‘നാം തമ്മില്‍ പൊരുത്തമുണ്ട്. പഠിപ്പുകാലത്ത് മോശമല്ലാതെ തിളങ്ങി നിന്നവര്‍. കുട്ടിക്കാലത്തിന്റെ ഓര്‍മ്മളില്‍ ദാരിദ്ര്യത്തിന്റെ പോറലുകള്‍ പേറുന്നവര്‍. അധ്യാപനം തുടങ്ങി അധികൃതരോട് തര്‍ക്കിച്ച് വിദ്യാലയങ്ങളുടെ പടിയിറങ്ങിയവര്‍. പക്ഷേ, അങ്ങ് വക്കീല്‍പ്പണി തുടങ്ങി ഒട്ടേറെ സമ്പാദിക്കുന്നുണ്ട്. പേരും പ്രശസ്തിയും കൊയ്‌തെടുത്തിട്ടുണ്ട്. ഞാന്‍ മുന്നിലെ ശൂന്യതയെ ആവലാതിയില്‍ പൊതിഞ്ഞ് മാറാപ്പാക്കിമാറ്റി വഴിനടക്കുന്നവന്‍.’ നിരാശയുടെ താഴ്ചയില്‍ കേളപ്പന്റെ ശബ്ദം മഴയ്‌ക്കൊത്ത് അടര്‍ന്നുവീണു.
‘ഇത് താങ്കളുടെ മാത്രം പ്രശ്‌നമല്ല. ക്ഷത്രിയത്വം നിഷേധിക്കപ്പെട്ട് ശൂദ്രത്വം പേറേണ്ടി വന്നവര്‍. ഉപജാതികളില്‍ നിന്ന് ഉപജാതികളിലേക്ക് വിഭജിക്കപ്പെട്ട് സഹോദരത്വം മറക്കുന്നവര്‍. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നമ്മുടെ സമുദായം അധോമുഖയാത്രയിലാണ്. സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സമയം വൈകിയിരിക്കുന്നു’. പത്മനാഭപ്പിള്ള എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടെന്ന് കേളപ്പന് ബോധ്യമായി.
തുലാം പതിനഞ്ചിന് മന്നം ഭവനത്തില്‍ നിശ്ചയിച്ച യോഗത്തില്‍ തന്റെ സാന്നിധ്യമുണ്ടാകണമെന്ന അറിയിപ്പ് കൈമാറി മഴച്ചാറ്റലിലേക്ക് ഇറങ്ങിപ്പോകുന്ന അതികായനെ നോക്കി കേളപ്പന്‍ പ്രതീക്ഷയില്‍ കുതിര്‍ന്നൊരു നിശ്വാസം വിട്ടു.
മഴവിട്ടു നിന്ന സായാഹ്നം. പെരുന്നയിലേക്ക് സായാഹ്നക്കാറ്റ് സാധാരണ പോലെ വീശുകയായിരുന്നു. മന്നത്ത് വീടിന്റെ പൂമുഖം പുതുമോടിയില്‍ നില്‍ക്കുന്നു. പായവിരിച്ച നിലത്ത് പതിനാലു യുവാക്കള്‍ ഉപവിഷ്ടരായി. പാര്‍വ്വതിയമ്മ കത്തിച്ച നിലവിളക്കില്‍ നിന്നും പ്രകാശവും അവര്‍ക്കൊപ്പം ചേര്‍ന്നു.
പത്മനാഭപ്പിള്ള തന്നെയാണ് സംസാരിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ തൊട്ടരികില്‍ കേളപ്പന്‍. കേശവപ്പണിക്കരും, ത്രിവിക്രമ കൈമളും, പരമേശ്വരക്കുറുപ്പും മുന്‍പന്തിയില്‍. ചട്ടമ്പിസ്വാമികള്‍ തുടങ്ങിവെച്ച നവോന്മേഷദായകങ്ങളായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, മലയാളി സഭയെയും കേരളീയ നായര്‍ സമാജത്തേയും കുറിച്ച്, സി കൃഷ്ണപ്പിള്ളയുടെ ശ്രമങ്ങളെ കുറിച്ച്.
