സുജാതയ്ക്കുള്ള ഒരു ദോഷമാണത്. ഞാന്‍ ഒരു ദിവസം വീട് വിട്ടുനിന്നാല്‍ത്തന്നെ ഞാനുമായി ബന്ധപ്പെട്ട സകലമാന സാധനങ്ങളുടേയും സ്ഥാനം മാറ്റിക്കളയും. ആറുമാസത്തിനു ശേഷമുള്ള ഈ മടങ്ങിവരവില്‍ ഇനി എന്തൊക്കെ എവിടെയൊക്കെ തപ്പിയാലാണ് കിട്ടുക? ഏറെ നേരം പരതി നടന്നതിനു ശേഷമാണ് ബ്രഷും ടങ്ക്‌ളീനറും കണ്ടെടുക്കാനായത്. അവളോട് ബെഡ്‌റൂമില്‍ നിന്നും ചോദിച്ചപ്പോള്‍ അലമാരിയിലെ മൂന്നാമത്തെ തട്ടില്‍ പ്‌ളാസ്റ്റിക് ബോട്ടിലിനകത്തുണ്ട് എന്ന് അടുക്കളയില്‍ നിന്ന് വിളിച്ച് പറഞ്ഞത് കൃത്യമായിരുന്നു. എങ്കിലും അതിനു മുമ്പേ എന്റെ ഏറെ സമയം അവ തെരഞ്ഞ് നഷ്ടപ്പെട്ടിരുന്നു.
എന്റേതുമാത്രമായ തോര്‍ത്തും സോപ്പും ഞാന്‍ സാധാരണയായി വെക്കാറുള്ള ഇടങ്ങളിലുണ്ടായിരുന്നില്ല. അലമാരിക്കകത്തു നിന്നുതന്നെ ഞാന്‍ അവ കണ്ടെടുക്കുകയായിരുന്നു.
സമയം അനാവശ്യമായി നഷ്ടപ്പെടുമ്പോള്‍ എനിക്കെന്നും വരാറുള്ള ദേഷ്യവുമായിത്തന്നെയാണ് പ്രാതല്‍ കഴിക്കാന്‍ അടുക്കളയിലെത്തിയത്. ഏറെനാളിനു ശേഷമാണ് സുജാതയുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതെന്നിരിക്കെ മുഖം കറുപ്പിക്കുന്നത് ശരിയല്ല എന്നതിനാല്‍ ഞാനവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.
”കുളി കഴിഞ്ഞോ, സോപ്പും തോര്‍ത്തും എവിടുന്ന് കിട്ടി?”
അവളുടെ ശബ്ദത്തിന് മൃദുലത പണ്ടത്തേതു പോലില്ല എന്ന് തോന്നി.
”ആ കുറച്ച് തപ്പേണ്ടി വന്നു”.
”ഇവിടെയെല്ലാം തപ്പിത്തടഞ്ഞാ പോകുന്നത്”. അവൡനെയാണ്. ചില നേരങ്ങളില്‍ അര്‍ത്ഥം വെച്ചുള്ള സാഹിത്യം പറയും. ഞാനതങ്ങ് സഹിക്കും.
ഡൈനിംഗ് ഹാളിലെ മേശ പണ്ടത്തെപോലെയല്ല. ചുമരിനോട് ചേര്‍ത്ത് വെച്ചിരിക്കുന്നു. ഞാനില്ലാത്തപ്പോള്‍ മൂന്നു പേര്‍ക്കു മാത്രമേ കസേരയിടേണ്ടതുള്ളൂ എന്നതിനാലാവണം അതു ചെയ്തത്. മേശയുടെ ഈ മാറ്റം മൂലം കുറച്ചുകൂടി അനായാസം പെരുമാറാനുള്ള ഇടം ഡൈനിംഗ് ഹാളില്‍ രൂപപ്പെട്ടിട്ടുണ്ട്.
ചപ്പാത്തിക്ക് എനിക്കിഷ്ടപ്പെട്ട ഉള്ളിക്കറി തയ്യാറാക്കിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ ഞാനവളെ ഒന്ന് തുറിച്ച് നോക്കി. ചപ്പാത്തി പ്‌ളേറ്റിലേക്കിട്ട് ഉരുളക്കിഴങ്ങ് ബാജി അതിലേക്ക് തവികൊണ്ടൊഴിച്ച് അവള്‍ പറഞ്ഞു.
”ഉള്ളിവില ആകാശം മുട്ടിയതൊന്നും അറിഞ്ഞുകാണുന്നില്ല”.
