ഹൈദരാബാദ്: വ്യക്തിതാല്പര്യങ്ങള്ക്ക് ഉപരി രാഷ്ട്ര താല്പര്യത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൈദരാബാദില്‍ ശ്രീ രാമാനുജ സഹസ്രാബ്ദിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിപരവും ഭാഷാപരവുമായ താത്പര്യങ്ങളേക്കാള്‍ വലുതാണ് ഹൈന്ദവവും ദേശീയവുമായ താല്പര്യങ്ങള്. സമാജത്തില്‍ ആന്തരിക ശൈഥില്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒരു കാര്യത്തിലും ഏര്‍പ്പെടാതെ ജനങ്ങള്‍ സ്വാഭിമാനത്തോടെ ജീവിതം കരുപ്പിടിപ്പിക്കേണ്ടത് ആവശ്യമാണ്.
ആയിരത്താണ്ടുകളായി സനാതനധര്‍മ്മത്തെയും ഭാരതത്തെയും ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഇന്ന് ലോകത്ത് പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം ഇല്ലാതാവുകയും സനാതനധര്‍മ്മം ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. പാശ്ചാത്യ ലോകം ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് സമത്വത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. എന്നാല്‍ ഭാരതം പ്രാചീന കാലം മുതല്‍ സമത്വത്തെക്കുറിച്ചും സമഭാവനയെക്കുറിച്ചും ചിന്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചടങ്ങില്‍ സംബന്ധിച്ചു.