ചരിത്രം നുണകളുടെ വാറ്റുശാലയാണെന്നും, ചരിത്രരചനയെന്നത് ഓരോ കാലത്തും ആധിപത്യത്തിലുള്ള ശക്തികള്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിര്‍മിച്ചെടുക്കുന്ന ആഖ്യാനങ്ങളാണെന്നും പറയപ്പെടാറുണ്ട്. ഭാരതത്തിന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണെന്ന് വരുന്നു. ദേശീയ ജനതയുടെ മതപരവും ആത്മീയവും സാംസ്‌കാരികവുമായ പൈതൃക സ്മാരകങ്ങള്‍ക്കു മേല്‍ വൈദേശിക ശക്തികള്‍ അടിച്ചേല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകിക്കളയാനുള്ള ശ്രമങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉണ്ടാവുന്നത് ഇതിനാലാണ്. അയോധ്യയില്‍ ഈ എതിര്‍പ്പുകള്‍ മറികടന്ന് രാമക്ഷേത്രം ഉയര്‍ന്നു വരികയാണ്. പുണ്യസങ്കേതങ്ങളായ കാശിയും മഥുരയുമാണ് അടുത്തത്. നിരന്തരമായ ധ്വംസനങ്ങള്‍ക്ക് വിധേയമായ കാശിവിശ്വനാഥ ക്ഷേത്രം ഇന്നും പ്രത്യക്ഷത്തില്‍ അതിന്റെ അപമാനം പേറി നില്‍ക്കുകയാണ്. ഇതിനൊരു മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്ന കാശി ധാം ഇടനാഴി ഇതിന് തുടക്കം കുറിക്കുന്നു. ഈ മഹാക്ഷേത്രത്തിന്റെ മഹത്തായ പൈതൃകവും കടന്നാക്രമണങ്ങളുടെ ചരിത്രവും വിമോചനത്തിന്റെ അനിവാര്യതയും രേഖപ്പെടുത്തുന്ന പരമ്പര ഈ ലക്കം മുതല്‍ ആരംഭിക്കുന്നു.
”പത്താംനൂറ്റാണ്ടിലേതോ അതിന് മുന്‍പുള്ളതോ ആയ, വൈദേശിക കടന്നാക്രമണകാരികള്‍ തച്ചുതകര്‍ത്തതും വിരൂപമാക്കിയതുമായ അനവധിക്ഷേത്രങ്ങള്‍ കാണുമ്പോള്‍ അത് വെറും തമാശക്കുവേണ്ടി ചെയ്തതല്ലെന്ന് നിങ്ങള്‍ക്കറിയാം. അതൊരു ഭീകര പ്രവൃത്തിയായിരുന്നു. അക്കാലത്തെ അടഞ്ഞ സംസ്‌കാരത്തെ ഈ കടന്നാക്രമണങ്ങള്‍ മുറിവേല്‍പ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. മറ്റെവിടെയുമെന്നപോലെ നഷ്ടാവശിഷ്ടങ്ങളില്‍ കഴിഞ്ഞു കൂടുന്നതിനു പകരം ജനങ്ങള്‍ സ്വന്തം ഭൂതകാലത്തോട് കൂടുതല്‍ ആദരവ് പുലര്‍ത്തുന്നതും അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു.” വിഖ്യാത എഴുത്തുകാരനും നൊബേല്‍ പുരസ്‌കാര ജേതാവുമായ വി.എസ്. നയ്പാള്‍ ഇങ്ങനെ പറഞ്ഞത് അയോധ്യയില്‍ നിലനിന്നിരുന്നതും ഒരു വിഭാഗം ബാബറി മസ്ജിദ് എന്നു പേരിട്ടു വിളിച്ചിരുന്നതുമായ തര്‍ക്കമന്ദിരം തകര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്. ”ആദ്യ മുഗള്‍ ചക്രവര്‍ത്തിയുടെ മകുടം തകര്‍ത്തത് വിസ്മയാവഹമായ ഒന്നായിരുന്നു. വരുംകാലം ഇതൊരു മഹത്തായ നിമിഷമായി കാണും. സ്വന്തം ആത്മാവിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഭാരതത്തിന്റെ ചരിത്രപരമായ പ്രഖ്യാപനം. ഇത് തെറ്റാണെന്നും, (മുസ്ലിം) കടന്നാക്രമണത്തെ നിര്‍വീര്യമാക്കാന്‍ പാടില്ലെന്നുമുള്ള മനഃസ്ഥിതി എന്നെ അമ്പരപ്പിക്കുകയും കഠിനമായി പീഡിപ്പിക്കുകയുമാണ്. ഈ മനഃസ്ഥിതി അടിമ ജനതയുടെതാണെന്ന് ഞാന്‍ കരുതുന്നു” എന്നുകൂടി നയ്പാള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മുറിവേറ്റ നാഗരികതയെക്കുറിച്ചും ദശലക്ഷം കലാപങ്ങളെക്കുറിച്ചും നിര്‍ദയമായും തികഞ്ഞ ഉള്‍ക്കാഴ്ചയോടെയും ഉപന്യസിച്ച ഈ എഴുത്തുകാരന്റെ വാക്കുകള്‍ക്ക് പ്രവചന സ്വഭാവമുണ്ടായിരുന്നു. ശ്രീരാമന്റെ അയോധ്യയില്‍നിന്ന് ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള വിശ്വനാഥന്റെ കാശിയുടെ കാര്യത്തിലും അത് ശരിയാവുകയാണ്. ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കാശി ധാം ഇടനാഴി ചരിത്രപരമായ തെറ്റുകള്‍ തിരുത്തുന്നതിന്റെ മറ്റൊരധ്യായം തുറക്കുകയാണ്.