എന്റെ നോവലിന്റെ പേരുചേര്‍ത്ത് ഒന്നു താങ്ങിയതാണെന്ന് എനിക്കു വ്യക്തമായെങ്കിലും ഞാനൊന്നും മിണ്ടാതെ ചപ്പാത്തി കഷണങ്ങളാക്കി.
എഴുത്തുമുറി ആകെ മാറിയിട്ടുണ്ട്. എഴുത്തുകസേരയ്ക്കരികില്‍ വാരികകളും മറ്റു പുസ്തകങ്ങളും കുന്നുകൂടിക്കിടക്കാറുള്ള ടീപോയ് ഭാരമൊന്നും പേറാതെ സ്വതന്ത്രമായി കിടക്കുന്നു. അതിനു മുകളില്‍ വിരിച്ചിരിക്കുന്ന വിരിയില്‍ ചായക്കോപ്പകളുടെ അടിവിസ്താരമുള്ള കറകള്‍ ഉണ്ടായിരുന്നുവെങ്കിലും വൃത്തിഹീനമായിരുന്നില്ല. ജനലഴികള്‍ക്കിടയില്‍ തിരുകിവെക്കാറുള്ള നോട്ടീസുകളും കടലാസുകളും ഒന്നും അവിടെയില്ല. സാഹിത്യപുസ്തകങ്ങള്‍ നിരന്നു നില്‍ക്കാറുള്ള തട്ടുകളില്‍ കുറേ ഭാഗം കുട്ടികളുടെ പാഠപുസ്തകങ്ങള്‍ കയ്യേറിയിരിക്കുന്നു. തട്ടിലുണ്ടായിരുന്ന പുസ്തകങ്ങള്‍ കട്ടിലിനടിയിലെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കകത്ത് അടുക്കിവെച്ചിരിക്കുന്നതായി അല്പ സമയത്തെ അന്വേഷണാനന്തരം കണ്ടെത്തി.
വീട്ടില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കാന്‍ ഭാവിക്കുമ്പോഴാണ് സത്സാഹിതീ പബ്‌ളിക്കേഷന്‍ എം ഡി വേണു വിളിച്ചത്.
”വായിച്ചു സാറേ… എന്താ പറയേണ്ടതെന്നറിയില്ല. തകര്‍പ്പന്‍”
ഞാന്‍ ഗേറ്റിന്റെ അഴികളെ മൃദുവായി തലോടി. വിരലില്‍ പറ്റിയ പൊടി വഴിയിലേക്ക് ചാഞ്ഞിരിക്കുന്ന ചെമ്പരത്തിയുടെ ഇലകളില്‍ തുടച്ചു.
”അതേയോ, എനിക്ക് പൂര്‍ണ്ണതൃപ്തിയായിട്ടില്ലായിരുന്നു”.
”ധൈര്യായിട്ട് പ്രകാശനം ചെയ്യാം”. വേണു നല്ല ആവേശത്തിലായിരുന്നു. ഞാന്‍ ഊക്കോടെ വലിച്ച് ഗേറ്റ് തുറന്നു. ”ഇന്നലെ വൈകുന്നേരം ആറു മണിക്കിരുന്നതാ. രാത്രി ഒന്നരയാകുമ്പേഴേക്കും മുപ്പത്തിമൂന്ന് അധ്യായങ്ങളും വായിച്ച് തീര്‍ന്നു. ഇതിന്റെ റീഡബിലിറ്റി മാത്രം മതി ഹിറ്റാവാന്‍. ഘടന അപാരം”.
ഞാന്‍ ഫോണ്‍ ചെവിക്ക് ചേര്‍ത്ത് പിടിച്ച് നടന്നു. വേണു പിന്നീടും എന്തൊക്കെയോ പറഞ്ഞു. അപ്പോഴേക്കും എന്റെ ചിന്തകള്‍ പല ദിശകളിലേക്ക് ചിതറിയതിനാല്‍ മുഴുവന്‍ കേട്ടില്ല.
