‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം’! ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഒരു പ്രതിപക്ഷ നേതൃത്വത്തെയാണ്, ജനാധിപത്യ ഭാരതം ഇന്ന് സഹിച്ചു കൊണ്ടിരിക്കുന്നത്. കാലം കാത്തിരുന്ന ഭവ്യ രാമമന്ദിരം അയോദ്ധ്യയില്‍ ഉയരുമെന്നുറപ്പായപ്പോള്‍ ഹിന്ദുവിരുദ്ധ, രാമ വിരുദ്ധ, ജിഹാദി പക്ഷ രാഷ്ട്രീയ ശക്തികളുടെ നേതൃത്വത്തിലിരുന്ന് മൂക്ക് മുറിച്ചും ശകുനം മുടക്കുവാന്‍ വഴികള്‍ തേടുകയാണ് സോണിയയും മക്കളും.
അയോദ്ധ്യയിലെ ഭാവി വികസനം ലക്ഷ്യമാക്കിക്കൊണ്ട് 1.208 ഹെക്ടര്‍ സ്ഥലം വാങ്ങിയതിലാണ് ചിലരിപ്പോള്‍ വിവാദം തിരയുന്നത്. വസ്തു വാങ്ങിയത് അയോദ്ധ്യയില്‍ ഇന്നുള്ള വിപണി വിലയിലും കുറഞ്ഞ നിരക്കിലാണ്.. മുഴുവന്‍ പണവും ബാങ്ക് ട്രാന്‍സ്ഫറില്‍ കൂടിയാണ് നല്‍കിയിരിക്കുന്നത്. വാങ്ങിയത് മൂന്ന് മുസ്ലീങ്ങളുള്‍പ്പടെ ഒമ്പത് പേരില്‍ നിന്നാണ്. അതില്‍ ഒരാളായ സുല്‍ത്താന്‍ അന്‍സാരി, അയോദ്ധ്യാ പ്രക്ഷോഭത്തെ മുക്കിക്കൊല്ലാന്‍ സരയൂ നദിയെ ചോരപ്പുഴയാക്കുകയും കോത്താരി സഹോദരന്മാരെ കൊന്ന് കൊലവിളിക്കുകയും ചെയ്ത മുലായം സിങ്ങിന്റെ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനാണ്. അതേ പാര്‍ട്ടിയുടെ ഒരു നേതാവ് ഉയര്‍ത്തിയ ഒരു അടിസ്ഥാനരഹിതമായ ആരോപണമാണ് മറ്റു രാമക്ഷേത്ര വിരുദ്ധരും ഏറ്റു പിടിക്കുന്നത്. ഇല്ലാത്ത ആരോപണവുമായി വന്നവരോട് കുറ്റമുണ്ടെങ്കില്‍ പരാതി കൊടുത്ത് എഫ്‌ഐആര്‍ ഇട്ട് തുടര്‍ നടപടികള്‍ക്ക് ഇടവരുത്തുവാന്‍ വെല്ലുവിളിച്ചിട്ടും അതിനുള്ള തന്റേടം കാണിക്കാതെ ഒളിച്ചു കളിക്കുന്നതാണ് ഏറെ വിചിത്രം!
