മദ്യ നിരോധനമായിരുന്നു ‘സേവ് ലക്ഷദ്വീപ്’ ക്യാമ്പയിന്‍ നടത്തിയവരുടെ ആവശ്യങ്ങളിലൊന്ന്. കേന്ദ്രം നിയമിച്ച ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ മദ്യം ഒഴുക്കാന്‍ പദ്ധതിയിടുന്നു എന്നതായിരുന്നു ആരോപണം. ഈ ആരോപണത്തില്‍ വസ്തുതയുണ്ടോ എന്ന് ആദ്യം പരിശോധിക്കാം.
ലക്ഷദ്വീപില്‍ ഉള്‍പ്പെടുന്ന ബംഗാരം ദ്വീപിലെ റിസോര്‍ട്ടുകളില്‍ ഇപ്പോള്‍ തന്നെ മദ്യം വിളമ്പുന്നുണ്ട്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണിത്. ലക്ഷദ്വീപ് വികസന അതോറിറ്റി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളില്‍ മറ്റ് ചില ദ്വീപുകളിലും മദ്യവില്‍പ്പന ആകാമെന്നു പറയുന്നുണ്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി റിസോര്‍ട്ടുകളില്‍ മാത്രമേ ഇതും പാടുള്ളൂ എന്നാണ് പറയുന്നത്. മദ്യം ഇല്ലാത്തിടത്ത് അവധിയാഘോഷിക്കാന്‍ ടൂറിസ്റ്റുകള്‍ എത്താനുള്ള സാധ്യത കുറവായിരിക്കുമെന്ന് കണ്ടാണ് ഇങ്ങനെയൊരു തീരുമാനം. എന്നാല്‍ ഇതുവരെ നടപ്പിലാക്കിയിട്ടുപോലുമില്ലാത്ത ഈ തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിനെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നു എന്ന് ചിലര്‍ മുറവിളി കൂട്ടിയത്.
ലക്ഷദ്വീപിലെ റിസോര്‍ട്ടുകളില്‍ മദ്യ സല്‍ക്കാരത്തിന് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ക്കെതിരെ ശബ്ദിച്ചതില്‍ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടും. സി പി എമ്മിന്റെ രാജ്യസഭാ എം പി യായ എളമരം കരീമാണ് മറ്റൊരാള്‍. പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയ ആളുകൂടിയാണ് എളമരം.
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയും, മദ്യനിരോധനം എന്ന വാക്കുച്ചരിക്കുന്നവരെപ്പോലും കടന്നാക്രമിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി പി എം. മദ്യവില്‍പ്പനയും മദ്യപാനവും മഹാപാപമായി കണ്ട ഒരു മഹാഗുരുവിനെ നിന്ദിച്ചും തമസ്‌കരിച്ചും കേരളത്തെ തന്നെ വലിയൊരു മദ്യശാലയാക്കി മാറ്റിയത് സി പിഎമ്മും, അവര്‍ നയിച്ച സര്‍ക്കാരുകളുമാണ്. തൊഴിലാളികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ മറ്റെന്തിന്റെ കുറവുണ്ടെങ്കിലും മദ്യത്തിന്റെ കുറവുണ്ടാകരുത് എന്നു കരുതുന്ന പാര്‍ട്ടിയാണ് സിപി എം. പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായ സി ഐ ടി യുവിന്റെ ചാലകശക്തി തന്നെ മദ്യമാണ്. തൊഴിലാളികളെ ഒപ്പം നിര്‍ത്താന്‍ മദ്യം ആവശ്യമാണെന്ന് സി പി എം നേതൃത്വം കരുതുന്നു. പാര്‍ട്ടിക്ക് സമ്പത്തുണ്ടാക്കിക്കൊടുക്കുന്നതില്‍ സിഐടിയുവിന് കീഴിലുള്ള ചെത്തുതൊഴിലാളി യൂണിയന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളത്തെ വിലയ്‌ക്കെടുക്കാനുള്ള പണം ചെത്തുതൊഴിലാളി യൂണിയനുണ്ടെന്ന പറച്ചില്‍ വെറും തമാശയല്ല. സി പിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്നതിനു പിന്നില്‍ അബ്കാരികള്‍ ഒഴുക്കുന്ന പണത്തിന് വലിയ പങ്കുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുകയും, നൂറുകണക്കിന് ബാറുകള്‍ക്ക് പുതുതായി പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തത് ഒന്നാം പിണറായി സര്‍ക്കാരാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധനായി അറിയപ്പെടുന്ന എ.കെ. ആന്റണി ചെയ്ത ഒരേയൊരു തെറ്റ് മുഖ്യമന്ത്രിയായിരിക്കെ ചാരായ നിരോധനം കൊണ്ടുവന്നതാണെന്ന് സി പി എം കരുതുന്നു. ചാരായ ഷോപ്പുകളെക്കാള്‍ പാര്‍ട്ടിയുടെ ഖജനാവ് നിറയ്ക്കുക വിദേശ മദ്യശാലകളാണെന്ന് മനസ്സിലായതിനാലാണ് ആന്റണി കൊണ്ടുവന്ന ചാരായ നിരോധനം പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാരുകള്‍ നീക്കാതിരുന്നത്. ചാരായം നിരോധിച്ചതുകൊണ്ട് കേരളത്തില്‍ മദ്യപാനികളുടെ എണ്ണം ഒട്ടും കുറയുന്നില്ലെന്നും, അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും സി പി എം തിരിച്ചറിയുകയും ചെയ്തു.