ഒന്നരവര്‍ഷത്തെ അധ്വാനമിതാ സഫലമാകാന്‍ പോകുകയാണ്. മരുത്താന്‍മലയിലെ ഇരുമുറി കെട്ടിടത്തില്‍ വാക്കുകളും വാക്യങ്ങളും തേടിയ ആറുമാസങ്ങള്‍. അതിനു മുമ്പ് വീട്ടിലെ എഴുത്തുമുറിയില്‍ ആവശ്യമായ വിവരങ്ങള്‍ ചികഞ്ഞ ഒരു വര്‍ഷക്കാലം. വാക്കുകളെ വാചകങ്ങളാക്കി പരുവപ്പെടുത്തി തറിച്ചും മുറിച്ചും ക്രമപ്പെടുത്തിത്തുന്നി ‘ആകാശം മുട്ടിയ ആത്മനൊമ്പരങ്ങള്‍’ പൂര്‍ത്തിയാക്കി ദിവസമൊന്ന് കഴിയുംമുമ്പേ എത്തിയ ഈ അഭിപ്രായം തരുന്ന ആനന്ദം ചില്ലറയല്ല.
മരുത്താന്‍കുന്നിലെ മുറിയില്‍ എഴുതിക്കഴിഞ്ഞ ഏതാനും ഭാഗങ്ങള്‍ കേട്ട് തണുപ്പിലൊട്ടിക്കിടന്നു കൊണ്ട് കാഞ്ചന പറഞ്ഞതാണ് ഓര്‍മ്മ വന്നത്.
‘ജോറാക്കുന്നുണ്ട്. നല്ല രസൂണ്ട് കേള്‍ക്കാന്‍. ഇത് സംഭവാകും’.
സത്യം പറഞ്ഞാല്‍ കാഞ്ചനയുടെ കുറേ സ്വഭാവങ്ങളാണ് എന്റെ നോവലിലെ അനുവിനുള്ളത്. അവളുടെ വര്‍ത്തമാനങ്ങളും ചലനങ്ങളും കുറെയൊക്കെ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്.
മരുത്താന്‍ കുന്നിനെയെമ്പാടും വിറപ്പിച്ചുകൊണ്ട് ഉരുള്‍പൊട്ടിയെത്തിയ സന്ധ്യയ്ക്കാണ് കാഞ്ചനയേയും അറുപത് കഴിഞ്ഞ അച്ഛനേയും നാട്ടുകാര്‍ എന്റെ വാടകക്കെട്ടിടത്തില്‍ എത്തിക്കുന്നത്. അതിനും ഒരാഴ്ച മുമ്പ് തന്നെ അവള്‍ എന്നില്‍ നോട്ടമിട്ടിട്ടുണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന ഒരു മഴയില്‍ നനഞ്ഞു കുതിര്‍ന്ന് മുറിയിലേക്ക് കയറിവന്ന് അച്ഛന് നല്ല സുഖമില്ല, ഒന്നുവന്ന് നോക്കുമോ എന്ന് ചോദിച്ച് അവള്‍ കിതച്ചു. ഞാന്‍ ഒരു സാഹിത്യകാരന്‍ മാത്രമാണെന്ന് അവള്‍ക്കറിവില്ലേ എന്ന് അതിശയപ്പെട്ടുവെങ്കിലും ഇടയ്ക്കിടയ്ക്ക് ചായ ഉണ്ടാക്കിത്തരുന്ന ബന്ധം വെച്ച് അപ്പോള്‍ പോകേണ്ടതുണ്ടെന്ന് ഞാനുറപ്പിച്ചു. കുടയില്‍ അവളെയും കൂട്ടി മഴയത്തേക്കിറങ്ങിയപ്പോള്‍ അവള്‍ എന്നെ ചേര്‍ന്ന് നടന്നു.
വൃദ്ധന്‍ പനിച്ചു വിറയ്ക്കുകയായിരുന്നു. അതൂഹിച്ചതിനാല്‍ത്തന്നെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ കീശയില്‍ കരുതിയിരുന്ന പാരസെറ്റമോള്‍ ഗുളിക കാഞ്ചനയുടെ കയ്യില്‍ വെച്ചുകൊടുത്ത് പറഞ്ഞു.
‘സാരമില്ല, ഇതുകൊണ്ട് ആശ്വാസമുണ്ടാവും. മാറിയില്ലെങ്കില്‍ നാളെ രാവിലെ മുറിയിലേക്ക് വാ. മറ്റൊന്ന് തരാം’.
അവള്‍ പിറ്റേന്ന് വന്നു. പിന്നെ സ്ഥിരം സന്ദര്‍ശകയായി.
ഉരുള്‍പൊട്ടിയ വൈകുന്നേരം റോഡില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞപ്പോഴാണ് കാഞ്ചനയുടെ വീട് തകര്‍ന്ന കാര്യം അറിഞ്ഞത്.
