ഒന്നാം പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത് സി പി എം അവകാശപ്പെടുന്നതുപോലെ ഭക്ഷ്യക്കിറ്റും സാമൂഹ്യ പെന്‍ഷനുമൊന്നുമല്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. മൊത്തം വോട്ട് മൂന്നായി വിഭജിക്കപ്പെട്ടതിനു പുറമെ മുസ്ലിം മതധ്രുവീകരണം സി പി എമ്മിന് അനുകൂലമായതാണ് ഇടതുമുന്നണിയുടെ വിജയരഹസ്യം. ഇത് തങ്ങളുടെ വിജയമാണെന്ന് ജിഹാദി വക്താക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായല്ലോ. തങ്ങളുടെ ജനകീയാടിത്തറയായ ഹിന്ദുവോട്ടു ബാങ്ക് അകന്നുപോകുമോയെന്ന ഭയം മൂലം സി പി എം നേതൃത്വം ഇക്കാര്യം തുറന്നു സമ്മതിക്കുന്നില്ലെന്നു മാത്രം.
ജിഹാദി ശക്തികളെ പ്രീണിപ്പിച്ച് ഇസ്ലാമിക ധ്രുവീകരണം സജീവമാക്കി നിര്‍ത്താനുള്ള തന്ത്രമാണ് ലക്ഷദ്വീപിനെ മുസ്ലിം രാജ്യമായി ചിത്രീകരിച്ച് സി പി എം പയറ്റുന്നത്. കേരളത്തില്‍ ഇനിയും രാഷ്ട്രീയനേട്ടം കൊയ്യാനും, ലക്ഷദ്വീപില്‍ സ്വാധീനമുണ്ടാക്കാനും ഇതുവഴി കഴിയുമെന്നാണ് സിപി എം കരുതുന്നത്. സി പി എമ്മിന്റെ ‘മുസ്ലിം മുഖം’ ആയ എളമരം കരീമിനെത്തന്നെ ഇതിനായി രംഗത്തിറക്കിയതിന്റെ കാരണവും മറ്റൊന്നല്ല. മുന്‍കാലത്ത് ടി.കെ. ഹംസയെയും പാലൊളി മുഹമ്മദ് കുട്ടിയെയും മുന്‍നിര്‍ത്തി സി പി എം പ്രയോഗിച്ച മതരാഷ്ട്രീയം തന്നെയാണിത്.
ജിഹാദി ശക്തികളെ പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഭരണഘടനയോ മതേതരത്വമോ ഫെഡറല്‍ സംവിധാനമോ തടസ്സമാകരുതെന്ന നിര്‍ബന്ധബുദ്ധി സി പി എമ്മിനുണ്ട്. ഇതിന്റെ ഭാഗമാണ് നിയമസഭയില്‍ ലക്ഷദ്വീപ് പ്രമേയം പാസ്സാക്കിയത്. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണമെന്നും, ദ്വീപിലെ സാംസ്‌കാരികത സംരക്ഷിക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത് വ്യക്തിപരമായിത്തന്നെ ജിഹാദികള്‍ക്ക് പ്രിയങ്കരനാവാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. പ്രശ്‌നം മുസ്ലിങ്ങളെ സംബന്ധിക്കുന്നതാകയാല്‍ കോണ്‍ഗ്രസ്സും യുഡിഎഫും പ്രമേയത്തെ കൂടുതല്‍ ആവേശത്തോടെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് സി പി എമ്മിന് നന്നായറിയാം. അപ്പോഴും പ്രമേയം കൊണ്ടുവന്നത് തങ്ങളാണെന്ന അധിക ബഹുമതി ലഭിക്കുമെന്ന് പിണറായി വിജയനും കൂട്ടരും കണക്കുകൂട്ടി.
അന്‍പത്തിയെട്ടുപേര്‍ കൊലചെയ്യപ്പെട്ട കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായി തമിഴ്‌നാട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2006 ല്‍ കേരള നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് യു ഡി എഫാണ്. എല്‍ ഡി എഫ് ഇതിനെ പിന്തുണച്ചു. 2019 ജനുവരിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ യുഡിഎഫിന്റെ പൂര്‍ണ പിന്തുണയോടെ പ്രമേയം പാസ്സാക്കിയത് പിണറായി സര്‍ക്കാരും. ഇതിന്റെ തുടര്‍ച്ചയാണ് പിണറായിയുടെ തന്നെ സംഭാവനയായ ലക്ഷദ്വീപ് പ്രമേയവും. കോണ്‍ഗ്രസ്സും സി പി എമ്മും ആഗ്രഹിച്ചതുപോലെ കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മോചിതനായ മദനി ഇന്ന് ബെംഗളൂരു ബോംബു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലാണ്. കേരള രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി മദനിയില്ല. പുതിയ മന്ത്രിസഭയില്‍ ഇസ്ലാമിക മതരാഷ്ട്രീയത്തിന്റെയും മതവിഭാഗീയതയുടെയും വക്താവായ കെ.ടി. ജലീലിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത നികത്തുകയാണ് പിണറായി വിജയന്‍.