വാദത്തിനുളള വ്യവസ്ഥകള്‍ ഉഭയഭാരതിയും അംഗീകരിച്ചു കഴിഞ്ഞിരുന്നു. വാദത്തിന്റെ ആരംഭ ദിവസവും കുറിക്കപ്പെട്ടു. പക്ഷേ, ബാദരായണനെയും ജൈമിനിയെയും മണ്ഡനമിശ്രന്റെ മന്ദിരത്തിലെവിടെയും കാണാന്‍ കഴിഞ്ഞില്ല. മുറ്റത്തുളള വലിയ തുളസിത്തറയുടെ ചുറ്റിലും ആര്യവേപ്പിന്റെ ചുവട്ടിലും ചെന്നു നോക്കി. പടിപ്പുരയിലും അകത്തളങ്ങളിലും അന്നപൂര്‍ണ്ണപ്പുരയിലേക്കുളള ഇടനാഴിയിലും അന്വേഷിച്ചു. ഒടുവില്‍ ഗൃഹത്തിന്റെ വടക്കേമുറ്റത്തിറങ്ങി ചുറ്റുമതിലിനോടു ചേര്‍ന്നു നില്ക്കുന്ന കൂറ്റന്‍ ആല്‍മരത്തിന്റെ മുകളിലേക്ക് നോക്കുമ്പോള്‍, ബാദരായണനും ജൈമിനിയും ആകാശത്തിന്റെ നീലിമയിലേക്ക് ഉയര്‍ന്നുയര്‍ന്ന് പോകുന്ന കാഴ്ചകണ്ട് നിശ്ചലമായി നിന്നുപോയി!
മണ്ഡനന്റെ മന്ദിരത്തില്‍ നിന്ന് മടങ്ങി. രേവാനദിയുടെ തീരത്തുളള ദുര്‍ഗ്ഗാമാതാ ക്ഷേത്രത്തിലെത്തുമ്പോള്‍ നാലഞ്ച് അനുയായികള്‍ ചുറ്റിലുംകൂടി. അവര്‍ മാഹിഷ്മതിയിലെ മഹാപണ്ഡിത ശിരോമണികളായിരുന്നു. അവരോടൊപ്പമിരുന്ന് ഉപനിഷത്തുക്കള്‍ ചര്‍ച്ച ചെയ്തു. കുറച്ചു ദിവസങ്ങള്‍ നദീതീരത്തും ക്ഷേത്രാങ്കണത്തിലുമായി കഴിഞ്ഞു.
ഒടുവില്‍ വാദത്തിനായി കുറിക്കപ്പെട്ട ദിവസമെത്തി. അനുയായികളില്‍ ചിലര്‍ മണ്ഡനന്റെ ഗൃഹത്തിലേക്ക് അനുഗമിക്കാന്‍ തയ്യാറായി. മാഹിഷ്മതി സമ്മാനിച്ച ശിഷ്യസമ്പത്തുമായാണ് വാദ സഭയിലേക്ക് പുറപ്പെട്ടത്.
മണ്ഡനമിശ്രന്റെ ഗൃഹത്തിനു മുന്നിലെത്തുമ്പോള്‍ വേദങ്ങള്‍ സംസാരിക്കുന്ന തത്തകളുടെ കൊഞ്ചല്‍ അല്പം ഉച്ചത്തില്‍ കേട്ടു തുടങ്ങി: ”വേദം സ്വന്തമായൊരു അസ്തിത്വത്തിലാണോ നില കൊള്ളുന്നത്, അതോ പുറത്തുളള മറ്റൊന്നിനെ ആശ്രയിച്ചാണോ അതിന്റെ നിലനില്പ്?” ഒരു തത്തയുടെ ചോദ്യം.
”കര്‍മ്മത്തിന് അതിന്റെ ഫലത്തെ നേരിട്ട് സൃഷ്ടിക്കാനാവുമോ, അതോ അവിടെ ഈശ്വരന്റെ ഇടപെടല്‍ ആവശ്യമായി വരുമോ?” രണ്ടാമത്തെ തത്തയുടെ മറുചോദ്യം.
