‘നാട്ടിലും വീട്ടിലും പെണ്ണിന് സുരക്ഷിതമായിരിക്കാന്‍’ (പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത) എ.കെ.ജി. സെന്ററില്‍ നിന്ന് ഒരു ഒറ്റമൂലി പുറത്തിറക്കാന്‍ പോകുന്നു! ഇടതു സര്‍ക്കാരിന്റെ വനിതാ-ശിശു വികസനവകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ കൈകൊണ്ടായിരുന്നു. ഈ ഒറ്റമൂലിയുടെ പേരാണ് ‘കനല്’. താഴെ തട്ടില്‍ വരെ എത്തുന്ന സമഗ്ര പദ്ധതിയാണ് ഈ ഒറ്റമൂലി എന്നാണ് പാര്‍ട്ടി പത്രം പറയുന്നത്. ഈ ഒറ്റമൂലി സേവിക്കുന്നതോടെ സ്ത്രീ നാട്ടിലും വീട്ടിലും സുരക്ഷിത എന്നാണ് ഏ.കെ.ജി, സെന്ററിന്റെ ഗ്യാരണ്ടി. ‘കനല്’ ഒറ്റമൂലിയുടെ കാതല്‍ ഒരു കൈപ്പുസ്തകമാണ്. സുരക്ഷിതത്വക്കുറവു തോന്നിയാല്‍ സ്ത്രീ ഈ കൈപ്പുസ്തകം തുറന്നു നോക്കണം. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം അതിലുണ്ട്. ഭര്‍ത്താവിന്റെ നിരന്തര പീഡനം എന്നാണ് പരാതിയെങ്കില്‍ ഒറ്റവാക്കില്‍ മറുപടി കിട്ടും. ‘അനുഭവിച്ചോ’. പരാതിക്കാരി ഡിഫി പ്രവര്‍ത്തകയാണെങ്കില്‍ ഉപദേശം ലഭിക്കും പാര്‍ട്ടി കോടതിയെ കാണാന്‍. വിസ്മയ കേസ്സിലെ പോലെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പീഡകനാണെങ്കില് അയാളുടെ യൂനിയന്‍ ഏതാണെന്നു നോക്കിയേ മറുപടി കിട്ടൂ. ചുകപ്പന്‍ യൂണിയന് കാരനാണെങ്കില്‍ കുഴപ്പം യുവതിയുടേതാവും. ഡിഫി സഖാവ് പീഡിപ്പിച്ചു എന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ സഖാവിനെ ഏറ്റവും ഒടുവിലേ പാര്‍ട്ടി കയ്യൊഴിയൂ. കേസ് വൈകിപ്പിക്കാനുള്ള ഉപദേശം കൈപ്പുസ്തകം തരും.
കനല് കൈപ്പുസ്തകചട്ടപ്രകാരം പാര്‍ട്ടി കോടതി ഇടതുമുന്നണി കോടതിയാക്കിയിട്ടുണ്ട്. ഓരോ മന്ത്രിക്കും കേസില്‍ ഇടപെട്ട് പരാതിക്കാരിയെ പിന്തിരിപ്പിക്കാന് കൈപ്പുസ്തകം അധികാരം നല്‍കുന്നുണ്ട്. അതുകൊണ്ടാണല്ലോ വനം മന്ത്രി ശശീന്ദ്രന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ചത്. മന്ത്രി നേരിട്ട് ഇടപെട്ട് സ്ത്രീ പീഡനക്കേസ് ഒതുക്കുന്ന വേറെ ഏതു സര്‍ക്കാരാണ് ഈ രാജ്യത്ത് ഉള്ളത്. അതിലും നമ്പര്‍ വണ്‍ പിണറായി സര്‍ക്കാര്‍ തന്നെ! എന്നിട്ടും മന്ത്രിയെ പുറത്താക്കണമെന്ന് ബി.ജെ. പിയും കോണ്‍ഗ്രസ്സും ശാഠ്യം പിടിക്കുകയാണ്.! ഇവിടെ പരാതിക്കാരി ബി.ജെ.പിയാണ്. ബി.ജെ.പിക്കാര്‍ക്ക് നീതി കൊടുക്കണ്ട എന്ന് ഇ.കെ. നായനാര്‍ തന്നെ പറഞ്ഞതാണ്. പമ്പയാറ്റില്‍ മൂന്ന് എ.ബി.വി.പിക്കാരെ കല്ലെറിഞ്ഞു മുക്കിക്കൊന്നപ്പോള്‍ അവര്‍ ആര്.എസ്.എസ്. അല്ലേ എന്നാണദ്ദേഹം ചോദിച്ചത്. ബി.ജെ.പി ക്കാരിയെ പീഡിപ്പിച്ചതുസംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട മന്ത്രി ശശീന്ദ്രനെ സംരക്ഷിക്കാന്‍ നായനാരുടെ നാട്ടുകാരനായ വിജയന് സഖാവിന് ചുകപ്പന്‍ ബാധ്യതയുണ്ട് സഖാവേ?