മാപ്പിള ലഹളയുമായി നേരിട്ട് ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അധികമില്ല. കോണ്‍ഗ്രസ് അന്ന് മലബാറില്‍ ശക്തമല്ല. ഗാന്ധി, ഷൗക്കത്ത് അലിക്കൊപ്പം 1920 ആഗസ്റ്റില്‍ കോഴിക്കോട് വന്ന് പ്രസംഗിച്ചു പോയ ശേഷമാണ്, കോണ്‍ഗ്രസിന് ഒരു കേരള പ്രവിശ്യാ കമ്മറ്റി ഉണ്ടാകുന്നത്. അതുവരെയുണ്ടായിരുന്ന മലബാര്‍ ജില്ലാ കമ്മറ്റിയിലും പിന്നെയുണ്ടായ പ്രവിശ്യാ കമ്മറ്റിയിലും സെക്രട്ടറി ആയിരുന്നു, കെ. മാധവന്‍ നായര്‍. അദ്ദേഹത്തെപ്പോലെ തലയെടുപ്പുള്ള വേറെ കോണ്‍ഗ്രസ് നേതാവ് അന്നില്ല. ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ഉണ്ടായ മാപ്പിള പ്രവാഹം കോണ്‍ഗ്രസ് അംഗ സംഖ്യ കുത്തനെ ഉയര്‍ത്തി.
മാധവന്‍ നായര്‍ 1921 ഫെബ്രുവരി പകുതിയില്‍ അറസ്റ്റിലായ ശേഷമാണ് കെ.പി. കേശവ മേനോന്‍ സെക്രട്ടറി ആയത്. അന്ന് 23 വയസ്സ് മാത്രമുള്ള മുഹമ്മദ് അബ്ദു റഹ്മാന്‍ കോണ്‍ഗ്രസ് ഖിലാഫത് കമ്മറ്റി സെക്രട്ടറി ആയിരുന്നു. ഉലമ സെക്രട്ടറിയാണ് അന്ന്, ഇ.മൊയ്തു മൗലവി. കോണ്‍ഗ്രസുകാരന്‍ എന്ന് മൗലവിയെ പറയാന്‍ കഴിയില്ല. പൊന്നാനി ഭാഗത്ത് ഒരു പരിധി വരെ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ചയാളാണ്, കെ. കേളപ്പന്‍. പള്ളികളില്‍ പോയും കേളപ്പന്‍ ഖിലാഫത്തിന് വേണ്ടി പ്രസംഗിച്ചിരുന്നു.
ലഹളയില്‍ വളരെ സംശയാസ്പദമായി പ്രവര്‍ത്തിച്ചയാളാണ്, എം.പി. നാരായണ മേനോന്‍. കോണ്‍ഗ്രസ്സിന്റെ ഏറനാട്ടിലെ സംഘടനാ സെക്രട്ടറിയെന്ന നിലയില്‍, ലഹളയ്ക്ക് സര്‍വ പിന്തുണയും നല്‍കിയ മേനോന്‍, ‘മാപ്പിള മേനോന്‍’ എന്നാണ് അറിയപ്പെട്ടത്. ഒരു തങ്ങളെപ്പോലെ വേഷം ധരിച്ചു നടന്നത് കൊണ്ടാണ്, ഈ പേര് വീണത്. കെ. മാധവന്‍ നായരുടെ ആള്‍ട്ടര്‍ ഈഗോ ആയിരുന്നു, മാസശമ്പളം പറ്റി സംഘടനാ സെക്രട്ടറി ആയിരുന്ന മേനോന്‍. ലഹളയ്ക്ക് താങ്ങായി നിന്ന മേനോനെ നാട് കടത്തി. നാട് കടത്തിക്കൊണ്ടുള്ള അതിദീര്‍ഘമായ വിധിയില്‍, മാധവന്‍ നായരെപ്പറ്റി പറയുന്നത്, വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ എന്നാണ്. മേനോന് വേണ്ടി പ്രധാന സാക്ഷിയായിരുന്നു, മാധവന്‍ നായര്‍. അദ്ദേഹം അന്ന് തടവിലായിരുന്നില്ല എങ്കില്‍, ലഹളയ്ക്ക് പ്രചോദനം നല്‍കിയ ആളെന്ന നിലയില്‍ ശിക്ഷ വാങ്ങിയേനെ. നായരുടെ ജന്മസ്ഥലമായ മഞ്ചേരി ആയിരുന്നു, വള്ളുവനാട്ടുകാരനായ മേനോന്റെ പ്രവര്‍ത്തന കേന്ദ്രം.
നായരും മേനോനും, ലഹളക്കാലത്ത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരി ‘കീഴടക്കിയപ്പോള്‍’ അയാളെ പോയിക്കണ്ട് വരുതിയില്‍ നിന്നോളാം എന്ന് പറഞ്ഞതായാണ് കോടതി രേഖകളില്‍ നിന്ന് മനസ്സിലാകുന്നത്. ഹാജിയെ കണ്ട കഥ നായര്‍, ‘മലബാര്‍ കലാപ’ത്തില്‍ പറയുന്നത്, വിശ്വസനീയമല്ല. ഹാജി 1921 ഓഗസ്റ്റ് 24 ന് മഞ്ചേരി നമ്പൂതിരി ബാങ്ക് കൊള്ളയടിക്കുമ്പോള്‍, മേനോന്‍ ഒപ്പം നില്‍ക്കുക മാത്രമല്ല, അതിനെ അനുകൂലിച്ചു പ്രസംഗിക്കുകയും ചെയ്തു. അതിനു മുന്‍പ്, 20ന് പുലര്‍ച്ചെ നിലമ്പൂര്‍ കോവിലകം ആക്രമിച്ചു മാപ്പിളമാര്‍ 16 പേരെ കൂട്ടക്കൊല ചെയ്തപ്പോള്‍, മേനോന്‍ അക്രമികളെ മടക്കയാത്രയില്‍ കാത്തു നിന്ന് അഭിനന്ദിച്ചു. ആറാം തിരുമുല്‍പ്പാടിനെ കൊല്ലാന്‍ കഴിയാത്തതില്‍ ദുഖിച്ചു. ഈ തിരുമുല്‍പ്പാട് ആണ് പൂക്കോട്ടൂര്‍ കോവിലകത്ത് താമസിച്ചിരുന്നത്. അദ്ദേഹവുമായി മുന്‍ ജീവനക്കാരന്‍ വലിയ വീട്ടില്‍ മുഹമ്മദിനുണ്ടായ തര്‍ക്കമാണ്, ലഹളയ്ക്ക് വഴിവച്ചത്. ഇന്ന് നക്‌സലൈറ്റുകള്‍ ചിലയിടങ്ങളില്‍ ചെയ്യും പോലെ, മാപ്പിളമാര്‍ പൂക്കോട്ടൂര്‍ സ്വയംഭരണ പ്രദേശമാക്കി. വലിയ വീട്ടില്‍ മുഹമ്മദ്, പ്രാദേശിക ഖിലാഫത്ത് സെക്രട്ടറി ആയി മാറിയിരുന്നു.
കെ.പി. കേശവ മേനോന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ വലിയ ശ്രമമൊന്നും നടത്തിയില്ല. ആലി മുസലിയാരെ കാണാന്‍ പോയ കേശവ മേനോനെ, മുസലിയാര്‍ അപമാനിച്ചു മടക്കുകയാണ് ചെയ്തത്. മുസലിയാരുടെ ഗുണ്ടകളെപ്പോലും മേനോന് വണങ്ങേണ്ടി വന്നു.
മാപ്പിളലഹളയുടെ നടത്തിപ്പുകാരനായ വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റി കെ.മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ കുറെ വിവരങ്ങളുണ്ട്. അവയില്‍ പിശകുകളുമുണ്ട്. മതഭ്രാന്തനായ ഒരു കൊലയാളിയുടെ ചിത്രം നമുക്ക് തന്ന ശേഷം മാധവന്‍ നായര്‍ അയാളെ ഇന്ത്യയുടെ വീരപുത്രനായി വിശേഷിപ്പിക്കുന്നത് വിചിത്രമാണ്. അസ്ഥാനത്തുള്ള ഈ വിശേഷണം രണ്ടു കാരണങ്ങള്‍ കൊണ്ട് സംഭവിച്ചതാകാം. ഒന്ന്: മഞ്ചേരിക്കാരനായ മാധവന്‍ നായര്‍ക്ക് അവിടെ ജീവിച്ചു പോകണം. അങ്ങനെ ഭയത്തില്‍ നിന്ന് പിറന്നത്. രണ്ട്: കോണ്‍ഗ്രസ്സിന് ലഹളയില്‍ പങ്കുണ്ട്. അതിനാല്‍ ലഹളയെ വെള്ള പൂശണം. മതഭ്രാന്തനും കൊലയാളിയും ഹിന്ദു വംശഹത്യ ചെയ്തവനുമായ വാരിയന്‍കുന്നനെ വെള്ളപൂശുന്ന മാധവന്‍ നായര്‍ എന്ത് തരം ഗാന്ധി ശിഷ്യനാണെന്ന് ചരിത്രം ചോദിച്ചു കൊണ്ടിരിക്കും.
