ദിവസങ്ങളോളം മലയാള മാധ്യമലോകത്ത് കിടന്ന് തിളച്ചു മറിയേണ്ട ഒരു വാര്‍ത്ത ഒറ്റ ദിവസം കൊണ്ട് ആവിയായിപ്പോയി. നല്ല മസാലയുള്ള, വികാരം ഇളക്കി വിടുന്ന വാര്‍ത്തയായിരുന്നു അത്. യു.പി.യിലെ ഗാസിയാബാദില്‍ ഒരു മുസ്ലിം വൃദ്ധനെ ‘ജയ്ശ്രീരാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നു; ബലംപ്രയോഗിച്ച് താടിവെട്ടിക്കളയുന്നു. ഇതായിരുന്നു വീഡിയോ സഹിതമുള്ള വാര്‍ത്ത. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തമായ നിയമനടപടി വന്നതോടെ വാര്‍ത്ത തിരിച്ചടിയ്ക്കാന്‍ തുടങ്ങി. ഈ വാര്‍ത്ത ചില ഇസ്ലാമിസ്റ്റ് – കോണ്‍ഗ്രസ്-മാധ്യമ-സാമൂഹ്യപ്രവര്‍ത്തക അച്ചുതണ്ടിന്റെ സൃഷ്ടിയാണെന്നു പോലീസ് കണ്ടെത്തി. എന്നുമാത്രമല്ല വാര്‍ത്ത പ്രചരിപ്പിച്ചവര്ക്കുനേരെ നടപടിയും തുടങ്ങി. മുസ്ലിമിനെ ജയ്ശ്രീരാം വിളിപ്പിച്ചു, കന്നുകാലികടത്തുകാരനെ തല്ലിക്കൊന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ പടച്ചുവിടുന്നവര്‍ക്ക് മാത്രമല്ല വസ്തുതകള്‍ അന്വേഷിക്കാതെ അതു പകര്ത്തിവിട്ട് മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും കാലം അത്രസുഖകരമല്ലതായിരിക്കുന്നു.
ബുലന്ദ്ഷഹര്‍ സ്വദേശിയായ സൂഫി അബ്ദുള്‍ സമദ് എന്ന വൃദ്ധന് അത്ഭുത ഏലസ് തട്ടിപ്പുകാരനാണ്. അയാളുടെ തട്ടിപ്പിനിരയായ ചിലര്‍ അയാളെ ലോനി എന്ന സ്ഥലത്തേയ്ക്ക് വിളിപ്പിച്ച് നന്നായി കൈകാര്യം ചെയ്തു. അതിന്റെ വീഡിയോയും പുറത്തുവിട്ടു. വൃദ്ധനെ മര്‍ദ്ദിച്ചവരില്‍ മുസ്ലിങ്ങളുമുണ്ട്. ഈ വസ്തുതയെല്ലാം മറച്ചുവെച്ചാണ് ഇസ്ലാമിസ്റ്റുകള്ക്കുവേണ്ടി പണിയെടുക്കുന്ന ആള്‍ട്ട്ന്യൂസ്, വയര്‍ എന്നീ ഓണ്‍ലൈന്‍ ചാനലുകളും കോണ്‍ഗ്രസ് നേതാക്കളായ സല്മാന് നിസാമി, ഷമാമുഹമ്മദ്, മസ്ദൂര്‍ ഉസ്താനി, എഴുത്തുകാരന് സബാനഖ്വി, മുഹമ്മദ്സുബൈര്‍, റാണാഅയൂബ് തുടങ്ങിയവരും വൃദ്ധനെക്കൊണ്ട് ജയ്ശ്രീരാം വിളിപ്പിക്കാനായി മര്‍ദ്ദിച്ചു എന്ന കള്ളം പ്രചരിപ്പിച്ചത്. മതവികാരം ഇളക്കിവിടല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, ശത്രുത വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവരുടെ പേരില്‍ കേസ്സെടുത്തത്. ഈ വാര്‍ത്ത തീപിടിക്കുന്നവിധം പ്രചരിപ്പിച്ച മലയാള മാധ്യമങ്ങള്‍ പിറ്റേന്നുതന്നെ അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയായി. വാര്‍ത്ത തെറ്റാണ് എന്നു പറയാനുള്ള സാമാന്യ മര്യാദപോലും അവര്‍ കാണിച്ചില്ല.