അനുയായികളോടൊപ്പം മണ്ഡനമിശ്രന്റെ മന്ദിരത്തില്‍ നിന്ന് മടങ്ങി. രേവാനദിക്കരയിലൂടെ നടക്കുമ്പോള്‍ ഗണങ്ങളില്‍ ചിലര്‍ ഇടയ്ക്കിടെ പല സംശയങ്ങളും ചോദിച്ച് മൗനത്തിന്റെ പ്രശാന്തതയെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി. അവരോട് ദൃക്ദൃശ്യ വിവേകത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ചിലത് സംസാരിച്ചു:
”ശ്രേയശ്ച പ്രേയശ്ച മനുഷ്യമേതഃ
തൌസംപരീത്യവിവനക്തിധീരാഃ””
”കഠോപനിഷത്തില്‍ പറയുന്നു: ശ്രേയസ്സും പ്രേയസ്സും മനുഷ്യന്റെ മുന്നിലേക്കു വന്നുകൊണ്ടിരിക്കുന്നു. അറിവുളള വ്യക്തി അയാള്‍ ധീരനാണെങ്കില്‍ നല്ലപോലെ ചിന്തിച്ച് ശ്രേയസ്സിനെയും പ്രേയസ്സിനെയും വേര്‍തിരിക്കുന്നു. ഇതിന് വിവേകം ആവശ്യമുണ്ട്; അതായത് തിരിച്ചറിയാനുളള കഴിവ്. അങ്ങനെ വിവേകമുളളയാള്‍ ശ്രേയസ്സിനു പ്രാധാന്യം നല്‍കുന്നു. ധര്‍മ്മവും അധര്‍മ്മവും തിരിച്ചറിയാന്‍ പ്രയാസമാണ്. നമ്മുടെ ശരീരത്തില്‍ ദൃശ്യവും ദ്രഷ്ടാവും ഒന്നായിട്ടെന്നപോലെയാണിരിക്കുന്നത്. ദൃശ്യത്തെ ദര്‍ശിക്കുമ്പോള്‍ ദ്രഷ്ടാവിനെ കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് അന്വേഷണം സുക്ഷ്മമാകേണ്ടതുണ്ട്. ഒരു നടി തന്റെ നാടകത്തില്‍ ഒരു ദു:ഖരംഗം അവതരിപ്പിക്കുമ്പോള്‍ അത് തന്റെ യഥാര്‍ത്ഥ അനുഭവമാണെന്ന് വിശ്വസിച്ചാല്‍ അവര്‍ക്ക് എന്നും ദു:ഖിക്കേണ്ടി വരും. എന്നാല്‍ തന്റെ ശരിക്കുമുളള ജീവിതാവസ്ഥ അതല്ല എന്ന് തിരിച്ചറിഞ്ഞ് അഭിനയിച്ചാല്‍ ആ ദു:ഖാഭിനയത്തിലും അവര്‍ സുഖം കണ്ടെത്തുന്നു!”