1921 ഫെബ്രുവരി ആദ്യം 144 പ്രകാരം മലബാര്‍ കലക്ടര്‍ ഇ.എഫ്.തോമസ് ഇറക്കിയ നോട്ടീസില്‍ കെ.മാധവന്‍ നായരുടെയും യു.ഗോപാല മേനോന്റെയും യാക്കൂബ് ഹസ്സന്റെയും കൂടെ ഹാജിയുടെയും പേരുണ്ടായിരുന്നു. അങ്ങനെ ഒരാള്‍ ഉണ്ടെന്ന് താന്‍ അറിഞ്ഞത്, ആ നോട്ടീസില്‍ നിന്നാണ് എന്ന് നായര്‍ പുസ്തകത്തില്‍ പറയുന്നത് കളവാണ്. ഖിലാഫത്തിന്റെ തുടക്കത്തില്‍ ഒരു പണപ്പിരിവ് നായര്‍ നടത്തിയത് തന്നെ ഹാജിയില്‍ നിന്ന് പണം വാങ്ങിയാണ് എന്ന് ആര്‍.എച്ച്. ഹിച്ച്‌കോക്ക് എഴുതിയ ചരിത്രത്തിലുണ്ട്. അയാള്‍ മാപ്പിളലഹളക്കിറങ്ങിയത് തന്നെ, ഒന്നാം ഘട്ടം കഴിഞ്ഞാണ് എന്ന് നായര്‍ പറയുന്നതിലും കഴമ്പില്ല.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജന്മനാട് മഞ്ചേരിയില്‍ നിന്ന് നാല് നാഴിക ദൂരെ പാണ്ടിക്കാട് നിന്ന് നാല് നാഴിക പടിഞ്ഞാറ് നെല്ലിക്കുത്ത് എന്ന ദേശത്താണ്. ഏറനാട്ടില്‍ പണ്ട് മുതല്‍ തന്നെ ലഹള പ്രദേശം. ഹാജിയുടെ വീടും ആലി മുസലിയാരുടെ വീടും തമ്മില്‍ 20 വാരയില്‍ അധികം അകലമില്ല. കാക്കത്തോട് പാലത്തിന് അടുത്ത് പടിഞ്ഞാറു നിരത്തിന് തൊട്ടു തെക്കാണ് ഈ വീടുകള്‍. ഇരുവരും അകന്ന ബന്ധുക്കളും ആയിരുന്നു. നായര്‍ പറയുന്ന പ്രകാരം, ഹാജി ചെറുപ്പത്തില്‍ ബാപ്പയ്‌ക്കൊപ്പം മക്കത്തേക്ക് നാടുകടത്തപ്പെട്ടു. മുന്‍പ് ഉണ്ടായ ചില ലഹളകളില്‍ പങ്കെടുത്തതാണ് കാരണം.
നായര്‍ പറയുന്നത് ശരിയല്ല; ബാപ്പയ്‌ക്കൊപ്പം നാട് കടത്തിയില്ല. 2020 ജൂണ്‍ 26 ലെ ‘ഹിന്ദു’ റിപ്പോര്‍ട്ട് അനുസരിച്ച് ബാപ്പ ഈരാറ്റുപേട്ടയിലേക്ക് കടന്ന് ഇസ്ലാം പ്രഭാഷകന്‍ എന്ന മട്ടില്‍ എട്ടു കൊല്ലം ജീവിച്ചു; മുട്ടത്തു പറമ്പിലെ ഉമ്മുഹാനി ഉമ്മയെ വിവാഹം ചെയ്തു. അതില്‍ മുഹിയുദീന്‍ കുട്ടി എന്ന മകനുണ്ടായി. ഈ കുടുംബത്തിന് ബാപ്പയുടെ പൂര്‍വചരിത്രം അറിയുമായിരുന്നില്ല. ഈ കുടുംബത്തിലെ കെ.എം. ജാഫര്‍ ഇപ്പോള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ നിന്നാണ് ബാപ്പയെ ബ്രിട്ടീഷ് പോലീസ് പിടിച്ചത്.
ലഹളയ്ക്ക് ആറേഴു കൊല്ലം മുന്‍പ് വാരിയന്‍കുന്നത്ത് ഹാജി മലബാറിലേക്ക് മടങ്ങി. അപ്പോള്‍ നെല്ലിക്കുത്തിലേക്ക് പോകാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. ചില കൊള്ളകളില്‍ അയാള്‍ക്ക് പങ്കുണ്ടായിരുന്നത്, ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിക്ക് അറിയാമായിരുന്നു. അയാള്‍ കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പില്‍ താമസിച്ചു. പോത്തു വണ്ടിക്കാരനായി പണിയെടുത്തു. പിന്നെ സര്‍ക്കാര്‍ അനുവദിച്ചതനുസരിച്ച് നെല്ലിക്കുത്തില്‍ പോയി. അവിടെയും പോത്തുവണ്ടിക്കാരനായിരുന്നു. ഖിലാഫത്ത് പ്രവര്‍ത്തകന്‍ ആയിരുന്നു അയാള്‍ എന്ന് ഇംഗ്ലീഷ് പത്രങ്ങളിലും സി.ഗോപാലന്‍ നായര്‍ എഴുതിയ ‘മാപ്പിളലഹള 1921’ എന്ന പുസ്തകത്തിലും പറയുന്നുണ്ട്. ഹാജി ചില കോണ്‍ഗ്രസ് – ഖിലാഫത്ത് ലഘുലേഖകള്‍ മാധവന്‍ നായരുടെ അനുജന്‍ കേശവന്‍ നായരില്‍ നിന്ന് വാങ്ങിക്കൊണ്ട് പോയിരുന്നുവെന്ന് നായര്‍ തന്നെ എഴുതിയിട്ടുണ്ട്. നായര്‍ എഴുതുന്നു: ‘പ്രസ്ഥാനത്തില്‍ പങ്കു കൊണ്ടിട്ടില്ലെങ്കിലും പാരമ്പര്യമായി മതഭ്രാന്തന്മാരാണെന്ന് പ്രസിദ്ധി നേടിയിട്ടുള്ള ഒരു കുടുംബത്തിലെ അംഗമായ കുഞ്ഞഹമ്മദാജി ഖിലാഫത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായതില്‍ യാതൊരത്ഭുതവുമില്ല.’
ഗവണ്‍മെന്റുമായുള്ള യുദ്ധത്തില്‍ ഹിന്ദുക്കള്‍ തന്റെ ശത്രുക്കളാണെന്ന് അനുഭവപ്പെട്ടതിനാലോ മറ്റോ അയാള്‍ ഹിന്ദുക്കളെ ദ്രോഹിക്കാനും കൊല്ലാനും മതം മാറ്റാനും തുടങ്ങിയെന്നും നായര്‍ എഴുതുന്നു.
1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ മാപ്പിളലഹള തുടങ്ങിയ ശേഷം, അത് മഞ്ചേരിക്ക് പടര്‍ന്നു. നായര്‍, തന്റെ വീടും പട്ടാളം ആക്രമിക്കുമെന്ന് ഭയന്നു. കാവുങ്ങല്‍ നമ്പൂതിരിയുടെ ഇല്ലത്തേക്ക് താമസം മാറ്റി. പട്ടാളം വന്നില്ല. പകരം, 24 ആയപ്പോള്‍ മാപ്പിളമാര്‍ കൊള്ള തുടങ്ങി. നായര്‍ താമസിക്കുന്ന വീടിന്റെ തെക്ക് ഒരു നായര്‍ വീട്ടില്‍ മാപ്പിളമാര്‍ കൊള്ളക്കെത്തി. വയലിന്റെ നടുവരമ്പില്‍ കൂടി ഒരു കൊടി മുന്നില്‍ പിടിച്ച് ആയുധങ്ങളുമായി 25 മാപ്പിളമാര്‍ ഉച്ചയ്ക്ക് തെക്കോട്ട് പോകുന്നത് നായര്‍ കണ്ടു. ആ സംഘത്തിന്റെ തലവന്‍ ഹാജി ആയിരുന്നു. അതുവരെ ഹാജിയെ നായര്‍ കണ്ടിരുന്നില്ല. അയാള്‍ പോയി അല്‍പം കഴിഞ്ഞപ്പോള്‍ അയാളുടെ അനുചരന്‍ നായരുടെ അടുത്ത് ചെന്ന് ഹാജി കാണാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. അനുജന്‍ കേശവന്‍ നായര്‍ക്കൊപ്പം നായര്‍ ചെന്നു. കേശവന്‍ നായര്‍ക്ക് അടിതട അറിയാമായിരുന്നു. ഹാജി ആല്‍ത്തറ മേലിരുന്നു. നായരെ കണ്ടയുടന്‍ എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. നിവര്‍ന്ന് നില്‍ക്കാന്‍ വയ്യാതെ വീണ്ടും അയാള്‍ ആല്‍ത്തറയില്‍ ഇരുന്നു.
