കമ്മ്യൂണിസം അധിനിവേശസ്വഭാവമുള്ള ഒരു മതവിശ്വാസമാണ്. ”ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസത്തിന്റെ ആഹ്വാനത്തിന് ഒരു മതത്തിന്റെ ഉദ്വേഗതയുണ്ടെന്നും അതിന്റെ ചോദ്യം ചെയ്യാത്ത പിന്തുടര്‍ച്ചക്കാരാലും വിട്ടുവീഴ്ചയില്ലാത്ത പ്രതിയോഗികളാലും മാര്‍ക്‌സിസം ഒരു (മത) വിശ്വാസമായിത്തീര്‍ന്നിരിക്കുന്നു” എന്നും പ്രകാണ്ഡപണ്ഡിതനായ ഡോ.എസ്.രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. (Religion and society, Dr.S. Radhakrishnan P.24-25) കമ്മ്യൂണിസ്റ്റു പാര്‍ട്ടി കടന്നു കയറിയിട്ടുള്ളിടത്തെല്ലാം അവിടങ്ങളിലെ തദ്ദേശീയ ജനതയുടെ സാംസ്‌കാരിക മൂല്യങ്ങളെയും ജീവിതരീതിയെയും പാരമ്പര്യത്തെയുമെല്ലാം അവര്‍ വേരോടെ പിഴുതെറിയുകയും തല്‍സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് മതചിഹ്നങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. ചൈനയിലെ കുപ്രസിദ്ധമായ സാംസ്‌കാരിക വിപ്ലവം അതിന്റെ നേര്‍സാക്ഷ്യമായിരുന്നു.
ഭാരതത്തിലും തുടക്കം മുതല്‍ ഇതേ നയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിച്ചു പോന്നത്. കമ്മ്യൂണിസത്തിന് വേരുപിടിക്കണമെങ്കില്‍ ഹിന്ദുക്കളുടെ പ്രാചീന സംസ്‌കാരവും വിശ്വാസങ്ങളും നശിപ്പിക്കണം എന്ന് അവര്‍ ചിന്തിച്ചു. അതിന്റെ ഭാഗമായി സനാതനധര്‍മ്മത്തെയും സംസ്‌കാരത്തെയും അതിന്റെ ആചാരങ്ങളെയും ആചാര്യന്മാരെയുമെല്ലാം തകര്‍ക്കാനും താറടിക്കാനും അവര്‍ പരിശ്രമിച്ചു. അതുകൊണ്ട് സിപിഎം എക്കാലവും ഹൈന്ദവ വിശ്വാസങ്ങളെ വിമര്‍ശിക്കുന്നു. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നു. ചിലപ്പോള്‍ യുക്തിവാദത്തിന്റെ മേലങ്കിയണിഞ്ഞോ, അതുമല്ലെങ്കില്‍ ശാരീരിക ആക്രമണത്തിന്റെ ശൈലി സ്വീകരിച്ചോ അവര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നു. അതിനുവേണ്ടി സിപിഎം ശബരിമലയിലെ മകരജ്യോതിയെ എതിര്‍ക്കും. ഹൈന്ദവ ധര്‍മ്മാചാര്യന്മാരെ ‘ആള്‍ദൈവങ്ങള്‍’ എന്ന് പരിഹസിക്കും. മാതാ അമൃതാനന്ദമയീ ദേവിയെ ആക്ഷേപിക്കും. അമ്മയെയും ആശ്രമത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ന്യൂയോര്‍ക്ക് വരെ പോയി അഭിമുഖമെടുക്കാന്‍ പാര്‍ട്ടി ചാനലിന് പ്രയാസമുണ്ടായില്ല. ബോംബ് സ്‌ഫോടന കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ മഹാത്മാ ഗാന്ധിയോടുപമിക്കാനും ഹിന്ദുവംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നനെ ഭഗത് സിംഗിനോട് സമീകരിക്കാനും അതേസമയം സര്‍വ്വാദരണീയനായ പേജാവര്‍ മഠാധിപതിയെ ഭീകരനെന്നും കൊടുംഭീകരനെന്നും വിളിച്ച് അപമാനിക്കാനും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മടിയുണ്ടായില്ല. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയെ തകര്‍ക്കാന്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണല്ലോ.