കേരളം പ്രളയത്തില്‍ മുങ്ങിത്താഴ്ന്നപ്പോഴും മദ്യ വിതരണത്തിന് തടസ്സമുണ്ടാകരുത് എന്നാണല്ലോ പിണറായി സര്‍ക്കാര്‍ ചിന്തിച്ചത്. ബാറുകളിലേയും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെയും മദ്യ വില്‍പ്പന കൊവിഡ് പടരുന്നതില്‍ മുഖ്യ പങ്കു വഹിച്ചപ്പോഴും അവ അടച്ചുപൂട്ടാതിരുന്ന സര്‍ക്കാരാണത്. കൊവിഡ് ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യുന്നവരുടെ കാര്യത്തില്‍ ആശങ്ക പുലര്‍ത്തിയ ഭരണകൂടം. ലോക്ഡൗണ്‍ കാലത്ത് മദ്യവിതരണം മുടങ്ങിയതില്‍ അബ്കാരികളെക്കാള്‍ ആശങ്ക സി പി എമ്മിനായിരുന്നു. മദ്യപാനികള്‍ക്ക് വെബ്‌കോ ആപ്പു വഴി മദ്യം എത്തിക്കേണ്ടത് അവശ്യസേവനമായി കണ്ടവര്‍. വെബ്‌കോ ആപ്പില്‍ കൂടി ഒറ്റ ദിവസം മാത്രം 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിക്കുടിച്ചു എന്ന് സര്‍ക്കാര്‍ അഭിമാനിക്കുകയായിരുന്നുവല്ലോ.
രാജ്യത്തെ കുറ്റകൃത്യ നിരക്കുകള്‍ ഓരോ വര്‍ഷവും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിടാറുണ്ട്. മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിലെ കുറ്റകൃത്യനിരക്ക് വളരെ ഉയര്‍ന്നതാണ്. ഇതിന്റെ പ്രധാന കാരണം മദ്യപാനമാണെന്ന് വിലയിരുത്തപ്പെടുന്നു. മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യുന്നവരുടെ കാര്യത്തില്‍ ആശങ്കപ്പെടുന്ന സി പി എമ്മും അവര്‍ നയിക്കുന്ന സര്‍ക്കാരും മദ്യപാനം മൂലമുണ്ടാകുന്ന കൊലപാതകങ്ങളെക്കുറിച്ചും സ്ത്രീപീഡനങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ് പതിവ്. ഒരു വീട്ടില്‍ ഒരു മദ്യപാനിയെങ്കിലും ഉണ്ടാകണമെന്നാണ് സി പി എം നേതൃത്വം ആഗ്രഹിക്കുന്നത്. അത് കുടുംബനാഥനായാല്‍ അവര്‍ക്ക് വളരെ സന്തോഷം. എങ്കില്‍ മാത്രമേ സമാധാനവും വരുമാനവും നശിച്ച് ആ കുടുംബം അലങ്കോലപ്പെടുകയുള്ളൂ. വീട്ടിലെ അച്ഛനും മകനുമൊക്കെ മുഴുക്കുടിയന്മാരായി തുടരുന്നതില്‍ പാര്‍ട്ടിക്ക് കൃത്യമായ ദുഷ്ടലാക്കുണ്ട്. അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീര്‍ പാര്‍ട്ടി കാര്യമായെടുക്കാറില്ല.
