അരിയളന്നാളെണ്ണി അമ്മ മുറത്തില്‍
ഒരു പിടി അരിയെടുത്തിട്ടു കുടത്തില്‍
വറുതിയില്‍ വറ്റിവരണ്ട നാളുന്താന്
വരുതിയില്‍ താങ്ങായ് പിടിയരി നന്മ!
പണിയില്ലാതച്ഛനിരിക്കും ദിനങ്ങള്‍
അണയാതടുപ്പിലെ തീ കൂട്ടുമമ്മ.
അയലത്തുണരാത്തടുപ്പുകള് തേടി
അരിയെത്തുമവരുടെ ചിരി കണ്നിറച്ചു.
തരണമേ വല്ലതും പടികടന്നെത്തും
പശികാര്ന്നിടമുറിഞ്ഞെത്തുന്ന ശബ്ദം
പകരമെന്തേകാന് തുടിപ്പായ് കുടത്തില്‍
കരുണാകടാക്ഷത്തിന് നിനവേറും പുണ്യം.
വറുതിയില്‍ വയറെന്നുമെരിയുന്ന കാലം
കുറുകുന്ന നെഞ്ചിലെ പിടയുന്ന ജീവന്
എങ്ങും വിശപ്പിന് വിളിയുമായ് കോലങ്ങള്‍
വിങ്ങും സഹജനായ് നീളുന്ന കൈത്തലം
പിടിയരിക്കുറിയൊരു നമ്പര്‍ ചേര്ന്നെങ്കി-
ലിടയിലൊരുത്സവം കെങ്കേമമെന്നായ്
കൊടുത്തുവാങ്ങലായ് കൊരുത്ത സൗഹൃദം
പകുത്തു നല്‍കലായ് പെരുക്കും നാള്‍ക്കുനാള്‍
പിടിയില്ലാപ്പാടുകള് മുതുകിലെ ഭാരം
പിടിവള്ളിയായ് കിതപ്പാറ്റുന്ന സൂക്തം
പിടിയരി പഞ്ഞക്കെടുതി നാളുന്തും
പിടിവള്ളി കുടിലുകളിലൊളി വീശും നന്മ
വേലികള്വേര്തിരിച്ചെറിയാത്ത ബന്ധം
കനിവെഴും നന്മക്കരങ്ങള്തന് ശക്തി.
പഴമതന്‍ പെരുമയിലഭിരമിച്ചുള്ളം
ഒരുമതന്‍ നാവേറുപാടുന്ന ഗ്രാമം!