ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഹിന്ദുക്കള്‍ ചര്‍ച്ച ചെയ്യാനെങ്കിലും തുടങ്ങിയിരിക്കുന്നു എന്ന കാര്യം ശുഭസൂചകമാണ്. ഹിന്ദുജനസംഖ്യാ വളര്‍ച്ചയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് ഹിന്ദുസമൂഹത്തെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന പ്രധാന പ്രതിഭാസം. നേരത്തെ തന്നെ ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് ഇതു സംബന്ധിച്ച് പഠനം നടത്തുകയും ജെ.കെ.ബജാജ്, എ.പി.ജോഷി, എം.ഡി.ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് ‘റിലിജ്യസ് ഡെമോഗ്രാഫി ഓഫ് ഇന്ത്യ’ എന്ന സമഗ്രമായ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് കുറച്ച് പേരെയെങ്കിലും ചിന്തിപ്പിക്കാനും ജാഗരൂകരാക്കാനും ആ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ പശ്ചാത്തലത്തിലാണ് ആ പുസ്തകം എഴുതപ്പെട്ടത്. അതേസമയം തന്നെ അന്താരാഷ്ട്രതലത്തിലും ജനസംഖ്യാ വളര്‍ച്ചയും അതിലെ അസന്തുലിതാവസ്ഥയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണെന്ന് പലര്‍ക്കും ബോദ്ധ്യപ്പെടുകയും അതേക്കുറിച്ച് ചില ലേഖനങ്ങള്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ ‘പ്യൂ ഫോറം ഓണ്‍ റിലിജ്യണ്‍ ആന്‍ഡ് പബ്ലിക് ലൈഫ്’ നടത്തിയ പഠനത്തില്‍ ലോകത്തെ മുസ്ലിം ജനസംഖ്യ 2010ലെ 23.4 ശതമാനത്തില്‍ നിന്ന് 2030ല്‍ 26.4 ശതമാനമാവുമെന്നാണ് കണക്കാക്കുന്നത്. അതായത് ലോകത്ത് ഇന്നുള്ള 161 കോടിയില്‍ നിന്ന് മുസ്ലിങ്ങള്‍ 219 കോടിയായി ഉയരും. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2010ലെ 17.72 കോടിയില്‍ നിന്ന് 2030ല്‍ 23.61 കോടിയായും വര്‍ദ്ധിക്കും. മതങ്ങളുടെ സംഖ്യാത്മകമായ വളര്‍ച്ച സമൂഹത്തിന്റെ നിലനില്പിനെയും ദിശയെയും ബാധിക്കുമെന്നതിനാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ട ഒരു വിഷയമാണിത്.
തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ സെമിറ്റിക് മതക്കാര്‍ നൂറ്റാണ്ടുകളായി പല തന്ത്രങ്ങളും അടവുകളും പയറ്റുന്നുണ്ട്. അധിനിവേശം തന്നെയാണ് അതില്‍ പ്രധാനം. ഇപ്പോള്‍ കുടിയേറ്റമാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മുസ്ലിം കുടിയേറ്റം. അതിന്റെ ദൂഷ്യഫലങ്ങള്‍ ചെറിയതോതില്‍ അനുഭവിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചില പ്രതികരണങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുയര്‍ന്നുവന്നിട്ടുണ്ട്.
ഇസ്ലാമോഫോബിയ തുടങ്ങിയ വാദങ്ങളെ കടുപ്പിക്കുന്നതും ഇതിന്റെ ചുവട് പിടിച്ചാണ്. ഇന്ന് താലിബാന്‍ നരനായാട്ടുകൊണ്ട് കുപ്രസിദ്ധമായ അഫ്ഗാനിസ്ഥാനില്‍ അസഹിഷ്ണുത വേരോട്ടം തുടങ്ങുന്നത് ഇസ്ലാമിന്റെ വരവോടെയാണെന്ന് പറയാം. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥ നമുക്കൊരു പാഠവും ചൂണ്ടുപലകയുമാണ്.
യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഈ ഭീഷണി ഉണ്ട്. 2030 ആവുമ്പോഴേക്കും യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്ലിങ്ങളുടെ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് എട്ടായി വര്‍ദ്ധിക്കുമെന്നാണ് അനുമാനം. ബ്രിട്ടനില്‍ ഇത് 2.9 ദശലക്ഷത്തില്‍ നിന്ന് 5.6 ദശലക്ഷമായി ഉയരും. യു.എസിലെ മുസ്ലിങ്ങളുടെ എണ്ണം 2010ലെ 2.6 ദശലക്ഷത്തില്‍ നിന്ന് 6.2 ദശലക്ഷമായി ഉയരും.
