നമ്മുടെ ഭരണഘടന അപ്പാടെ തകര്‍ന്നുതരിപ്പണമായത് നിങ്ങളറിഞ്ഞില്ലേ? ഭരണഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന രണ്ടു പേര് തലയില്‍ കൈ വെച്ച് നിലവിളിച്ചിട്ടും നിങ്ങളെന്താ പ്രതികരിക്കാത്തത്? രാജ്യസഭാംഗങ്ങളാക്കി മാര്‍ക്സിസ്റ്റു പാര്‍ട്ടി കേരളത്തില്‍ നിന്നും വിമാനം കയറ്റി വിട്ട എളമരം കരീം, ജോണ്‍ ബ്രിട്ടാസ് എന്നിവരാണവര്‍. ആയുഷ് മന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി ആയുഷ് 64 എന്ന മരുന്ന് വിതരണം ചെയ്യാന്‍ സേവാഭാരതിയെ നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തു എന്നതാണ് അവരെ പ്രകോപിപ്പിച്ചത്. ആയുഷിനു കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയൂര്‍ വേദിക് സയന്‍സസിന്റെ, സേവാഭാരതിയെ നോഡല്‍ ഏജന്‍സിയാക്കിയുള്ള പ്രഖ്യാപനം കണ്ട് രണ്ടു സഖാക്കളുടെയും നെഞ്ച് പൊട്ടിപ്പോയി. കേരള സര്‍ക്കാര്‍ ചെയ്ത പോലെ ഡിഫിക്കാരെ മാത്രമേ നിയോഗിക്കാന്‍ പാടുള്ളു എന്ന് ആയുഷിനറിയില്ലേ? സേവാഭാരതിയെ ഈ പണി ഏല്പിച്ചാലുള്ള ആപത്ത് ചില്ലറയാണോ? സേവാഭാരതി ആര്.എസ്.എസ്സിന്റെ സംഘടനയാണ് എന്നതു തന്നെ മുഖ്യ കാരണം. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ആര്.എസ്. എസ്. പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ രൂപീകരിച്ച സേവാഭാരതിക്ക് കോവിഡ് പ്രതിരോധത്തിന്റെ ഔദ്യോഗിക പരിവേഷം നല്കിയാല് വന്‍ വിപത്തു പൊട്ടിവീഴുമെന്നാണ് സഖാക്കള്‍ വിലപിക്കുന്നത്. സി.പി.എമ്മിന്റെ ആയുഷ് രംഗത്തെ സംഘടനയായ ‘അമ്മായി’ (എ.എം.എ.ഐ) അമ്മായിയമ്മപോരിനിറങ്ങിയതോടെ സഖാക്കള്‍ക്ക് ആവേശം കൂടി. വിജയന് സഖാവിന്റെ സര്‍ക്കാര്‍ സേവാഭാരതിയെ കോവിഡ് പ്രതിരോധ രംഗത്തു നിന്ന് മാറ്റി നിര്‍ത്തിയത് മോദിയും മാതൃകയാക്കണമെന്നാണ് സഖാക്കളുടെ ആവശ്യം. എന്നാല്‍, പകരം കേരളവും കോവിഡ് പ്രതിരോധ മരുന്നു നല്ക്കുന്ന സേവാഭാരതിയ്ക്ക് പ്രത്യേക പാസ് നല്‍കണമെന്നാണ് ആയുഷ് വകുപ്പ് പ്രാദേശിക ഭരണകൂടങ്ങേളാട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളം കോവിഡ് പ്രതിരോധത്തില്‍ മൂന്നിലാണെന്ന് കള്ളക്കണക്കുകളുടെ ബലത്തില്‍ ആറുമണി തള്ളലില്‍ പ്രഖ്യാപിക്കുന്നയാളാണ് മുഖ്യന് സഖാവ്. എന്നാല്‍ അദ്ദേഹം വിഴുങ്ങിക്കളഞ്ഞ ഒരു വാര്‍ത്തയുണ്ട്. ആയുഷ് 64 മരുന്നു വിതരണത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം എന്ന വസ്തുതയാണത്. ആയുഷ് വകുപ്പ് അതു വിളിച്ചു പറയുകയും ചെയ്തു. അതിനു കാരണം സേവാഭാരതിയുടെ നിസ്വാര്‍ത്ഥ സേവനമാണെന്നും അവര്‍ പറഞ്ഞു. സേവാഭാരതിയ്ക്ക് പ്രശംസ കിട്ടും എന്നതിനാല്‍ കേരളത്തിന്റെ ഈ മേന്മ മൂടിവെച്ചിരിക്കയാണ് മുഖ്യന് സഖാവ്.