ഇങ്ങനെയൊരു പാര്‍ട്ടിയും സര്‍ക്കാരും ലക്ഷദ്വീപില്‍ മദ്യ വില്‍പ്പന അനുവദിക്കുന്നതില്‍ ആശങ്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഉത്തരം ഒന്നേയുള്ളൂ. അവിടുത്തെ ജനസംഖ്യയില്‍ 99 ശതമാനവും മുസ്ലിങ്ങളാണ്. മദ്യപാനം സാമൂഹ്യ തിന്മയാണ്. മദ്യപിച്ചാല്‍ അവര്‍ നശിക്കും. ഇതുപാടില്ല. കേരളത്തിലെ മദ്യപാനികളില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളും ക്രൈസ്തവരുമാണ്. അവര്‍ എത്ര വേണമെങ്കിലും കുടിച്ച് മരിക്കുകയോ ആരോഗ്യം നശിച്ച് മരിച്ചു ജീവിക്കുകയോ ചെയ്യട്ടെ. എത്ര കുടിക്കുന്നുവോ അത്രത്തോളം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവും. മതത്തിന്റെ പേരില്‍ എത്ര മനുഷ്യവിരുദ്ധമായാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്? ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു.
ലക്ഷദ്വീപില്‍ മദ്യം പാടില്ലെന്നു പറയുന്നവര്‍ കേരളത്തിലും അതു വേണ്ടെന്നു പറയുകയല്ലേ ചെയ്യേണ്ടത്? അതു പറയാന്‍ ഇക്കൂട്ടരുടെ മതപക്ഷപാതം അനുവദിക്കില്ല. ലക്ഷദ്വീപുകാര്‍ മുസ്ലിങ്ങളാണല്ലോ, അവരുടെ മതപരമായ സെന്റിമെന്റ്‌സ് കണക്കിലെടുക്കണമല്ലോ. ഹിന്ദുക്കളുടെ കാര്യത്തില്‍ അത്തരമൊരു സെന്റിമെന്റ്‌സ് മതേതരത്വത്തില്‍ അനുവദനീയമല്ല എന്നതാണ് എളമരം കരീമുമാരുടെ മാത്രമല്ല, പിണറായിമാരുടെയും നിലപാട്.
ലക്ഷദ്വീപില്‍ ടൂറിസ്റ്റുകള്‍ക്കു മാത്രമായി മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നത് പ്രദേശവാസികളുടെ മതപരമായ സെന്റിമെന്റ്‌സിനെ വ്രണപ്പെടുത്തുമെന്ന് ആശങ്കപ്പെടുത്തുന്നതിലെ ജിഹാദി പ്രീണനം കാണാതിരുന്നുകൂടാ. ഇപ്പോള്‍ ടൂറിസ്റ്റുകളാണ് മദ്യപിക്കുന്നതെങ്കിലും നാളെ ആ ദുശ്ശീലം പ്രദേശവാസികളെ ബാധിച്ചാലോ? ഇതില്‍ വലിയൊരു വിരോധാഭാസം തന്നെയുണ്ട്. ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യം ഇന്തോനേഷ്യയാണ്. അവിടെ സന്ദര്‍ശകര്‍ക്ക് മദ്യപിക്കാന്‍ അനുവാദമുണ്ട്. അറേബ്യന്‍ രാജ്യങ്ങളായ യു എ ഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ക്ക് മദ്യപിക്കാം. അവിടങ്ങളിലൊന്നും തദ്ദേശവാസികളായ മുസ്ലിങ്ങളുടെ സെന്റിമെന്റ്‌സിനെ ബാധിക്കുന്നില്ലെങ്കില്‍ ലക്ഷദ്വീപിലെ 60000 വരുന്ന മുസ്ലിങ്ങളുടെ സെന്റിമെന്റ്‌സിനെ മാത്രം ടൂറിസ്റ്റുകളുടെ മദ്യപാനം ബാധിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.
സിനിമ ഹറാം, എന്നിട്ടും
ഐക്യദാര്‍ഢ്യം
‘സേവ് ലക്ഷദ്വീപ്’ ക്യാമ്പയിന് തുടക്കം കുറിച്ചത് ചില സിനിമാതാരങ്ങളാണ്. പൃഥ്വിരാജിനെയാണ് ഇതിന് മുന്നില്‍ നിര്‍ത്തിയത്. അനാര്‍ക്കലി, ലൂസിഫര്‍ എന്നീ സിനിമകളുടെ ചിത്രീകരണം ലക്ഷദ്വീപിലായിരുന്നു എന്നുള്ളതാണ് ആ ദ്വീപുമായി പൃഥ്വിരാജിനുള്ള ബന്ധം. ലക്ഷദ്വീപില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും, അവയൊന്നും അവിടെ ആവശ്യമില്ലെന്ന് പറയുകയുമാണ് പൃഥ്വിരാജ് ചെയ്തത്.
പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമക്കാര്‍ ലക്ഷദ്വീപിനുവേണ്ടി കൂട്ടത്തോടെ രംഗത്തിറങ്ങിയപ്പോള്‍ ആ ദ്വീപുകള്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നഭൂമിയാണെന്നും, സിനിമ നെഞ്ചേറ്റിയവരാണ് അവിടുത്തുകാര്‍ എന്നുമുള്ള ധാരണയാണ് സാധാരണക്കാരില്‍ ഉണ്ടാവുക. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് അവിടുത്തെ സ്ഥിതിവിശേഷം. ഒരൊറ്റ സിനിമാ തിയേറ്റര്‍ പോലും അവിടെയില്ല. ലക്ഷദ്വീപുകാരനായ ഒരു സിനിമാ പ്രേമിക്ക് തനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ തിയേറ്ററിലിരുന്ന് കാണണമെങ്കില്‍ നൂറുകണക്കിന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കൊച്ചിയിലോ കോഴിക്കോട്ടോ എത്തണം. എന്താണ് ലക്ഷദ്വീപില്‍ ഒരു സിനിമാ തിയേറ്റര്‍ പോലുമില്ലാതിരിക്കുന്നത്? ഏതെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നല്‍കാത്തതിനാലാണോ? അല്ല. സിനിമ ഇസ്ലാമിന് ഹറാമാണ്. അതുകൊണ്ട് ലക്ഷദ്വീപുകാര്‍ക്ക് സിനിമ വേണ്ട, സിനിമാ തിയേറ്ററും വേണ്ട. ഇങ്ങനെ തികച്ചും മതപരമായ കാരണങ്ങളാല്‍ സിനിമയെ വെറുക്കുന്ന ഒരു വിഭാഗത്തിനുവേണ്ടിയാണ് മലയാള സിനിമാ രംഗത്തെ ചിലര്‍ ‘സേവ് ലക്ഷദ്വീപ്’ ക്യാമ്പയിനുമായി രംഗത്തെത്തിയത്. എത്ര വലിയ കാപട്യമാണിത്! ജിഹാദികള്‍ക്ക് കുടപിടിക്കുന്ന മലയാള മാധ്യമങ്ങളൊന്നും ഈ വൈരുധ്യം പുറത്തുകൊണ്ടുവരാന്‍ തയ്യാറാവുന്നില്ല.
ലക്ഷദ്വീപുകാരുടെ സിനിമാ സ്‌നേഹത്തെക്കുറിച്ച് പൃഥ്വിരാജ് വാചാലനാവുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. അവരുടെ സഹകരണമില്ലായിരുന്നുവെങ്കില്‍ തന്റെ സിനിമ പിടിക്കാനാവുമായിരുന്നില്ലത്രേ. പച്ചക്കള്ളമാണ് ഈ സൂപ്പര്‍ താരം പറയുന്നത്. ദ്വീപുകാര്‍ സിനിമാ ചിത്രീകരണ സംഘത്തെ ഊഷ്മളമായി സ്വീകരിച്ചുവെന്ന് പൃഥ്വിരാജ് പറയുന്നത് അനാര്‍ക്കലി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഈ സിനിമയുടെ സംവിധായകന്‍ സച്ചി പറഞ്ഞിട്ടുള്ളത് പൃഥ്വിരാജന്റെ കള്ളങ്ങള്‍ പൊളിക്കുന്നുണ്ട്.
2015 ല്‍ അനാര്‍ക്കലിയുടെ ചിത്രീകരണത്തിന് കടുത്ത എതിര്‍പ്പാണ് മുസ്ലിങ്ങളെന്ന നിലയ്ക്ക് ലക്ഷദ്വീപുകാരില്‍നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്നതെന്നാണ് സംവിധായകന്‍ സച്ചി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച ഒരു അഭിമുഖത്തില്‍(1) പറഞ്ഞത്. ദ്വീപുകാരില്‍നിന്ന് പ്രതിഷേധമുയര്‍ന്നതിനാല്‍ ചിത്രീകരണത്തിന് നല്‍കിയ അനുമതി അന്നത്തെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു എന്നാണ് സച്ചി വെളിപ്പെടുത്തിയത്. കടുത്ത പീഡനം തന്നെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് സംവിധായകന്‍ അഭിമുഖത്തില്‍ തുറന്നടിക്കുകയും ചെയ്തു.