അവിടെയെത്തുമ്പോള്‍ ‘ഇന്‍ ദ സ്റ്റോമി ഡേ’ എന്ന ക്ലാസിക്കിലെ ഡേവിഡിന്റെ ഭവനം പോലെ കാഞ്ചനയുടെ വീടിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മഴയില്‍ വിറങ്ങലിച്ചു നിന്നു. മുട്ടോളം മൂടിക്കിടക്കുന്ന ചെളിയിലൂടെ കാഞ്ചനയുടെ അച്ഛന്‍ ഡേവിഡിനെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്നു.
മണ്‍വെട്ടി എടുത്ത് ചെളിനീക്കാനും വീടിന് മുകളിലേക്ക് വീണ മരക്കൊമ്പുകള്‍ മഴുകൊണ്ട് അറുത്തു നീക്കാനും ധാരാളംപേര്‍ അധ്വാനത്തിലാണ്. എല്ലാറ്റിനും മേല്‍നോട്ടവും എല്ലാവര്‍ക്കും സഹായവുമായി കൂണേരി സജീവന്‍ ഊര്‍ജ്ജസ്വലനായി ഇടംവലം പായുന്നു. സജീവന്‍ എന്റെ മുഖത്തേക്കൊന്നു നോക്കി പണിയിലേക്ക് തന്നെ മുഴുകി.
മരുത്താന്‍ കുന്നിലെത്തിയ ദിവസം തന്നെ ഞാനവനെ വെറുക്കാന്‍ തുടങ്ങിയതാണ്. ദേവസ്യച്ചേട്ടന്റെ ചായക്കടയിലിരുന്ന് ചായ കുടിക്കുകയായിരുന്ന എന്റെ നേര്‍ എതിര്‍വശത്തുള്ള ബെഞ്ചില്‍ വന്നിരുന്ന് അവന്‍ ചോദിച്ചു.
”എവിടേക്കാ?”
”വി.ടി. ചാമക്കാല”.
”ചാമക്കാലേലുള്ള വീട്ടിലേക്ക് ഇതുവഴി? അതങ്ങ് ദൂരെയല്ലേ?”
സജീവന്റെ മുഖത്ത് പൊങ്ങിവന്ന ചിരിയില്‍ പരിഹാസത്തിന്റെ സ്പര്‍ശമുള്ളതായി എനിക്കനുഭവപ്പെട്ടതിനാല്‍ ഞാന്‍ സ്വരം അല്പം കടുപ്പിച്ചു. എന്റെ പേരു കേള്‍ക്കുമ്പോള്‍ തനിയെ ഉയര്‍ന്നുവരേണ്ടതായ ഞെട്ടലും ബഹുമാനവും അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെ ശരീര ഭാഷകളിലും പൊങ്ങിവരാഞ്ഞത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
”ഞാന്‍ എന്റെ പേരാ പറഞ്ഞത്. ഇവിടെ ഔസേപ്പിന്റെ കോട്ടേര്‍സില്‍ വാടകയ്ക്ക് താമസിക്കാന്‍ വന്നതാ”.
”എന്താ പരിപാടി?” ചോദിച്ചത് ദേവസ്യയായിരുന്നു.
”എഴുത്ത്. ഒരു ആറുമാസം കാണും”.
”എഴുത്തുകാരനാ?” ഇതുപറഞ്ഞ് കാലിയായ ചായഗ്ലാസ് ഡസ്‌കിന് മേല്‍വച്ച് സജീവന്‍ എഴുന്നേറ്റു. ”സാഹിത്യം ഞങ്ങള്‍ക്ക് അലര്‍ജിയാ”. ഇത് പറഞ്ഞു കൊണ്ടാണ് അവന്‍ പുറത്തേക്ക് നടന്നത്. മറ്റുള്ളവരൊക്കെ തലയാട്ടി ചിരിച്ചു.
അതില്‍ പിന്നെ ഞാന്‍ അവനെ കാണുമ്പോള്‍ ചിരിക്കാനോ മിണ്ടാനോ പോകാറില്ല. ആള് അധ്വാനിയും പരോപകാരിയുമാണെന്ന് പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ വിവരമില്ലാഞ്ഞാല്‍പ്പിന്നെ എന്തിന് കൊള്ളാം എന്നാണ് ഞാന്‍ പ്രതികരിക്കാറ്.
”ഇവരെ തല്‍ക്കാലം സാറിന്റെ കോട്ടേര്‍സില്‍ നിര്‍ത്തൂലേ?”