”ഈ ലോകം നിത്യമായതാണോ, അതോ ഇത് കേവലം നമ്മുടെ തോന്നല്‍ മാത്രമാണോ?”
തത്തകളുടെ ചോദ്യങ്ങളും മറു ചോദ്യങ്ങളും കേട്ടുകൊണ്ട് മന്ദിരത്തിന്റെ പടിപ്പുരവാതില്‍ തുറന്ന് അകത്തു പ്രവേശിച്ചു.
വാദപ്രതിവാദങ്ങള്‍ക്കായി വേദി തയ്യാറാക്കിവെച്ചിരിക്കുന്നു. മണ്ഡനമിശ്രന്റെ മന്ദിരത്തിന്റെ വിശാലമായ കിഴക്കേ അങ്കണത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
”താങ്കളെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.”
പണ്ഡിതസഭയുടെ മധ്യത്തില്‍ പ്രത്യേകം തയ്യാറാക്കപ്പെട്ട ഇരിപ്പിടത്തിലേക്ക് മണ്ഡനമിശ്രന്‍ തന്റെ കൈപിടിച്ചു നയിക്കുമ്പോള്‍ പറഞ്ഞു. മാഹിഷ്മതിയിലെ മിക്കപണ്ഡിതന്മാരെയുംകൊണ്ട് സദസ്സ് നിറഞ്ഞിരിക്കുന്നു. മണ്ഡനമിശ്രന്‍ എല്ലാവരെയും ഇതിനകം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ഉഭയഭാരതിയുടെ സഭാപ്രവേശനം കൂടിയായാല്‍ വാദം തുടങ്ങാം.
മൂന്ന് പുരോഹിതന്മാര്‍ സഭയുടെ മധ്യത്തില്‍ തയ്യാറാക്കിയ ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുവാന്‍ അരണി കടയുകയായിരുന്നു. പെട്ടെന്ന്, അകത്തളത്തില്‍ നിന്ന് ഉഭയഭാരതി മൂന്ന് യുവതികളുടെ അകമ്പടിയോടെ സഭയിലേക്ക് കടന്നുവന്നു. മഞ്ഞ സാരിയും ചുവന്ന മേലുടുപ്പും ധരിച്ച സുന്ദരികളായിരുന്നു അകമ്പടി സേവകര്‍. അവരുടെ കൈകളില്‍ കണ്ട ചിത്രപ്പണികള്‍ ചെയ്ത ഓട്ടു തട്ടകങ്ങളില്‍ ചില താളിയോലഗ്രന്ഥങ്ങളും പുഷ്പക്കൂട്ടുകളുമുണ്ട്.
വാദസഭയുടെ മധ്യത്തില്‍, പ്രത്യേകം തയ്യാറാക്കപ്പെട്ട സഭാനായികയുടെ ഇരിപ്പിടത്തില്‍ ഉഭയഭാരതി ഇരുന്നു. മണ്ഡനമിശ്രന്റെ ഇരിപ്പിടം ഉഭയഭാരതിയുടെ വലതുവശത്തായാണ് ഒരുക്കിയിരുന്നത്. തനിക്ക് അഭിമുഖമായി ഇരിക്കുന്ന ഉഭയഭാരതിക്ക് സരസ്വതീദേവിയുടെ ഭാവലാവണ്യവും ചൈതന്യവുമുണ്ട്. കൈയില്‍ ഒരു വീണയുടെ കുറവുമാത്രം. മണ്ഡനനുമായുളള വാദ പ്രതിവാദങ്ങള്‍ക്ക് അധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ എന്തുകൊണ്ടും സര്‍വ്വദാ യോഗ്യയാണ് ഉഭയഭാരതി.
”സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്‌മം തന്നെയാണ് ഓരോ ജീവാത്മാവും. അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ട ബ്രഹ്‌മം പ്രപഞ്ചത്തിന്റെ സ്വരൂപമായിട്ടേ തോന്നുകയുളളൂ.”