ഇസ്ലാം വോട്ടുബാങ്ക് ലക്ഷ്യമാക്കി മുലായം സിങ്ങിന്റെയും സോണിയയുടെയും കുടുംബപാര്‍ട്ടികള്‍ ഹിന്ദുവിനോടും അയോദ്ധ്യയോടും ചെയ്ത ക്രൂരതയും കാട്ടിയ അവഗണനയും ആ പ്രദേശത്തെ വസ്തു വിലയെയും പ്രതികൂലമായി ബാധിച്ചു. അക്കാലത്ത് അവിടെ തങ്ങള്‍ക്കുള്ള ഭൂമി വിറ്റ് രക്ഷപെടാനുള്ള തത്രപ്പാടിലായിരുന്നു സാധാരണക്കാരില്‍ പലരും. ആ സാഹചര്യം മുതലെടുത്ത് കിട്ടുന്നത് തുച്ഛവിലയ്ക്ക് വാങ്ങിക്കൂട്ടുവാനും സാഹചര്യം മാറിവന്നാല്‍ വിറ്റ് വലിയ ലാഭം നേടാനും കൗശലം കാട്ടിയവരുമുണ്ട്. അങ്ങനെ സുല്‍ത്താന്‍ അന്‍സാരിയും മറ്റും അടങ്ങുന്ന ഊഹ കച്ചവടക്കാര്‍ 2011 മുതല്‍ വളഞ്ഞിട്ടിരുന്ന വസ്തുവാണിപ്പോള്‍ രാമക്ഷേത്ര ട്രസ്റ്റ് വാങ്ങുന്നത്. രാമജന്മക്ഷേത്ര ഭൂമി വിവാദത്തില്‍ അലഹബാദ് ഹൈക്കോടതി 2010ല്‍ പ്രഖ്യാപിച്ച വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയും കാര്യങ്ങള്‍ അനിശ്ചിതത്വത്തിനും കാലവിളംബത്തിനും ഇടയാക്കുകയും ചെയ്ത സാഹചര്യമായിരുന്നു അതെന്നോര്‍ക്കണം. ഏതായാലും 2011 മുതല്‍ ആ ഊഹക്കച്ചവടക്കാര്‍ മുതല്‍മൂടക്കിയിരുന്ന വസ്തുവിന്റെ വില, 2019 ഒക്ടോബറില്‍ സുപ്രീം കോടതി വിധിയോടെ വന്‍ വര്‍ദ്ധനയിലേക്കാണ് നീങ്ങിയത്. വിധിവന്ന ഉടനെ അയോദ്ധ്യയിലാകെ വസ്തുവിലയിലുണ്ടായ വന്‍ വര്‍ദ്ധന ക്ഷേത്ര ശിലാന്യാസവും ക്ഷേത്രനഗരിയുടെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളും കണ്ടതോടെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു.
ആ പശ്ചാത്തലത്തിലാണ് 2021 മാര്‍ച്ചില്‍ ക്ഷേത്രസമുച്ചയത്തോട് ചേര്‍ന്ന്, പദ്ധതി പ്രകാരം വരേണ്ട നാലുവരിപ്പാതയ്ക്ക് അഭിമുഖമായി, 1.208 ഹെക്ടര്‍ കണ്ണായ വസ്തു വാങ്ങുവാന്‍ ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചത്. ആ വസ്തു 2011 മുതല്‍ ഊഹക്കച്ചവടക്കാരായ സുല്‍ത്താന്‍ അന്‍സാരിയും മറ്റും തങ്ങളുടെ അധീനതയിലാക്കിയിരുന്നതാണെന്നറിഞ്ഞതോടെ സ്വാഭാവികമായും അവരുമായി വിലപേശല്‍ നടത്തി. വാങ്ങുന്ന ഏതൊരു കൂട്ടരും ചെയ്യുന്നതു പോലെ ആ സമയത്ത് അവിടെ നിലവിലുള്ള വിപണി വിലയുടെ അടിസ്ഥാനത്തില്‍ വിലപേശല്‍ നടത്തി 18.5 കോടിക്ക് കച്ചവടത്തിനു ധാരണയായി. ബാദ്ധ്യതാരഹിതമായി വില്‍ക്കുന്നതിന് യഥാര്‍ത്ഥ അവകാശമുള്ളവരില്‍ നിന്നും വസ്തു വില കൊടുത്ത് തീറാധാരം വാങ്ങുകയാണ് സ്വാഭാവികമായും അടുത്തപടി. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ വസ്തുവുമായി ബന്ധപ്പെട്ട് 2011 മുതല്‍ പലകരാറുകളും 2017ല്‍ ഒരു തീറാധാരവും ഉണ്ടായിട്ടുണ്ടെന്ന് കാണുന്നു. 2017 നവംബര്‍ 20ലെ തീറാധാരപ്രകാരം വസ്തു കുസും പഥക്ക്, ഹരീഷ് പഥക്ക് എന്നിവരുടെ പേരിലാണെന്നും മനസ്സിലായി.
