പശ്ചിമ ബംഗാളില്‍ രണ്ടു മമത ബാനര്ജിമാരുണ്ട്. ഒന്ന് മുഖ്യമന്ത്രി മമത; രണ്ട് ആഭ്യന്തരമന്ത്രി മമത. കണ്ടാല്‍ രണ്ടും ഒരാളെന്നേ തോന്നൂ. ഫലത്തില്‍ രണ്ടും രണ്ടാണ്. ചില സിനിമയില്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന നടന്മാരെ കണ്ടിട്ടില്ലേ, അതുപോലെ. കാണികള്‍ രണ്ടും രണ്ടെന്ന് കരുതിക്കൊള്ളണം. മുഖ്യമന്ത്രി മമത ബാനര്‍ജി ഇയ്യിടെ ആഭ്യന്തരമന്ത്രി മമതയെ കണക്കിന് ശകാരിച്ചു. രാംപൂര്‍ ഹട്ട് സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി നടപടിയെടുക്കാത്തതിനായിരുന്നു ശാസന. പോലീസ് തക്ക സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഒമ്പതു പേര് കൊല്ലപ്പെടില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേപോലെ റാണാഘട്ടിലെ ലൈംഗിക പീഡനം മൂടി വെച്ചതും പോലീസായിരുന്നു. റാണാഘട്ട് എസ്.പിയേയും മുഖ്യമന്ത്രി മമത വിരട്ടി. ഈ രണ്ടു പോലീസ് ഉദ്യോഗസ്ഥരേയും ഭരിക്കുന്നത് ആഭ്യന്തരമന്ത്രി മമത തന്നെ. മലര്‍ന്നു കിടന്ന് മുഖ്യമന്ത്രി മമത ആഭ്യന്തരമന്ത്രി മമതയുടെ മുഖത്തേക്ക് തുപ്പി.
യു.പിയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും മൃതദേഹം പെട്ടെന്ന് സംസ്കരിച്ചപ്പോഴും എന്തൊരു ബഹളമായിരുന്നു. സമാന സംഭവം ബംഗാളിലുണ്ടായപ്പോള് ആരുടെയും ചോര തിളച്ചില്ല; അങ്ങോട്ട് തിരിഞ്ഞു പോലും നോക്കിയില്ല. ഒമ്പതുപേരെ തീയിട്ടു കൊന്ന സംഭവത്തില്‍ രണ്ടുപക്ഷത്തും തൃണമൂലുകാരായതിനാല് മമത പോലീസിനെ പഴിച്ച് രാഷ്ട്രീയ നാടകം കളിക്കുകയാണ്. ഹൈക്കോടതി ഈ കേസ് സി.ബി.ഐക്ക് ഏല്പിച്ചു കൊടുത്തപ്പോഴാണ് മമത മലക്കംമറിഞ്ഞത്. ബി.ജെ.പി.പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ്സില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ബംഗാളിനു ചുറ്റും ലക്ഷ്മണ രേഖ വരച്ച് സി. ബി.ഐയെ തല്ലിയോടിക്കാന്‍ വടിയുമെടുത്തു നിന്ന ദീദിയ്ക്ക് ഹൈക്കോടതിയുടെ വിധിക്കു മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നു.