മാധവി പറഞ്ഞിടത്തേക്ക് പിറ്റേന്ന് അതിരാവിലെത്തന്നെ പുറപ്പെട്ടു. എങ്ങോട്ടാണെന്ന് മാധവി പറഞ്ഞിരുന്നില്ല. വഴികാട്ടുക മാത്രം ചെയ്തു. വേലായുധനോടൊപ്പം മുന്നിലിരുന്ന് അവള്‍ കാളകളെ നിയന്ത്രിച്ചു.
മാധവിയുടെ കടിഞ്ഞാന്‍ വലിവുകളുടെ ഊക്കും അയവും തിരിച്ചറിഞ്ഞ് കാളകള്‍ മുന്നേറി. വണ്ടിയില്‍ കരുതിയ ഏത്തവാഴപ്പഴങ്ങളും മോരുവെള്ളവും കഴിച്ചും കഥകള്‍ പറഞ്ഞും പാട്ടുപാടിയും അവര്‍ മുന്നോട്ടു നീങ്ങി. വേലായുധന്‍ ഒത്തിരി സഞ്ചരിച്ച വഴികള്‍ തന്നെ. മാധവി ഏറെ താണ്ടിയ പാതകള്‍.
ഫറോക്കില്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു. ‘പാവം കാളകള്‍. അവര്‍ വിശ്രമിക്കട്ടെ. നമുക്ക് തീവണ്ടിയില്‍ പോകാം’.
അവള്‍ക്കൊപ്പം തീയന്ത്രത്തിന്റെ അതിവേഗക്കൂട്ടിനകത്ത് ആള്‍ത്തിരക്കിനിടയില്‍ അവര്‍ തൊട്ടൊരുമ്മി. മാറിലെ ചൂടുകള്‍ പരസ്പരം കൈമാറി. കൈവിരലുകള്‍ ഇണചേര്‍ന്നിഴഞ്ഞു. എലത്തൂരിന് ടിക്കറ്റെടുക്കാന്‍ പറഞ്ഞതെന്തിനാണെന്ന് വേലായുധന്‍ ചോദിച്ചിരുന്നില്ല. എലത്തൂരില്‍ കിതച്ചു നിന്ന വണ്ടിയില്‍ നിന്നും ഇരുവരുമിറങ്ങി.
‘ഇനി നമുക്കൊരു ജലയാത്ര?’
വേലായുധന്‍ സമ്മതം മൂളി. നാലു വംശങ്ങള്‍ക്ക് പുത്രരെ നല്‍കി കുലങ്ങളെ നയിച്ചവളേ, യയാതീപുത്രീ നീ നയിക്കുക. എന്നെപ്പോലുള്ള നിരായുധന്മാരുടെ പരമ്പരയ്ക്ക് നീ തുടക്കമിടുക.
അകലാപ്പുഴ മുന്നില്‍ കാത്തുകിടക്കുന്നു. അവള്‍ വരവറിയിച്ചിരുന്നെന്ന വണ്ണം ചെറിയ ഓളങ്ങളിളക്കിക്കൊണ്ട് രണ്ടുപേരെയും എതിരേറ്റു.
‘ഈ വഴിയില്‍ ഇങ്ങനെ തോണീല് പോയിട്ടുണ്ടോ ഇതിനുമുമ്പ്?’
തുറയൂര്‍ക്ക് പോകുന്ന തോണിയില്‍ ഏറ്റവും മുന്നിലെ ഇരിപ്പിടത്തില്‍ രണ്ടുപേരും മുന്നോട്ട് തിരിഞ്ഞിരുന്ന ശേഷം വേലായുധന്‍ ചോദിച്ചു.
‘ഉണ്ട്, ഒരുപാട്. അമ്മയുടെ നാട് ഇരിങ്ങത്ത്. തുറയൂരിന് തെക്ക് കിഴക്ക്. അച്ഛന്‍ മലപ്പുറത്ത് ഊരകത്ത്. രണ്ടാള്‍ക്കും പണി കുറ്റിയാടീലെ വനത്തിലെ ടിമ്പറില്. അവിടുന്ന് പരിചയപ്പെട്ടാ അവര് കല്യാണം കഴിച്ചത്’.