മോക്ഷ കവാടമാണ് കാശി. ചരിത്രാതീത കാലം മുതല്‍ അത് അങ്ങനെ തുടരുകയാണ്. ഐഹിക ജീവിതത്തില്‍നിന്ന് വിരക്തി വന്ന് ആത്മാവിന്റെ മോചനത്തിനുവേണ്ടി കോടാനുകോടി മനുഷ്യര്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ പുണ്യ ഭൂമി പക്ഷേ നൂറ്റാണ്ടുകളായി പരാധീനതകളുടേയും പരിമിതികളുടേയും നടുവിലാണ്. വൃത്തിഹീനമായ ചുറ്റുപാടുകളും ഇടുങ്ങിയ വഴികളും മഹാക്ഷേത്രത്തിന്റെ ആത്മീയാന്തരീക്ഷത്തിന് ചേരുന്നതായിരുന്നില്ല. പുണ്യഗംഗയില്‍ മുങ്ങി കാശിവിശ്വനാഥനെ തൊഴുത് നിര്‍വൃതിയടയാനെത്തുന്ന ഭക്തര്‍ക്ക് പറയത്തക്ക സൗകര്യങ്ങളൊന്നും ക്ഷേത്രസങ്കേതത്തില്‍ ഇല്ലായിരുന്നു. ഒരുസമയം വളരെ കുറച്ചുപേര്‍ക്കു മാത്രമേ ക്ഷേത്ര സന്നിധിയില്‍ ഒത്തുചേരാന്‍ കഴിയുമായിരുന്നുള്ളൂ. ക്ഷേത്രഭൂമി വന്‍തോതില്‍ അന്യാധീനപ്പെട്ടുപോയിരുന്നു. വീടുകളും കച്ചവടസ്ഥാപനങ്ങളും മറ്റ് അനധികൃത നിര്‍മിതികളുമാണ് ഭൂമി കയ്യടക്കിയത്. കാലങ്ങളായി ഇതായിരുന്നു അവസ്ഥ. രാജ്യത്തും ഉത്തര്‍പ്രദേശിലും സര്‍ക്കാരുകള്‍ പലതും അധികാരത്തില്‍ വന്നു. ഭരണാധികാരികള്‍ മാറി മാറി ഭരിച്ചു. എന്നിട്ടും കാശിയുടെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വന്നില്ല. നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ക്ഷേത്രഭൂമി വീണ്ടെടുക്കുന്നതിനോ തീര്‍ത്ഥാടകരുടെ മനസ്സറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനോ, അങ്ങനെ ക്ഷേത്രത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നതിനോ ഒരു ശ്രമവും ഉണ്ടായില്ല. ഈ അവസ്ഥയ്ക്കാണ് കേവലം മൂന്നു വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദി എന്ന ഭരണാധികാരി മാറ്റം വരുത്തിയത്.
പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയാണ് കാശി ധാം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളില്‍നിന്നുതന്നെ ഇത് വ്യക്തമാണ്. ”ചരിത്രം സൃഷ്ടിക്കുന്നവര്‍ ഇതിഹാസ നായകന്മാരായി ഓര്‍മിക്കപ്പെടുന്നു. നൂറ്റാണ്ടിലൊരിക്കല്‍ മാത്രമാണ് ഇത്തരക്കാര്‍ ജനിക്കുക. അഭൂതപൂര്‍വമായ ചരിത്രനിര്‍മാണത്തിനാണ് കാശി സാക്ഷ്യം വഹിക്കുന്നത്. ആയിരം വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതാണ് മോദി നേടിയിരിക്കുന്നത്. നാനൂറ് വര്‍ഷത്തിനുശേഷം ഭാരതത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതിന് മോദി വഴിതുറന്നിരിക്കുന്നു. കാശി വിശ്വനാഥ ധാം മോദിയുടെ ദൃഢനിശ്ചയത്തിന് ഉദാഹരണമാണ്. മുഗള്‍ ഭരണാധികാരികളുടെ ക്രൂരതകള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും ഇരയായ കാശിവിശ്വനാഥന്‍ കാശിധാമിന്റെ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുന്നു.”

ഗാന്ധിജിയുടെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ഭാഗമായിക്കൂടിയാണ് കാശി ധാം പദ്ധതി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്. 1903 ല്‍ വാരാണസി സന്ദര്‍ശിച്ച ഗാന്ധിജി കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ക്ഷേത്രപരിസരത്തെ വൃത്തിഹീനതയും ബഹളങ്ങളും ഗാന്ധിജിയെ വേദനിപ്പിച്ചു. ധ്യാനനിരതമായ അന്തരീക്ഷമാണ് ഇവിടെ ഒരാള്‍ പ്രതീക്ഷിക്കുന്നതെന്നും, അതിന്റെ അഭാവമാണ് ഇവിടെ കാണുന്നതെന്നുമാണ് ഗാന്ധിജി ഇതിനെക്കുറിച്ച് എഴുതിയത്. ക്ഷേത്ര സങ്കേതം മുഴുവന്‍ ചുറ്റി സഞ്ചരിച്ച തനിക്ക് അവിടുത്തെ മാലിന്യത്തില്‍ ഭഗവാനെ മാത്രം കാണാനായില്ല എന്നാണ് മഹാത്മജി പരിഭവിച്ചത്. പതിമൂന്നു വര്‍ഷത്തിനുശേഷം ഗാന്ധിജി വീണ്ടും കാശിയിലെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു അത്. തലേ ദിവസം താന്‍ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ അനുഭവം ഉദ്ഘാടന പ്രസംഗത്തില്‍ ഗാന്ധിജി പങ്കുവയ്ക്കുകയുണ്ടായി. ക്ഷേത്ര പരിസരം വൃത്തിഹീനമായി തുടരുന്നതിനെക്കുറിച്ച് മഹാത്മജി തുറന്നടിച്ചു. മദന്‍ മോഹന്‍ മാളവ്യയും ആനിബസന്റും ഇങ്ങനെയൊക്കെ പറയുന്നതില്‍നിന്ന് ഗാന്ധിജിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. യോഗത്തില്‍ പങ്കെടുത്ത യുവരാജാക്കന്മാര്‍ പലരും അസ്വസ്ഥതയോടെ ഇറങ്ങിപ്പോയി. ഒടുവില്‍ അധ്യക്ഷനായിരുന്ന ദര്‍ബംഗ മഹാരാജാവ് യോഗം അവസാനിച്ചതായി പ്രഖ്യാപിച്ചു. ഈ സംഭവം നടന്ന് നൂറു വര്‍ഷത്തിനുശേഷവും കാശി ഇരുട്ടു നിറഞ്ഞും വൃത്തിഹീനമായും തുടര്‍ന്നു. ഇതിനാണ് മോദി മാറ്റം വരുത്തിയത്.