സഭയെ നോക്കി കൈകൂപ്പിക്കൊണ്ട് ആദ്യത്തെ വാദപ്രസ്താവന മണ്ഡന മിശ്രനു മുന്നില്‍ അവതരിപ്പിച്ചു. ഒരു നിമിഷം മണ്ഡനന്‍ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്നതു കണ്ടു. അദ്ദേഹം പ്രതിവാദത്തിനായി തയ്യാറാവുകയായിരുന്നു. മണ്ഡനനോടു തുടര്‍ന്നു:
”അജ്ഞാനംകൊണ്ട് ബ്രഹ്‌മം മറയ്ക്കപ്പെട്ടിരിക്കുമ്പോള്‍, അത് ലോകമായി, പ്രപഞ്ചമായി കാണപ്പെടുന്നു. സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന മുത്തുച്ചിപ്പി വെള്ളിയായി കാണപ്പെടുന്നതുപോലെ. പ്രപഞ്ചം എപ്പോള്‍ നമ്മുടെ മുന്നില്‍ അപ്രത്യക്ഷമാകുന്നുവോ അവിടെ നാം ജനനത്തില്‍ നിന്നും മരണത്തില്‍ നിന്നും മുക്തമാകുന്നു. ഈ പാഠങ്ങളാണ് ഉപനിഷത്തുക്കളിലുളളത്. ജീവബ്രഹ്‌മൈക്യജ്ഞാനത്താല്‍ അജ്ഞാനം വിട്ടുമാറുമ്പോള്‍ സ്വന്തം ആത്മാവില്‍ എല്ലാം ലയിച്ച് ആത്മാവുതന്നെ ബ്രഹ്‌മം മാത്രമായി ശേഷിക്കുന്നു. ഏകമേവാദ്വിതീയം ബ്രഹ്‌മ, സര്‍വ്വം ഖല്വിദം ബ്രഹ്‌മ, വാചാരംഭണം വികാരോ നാമധേയം, മൃത്തി കേത്യേ വസത്യം, തരതിശോകമാത്മവിത്, ബ്രഹ്‌മവിത് ബ്രഹ്‌മൈഭവതി, ന സ പുനരാവര്‍ത്തതേ. ഇതാണ് എന്റെ പ്രതിജ്ഞാവാക്യം. വാദത്തില്‍ തോറ്റാല്‍ ഞാന്‍ സന്ന്യാസം ഉപേക്ഷിക്കാം. ആരാണ് ജയിക്കുന്നതെന്ന് ഉഭയഭാരതി തീര്‍ച്ചപ്പെടുത്തട്ടെ.””
ഇതുകേട്ട് മണ്ഡനമിശ്രന്‍ പറഞ്ഞു:
”ഞാന്‍ സ്ഥാപിക്കാന്‍ പോകുന്ന സിദ്ധാന്തം ഇതാണ്. താങ്കള്‍ക്ക് ഇവിടെ ഉപനിഷത്തുക്കള്‍ പ്രമാണമാകുകയില്ല. കാരണം, ശബ്ദശക്തിക്കു പോലും അപ്രാപ്യമാണ് ചിദാത്മാവ്. വേദങ്ങളില്‍ വിധിനിഷേധങ്ങളാണ് പ്രധാനം. വാക്യാര്‍ത്ഥം കാര്യവസ്തുവാണ്. ശബ്ദശക്തി ചൂണ്ടിക്കാണിക്കുന്നത് കാര്യവസ്തുവിനെയാണ്. കര്‍മ്മത്തില്‍ നിന്നാണ് മോക്ഷം ലഭിക്കുക. ഈ ലോകത്ത് ജീവിക്കുന്നവര്‍ക്കെല്ലാം ജന്മാവസാനം വരെ കര്‍മ്മം ആവശ്യമായി വരുന്നു.”