കറുത്തിരുണ്ട ഹാജിക്ക് അറുപതില്‍ കുറയാതെ പ്രായം. (നായര്‍ പറയുന്നത് ശരിയല്ല; 1877 ല്‍ ജനിച്ച ഹാജിക്ക് അന്ന് 44 വയസ്സാണ്). വായില്‍ പല്ലുണ്ടോ എന്ന് സംശയം. ഒത്ത മനുഷ്യന്റെ ഉയരമില്ല. മെലിഞ്ഞിട്ടല്ല. കറുത്ത കുപ്പായം. അരയില്‍ വാള്‍, കൈയില്‍ തോക്ക്. മുഖത്തു ശൂരത കണ്ടില്ല. ചിലതിന് ഉറച്ചിരിക്കുന്നു എന്ന ഭാവം. കൂട്ടത്തില്‍ ചിലരുടെ കൈയില്‍ തോക്കും കുന്തവും. പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് കൈവശപ്പെടുത്തിയതാണ്. അവര്‍ ഹാജിക്ക് ചുറ്റും നിലകൊണ്ടു. ആദ്യമായി കാണുകയാണെന്ന് കുശലം പറഞ്ഞു. ഇനി എന്ത് വേണമെന്ന് ഹാജി നായരുടെ ഉപദേശം തേടി. അപേക്ഷാ ഭാവത്തിലായിരുന്നു. ഹാജി മിത്രത്തെപ്പോലെ എതിരേല്‍ക്കില്ല എന്ന് വിചാരിച്ച നായര്‍ അന്തം വിട്ടു. നാട് മുഴുവന്‍ കുട്ടിച്ചോറായെന്നും ആയുധം ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണമെന്നും നായര്‍ ഉപദേശിച്ചു. ശാന്തനായി ഹാജി അത് നിരസിച്ചു. ഇറങ്ങിപ്പുറപ്പെട്ട നിലയ്ക്ക് പിന്തിരിയില്ല. ആലി മുസലിയാര്‍ അപകടത്തില്‍ ചാടി. അദ്ദേഹത്തെ സഹായിച്ചേ പറ്റൂ എന്നും ഹാജി വ്യക്തമാക്കി. ഒരു ഹിന്ദുവിന്റെ വീട് പോലും മാപ്പിളമാര്‍ കൊള്ള ചെയ്യാന്‍ ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി നായര്‍ ചോദിച്ചു: ”ഇങ്ങനെയാണോ നിങ്ങളുടെ മതം ഉപദേശിക്കുന്നത്?”
കൊള്ള നിര്‍ത്താന്‍ പറഞ്ഞിട്ടാണ് വന്നതെന്ന് ഹാജി അറിയിച്ചു. ഇനി എപ്പോള്‍ കാണാം എന്ന് ഹാജി ചോദിച്ചു. ഇനി കാണില്ലെന്നും ഇരുവരുടെയും വഴി രണ്ടാണെന്നും നായര്‍ പറഞ്ഞു. അല്‍പം കഴിഞ്ഞ് ഹാജി കോണ്‍ഗ്രസ് നേതാവ് എം.പി നാരായണ മേനോനെയും വിളിച്ചുവരുത്തി കണ്ടു. മേനോന്‍ നിരുത്സാഹപ്പെടുത്തിയതും ഹാജി കണക്കിലെടുത്തില്ല. നായരെയും മേനോനെയും ഹാജി കണ്ടത്, ലഹളയില്‍ ചേരണം എന്നാവശ്യപ്പെടാനാണെന്ന് നാരായണ മേനോനെ ശിക്ഷിച്ച കോടതി വിധിയില്‍ കാണാം. സ്വയം വക്കീലായ മാധവന്‍ നായര്‍ ഹാജിയുമായി മുന്‍ പരിചയമുണ്ടെങ്കില്‍ തന്നെ പറയില്ല; 1933 ല്‍ മരിച്ച നായര്‍ ജീവിച്ചത്, ബ്രിട്ടീഷ് ഇന്ത്യയിലാണ്. നായര്‍ ‘മാതൃഭൂമി’യില്‍, ‘മലബാര്‍ കലാപം’ പരമ്പരയായി എഴുതുമ്പോള്‍ ഇടയ്ക്ക് നിര്‍ത്തിയത്, അനാവശ്യമായ മുസ്ലിം പ്രീണനം അതില്‍ ഉള്ളതുകൊണ്ടാകണം; അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ പുസ്തകം പ്രസിദ്ധീകരിക്കാതിരുന്നത്, ഇരു പക്ഷത്തു നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ ത്രാണിയില്ലാത്തത് കൊണ്ടുമാകാം. പുസ്തകം വന്നത് 1971 ല്‍ മാത്രമാണ്.
സത്യം ഇതാണ്: അന്ന്,1921 ഓഗസ്റ്റ് 24 ന് ഹാജി മഞ്ചേരിയില്‍ തങ്ങി. പുല്ലൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക് അവിടെ ഒരു ബാങ്ക് ഉണ്ടായിരുന്നു. ആ ബാങ്ക് കൊള്ള ചെയ്യാന്‍ മാപ്പിളമാര്‍ ഒരുങ്ങികൊണ്ടിരുന്നപ്പോഴാണ് ഹാജി ചെന്നത്. ബാങ്കിന് ഹാജി സ്വന്തം ഭടന്മാരെ കാവല്‍ നിര്‍ത്തി. സ്വര്‍ണം പണയം വച്ചവര്‍ ചെന്നാല്‍ അവ മടക്കിക്കൊടുക്കുമെന്ന് ഹാജി വിളംബരം ചെയ്തു. പലരും അവ വാങ്ങിക്കൊണ്ടുപോയി. ബാങ്ക് ക്‌ളാര്‍ക്കിന്റെ സഹായത്തോടെ ഹാജിയുടെ മേല്‍നോട്ടത്തില്‍ ഇത് നടത്തി. ലഹള തുടങ്ങിയപ്പോള്‍ തന്നെ നമ്പൂതിരി ഓടിയിരുന്നു. തിരുന്നാവായ ഹിന്ദു സമ്മേളന പന്തല്‍ വീണ് മരിച്ച കരുമത്തില്‍ കൃഷ്ണപ്പണിക്കരുടെ പിതൃ സഹോദരനായിരുന്നു നമ്പൂതിരി. 25ന് ഉച്ചവരെ പണ്ടം മടക്കിക്കൊടുത്തു. ഈ വേളയില്‍ നാരായണ മേനോന്‍ ഹാജരായിരുന്നു, ഖിലാഫത്ത് ഭരണം വന്നതായി പ്രസംഗിച്ചു. 26 വരെ മഞ്ചേരി ഭരിച്ച ഹാജി, 26 ന് പൂക്കോട്ടൂര്‍ യുദ്ധത്തില്‍ മാപ്പിളമാര്‍ തോറ്റപ്പോള്‍, നഗരം വിട്ടു.