കുറ്റ്യാടി വിട്ട് മൂന്ന് നാഴിക ഉള്ളിലാണ് സായിപ്പിന്റെ ടിമ്പര്‍ ഡിപ്പോ. എബണി, ഇരൂള്‍, മട്ടി, പൂമരുത് തുടങ്ങിയ മരങ്ങളുടെ തടികള്‍ ചെത്തിയെടുത്ത് നമ്പറിട്ട് അന്യനാടുകളിലേക്ക്. മഴപെയ്ത് കാട്ടരുവി കുതിച്ചൊഴുകുമ്പോള്‍ അതിലൂടെ മരങ്ങള്‍ കുറ്റ്യാടിപ്പുഴയിലേക്ക്. അവിടെനിന്ന് അടുക്കിക്കെട്ടി വലിയ റാഫ്ടറുകളായി കോഴിക്കോട്ടേക്ക്.
‘ഞാനും പോയിട്ടുണ്ട് അവരുടെ ഒപ്പം ഒരുപാട് തവണ’.
മുയലുകളും മുള്ളന്‍പന്നികളും മാന്‍പേടകളും തിമിര്‍ക്കുന്ന കാട്ടുപടര്‍പ്പുകളെ കണ്ടുനീങ്ങിയ ജലയാത്രകളുടെ ഓര്‍മ്മകള്‍. മാവും പിലാവും കുടപ്പനയും ചമതയും പുന്നയും തണല്‍ വീഴ്ത്തിയ ഓളപ്പരപ്പിലെ ബാല്യകൗതുകത്തിന്റെ ഓര്‍മ്മകള്‍. മാധവിയുടെ മുഖം സ്മരണകളുടെ മനോഹാരിതയാല്‍ ശോഭിക്കുന്നത് വേലായുധന്‍ കണ്ടു.
തുറയൂരിറങ്ങി. അകലാപ്പുഴയുടെ പരപ്പിന്റെ തുറസ്സ്. പടിഞ്ഞാറന്‍ കരയെ നോക്കി മാധവി പറഞ്ഞു.
‘അത് മുചുകുന്ന്’.
കൗതുകത്തിന്റെ കഠിനമായൊരു നിശ്ചലത കണ്‍പോളകളെ ബലപ്പെടുത്തിയത് വേലായുധനറിഞ്ഞു.
‘കേളപ്പജീടെ നാട്’
‘അങ്ങോട്ടു പോകാം. അതിനു മുമ്പ് ഒരു സ്ഥലം കാണിച്ചു തരാം, വാ’.
മാധവിയെ വേലായുധന്‍ അനുഗമിച്ചു. മുന്നില്‍ ഇരിങ്ങത്തിനെ നിഗൂഢമാക്കിക്കിടത്തുന്ന ഇടവഴികളുടെ കെട്ടുപിണര്‍പ്പ്. മുന്നിലെ വഴി ഉയരങ്ങളിലേക്ക് നയിക്കുന്നതറിഞ്ഞ് അവര്‍ നടന്നു.
‘ഇതാ, ഇവിടെയായിരുന്നു എന്റെ വീട്. അവിഞ്ഞാട്ട് നായരുടെ കുടിയാനായി ഈ പാറപ്പുറത്ത് അമ്മയുടെ അച്ഛനും അമ്മയും. അച്ഛാച്ഛന് അമ്മ ഒറ്റ മോള്’. ഇവിടെയൊരു വീട് ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരിടത്ത് അവര്‍ എത്തി.
മുന്നില്‍ നല്ലമ്പര്‍കുന്ന് ആകാശം മുട്ടി നിന്നു. പടിഞ്ഞാറന്‍ കടല്‍ക്കാറ്റ് കുന്നുകയറി വന്നു. മധ്യാഹ്നം പിന്നിട്ടിരിക്കുന്നു. വിശാലമായ പാറപ്പുറത്ത് സ്വര്‍ണ്ണ നിറമാര്‍ന്ന നെയ്പുല്‍പ്പരപ്പ്. പാറക്കെട്ടുകളില്‍ ഒന്നിലിരുന്ന് രണ്ടുപേരും വെയില്‍ ഏറ്റുവാങ്ങി.