ഇതിനിടെ, പരിചാരികമാര്‍ കൊണ്ടുവന്ന രണ്ടു പൂമാലകള്‍ ഞങ്ങള്‍ക്കു മുന്നില്‍ വച്ചിട്ട് ഉഭയഭാരതി പറഞ്ഞു:
”ഇത് രണ്ടാളും കഴുത്തിലിടുക. ആരുടെ മാലയാണോ ആദ്യം വാടുന്നത് അയാള്‍ വാദത്തില്‍ തോറ്റതായി കണക്കാക്കാം.”
വാദം ആദ്യദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പൂമാലകള്‍ രണ്ടും വാടാതെ തങ്ങളുടെ കഴുത്തില്‍ വിശ്രമിച്ചു. തുടര്‍ന്ന് നാല് ദിവസങ്ങള്‍ വാദപ്രതിവാദങ്ങളിലൂടെ സഞ്ചരിച്ചിട്ടും ആരും ജയിച്ചതുമില്ല, ആരും തോറ്റതുമില്ല. ഓരോ ദിവസവും പുതിയ പൂമാല”അദ്വൈത സിദ്ധാന്തത്തിനെതിരെ യുക്തിപൂര്‍വ്വം വാദങ്ങള്‍ നിരത്തി പറയുവാനുളളതെല്ലാം തുറന്നു പറയൂ.”
മണ്ഡനന്‍ പറഞ്ഞു: ”ജീവനും ഈശ്വരനും ഒന്നാണെന്ന് താങ്കള്‍ പറയുന്നതില്‍ യുക്തിയൊന്നും ഞാന്‍ കാണുന്നില്ല.”
മണ്ഡനനോടു പറഞ്ഞു: ””അപ്പോള്‍ ഉദ്ദാലകന്‍ തുടങ്ങിയ ഗുരുനാഥന്മാര്‍ ശ്വേതകേതു തുടങ്ങിയ ശിഷ്യന്മാര്‍ക്ക് ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണെന്നു പറഞ്ഞുകൊടുക്കുന്ന മഹാവാക്യങ്ങള്‍ അതിനു പ്രമാണമല്ലേ?”
മണ്ഡനന്‍ അതിന് മറുപടി പറഞ്ഞു:
”വേദവാക്യങ്ങളുടെ അവസാനം ഹും, ഫട് എന്നിങ്ങനെ ഉച്ചരിക്കുന്നത്, ദുരിതമകലുവാന്‍വേണ്ടി ചൊല്ലുന്നതുപോലെയുളളവയാണ്. ‘തത്ത്വമസി’ തുടങ്ങിയ വാക്യങ്ങളും അവയ്ക്കു പ്രത്യേക അര്‍ത്ഥമൊന്നും ഉദ്ദേശിച്ചിട്ടില്ല.””
”അര്‍ത്ഥം മനസ്സിലാക്കാതെ ഹും, ഫട് തുടങ്ങിയ ശബ്ദങ്ങള്‍ ജപിക്കുവാന്‍ ഉപയോഗിക്കുന്നുണ്ടാകാം. പക്ഷേ, ‘തത്ത്വമസി’ തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥം നമുക്ക് മനസ്സിലാകുന്നുണ്ടല്ലോ.”
മണ്ഡനന്റെ വിശദീകരണം വന്നു:
”ജീവാത്മാക്കളുടെ ഐക്യമാണ് ”’തത്ത്വമസി’ എന്ന വാക്യത്തിനുളളതെന്നു തോന്നിയേക്കാമെങ്കിലും ‘ആ ബ്രഹ്‌മം നീ തന്നെ’ എന്നത് യാഗാദി കര്‍മ്മങ്ങളെ പ്രശംസിച്ചുകൊണ്ടുളളതാണ്. വേദങ്ങളെല്ലാം കര്‍മ്മപരങ്ങളായതിനാല്‍, കര്‍മ്മപരങ്ങളായി തോന്നാത്ത വാക്യങ്ങള്‍ കര്‍മ്മപരങ്ങളായ അര്‍ത്ഥവാദങ്ങളായി കരുതണം എന്ന് മീമാംസകമതം. ഉപനിഷത്തുക്കളിലെ മഹാവാക്യങ്ങള്‍ വിധിശേഷമായി കരുതേണ്ടതാണ്.”