രാജ്യം മുഴുവന്‍ തങ്ങള്‍ക്കധീനമായി എന്ന് ധരിച്ച മതഭ്രാന്തരായ പൂക്കോട്ടൂര്‍ മാപ്പിളമാര്‍ മേലാല്‍ ഹിന്ദുവെന്നും മുസ്ലിം എന്നും രണ്ടു ജാതി വേണ്ടെന്ന് തീരുമാനിച്ചെന്ന് നായര്‍ എഴുതുന്നു. ലഹള തുടങ്ങി ആദ്യ വെള്ളിയാഴ്ച, ഓഗസ്റ്റ് 26 ന് പൂക്കോട്ടൂരിനടുത്തുള്ള മഞ്ചേരി, മലപ്പുറം മുതലായ സകല ദേശങ്ങളിലെയും ഹിന്ദുക്കളെ ഇസ്ലാമില്‍ ചേര്‍ക്കാന്‍ അവര്‍ ഉറച്ചു. ഈ പട്ടികയില്‍ മാധവന്‍ നായരും ഉണ്ടായിരുന്നു. ഹാജിയുടെ ആളാണെന്ന് പറഞ്ഞ് ഒരു മാപ്പിള, മാധവന്‍ നായരുടെ അടുത്തെത്തി, യു. ഗോപാല മേനോന്‍ മുതലായവര്‍ ഇസ്ലാമില്‍ ചേര്‍ന്നെന്നും അവര്‍ കൊണ്ടോട്ടിക്കോ തിരൂരങ്ങാടിക്കോ പോയിരിക്കുന്നുവെന്നും അറിയിച്ചു; നായരുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചു. മതം ഉപേക്ഷിക്കില്ലെന്ന് നായര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്ക് മുന്‍പായി തന്നെ മാര്‍ഗം കൂട്ടല്‍ ആരംഭിച്ചു. പൂക്കോട്ടൂരില്‍ 75 പേരെ മതം മാറ്റി. അതില്‍ 30 പേര്‍ പ്രധാന നായര്‍ തറവാടായ പൊന്നുണിക്കാട്ട് കുടുംബത്തില്‍ പെട്ടവരായിരുന്നു-സോള്‍ട് അസി. കമ്മീഷണര്‍ ആയിരുന്ന പുലത്തോട്ടത്തില്‍ കോമന്‍ മേനോനും കുടുംബവും. അതുവരെ തങ്ങള്‍ എന്ന് കോമന്‍ മേനോനെ വിളിച്ചിരുന്ന മാപ്പിളമാര്‍, ലഹളയോടെ മട്ടുമാറി. ആലത്തൂര്‍ പള്ളി മുസലിയാരോട് മേനോന്‍ സഹായം ചോദിച്ചപ്പോള്‍ ഇസ്ലാമില്‍ ചേരാതെ ഒരു സഹായവും ചെയ്യില്ലെന്ന് മറുപടി കിട്ടി. രാവിലെ പട്ടാളം എത്തിയതിനാല്‍ ഹിന്ദുക്കള്‍ രക്ഷപ്പെട്ടു. 400 മാപ്പിളമാരെ ക്യാപ്റ്റന്‍ മക്കെന്റോയിയുടെ നേതൃത്വത്തില്‍ ഏറ്റുമുട്ടി കൊന്ന പൂക്കോട്ടൂര്‍ യുദ്ധം മാപ്പിളലഹളയില്‍ വഴിത്തിരിവായി. മാധവന്‍ നായര്‍ക്ക് കല്‍പിത കഥകള്‍ എഴുതാം എന്ന് വന്നു.
നിലമ്പൂര്‍ കോവിലകത്തെ നെല്ലും ആയുധങ്ങളും ഹാജി കൈവശപ്പെടുത്തി. നിലമ്പൂര്‍ തലസ്ഥാനമായി ഹാജി രാജാവ് ഭരണം തുടങ്ങി. ഗൂര്‍ഖാ പട്ടാളത്തെയും ചിന്‍ കാച്ചിന്‍ ബറ്റാലിയനെയും ബ്രിട്ടന്‍ രംഗത്തിറക്കി. സപ്തംബര്‍ 22ന് രാത്രി ഇരുന്നൂറോളം മാപ്പിളമാര്‍ ബ്രാഹ്മണ ആചാര്യന്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലം ആക്രമിച്ചു. ഹിന്ദുക്കളും മാപ്പിളമാരും അടങ്ങിയ നൂറ്റന്‍പതോളം കാവല്‍ക്കാര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പോരാട്ടം കഴിഞ്ഞ് ലഹളക്കാര്‍ പടിപ്പുര തകര്‍ത്ത് കോലായില്‍ കടന്നു. നേരം പുലര്‍ന്നതിനാല്‍ ഇല്ലത്തിനുള്ളിലേക്ക് കടക്കാതെ മടങ്ങി. മതം മാറാന്‍ സമ്മതിക്കാത്ത ചുഴലിപ്പുറത്ത് വാസുദേവന്‍ നമ്പൂതിരിയെ കൊന്നു. സപ്തംബര്‍ 25 ന് തുവ്വൂര്‍ കിണറ്റില്‍ 34 ഹിന്ദുക്കളെ കൊന്നു തള്ളിയ സംഭവത്തോടെ ലഹള ഭീകരമായി. കോഴിക്കോടിന് കിഴക്ക് പുത്തൂരില്‍ പുതുമന ഇല്ലപ്പറമ്പിലെ രണ്ടു കിണറുകളില്‍ 22 പേരെ കൊന്നു തള്ളിയ സംഭവം പിന്നീട് ഉണ്ടായി. കുറെ മാസങ്ങള്‍ക്ക് ശേഷം മാധവന്‍ നായര്‍ കോണ്‍ഗ്രസ് നേതാവ് വി.എസ്. ശ്രീനിവാസ ശാസ്ത്രിക്കൊപ്പം തുവ്വൂര്‍ കിണര്‍ പോയി കണ്ടപ്പോള്‍ 20 തലകള്‍ എണ്ണി. മൂന്ന് എമ്പ്രാന്തിരിമാര്‍ ഇങ്ങനെ കൊല്ലപ്പെട്ടു. കിണര്‍ കണ്ട ശേഷം ശാസ്ത്രി നിസ്സഹകരണ പ്രസ്ഥാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട കാര്യം നായര്‍ പറയുന്നില്ല.
മാധവന്‍ നായര്‍ വേണ്ടത്ര പറയാതെ വിട്ട ചില കാര്യങ്ങള്‍ ഹാജിയെപ്പറ്റിയുണ്ട്. ഹാജിയുടെ ബാപ്പ ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി 1894 ല്‍ മഞ്ചേരിയില്‍ ഹിന്ദു കൂട്ടക്കൊല നടത്തിയവരില്‍ ഒരാളായിരുന്നു; അയാളെ മക്കയിലേക്കല്ല, ആന്‍ഡമാനിലേക്കാണ് നാട് കടത്തിയത്. ഹാജിക്ക് വംശഹത്യ പൈതൃകമായി കിട്ടിയതാണ്. 1894 ലെ ലഹളയെപ്പറ്റി മാധവന്‍ നായര്‍ എഴുതുന്നു:
”1894 ല്‍ ഉണ്ടായ ലഹളയില്‍ 32 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. അവര്‍ പല അക്രമങ്ങളും ചെയ്തു. വളരെ വീടുകള്‍ ചുട്ടു ഭസ്മമാക്കി. വഴിയില്‍ കണ്ട ഹിന്ദുക്കളെ പലരെയും കൊന്നു. അവസാനം ക്ഷേത്രത്തില്‍ സങ്കേതം പ്രാപിക്കയും അവിടെ വച്ച് പട്ടാളക്കാരുമായി ഏറ്റുമുട്ടി വെടി കൊണ്ട് മരണപ്പെടുകയും ചെയ്തു.”
ഈ ലഹളയിലെ പിടികിട്ടാപ്പുള്ളി ആയിരുന്നു വാരിയന്‍ കുന്നന്റെ ബാപ്പ. അയാള്‍ മുങ്ങി ഈരാറ്റുപേട്ടയില്‍ ഒളിച്ചു. മൊയ്തീന്‍ കുട്ടിയുടെയും കുഞ്ഞയിഷയുടെയും രണ്ടാമത്തെ മകനായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. നാട് കടത്തലിന് പിന്നാലെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 1896 ല്‍ ഹാജി മഞ്ചേരി ലഹളയില്‍ പങ്കെടുത്തു. പോരാട്ടത്തില്‍ 94 മാപ്പിളമാര്‍ കൊല്ലപ്പെട്ടു.
ഏറനാട് താലൂക്കിലെ നെല്ലിക്കുത്തില്‍ 1861 ല്‍ ജനിച്ച ഏരികുന്നന്‍ പാലാട്ട് മുളയില്‍ അലി എന്ന ആലി മുസലിയാര്‍ വാരിയന്‍ കുന്നന്റെ അയല്‍ക്കാരനും ബന്ധുവും അയാളെപ്പോലെ ലഹളയുടെ പൈതൃകം പേറുന്നവനും ആയിരുന്നു. ഉപ്പാപ്പ മൂസ ഒരു മുന്‍ ലഹളയില്‍ കൊല്ലപ്പെട്ടു. സഹോദരനും അടുത്ത ബന്ധുക്കളും 1896 മഞ്ചേരി മാപ്പിളലഹളയില്‍ കൊല്ലപ്പെട്ടിരുന്നു. 1921 ലഹളയ്ക്ക് മുന്‍പത്തെ ഭീകര ലഹളയായിരുന്നു 1896 ല്‍ നടന്നത്. മഞ്ചേരി കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ കയറി സ്ഥാനമുറപ്പിച്ച നൂറോളം മാപ്പിള ഭീകരരെ തുരത്തുകയാണ് അന്ന് ചെയ്തത്.