കുഞ്ഞുന്നാളില്‍ അമ്മ പഠിപ്പിച്ച വടക്കന്‍പാട്ട്, ഹൈദരാലിയുടേയും ടിപ്പുവിന്റെയും കാലത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞ കണ്ണീരു കലങ്ങിയ ഏറനാടന്‍ കഥകള്‍. മാധവി ഇടതടവില്ലാതെ നാവനക്കിക്കൊണ്ടിരുന്നു.
‘എന്റെ കാളകള്‍ വഴിയരികിലാണ്’. വേലായുധന്‍ ആവലാതിപ്പെട്ടു.
മാധവി എഴുന്നേറ്റു. വേലായുധനും. ‘ഈ നല്ലമ്പര്‍ക്കുന്നിന്റെ ഉച്ചിയില്‍ നിന്ന് ഞാന്‍ കുട്ടിക്കാലത്ത് ആകാശത്തെ കൂക്കിത്തൊടുമായിരുന്നു. അപ്പോ അമ്മ പറയും, പെണ്ണുങ്ങള് കൂക്കാന്‍ പാടില്ലാന്ന്. ഞാന്‍ അത് കേള്‍ക്കൂല്ല. എന്നിട്ട് കൂക്കും. അപ്പോ പറയും ഇങ്ങനുള്ള പെണ്ണിന് ആണിനെ കിട്ടൂലാന്ന്’. വേലായുധന്‍ അവളുടെ മുഖത്ത് വിരിയുന്ന നക്ഷത്രത്തിളക്കം നോക്കി നിന്നു. അവള്‍ തുടര്‍ന്നു. ‘ഞാനൊന്ന് കൂക്കട്ടെ? എന്നിട്ട് നോക്കട്ടെ ആണിനെ കിട്ടൂലേന്ന്’.
‘ഉം. പെട്ടെന്നാവട്ടെ’. വേലായുധന്‍ ചിരിച്ചു.
മാധവി നീട്ടിയൊരു കൂവല്‍ കൂവി. ആകാശം തൊട്ട് അത് അവിടെയെങ്ങും ലയിച്ചുപോയി. അപ്പോള്‍ വേലായുധന്‍ അവളെ ഇരു കൈ കൊണ്ടും പുണര്‍ന്ന് തന്റെ നെഞ്ചിലേക്കടുപ്പിച്ചു.
‘ചെക്കനേ കിട്ടീലേ? പിടിച്ചാ?’
രണ്ടുപേരും ചിരിച്ചു.
അവര്‍ കുന്നിറങ്ങി. അകലാപ്പുഴയുടെ കരയില്‍ ബീഡിവലിച്ചുകൊണ്ടിരിക്കുകയായിരുന്ന കടത്തുകാരനോട് തോണി പെട്ടെന്നെടുക്കാന്‍ പറഞ്ഞു. അക്കരേയ്ക്ക് എന്ന് വേലായുധന്‍ ആംഗ്യം കാട്ടി. മറുകരയടുത്തപ്പോള്‍ തോണിയിറങ്ങിനടന്നു. ഇപ്രാവശ്യം വേലായുധനാണ് മുന്നില്‍. മറ്റൊരു കുന്ന്. മൂടാടിയിലെ കാറ്റ് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നുണ്ടായിരുന്നു. വിശപ്പില്ല, ദാഹമില്ല.
‘ഇതാണ് പവൂര്‍കുന്ന്’.
ഓടുമേഞ്ഞ കൊച്ചുപുരകള്‍ നിരയായി നില്‍ക്കുന്നു. പുരകള്‍ക്കകത്തും പുറത്തും നിന്ന് കുറേ പേര്‍ ഇരുവരേയും നോക്കി. ഒരാള്‍ ഇറങ്ങി വന്നു. പാച്ചുവെന്ന് പരിചയപ്പെടുത്തിയ അയാളോട് സ്ഥലം കാണാന്‍ വന്നവരാണെന്ന് വേലായുധന്‍ പറഞ്ഞു.
‘ഞങ്ങള് ഹരിജനങ്ങളെ കേളപ്പജിയാ ഇങ്ങോട്ട് മാറ്റിപ്പാര്‍പ്പിച്ചത്. ദാ ഇതാണ് ഗോഖലെ ഉസ്‌കൂള്. ഞാങ്ങക്കു വേണ്ടി വേര്‍പ്പൊഴുക്കി പണിതത് കേളപ്പജീം സംഘൂം’. പാച്ചു വാചാലനായി. ‘കേളപ്പജി ഈ പവൂര്‍കുന്നിനെ ഗോപാലപുരാക്കി’.