2017 നവംബര്‍ 21ന് കുസും പഥക്കും ഹരീഷ് പഥക്കും വസ്തു ഇച്ഛ റാം സിങ്ങിനും രാകേഷ് കുമാര്‍ സിങ്ങിനും ജിതേന്ദ്ര കുമാര്‍ സിങ്ങിനും വില്‍ക്കാന്‍ കരാറായതായും ആ കരാര്‍ 2019ന് സെപ്റ്റംബര്‍ 17ന് റദ്ദാക്കപ്പെട്ടതായും ശ്രദ്ധയില്‍ പെട്ടു. അതേ തൂടര്‍ന്ന് 2019 സെപ്റ്റംബറില്‍ തന്നെ അവര്‍ രണ്ടു പേരും ചേര്‍ന്ന് (കുസും പഥക്കും ഹരീഷ് പഥക്കും) ഇച്ഛാ റാം സിങ്ങ്, വിശ്വ പ്രതാപ് ഉപാധ്യായ, മനീഷ് കുമാര്‍, സുബേദാര്‍, ബായ് റാം യാദവ്, രവീന്ദ്രകുമാര്‍ ദുബെ, സുല്‍ത്താന്‍ അന്‍സാരി, റാഷിദ് ഹുസൈന്‍ എന്നിവര്‍ക്ക് വില്‍ക്കുവാന്‍ നിശ്ചയിച്ച് കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കാണുന്നു. ആ കരാര്‍ പ്രകാരം വില രണ്ടു കോടിയാണെന്നും അതില്‍ അമ്പതു ലക്ഷം അഡ്വാന്‍സ് നല്‍കിയെന്നും കാലാവധി 2022 സെപ്റ്റംബര്‍ വരെയാണെന്നും രാമജന്മഭൂമി ട്രസ്റ്റ് മനസ്സിലാക്കുന്നു.
അത്തരം സാഹചര്യങ്ങളില്‍, ആധാരച്ചിലവ് ലാഭിക്കാനും തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനും ഊഹക്കച്ചവടക്കാര്‍ അവലംബിക്കുന്ന ഒരുരീതിയുണ്ട്. ട്രസ്റ്റിനോട് 18.5 കോടി രുപ വാങ്ങും. അതില്‍ നിന്ന് വസ്തു ഉടമസ്ഥര്‍ക്ക് കൊടൂക്കാനുള്ള ബാക്കി തുകയായ ഒന്നരക്കോടി കൊടുത്തു തീര്‍ത്ത് തങ്ങളുമായുള്ള കരാര്‍ റദ്ദാക്കും. പിന്നീട് വസ്തു ഉടമസ്ഥര്‍ നേരിട്ട് തീറാധാരം ട്രസ്റ്റിന് നല്‍കാന്‍ വഴിയൊരുക്കും. ഫലമോ ഊഹക്കച്ചവടക്കാര്‍ക്ക് 17കോടിയുടെ കള്ളപ്പണം കയ്യിലാകും. സര്‍ക്കാരിന് ആ പതിനേഴുകോടിയുടെ മേല്‍ ലഭിക്കേണ്ട മുദ്രപത്ര വിലയും രജിസ്‌ടേഷന്‍ ഫീസും നഷ്ടമാകും. മാത്രമല്ല ആ പതിനേഴു കോടി കിട്ടിയ ഊഹക്കച്ചവടക്കാരില്‍ നിന്നും ലഭിക്കേണ്ട ആദായ നികുതിയും മറ്റും രേഖകളില്ലാത്തതുകൊണ്ട് സര്‍ക്കാരിന് നഷ്ടപ്പെടുകയും ചെയ്യും.
ഇടപാടുകള്‍ നിയമപരവും സുതാര്യവുമാകണമെന്നും പിന്നീടൊരു വിവാദത്തിനോ കേസിനോ ഇടവരരുതെന്നും നിര്‍ബന്ധമുള്ളതു കൊണ്ട് കുസും പഥക്കിനും ഹരീഷ് പഥക്കിനും കരാര്‍ പ്രകാരം നല്‍കാനുള്ള ബാക്കി പണം കൊടുത്ത് വസ്തു സ്വന്തം പേരില്‍ തീറാധാരം നടത്തി വന്നാല്‍ സുല്‍ത്താന്‍ അന്‍സാരിയോടും കൂട്ടരോടും നേരിട്ട് വ്യാപാരം ആകാമെന്ന നിലപാട് ട്രസ്റ്റ് എടുക്കുന്നു. അതു തന്നെയായിരുന്നു ശരിയായ നിലപാടും.