അതിനെ ഖണ്ഡിച്ചുകൊണ്ടു പറഞ്ഞു:
”യജമാനന്‍ രത്‌നം പോലെ ശ്രേഷ്ഠനാണ്, യൂപം* ആദിത്യനാണ് എന്നിങ്ങനെയുളള പ്രശംസാവാക്യങ്ങള്‍ കര്‍മ്മകാണ്ഡത്തില്‍പ്പെട്ടവയായതിനാല്‍ വിധിശേഷമായി കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ ‘തത്ത്വമസി’ തുടങ്ങിയ വാക്യങ്ങള്‍ ജ്ഞാനകാണ്ഡത്തില്‍പ്പെട്ടവയായതിനാല്‍ അവ വിധിശേഷമാണെന്നു പറയുന്നതു ന്യായമല്ല.””
ഒട്ടും വൈകാതെ മണ്ഡനന്റെ മറുപടി വന്നു:
”ഒരു പക്ഷേ, ”തത്ത്വമസി”തുടങ്ങിയ വാക്യങ്ങള്‍ ജീവനില്‍ പരമാത്മബുദ്ധിയുണ്ടാക്കുന്നു എന്നു വരാം. മനസ്സ് ബ്രഹ്‌മമാണ്, ആദിത്യന്‍ ബ്രഹ്‌മമാണ് എന്ന് വിചാരം ചെയ്ത് ഉപാസിക്കണം എന്ന വേദവിധിപോലെ അതും കണക്കാക്കിയാല്‍ മതി.””
മണ്ഡനനോടു വിശദീകരിക്കേണ്ടി വന്നു:
”അങ്ങനെ കണക്കാക്കാന്‍ കഴിയില്ല. ”’ആദിത്യം ബ്രഹ്‌മേത്യുപാസീത’ എന്നിടത്ത് വിധിയെ കാണിക്കുന്ന ലിങ് ക്രിയാപദം ‘ഉപാസീത’ എന്നിടത്ത് കാണുന്നുണ്ട്. അതേസമയം തത്ത്വമസ്യാദി വാക്യങ്ങളില്‍ അതില്ല. അതിനാല്‍ ഉപാസനാവിധി അത്തരം വാക്യങ്ങളില്‍ ഉണ്ടെന്നു കരുതുവാന്‍ ന്യായമില്ല. ജീവനില്‍ പരമാര്‍ത്ഥമായുളള ബ്രഹ്‌മഭാവത്തെയാണ് തത്ത്വമസി വാക്യം ബോധിപ്പിക്കുന്നത്.”
മണ്ഡനന്‍ വിശദീകരിച്ചു:
”മഹാവാക്യം വിധി തന്നെയെന്ന് കരുതാന്‍ വേറെ മാര്‍ഗ്ഗമുണ്ട്. രാത്രിസത്രത്തില്‍ പ്രതിഷ്ഠ എന്ന ഫലം കാണുന്നതുകൊണ്ട് അത് വിധിയാണെന്ന് കല്പിക്കപ്പെടുന്നു. ഈ രാത്രിസത്ര ന്യായം ഇവിടെയും യോജിക്കും. തത്ത്വമസി തുടങ്ങിയ വാക്യങ്ങളിലും മുക്തി എന്ന ഫലം ശ്രവിക്കപ്പെടുന്നതിനാല്‍ അവ വിധിയാണെന്നു കരുതാം. ‘പ്രതിതിഷ്ഠന്തി ഹവായ ഏതാ രാത്രീരുപയന്തി.’” രാത്രികള്‍ എന്ന സോമയാഗ വിശേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഷ്ഠ ലഭിക്കും. ഇവിടെ വര്‍ത്തമാനാര്‍ത്ഥത്തിന് അനുഷ്ഠിക്കണം എന്ന വിധ്യര്‍ത്ഥം കല്പിച്ചിരിക്കുന്നു. അതുപോലെ തത്ത്വമസി വാക്യത്തിലും ‘അസി’ എന്നതിന് ‘സ്യാത്’ അഥവാ ആകണം എന്നു വ്യാഖ്യാനിക്കണം. മുക്തി കിട്ടണമെങ്കില്‍ നീ ബ്രഹ്‌മമായി ഭവിക്കണം എന്ന് അര്‍ത്ഥം കല്പിക്കണം. ‘ആത്മാവാ അരേ ദ്രഷ്ടവ്യഃ ശ്രോതവ്യോ മന്ത്രവ്യോ നിദിധ്യാസിത തപ്യഃ’” ആത്മാവിനെ ദര്‍ശിക്കണം, ശ്രവിക്കണം, മനനം ചെയ്യണം എന്നിങ്ങനെയുളള വാക്യങ്ങള്‍ ഈ വ്യാഖ്യാനത്തിന് അനുകൂലമാണ്.””