ഹൈന്ദവ ആചാരങ്ങളെ മുഴുവന്‍ ചോദ്യം ചെയ്തും തകര്‍ത്തെറിഞ്ഞും ഇവിടെ കമ്മ്യൂണിസ്റ്റ് മതം വ്യാപിപ്പിക്കാനാണ് സിപിഎം എന്നും പരിശ്രമിച്ചു പോന്നിട്ടുള്ളത്. അതിനു വേണ്ടി അവര്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയെ എതിര്‍ക്കുന്നു. പകരം അരാജകവാദികള്‍ക്ക് ചുംബനസമരം പോലുള്ള സമരാഭാസങ്ങള്‍ സംഘടിപ്പിക്കാനുള്ള ആശയ പരിസരമൊരുക്കിക്കൊടുക്കുന്നു. ബീഫ് ഫെസ്റ്റുകള്‍ നടത്തുന്നത് അഭിമാനമായി ഏറ്റെടുക്കുന്നു. ‘ഓണത്തിന് കാളനോടൊപ്പം കാളയും വേണമെന്ന്’ ആഹ്വാനം ചെയ്യുന്ന, ഒരേസമയം ജമാഅത്തെ ഇസ്ലാമിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ മടിയില്ലാത്ത കപട ‘ബുദ്ധിജീവി’കളെ എഴുന്നള്ളിച്ചു കൊണ്ടുനടക്കുന്നു.
സാംസ്‌കാരിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഒരു ജനത അക്രമങ്ങളിലേക്കും ആഭാസങ്ങളിലേക്കും അരാജകത്വത്തിലേക്കും വഴിമാറുന്നത് സ്വാഭാവികം മാത്രമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ തോട്ടടയില്‍ കല്യാണവീട്ടില്‍ നടന്ന കൊലപാതകത്തിലേക്ക് നയിച്ച ബോംബാക്രമണത്തെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. വിവാഹവും മരണവും ഉത്സവാഘോഷങ്ങളും ഒക്കെ ഭക്തിപൂര്‍വ്വവും ഉപചാരപൂര്‍വ്വവും അനുഷ്ഠിച്ചു പോന്നിരുന്ന ഒരു ജനതയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. അവരുടെ ഇടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാധീനം ചെലുത്താന്‍ തുടങ്ങിയതിന്റെ പരിണതഫലമാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. തോട്ടടയിലെ കല്യാണവീട്ടില്‍ ബോംബെറിഞ്ഞയാളും മരണപ്പെട്ടയാളുമെല്ലാം കമ്മ്യൂണിസ്റ്റുകാരാകുന്നതും കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ തീവ്രവാദവും ലഹരി മാഫിയയും വിവാഹ ആഭാസങ്ങളും തഴച്ചു വളരുന്നതും ഒക്കെ പാര്‍ട്ടി നടത്തിവന്ന സാംസ്‌കാരിക അധിനിവേശത്തിന്റെ സാമൂഹ്യമായ ദുരന്തഫലങ്ങളാണ്.
കണ്ണൂരിലെ കല്യാണങ്ങളെയും ഉത്സവങ്ങളെയും മറ്റു ഹൈന്ദവ അനുഷ്ഠാനങ്ങളെയും ഒക്കെ അതിന്റെ പാരമ്പര്യ രീതികളില്‍ നിന്ന് മാറ്റി നടത്തിയതിന്റെയും അതിനെയെല്ലാം രാഷ്ട്രീയവല്‍ക്കരിച്ചതിന്റെയും ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒരിക്കലും ഒഴിഞ്ഞു നില്‍ക്കാനാവില്ല. ആദ്ധ്യാത്മിക അന്തരീക്ഷത്തില്‍ പവിത്രമായി നടന്നു വന്നിരുന്ന വിവാഹങ്ങളെ അവര്‍ പാര്‍ട്ടി ഓഫീസുകളില്‍ വെച്ച് നടക്കുന്ന ഒരു ‘രാഷ്ട്രീയ പരിപാടിയായി’ അധ:പതിപ്പിച്ചു. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളെ പോലും അവര്‍ പാര്‍ട്ടിവല്‍ക്കരിക്കുകയാണ്. സിപിഎം ശക്തികേന്ദ്രമായ മുഴപ്പിലങ്ങാട് ശ്രീകൂര്‍മ്പ ഭഗവതി ക്ഷേത്രത്തിലും കതിരൂര്‍ പുല്യോട്ട് കാവിലും ആചാരവിധിപ്രകാരം നടന്നുവന്നിരുന്ന താലപ്പൊലി മഹോത്സവങ്ങളെ അവര്‍ രാഷ്ട്രീയം കലര്‍ത്തി അട്ടിമറിക്കുന്നു. ആചാരവുമായോ വിശ്വാസവുമായോ പുലബന്ധം പോലുമില്ലാത്ത, രക്തസാക്ഷി സ്ഥൂപങ്ങള്‍ക്ക് സമാനമായ കലശങ്ങളാണ് പാര്‍ട്ടി നേതൃത്വത്തില്‍ അവിടെ എല്ലാ വര്‍ഷവും അണിനിരക്കുന്നത്. ഇപ്പോള്‍ ഇത്തരം ‘പാര്‍ട്ടി കലശങ്ങള്‍’ കണ്ണൂരില്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.