”നാം നമ്മെക്കുറിച്ച് ശരിയായി അറിയാത്തതുകൊണ്ടാണ് അനന്തമായി ദു:ഖിക്കേണ്ടിവരുന്നത്. നാം എന്താണെന്നും നമ്മുടെ യഥാര്‍ത്ഥ സ്വരൂപം എന്താണെന്നും ബോധിക്കുന്നതോടുകൂടി സകല ദു:ഖങ്ങളും എന്നന്നേക്കുമായി അപ്രത്യക്ഷമാകുകയായി. കഴിഞ്ഞ എത്രയോ ജന്മങ്ങളിലെ വിഷയാനുഭവങ്ങളുടെ സംസ്‌കാരമാണ് നമ്മുടെ മനസ്സിനുളളത്. മനസ്സിനെ പഴിചാരിയിട്ട് കാര്യമില്ല. മനസ്സിന് സൂക്ഷ്മമായി സുഖത്തെ അറിയാനുളള കഴിവില്ല എന്നത് സത്യമാണ്. മനസ്സിന്റെ ഉത്ഭവത്തെക്കുറിച്ചു അന്വേഷിക്കുമ്പോള്‍ മനസ്സ് മറയുന്നതായിട്ട് കാണാം. മനസ്സിലെ ചിന്തകളെ നിരീക്ഷിക്കുമ്പോള്‍ ചിന്തകള്‍ മാഞ്ഞു പോകുന്നു. എല്ലാവരുടെയും മനസ്സിന്റെ ചിന്താശക്തി ഒരുപോലെയല്ല. വേദാന്തചിന്തയിലേക്കു പോകാന്‍ ലക്ഷ്യബോധമില്ലാത്ത മനസ്സ് തുടക്കത്തില്‍ നമ്മെ അനുവദിക്കില്ല. ഇനി അനുവദിച്ചാല്‍ത്തന്നെ അതില്‍ പുരോഗതി പ്രാപിക്കുവാന്‍ തടസ്സങ്ങള്‍ ഒട്ടേറെയുണ്ട്. ഇനി അഥവാ ശ്രമം തുടര്‍ന്ന് തടസ്സങ്ങള്‍ നീങ്ങിയാല്‍ മനനത്തിന് അനുവദിക്കില്ല. ഇനി മനനം സാധ്യമായാല്‍ത്തന്നെ അനുഭവത്തിനുവേണ്ടി ശ്രമിക്കില്ല. മനസ്സിന്റെ ഇങ്ങനെയുളള വിലാസത്തിനെയാണ് മായ എന്ന് പറയുന്നത്. അതിനാല്‍ നാം ഒരിക്കലും മായയുടെ വിലാസത്തിന് വിളനിലമാകാതെ ശ്രദ്ധിക്കുക…”
അടുത്തദിവസം രാവിലെ വീണ്ടും മണ്ഡനമിശ്രന്റെ വാദസഭയിലേക്ക്… കഴിഞ്ഞ വാദത്തിന്റെ തുടര്‍ച്ചയായി ഇനി മണ്ഡനന്റെ ഊഴമാണെന്ന് ഉഭയഭാരതി അറിയിപ്പ് നല്‍കി. മണ്ഡനന്‍ തന്റെ പ്രസ്താവന നിരത്തി:
”ഭേദം അന്യോന്യാഭാവരൂപമാണ്. അഭാവം വിശേഷണമാകാം. ഞാന്‍ എന്നത് ജീവനാണ്. ഞാന്‍ ഈശ്വരഭിന്നനാണ് എന്ന് തോന്നുന്നുണ്ട്. ഈ ഭേദം ജീവാത്മാവിന്റെ വിശേഷണമായിട്ടാണ് തോന്നുന്നതും. ഈ വിശേഷണതയാണ് ഭേദപ്രത്യക്ഷ ജ്ഞാനത്തില്‍ ബന്ധം എന്ന് ആവരുതോ?””
അതിനെ ഖണ്ഡിച്ചു:
”ഇന്ദ്രിയങ്ങള്‍ക്ക് ബന്ധം വിഷയങ്ങളോടു മാത്രമാണ്; ആത്മാവിനോടല്ല. കേവല വിശേഷണത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞുകൂടാ.””
മണ്ഡനന്‍: ”ചിത്തവും ആത്മാവും ദ്രവ്യങ്ങളാണ്. അതിനാല്‍ ഗുണങ്ങള്‍ക്ക് ആശ്രയങ്ങളുമാണ്. ആ സ്ഥിതിക്ക് മനസ്സിന് ആത്മാവില്‍ സംയോഗ ബന്ധമുണ്ടാകുന്നതിന് വിരോധമില്ല.”
