍ സര്‍വ്വീസിലുള്ള ബി.അശോകിന്റെ കാലത്തു തന്നെ ചരിത്രം അതിന്റെ കാവ്യനീതി ആവര്‍ത്തിച്ചു. ഒരിക്കല്‍ പിണറായിയും അച്യുതാനന്ദനും അവഗണിച്ച നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. പൂച്ചെണ്ടും മായാത്ത പുഞ്ചിരിയുമൊക്കെയായി അദ്ദേഹത്തെ കാണാന്‍ സമയം ചോദിച്ച് പോകേണ്ട ഗതികേടിലേക്ക് പിണറായി വിജയന്‍ എത്തി. ഇപ്പോള്‍ വീണ്ടും അടുത്ത അടി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു തന്നെ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു, ഗുജറാത്തില്‍ പോയി ഭരണമാതൃക പഠിച്ചുവരാന്‍. അമേരിക്കയില്‍ പോകുന്നതിന് മുന്‍പ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വി.പി.ജോയിയും സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ.ഉമേഷും ഗുജറാത്തിലെത്തി അവിടത്തെ പദ്ധതി ഏകോപനരീതി പഠിച്ചു. അവിടത്തെ ചീഫ് സെക്രട്ടറി നല്‍കിയ പ്രസന്റേഷന്‍ കണ്ടു. മോദി വിഭാവനം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്തിലെ പദ്ധതി ഏകോപനരീതി രാജ്യം എക്കാലത്തും കണ്ട ഏറ്റവും മികച്ച ഭരണനിര്‍വ്വഹണരീതിയാണെന്ന് വി. പി.ജോയ് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പണ്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വി.പി.ജോയിക്ക് മോദി എന്താണെന്നും മോദിയുടെ രീതി എന്താണെന്നും ആരും പറയാതെ നന്നായി അറിയാം. പിണറായിയുടെ മുഖം കറുക്കുന്നതോ ചുവക്കുന്നതോ നോക്കാതെ ഗുജറാത്ത് മാതൃകയെ ജോയ് മുക്തകണ്ഠം പ്രശംസിച്ചതോടെ മറ്റൊരു കെട്ടുകഥ കൂടി പൊളിഞ്ഞുവീഴുകയായിരുന്നു.
മോദി മോശക്കാരനാണെന്ന 2013 ലെ കെട്ടുകഥ നേരത്തെ തന്നെ പൊളിഞ്ഞുവീണതാണ്. വി.പി.ജോയിയുടെ പ്രസ്താവനയോടെ കേരളമാണ് നമ്പര്‍ വണ്‍, കേരളം മാത്രമാണ് നമ്പര്‍ വണ്‍ തുടങ്ങിയ പിണറായിയുടെയും പരിവാരങ്ങളുടെയും ചെണ്ടയടി കൂടി നിലംപൊത്തി. ഗുജറാത്തിലെ മുഖ്യമന്ത്രി പദ്ധതി ഏകോപിപ്പിക്കാന്‍ നടപ്പിലാക്കിയിട്ടുള്ള ‘സി എം ഡാഷ്‌ബോര്‍ഡ്’ പദ്ധതിയെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും ഗുജറാത്തിലെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിക്കായി തയ്യാറാക്കിയ ഡാഷ് ബോര്‍ഡില്‍ സര്‍ക്കാരിന്റെ 20 മേഖലകളിലെ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും പുരോഗതി ഒറ്റ നോട്ടത്തില്‍ അറിയാം. വിവിധ വകുപ്പുകളിലെ വിവരങ്ങള്‍ ശേഖരിച്ച് ഗ്രാഫുകളുടെയും ചാര്‍ട്ടുകളുടെയും സഹായത്തോടെ ഡിജിറ്റല്‍ ദൃശ്യാവിഷ്‌ക്കാരമാണ് തയ്യാറാക്കുന്നത്. ഇതൊരു ഐ.ടി സോഫ്റ്റ്‌വെയറാണ്. ഓരോ പദ്ധതിയുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ മൂവായിരത്തോളം സൂചികകളാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഇതുവഴി മുഖ്യമന്ത്രിക്ക് വകുപ്പുകളുടെയും ജില്ലകളുടെയും പ്രവര്‍ത്തനം ഏതാനും മിനിറ്റുകള്‍ കൊണ്ടുതന്നെ വിലയിരുത്താന്‍ കഴിയും. ഒപ്പം പദ്ധതികളുടെ നിര്‍വ്വഹണം എത്രത്തോളമായി എന്നതും ഒറ്റ നോട്ടത്തില്‍ തന്നെ അറിയാം. ജനങ്ങളുടെ പ്രതികരണങ്ങളും പരാതികളും അറിയാനുള്ള സംവിധാനവും ഇതില്‍ തന്നെയുണ്ട്. പദ്ധതികളുടെ ഗുണഭോക്താക്കളോടും താഴെത്തട്ടിലുള്ള ഓഫീസര്‍മാരോടും മുഖ്യമന്ത്രിക്ക് നേരിട്ട് സംവദിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