വിവാഹ- മരണ വേളകളില്‍ കുടുംബങ്ങള്‍ അവരുടെ പാരമ്പര്യമനുസരിച്ച് നടത്തിപ്പോന്നിരുന്ന ചടങ്ങുകളെ സിപിഎം ഇടപെട്ടു തടഞ്ഞ ധാരാളം സംഭവങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. പാനൂരില്‍ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് ദൈവദശകം ചൊല്ലാന്‍ അനുവദിക്കാതിരുന്ന സംഭവമുണ്ടായിരുന്നു. കൂടാതെ അതത് സമ്പ്രദായക്കാര്‍ ആചാരപ്രകാരം നടത്തുന്ന വിവാഹങ്ങള്‍ തടഞ്ഞ അനേകം ഉദാഹരണങ്ങളുമുണ്ട്. ഈ രാഷ്ട്രീയവല്‍ക്കരണവും അധിനിവേശ സ്വഭാവവും ഹൈന്ദവ ആചാരങ്ങളുടെ കാര്യത്തില്‍ മാത്രമേ സിപിഎം കാണിക്കാറുള്ളൂ എന്നത് ശ്രദ്ധിക്കണം. ന്യൂനപക്ഷങ്ങളെന്ന് പറയപ്പെടുന്ന ഇതര മതസ്ഥരുടെ ആചാരങ്ങളെ ആദരിച്ച് ഏറ്റെടുക്കാനും സാമൂഹ്യവല്‍ക്കരിക്കാനും സിപിഎം പ്രത്യേകം താല്പര്യമെടുക്കാറുണ്ട്. ഇക്കഴിഞ്ഞ പാര്‍ട്ടി ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂരില്‍ ചിലയിടങ്ങളില്‍ ‘മാപ്പിളപ്പാട്ട് മത്സരവും’, ‘മൈലാഞ്ചിയിടല്‍ മത്സരവും’, സംഘടിപ്പിച്ച് അവര്‍ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. അതേസമയം ഹൈന്ദവ അനുഷ്ഠാനമായ തെയ്യത്തെ പലപ്പോഴും വികലമായി അവതരിപ്പിക്കുകയും തെരുവിലേക്ക് വലിച്ചിഴച്ച് അവഹേളിക്കുകയും ചെയ്യുന്നു. ‘താലി ചുട്ടെരിക്കല്‍’ പോലുള്ള സമരാഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവര്‍ക്ക് മടിയില്ല.’ഹിന്ദുത്വവുമായി സമ്പൂര്‍ണ്ണ യുദ്ധമാണെന്നും’, ‘പൊളിറ്റിക്കല്‍ ഇസ്ലാം ഉന്നയിക്കുന്ന വിഷയങ്ങള്‍ തെറ്റല്ലെന്നും, അതിനോട് ഐക്യപ്പെടേണ്ടതുണ്ടെന്നും’ കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ നാടുനീളെ പ്രസംഗിച്ചു നടക്കുകയുമാണല്ലോ.