2014 ലെ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാശി നഗരം പുനര്‍നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ സ്ഥാനാര്‍ ത്ഥിയായതു മുതല്‍ മോദി കാശിയുടെ വികസനത്തെക്കുറിച്ച് ആവര്‍ ത്തിച്ചു. പ്രധാനമന്ത്രിയായി ഇതേ വര്‍ഷം ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ക്യോട്ടോ പൈതൃക നഗരം മോദിയെ ആകര്‍ഷിച്ചു. ഇതുപോലെ കാശിയും ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കണമെന്നൊരു ആശയം അവതരിപ്പിച്ചു. ”ഈ ഇടനാഴിയുടെ നിര്‍മാണത്തോടെ ലോകത്തിനു മുന്നില്‍ കാശിക്ക് പുതിയൊരു അസ്തിത്വം ലഭിക്കുകയാണ്. വാരാണസിയില്‍ മത്സരിക്കാനെത്തിയപ്പോള്‍തന്നെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കിയിരുന്നു. ഞാന്‍ ഇവിടേക്ക് വന്നതല്ല, എന്നെ വിളിച്ചതാണ്. ഇപ്പോള്‍ ഞാന്‍ കരുതുന്നത് ഇത്തരമൊരു നിര്‍മാണത്തിനുള്ള ക്ഷണമായിരുന്നു അതെന്നാണ്. ഇന്ന് ആ തീരുമാനം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു.” കാശി ധാം ഇടനാഴിയുടെ ശിലാന്യാസം നിര്‍വഹിച്ചുകൊണ്ടാണ് മോദി ഇങ്ങനെ പറഞ്ഞത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് കാശി വിശ്വനാഥ് ധാം പദ്ധതി ആരംഭിച്ചത്. ഒരു ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു. ശ്വാസംമുട്ടുന്ന അന്തരീക്ഷത്തിലായിരുന്നു ക്ഷേത്ര സങ്കേതം. അത് വികസിപ്പിച്ചേ മതിയാവുമായിരുന്നുള്ളൂ. സ്ഥലം ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് കെട്ടിട ഉടമകളെയും സ്ഥല ഉടമകളെയും ബോധ്യപ്പെടുത്തി. ഈ മഹാ പ്രയത്‌നത്തില്‍ പങ്കാളികളാകേണ്ട ആവശ്യകതയെക്കുറിച്ച് ധരിപ്പിച്ചു. സ്ഥലമേറ്റെടുക്കുന്നതിനു പുറമേ കടകള്‍, ധര്‍മശാലകള്‍, വിഹാരങ്ങള്‍ എന്നിവയൊക്കെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. ഏറ്റെടുത്ത സ്ഥലത്ത് താമസിച്ചിരുന്നവരെ പുനരധിവസിപ്പിക്കുകയും വേണമായിരുന്നു. ഇത് ചില എതിര്‍പ്പുകള്‍ക്കും സമരങ്ങള്‍ക്കും വഴിവച്ചു. എന്നാല്‍ ഒരൊറ്റ കേസുപോലും കോടതികയറാതെ ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞത് കാശിവിശ്വനാഥന്റെ അനുഗ്രഹം കൊണ്ടാണെന്ന് യോഗി ആദിത്യനാഥ് വിശ്വസിക്കുന്നു. 450 കോടിയിലേറെ രൂപയാണ് ക്ഷേത്രസങ്കേതത്തിലെ കെട്ടിടങ്ങളും സ്ഥലവും ഒഴിപ്പിക്കുന്നതിനായി ചെലവഴിച്ചത്. പതിനായിരത്തിലേറെ ആളുകളെ പുനരധിവസിപ്പിച്ചു. കാശി ധാം നിര്‍മാണത്തിന് ക്ഷേത്ര സങ്കേതത്തിലെ മുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ചു കളയേണ്ടതുണ്ടെന്ന് സര്‍വെയില്‍ കണ്ടെത്തി. 320 വീടുകള്‍ വിപണി വിലയെക്കാള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങിച്ചു. 2018 ല്‍ തുടക്കം കുറിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിച്ചത്. കാശി ക്ഷേത്രം ഇതിന് മുന്‍പ് പലയാവര്‍ത്തി നവീകരിച്ചിട്ടുണ്ടെങ്കിലും ക്ഷേത്ര സങ്കേതം ആദ്യമായാണ് പുനര്‍നിര്‍മിക്കുന്നത്
.
കാശി ധാമിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ ക്ഷേത്ര സങ്കേതത്തിന്റെ മുഖച്ഛായ തന്നെ മാറി. മുന്‍പ് അവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ വന്നിട്ടുള്ള മാറ്റം അവിശ്വസനീയമായി തോന്നും. ക്ഷേത്രത്തിന്റെ വാസ്തുഭംഗിക്ക് യാതൊരു മാറ്റവും വരുത്താതെയാണ് പുതിയ നിര്‍മാണം. ഗംഗാനദിയില്‍ നിന്നു നോക്കുമ്പോള്‍ ക്ഷേത്രം നേരിട്ടു കാണാം. മണികര്‍ണിക ഘട്ടില്‍നിന്നും ജലാസന്‍ ഘട്ട്, ലളിതാ ഘട്ട് എന്നിവിടങ്ങളില്‍നിന്നും ക്ഷേത്രം നേരിട്ടു കാണാവുന്ന വിധമാണ് ഇടനാഴിയുടെ നിര്‍മിതി. ഇതിലൂടെ നാനൂറ് മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. ഇതിനായി ചവിട്ടുപടികളുണ്ട്. ശാരീരിക അവശതകളുള്ളവര്‍ക്ക് എസ്‌കലേറ്ററും വീല്‍ചെയറുകളുമുണ്ട്.