”മനസ്സ് ഇന്ദ്രിയമല്ല; ഒരു ദീപംപോലെ ഇന്ദ്രിയങ്ങള്‍ക്ക് സഹായകമാണെന്നുമാത്രം.””ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്ഥാ അര്‍ത്ഥേഭ്യശ്ചപരം മനഃ’ എന്നാണ് പ്രമാണം. ”മനഃഷഷ്ഠാണീന്ദ്രിയാണി” എന്നതിന് മനസ്സ് ഇന്ദ്രിയമാണെന്ന് അര്‍ത്ഥമില്ല.”
മണ്ഡനന്‍: ”ജീവേശ്വരഭേദജ്ഞാനം ഇന്ദ്രിയജന്യമല്ലെങ്കില്‍ അത് സാക്ഷി സ്വരൂപമാണ് എന്നു പറയാം. എങ്ങനെയായാലും ജീവേശ്വരന്മാര്‍ക്ക് ഭേദമില്ലെന്നു ബോധിപ്പിക്കുവാന്‍ തത്ത്വമസി തുടങ്ങിയ വാക്യങ്ങള്‍ക്കു കഴിവില്ല.”
”സാക്ഷിസ്വരൂപമായ ഈ പ്രത്യക്ഷജ്ഞാനം തന്നെയാണ് അവിദ്യായുക്തനായ ജീവനും മായായുക്തനായ ഈശ്വരനും തമ്മില്‍ ഭേദമുണ്ടെന്ന് ബോധിപ്പിക്കുന്നത്. ശ്രുതിയാകട്ടെ അവിദ്യ, മായ എന്നീ ഉപാധികള്‍ വേര്‍പെട്ട ശുദ്ധന്മാരായ ജീവേശ്വരന്മാരുടെ അഭേദം ബോധിപ്പിക്കുന്നു. ശ്രുതിയും പ്രത്യക്ഷജ്ഞാനവും ഭിന്നാശ്രയമാകയാല്‍ വിരോധമില്ല. വിരോധമുണ്ടെങ്കില്‍ത്തന്നെ ശ്രുതിക്കാണ് പ്രാബല്യം.”
മണ്ഡനന്‍: ”ജീവന്‍ ബ്രഹ്‌മത്തില്‍നിന്ന് ഭിന്നനാണെന്ന് അനുമാനം കൊണ്ടു സാധിക്കാവുന്നതാണ്. ജീവന്‍ അസര്‍വ്വജ്ഞനാകയാല്‍ ബ്രഹ്‌മത്തില്‍ നിന്നും ഭിന്നനാണ്.””
മണ്ഡനനോടു ചോദിച്ചു: ”ബ്രഹ്‌മത്തില്‍ നിന്നുളള ഭേദം പരമാര്‍ത്ഥമോ അതോ കല്പിതമോ?”
അദ്ദേഹം ഒന്നും മിണ്ടിയില്ല.
”ശരി, പരമാര്‍ത്ഥമാണെങ്കില്‍ അനുമാനത്തിലെ ദൃഷ്ടാന്തത്തിനു ഹാനിയുണ്ട്; കാരണം സര്‍വ്വജ്ഞത്വവും അസര്‍വ്വജ്ഞത്വവും ജ്ഞത്വം തന്നെയില്ലാത്ത ഘടാദികളില്‍ ഇല്ല. കാല്പനികമാണെങ്കില്‍ സമ്മതം തന്നെ. വ്യാവഹാരികഭേദം കാല്പനികമാണെന്നത്രെ നമ്മുടെ അഭിപ്രായവും.”
മണ്ഡനന്‍: ”തത്പദാര്‍ത്ഥമായ ബ്രഹ്‌മത്തെ അപേക്ഷിച്ചുളളതും സ്വജ്ഞാനം കൊണ്ടു ബാധ്യമാകാത്തതും ആയ ഭേദമാണ് ഞാനുദ്ദേശിക്കുന്നത്.”