നൂറ്റാണ്ടുകളുടെ വൈദേശിക അടിമത്തത്തിന്റെ ഭാഗമായാണ് സെമിറ്റിക് മതങ്ങള്‍ നമ്മളുടെ നാട്ടിലേക്ക് കയറിയത്. അവര്‍ നിര്‍ണായക ശക്തിയായതോടെ വിഭജന വാദവും തുടങ്ങി. ഇന്ന് പാകിസ്ഥാനില്‍ ഹിന്ദു വിശ്വാസങ്ങളുടെ ലാഞ്ചനകള്‍ കാണാനില്ല. അത്രയും ന്യൂനപക്ഷ പീഡനമാണ് നടക്കുന്നത്. ബംഗ്ലാദേശിലാകട്ടെ ഹിന്ദുന്യൂനപക്ഷത്തിന്റെ ജനസംഖ്യ പത്ത് ശതമാനത്തില്‍ താഴെയായി മാറി. ഹിന്ദുപീഡനം നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. നിരവധി ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും. ഭക്തരെയും സന്യാസിമാരെയും ആക്രമിക്കുന്നു, കൊലപ്പെടുത്തുന്നു. ഈയിടെ ഇസ്‌കോണ്‍ ക്ഷേത്രം ആക്രമിച്ച് ഒരു സന്യാസിയെ കൊലപ്പെടുത്തിയത് പത്രങ്ങളിലൂടെ നാം വായിച്ചിരുന്നു. എന്നാല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടുകയും ന്യൂനപക്ഷങ്ങള്‍ അവകാശം വാങ്ങിപ്പോവുകയും ചെയ്തിട്ടും ഇന്ത്യ മതേതരമായി നിലകൊണ്ടു. അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം. യഹൂദര്‍ ലോകത്തെമ്പാടും പീഡിപ്പിക്കപ്പെട്ടപ്പോഴും ഇന്ത്യ അവര്‍ക്ക് സുരക്ഷിത താവളമൊരുക്കി. അത് ലോകം അംഗീകരിച്ചതാണ്.
ഇന്ന് ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കാണ് നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കാര്‍ പ്രധാന പരിഗണന നല്‍കുന്നത്. എണ്‍പതുകളുടെ അവസാനം കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ക്രൂരമായ വംശഹത്യയാണ് നടന്നത്. ഒടുവില്‍ ജന്മനാട്ടില്‍ നിന്ന് അവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. മനുഷ്യാവകാശ വാദികളൊന്നും അവരുടെ രക്ഷയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയില്ല. ഹിന്ദു ജനസംഖ്യയില്‍ കുറവ് വന്നപ്പോഴേക്ക് പല തരത്തിലുള്ള വിഘടന പ്രവര്‍ത്തനങ്ങളും തലപൊക്കുന്നത് നമ്മള്‍ കണ്ടതാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് പ്രകടമായിരുന്നു. അസമിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണ്. ഹിന്ദുവിശ്വാസികളുടെ എണ്ണം ഗണ്യമായി നിലനിന്നില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്പ് തന്നെ അപകടകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണിത്.
