മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ കെ.പി.സി.സിയുടെ പച്ചക്കാര്ഡില്ലാതെ പങ്കെടുത്ത കോണ്‍ ഗ്രസ് നേതാവ് കെ.വി.തോമസിനെ കെ.സുധാകരന് മൂക്കു നുള്ളി വിഴുങ്ങിക്കളയും എന്നല്ലേ നാമൊക്കെ കരുതിയത്. സെമിനാറിലും പങ്കെടുത്ത് കെ-റെയിലിനും പിന്തുണ കൊടുത്ത് തോമസ് മാസ്റ്റര്‍ കോണ്‍ഗ്രസ്സിനകത്ത് സസുഖം വാഴുന്നു. ആര്‍ക്കും ഒരു പ്രശ്നവുമില്ല. അപ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ചക്കളത്തിപ്പോര് ആരെ പറ്റിക്കാനായിരുന്നു? സാക്ഷരതയിലും രാഷ്ട്രീയ ബോധത്തിലും ഒന്നാം കിട എന്നു വിശ്വസിക്കുന്ന മലയാളിയെ കബളിപ്പിക്കാന്‍.
പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യശത്രുവായ ബി.ജെ.പിയെ തോല്പിക്കാനുള്ള നയം രൂപീകരിക്കാനായിരുന്നു കണ്ണൂരില്‍ ചേര്‍ന്നത്. ചര്‍ച്ച ചെയ്തതും അതു തന്നെ. സ്വാഭാവികമായും മുഖ്യ ശത്രു മുഖ്യ പ്രതിപക്ഷസ്ഥാനത്തു വരണം. ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്നും അതിനെ എതിര്‍ക്കാന്‍ സഹായിക്കേണ്ട സഖ്യകക്ഷിയാണ് കോണ്‍ഗ്രസ് എന്നുമാണ് ഇരു കൂട്ടരുടെയും ദേശീയ നിലപാട്. ഇക്കാര്യം കേരളത്തില്‍ പരസ്യമായി പറയാന്‍ സി.പി. എമ്മും കോണ്‍ഗ്രസ്സും തയ്യാറല്ല. തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ഏക സീറ്റ് ഇല്ലാതാക്കാന്‍ ഇടതും വലതും ചേര്‍ന്നു കളിച്ച ചക്കളത്തി പോരിന്റെ ആവര്‍ത്തനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ കണ്ണൂരില്‍ കണ്ടത്. ജനശ്രദ്ധ മുഴുവന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറിലേക്ക് കൊണ്ടു വന്നു. ബി.ജെ.പി വിരോധത്തില്‍ തങ്ങളാണ് കേമന്മാര് എന്നു വിളിച്ചു കൂവി തങ്ങളുടെ പ്രകടനങ്ങളില്‍ കണ്ണഞ്ചിപ്പിച്ചു നിര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കി. അതേസമയം കേരള രാഷ്ടീയത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും അവര്‍ ഓഹരി വെച്ചെടുത്തു. ഒന്നാം മന്മോഹന് സര്‍ക്കാരിന്റെ ഭരണപക്ഷവും പ്രതിപക്ഷവും കോണ്‍ഗ്രസ്സും സി.പി. എമ്മും ഓഹരി വെച്ചെടുത്ത പോലെ. എല്ലാം കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണന് സഖാവും കെ.സുധാകരനും നല്ല അയല്ക്കാരാവുകയും ചെയ്തു. ഇനി തോമസ് മാഷ്ക്ക് മികച്ച അഭിനയത്തിന് ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക കമ്മറ്റി എന്ത് അവാര്‍ഡ് പ്രഖ്യാപിക്കും എന്നേ കാണാനുള്ളൂ.