”അങ്ങനെയെങ്കില്‍ സ്വജ്ഞാനം എന്നതിലെ സ്വശബ്ദം സൂചിപ്പിക്കുന്നത് സുഖദു:ഖാദിയുക്തനായ ആത്മാവോ, സുഖാദികള്‍ ഒന്നുംതന്നെ ഇല്ലാത്തവനോ? ആദ്യം പറഞ്ഞതാണെങ്കില്‍ ആ ഉണ്മയുടെ സ്വജ്ഞാനംകൊണ്ട് സാധ്യമാകാത്തതാണ് ഈ വ്യാവഹാരികഭേദം എന്ന് നമുക്കും സമ്മതമാണ്. ഇനി സുഖാദികളൊന്നും ഇല്ലാത്ത ഉണ്മയാണെങ്കില്‍ പിന്നെയും ദൃഷ്ടാന്ത ഹാനിയുണ്ട്. ആത്മജ്ഞാനം കൊണ്ട് ബാധിക്കുവാന്‍ കഴിയാത്ത ഭേദമേയില്ല. ഘടാദികളില്‍ സ്വജ്ഞാനത്തോടുളള ബാധ്യത്വം വ്യാപിക്കാത്തതുകൊണ്ട് ഹേതു വ്യപ്യത്വാ സിദ്ധമാകുകയും ചെയ്യുന്നു.”
മണ്ഡനന്‍: ”ഈ അനുമാനത്തില്‍ ഉദ്ദേശിക്കുന്നത് ഉപാധികളൊന്നുമില്ലാത്ത ഭേദത്വമാണ്. സുഖദു:ഖങ്ങളില്ലാത്ത ആത്മാവാണെങ്കില്‍ അവിദ്യാകാര്യമായ ഉപാധിയില്ലാത്തതിനാല്‍ ഭേദം നിരുപാധികമാകും. അപ്പോള്‍ ദൃഷ്ടാന്തഹാനിയില്ല. ”തത് ബ്രഹ്‌മ നിരൂപിത സ്വജ്ഞാനാബാധ്യ അനൗപാധിക ഭേദവത്വം.”
”വ്യാപ്യത്വാസിദ്ധി പിന്നെയും വന്നു ചേരും. കാരണം സാധ്യ വ്യാപകത്വമുണ്ടെങ്കിലും സാധനവ്യാപകത്വമില്ല. ഘടേശഭേദത്തില്‍ അവിദ്യ എന്ന ഉപാധിയില്ലാത്തതിനാല്‍ അത് അനൗപാധികമാണെന്ന് പറയുവാന്‍ പാടില്ല.”
മണ്ഡനന്‍: ”ബ്രഹ്‌മപക്ഷത്തിലുളള അനുമാനവും ചൂണ്ടിക്കാണിക്കാം. സംസ്‌കൃതി ശൂന്യത്വം ഹേതുവാകയാല്‍ ബ്രഹ്‌മത്തില്‍ ധര്‍മിപ്രമകൊണ്ട് ബാധിക്കുവാന്‍ കഴിയാത്ത ശരീരഭേദം ഉണ്ട്. ബാധിക്കാനാവാത്ത വിഗ്രഹഭേദം ബ്രഹ്‌മത്തിലുമുണ്ട്.”
”ബ്രഹ്‌മത്തില്‍ ശരീരം കൊണ്ടുളള ഭേദം സര്‍വ്വധര്‍മിപ്രമയാല്‍ ബാധിക്കാത്തതാണെന്നു പറയുവാന്‍ പാടുളളതല്ല. കാരണം ദൃഷ്ടാന്തത്തിന് വേറെ ധര്‍മിയില്ലാത്തതിനാല്‍ ദൃഷ്ടാന്തഹാനി വരും. ഒരു ധര്‍മിജ്ഞാനത്താല്‍ മാത്രം ബാധിക്കാത്തതാണെങ്കില്‍ സിദ്ധസാധനത്വം എന്ന ദോഷം സംഭവിക്കും. ധര്‍മി എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്ന ബ്രഹ്‌മം സഗുണമോ നിര്‍ഗുണമോ? ആദ്യപക്ഷം നമുക്കും സമ്മതമാണ്. നിര്‍ഗുണന്‍ ധര്‍മിയാണെങ്കില്‍ നിര്‍ഗുണബ്രഹ്‌മം പ്രമാണജ്ഞാനത്തിന് വിഷയമായതോ വിഷയമാകാത്തതോ? അപ്രമിതമാണെങ്കില്‍ ആശ്രയാസിദ്ധിദോഷം വരും. പ്രമിതമാണെന്ന് പറഞ്ഞാല്‍ ശ്രുതികോപവും.””