ചോദിച്ചത് സജീവന്‍ ആയിരുന്നു എന്നതും കാഞ്ചനയുടെ അച്ഛന് പ്രായാധിക്യത്തിന്റെ അവശത ഏറെയുണ്ട് എന്നതും എന്നില്‍ ഒരു താല്‍പര്യക്കുറവ് ഉയര്‍ത്തിക്കൊണ്ടുവന്നു. എങ്കിലും കാഞ്ചനയുടെ ദയനീയമായ നോട്ടം മറുത്തൊന്നു പറയുന്നതില്‍ നിന്നും എന്നെ വിലക്കി.
പിന്നീടുള്ള രാവുകളും പകലുകളും ഞാന്‍ തുടര്‍ച്ചയായി കുറേ എഴുതി. അപ്പുറത്തെ മുറിയില്‍ നിന്ന് വൃദ്ധന്‍ ഇടതടവില്ലാതെ ഉതിര്‍ത്തു കൊണ്ടിരുന്ന ചുമ രൂപപ്പെടുത്തിയ അസ്വസ്ഥതയെ കാഞ്ചനയുടെ സാന്നിധ്യം പകര്‍ന്ന ഉന്മേഷം കൊണ്ട് ഞാന്‍ തകര്‍ത്തു കളഞ്ഞു. മരുത്താന്‍കുന്നില്‍ ഉരുള്‍പൊട്ടി കുറേ വീടുകള്‍ തകര്‍ന്നതും മൂന്നുപേര്‍ മരിച്ചതുമൊന്നും ഞാന്‍ അറിഞ്ഞതേയില്ല. ബദ്ധശ്രദ്ധമായ എഴുത്തിന്റെ ദിനരാത്രങ്ങള്‍ക്കൊടുവില്‍ അവസാന അധ്യായവും പരുവപ്പെട്ടുവന്നശേഷം അച്ഛനേയും മകളേയും ആ ഇരുമുറിക്കെട്ടിടത്തില്‍ നിര്‍ത്തി ഞാന്‍ നാട്ടിലേക്ക് ബസ്സ് കയറി.
നേരില്‍ കാണാമെന്ന ഉപസംഹാരത്തോടെ വേണുവുമായുള്ള ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുമ്പോഴേക്കും കവലയില്‍ എത്തിയിരുന്നു. ആളനക്കത്തിന് സാക്ഷ്യം വഹിച്ചിട്ട് ഏറെക്കാലമായെന്ന് തോന്നിപ്പിക്കുംവിധം കുഞ്ഞിരാമേട്ടന്റെ ചായക്കട മൂകമായി നില്‍ക്കുന്നു. തൊട്ടു പടിഞ്ഞാറ് മമ്മാലിയുടെ പുല്ലുകച്ചവടം നടന്നിരുന്ന സ്ഥലത്ത് ‘വന്നോളിന്‍ തിന്നോളിന്‍’ എന്ന പേരില്‍ ഒരു തട്ടുകട. വിശാലമായ പന്തലിനുള്ളില്‍ നിരവധി മേശകളും കസേരകളും.
ഇതുവരെ കേട്ടിട്ടില്ലാത്ത കുറെ വിഭവങ്ങളുടെ പേരും ചിത്രങ്ങളും നിരന്നു കിടക്കുന്ന ബോര്‍ഡ് നോക്കി അല്പം നിന്നു. അപ്പോഴാണ് കുഞ്ഞിരാമേട്ടന്‍ ബസ്സിറങ്ങി അതുവഴി വന്നത്.
”തരകനോ, എപ്പോ വന്നു നാട്ടില് ?”
ഈ നാട്ടുകാരിങ്ങനെയാണ്. യാതൊരു ഉപചാരങ്ങളും ചേര്‍ക്കാതെ പേരുതന്നെ അങ്ങ് വിളിക്കും. അഭിസംബോധന വരുത്തിയ രസക്കേടിനെ തെല്ലിട മുഖത്ത് പ്രത്യക്ഷപ്പെടുത്തി ഞാന്‍ മറുപടി നല്‍കി.
”ഇന്നലെ”
”മോള്‍ടടുത്ത് പോയതാ, പേരാമ്പ്ര”. ചോദിക്കാതെ തന്നെ വിശേഷങ്ങള്‍ പറയുന്നത് കുഞ്ഞിരാമേട്ടന്റെ മാത്രമല്ല, ഈ നാട്ടുകാരുടെ പൊതുസ്വഭാവമാണ്.
”എന്തേ വിശേഷിച്ച്?” ചോദിക്കാതിരിക്കാന്‍ ആവാത്തത് കൊണ്ട് മാത്രം അങ്ങനെ ചോദിച്ചു.