കേരളത്തിലേക്ക് നോക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ അങ്ങേയറ്റം വഷളാണെന്നു മാത്രമേ പറയാന്‍ കഴിയൂ. എണ്ണത്തില്‍ മറ്റുള്ളവരേക്കാള്‍ മുമ്പിലാണെന്ന് തോന്നുമെങ്കിലും കേരളത്തില്‍ ഹിന്ദുവിശ്വാസികളുടെ എണ്ണം അനുദിനം കുറഞ്ഞുവരികയാണ്. 1901ല്‍ കേരള ജനസംഖ്യയില്‍ 68.9 ശതമാനവും ഹിന്ദുക്കളായിരുന്നു. മുസ്ലിങ്ങള്‍ 17.3 ശതമാനവും ക്രിസ്ത്യാനികള്‍ 13.8 ശതമാനവും. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ മലബാര്‍ പ്രദേശത്ത് മുസ്ലിങ്ങള്‍ സംഘടിതമായ മതപരിവര്‍ത്തനം നടത്തി ത്തുടങ്ങി. ഹൈദരാലിയും ടിപ്പുസുല്‍ത്താനും ഇതിന് ആക്കം കൂട്ടി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സഹായത്താല്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളിലും മതംമാറ്റം നടത്തി. അതുവരെ കേരളത്തില്‍ ഹിന്ദുക്കള്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കില്‍ ക്രൈസ്തവ, ഇസ്ലാമിക മതംമാറ്റത്തിന്റെ ഫലമായി ഹിന്ദു ജനസംഖ്യ കുറഞ്ഞു. 1901 ല്‍ 68.9 ശതമാനമായിരുന്ന ഹിന്ദുജനസംഖ്യ 1991 ആവുമ്പോഴേക്കും 57.35 ശതമാനമായി കുറഞ്ഞു. മുസ്ലിം ജനസംഖ്യ 17.28ല്‍ നിന്ന് 23.33 ലേക്ക് എത്തി. ക്രിസ്ത്യന്‍ ജനസംഖ്യയാകട്ടെ 1901ലെ 13.38ല്‍ നിന്ന് 1991ല്‍ 19.32 ആയി വര്‍ദ്ധിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ക്രിസ്ത്യന്‍ അനുപാതം കുറയുകയായിരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ ജനിക്കുന്ന കുട്ടികളില്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ് ഹിന്ദുക്കളായി ഉള്ളത്.
ഇത് കണക്കുകള്‍ മാത്രം. യാഥാര്‍ത്ഥ്യം ഇതില്‍ കൂടുതല്‍ ഭീകരമാണെന്ന് നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അല്ലാത്തവരെ ഹിന്ദുക്കളായി കണക്കാക്കുന്നുവെന്നേയുള്ളൂ. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും ഹിന്ദുധര്‍മ്മത്തോടോ സംസ്‌കാരത്തോടോ മതിപ്പോ താല്പര്യമോ ഉള്ളവരോ ഹിന്ദു ജീവിത രീതികള്‍ അനുഷ്ഠിക്കുന്നവരോ അല്ല. ദീര്‍ഘനാളത്തെ കമ്യൂണിസ്റ്റ് സ്വാധീനം മൂലം പല ഹിന്ദുക്കള്‍ക്കും തങ്ങളുടെ നാടിന്റെ സംസ്‌കാരത്തോടും പാരമ്പര്യത്തോടുമുള്ള മമത നഷ്ടപ്പെട്ടിരിക്കുന്നു. അതേ സമയം ക്രിസ്ത്യന്‍, മുസ്ലിം വിശ്വാസികളെ സ്വാധീനിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുമില്ല. മുസ്ലിങ്ങളില്‍ പലരും പുറമേയ്ക്ക് കമ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ മതബോധത്തെ സ്വാധീനിക്കാന്‍ കമ്യൂണിസ്റ്റ് ചിന്താഗതിക്ക് സാധിച്ചിട്ടില്ല. അതേ സമയം ഇവരുടെയൊക്കെ സ്വാധീനം മൂലം നല്ലൊരു വിഭാഗം ഹിന്ദുക്കള്‍ക്ക് അടുത്ത തലമുറകളിലേക്ക് ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ചോ പാരമ്പര്യത്തേക്കുറിച്ചോ ഉള്ള അറിവ് നല്‍കാനോ സംസ്‌കാരം പകര്‍ന്നു നല്‍കാനോ കഴിയുന്നുമില്ല. ഗൗരവ പൂര്‍വം ചിന്തിക്കേണ്ട വിഷയമാണിത്.
2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ഹിന്ദു ജനസംഖ്യ 50 ശതമാനത്തിന് തൊട്ടുമുകളിലാണ്. എന്നാല്‍ ഇതും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. സംസ്ഥാനത്ത് വ്യാപകമായ മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാനും മറ്റുമായി മതംമാറിയവര്‍ രേഖകളില്‍ ഹിന്ദുക്കളായി കാണിക്കുന്നത് തുടരുന്നത് കൊണ്ടാണിത്. ഹിന്ദുക്കളുടെ അനുപാതം 45 ശതമാനത്തില്‍ താഴെയായിരിക്കാനാണ് സാദ്ധ്യത. ലൗജിഹാദ് പോലുള്ള തന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍ മുസ്ലിങ്ങള്‍ നടത്തുമ്പോള്‍ ക്രിസ്ത്യാനികളും പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്ത് വിഭാഗങ്ങള്‍ വിദേശ പണം ഉപയോഗിച്ച് വന്‍ തോതില്‍ മതപരിവര്‍ത്തനം നടത്തുകയാണ്.