ഉടന്‍ മണ്ഡനന്‍ വാദിച്ചു, അതില്‍ ശ്രുതികോപമുണ്ടെന്ന്:
‘ദ്വാ സുപര്‍ണാ’’ എന്ന ശ്രുതികൊണ്ട് ജീവേശ്വരന്മാര്‍ക്കുളള ഭേദം പ്രതിപാദിച്ചിരിക്കുന്നു. ഇത് ജീവേശ്വരൈക്യത്തിന് ബാധകമാണ്.””
”ഐക്യശ്രുതിയെ ബാധിക്കുവാന്‍ ഭേദശ്രുതിക്ക് പ്രാമാണ്യമില്ല. അജ്ഞാതമായ അര്‍ത്ഥത്തെ പ്രതിപാദിക്കുന്നു എന്ന നിലയ്ക്കാണ് ശ്രുതിയുടെ പ്രാമാണ്യം.”
മണ്ഡനന്‍: ”ക്ഷേത്രജ്ഞ ചാപിമാംവിദ്ധി സര്‍വ്വ ക്ഷേത്രേഷു ഭാരത” എന്ന ഗീതാവാക്യത്തിന് ”തത്ത്വമസി” എന്ന ശ്രുതിവാക്യം പ്രമാണമായിരിക്കുന്നതുപോലെ പ്രത്യക്ഷസിദ്ധമായ ഭേദത്തിന് ഈ ഭേദശ്രുതി പ്രമാണമാണെന്ന് സമ്മതിക്കേണ്ടതാണ്.””
”വേദജ്ഞന്മാരാല്‍ സ്മരിക്കപ്പെട്ട അര്‍ത്ഥത്തിനല്ല, അവരാല്‍ സ്മരിക്കപ്പെടുവാനുളള അര്‍ത്ഥങ്ങള്‍ക്കാണ് പ്രാമാണ്യം. അപ്പോള്‍ വേദകഥ തന്നെ അറിയാത്തവര്‍ക്ക് ജ്ഞാതമായ ജീവേശ്വരബോധം എങ്ങനെ ശ്രുതിമൂലപ്രമാണമാകും? പരമാര്‍ത്ഥത്തില്‍ കര്‍മഫലമനുഭവിക്കുന്ന ബുദ്ധിയില്‍നിന്ന് വേര്‍തിരിഞ്ഞ പുരുഷന് സുഖദു:ഖഭോക്തൃത്വമായുളള സംസാരം തീരെയില്ലെന്നാണ് ശ്രുതി പറയുന്നത്.”
മണ്ഡനന്‍: ””വേദം ജീവേശ്വരന്മാരെ വിട്ട് സത്വജീവന്മാരെപ്പറ്റിയാണ് പറയുന്നതെങ്കില്‍ അത് പ്രത്യക്ഷവിരുദ്ധമാണ്. കാരണം, ജഡമായ ബുദ്ധിക്ക് ഭോക്തൃത്വത്തെക്കുറിച്ചു പറയുന്ന ശ്രുതി പ്രമാണമാകുന്നതെങ്ങനെ?””