”ഓള്‍ക്ക് ഇപ്പോ ഭേദൂണ്ട്”. എനിക്കൊന്നും മനസ്സിലായില്ലെന്ന് എന്റെ മുഖഭാവത്തില്‍ നിന്നും വായിച്ചെടുത്ത് അയാള്‍ കാര്യം ഒന്നുകൂടി വ്യക്തമാക്കി. ”ഓള്‍ക്ക് നിപ വന്ന് വല്ലാണ്ടായത് അറിഞ്ഞിറ്റ്‌ലേ? കെട്ട്യോന്‍ മരിച്ചതും അതോണ്ടു തന്നല്ലേ”.
നിപ എന്ന് തന്നെയാണ് അയാള്‍ പറഞ്ഞതെന്ന് ഞാന്‍ ഒന്നുകൂടി ഓര്‍ത്തെടുത്തു. പാവം വേവലാതിക്കിടെ പനി എന്നത് മാറിപ്പറഞ്ഞതാവും. പൊതുവേ ഒരു വെപ്രാളക്കാരനാണ് അയാള്‍.
”വെയില് കൊള്ളണ്ട…” ഞാന്‍ ചായക്കടയുടെ വരാന്തയിലേക്ക് കയറി അയാളെയും ആ തണലിലേക്ക് ക്ഷണിച്ചു.
”മൊത്തം പൊടിയാ. ഇപ്പോ ആളനക്കൂല്ലല്ലോ”.
”എന്തേ പൂട്ടിയത്?”
വരാന്തയില്‍ തൂങ്ങിക്കിടക്കുന്ന മാറാല കൈകൊണ്ട് വീശിയെടുത്ത് കുഞ്ഞിരാമേട്ടന്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. ”മമ്മാലീന്റെ മോന്‍ ബഷീറ് ഗള്‍ഫിന്ന് വന്നേപ്പിന്നെ തുടങ്ങിയതാ ഈ തട്ടുകട. അതോടെ എന്റെ കച്ചോടം പൂട്ടി. ഓനപ്പോലെ ചിക്കനും മട്ടനും കൊണ്ട് നൂറ്റെട്ട് തരത്തിലൊന്നും വിളമ്പാന്‍ പറ്റില്ലല്ലോ നമ്മക്ക്”. അയാള്‍ പുറത്തേക്ക് വിട്ട നീണ്ട നെടുവീര്‍പ്പിന്റെ അവസാനമെത്തുമ്പോഴേക്കും ഞാന്‍ പുറത്തെ വെയിലിലേക്ക് ഇറങ്ങി.
”എങ്ങോട്ടാ?” കുഞ്ഞിരാമേട്ടനും റോഡിലേക്കിറങ്ങി.
”സന്തോഷ് മേക്കാടിനെ ഒന്നു കാണണം. കുറേക്കാലമായി കണ്ടിട്ട്”.
”അതാരാ? ബന്ധുവാ, കൂട്ടുകാരനാ?” പുറത്ത് കനത്തു പെയ്യുന്ന വെയിലിനേക്കാള്‍ ആ പ്രതികരണം അകത്ത് ശക്തമായ പൊള്ളലേല്‍പ്പിച്ചു കടന്നുപോയി. സമകാലിക സാമൂഹ്യ പ്രതിസന്ധിയെ ചാട്ടുളി പോലുള്ള ഭാഷയുടെ മൂര്‍ച്ച കൊണ്ട് വരഞ്ഞിട്ട മുറിപ്പാടുകള്‍ പോലുള്ള അനേകം കവിതകളുടെ കര്‍ത്താവിനെ നാട്ടുകാര്‍ക്ക് അറിയില്ലെന്നോ!”
”കവിതയൊക്കെ എഴുതുന്ന… പോസ്റ്റ് ഓഫീസിന് പിറകിലെ…”
”ഓ വേലായുധന്റെ മോന്‍. ഓന് കവിതയെഴുത്ത്ണ്ടാ? പാവം വേലായുധന്‍ കുറേ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തിയതാ. ഓരോന്നും ഓരോ വഴിക്ക് തേരാപ്പാരയാന്നാ കേട്ടത്”.
കവിതാരംഗത്ത് ഇന്ന് മലയാളത്തില്‍ മുന്‍പന്തിയിലേക്ക് കുതിക്കുന്ന പേരാണ് അവന്റേതെന്നൊന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ നടന്നു.