അതനുസരിച്ച് സുല്‍ത്താന്‍ അന്‍സാരിയും കൂട്ടരും 2021 മാര്‍ച്ച് 18ന് , രണ്ടു കോടി രൂപയുടെ ഇടപാടും തീര്‍ത്ത് സര്‍ക്കാരിന്റെ പുതിയ സാക്ഷ്യപ്പെടുത്തിയ തറ വില പ്രകാരമുള്ള 5.8 കോടിരൂപയുടെ മുദ്രപ്പത്രവിലയും രജിസ്‌ട്രേഷന്‍ ഫീസും നല്‍കി തങ്ങളുടെ പേര്‍ക്ക് തീറാധാരം രജിസറ്റര്‍ ചെയ്യിക്കുന്നു. അതിനു ശേഷം ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റുമായി വിലപേശി നിശ്ചയിച്ചിരുന്ന 18.5 കോടിയില്‍ 17 കോടിയും ബാങ്കു വഴി, ആര്‍ടിജിഎസ്സ് സമ്പ്രദായത്തില്‍ സ്വീകരിച്ച ശേഷം വില്‍പ്പനക്കരാറില്‍ ഏര്‍പ്പെടുന്നു. കൊടുത്തത് കള്ളപ്പണമല്ല; പണം സ്വീകരിക്കുന്നയാളുകള്‍ സര്‍ക്കാരിന് കണക്ക് കൊടുക്കണം; നികുതിയടക്കണം. മുദ്രപ്പത്ര, രജിസ്‌ട്രേഷന്‍ ഫീസ്, ഇനങ്ങളില്‍ കിട്ടേണ്ട തുക സര്‍ക്കാരിന് കിട്ടുകയും ചെയ്തു. ഇതിലെവിടെയാണ് വിവാദത്തിന് ഇടം?
2021 മാര്‍ച്ച് 18ന് സുല്‍ത്താന്‍ അന്‍സാരിയും കൂട്ടരും വാങ്ങിയ തീറാധാരത്തിന് വിധേയമായ തുക 2019ല്‍ നിശ്ചയിച്ച് കരാറായ വിലയാണ്. അന്നേ ദിവസം ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റുമായി നടത്തിയ കരാറിലെ തുക അന്ന് നിശ്ചയിച്ച വില്‍പ്പന വിലയും. അതിലെന്താ പ്രശ്‌നം? വില്‍ക്കുന്ന ദിവസത്തെ/സമയത്തെ വിപണിവിലയല്ലേ അതിന്റെ മാനദണ്ഡം? ആ ദിവസം അയോദ്ധ്യയിലെ ആ വസ്തുവിന് അത്രയും വിലയില്ലെന്ന് പരാതി ഉന്നതയിച്ചവരാരും പറഞ്ഞിട്ടുമില്ലല്ലോ? മാത്രമല്ല അയോദ്ധ്യാ വിധിക്കു ശേഷം അവിടെയുണ്ടായ അസാധാരണമായ വസ്തുവില വര്‍ദ്ധനയെ സംബന്ധിച്ച് നേരത്തെ തന്നെ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നതുമല്ലേ?