പൗരാണിക ഭംഗി നിലനിര്‍ത്തിക്കൊണ്ടും ആധുനിക രീതിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയും നിര്‍മിച്ചിട്ടുള്ള കാശിധാമില്‍ തീര്‍ത്ഥാടകരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ്, പ്രദര്‍ശനങ്ങള്‍, കരകൗശലവസ്തു വില്‍പന കേന്ദ്ര ങ്ങള്‍, ഭോജനശാല, ആധ്യാത്മിക ലൈബ്രറി, വേദിക് സെന്റര്‍, വാരാണസി വെര്‍ച്വല്‍ ഗാലറി, ഓഡിറ്റോറിയം, തീര്‍ത്ഥാടകര്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍, വൈദ്യശുശ്രൂഷയ്ക്കുള്ള സൗകര്യങ്ങള്‍, മോക്ഷഭവനം, പതിനായിരം പേര്‍ക്ക് ധ്യാനിക്കാനുള്ള സൗകര്യം എന്നിങ്ങനെയാണ് പൊതു സൗകര്യങ്ങള്‍. വെറും 300 ചതുരശ്ര മീറ്ററായിരുന്ന ക്ഷേത്രസമുച്ചയത്തെ 3000 ചതുരശ്ര മീറ്ററിലേക്ക് വിപുലീകരിച്ചിരിക്കുന്നു. ക്ഷേത്ര സമുച്ചയത്തിന് 75,000 പേരെ ഉള്‍ക്കൊള്ളാനാവും. ഏഴ് കൂറ്റന്‍ കവാടങ്ങളിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. ക്ഷേത്രസമുച്ചയത്തിന്റെ ഭൂരിഭാഗവും തുറസ്സായ സ്ഥലങ്ങളാണ്. നവീകരിച്ച കവാടങ്ങളിലൊന്നില്‍ ആദിശങ്കരന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. പരിവ്രാജക കാലത്ത് ശങ്കരന്‍ കാശി സന്ദര്‍ശിച്ചിട്ടുണ്ട്.
ക്ഷേത്ര സങ്കേതത്തിലെ നിരവധി ക്ഷേത്രങ്ങള്‍ കാശി ധാം നിര്‍മാണത്തിന്റെ ഫലമായി ഉയര്‍ന്നുവന്നു. സ്വകാര്യ വ്യക്തികള്‍ സ്ഥലം കയ്യേറിയതിനെ തുടര്‍ന്ന് ഈ ക്ഷേത്രങ്ങള്‍ മറഞ്ഞുകിടക്കുകയായിരുന്നു. പല കെട്ടിടങ്ങളുടേയും അടിത്തറ തന്നെ ക്ഷേത്രങ്ങളായിരുന്നു. ഇവയൊക്കെ പൊളിച്ചു നീക്കിയപ്പോള്‍ ക്ഷേത്രങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. ഇപ്രകാരം നാല്‍പതോളം ക്ഷേത്രങ്ങളാണ് വീണ്ടെടുക്കപ്പെട്ടത്. ഈ ക്ഷേത്രങ്ങളൊന്നും അത്ര ചെറുതല്ലായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. ചുറ്റും ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നതിനാല്‍ ഇവ മറഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തിനു മുകളിലൂടെ പാരപ്പറ്റ് പോലെ റോഡുകള്‍ നിര്‍മിച്ചിരുന്നു. മുസ്ലിം ആക്രമണകാരികളില്‍നിന്ന് കാശിവിശ്വനാഥനെ രക്ഷിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന കഥയും പ്രചാരത്തിലുണ്ട്. വിലമതിക്കാനാവാത്ത വാസ്തുവിദ്യാ മാതൃകകളാണ് ഇപ്രകാരം മറയ്ക്കപ്പെട്ടിരുന്നത്. പഞ്ചകോശി പരിക്രമയിലേര്‍പ്പെടുന്ന ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പ്രദക്ഷിണ വഴിയില്‍ നിരവധി ഗണപതി ക്ഷേത്രങ്ങളുണ്ട്.