”പറയാം. പൈംഗ്യരഹസ്യ ബ്രാഹ്‌മണത്തില്‍ ”തയോരന്യഃപിപ്പലം സ്വാദത്ത്യനശ്‌നന്നന്യോ അഭിചാകശീതി” എന്ന ശ്രുതിഭാഗം വ്യാഖ്യാനിച്ചിട്ടുളളത് ഞാന്‍ പറഞ്ഞ അര്‍ത്ഥത്തിലാണ്. തയോരന്യഃ പിപ്പലം സ്വാദ്വത്തി ഇതിസരത്വം അനശ്‌നന്ന ന്യോ അഭിപശ്യാതിജ്ഞഃ ഇതിക്ഷേത്രജ്ഞഃ താവേതൗ സത്വജീവൗ.””
മണ്ഡനന്‍: ””സത്വശബ്ദം ശരീരവാചിയും ക്ഷേത്രജ്ഞ ശബ്ദം പരമാത്മവാചിയുമാണ്.”
സത്വശബ്ദം കൊണ്ട് അന്തഃകരണമായ ബുദ്ധിയെയും ക്ഷേത്രജ്ഞ ശബ്ദം കൊണ്ട് ശാരീരികനായ ജീവനെയുമാണ് പറയുന്നത്. പൈംഗ്യരഹസ്യത്തില്‍, ”തദേതത് സത്യം യേന സ്വപ്നാത്പശ്യത്യഥയോങ്കയം ശാരീര ഉപദ്രഷ്ടാ സ ക്ഷേത്രജ്ഞഃ, താവേതൗ സത്വക്ഷേത്രജ്ഞൗ” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സത്വപദത്തിന്റെ വൃത്തി ചിത്തിലാണെന്നും ക്ഷേത്രജ്ഞ ശബ്ദത്തിന്റെ വൃത്തി ദ്രഷ്ടാവിലാണെന്നും പറയുന്നുണ്ട്.”
മണ്ഡനന്‍: ””യാതൊന്നുകൊണ്ടു സ്വപ്നദര്‍ശനക്രിയയ്ക്കു കര്‍ത്താവായി പറയപ്പെടുന്നുവോ’ എന്നതു ജീവനെകുറിക്കുന്നതായി കൂടെ?””
”തിങ് പ്രത്യയംകൊണ്ട് കര്‍ത്താവ് അഭിഹിതനായതിനാല്‍ ”യേന” അഥവാ യാതൊന്നുകൊണ്ട് എന്ന തൃതീയകരണാര്‍ത്ഥമായിതന്നെ സ്വീകരിക്കേണ്ടതാണ്.”
മണ്ഡനന്‍: ””എന്നാല്‍ ശാരീരപദം ”ശരീരേഭവതി” എന്ന അര്‍ത്ഥത്തില്‍ മഹേശ്വരനെ സൂചിപ്പിക്കുന്നതായി എടുത്തുകൂടെ?”
”സര്‍വ്വഗതനായ ഈശ്വരന്‍ എങ്ങനെ ശാരീരനാകും? ആകാശത്തെ ശാരീരം എന്നു പറയാമോ?””
മണ്ഡനന്‍: ”’അത്തി’” എന്ന പദത്തിന് അനുഭവിക്കുന്നു എന്നാണര്‍ത്ഥം. ജഡമായ ബുദ്ധിയാണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് അസംബന്ധമാവില്ലേ?”” ”ഇരുമ്പുകട്ടിക്ക് ചൂടില്ലെങ്കിലും തീയുടെ അനുപ്രവേശംകൊണ്ട് ചൂടുണ്ടാകുന്നതുപോലെ ചിത്തിന്റെ അനുപ്രവേശത്താല്‍ ജഡമായ ബുദ്ധിയില്‍ ചൈതന്യം അനുഭവപ്പെടുന്നു.”
മണ്ഡനന്‍: ”ഋതം പിബന്തൗ സുകൃതസ്യ ലോകേ ഗുഹാം
പ്രവിഷ്ടൗ പരമേ പരാര്‍ധേ.