അതിനെ ഖണ്ഡിച്ചുകൊണ്ടു വാദിച്ചു:
”മുക്തി ക്രിയാജന്യമാണെങ്കില്‍ സ്വര്‍ഗംപോലെ അതും നശ്വരമായിരിക്കും. ഉപാസന എന്നത് മാനസക്രിയയാണ്. ക്രിയ ചെയ്യാനും ചെയ്യാതിരിക്കാനും സാധിക്കും. പക്ഷേ, ജ്ഞാനം അങ്ങനെയല്ല. മനസ്സില്‍ പ്രകാശിക്കുന്ന യഥാര്‍ത്ഥ ജ്ഞാനത്തെ മാറ്റുവാന്‍ കഴിയുകയില്ല.”
മണ്ഡനന്‍ ഒന്നും മിണ്ടിയില്ല. തന്റെ വാദം തുടര്‍ന്നു:
”മഹാവാക്യം കേട്ട ഉടനെ സംസാരനിവൃത്തിയുണ്ടാകാത്തത് ബ്രഹ്‌മസാക്ഷാത്കാരമുണ്ടാകാത്തതുകൊണ്ടാണ്. ഹൃദയഗ്രന്ഥി എന്ന അഹങ്കാരം നശിക്കുന്നത് പരാവരൈക്യമായ ബ്രഹ്‌മസാക്ഷാത്കാരം ഉണ്ടാകുമ്പോഴാണ്.”
ഇപ്പോള്‍ മണ്ഡനന്‍ അതിനെ ഖണ്ഡിക്കാന്‍ ശ്രമിച്ചില്ല:
”തത്ത്വമസി വാക്യം ഉപാസനാപരമല്ലെങ്കില്‍ വേണ്ട. ജീവാത്മാവിനു പരമാത്മാവിനോടുളള സാമ്യത്തെ പ്രതിപാദിക്കുന്നതായിക്കൊള്ളട്ടെ!””
അതുകേട്ട് മണ്ഡനനോടു പറഞ്ഞു:
”സചേതനത്വം കൊണ്ടാണ് സാമ്യം എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. സര്‍വ്വാത്മകമാണെങ്കില്‍ രണ്ടെന്നൊന്നില്ലാത്തതിനാല്‍ സാമ്യത്തെപ്പറ്റി പറയുന്നതെങ്ങനെ? അതിനാല്‍ തത്ത്വമസി വാക്യം ജീവപരൈക്യ പ്രതിപാദകം എന്ന നിലയ്ക്കു തന്നെയാണ് കണക്കാക്കേണ്ടത്.”
മണ്ഡനന്‍: ”നിത്യത്വം കൊണ്ടു മാത്രം പരമാത്മഗുണതുല്യമായി അവിദ്യാവരണം കൊണ്ടു മറഞ്ഞിരിക്കയാല്‍, സുഖബോധം, ആനന്ദം തുടങ്ങിയ ഗുണങ്ങളില്‍ വെളിപ്പെടാതെയും ഇരിക്കുന്ന ജീവന് ആ ഗുണങ്ങളാല്‍ പരമാത്മാവുമായി ബന്ധമുണ്ടെന്നാണ് തത്ത്വമസിയുടെ അര്‍ത്ഥം. അതിനാല്‍ അങ്ങു പറയുന്ന ദോഷം ഇവിടെയില്ല.”
