സാക്ഷ്യപത്രവും തെളിവുമില്ലാതെ മുഖ്യമന്ത്രി വിജയന് സഖാവ് ഒന്നും പറയില്ല. കോവിഡ് മരണത്തിന്റെ മൂടിവെക്കപ്പെട്ട കണക്കിന്റെ കാര്യത്തില്‍ പോലുമുണ്ട് സഖാവിന് വേണ്ടത്ര തെളിവുകള്‍. കേരളം നിക്ഷേപസൗഹൃദസംസ്ഥാനങ്ങളില് ഒന്നാം സ്ഥാനത്താണെന്ന് വ്യവസായി ഹര്ഷ്ഗോയങ്ക പറഞ്ഞാല്‍ പിന്നെ വേറെ തെളിവെന്തിന്? കിറ്റക്സ്ഗ്രൂപ്പ് 3500 കോടിയുടെ പദ്ധതി കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകുന്നു എന്ന ആരോപണം ഗോയങ്കയുടെ ഒറ്റതെളിവോടെ അസാധുവായില്ലേ; അതാണ് സഖാവിന്റെ കഴിവ്! നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളെക്കുറിച്ച് ലോകബാങ്കിന്റെ ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ് റിപ്പോര്‍ട്ടുപ്രകാരമുള്ള പട്ടികയില്‍ കേരളം ഭാരതത്തില്‍ 28-ാം സ്ഥാനത്താണ്. എന്നാല്‍ ഗോയങ്കയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും. കിറ്റക്സും ലോകബാങ്കുമൊക്കെ ഗോയങ്കയ്ക്കു താഴെ മാത്രം.
ലോകബാങ്കിന്റെ മാനദണ്ഡമല്ല വിജയന് സഖാവ് ഭരിക്കുന്ന കേരളത്തില്‍ നിക്ഷേപത്തിനുള്ള മാനദണ്ഡം. നിക്ഷേപകന്റെ നിക്ഷേപണ വ്യഗ്രത ശരിക്കും പരിശോധിക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും മൂന്നു മാനദണ്ഡങ്ങളുണ്ട്. നിക്ഷേപകന് ഈ മൂന്നു കടമ്പയും കടക്കണം. ഒന്ന്, സംരംഭമാരംഭിക്കുന്ന സ്ഥലത്തെ സഖാക്കളെ തൃപ്തിപ്പെടുത്തണം. ഇല്ലെങ്കില്‍ അവിടെ ചെങ്കൊടിപാറും. അതോടെ ചീട്ട്കീറും. ആ കടമ്പ കഴിഞ്ഞാല്‍ സര്ക്കാറാപ്പീസിലെ യൂണിയന് സഖാക്കളുടെ പരിശോധനയുടെ കടമ്പയുണ്ട്. അതു മറികടക്കാനാവാതെയാണ് കിറ്റക്സ്കാരന് സ്ഥലം വിടുന്നത്. മൂന്നാമത്തെ മാനദണ്ഡം സി.ഐ.ടി.യു യൂനിയന്റെ സര്‍ട്ടിഫിക്കറ്റാണ്. അതു മറികടക്കാത്തവര്‍ ആരായാലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍കിട വ്യവസായമായാല്‍ പോലും, തങ്ങള്‍ പൂട്ടിക്കും. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 21 വന്‍കിട വ്യവസായങ്ങളാണ് പൂട്ടിച്ചത്. നിക്ഷേപം മുവ്വായിരം കോടി ഉണ്ടായിട്ടു കാര്യമില്ല പാര്‍ട്ടി യൂണിയന്റെ പച്ചക്കാര്ഡില്ലെങ്കില് പൂട്ടുവീണതുതന്നെ. ഇതിലെവിടെയെങ്കിലും ഉടക്കിയാല്‍ നിക്ഷേപത്തിന്റെ മാത്രമല്ല നിക്ഷേപകന്റെയും കഥ കഴിഞ്ഞതുതന്നെ. പാര്‍ട്ടിഗ്രാമമായ ആന്തൂരിലെ പാര്‍ട്ടി അനുഭാവി നൈജീരിയയില്‍ നിന്നു വന്ന് 18 കോടി രൂപ മുടക്കി കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിച്ച സാജന് പാറയിലിന് ആത്മഹത്യ ചെയ്യേണ്ടിവന്നതു മറ്റുള്ളവര്‍ ഓര്‍ത്തിരിക്കുന്നത് നല്ലത്. ഇതൊന്നും ബാധകമല്ലാത്ത ചിലര്‍ ഉണ്ട്. അവര്‍ക്ക് ഭൂമി കയ്യേറാം; ചട്ടം ലംഘിക്കാം; നിയമം കാറ്റില്‍ പറത്താം. യൂണിയനെ അവഗണിക്കാം. ഏ.കെ.ജി. സെന്ററുമായി ഹോട്ട്ലൈനുണ്ടെങ്കില് ഇതൊക്കെ ക്ഷിപ്രസാധ്യം. അതുകൊണ്ടാണു ഹാരിസണ്‍ മലയാളത്തിന്റെ ഉടമ ഗോയങ്കയ്ക്ക് കേരളം നിക്ഷേപ സൗഹൃദപ്രദേശമായത്.