ഛായാതപൗ ബ്രഹ്‌മവിദോ വദന്തി
പഞ്ചാഗ്നയോ യേ ച ത്രിണാചികേതാഃ
ഈ കാഠക ശ്രുതികൊണ്ട് ജീവേശ്വരന്മാര്‍ ഹൃദയാകാശത്തില്‍ വസിക്കുന്നു എന്നും അവര്‍ തമ്മില്‍ തണലും വെയിലും തമ്മില്‍ എന്നപോലെ അത്യന്തം ഭേദമുണ്ടെന്നും പറയുന്നുണ്ടല്ലോ. ഈ ശ്രുതി ഐക്യശ്രുതിയെ ബാധിക്കുന്നു.””
”ഐക്യശ്രുതിയെ ബാധിക്കുവാന്‍ ഭേദശ്രുതിക്ക് ശക്തിയില്ല.”
മണ്ഡനന്‍: ”പ്രത്യക്ഷ പ്രമാണത്തിന്റെ സഹായത്തോടുകൂടി ഭേദശ്രുതി ഐക്യശ്രുതിയേക്കാള്‍ ശക്തിയുളളതായിത്തീരുകയില്ലേ?”
”ശ്രുതിക്ക് പ്രാബല്യം നല്‍കുവാന്‍ മറ്റു പ്രത്യക്ഷാദി പ്രമാണങ്ങള്‍ക്ക് കഴിവില്ല. ശ്രുതി സ്വതഃപ്രമാണമാകുന്നു. അനുവാദകസമ്പാദനംകൊണ്ട് ശ്രുതിക്ക് ദൗര്‍ബ്ബല്യം കാണിക്കാമെന്നു മാത്രം.””
വാദപ്രതിവാദങ്ങള്‍ ഇത്രയുമായപ്പോള്‍ മണ്ഡനാചാര്യര്‍ ചാര്‍ത്തിയിരുന്ന മാലയ്ക്കു വാട്ടം തട്ടിയതായി കണ്ടു. ഉഭയഭാരതി പറഞ്ഞു:
രണ്ടുപേര്‍ക്കും ഭിക്ഷയ്ക്കു കാലമായിരിക്കുന്നു.”
മണ്ഡനമിശ്രന്‍ തന്റെ കഴുത്തില്‍ക്കിടക്കുന്ന മാലയെ നോക്കി. ഉഭയഭാരതി പ്രഖ്യാപിച്ചു: ””മണ്ഡനാചാര്യര്‍ തോറ്റിരിക്കുന്നു! തുടക്കത്തില്‍ നിശ്ചയിച്ചപ്രകാരം ശങ്കരാചാര്യരുടെ ശിഷ്യനായി സന്ന്യാസം സ്വീകരിക്കട്ടെ.”
വാദത്തില്‍ തോറ്റെങ്കിലും മണ്ഡനമിശ്രന്റെ മുഖത്ത് സങ്കടത്തിന്റെ നിഴല്‍പ്പാടുകളൊന്നും വീണു കണ്ടില്ല. അദ്ദേഹം പറഞ്ഞു:
”ഞാന്‍ വാദത്തില്‍ തോറ്റതിനെപ്പറ്റിയോര്‍ത്ത് ഖേദിക്കുന്നില്ല. ജൈമിനി ലോകഹിതത്തിനു വേണ്ടിയാണ് വൈദിക കര്‍മ്മങ്ങളുടെ മഹത്വം സ്ഥാപിക്കുവാന്‍ മീമാംസസൂത്രങ്ങള്‍ രചിച്ചത്. അത് ശരിയല്ലെങ്കില്‍ ആ താപസന്റെ പ്രയത്‌നം മുഴുവനും വിഫലമാവില്ലേ?”
മണ്ഡനനോടു പറഞ്ഞു: ”ഒരു പക്ഷേ ജൈമിനിയുടെ അഭിപ്രായം നമുക്കു ശരിയായി മനസ്സിലാകാത്തതു കൊണ്ടാകാം ഇങ്ങനെ തോന്നുന്നത്.”