മുറിപ്പാടുകളുടെ കര്‍ത്താവായ സന്തോഷ് മേക്കാടിനെയല്ല വേലായുധന്റെ മകനായ സന്തോഷിനെയാണ് നാട്ടുകാര്‍ക്കറിയുന്നത് എന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ഗ്ലാസില്‍ പകുതിയോളം നിറഞ്ഞ വിസ്‌കിയില്‍ ലയിക്കാതെ കിടന്ന ഐസ് കഷണം വിരല്‍കൊണ്ടെടുത്ത് താഴേക്കെറിഞ്ഞുടച്ച് സന്തോഷ് എന്നെ നോക്കി.
”കണ്‍ട്രീസ്… പുസ്തകം കൈകൊണ്ട് തൊടാത്തോരാ. അസൂയാലുക്കള്”.
”അവര്‍ക്കൊക്കെ സ്വന്തം കാര്യങ്ങളേയുള്ളൂ. ഇതിലൊക്കെ നിരാശപൂണ്ട് നമ്മള് നമ്മുടെ സാമൂഹ്യപ്രതിബദ്ധത ഉപേക്ഷിക്കുകയൊന്നും വേണ്ട”. ഞാനവനെ സമാധാനിപ്പിച്ചു.
പ്രസാധകര് റോയല്‍റ്റി കൃത്യമായി നല്‍കാത്തതിന്റെ വേവലാതിക്കൊപ്പം നാട്ടുകാര്‍ക്ക് സാഹിത്യത്തോടുള്ള നിഷേധാത്മകതയുടെ വേദനയും കൂട്ടി വിസ്‌കിയുടെ ലഹരിയിട്ടിളക്കി അവന്‍ ചില വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു.
സന്തോഷിനേയും കൂട്ടി കെ.ടി. ജോസിന്റെ പുസ്തകക്കടയില്‍ കയറി. മധ്യാഹ്നം കടന്ന് ഏറെനേരം നീണ്ട ചര്‍ച്ചകള്‍ക്കിടയില്‍ സന്തോഷ് തന്റെ സങ്കടങ്ങള്‍ അയവിറക്കിക്കൊണ്ടേയിരുന്നു. ഈയാഴ്ച തന്നെ പ്രധാനപ്പെട്ട രണ്ട് പ്രമുഖ വാരികകളില്‍ തന്റെ കവിത ഉണ്ടെന്ന് അവന്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.
ലഹരിയുടെ തണുപ്പും വെയിലിന്റെ ചൂടും കുറേ താണതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ആകാശം മുട്ടിയ ആത്മനൊമ്പരങ്ങള്‍ ഇറങ്ങുമ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ റാക്കില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്ന ഇടം ജോസിന് കാണിച്ചു കൊടുത്ത് അവിടുന്ന് ഇറങ്ങുമ്പോള്‍ ജോസ് പറഞ്ഞു.
”അടുത്തത് അധികം വൈകണ്ട. വേഗം തുടങ്ങിക്കോളൂ”.
വയലുകള്‍ ഉണ്ടായിരുന്ന ഇടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍. ശാന്തികുടീരം എന്ന പേരില്‍ റോഡിനു പടിഞ്ഞാറ് പുതുമയോടെ ശ്മശാനം നില്‍ക്കുന്ന സ്ഥലം ഇതിനുമുമ്പ് കാണുമ്പോള്‍ പൂത്താലി നിറഞ്ഞുനില്‍ക്കുന്ന കൈപ്പാടായിരുന്നു. ശാന്തികുടീരം എന്നതിന്റെ ബ്രാക്കറ്റില്‍ ‘നായര്‍ നമ്പ്യാര്‍ സമുദായ ശ്മശാനം’ എന്ന് കണ്ടു. റോഡിനു കിഴക്ക് ചുവന്ന പെയിന്റ് അടിച്ച എകെജി സെന്ററും പച്ച പെയിന്റിലുള്ള സി.എച്ച് സെന്ററും തൊട്ടുരുമ്മി നില്‍ക്കുന്നു. ഇവയും മുന്‍പ് കണ്ടിട്ടില്ല.
ഗുരുമന്ദിരമെന്ന മഞ്ഞക്കെട്ടിടത്തിന്റെ മുന്നില്‍ വടക്കോട്ട് നീണ്ടുകിടക്കുന്ന മതിലില്‍ എഴുതിയിരിക്കുന്ന ‘അവനവനാത്മസുഖത്തിനാ
ചരിക്കുന്നവ യപരന്നുസുഖത്തിനായ് വരേണം’ എന്ന വാചകത്തില്‍ അക്ഷരത്തെറ്റുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയതിനാല്‍ കണ്ണ് അതില്‍ ഉറപ്പിച്ചു അല്പനേരമവിടെ നില്ക്കവേ അയല്‍ക്കാരന്‍ രമേശന്‍ നടന്നുവരുന്നത് കണ്ടു.