മാധവന്‍ നായര്‍ എഴുതുന്നു: ”ആലി മുസലിയാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയമായിരുന്നത്. ഒരുകാലത്ത് അക്രമത്തില്‍ വിശ്വസിച്ചിരുന്ന മുസലിയാര്‍, ലഹളയ്ക്ക് മുന്‍പായി അക്രമരാഹിത്യം തന്നെ അംഗീകരിച്ചിരുന്നുവെന്നു വിശ്വസിക്കാന്‍ വഴിയുണ്ട്. എങ്കിലും, കുഞ്ഞലവി മുതലായവരുടെ ചില ദുര്‍ഘടങ്ങളായ ചോദ്യങ്ങള്‍ക്ക് പൂര്‍ണമായ അക്രമരാഹിത്യത്തെ മുന്‍ നിര്‍ത്തി മറുപടി പറയാന്‍ തന്റെ മതവിശ്വാസങ്ങള്‍ പ്രതിബന്ധമായി തീര്‍ന്നു. സ്വയരക്ഷയ്ക്ക് പോലും അക്രമം അഥവാ ഹിംസ പാടില്ലെന്ന മഹാത്മജിയുടെ വ്രതം അനുഷ്ഠിപ്പാനോ നടപ്പിലാക്കുവാനോ മുസലിയാര്‍ക്ക് അസാധ്യമായി തോന്നി. അതുകൊണ്ടാണ് സ്വയരക്ഷയ്ക്ക് ഹിംസയാകാമെന്ന് മുസലിയാര്‍ അലവിക്കുട്ടിയോടും മറ്റും ഉപദേശിച്ചത്. പക്ഷെ, അങ്ങനെയല്ലാത്ത ഹിംസയ്ക്ക് (aggressive violence) അദ്ദേഹം വിരോധി തന്നെ ആയിരുന്നു.”
മാധവന്‍ നായരുടെ വെള്ളപൂശല്‍ ഇസ്ലാമിനെപ്പറ്റി കാര്യവിവരം ഇല്ലാഞ്ഞിട്ടാണ്. ഇസ്ലാമിന്റെ ആരംഭം മുതല്‍ അതില്‍ ഹിംസയുണ്ട്. ആലി മുസലിയാര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞില്ല. മുഹമ്മദ് അബ്ദുറഹിമാനെ പോലുള്ളവര്‍ ഉപദേശിച്ചിട്ടും കഴിഞ്ഞില്ല. കോഴിക്കോട്ട് നിന്ന് 25ന് കെ.പി. കേശവമേനോനും സംഘവും തിരൂരങ്ങാടിയിലെത്തി ആലി മുസലിയാരോട് കീഴടങ്ങാന്‍ ഉപദേശിച്ചു. അദ്ദേഹം അപേക്ഷ നിരസിച്ചു. താന്‍ പറഞ്ഞാല്‍ മാപ്പിളമാര്‍ അനുസരിക്കില്ല എന്നായി മുസലിയാര്‍. അപ്പോള്‍, മുസലിയാര്‍ രാജാവും കുഞ്ഞലവി സൈന്യാധിപനും ആയിരുന്നു. ലവക്കുട്ടിയാണ് മുഖ്യമന്ത്രി. ആ കൂടിക്കാഴ്ച കേശവമേനോന്‍, ‘കഴിഞ്ഞ കാല’ത്തില്‍ വിവരിച്ചിട്ടുണ്ട്. സായുധ സേന രാജാവിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. ഒരു വാള്‍ ചുമലില്‍ തൂക്കി, മറ്റൊന്ന് കൈയില്‍ പിടിച്ച് കുഞ്ഞലവി മേനോന്റെ അടുത്ത് ചെന്ന് നിന്നു. മേനോന്‍ മുസലിയാരെ അഭിവാദ്യം ചെയ്തു. മുസലിയാര്‍ മേനോനെ ആലിംഗനം ചെയ്തു. മേനോന്‍ ഉപദേശിച്ചു: ‘ഞാന്‍ പറയുന്നത് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. അവിചാരിതമായി പല ദുരിതങ്ങളും നമുക്കുണ്ടായി. ഇനിയും ലഹളയ്ക്ക് ഒരുങ്ങി നില്‍ക്കുന്നതായാല്‍ അത് നമുക്ക് വലിയ ആപത്തിനിടയാക്കും. ഞങ്ങള്‍ ഇങ്ങോട്ട് വരുമ്പോള്‍ കുറെ പട്ടാളക്കാര്‍ കാറില്‍ വരുന്നത് കണ്ടു. ഇനിയും വളരെ പട്ടാളം അടുത്ത് വരുമെന്നത് തീര്‍ച്ചയാണ്. അവര്‍ വന്ന് വെടിവച്ച് തുടങ്ങിയാല്‍ പിന്നത്തെ കഥ എന്തെന്നറിയാമല്ലോ? അതുകൂടാതെ കഴിക്കണമെങ്കില്‍ ആവശ്യപ്പെട്ട ആളുകള്‍ കീഴടങ്ങാന്‍ ഒരുങ്ങണം. എന്നാല്‍ തിരൂരങ്ങാടിയെയും ഇവിടത്തെ ജനത്തെയും രക്ഷിക്കാന്‍ കഴിയും. കീഴടങ്ങുന്നവരെ ശിക്ഷിക്കുമെന്നത് തീര്‍ച്ചയാണ്. പക്ഷെ അവരുടെ ത്യാഗം പൊതുരക്ഷയ്ക്ക് കാരണമായേക്കാം. അതിന് മുസലിയാര്‍ മറ്റുള്ളവരെ ഉപദേശിക്കണം. ഇതാണ് എനിക്ക് പറയാനുള്ളത്.”
മുസലിയാര്‍ ദീര്‍ഘശ്വാസം വിട്ടു. മറ്റുള്ളവരെ നോക്കി അയാള്‍ മിണ്ടാതിരുന്നു. അവിടെ നിന്നവര്‍ മേനോന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചു. മേനോനും സംഘത്തിനും അവിടെ നില്‍ക്കുന്നത് ആപത്താണെന്ന് തോന്നി. എങ്കിലും മുസലിയാര്‍, മേനോന്‍ പറഞ്ഞത് ശരി വച്ചു; തീരുമാനം കൂടെയുള്ളവര്‍ക്ക് വിട്ടു. മേനോനോട് പോകുമ്പോള്‍ ലവക്കുട്ടിയെയും കുഞ്ഞലവിയെയും കണ്ടിട്ട് പോകാന്‍ മുസലിയാര്‍ ഉപദേശിച്ചു. ആ തീവ്രവാദികളുടെ ബന്ദിയായിരുന്നു, മുസലിയാര്‍. മേനോന്‍ കുഞ്ഞലവിയോട് സംസാരിച്ചു. അയാള്‍ പറഞ്ഞു; ”കീഴടങ്ങേണ്ട കഥ മാത്രം അവിടുന്ന് എന്നോട് പറയരുത്. അവര്‍ക്ക് എന്നെ കിട്ടിയാല്‍ കൊല്ലുകയല്ല ചെയ്യുക, അരയ്ക്കുകയാണ്. ഞാന്‍ അവരോട് യുദ്ധം ചെയ്ത് ചത്തുകൊള്ളാം.”
മുസലിയാര്‍ കോണ്‍ഗ്രസുകാരന്‍ ആയിരുന്നില്ല. ഇസ്ലാമില്‍ ആധാരമായ മതരാഷ്ട്രം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ചങ്ങാത്തം സഹായിക്കുമെന്ന് ധരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നിന്ന, ഗാന്ധിയുടെ നിസ്സഹകരണത്തില്‍ പങ്കില്ലാത്ത ഏറനാടന്‍ മാപ്പിള. സംഗതി വഷളായപ്പോള്‍ ആദ്യ ധര്‍മ്മസങ്കടത്തില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടത്, അനുയായികള്‍ നബിയുടെ യുദ്ധങ്ങള്‍ വച്ച് ചോദ്യം ചെയ്തപ്പോഴാണ്. ഹിംസയ്ക്ക് മതപരമായ അനുമതിയുണ്ടെന്ന് വ്യാഖ്യാനിച്ച് അയാള്‍ ഇടക്കാല മിതവാദം വിട്ട് തീവ്രവാദികള്‍ക്ക് വഴങ്ങി. രാജാവായി കിരീടധാരണം നടന്നത് പള്ളിയില്‍ തന്നെ ആയിരുന്നു. രാജാവായത് തന്നെ, ആദ്യ സംഘര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം തോറ്റു, ഏറനാട് സ്വതന്ത്ര ഇസ്ലാമിക റിപ്പബ്ലിക്കായി എന്ന മിഥ്യാ ധാരണയില്‍ ആയിരുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരമായത് എന്നാണെന്ന് വിശദീകരിക്കേണ്ടത്, മാപ്പിള ലഹളയെ വെള്ള പൂശുന്ന മാര്‍ക്‌സിസ്റ്റ് / ജമാ അത്തെ ഇസ്ലാമി ചരിത്രകാരന്മാരാണ്.