ഹിന്ദു ജനസംഖ്യ കുറയുന്നത് എത്രമാത്രം അപകടരമാണെന്ന് ചരിത്രം നമുക്ക് പഠിപ്പിച്ചു തന്നതാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1952ല്‍ കുടുംബാസൂത്രണ പ്രക്രിയ ആരംഭിച്ചപ്പോള്‍ ഹിന്ദുക്കള്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തത് സര്‍ക്കാര്‍ മുന്നോട്ട് വച്ച വാദങ്ങള്‍ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ്. എന്നാല്‍ താരതമ്യേന മുസ്ലിം വിഭാഗം ഇത് സ്വീകരിച്ചില്ല. അതോടെ മൊത്തം ജനസംഖ്യാ വളര്‍ച്ചയില്‍ കുറവ് വന്നെങ്കിലും ഹിന്ദു-മുസ്ലിം അനുപാതത്തില്‍ കാര്യമായ വ്യത്യാസം വന്നു. കേരളത്തില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയില്‍ ജനന നിരക്ക് 22 കടന്നപ്പോള്‍ അവര്‍ എണ്ണത്തില്‍ കുറവായ പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും ഇടുക്കിയിലുമൊക്കെ അത് പത്തിനടുത്തോ തൊട്ടുമുകളിലോ മാത്രമാണ്.
ഓരോ വര്‍ഷവും ജനിക്കുന്ന കുട്ടികളുടെ കണക്കെടുക്കുമ്പോള്‍ ഹിന്ദുജനസംഖ്യയില്‍ വരുന്ന കുറവും മുസ്ലിം ജനസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും ഇതിലൂടെ വ്യക്തമാകും. 2005 മുതല്‍ 2019വരെയുള്ള ഹിന്ദുജനസംഖ്യാ ഇടിവിന്റെ നേര്‍ ചിത്രമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളില്‍ നിന്നാണിത്. (പട്ടിക കാണുക).
2005ല്‍ കേരളത്തില്‍ ജനിച്ച കുട്ടികളില്‍ 47 ശതമാനം ഹിന്ദുക്കളായിരുന്നെങ്കില്‍ 2019ല്‍ അത് 41.04 ശതമാനമായി കുറഞ്ഞു. അതേ സമയം 2005ല്‍ ജനിച്ച കുട്ടികളില്‍ 34.78 ശതമാനമായിരുന്നു മുസ്ലിങ്ങളെങ്കില്‍ 2019ല്‍ അത് 44.35 ശതമാനമായി ഉയര്‍ന്നു. 2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം കേരളത്തിലെ മുസ്ലിം ജനസംഖ്യ 28 ശതമാനം മാത്രമായിരുന്നു. 28 ശതമാനം പേരുള്ള സമൂഹമാണ് 45 ശതമാനം കുട്ടികളെ നല്‍കുന്നത്. ക്രിസ്ത്യന്‍ ജനസംഖ്യ വളര്‍ച്ചയിലും ഇടിവുണ്ട്. പരമ്പരാഗത ക്രിസ്തുമത വിശ്വാസികള്‍ ജനന നിയന്ത്രണം പാലിക്കുന്നുണ്ട്.
2006ല്‍ കേരളത്തിന്റെ ശരാശരി ജനന നിരക്ക് 16.63 ആയിരുന്നെങ്കില്‍ മലപ്പുറം ജില്ലയില്‍ അത് 21.79 ആയിരുന്നു. (ഒരു വര്‍ഷം ജനിച്ച കുട്ടികളും ആ വര്‍ഷത്തെ ജനസംഖ്യയും തമ്മിലുള്ള അനുപാതം ആയിരംകൊണ്ടു ഗുണിച്ചത്.) അതേ സമയം ആലപ്പുഴയില്‍ ഇത് 11.96ഉം ഇടുക്കിയില്‍ 13.9 ആയിരുന്നു.