കഴിഞ്ഞതവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തിയപ്പോള്‍ ഈ സംവിധാനത്തെ കുറിച്ച് പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞതാണ്. 2018 മുതല്‍ ഘട്ടം ഘട്ടമായി വികസിപ്പിച്ച ഈ പദ്ധതി മറ്റു പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിക്കഴിഞ്ഞു. ഇതിനെ ഒരു വിജയമാതൃകയായി നീതി ആയോഗും ചൂണ്ടിക്കാട്ടിയിരുന്നു. നമ്പര്‍ വണ്‍ കേരളത്തില്‍ നിന്ന് തലയില്‍ മുണ്ടിട്ടു പോയി രഹസ്യമായി പഠിക്കാന്‍ ചീഫ് സെക്രട്ടറിക്ക് താല്പര്യമില്ലാത്തതു കൊണ്ടായിരിക്കാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉത്തരവ് വാങ്ങി ഗുജറാത്തില്‍ പോയത്. നേരത്തെ ഗുജറാത്ത് മോഡല്‍ ഭരണം മികച്ചതാണെന്നു പറഞ്ഞ രണ്ടുപേരുടെ അനുഭവങ്ങള്‍ കൂടി നമ്മുടെ മുന്നിലുണ്ട്. ആദ്യത്തെ ആള്‍ എ.പി അബ്ദുള്ളക്കുട്ടിയായിരുന്നു. വികസനകാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ മാതൃകയാക്കണമെന്ന് പറഞ്ഞതിനാണ് 2009 ല്‍ സി.പി.എമ്മില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. ഗുജറാത്ത് മാതൃകയെ പ്രകീര്‍ത്തിച്ചതിനാണ് 2019 ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും അബ്ദുള്ളക്കുട്ടി പുറത്തായത്. ഗുജറാത്തിലേക്ക് ആളെ അയച്ചപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം രസകരമായിരുന്നു. പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നു എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായിരിക്കുമ്പോള്‍ 2013 ല്‍ ഷിബു ബേബിജോണ്‍ ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോയതും വിവാദമായി. ഗുജറാത്തില്‍ നടപ്പിലാക്കിയിട്ടുള്ള തൊഴില്‍ നൈപുണ്യ വികസനമാതൃക പഠിക്കാനും പുതിയ തൊഴിലവസരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് മനസ്സിലാക്കാനുമാണ് ഷിബു പോയത്. നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കേരളത്തില്‍ ഇതെങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആരായുകയും ചെയ്തു. പ്രശ്‌നം ഇടതുപക്ഷമാണ് കേരളത്തില്‍ അന്ന് വിവാദമാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷിബുവിനോട് വിശദീകരണം തേടി. കൂടിക്കാഴ്ച തെറ്റായിപ്പോയെന്ന് വിശദീകരണം നല്‍കിയാണ് ഷിബു മന്ത്രിസ്ഥാനം നിലനിര്‍ത്തിയത്. അന്ന് ഇങ്ങനെ മോദിക്കെതിരെ പടയൊരുക്കം നടത്താന്‍ ഇരു മുന്നണികളും ഒരേ തൂവല്‍പ്പക്ഷികളായിരുന്നു. കാലം നല്‍കിയ മറുപടി കരണത്തേറ്റുവാങ്ങാന്‍ പിണറായിക്ക് അല്പം പോലും മടിയുണ്ടായില്ല എന്നത് ഇന്ന് കേരളം കാണുന്നു. അഴിമതിയില്ലാത്ത സദ്ഭരണം ജനങ്ങള്‍ക്ക് നല്‍കി ഭാരതം മാത്രമല്ല, ലോകം മുഴുവന്‍ ആദരിക്കുന്ന നേതാവായി നരേന്ദ്രമോദി ഉയരുമ്പോള്‍ സ്വന്തം പഞ്ചായത്തില്‍ പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് പിണറായി എത്തുന്നത് എന്ന കാര്യവും നമ്മള്‍ തിരിച്ചറിയണം. എല്ലാവരേയും എല്ലാകാലവും കബളിപ്പിക്കാനാകില്ല.