മാധവന്‍ നായരെപ്പറ്റി 1922 സപ്തംബര്‍ 25 ന്, പ്രത്യേക ജഡ്ജി ഇ പാക്കെന്‍ഹാം വാല്‍ഷ്, എം. പി. നാരായണ മേനോനെ നാട് കടത്തുന്ന വിധിയില്‍ ഇങ്ങനെ എഴുതി:
”ജയിലില്‍ നിന്ന് പുറത്തു വന്നയുടന്‍, പൂക്കോട്ടൂരില്‍ ഗുരുതര പ്രശ്‌നമുണ്ടെന്ന് നായര്‍ക്ക് അറിയാമായിരുന്നു. തോക്കിന് വേണ്ടി പരിശോധനയ്ക്ക് പോയ പോലീസിനെ പ്രതിരോധിച്ചതാണ്, കാരണം. ആഗസ്റ്റ് ഒന്ന് മുതല്‍ അവിടേക്ക് പോകാന്‍ ഒരു പോലീസ് ഓഫീസറും ധൈര്യപ്പെട്ടില്ല എന്നും നായര്‍ അറിഞ്ഞു കാണും. സ്ഥിതി ഗുരുതരമാണെന്നും ഉടന്‍ അവിടെ പോകേണ്ടത് കടമയാണെന്നും ചിന്തിച്ചതായി നായര്‍ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും, സര്‍ക്കാരിനോടുള്ള വിദ്വേഷം കൊണ്ടോ, സ്വയം കുപ്രസിദ്ധന്‍ ആകാനുള്ള ആഗ്രഹം കൊണ്ടോ, ആഗസ്റ്റ് 17ന് നായര്‍ കോഴിക്കോട്ട് ഒരു പ്രസംഗം നടത്തി. ഏറനാട്ടിലെ മാപ്പിളയെ കുറേക്കൂടി ആവേശം കൊള്ളിക്കുകയായിരുന്നു, ഉന്നം. ‘മലബാറില്‍ 30 ലക്ഷം പേരുണ്ട്. സ്വാതന്ത്ര്യം നേടാന്‍ ആയിരത്തില്‍ നൂറു പേരെങ്കിലും ജയിലില്‍ പോകണം. അത് ചെയ്തില്ലെങ്കില്‍, മോചനമില്ല’ എന്ന് പറഞ്ഞതായി നായര്‍ സമ്മതിച്ചു. പൂക്കോട്ടൂര്‍ മാപ്പിളമാര്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നേടിയ ‘സ്വാതന്ത്ര്യം’ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നുള്ള പൂര്‍ണ സ്വാതന്ത്ര്യം ആയിരുന്നു. രാജാവിന്റെ ഉത്തരവിന് വിലയില്ലാതായി. ആ സാഹചര്യത്തില്‍, നായരുടെ ആഹ്വാനം മാപ്പിളമാരില്‍ ഉണ്ടാക്കിയ ധാരണ, അതിനപ്പുറമുള്ള സ്വാതന്ത്ര്യത്തിന് കൂടി ശ്രമിക്കണം എന്നായിരിക്കും. താനും ഏറനാട്ടുകാരനാണെന്നും മാപ്പിളമാര്‍ എന്തെങ്കിലും കുഴപ്പം കാട്ടിയാല്‍ താനും കുടുംബവുമായിരിക്കും, മജിസ്‌ട്രേറ്റല്ല ആദ്യം അനുഭവിക്കേണ്ടി വരിക എന്ന് പ്രസംഗത്തില്‍ പറഞ്ഞത്, സാമാന്യ ബോധത്തിന്റെ കണിക ബാക്കി നിന്നത് കൊണ്ടാകണം. മാപ്പിളമാരെ നന്നായി അറിഞ്ഞിരുന്ന നായരില്‍ കാണുന്നത്, വിചിത്രമായ മനോനിലയാണ്. മാപ്പിളമാരില്‍ ഉന്മാദം കുത്തിവച്ച് അവര്‍ നിയന്ത്രണം വിട്ട് ‘സ്വാതന്ത്ര്യം’ ഇനിയും നേടണമെന്ന പ്രേരണ. ഇത്, തന്നെപ്പോലുള്ള ഹിന്ദുക്കള്‍ക്ക് അപകടമാകുമെന്ന നേരിയ തിരിച്ചറിവുമുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴത്തെ അവസ്ഥയും തന്നെ ആദരിച്ചുള്ള പ്രകടനവും സര്‍ക്കാരിനോടുള്ള വെറുപ്പും ആകാം ഈ പ്രസംഗത്തിന് നായരെ പ്രേരിപ്പിച്ചത്. പൂക്കോട്ടൂര്‍ സംഭവത്തിലെങ്കിലും നില തെറ്റിയെന്ന് മാപ്പിളമാരോട് പറയേണ്ടിയിരുന്നു. അധികാരികളെ ഇങ്ങനെ തടസ്സപ്പെടുത്തുന്നത് നിര്‍ത്തണം എന്ന് വിലക്കേണ്ടിയിരുന്നു.
‘ഇരുള്‍ മൂടിയ മനസ്സിനാല്‍, സ്വന്തം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മാതൃഭൂമിയുടെ മക്കളായ പോലീസിനെ വെറുക്കരുത്’ എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത് എന്നത് സത്യമാണ്. എന്നാല്‍, ആ സാഹചര്യത്തില്‍, പൂക്കോട്ടൂരില്‍ കളവ് കേസ് അന്വേഷിക്കാന്‍, നിയമപരമായ കടമ നിര്‍വഹിക്കാന്‍ പോയ പോലീസുകാര്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നും അവരെ എതിര്‍ക്കേണ്ടതാണ് എന്നുമല്ലേ ഇതിനര്‍ത്ഥം? ഈ പ്രസംഗം വായിക്കുന്ന പൂക്കോട്ടൂര്‍ മാപ്പിള, ഷേക്‌സ്പിയര്‍ വായിക്കാനുള്ള വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍, അതിന്റെ മലയാള പരിഭാഷ വായിച്ചിരുന്നെങ്കില്‍, പോലീസിനെ മാര്‍ക്ക് ആന്റണിയുടെ ‘മാന്യന്മാരുടെ’ കൂട്ടത്തിലല്ലേ പെടുത്തുക?
കെ. കേളപ്പന്‍ അന്ന് പൊന്നാനി കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ലഹള പൊട്ടിപ്പുറപ്പെട്ട ശേഷം, ആഗസ്റ്റ് 21 ന് ഒരു പ്രധാന മുസ്ലിം തറവാട്ടില്‍ വിവാഹം നടന്നത്, അദ്ദേഹവും സംഘവും ഒരുക്കിയ സംരക്ഷണത്തില്‍ ആയിരുന്നു. അദനയില്‍ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുല്ല ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെ മകള്‍ നഫീസ കുഞ്ഞാറ്റ ബീവി ശരീഫയുടെ നിക്കാഹ് ആയിരുന്നു, അത്. ജുമാമസ്ജിദ് റോഡിലെ വധൂഗൃഹമായ വെട്ടംപോക്കിരിയകം തറവാട് ഇന്നും പ്രൗഢിയോടെ നില്‍ക്കുന്നു. നാട്ടിലും മറുനാട്ടിലും നിക്കാഹിന് ക്ഷണിച്ചിരുന്നു. കടലോരം വറുതിയിലായതിനാല്‍ ഒരു നേരത്തെ അന്നം ഏഴകള്‍ക്ക് ആശ്വാസമായിരുന്നു. വരന്‍ കോഴിക്കോട് ആക്കോട്ടെ സയ്യിദ് കുടുംബത്തില്‍ നിന്നായിരുന്നു.