മണ്ഡനന്‍: ”കവിശ്രേഷ്ഠന്മാര്‍ക്കുപോലും ശരിയായി അറിയുവാന്‍ കഴിയാത്ത ജൈമിനീയമതം താങ്കള്‍ക്ക് ഒന്ന് വ്യക്തമാക്കിത്തരാമോ?”
”ജൈമിനി പരബ്രഹ്‌മത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും വിഷയാസക്തരായ സാമാന്യജനങ്ങളെ അനുഗ്രഹിക്കുവാനും പരബ്രഹ്‌മപ്രാപ്തിക്കു പാത്രമാകുവാന്‍ വേണ്ടത്ര സുകൃതം അവര്‍ക്കു സമ്പാദിച്ചു കൊടുക്കുവാനുമാണ് മീമാംസസൂത്രങ്ങള്‍ നിര്‍മ്മിച്ചത്. ധര്‍മ്മത്തിന്റെ മാഹാത്മ്യം മോക്ഷപരമായിട്ടാണ് വിധിച്ചിട്ടുള്ളത് എന്നാണ് എന്റെ അഭിപ്രായം.”
മണ്ഡനന് പിന്നേയും സംശയം: ‘ആമ്‌നായസ്യക്രിയാര്‍ത്ഥത്വാ ദാനര്‍ത്ഥക്യം അതദര്‍ഥാനാം’ എന്ന സൂത്രം രചിച്ച ജൈമിനി കാര്യപരതയാണ് സൂചിപ്പിക്കുന്നത്, സിദ്ധപരതയല്ല.”
”വേദം പരമ്പരാഗതമായി ബ്രഹ്‌മപരമാണെങ്കിലും കര്‍മ്മത്തില്‍ സദാ ശ്രദ്ധചെലുത്തുന്നവര്‍ക്കു ആത്മബോധം ഉളവാക്കുവാന്‍വേണ്ടി കര്‍മ്മകാണ്ഡത്തിലെ വാക്യങ്ങള്‍ക്കു കാര്യപരമായി വ്യാഖ്യാനം നല്‍കിയെന്നേയുളളൂ.”
മണ്ഡനന്‍: ”വേദങ്ങളുടെ സച്ചിദാനന്ദപരത്വം ജൈമിനിക്കു സമ്മതമായിരുന്നുവെങ്കില്‍ ഈശ്വരനെ നിരാകരിച്ചുകൊണ്ട് കര്‍മ്മഫല പ്രദാതൃത്വം കര്‍മ്മത്തിനുതന്നെ നല്‍കിയതെന്തിനാണ്?”
”കര്‍ത്താവില്ലാതെ ഒന്നും ഉണ്ടാകില്ല. അതിനാല്‍ ഈ ജഗത്തിന് ഒരു കര്‍ത്താവുണ്ടാകണം; അതാണ് ഈശ്വരന്‍. വേദവാക്യങ്ങളുടെ സഹായം കൂടാതെതന്നെ അനുമാനംകൊണ്ട് ഈശ്വരനുണ്ടെന്ന് സ്ഥാപിക്കാം എന്നു വാദിക്കുന്ന കാണാദരെ എതിര്‍ക്കുവാന്‍ വേണ്ടിയാണ് ഈശ്വരനെ അനുമാനം കൊണ്ട് സ്ഥാപിക്കുവാന്‍ കഴിയുകയില്ലെന്നു പറഞ്ഞത്. ഇത് മനസ്സിലാക്കാതെയാണ് ജൈമിനി നിരീശ്വരവാദിയാണെന്ന് ചിലര്‍ പറയുന്നത്.”
ഈ വിശദീകരണം കേട്ടപ്പോള്‍ മണ്ഡനമിശ്രനും ഉഭയഭാരതിക്കും സംതൃപ്തിയായി. ജൈമിനിയുടെ അഭിപ്രായം നേരിട്ടറിയുവാന്‍വേണ്ടി മണ്ഡനമിശ്രന്‍ ഒരു നിമിഷം കണ്ണുകളടച്ചു.
(തുടരും)