പുടവ കൊടുക്കലും തിരണ്ടുകുളി കല്യാണവും താലികെട്ടു കല്യാണവും കൊണ്ട് ദുരാചാരത്തിനടിമപ്പെടല്‍ മൂലം ബാധിക്കുന്ന ജീര്‍ണതയെക്കുറിച്ച്.
ഇരുട്ട് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ വിളക്കിലെ തിരി വെളിച്ചമുതിര്‍ത്ത് അതിനെ നേരിട്ടു.
പത്മനാഭപ്പിള്ളയെ കേട്ടവര്‍ മനസ്സില്‍ ആവേശം കൊണ്ടു.
പുതിയ തിരി തെളിയുകയായി.
നായര്‍ സമുദായ ഭൃത്യജനസംഘത്തിന്റെ പിറവി നാടറിഞ്ഞു.
വേദനയ്ക്കും വേവലാതിക്കും ജാതി വ്യത്യാസമില്ലെന്നിരിക്കെ സ്വസമുദായത്തിനു വേണ്ടി മാത്രം വെളിച്ചം വീഴ്ത്തുന്ന വിളക്കാവണോ സംഘം എന്ന സംശയം മനസ്സില്‍ വിങ്ങി നിന്ന നാളുകള്‍. സമുദായത്തിനുയര്‍ച്ച വേണമെന്നത് തീര്‍ച്ചയാണ്. സമുദായത്തിനു വെളിയിലുള്ളവര്‍ക്കോ?
‘തീര്‍ച്ചയായും വേണം. ഈ സമുദായത്തിലെ ഓരോ ഭവനവും കൃഷ്ണപക്ഷ ചന്ദ്രിക പോലെ പ്രതിദിനം ക്ഷയിക്കുന്നു. സമുദായമുയരുമ്പോള്‍ നാടുയരും. ഈ വിളക്കിലെ വെളിച്ചം സമുദായത്തിനുമപ്പുറത്തേക്ക് പറക്കും. മനുഷ്യര്‍ക്കുമൊത്തം വെളിച്ചം, അതു തന്നെയാണ് നമ്മുടെ ലക്ഷ്യം’. പത്മനാഭപ്പിള്ളയ്ക്ക് സംശയം അശേഷമുണ്ടായിരുന്നില്ല.
‘എങ്കില്‍ സങ്കുചിതത്വത്തിനപ്പുറത്തേക്കു കടക്കാന്‍ ഞാന്‍ എന്റെ പേരിന്റെ വാലുപേക്ഷിക്കുന്നു. ഇനിമേല്‍ ഞാന്‍ കെ. കേളപ്പന്‍. പേരില്‍ ജാതിയെക്കെട്ടി മുഴച്ചു നിര്‍ത്തുന്നതെന്തിനാണ് ?”
കേളപ്പന്‍ നായര്‍ കേളപ്പനായി നിവര്‍ന്നു നിന്നു.
‘ഞാനും’. പത്മനാഭപ്പിള്ള അതു പറഞ്ഞപ്പോള്‍ ആഹ്‌ളാദത്തിന്റെ ഒരു തരിപ്പ് കാല്‍വിരലറ്റത്തു നിന്ന് മേല്‌പോട്ടിരച്ചുകയറുന്നത് കേളപ്പനറിഞ്ഞു.
പത്മനാഭപ്പിള്ള മന്നത്ത് പത്മനാഭനായി ഗൗരവം പൂണ്ടു.
നായകരുടെ പേരിലുണ്ടായ മാറ്റം സംഘടനയ്ക്കുമുണ്ടായി. ഭൃത്യജന സംഘം സര്‍വ്വീസ് സൊസൈറ്റിയായി.