നമ്മുടെ രാജ്യത്ത് കണ്ടു വരുന്ന മറ്റൊരു കാര്യവും കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ കണക്കില്‍ കാണിക്കാതെ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്ന ഒരു മേഖലയാണ് വസ്തു വില്‍പ്പന. ഊഹക്കച്ചവടങ്ങളിലാണെങ്കില്‍ കള്ളപ്പണ ഇടപാടുകള്‍ സാധാരണയിലധികവുമായിരിക്കും. പത്തോ പതിനഞ്ചു കോടിയോ കൊടുത്ത് വസ്തു വാങ്ങുമ്പോഴാണ് ഒന്നോ രണ്ടോ കോടി കണക്കില്‍ കാണിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഭൂമി 2019ല്‍ വാങ്ങുവാനുള്ള കരാര്‍ തയാറാക്കുമ്പോള്‍ യഥാര്‍ത്ഥ വില ഒരു പക്ഷേ പത്തു കോടി രൂപയായിരുന്നിരിക്കാം. അതില്‍ എട്ടു കോടി കണക്കിലില്ലാതെ കൊടുത്തിട്ടുണ്ടാകാം. ബാക്കി തുകയായ രണ്ടു കോടിയില്‍ അമ്പത് ലക്ഷം അഡ്വാന്‍സായി കൊടുത്തതായി രേഖപ്പെടുത്തി ബാക്കി ഒന്നരക്കോടി കാലാവധിക്കകം കൊടുത്താല്‍ തീറാധാരമാകാമെന്ന് കരാറും! രജിസറ്റര്‍ ചെയ്ത കരാറായതുകൊണ്ടും ഇങ്ങനെയുള്ള ഇടപാടുകളില്‍ വസ്തു സംബന്ധമായ അസ്സല്‍ രേഖകളും പലപ്പോഴും വസ്തുവിന്റെ കൈവശം പോലും പണം മുടക്കിയവന്‍ സ്വന്തമാക്കിയിട്ടുണ്ടാകും എന്നതു കൊണ്ടും മുടക്കു മുതല്‍ നഷ്ടപ്പെടുമെന്ന അപകടവുമില്ല! തള്ളിക്കളയാനാകാത്ത ആ വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ 2019ലെ കരാറില്‍ കാണിച്ചിട്ടുള്ളതില്‍ വളരെ കൂടിയ തുകയ്ക്കാണ് സുല്‍ത്താന്‍ അന്‍സാരിയും കൂട്ടരും ഇടപാടിലേര്‍പ്പെട്ടതെന്നും അതുകൊണ്ട് ഇപ്പോള്‍ ട്രസ്റ്റ് അവരില്‍ നിന്ന് വസ്തു വാങ്ങുമ്പോള്‍ കൊടുക്കുന്ന ലാഭത്തിന്റെ അളവ് ഗണ്യമായി കുറയുമെന്ന സാദ്ധ്യതയും പരിഗണിക്കപ്പെടേണ്ട പ്രായോഗിക യാഥാര്‍ത്ഥ്യമാണ്.
ഇനിയിപ്പോള്‍ സ്വര്‍ണ്ണമാണെങ്കിലും വസ്തുവാണെങ്കിലും പച്ചക്കറിയാണെങ്കിലും വില്‍പ്പനക്കാരന്‍ വാങ്ങിയശേഷം മറിച്ചു വില്‍ക്കാന്‍ തയ്യാറാകുമ്പോള്‍ നീ മേടിച്ച വിലയ്‌ക്കേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് പറയാന്‍ കഴിയുമോ? ഒരാളോട് നിങ്ങള്‍ പണയം വെച്ചിരിക്കുന്ന സ്വര്‍ണം ബാങ്കില്‍നിന്ന് എടുത്തു തന്നാല്‍ ഞാന്‍ വാങ്ങിക്കൊള്ളാം എന്ന് മറ്റൊരാള്‍ പറഞ്ഞൂവെന്ന് കരുതുക. പത്തു വര്‍ഷം മുമ്പ് പതിനായിരം രൂപയ്ക്ക് വാങ്ങിയ സ്വര്‍ണ്ണം 6000 രൂപയ്ക്കാണ് പണയം വെച്ചിരിക്കുന്നത്. രണ്ടു പേരും ബാങ്കിന്റെ മൂമ്പില്‍ ചെല്ലും. പണയത്തുകയായ ആറായിരവും പലിശ ആയിരവും ചേര്‍ത്ത് ബാങ്കില്‍ കൊടുത്ത് സ്വര്‍ണം എടുക്കും. അന്നത്തെ സ്വര്‍ണ്ണവില കണക്കാക്കുമ്പോള്‍ 20,000 രൂപയായിട്ടുണ്ടെങ്കില്‍ അതില്‍ പണയമെടുക്കാന്‍ ബാങ്കില്‍ കൊടുത്ത 7000 കഴിച്ച് 13,000 കൊടുത്ത് സ്വര്‍ണ്ണം വാങ്ങാന്‍ വന്നയാള്‍ ഇടപാടും തീര്‍ക്കും. അതറിഞ്ഞ്, ഒരേ ദിവസം ഒരു ബാങ്കില്‍ നിന്ന് 7000 രൂപയ്ക്ക് എടുത്ത സ്വര്‍ണ്ണം എന്തിനാണെന്റെ അച്ഛന്‍ അതേ ദിവസം അതേ ബാങ്കിന്റെ പരിസരത്തുവെച്ച് 20,000 രൂപയ്ക്ക് വാങ്ങിയതെന്ന വിവരംകെട്ട ചോദ്യം വിളിച്ചു ചോദിക്കുന്ന മുടിയനായ പുത്രന്റെ നിലവാരമേയുള്ളോ രാമശത്രുക്കളുടെ പക്ഷത്തുള്ള സോണിയക്കും രാഹുലിനും പ്രിയങ്കയ്ക്കും?