വീടിന് പിന്‍വശത്ത് ഒഴുകുന്ന കനോലി കനാലിലൂടെ കൊച്ചി തൈക്ക്യാവ്, ആലുവ, തോട്ടുമുഖം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വെളിയംകോട്, തിരൂര്‍, ചാലിയം പ്രദേശങ്ങളില്‍ നിന്ന് കെട്ടുവള്ളങ്ങളിലും വഞ്ചികളിലും കരയിലൂടെ മഞ്ചലുകളിലും കാളവണ്ടിയിലും കുതിരവണ്ടിയിലും ബന്ധുമിത്രാദികള്‍ പുലര്‍ച്ചെ മുതല്‍ എത്തി. രാത്രിയിലാണ് നിക്കാഹ്. സന്ധ്യ മയങ്ങിയതോടെ പെട്രോമാക്‌സ് ലൈറ്റുകളും കാന്തവിളക്കുകളും തെളിഞ്ഞു. കോലായയിലും കൊട്ടിലിലും അകത്തളങ്ങളിലും ചായ്പിലും അതിഥികളുടെ കോലാഹലവും കൂട്ടച്ചിരികളും. മുറ്റത്തെ പന്തലില്‍ പണ്ഡിതന്മാരുടെയും പൗരപ്രമുഖരുടെയും നിറഞ്ഞ സദസ്സ്. നശീദ, മദ്ഹ് ബൈത്തുകളുടെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിക്കൊണ്ടുള്ള അറവനമുട്ടും കോല്‍ക്കളിയും. കലാപത്തിന്റെ അലയടികള്‍ ഏശാത്തതുപോലെ എല്ലാവരും ആഹ്‌ളാദത്തില്‍ ആയിരുന്നു. അപ്പോഴാണ് തിരൂരില്‍ നിന്ന് ലഹളക്കാര്‍ എത്തിയത്. ചിലര്‍ ഓടിവന്ന് ഇമ്പിച്ചിക്കോയ തങ്ങളോട് പറഞ്ഞു: ‘വലിയ തങ്ങളേ, പറ്റിച്ചു. ചമ്രവട്ടം പള്ളിപ്പുറത്തുകാരന്‍ അവുതലുവിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ലഹളക്കാര്‍ വാരിക്കുന്തങ്ങളും കുറുവടികളും വടിവാളുകളുമായി അങ്ങാടിപ്പാലത്തിനടുത്ത് എത്തിയിരിക്കുന്നു. താലൂക്കാഫീസും ഖജനാവും പോലീസ് സ്റ്റേഷനും അങ്ങാടിയിലെ ധനാഢ്യതറവാടുകളായ രായിച്ചന്റകവും കൊങ്ങണംവീടും തകര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്. കേളപ്പന്റെ നേതൃത്വത്തില്‍ തല്‍കാലം നമ്മുടെ ആളുകള്‍ സുരക്ഷാവലയം തീര്‍ത്തിരിക്കുന്നു. അങ്ങാടിപ്പാലം കടന്നാല്‍ സ്ഥിതി വഷളാകും.’
പന്തലില്‍ മ്ലാനത പരന്നു. കേളപ്പനും രാമന്‍മേനോന്‍ വക്കീലും പഞ്ചിലകത്ത് മുഹമ്മദാജിയും മക്കി ഇമ്പിച്ചാക്കയും ബാലകൃഷ്ണമേനോനും പറഞ്ഞിട്ടൊന്നും മാപ്പിളക്കൂട്ടം അടങ്ങിയില്ല. രാമന്‍ മേനോന്റെ ചുമലില്‍ കയറിയിരുന്ന് കേളപ്പന്‍ പറഞ്ഞു: ”ഞങ്ങള്‍ നിങ്ങളുടെ ഗുണകാംക്ഷികളാണ്. നിങ്ങള്‍ സ്വീകരിച്ച രീതികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. നമ്മുടെ മാര്‍ഗം സമാധാനത്തിന്റേതാണ്. അതിലൂടെ ലക്ഷ്യം നേടാനാണ് നമ്മുടെ ദേശീയ നേതാക്കളുടെ ആഹ്വാനം. ഈ സാഹസകൃത്യങ്ങളുടെ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ മനസിലാക്കണം. അതുകൊണ്ട് ശാന്തരാകൂ. നമുക്ക് കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാം’.
ആ വാക്കുകള്‍ ആദ്യം ലഹളക്കാര്‍ ചെവിക്കൊണ്ടില്ല. രംഗം അല്‍പം ശാന്തമായപ്പോള്‍ സമരക്കാര്‍ പാലം കടന്ന് അങ്ങാടിയിലെ ഖിലാഫത്ത് കമ്മറ്റി ഓഫീസിലും പരിസരത്തും സംഗമിച്ചു. കേളപ്പന്റെയും സംഘത്തിന്റെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനകള്‍ കേള്‍ക്കാന്‍ അപ്പോഴും അവര്‍ മടിച്ചു. കാര്യഗൗരവം മനസ്സിലാക്കിയ ഇമ്പിച്ചിക്കോയ തങ്ങള്‍ ഏതാനും സഹപ്രവര്‍ത്തകരുമൊത്ത് ലഹളക്കാരെ കാണാന്‍ ധൃതിയില്‍ ചെന്നു. നീളന്‍ കുപ്പായവും നിസ്‌കാരത്തഴമ്പും തൊപ്പിക്കു മുകളില്‍ തലപ്പാവുമായി, ശാന്തനായി, ഇമ്പിച്ചിക്കോയ തങ്ങള്‍ പറഞ്ഞു: ‘മക്കളേ, ഇത് ചെറിയ മക്കയാണ്. മലബാറിന്റെ പകുതിയോളം വിസ്തീര്‍ണ്ണമുള്ള താലൂക്കിന്റെ ആസ്ഥാനവും സാമൂതിരി രാജാവ് കണ്ണിെല കൃഷ്ണമണിപോലെ സംരക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനവുമാണ്. ഇവിടെ അങ്ങാടി പ്രദേശത്ത് മുസ്ലിങ്ങള്‍ അല്ലാതെ മറ്റാരും വസിക്കുന്നില്ല. ഹൈന്ദവ സുഹൃത്തുക്കളും മുസ്ലിങ്ങളും നൂറ്റാണ്ടുകളായി മതമൈത്രിയോടെയാണ് ഇവിടെ ജീവിക്കുന്നത്. ‘ഇന്ന് എന്റെ പൊന്നുമകള്‍ കുഞ്ഞാറ്റയുടെ നിക്കാഹാണ്. നിങ്ങള്‍ ശാന്തരായി എന്റെ കൂടെ വന്ന് നിക്കാഹ് ഭംഗിയാക്കി തരണം.’ തങ്ങള്‍ ലഹള നേതാവ് അവുതലുവിനെ ചേര്‍ത്തുപിടിച്ചു. അവര്‍ ശാന്തരായി.
ഇമ്പിച്ചിക്കോയ തങ്ങളോടൊപ്പം തക്ബീര്‍ വിളികളോടെ ലഹളക്കാര്‍ പന്തലിലേക്ക് കടന്നപ്പോള്‍ സദസ്സ് പെട്ടെന്ന് ഇളകി. പലരും പല ഭാഗത്തേക്ക് ഓടി . ‘ആരും ഭയപ്പെടരുത്, ഓടരുത്. ഇത് നമ്മുടെ സുഹൃത്തുക്കളും മാന്യ അതിഥികളുമാണ്’, തങ്ങള്‍ പറഞ്ഞു. വിശപ്പും ദാഹവും ലഹളക്കാരെ അലട്ടി. ചെമ്പുകളില്‍ കലക്കി വെച്ചിരുന്ന പഞ്ചസാരവെള്ളം കുടിച്ചു. ഒരു ചാക്ക് പഞ്ചസാര തങ്ങള്‍ കലക്കി. ഈ സമയത്ത് നല്ല മഴ പെയ്തു. ലഹളക്കാര്‍ ഒന്നും ചെയ്യാന്‍ വയ്യാതെ കുറേ നേരം അവിടെയിരുന്നു. കേളപ്പന്‍ അവരെ വീണ്ടും സമീപിച്ചു. ലഹളയ്‌ക്കൊരുങ്ങാതെ മടങ്ങിപ്പോകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഖിലാഫത്ത് ഫണ്ടിലേക്ക് സദസ്സില്‍ നിന്ന് സ്വരൂപിച്ചെടുത്ത 2500 രൂപയുടെ കിഴിയുമായി പിറ്റേന്ന് പുലര്‍ച്ചെ ചമ്രവട്ടം കടവിലൂടെ തിരൂരിലേക്ക് ലഹളക്കാര്‍ മടങ്ങി.
പൊന്നാനിക്കാരനായ ഇ. മൊയ്തു മൗലവിയെ ദേശീയ മുസ്ലിം ആയി പലരും ചിത്രീകരിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല; മാപ്പിള ലഹളയുമായി ബന്ധപ്പെട്ട മുസ്ലിം നേതാക്കളില്‍, മത മൗലികതയ്ക്കപ്പുറം നില്‍ക്കാന്‍ ശ്രമിച്ച ഒരേ ഒരാള്‍, മുഹമ്മദ് അബ്ദു റഹിമാനാണ്.
ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളന പന്തലില്‍ തന്നെ, 1921 ഏപ്രില്‍ 25 ന് കേരള ഉലമാ സമ്മേളനവും നടന്നു. സമ്മേളനം മൂന്ന് പ്രമേയങ്ങള്‍ പാസ്സാക്കി.
ഒന്ന്: യൂറോപ്യന്‍ ശക്തികള്‍ ഖിലാഫത്തിനെ നശിപ്പിക്കാന്‍ നോക്കുന്നതിനാല്‍, കേരള മുസ്ലി ങ്ങള്‍ സക്കാത്തില്‍ ഒരു ഭാഗം, ഖിലാഫത്ത്, സ്മിര്‍ണ ഫണ്ടുകള്‍ക്ക് നീക്കി വയ്ക്കണം.
രണ്ട്: കേരള മുസ്ലിങ്ങള്‍ സര്‍ക്കാരുമായി അഹിംസാത്മകമായ നിസ്സഹകരണത്തില്‍ കഴിയണം.