വേലായുധന്‍ ആ വിദ്യാലയത്തിന്റെ ചവിട്ടുപടിക്കു മുന്നില്‍ നിന്നു. പിന്നെ മണ്ണില്‍ കുമ്പിട്ടു. അല്പസമയം അങ്ങനെയൊരിരിപ്പ്.
‘കവി വള്ളത്തോളാ ഈ ഉസ്‌കൂള് ഉദ്ഘാടനം ചെയ്തത്’. പാച്ചു തുടര്‍ന്നു.
പുലയക്കുട്ടികള്‍ക്ക് അക്ഷരസദ്യ. പുലയച്ചാളകളിലേക്ക് അക്ഷരവെളിച്ചം. അത്ഭുതം തന്നെയാണ് ഈ കേളപ്പജിയുടെ നീക്കങ്ങള്‍.
വടക്ക്ഭാഗത്ത് മുചുകുന്ന് വലിയമല. ‘അവിടെയാണ് വായേപാതാളം. നമുക്കൊരിക്കല്‍ അവിടെ പോണം’. മാധവി പറഞ്ഞു.
ആദികേരള ഹരിജനോദ്ധാരണ സംഘം എന്ന ബോര്‍ഡ് തൂങ്ങുന്ന കെട്ടിടത്തിനു മുന്‍പില്‍ എത്തിയപ്പോള്‍ വേലായുധന്‍ ചോദിച്ചു. ‘കേളപ്പജി എവിടെയാണുള്ളത്, ഒന്ന് കാണണമായിരുന്നു’.
‘സംഘത്തിന് പണം പിരിക്കാന്‍ ഓടി നടക്കുവാ പാവം. സിലോണിലാണുള്ളത് എന്ന് കേള്‍ക്കുന്നു’.
സംഘം ഓഫീസിന്റെ ചുമരില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് വേലായുധന്‍ വായിച്ചു.
‘മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ’.
അകലാപ്പുഴയ്ക്കിരുവശവും നല്ലമ്പര്‍കുന്നിലും പാവൂര്‍കുന്നിലും ഒരേ വെളിച്ചം വര്‍ഷിച്ച് സൂര്യന്‍ ജ്വലിച്ചു നിന്ന പകലില്‍ കേളപ്പനും ഏതാനും പണിക്കാരും നല്ലമ്പര്‍കുന്നിന്റെ നെറുകയില്‍ വിയര്‍ത്തധ്വാനിക്കുകയായിരുന്നു. അവിഞ്ഞാട്ട് നായരില്‍ നിന്ന് ചാര്‍ത്തിവാങ്ങിയ എട്ടേക്കറില്‍ ഇപ്പോള്‍ വിദ്യാലയത്തിനുള്ള കെട്ടിടം ഉയര്‍ന്നുനില്‍ക്കുന്നു. കിണറിന്റെ പണിയിലാണ് എല്ലാവരും.
നോക്കെത്താത്ത ആഴത്തിലേക്ക് ഇറങ്ങിനിന്ന് ചെളികോരി കുട്ടകളിലിട്ട് കൊടുത്ത് കരയ്ക്കു കയറിയതേയുള്ളൂ കേളപ്പന്‍. അല്‍പ്പനേരത്തെ വിശ്രമത്തിനായി കെട്ടിടത്തിന്റെ വരാന്തയിലിരുന്ന് അദ്ദേഹം ചുറ്റുമുള്ളവരോട് തുടര്‍ന്നു.
‘നാരായണ ഗുരുദേവന്റേതാണ് വരികള്‍. നോക്കൂ ജാതിഭേദ ജീര്‍ണത സമാധിശേഷവും ഈ മണ്ണില്‍ പിടിച്ചിരിപ്പുണ്ട്. ഗുരുദേവന്‍ അതുകഴുകാന്‍ പഠിപ്പിച്ചാ സമാധിസ്ഥനായത്. എത്രമാത്രം ഗുരുക്കന്‍മാരിറങ്ങിയ മണ്ണ്. എത്രമാത്രം നന്മകളുള്ള ധര്‍മ്മം. ഇതിനകത്തു നാറുന്ന ജീര്‍ണതകള്‍ തുടയ്‌ക്കേണ്ടത് നാം തന്നെയല്ലേ’.