”അങ്ങനെയാണെങ്കില്‍ ജീവനുളള പരമാത്മത്വം ബോധിപ്പിക്കുകയാണ് തത്ത്വമസി എന്നു സമ്മതിച്ചുകൂടെ? ജീവനില്‍ പരമാത്മത്വം വെറും തോന്നലാണെന്നു കരുതിക്കൂടാ. കാരണം ആ തോന്നലും അവിദ്യാവരണമാണെന്ന് വരുമല്ലോ.””
മണ്ഡനന്‍: ”ഈ ജഗത്തിനു കാരണമായ ചൈതന്യം ജീവനോടു തുല്യമാണ് എന്നായിക്കൂടെ തത്ത്വമസിയുടെ അര്‍ത്ഥം. അങ്ങനെയായാല്‍ ചൈതന്യത്തില്‍ നിന്നാണ് ജഗത്തുണ്ടായത് എന്ന് സ്ഥാപിക്കുന്നതുകൊണ്ടുതന്നെ സാംഖ്യന്മാര്‍ ജഗത് കാരണമെന്ന് പറയുന്ന പ്രാധാന്യവും മിഥ്യയാണെന്ന് കൂടി സ്ഥാപിക്കാമല്ലോ.”
”ജഗത്കാരണമായ ചൈതന്യം ജീവനോടു തുല്യമാണ് എന്ന് പറഞ്ഞാല്‍ തത്ത്വമസിയുടെ അര്‍ത്ഥം യോജിക്കുകയില്ല. അപ്പോള്‍ ‘തദസ്തിത്വമിവ’ എന്നു പറയേണ്ടിവരും. ജഡമായുളള പ്രകൃതി ജഗത്തിനു കാരണമാകുന്നതല്ല. ‘തദൈക്ഷത, ബഹുസ്യാം’ ഇങ്ങനെയുളള വാക്യങ്ങള്‍കൊണ്ടും തത്ത്വമസികൊണ്ടും ജഗത്തിന് കാരണമായ വസ്തു ചൈതന്യം തന്നെ എന്ന് വ്യക്തമാണ്.”
മണ്ഡനന്‍: ”തത്ത്വമസി വാക്യം ജീവേശ്വരൈക്യപരമാണ് എന്നു പറയുന്നത് പ്രത്യക്ഷവിരുദ്ധമായിരിക്കും. വാക്യാര്‍ത്ഥം എന്തായാലും പ്രത്യക്ഷവിരുദ്ധമായതിനാല്‍ സ്വീകാര്യമല്ല.”
”ജീവബ്രഹ്‌മൈക്യം പ്രത്യക്ഷ വിരുദ്ധമാകണമെങ്കില്‍ ആ ഭേദം പ്രത്യക്ഷമാകണം. ആ ഭേദം ഇന്ദ്രിയം കൊണ്ടറിയം എന്ന് പറയുന്നപക്ഷം അത് വേദവാക്യത്തിന് വിരുദ്ധമാണ്. മാത്രവുമല്ല, ഇന്ദ്രിയങ്ങള്‍ക്ക് ആത്മാവുമായി ബന്ധമില്ലാത്തതിനാല്‍ ഭേദം അറിയുവാന്‍ ഒരു വഴിയുമില്ല.””
അസ്തമനസൂര്യന്റെ ചുവന്ന കിരണങ്ങള്‍ ജാലകപ്പഴുതുകളിലൂടെ കടന്നുവന്ന് മുഖത്തു മുത്തമിട്ടു. വാദസഭയുടെ നിറം മാറി.
”ശരി. വാദം അടുത്തദിവസം തുടരും.” ഉഭയഭാരതി വാദസഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു.
*യൂപം- യജ്ഞത്തില്‍ പശുവിനെ കെട്ടിനിറുത്തുവാനുള്ള കുറ്റി.
(തുടരും)