പാലക്കാടന്‍ തുറയിലൂടെ തീവണ്ടിയിപ്പോള്‍ കുതിച്ചു മുന്നേറുകയാണ്. പ്രഭാതത്തെ വിട്ട് സമയം മദ്ധ്യാഹത്തിന്റെ അതിര്‍ത്തിയെ കവച്ചു വെച്ചിരിക്കുന്നു. അപ്രതിരോധ്യമായ പഴയൊരു വിസ്‌ഫോടനത്തില്‍ ഇരുപത് നാഴിക ദൈര്‍ഘൃത്തില്‍ പാലക്കാട് ഭാഗം നെടുകെ പിളര്‍ന്നു പോയ ഓര്‍മ്മയില്‍ പശ്ചിമഘട്ടം നീണ്ടു നിവര്‍ന്നു.
കല്‍പ്പരപ്പിലൂടെയെത്തുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിനാല്‍, വരണ്ടുകിടക്കുന്ന കോയമ്പത്തൂര്‍ സമതലങ്ങളിലേക്ക് തണുപ്പിനേയും വര്‍ഷപാതത്തേയും കൈമാറ്റം ചെയ്ത് മലയാളനാട് ഈ കവാടത്തിനപ്പുറത്തുള്ള തമിഴകവുമായി സഹവര്‍ത്തനത്തിന്റെ ന•കാട്ടി. നീലഗിരിയും ആനമലയും തുറയുടെ ഇരുവശത്തും ദ്വാരപാലകരായി നിലകൊണ്ടു.
മലയാളത്തിന്റെ നാട്ടിലാണിനി. കാത്തിരിക്കുന്ന കര്‍മ്മ പരിപാടികളുടെ പുതുവഴികളെ മനസ്സില്‍ ചിന്തിച്ച് കേളപ്പന്‍ എഴുന്നേറ്റ് കമ്പാര്‍ട്ടുമെന്റിന്റെ വാതില്‍ക്കല്‍ നിന്നു. കേരളത്തിന്റെ കാറ്റ്.
വിശപ്പിനെ ഭാരതപ്പുഴയുടെ ദൃശ്യം മറവിയിലേക്ക് തള്ളിവിട്ട് സഹകരിച്ചെങ്കിലും ഉറക്കം കണ്‍പോളകള്‍ക്കകത്ത് കിടന്ന് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സീറ്റിലേക്ക് മടങ്ങി. ഇരുന്നതേ അറിഞ്ഞുള്ളൂ. ഗാഢമായ മയക്കം ഏറെ നാളുകള്‍ക്ക് ശേഷമുള്ള നാട്ടുകാഴ്ചയെ നഷ്ടപ്പെടുത്തി. തമിഴ് മണ്ണില്‍ നിന്ന് നീരൂറ്റിയെടുത്ത് സഹ്യനിലെ ഉറവകളാല്‍ പുഷ്ടിപ്പെട്ട ഭാരതപ്പുഴ പാലക്കാടു മുതല്‍ ഒപ്പം കൂടിയതാണ്. തിരുനാവായയിലെ ചരിത്രം പറഞ്ഞ് കൊടുത്ത് നിള ഓരോ തീവണ്ടിയേയും യാത്രയയക്കുന്നു.
ഫറോക്ക് സ്റ്റേഷനില്‍ ഉച്ചവെയിലത്ത് കിതച്ചു കൊണ്ടു നിന്നപ്പോഴാണ് കേളപ്പന്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്. കുറേപേര്‍ ഇറങ്ങി, കുറച്ചുപേര്‍ കയറി. അധികം പൊക്കമില്ലാത്ത ഇരുനിറക്കാരനായ ഒരു ചെറുപ്പക്കാരന്‍ അടുത്ത് വന്ന് നിന്നപ്പോള്‍ വിയര്‍പ്പിന്റെ ഗന്ധം. വിശപ്പിന്റെ ക്ഷീണം അയാളെയും ചുറ്റിവരിഞ്ഞിട്ടുണ്ടെന്ന് മുഖത്തു നിന്ന് വ്യക്തമാണ്.
വയനാട് ഘാട്ടുകളുടെ മൂകതയില്‍ നീലഗിരി മലയുടെ ഗൗരവം കലര്‍ത്തി ബേപ്പൂരില്‍ വന്നൊടുങ്ങുന്ന ചാലിയാര്‍ ഓരോ യാത്രികനേയും കോഴിക്കോട്ടേക്ക് സ്വാഗതം ചെയ്യുന്നു.