വീണ്ടും പണിയില്‍ മുഴുകി. ആ ഉയര്‍ന്ന പാറപ്രദേശത്ത് കുടിവെള്ളം നല്‍കുന്ന അക്ഷയപാത്രമൊരുങ്ങി. ആഴത്തില്‍ വെള്ളത്തിന്റെ നീരുറവ പൊട്ടുന്നതറിഞ്ഞപ്പോള്‍ കേളപ്പന്‍ വാചാലനായി.
‘പന്തിരുകുലത്തിന്റെ നാടാണിത്. അന്നന്നത്തെ അന്നത്തിനായി മാത്രം ഉല്‍പ്പന്നങ്ങളുണ്ടാക്കിയ പാക്കനാരുടെ പരമ്പരയാണ് നാം. കര്‍മ്മഫലത്തിന്റെ തത്വം പഠിപ്പിച്ചുതന്ന ഗുരു, സംതൃപ്തി എവിടെയെന്ന് പഠിപ്പിച്ച പച്ചമനുഷ്യന്‍. പാക്കനാരില്‍നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്’.
‘അങ്ങ് പഠിപ്പിക്കണം ഞങ്ങളെ’കുട്ടയില്‍ നിന്നും മണ്ണ് താഴേക്ക് ചെരിഞ്ഞ് ഒരാള്‍ പറഞ്ഞു.
‘ഞാനല്ല, ഈ വിദ്യാലയം പഠിപ്പിക്കും നന്മയുടെ പാഠം, നിങ്ങളുടെ വരുംതലമുറയെ. ഈ ഭൂമി പകരും നിങ്ങള്‍ക്ക് ജീവിതപാഠം ഒരുപാട്’.
എല്ലാവരും പണി നിര്‍ത്തി ഭക്ഷണത്തിനായി ഒത്തുചേര്‍ന്ന നിമിഷം കേളപ്പന്‍ പറഞ്ഞു. ‘ഈ നല്ലമ്പര്‍കുന്ന് ഇനിമേല്‍ പാക്കനാര്‍പുരം എന്നറിയപ്പെടും’.
പനയോലകൊണ്ടുണ്ടാക്കിയ ഒരു കുട്ട കമിഴ്ത്തി വെച്ചതുപോലെ പാക്കനാര്‍പുരം വക്രിച്ചു കിടന്നു. ചുറ്റിലും അതുപോലുള്ള കുട്ടകള്‍. ഭൂമിക്കു നല്‍കിയ കുട്ടകളിലെ മണ്ണ് മോഷ്ടിക്കുന്ന മനുഷ്യരെ പരിഹാസത്തോടെ നോക്കി പ്രകൃതി ചിരിച്ചു. അവര്‍ക്കിടയില്‍ മണ്ണിനെ ഉമ്മവെക്കുന്ന ഒരു നേതാവും കുറെ പാക്കനാര്‍ വംശജരും. തണുത്തൊരു കാറ്റു കൊണ്ട് പ്രകൃതി അവരെയൊന്ന് അനുഗ്രഹിച്ചു.
അറിവിനുള്ള ആഗ്രഹം കടുത്തതായി. രക്തം വിയര്‍പ്പായി. പാക്കനാര്‍പുരത്ത് ഹരിജനങ്ങള്‍ക്കായി ഒരു അക്ഷരപ്പുരയുയര്‍ന്നു. ശ്രദ്ധാനന്ദ വിദ്യാലയം.
പാക്കനാര്‍പുരത്തിനും ഗോപാലപുരത്തിനും ഇടയിലുള്ള വലിയമലയുടെ നെറുകയില്‍ അകലാപ്പുഴയെ നോക്കിയിരുന്ന ഒരു സന്ധ്യയ്ക്ക് പാച്ചു കേളപ്പനോട് ചോദിച്ചു. ‘ആരാണീ ശ്രദ്ധാനന്ദന്‍?’
‘ഞാനെങ്ങനെയാണ് ആ വ്യക്തിത്വവിശേഷത്തെ പരിചയപ്പെടുത്തേണ്ടത്? സ്വാതന്ത്ര്യസമരത്തിലെ രക്തനക്ഷത്രം, മനുഷ്യോദ്ധാരകന്‍, വിദ്യാഭ്യാസവിചക്ഷണന്‍, ശുദ്ധിപ്രസ്ഥാനത്തിന്റെ കപ്പിത്താന്‍, ആദര്‍ശത്തിന്റെ ആള്‍രൂപം.’