മൂന്ന്: 21 വയസ്സായ എല്ലാ മുസ്ലിങ്ങളും കോണ്‍ഗ്രസില്‍ ചേരണം. അത് വഴി ഖിലാഫത്ത് ശരിയാക്കിയെടുക്കണം, സ്വരാജ് നേടണം.
സയ്യിദ് മുര്‍താസ ഹസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, 41 മൗലവിമാര്‍ പങ്കെടുത്തു. ഒരു കമ്മറ്റി ഉണ്ടാക്കി. സയ്യിദ് അലവി തങ്ങള്‍ ആയുഷ്‌കാല പ്രസിഡന്റ്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഷെയ്ഖ് മാഹിന്‍ ഹംദാനി തങ്ങള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. മൊയ്തു മൗലവി ജനറല്‍ സെക്രട്ടറി. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, കെ.എം. മൗലവി, മൗലവി അറബി ഷംനാട് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍. കട്ടിലശ്ശേരി മുസ്ലിയാരും എം.പി നാരായണ മേനോനും അടയും ചക്കരയും പോലെ ആയിരുന്നു. വക്കം മൗലവിയാണ് ‘സ്വദേശാഭിമാനി’ ഉടമ ആയിരുന്നയാള്‍. ഇസ്ലാമിനെ തൊടരുത് എന്ന നിര്‍ദ്ദേശം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പാലിച്ചിരുന്നു. ഈ സമ്മേളനം നടക്കുമ്പോള്‍, പത്രം പൂട്ടി ഒരു പതിറ്റാണ്ട് കഴിഞ്ഞിരുന്നു. സെക്രട്ടറിയുടെ പ്രസംഗം ലഘുലേഖയായി പ്രസിദ്ധീകരിച്ചത് സര്‍ക്കാര്‍ നിരോധിച്ചു. മൊയ്തു മൗലവി, മജ്‌ലിസ് ഉല്‍ ഉലമ സെക്രട്ടറി എന്ന നിലയില്‍ എഴുതിയ ലഘുലേഖയില്‍ മുസ്ലിങ്ങളുടെ കടമകള്‍ വിശദമാക്കി. ഇസ്ലാമിനെ തുടച്ചു നീക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കുകയാണെന്ന് മൗലവി പറഞ്ഞു. ജീവനെക്കാള്‍ വലുതാണ് മുസ്ലിമിന് ഇസ്ലാം മതം. അതിനാലാണ്, ഖിലാഫത്തിനെ ജീവന്‍ വെടിഞ്ഞും രക്ഷിക്കാനുള്ള ഫത്വ. ഏറനാട്ടിലെ പല പ്രസംഗങ്ങളിലും ആയുധം സംഭരിക്കാന്‍ മൗലവി ആഹ്വാനം ചെയ്തു.
ഈ ലഘുലേഖയില്‍ നിന്ന് തെളിയുന്നത്, വിശുദ്ധ യുദ്ധത്തിന് മൗലവിയും കൂട്ടരും ഫത്വ ഇറക്കിയെന്നാണ്; ഫത്വ കോണ്‍ഗ്രസ് സംസ്‌കാരമല്ല. എങ്കിലും, പൊന്നാനി മാറഞ്ചേരിയില്‍ ജനിച്ച മൊയ്തു മൗലവിയാണ്, മുഹമ്മദ് അബ്ദു റഹിമാനെ ഖിലാഫത്തില്‍ കൊണ്ടുവന്നത്; അലിഗഢില്‍ പഠിക്കുകയായിരുന്നു, റഹ്മാന്‍. ഇരുവരും ഒന്നിച്ചാണ്, ലഹള പൊട്ടുമെന്ന ഘട്ടത്തില്‍ പൂക്കോട്ടൂരില്‍ പോയത്. അവര്‍ക്കൊപ്പം പോകാന്‍, പേടിച്ചരണ്ട കേശവ മേനോന്‍ വിസമ്മതിച്ചതായി മൗലവിയുടെ ആത്മകഥയിലുണ്ട്. പൂക്കോട്ടൂരില്‍ സമാധാനം സ്ഥാപിക്കാന്‍, ലഹളയുടെ ദിവസം റഹ്മാന്‍ മാധവന്‍ നായരെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ട് വരികയും ചെയ്തു. കോഴിക്കോട്ടേക്ക്, ‘ദീനം കലശലല്ല’ എന്ന് കമ്പിയടിക്കുകയാണ്, റഹ്മാന്‍ ചെയ്തത് – ലഹള ഒടുങ്ങുമെന്ന് അദ്ദേഹം കരുതി. അവര്‍ കോഴിക്കോട്ടേക്ക് മടങ്ങിയതിന് പിന്നാലെ, ഏറനാട് കത്തി.
പില്‍ക്കാലത്ത്, കോണ്‍ഗ്രസില്‍, ചാലപ്പുറം ഗാങിനെതിരെ ഇഎംഎസ് പക്ഷത്ത് അബ്ദു റഹ്മാനെ കണ്ടു. മാപ്പിള ലഹളക്കാലത്ത് 12 വയസ് മാത്രം ഉണ്ടായിരുന്ന ഇഎംഎസ്, ലഹളയെ മുന്‍നിര്‍ത്തി പില്‍ക്കാലത്ത് എടുത്ത നിലപാടുകള്‍ അവസരവാദിക്ക് മാത്രം ചേര്‍ന്നതാണ്. ഏറനാട്ടില്‍ അല്ല, വള്ളുവനാട്ടിലാണ് ഇ.എം.എസ്സിന്റെ ഏലംകുളം മന. മനയ്ക്ക് പുറത്ത് മാപ്പിളമാരായ കാവല്‍ക്കാരെ നിയോഗിച്ചെന്ന് ഇഎംഎസ് ആത്മകഥയില്‍ പറയുന്നു. മനയിലെ സ്ത്രീകളെയും കുട്ടികളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. പുഴ കടന്ന് ഇവര്‍ ഷൊര്‍ണൂര്‍ക്ക് പോയി. അവിടുന്ന് ട്രെയിനില്‍ ഇരിങ്ങാലക്കുടയ്ക്കും. അഞ്ചു മാസം വെള്ളാങ്ങല്ലൂരിലാണ് ഇഎംഎസ്സും മറ്റും താമസിച്ചത്.
മാര്‍ക്‌സിസ്റ്റ് ആയ ശേഷം ഹിന്ദുക്കളെ ഒറ്റുന്ന പണിയിലാണ് ഇഎംഎസ് ഏര്‍പ്പെട്ടത്. ‘കേരളം, ഇന്നലെ, ഇന്ന്, നാളെ’ എന്ന പുസ്തകത്തില്‍, വാരിയന്‍കുന്നത്ത് ഹാജി ജനകീയ ഭരണം സ്ഥാപിച്ചെന്നാണ്, ഇഎംഎസ് പറയുന്നത്. അത് സമര്‍ത്ഥമായ ഗറില്ലാ യുദ്ധം ആയിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. ആവേശം മൂത്താല്‍, ഏത് ശക്തനായ ശത്രുവിനെയും കീഴടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മാപ്പിള കര്‍ഷകന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നമ്പൂതിരി ആയതിനാല്‍, ഇതിനെ ‘നൊസ്സ്’ എന്നാണ്, വിളിക്കേണ്ടത്. ഹിന്ദു വംശഹത്യയ്ക്ക് മാര്‍ക്‌സിസ്റ്റ് പദാവലികള്‍ കൊണ്ട് വര്‍ഗ്ഗ സമരത്തിന്റെ ചുവപ്പന്‍ തോരണങ്ങള്‍ ചാര്‍ത്താനാണ് ശ്രമം. മതഭ്രാന്താണ് ഖിലാഫത്ത് പ്രക്ഷോഭത്തിന് അടിസ്ഥാനം. മതഭ്രാന്ത് വര്‍ഗ്ഗസമരമോ സ്വാതന്ത്ര്യ സമരമോ അല്ല. വംശഹത്യ കമ്മ്യൂണിസ്റ്റ് റഷ്യയില്‍ നടന്നതിനാല്‍, ഇവിടെ അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. മലപ്പുറം മുസ്ലിങ്ങള്‍ക്ക് സമ്മാനിച്ച ഇഎംഎസ്സിനപ്പുറം പോയി, 1973 ല്‍ സി. അച്യുത മേനോന്‍, മതഭ്രാന്തിനെ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച്, വേട്ടക്കാര്‍ക്ക് പെന്‍ഷന്‍ കൊടുത്തു. ഹിന്ദുക്കളായ ഇരകള്‍, അനാഥരായി. കോണ്‍ഗ്രസ്സുകാരും കമ്മ്യുണിസ്റ്റുകളും ഹിന്ദുക്കളെ ഒറ്റിയതാണ്, മാപ്പിള ലഹളയുടെ ബാക്കിപത്രം.