ഹിന്ദുക്കള്‍ സംഘടിക്കുന്നതിനെയോ ഐക്യപ്പെടുന്നതിനെയോ സിപിഎം എന്നും എതിര്‍ക്കാറുണ്ട്. ജനങ്ങളില്‍ മതഭ്രാന്ത് പ്രചരിപ്പിക്കുന്നുവെന്നാണ് അവരുടെ ആക്ഷേപം. മതമില്ലാത്ത ജീവനുകളെ വാര്‍ത്തെടുക്കുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് ഹിന്ദു ധര്‍മ്മജാഗരണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ ആശ്രമങ്ങളെയോ അവസരം കിട്ടുമ്പോള്‍ ആക്രമിച്ചു തകര്‍ക്കുക എന്നത് അവരുടെ പതിവു ശൈലിയാണ്. മുന്‍പ് സന്തോഷ് മാധവന്‍ എന്ന വ്യാജ സ്വാമിയുടെ പേരു പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഹൈന്ദവ ആശ്രമങ്ങള്‍ക്കും സന്യാസി മഠങ്ങള്‍ക്കും നേരെ അവര്‍ അക്രമം നടത്തുകയുണ്ടായി. ഹൈന്ദവ വിശ്വാസങ്ങളെ നേരിട്ട് എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് തോന്നിയപ്പോള്‍ പതുക്കെ അതിലേക്ക് നുഴഞ്ഞു കയറി അതിനെ അട്ടിമറിക്കാനും ഹൈജാക്ക് ചെയ്യാനുമുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്. മലബാറിലെ ക്ഷേത്ര കമ്മറ്റികളിലേക്കുള്ള പാര്‍ട്ടി ഭാരവാഹികളുടെ നുഴഞ്ഞുകയറ്റം അതിന്റെ സൂചനയായി വേണം കാണാന്‍. ഒരുഭാഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുകയും മറുഭാഗത്ത് വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ വിശ്വാസികളുടെ വികാരം മാനിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂ എന്ന് നിലപാടെടുക്കുകയും ചെയ്യുന്നു.
കണ്ണൂരിലെ പാര്‍ട്ടി സ്വാധീന കേന്ദ്രങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന് പ്രചാരണ പരിപാടി സംഘടിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ കല്യാണ ആഭാസങ്ങള്‍ക്കെതിരെ പാര്‍ട്ടി ബോധവല്‍ക്കരണം നടത്താന്‍ പോകുന്നു. തങ്ങളുടെ കേന്ദ്രങ്ങളില്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടി വരുന്നത് അവര്‍ എത്തിച്ചേര്‍ന്ന ദൈന്യതയെ എടുത്തു കാണിക്കുന്നതാണ്. തോട്ടടയില്‍ വിവാഹത്തിന്റെ തലേദിവസമുണ്ടായ ചെറിയ വാക്കുതര്‍ക്കത്തിന് പകരം ചോദിക്കാന്‍ ബോംബുകളും ആയുധങ്ങളുമായി വന്ന ആക്രമണകാരികളെ പൂര്‍ണമായും തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിട്ടില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ ബോംബ് നിര്‍മ്മിക്കാനുള്ള പരിശീലനം ഈ യുവാക്കള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് പാര്‍ട്ടിയുടെ കയ്യില്‍ ഉത്തരവുമില്ല. ഇത്തരത്തില്‍ ബോംബ് നിര്‍മ്മിച്ച് ആക്രമണം സംഘടിപ്പിക്കാന്‍ വന്ന സംഘത്തിലെ ഒരാള്‍ മരണപ്പെട്ടപ്പോള്‍ പോലും അയാളുടെ മരണാനന്തര ചടങ്ങുകളില്‍ സിപിഎം നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അത് തെറ്റാണെന്നല്ല. മരണാനന്തര ചടങ്ങുകളില്‍ എല്ലാവരും രാഷ്ട്രീയഭേദമെന്യേ പങ്കെടുക്കാറുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി വിമാന അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനോ തയ്യാറാവാതിരുന്ന പാര്‍ട്ടിയാണ് സിപിഎം എന്നോര്‍ക്കണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ജനതയുടെ മേല്‍ നടത്തിയ സാംസ്‌കാരിക അധിനിവേശത്തിന്റെയും സാംസ്‌കാരിക ധ്വംസനത്തിന്റെയും ബാക്കിപത്രമായി വേണം കണ്ണൂരിലെ ഈ ബോംബാക്രമണത്തെ നോക്കിക്കാണാന്‍. ഒരു ജനതയുടെ തനത് സംസ്‌കാരത്തെയും ആചാരങ്ങളെയും ആസൂത്രിതമായി അട്ടിമറിച്ച് അവരെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന കമ്മ്യൂണിസ്റ്റ് മതാധിനിവേശത്തെ കേരളം തിരിച്ചറിയണം. വിവാഹവും മരണവും ഉത്സവാഘോഷങ്ങളുമൊക്കെ പവിത്രമായും ആചാരനിബദ്ധമായും അനുഷ്ഠിച്ചിരുന്ന നമ്മുടെ പൈതൃകത്തെ കൈമോശം വരാതെ കാത്തുസൂക്ഷിക്കണം. അതോടൊപ്പം ആചാരങ്ങളെ അട്ടിമറിക്കാനുള്ള കമ്മ്യൂണിസ്റ്റ് പരിശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുകയും വേണം.