കാശിവിശ്വനാഥ ക്ഷേത്രം രാജാവായിരുന്ന ചന്ദ്രഗുപ്ത മൗര്യന്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇതു കണക്കിലെടുത്ത് ചന്ദ്രഗുപ്ത മഹാദേവ മന്ദിര്‍ എന്ന പേരില്‍ കാശി ക്ഷേത്രത്തിന്റെ ഒരു ചെറു മാതൃകയും ഇടനാഴിയില്‍ നിര്‍മിച്ചിരിക്കുന്നു. കൈകള്‍കൊണ്ട് രൂപപ്പെടുത്തിയ ശിലകള്‍ ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ള ഗംഗ മഹാദേവ ക്ഷേത്രവുമുണ്ട്. ഇതിന്റെ ഭിത്തിയില്‍ പാലാഴിമഥനത്തിന്റെ ശില്‍പ്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. പുതുതായി കണ്ടെത്തിയ ക്ഷേത്രങ്ങള്‍ കാശിധാമില്‍ പുനഃപ്രതിഷ്ഠിച്ചിരിക്കുന്നു എന്നു മാത്രമല്ല, അവയുടെ ചരിത്രവും ഐതിഹ്യവും ആധ്യാത്മിക പ്രാധാന്യവുമൊക്കെ ഭക്തര്‍ക്കുവേണ്ടി ആലേഖനം ചെയ്തിട്ടുമുണ്ട്.
മധ്യകാലത്തെ മുഗള്‍ ഭരണാധികാരികളാണ് ക്ഷേത്രം നശിപ്പിച്ചതെന്ന് കാശി ധാം ഇടനാഴിയുടെ ഉദ്ഘാടനത്തിന്റെ ക്ഷണപത്രത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. ഒടുവിലത്തെ മുഗള്‍ ഭരണാധികാരിയായ ഔറംഗസീബാണ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചതെന്ന വസ്തുത മറച്ചുപിടിക്കേണ്ടതില്ലെന്ന നിലപാട് കാശി ധാം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിച്ചു. ”വൈദേശിക ആക്രമണകാരികള്‍ ഈ നഗരത്തെ ആക്രമിച്ചു നശിപ്പിക്കാന്‍ ആഗ്രഹിച്ചു. ഔറംഗസീബ് സൃഷ്ടിച്ച കെടുതികള്‍ക്കും ഭീകരതയ്ക്കും ചരിത്രം സാക്ഷിയാണ്. വാളുകൊണ്ട് സംസ്‌കാരത്തെ തിരുത്താനാണ് ഔറംഗസീബ് ശ്രമിച്ചത്. മതഭ്രാന്തുകൊണ്ട് സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഈ നാടിന്റെ മണ്ണ് ലോകത്തെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇവിടെ ഒരു ഔറംഗസീബ് വന്നാല്‍ ഒരു ശിവാജിയും ഉയര്‍ന്നുവരും. ഒരു സലാര്‍ മസൂദ് മുന്നോട്ടുവന്നാല്‍ രാജാ സുഹല്‍ ദേവിനെപ്പോലുള്ളവര്‍ നമ്മുടെ ഐക്യത്തിന്റെ കരുത്ത് അവരെ ബോധ്യപ്പെടുത്തും.” ഈ വാക്കുകളുടെ സന്ദേശം സ്പഷ്ടമായിരുന്നു.
”കാശി അനശ്വര നഗരിയാണ്. സാക്ഷാല്‍ പരമശിവനാണ് ഈ നാടിന്റെ പാലകന്‍. കാലഭൈരവന്റെ പാദങ്ങളില്‍ പ്രണാമം. അവിടത്തെ അനുഗ്രഹമില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. കാശിയില്‍ പ്രവേശിച്ചയുടന്‍ നാം ബന്ധമുക്തരാവും. ഒരാള്‍ ഇവിടെ വരുമ്പോള്‍ വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വവും അനുഭവപ്പെടും. പൗരാണികതയും പുതുമയും ഇങ്ങനെ ഒരുമിച്ചു ജീവിക്കുന്നതിന്റെ, ഭാവിയിലേക്ക് ദിശാബോധം പകരുന്നതിന്റെ പ്രകടീകരണമാണ് കാശി ധാം സമുച്ചയം. ഇവിടെ മാതാ അന്നപൂര്‍ണ വസിക്കുന്നു. കാശിയില്‍നിന്ന് മോഷണം പോയ അന്നപൂര്‍ണ മാതാവിന്റെ വിഗ്രഹം ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പുനഃസ്ഥാപിച്ചതില്‍ ഏറെ സന്തോഷം. ആയിരത്താണ്ടുകളുടെ പഴക്കമുള്ള കാശിയില്‍നിന്ന് രാജ്യത്തെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇതാണ്. ആത്മവിശ്വാസത്തോടെ പുതിയ കാര്യങ്ങള്‍ ചെയ്യുകയും സ്വയം നവീകരിക്കപ്പെടുകയും ചെയ്യുക. നീണ്ടകാലത്തെ അടിമത്തം തകര്‍ത്ത നമ്മുടെ ആത്മീയ വിശ്വാസം തിരികെ പിടിക്കേണ്ടതുണ്ട്.”