‘മതില്‍ ഒരാഴ്ചമുമ്പ് വന്നതേയുള്ളൂ. കേസിലാ. മൂത്തടം ഹരിജന്‍ കോളനീലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നെന്നും പറഞ്ഞ് കോളനിക്കാര് കേസ് കൊടുത്തിട്ടുണ്ട്!
എന്തൊക്കെയാ നടക്കുന്നത്! ഞാനൊരു ചിരിയിലൊതുക്കി. രണ്ടുപേരും മുന്നോട്ടു നടന്നു. ”എന്ത്ണ്ട് തുണിക്കച്ചവടം?”
എന്റെ സുഖാന്വേഷണം അതുവരെ തിളങ്ങിനിന്നിരുന്ന ചിരിയെ രമേശന്റെ മുഖത്ത് നിന്നും മായ്ച്ചു കളഞ്ഞു.
‘കച്ചോടൊക്കെ പൂട്ടിയിട്ട് മാസം ഒന്നാവാറായി. നമ്മുടെ ആള്‍ക്കാര് തുണി വാങ്ങലൊക്കെ കുറവല്ലേ. അവരാണെങ്കിലോ അവരില്‍പ്പെട്ടവരെ കടയിലേ കേറൂ’.
നേരത്തേ മതിലില്‍ കണ്ട വരികളുടെ മുന്‍പത്തെ രണ്ടെണ്ണം എന്റെ മനസ്സില്‍ തനിയെ പൊങ്ങിവന്നു. ‘അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമ
മായൊരാത്മരൂപം”.
അറിയാതെ അതെന്റെ നാവിലൂടെ ഒരു മൂളലായി പുറത്തേക്കിറങ്ങിയപ്പോള്‍ രമേശന്‍ പ്രതികരിച്ചു.
”നമ്മളിങ്ങനെ സിദ്ധാന്തങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതല്ലാണ്ട് ജീവിതത്തില്‍ ഒരു ഉപകാരൂം ചെയ്യിന്നില്ലല്ലാ”.
ആര് ആര്‍ക്ക് എന്നൊന്നും ഞാന്‍ ചോദിക്കാന്‍ നിന്നില്ല. പുതിയൊരു കഥാതന്തുവിന്റെ നാമ്പ് കവചം ഭേദിച്ച് പുറത്തേക്കു തലനീട്ടിയതിന്റെ പ്രസരിപ്പുമായാണ് ഞാന്‍ വീട്ടിലേക്ക് കയറിയത്.
പുതിയൊരു ഡയറിയെടുത്ത് അടുത്ത നോവലിനായി മനസ്സില്‍ അപ്പോള്‍ പൊങ്ങിവന്ന ‘നിറങ്ങളുടെ അതിര്‍ത്തി’ എന്ന പേര് കുറിച്ചിടുന്നതിനിടയിലാണ് മകന്റെ ട്യൂഷന്‍ ഫീസിന്റെ നാലാം ഇന്‍സ്റ്റാള്‍മെന്റ് അടക്കേണ്ട കാലാവധി കഴിഞ്ഞ കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് സുജാത കടന്നുവന്നത്.
‘ആത്മനൊമ്പരങ്ങള്‍’
ഹിറ്റാവുംന്ന് ഉറപ്പായി. അതിനേക്കാള്‍ ഗംഭീരമാക്കാവുന്ന ത്രെഡ്ഡാടീ ഇന്ന് കിട്ടിയത്. നാളെ തുടങ്ങി ഒന്നുരണ്ടാഴ്ച മെനക്കെട്ടാ ഡാറ്റാ കളക്ട് ചെയ്യാനാവും. പിന്നെ മരുത്താന്‍ കുന്നിലെ മുറി ഒഴിവാക്കാഞ്ഞത് നന്നായി’.
മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെയാണ് സുജാത അവിടെ നിന്ന് അടുക്കളയിലേക്ക് മടങ്ങിയത് എന്നല്ല എന്നെ അത്ഭുതപ്പെടുത്തിയത്. പച്ചയും ചുവപ്പും മഞ്ഞയും ഒക്കെ ചേര്‍ന്ന ഒരു കൊളാഷ് പുതിയ പുസ്തകത്തിന്റെ മുഖചിത്രമായി എന്റെ മനസ്സില്‍ അപ്പോള്‍ പൊന്തിവന്നു എന്നുള്ളതാണ്.