ആര്യസമാജത്തിന്റെ ആത്മീയവഴികളിലൂടെ ശ്രദ്ധാനന്ദന്‍ ഇടംവലം നോക്കി നടന്നു. ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവഴികളില്‍ എത്തിയപ്പോഴും ധര്‍മ്മനിഷ്ഠ കൈവിടാതിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ആഹ്വാനശംഖൊലി മുഴക്കി. ഒടുവില്‍ ഖിലാഫത്ത് പ്രസ്ഥാനം വഴിതെറ്റിപ്പടര്‍ന്നപ്പോള്‍ ഇരകള്‍ക്കുവേണ്ടി ഇടിനാദം മുഴക്കി. കോണ്‍ഗ്രസിനൊരു തിരുത്തല്‍ ശക്തിയായി. അഹിംസാ സിദ്ധാന്തം അട്ടിമറിക്കപ്പെട്ടപ്പോള്‍, രാഷ്ട്രഗീതങ്ങള്‍ക്കിടയില്‍ ജിഹാദി വരികള്‍ കലര്‍ന്നപ്പോള്‍, ഒടുവില്‍ മതശാഠ്യത്തിന്റെ മുറിവുകള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ ഒരു ചൂണ്ടുപലകയായി.
രാഷ്ട്രമാതാവിനായി ജയിലകം പൂണ്ടപ്പോഴും പതറിയില്ല. മോചിതനായപ്പോള്‍ കണ്ടത് മാര്‍ഗ്ഗം കൂട്ടലുകളുടെ മഹായാത്ര. ധര്‍മ്മത്തില്‍ നിന്നുള്ള ഒഴിച്ചു പോക്കിന് അദ്ദേഹം തടയണ കെട്ടി. ശുദ്ധിപ്രസ്ഥാനം തുടങ്ങി ഇരകളില്‍ ആത്മവിശ്വാസം പകര്‍ന്നു. സ്വധര്‍മ്മം വെടിഞ്ഞവര്‍ തിരിച്ചെത്താന്‍ തുടങ്ങി.
മലബാറിലും ലഹളയുടെ ഭീകരതാണ്ഡവം പകര്‍ന്നാടിയപ്പോള്‍ അദ്ദേഹം പറന്നെത്തി.
ഒടുവില്‍ അയിത്തോച്ചാടനം കൊണ്ട് സ്വധര്‍മ്മത്തെ ഐക്യപ്പെടുത്തി ശക്തിപ്പെടുത്താനുള്ള ശ്രമത്തില്‍ വ്യാപൃതനായി.
കടലിരമ്പം വലിയമലയിലേക്ക് ഇഴഞ്ഞെത്തി. വെളിച്ചം പതുക്കെ കുന്നിറങ്ങി പോകുന്നത് കണ്ട് കേളപ്പന്‍ തുടര്‍ന്നു.
‘രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് അസുഖകിടക്കയില്‍ തൊണ്ടവറ്റിക്കിടന്ന ഒരു പകലില്‍ മതഭ്രാന്തിന്റെ കാഞ്ചിവലികളില്‍ നാല് വെടിയുണ്ടകള്‍ ആ ധീരന്റെ മാറിടം പിളര്‍ത്തി’
പാക്കനാര്‍പുരത്തും ഗോപാലപുരത്തും വെളിച്ചത്തിന്റെ ചെറിയ ചായം പറ്റിക്കിടപ്പുണ്ട്. ശേഷിക്കുന്നിടത്തു നിന്നെല്ലാം ഇരുട്ട് വെളിച്ചത്തെ തുടച്ചെടുത്തു കൊണ്ടുപോയിക്കഴിഞ്ഞു. പാച്ചു ചോദിച്ചു.
‘വൈക്കത്തും വന്നിരുന്നു സ്വാമി, അല്ലേ?’
‘അതെ. അയിത്തോച്ചാടനം വെറും മുദ്രാവാക്യമാകരുതെന്ന് പഠിപ്പിച്ചത് സ്വാമിയാണ് ‘.