ഇനി രസകരമായ വസ്തുത ജനന നിരക്കില്‍ ഹിന്ദുക്കള്‍ പിന്നിലേക്ക് വരുമ്പോള്‍ മരണ നിരക്കില്‍ മുന്നിലാണെന്നതാണ്. ഓരോ വര്‍ഷവും കേരളത്തില്‍ മരിക്കുന്നവരില്‍ 60 ശതമാനവും ഹിന്ദുക്കളാണ്. ഇത് ഹിന്ദുക്കള്‍ നേരത്തെ മരിക്കുന്നതു കൊണ്ടല്ല. ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ഷങ്ങളായി പിറകില്‍ പോയതോടെ ഹിന്ദുസമൂഹം താരതമ്യേന വൃദ്ധന്മാരുടേതായി മാറിയിരിക്കുന്നു. അതേ സമയം മുസ്ലിം സമുദായത്തിലാകട്ടെ കൂടുതല്‍ പേരും ചെറുപ്പക്കാരാണ്. 2007ലെ കണക്കുകള്‍ പ്രകാരം മരിക്കുന്ന ഹിന്ദുക്കളില്‍ 53.48 ശതമാനവും 70 വയസ്സുകഴിഞ്ഞിട്ടാണ് മരിക്കുന്നത്. 2007ല്‍ മരിച്ച മുസ്ലിങ്ങളില്‍ 46.19 ശതമാനം മാത്രമാണ് 70 വയസ്സുകഴിഞ്ഞ് മരിച്ചത്. അതിനര്‍ത്ഥം ഹിന്ദുക്കള്‍ നേരത്തെ മരിക്കുന്നില്ല എന്നാണ്. എന്നാല്‍ ജനസംഖ്യയില്‍ കൂടുതലും പ്രായക്കൂടുതലുള്ളവരായതുകാരണം 2018 ല്‍ മരിച്ച 2,58,530 പേരില്‍ ഒന്നരലക്ഷം പേരും ഹിന്ദുക്കളായിരുന്നു. ശതമാനം 60.02. ഇതേ വര്‍ഷം മരിച്ച മുസ്ലിങ്ങളുടെ എണ്ണം അരലക്ഷത്തില്‍ താഴെ മാത്രം. ശതമാനം 19.15. മരിച്ച ക്രിസ്ത്യാനികളടെ സംഖ്യ 51537ഉം ശതമാനം 19.86ഉം. ഇതേ വര്‍ഷം ജനിച്ച കുട്ടികളില്‍ 43.79ശതമാനവും മുസ്ലിങ്ങളായിരുന്നുവെങ്കില്‍ ഹിന്ദുക്കളായി ജനിച്ചത് 41.61 ശതമാനം മാത്രം. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് 60 ശതമാനത്തോളം പേര്‍ ഹിന്ദുക്കളായിരുന്നുവെന്നതിന്റെ ഒരു ദൃഷ്ടാന്തംകൂടിയാണ് ഈ മരണ കണക്ക്. ഇപ്പോള്‍ തന്നെ വൃദ്ധസമൂഹമായി മാറിയ കേരളത്തിലെ ഹിന്ദുക്കള്‍ക്ക്, ഈ വളര്‍ച്ചാ നിരക്ക് തുടരുകയാണെങ്കില്‍ മറ്റുള്ളവരുടെ ഔദാര്യത്തില്‍ കഴിയേണ്ട ചെറു ന്യൂനപക്ഷമായി മാറേണ്ട ഗതികേടുണ്ടാകും. സംഘടിത മതന്യൂനപക്ഷങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം നാം കണ്ടതാണ്. അധികാരത്തിന്റെ പിന്നാമ്പുറത്തുപോലും ഹിന്ദുവിന് സ്ഥാനം കിട്ടാത്ത സ്ഥിതിയാവും ഈ നില തുടര്‍ന്നാലുണ്ടാകാന്‍ പോകുന്നത്.
കേരളത്തില്‍ ഓരോ വര്‍ഷവും മരിക്കുന്നവരുടെ മതപരമായ കണക്ക് ഇതോടൊപ്പം കൊടുക്കുന്നു. ഇതും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെതാണ്. (പട്ടിക കാണുക)
മുസ്ലിം പെണ്‍കുട്ടികള്‍ നേരത്തെ വിവാഹിതരാവുന്നു, കൂടുതല്‍ പ്രസവിക്കുന്നു എന്നതാണ് മുകളില്‍ പറഞ്ഞ നിരീക്ഷണങ്ങള്‍ക്കാധാരമായ വസ്തുത. ഉദാഹരണത്തിന് 2019ല്‍ 2,12,933 മുസ്ലിം കുട്ടികളാണ് ജനിച്ചതെങ്കില്‍ അതില്‍ 15820 കുട്ടികളും ജനിച്ചത് 19 വയസ്സിനെ താഴെയുള്ള അമ്മമാര്‍ക്കാണ്. ഹിന്ദുക്കളില്‍ ഈ സംഖ്യ 4185 മാത്രമാണ്. 19 വയസ്സിന് താഴെയുള്ള മുസ്ലിം അമ്മമാര്‍ക്ക് ഇത് രണ്ടാമത്തെ പ്രസവമായിരുന്നു. 35 പേര്‍ക്ക് മൂന്നാമത്തേതും. ഹിന്ദുക്കളില്‍ ഈ സംഖ്യ 82 ഉം 15 ഉം മാത്രം. ക്രിസ്ത്യാനികളില്‍ 19 വയസ്സിന് താഴെയുള്ള അമ്മമാരുടെ ആദ്യ പ്രസവം 558ഉം രണ്ടാമത്തേത് 13 ഉം മൂന്നാമത്തേത് 9 ഉം ആയിരുന്നു.