2015 ഫെബ്രുവരിയിലാണ് അഭിനേതാക്കളുള്‍പ്പെടുന്ന സിനിമാ സംഘവുമൊത്ത് അനാര്‍ക്കലിയുടെ ചിത്രീകരണത്തിനായി സച്ചി ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചത്. സംഘം ദ്വീപില്‍ എത്തിച്ചേരുന്നതിനു മുന്‍പു തന്നെ സംവിധായകന്‍ സച്ചിക്ക് ആ വാര്‍ത്ത ലഭിച്ചു. അഗത്തി, കവരത്തി, ബംഗാരം, തിന്നകര എന്നീ ദ്വീപുകളില്‍ ചിത്രീകരണത്തിനു നല്‍കിയ അനുമതി അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ് പിന്‍വലിച്ചിരിക്കുന്നു.
ഇസ്ലാമിക മതമൗലികവാദ സംഘടനയായ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയും, പ്രദേശത്തെ മസ്ജിദിന്റെ ഇമാം ഒപ്പിട്ട പരാതി കൈമാറുകയും ചെയ്തു. സിനിമ അനിസ്ലാമികമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ”ചിത്രീകരണം ആരംഭിച്ചാല്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകും” എന്നാണ് സച്ചിയെ അറിയിച്ചത്. പ്രദേശത്തെ മുസ്ലിങ്ങളെ അഡ്മിനിസ്‌ട്രേറ്റര്‍ ഭയന്നിരുന്നു എന്നര്‍ത്ഥം.
”പൃഥ്വിരാജ്, ബിജു മേനോന്‍, പ്രിയാല്‍ ഗോര്‍, മിയ ജോര്‍ജ് എന്നിവരോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ അവര്‍ ഉടന്‍തന്നെ തങ്ങളുടെ അടുത്ത പടങ്ങളിലേക്ക് പോവുമായിരുന്നു” എന്നതിനാല്‍ നിര്‍മ്മാതാവ് രാജീവ് നായരുമായി മാത്രം സച്ചി പ്രശ്‌നം ചര്‍ച്ച ചെയ്തു. അടുത്ത ദിവസമാണ് കപ്പല്‍ ദ്വീപില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് മറികടക്കാന്‍ സച്ചിക്ക് കൂടുതല്‍ സമയം വേണമായിരുന്നു. അതിനാല്‍ ക്യാപ്റ്റനോട് പറഞ്ഞ് കപ്പലിന്റെ സഞ്ചാര ദിശ മാറ്റി. താരങ്ങളെയും മറ്റും ബിട്ര, കില്‍ടണ്‍ ദ്വീപുകളിലെത്തിച്ചു. സച്ചി തന്റെ സ്വാധീനം ഉപയോഗിച്ച് വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അഡ്മിനിസ്‌ട്രേറ്ററെ ദല്‍ഹിക്ക് വിളിപ്പിച്ചു. ”ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെങ്കില്‍ എന്തു വന്നാലും അവിടെ സിനിമയുടെ ചിത്രീകരണം നടന്നിരിക്കണം” എന്ന നിര്‍ദ്ദേശം ലഭിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും, അങ്ങനെ വന്നാല്‍ നിയന്ത്രിക്കാന്‍ ആവശ്യമായ സേനാബലമില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പു നല്‍കി. ഇതിനുശേഷം സിനിമാ ചിത്രീകരണത്തിന് അനുമതിയും നല്‍കി.
ഈ പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊന്നും ആ സമയത്ത് പൃഥ്വിരാജ് അറിഞ്ഞിരുന്നില്ലെന്ന് വരികിലും പിന്നീട് മനസ്സിലാക്കിയില്ലെന്ന് ഒരുതരത്തിലും കരുതാനാവില്ല. അപ്പോള്‍ ലക്ഷദ്വീപിലെ ജിഹാദി ശക്തികളെ വെള്ളപൂശാന്‍ താരം ബോധപൂര്‍വം കള്ളം പറയുകയാണെന്നു പറയേണ്ടിവരും. ജിഹാദി ശക്തികളുമായി ഈ താരത്തിന് സിനിമാ ബാഹ്യമായ എന്തെങ്കിലും ബന്ധങ്ങളുണ്ടാവുമോ? രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.
1. Director Sachy’s experience in his debut hit film ‘Anarkali’ -2016 July 20