കുന്നിറങ്ങുമ്പോള്‍ കേളപ്പന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. സ്വാമിക്ക് നേരെ നിറയൊഴിച്ച മര്‍ഹൂമിന് വധശിക്ഷാനന്തരം സര്‍വ്വശക്തനായ തമ്പുരാന്‍ ഏഴാംസുവര്‍ക്കത്തില്‍ സ്ഥാനം നല്‍കാന്‍ പ്രാര്‍ത്ഥിച്ച അനുയായി സൂക്തങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. പ്രതി തന്റെ സഹോദരനാണെന്നും അയാള്‍ കുറ്റക്കാരനാണ് എന്ന് താന്‍ കരുതുന്നില്ലെന്നുമുള്ള ഗാന്ധിജിയുടെ പ്രസ്താവന ഒരു നെടുവീര്‍പ്പായി കേളപ്പനില്‍ നുരഞ്ഞുപൊങ്ങി എങ്കിലും പാച്ചുവിനെ അദ്ദേഹമത് കേള്‍പ്പിച്ചില്ല.
ഉച്ചയ്ക്ക് സംഘത്തിന്റെ യോഗം ഉണ്ടായിരുന്നതിനാലാണ് മാതൃഭൂമിയിലേക്കുള്ള യാത്ര സന്ധ്യയിലേക്ക് മാറ്റിയത്. പത്രാധിപസ്ഥാനം ഏറ്റെടുത്തിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. അക്ഷരം കൊണ്ടുള്ള സമരവഴി. നീതിക്കുവേണ്ടിയുള്ള അച്ചുനിരത്തലുകള്‍. അധാര്‍മികതയ്‌ക്കെതിരെ കത്തിമുനമൂര്‍ച്ചയുള്ള ഭാഷാപ്രയോഗങ്ങള്‍. നിലപാടുകളില്‍ അടിയുറച്ചുള്ള രചനാവിശേഷങ്ങള്‍. പത്രപ്രവര്‍ത്തനം ഒരാവേശമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വൈക്കത്തെ വിജയഗാഥയുണ്ട് ഊര്‍ജ്ജമായി മനസ്സില്‍. തന്റെ ഉറ്റ ചങ്ങാതി മന്നവും ഡോ. എം.ഇ.നായിഡുവും നയിച്ച സവര്‍ണ്ണ ജാഥകള്‍, ഗാന്ധിജിയുടെ സന്ദര്‍ശനം, നാരായണഗുരുവിന്റെ ഉപദേശങ്ങള്‍, എതിരാളികളാല്‍ ചുണ്ണാമ്പ് തേക്കപ്പെട്ട് കണ്ണ് നഷ്ടപ്പെടുത്തേണ്ടി വന്ന രാമന്‍ ഇളയതിനെ പോലുള്ള ധര്‍മ്മ ഭടന്മാരുടെ അധ്വാനം വൈക്കത്ത് മനുഷ്യാവകാശത്തിന്റെ തിരി കത്താന്‍ ഇവ ധാരാളമായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ പയ്യന്നൂര്‍ സമ്മേളനത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി, മുഖ്യസംഘാടകനായി നിറഞ്ഞുനിന്ന നാളുകള്‍ നല്‍കിയ പുത്തനുണര്‍വ് രാഷ്ട്രീയ വീഥിയിലെ പൊതുചുവടുകളില്‍ നിറഞ്ഞൊഴുകുകയാണ്. കോണ്‍ഗ്രസ്സും മാതൃഭൂമിയും അയിത്തോച്ചാടനക്കമ്മറ്റിയും സക്രിയതയുടെ സമരമാര്‍ഗങ്ങളെ ഊര്‍ജ്ജസ്വലമാക്കിയിരിക്കുന്നു.
കര്‍മ്മപഥത്തില്‍ നാളുകള്‍ മറിഞ്ഞു കൊണ്ടിരുന്നു.
‘ഇതെന്താ വേലായുധാ, ഇന്നും പത്രം ഇറങ്ങീനാ?’ പാല്‍ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്‌കരന്‍നായര്‍ പുലര്‍വെട്ടത്തില്‍ പത്രക്കെട്ടുമായി നടക്കുന്ന വേലായുധനോട് ചോദിച്ചു.
(തുടരും)
Comments