യുവാവ് വാതില്‍ക്കലേക്ക് നീങ്ങിനിന്ന് കാറ്റാസ്വദിക്കുന്നു. തിരുവിച്ചിറ ട്രെയിന്‍ ഹാള്‍ട്ടില്‍ അല്പനേരം. മീഞ്ചന്തയ്ക്ക് ഇപ്പോള്‍ പതിവുള്ള ബഹളമില്ല. ഉച്ചമയക്കത്തിലായിരിക്കും.
തന്റെ മണ്ണെത്തിയിരിക്കുന്നു. വക്കീല്‍പ്പണി പഠിക്കാന്‍ പോയ താനിതാ സ്വാര്‍ത്ഥ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് കര്‍ത്തവ്യത്തിന്റെ ധര്‍മ്മവീഥിയിലേക്കിറങ്ങുന്നു. എന്റെ പ്രിയനാടേ നീ സ്വീകരിക്കുക.
ബോംബെയില്‍ പോയി, പേരുകേട്ടൊരു ബാരിസ്റ്ററായി തിരിച്ചെത്തുമെന്ന് സ്വപ്‌നം കണ്ടു കഴിയുന്ന പിതാവേ ക്ഷമിക്കുക.
കോഴിക്കോടിറങ്ങി. ധാരാളം പേര്‍ അവിടെ ഇറങ്ങിയിട്ടുണ്ട്.
സ്റ്റേഷന്‍ കെട്ടിടത്തിന്റെ പടവുകള്‍ക്കടുത്തെത്തിയപ്പോള്‍ നേരത്തേ കമ്പാര്‍ട്ടുമെന്റിനകത്ത് കണ്ട യുവാവ് മുന്നില്‍. തന്നേക്കാള്‍ പത്തു വയസ്സെങ്കിലും കുറവുണ്ടാകണം. എന്താണു സംഭവിച്ചതെന്നറിയില്ല. അയാള്‍ പടവുകളില്‍ ചുവടു പിഴച്ച് മുന്നോട്ട് വീണു.
കേളപ്പന്‍ ബാഗ് തഴെവച്ച് അയാള്‍ക്കു നേരെ കൈ നീട്ടി. അയാള്‍ അതില്‍പ്പിടിച്ച് പതുക്കെ എഴുന്നേറ്റു.
‘വല്ലതും പറ്റിയോ?’
‘സാരൂല ഒന്നും പറ്റീല’
റൗലറ്റ് നിയമത്തിനെതിരെ ബോംബെ ചൗപ്പാത്തി കടപ്പുറത്ത് വെച്ച് കേട്ട ഒരു ചൊല്ല് അപ്പോള്‍ മനസ്സില്‍ വന്നു. ‘തനിക്ക് താനും പുരയ്ക്ക് തൂണും’. ആ യുവാവിനോട് അതു പറഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ കടപ്പുറത്ത് കേട്ട അതിനു സമാന്തരമായ ഇംഗ്ലീഷ് വാചകമായിരുന്നു മനസ്സില്‍.
‘സെല്‍ഫ് ഹെല്‍പ്പ് ഈസ് ദ ബെസ്റ്റ് ഹെല്‍പ്പ്’
ഖിലാഫത്തിനെതിരെ ശക്തമായ നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. സുരക്ഷിതമായ പ്രവര്‍ത്തനമാണ് നമ്മുടേത് എന്ന് വിശ്വസിച്ചേക്കരുത്. ഓരോരുത്തരും അവനവന്റെ രക്ഷ കരുതിക്കോളണം. താന്‍ തന്നെ തന്റെ വാളും പരിചയും എന്ന തരത്തിലുള്ള ജാഗ്രത.
കെ.പി. കേശവമേനോന്റെ പ്രസംഗത്തില്‍ നേരിടാന്‍ പോകുന്ന വൈഷമ്യങ്ങളുടെ സൂചനകള്‍ തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. യാക്കൂബ് ഹുസൈനെയും കെ. മാധവന്‍ നായരേയും യു. ഗോപാലമേനോനെയും പോലുള്ളവര്‍ ജയിലില്‍ കിടന്ന് നരകിക്കുകയാണ്. അവരുടെ അസാന്നിധ്യം പുറത്ത് കാര്യമായി അനുഭവപ്പെടുന്നുണ്ട്.