ഒരു നൂറ്റാണ്ടു മുന്‍പ് കാശി സന്ദര്‍ശിച്ച ഗാന്ധിജി പറയാനാഗ്രഹിച്ചതും എന്നാല്‍ അന്നത്തെ ദുഃസ്ഥിതിയില്‍ അതിന് കഴിയാതിരുന്നതുമായ വാക്കുകളാണ് സംസ്‌കാരവും ആത്മീയതയും വീണ്ടെടുക്കപ്പെട്ട പുതിയ കാശിയില്‍നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ”കാശി വാക്കുകളില്‍ വിവരിക്കാവുന്നതല്ല, അത് അനുഭൂതികളുടെ സൃഷ്ടിയാണ്. കാശി ഇതാണ്-ഇവിടെയാണ് ജീവിതം ഉണര്‍ന്നിരിക്കുന്നത്. കാശി ഇതാണ്- ഇവിടെ മരണവും ഉത്സവമാണ്. കാശി ഇതാണ്-ഇവിടെ സ്‌നേഹം ഒരു പാരമ്പര്യമായിരിക്കുന്നു. കാശി ഇതാണ്-ജഗദ് ഗുരു ആദിശങ്കരാചാര്യര്‍ രാഷ്ട്രത്തെ ഐക്യത്തിന്റെ നൂലില്‍ കോര്‍ത്തിണക്കാന്‍ തീരുമാനിച്ച നഗരം. കാശിയില്‍ ഒരേയൊരു ഭരണം മാത്രമേയുള്ളൂ. ധര്‍മം കയ്യിലേന്തിയവരുടെ ഭരണം. ഗംഗയുടെ പ്രവാഹത്തെ വഴിതിരിച്ചുവിട്ട് കാശിയെ ആര്‍ക്ക് തടയാനാവും? കാശിയിലെത്തുന്ന നിങ്ങള്‍ വിശ്വാസത്തെ മാത്രമല്ല കാണുന്നത്. നമ്മുടെ ഭൂതകാലത്തിന്റെ മഹത്വവും അനുഭവിക്കുന്നു. പൗരാണികതയും പുതുമയും ഇവിടെ സംഗമിക്കുകയാണ്. നിങ്ങള്‍ക്ക്, അല്ല ഈ രാജ്യത്തുനിന്നുതന്നെ മൂന്ന് ദൃഢനിശ്ചയങ്ങള്‍ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു-ശുചിത്വം, സൃഷ്ടിപരത, പുതുമയും സ്വാശ്രയ ഭാരതത്തെ നിര്‍മിക്കാനുള്ള നിരന്തരമായ പരിശ്രമവും.”
കാശി ഭാരതീയര്‍ക്ക് ഒരു ആരാധനാലയം മാത്രമല്ല, ആത്മാവിലലിഞ്ഞു ചേര്‍ന്ന വികാരമാണ്. കാശിക്കു പോവുകയെന്നത് മലയാളികളുടെ പോലും അന്ത്യാഭിലാഷമാണല്ലോ. തീര്‍ത്ഥാടനത്തിനു പോയ അഗ്നിഹോത്രിയുടെ കൈവശം തന്റെ പുരയിലുണ്ടായ കയ്പ്പുള്ള ചുരക്ക കാശിയിലെ ഗംഗയില്‍ മുക്കിക്കൊണ്ടുവരാന്‍ കൊടുത്തയയ്ക്കുകയാണല്ലോ പറയിപെറ്റ പന്തിരുകലത്തിലെ പാക്കനാര്‍. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ കാലിച്ചെറുക്കനായ മംഗലത്തു ശങ്കരന്‍ പശുവിനെ മര്‍മത്തിലടിച്ചുകൊന്നതിന്റെ പാപം തീര്‍ക്കാന്‍ കാശിയിലെ പുണ്യ സ്‌നാനത്തിനുപോയ കഥ കൊട്ടാരത്തില്‍ ശങ്കുണ്ണി ‘ഐതിഹ്യമാല’യില്‍ വിവരിക്കുന്നുണ്ട്.