ഹിന്ദുസമൂഹത്തിന്റെ നിലനില്പിന് ജനസംഖ്യാ വര്‍ദ്ധനവ് മാത്രം പോരാ. എന്നാല്‍ അത് അനുപേക്ഷണീയമാണ് താനും. വിദ്യാഭ്യാസം, വ്യവസായം, വ്യാപാരം, കാര്‍ഷികം, തൊഴില്‍ തുടങ്ങി നിരവധി മേഖലകളില്‍ ഹിന്ദുക്കള്‍ മുന്നേറേണ്ടതുണ്ട്. ലോകം ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയൊക്കെ മുന്നേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇവിടെയൊക്കെ ഹിന്ദുസമൂഹം മുന്നേറണം. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ഹിന്ദുയുവാക്കള്‍ക്ക് പ്രേരണയും സഹായവും ലഭിക്കണം. അവര്‍ നല്ല സംരംഭകരായി വളരട്ടെ. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെയും സാഹചര്യങ്ങള്‍ കൊണ്ട് ഒറ്റപ്പെട്ടുപോയവരെയും കൈ പിടിച്ചുയര്‍ത്താന്‍ കഴിയണം. ഹിന്ദു സമൂഹം വികസിക്കണമെങ്കില്‍ ഹിന്ദുകുടുംബങ്ങളില്‍ നിന്ന് അവര്‍ക്ക് സംസ്‌കാരം പകര്‍ന്നു കിട്ടണം. സ്വന്തം നാടിന്റെ പാരമ്പര്യത്തോടും സംസ്‌കാരത്തോടും മമതയും അഭിമാനവും പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസമല്ല ഇന്ന് ലഭിക്കുന്നത്. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിന്നും അത് ലഭിക്കില്ല. സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും നിന്ന് അത് ലഭിക്കില്ല. എല്ലാ മേഖലകളിലും മെക്കാളെയിസ്റ്റുകളുടെ അതിപ്രസരമാണ്. വീടുകളില്‍ നിന്ന് സംസ്‌കാരം പകര്‍ന്നു നല്‍കാനേ കഴിയൂ. പഴയ പോലെ എട്ടും പത്തും മക്കളിന്നില്ലല്ലോ. കൂട്ടുകുടുംബം മാറി അണുകുടുംബമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ വീട്ടിലുള്ള ഏകമകനോ ഏകമകള്‍ക്കോ സംസാരിക്കാനാരുമുണ്ടാകില്ല. ഇതിന് പകരം മൂന്ന് കുട്ടികളെങ്കിലുമുണ്ടെങ്കില്‍ അവര്‍ നല്ല അന്തരീക്ഷത്തില്‍ വളരും. നിലവിലുള്ള അണുകുടുംബ മാതൃകയില്‍ നിന്ന് മൂന്ന് മക്കളെങ്കിലുമുള്ള മാതൃകയിലേക്ക് കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ ചില സെലിബ്രിറ്റികള്‍ക്കെങ്കിലും കഴിഞ്ഞെന്നു വരും. അവരിതിനായി മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാശ്മീരി പണ്ഡിറ്റുകളുടെയും പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും ഹിന്ദുക്കളുടെയും ഗതി കേരളത്തിലെ ഹിന്ദുക്കള്‍ക്കും ഉണ്ടാകാതിരിക്കണമെങ്കില്‍ അതു മാത്രമേ വഴിയുള്ളൂ. ഇപ്പോള്‍ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് ഘോരഘോരം വാദിക്കുന്നവരാരും അന്നു കാണില്ല എന്ന വെല്ലുവിളികൂടി നമ്മുടെ മുന്നിലുണ്ട്.
(ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകനും സംരംഭകനുമാണ് ലേഖകന്‍)