ഇത്തരം കാര്യങ്ങളിലും പതിവ് വിവരക്കേട് വിളമ്പുന്നതിന് ചാടിപ്പുറപ്പെടും മുമ്പ് വസ്തുവിന്റെ ഊഹക്കച്ചവടത്തില്‍ രാഷ്ട്രീയ ശക്തിയും കൂടി ഉപയോഗിച്ച് അമിതലാഭം കൊയ്യുന്നതില്‍ കഴിവ് തെളിയിച്ച റോബര്‍ട്ട് വധേരയോട് ഒരു വിദഗ്ദധോപദേശം ചോദിക്കാമായിരുന്നില്ലേ? ഹരിയാനയില്‍ ഭുപിന്ദര്‍ സിംഗ് ഹൂഡ മുഖ്യമന്തിയായിരുന്ന കാലത്ത് റോബര്‍ട്ട് വധേര നടത്തിയ വസ്തു ഇടപാടുകളൊന്നോര്‍ക്കാം. കൃഷി ഭൂമി സര്‍ക്കാര്‍ ‘പൊതു താത്പര്യത്തിനു’ വേണ്ടി ഏറ്റെടുക്കാന്‍ പോകുന്നുവെന്ന് വിജ്ഞാപനം ചെയ്തു. റോബര്‍ട്ട് വധേരയുടെ ഏജന്റന്മാര്‍ ആ ഗ്രാമങ്ങളിലെ കൃഷിയിട ഉടമകളെയെല്ലാം പിന്നാലെ നടന്ന് നിങ്ങളുടെ സ്ഥലമെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിജ്ഞാപനം ഇറക്കിയിരിക്കുന്നുവെന്നും തുച്ഛവിലയേ കിട്ടൂവെന്നും പറഞ്ഞു വിരട്ടി. അത് കേട്ടു ഭയന്ന സ്ഥലമുടകളോട് റോബര്‍ട്ട് വധേരയുടെ കമ്പനിയുടെയാളുകള്‍ സര്‍ക്കാര്‍ പറഞ്ഞതിലും ചെറിയ തോതില്‍ കൂടുതല്‍ വില വാഗ്ദാനം ചെയ്തു. അങ്ങനെ നാട്ടുകാരുടെ സ്ഥലം ഏഴു കോടി രൂപയ്ക്ക് വാങ്ങി. വസ്തു റോബര്‍ട്ടിന്റെ ഉടമസ്ഥതയിലായിക്കഴിഞ്ഞയുടനെ ആ ഭൂമിയുടെ ഏറ്റെടുക്കല്‍ വിജ്ഞാപനം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി. മാത്രമല്ല കൃഷിഭൂമിയെന്ന സ്വഭാവം മാറ്റി വീടുകളും വാണിജ്യസ്ഥാപനങ്ങളും പണിയുവാന്‍ അനുവാദമുള്ള സ്ഥലങ്ങളായി വിജ്ഞാപനം പുറപ്പെടുവിച്ചു.. അതോടെ അവിടെ സ്ഥലവില കുത്തനെ ഉയര്‍ന്നു. മാസങ്ങള്‍ക്കുള്ളില്‍ ആ സ്ഥലം ഡിഎല്‍എഫിന് 58 കോടിക്കു വിറ്റു. റോബര്‍ട്ട് വധേരയ്ക്കും കൂട്ടര്‍ക്കും മൂന്നു മാസം കൊണ്ട് ലാഭം 50 കോടി! റോബര്‍ട്ടും ഡിഎല്‍എഫ് എന്ന കമ്പനിയും ആദായം കൊയ്തു. വാങ്ങാന്‍ മുടക്കിയ ഏഴു കോടി രൂപ റോബര്‍ട്ട് വധേരയുടെ കമ്പനിക്ക് ഡിഎല്‍എഫ് ഒരു ഈടുമില്ലാതെ കൊടുത്തതാണെന്ന് കൂടി അറിയുമ്പോഴാണ് പത്തു പൈസയും കയ്യില്‍ നിന്നും മുടക്കാതെ സോണിയാ കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനവും കൂടി ഉപയോഗിച്ച് ഭൂമിയുടെ ഊഹക്കച്ചവടത്തില്‍ ഏതാനും മാസങ്ങള്‍ കൊണ്ട് കോടികളുടെ ലാഭമുണ്ടാക്കിയ റോബര്‍ട്ട് വധേരയുടെ കയ്യടക്കം പ്രകടമാകുന്നത്. അത്തരത്തില്‍ ഗുരുഗ്രാം രാജീവ് ഗാന്ധി ട്രസ്റ്റ് ഭൂമി കുംഭകോണം, സോണീപഠ്-ഖാര്‍ഖോടാ ഐഎംടി ഭൂമി കുംഭകോണം, എജെഎല്‍ നാഷണല്‍ ഹെറാള്‍ഡ് പഞ്ച്കുലാ ഭൂമി കുംഭകോണം, ഗാര്‍ഹി സാംപ്ല ഉദ്ദര്‍ ഗഗന്‍ ഭൂമി കുംഭകോണം, തുടങ്ങി റോബര്‍ട്ടിനെതിരെ പല ആരോപണങ്ങളും വന്നു. 2015ല്‍ രൂപീകരിച്ച ജസ്റ്റീസ് ധിംഗ്രാ കമ്മീഷന്‍ അന്വേഷിച്ച് മുഖ്യമന്ത്രി ഹൂഡയുടെ ഭാഗത്തു നിന്നും റോബര്‍ട്ട് വധേരയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയെ ഭൂമി കുംഭകോണങ്ങളില്‍ വഴിവിട്ട് സഹായിച്ചൂയെന്ന നിഗമനത്തിലെത്തിയതോടെ കേസുകള്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ വിവിധ തലങ്ങളിലാണ്. സിബിഐ അന്വേഷിക്കുന്നു. 8000 പേജ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു കഴിഞ്ഞു. അത്രയും ‘അനുഭവ സമ്പത്തുള്ള’ സ്വന്തം കുടുംബത്തിലെ റോബര്‍ട്ട് വധേരയുമായി ആലോചിച്ചിരുന്നുവെങ്കില്‍ അയോദ്ധ്യാ ഭൂമി വാങ്ങലിനെ വിവാദമാക്കി ശ്രീരാം ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റിനെതിരെ അടിസ്ഥാനം ഇല്ലാത്ത ആരോപണം ഉന്നയിച്ചാല്‍ സ്വയം പരിഹാസ്യരാകുമെന്ന സൂചന കിട്ടുമായിരുന്നിരിക്കണം.
ഏതായാലും അര്‍ത്ഥമില്ലാത്ത അതിസാഹസങ്ങള്‍ കാണുമ്പോള്‍ രാഹുലിനെ പോലെ സോണിയ തനിക്കും മകള്‍ക്കും കൂടി 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റ് കേരളത്തില്‍ തേടുകയാണോയെന്ന സംശയം ഉയരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് എതിര് നിന്ന് ഹിന്ദുവിരുദ്ധ വര്‍ഗീയതയില്‍ കമ്മ്യൂണിസ്റ്റുകളേക്കാള്‍ കേമത്തം ഞങ്ങള്‍ക്കാണെന്ന സന്ദേശം നല്‍കി മഞ്ചേരിയും പൊന്നാനിയും കൂടി തരപ്പെടുത്താനുള്ള തറവേലയാണോ കാട്ടുന്നതെന്ന് പരിശോധിച്ച് വേണ്ടത് ചെയ്താല്‍ മുസ്ലീം ലീഗിന് നല്ലത്.