പുണ്യനഗരമായ കാശിയുടെ ഓരോ തെരുവുകളും ചരിത്രത്തിന്റെ ഭാഗമാണ്. നശിപ്പിക്കപ്പെട്ടതും പുനഃസ്ഥാപിക്കപ്പെട്ടതും നാമാവശേഷമായതുമായ കെട്ടിടങ്ങള്‍ക്കും ആയിരത്താണ്ടുകളുടെ കഥ പറയാനുണ്ടാവും. നൂറ്റാണ്ടുകളായി പല കാര്യങ്ങള്‍ക്കുമായാണ് ജനങ്ങള്‍ കാശിയിലെത്തുന്നത്-സമ്പത്ത്, വിജയം, മോക്ഷം. ഗംഗയുടെ അനുസ്യൂതമായ പ്രവാഹത്തെ നോക്കിനില്‍ക്കുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റും നിര്‍മിക്കപ്പെട്ടിരിക്കുന്ന ഇടനാഴിയിലൂടെ ചരിത്രമാണ് വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്. കാശിനഗരം പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് ഓരോ ഹിന്ദുവും അവനവനോടുതന്നെ അഭിമാനത്തോടെ ചോദിക്കേണ്ടതാണ്. ഹിന്ദുക്കളുടെ പാരമ്പര്യം തലമുറകളായി കൈമാറിപ്പോരുന്നു. ജീവനുള്ള ഈ പാരമ്പര്യം നിരന്തരമായ മാറ്റത്തിനും വിധേയമാണ്. എന്നാല്‍ മാറാത്ത ചിലതുണ്ട്. ഈ പാരമ്പര്യം ഭാരത ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടുത്തെ പര്‍വതങ്ങളും പുഴകളും മരങ്ങളും വനങ്ങളുമൊക്കെ ഈ പാരമ്പര്യത്തെ സജീവമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇതിനാല്‍ ക്രൈസ്തവ-ഇസ്ലാം മതങ്ങളെപ്പോലെ ഹിന്ദുമതത്തെ ഒരു കയറ്റുമതിച്ചരക്കാക്കാന്‍ കഴിയില്ല. വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന പൊതുഘടകവും ഈ പാരമ്പര്യമാണ്. മാതാവ്, അഭിഷേകം എന്നൊക്കെയുള്ള വാക്കുകള്‍ ഓരോ ഇന്ത്യന്‍ ഭാഷകളിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്താനാവും. ഇംഗ്ലീഷ് ഭാഷയില്‍ ഈ വാക്കുകളുടെ അര്‍ത്ഥവ്യാപ്തി നഷ്‌പ്പെട്ടുപോവുന്നു. പാരമ്പര്യമില്ലെങ്കില്‍ ഹിന്ദുക്കളില്ല എന്നുപോലും പറയാവുന്നതാണ്. ഇതിനാല്‍ തന്നെ അവര്‍ക്ക് സംസ്‌കാരത്തെ കേന്ദ്രീകരിക്കുന്ന ആത്മീയ കേന്ദ്രമോ കേന്ദ്രങ്ങളോ ആവശ്യമാണ്. ഇവ ഹിന്ദുക്കളെ പ്രാചീന ചരിത്രത്തിലേക്കും വിശ്വാസ പ്രമാണത്തിലേക്കും ആകര്‍ഷിക്കുന്നു. അതില്‍ ഉറച്ചുനില്‍ക്കാനും പ്രേരിപ്പിക്കുന്നു. തകര്‍ന്നടിഞ്ഞുകിടക്കുന്ന കാശിക്ക് ഇതിനു കഴിയില്ല. ഇവിടെയാണ് കാശി ധാം ഇടനാഴി ചരിത്രത്തിന്റെ അനിവാര്യതയാകുന്നത്.

കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം ക്ഷേത്രം തകര്‍ത്ത് ഔറംഗസീബ് നിര്‍മിച്ച പള്ളിയോട് ചേര്‍ന്നുള്ള ജ്ഞാനവാപി കിണറില്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ കിണര്‍ ഇപ്പോള്‍ കാശിധാമിന്റെ ഭാഗമായിരിക്കുന്നു. നാല് നൂറ്റാണ്ടിനിടയില്‍ ചരിത്രം മാറുകയാണ്. മുഗള്‍ ഭരണാധികാരികള്‍ തച്ചുതകര്‍ത്ത ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വതന്ത്രഭാരതത്തില്‍ പുനര്‍നിര്‍മിച്ചതുപോലെ കാശി വിശ്വനാഥ ക്ഷേത്രവും പൗരാണിക മഹത്വം വീണ്ടെടുക്കുകയാണ്. അതിന് ഇനി അനാദികാലം കാത്തിരിക്കേണ്ടി വരില്ല. ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തില്‍ വിശദമായ പുരാവസ്തു ഉത്ഖനനം നടത്തണമെന്ന കോടതി ഉത്തരവ് വലിയൊരു മാറ്റത്തെ കുറിക്കുന്നു.
അടുത്തത്: ചരിത്രം തിരുത്തുന്ന കോടതി ഉത്തരവ്