ഹോംറൂളിന്റെ ആശയവഴിയില്‍ നിന്ന് ഗാന്ധിയുടെ പാതയിലേക്കുള്ള ചുവടുമാറ്റത്തിന്റെ വഴുക്കല്‍ ചിലപ്പോഴൊക്കെ പ്രസംഗത്തില്‍ മുഴച്ചു നിന്നോ എന്ന് വേലായുധന്‍ ശങ്കിച്ചു. മദിരാശിയിലെ പ്രാക്ടീസ് ഉപേക്ഷിച്ച് ബാരിസ്റ്റര്‍ കെ.പി. കോഴിക്കോട്ടെത്തിയിട്ട് കുറച്ച് കാലമേ ആയുള്ളൂ. എങ്കിലും ആ പേര് കോഴിക്കോടും ചുറ്റുപാടും എങ്ങും ഇതിനകം അലയടിച്ചുയര്‍ന്നുകഴിഞ്ഞു. പി. അച്യുതന്‍, എ.കരുണാകരമേനോന്‍, പി.രാമുണ്ണി മേനോന്‍ … പ്രഗത്ഭരുടെ നിരയെ നോക്കി സദസ്സിന്റെ പിറകില്‍ വേലായുധന്‍ കേള്‍വിക്കാരനും കാഴ്ചക്കാരനുമായി.
‘കേളപ്പന്‍ പഠിപ്പു നിര്‍ത്തി വന്നിട്ടുണ്ട്. നമുക്കതൊരു ഊര്‍ജമാവും’ രണ്ടാമത് പ്രസംഗിച്ച ബാലകൃഷ്ണമേനോന്‍ കേളപ്പനെക്കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സദസ്സിലൂടെ ഒരാവേശത്തിന്റെ തിരമാല മുന്നില്‍ നിന്നും പിറകിലേക്ക് കടന്നു പോയി.
വേലായുധന്‍ ആ പേര് ആദ്യമായി കേള്‍ക്കുന്നതായിരുന്നു.
ആരാണ് കേളപ്പന്‍?
ചോദ്യം മനസ്സിലൊതുക്കി വേലായുധന്‍ ആ ആവേശത്തിനൊപ്പം കൂടി.
മടക്കയാത്രയ്ക്ക് തെക്കോട്ടുള്ള തീവണ്ടി കാത്തിരുന്ന് രാത്രിയായി. രാത്രി വണ്ടിയില്‍ ഇരുട്ടിനെ മുറിച്ച് പായുമ്പോള്‍ മനസ്സുനിറയെ ആ പേരായിരുന്നു. കാളവണ്ടിയോടിച്ച് നെടിയിരിപ്പിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ നിന്നു കയറിയ രണ്ടു പേരോട് വേലായുധന്‍ പറഞ്ഞു.
‘എല്ലാം ഉഷാറാവാന്‍ പോന്ന ലക്ഷണുണ്ട്. കുറേ നേതാക്കള് പണീം പഠിപ്പും മതിയാക്കി സമരത്തിനിറങ്ങീട്ടുണ്ട്. കേളപ്പന്‍ എന്നൊരു നേതാവും വന്നിട്ടുണ്ടോലും’
പിറ്റേന്ന് അവൂക്കറിനെ കണ്ടപ്പോഴും വേലായുധന്‍ സംസാരിച്ചത് കേളപ്പനെ കുറിച്ചായിരുന്നു.
‘അവൂക്കര്‍ക്കാക്കറിയോ?’
‘ഇല്ല, കേട്ടിട്ടുണ്ട്’
നേതാക്കന്മാരായി ഒരുപാടെത്തി. പ്രവര്‍ത്തകരായി ധാരാളം പേര്‍ ചേര്‍ന്നു. രാജഗോപാലാചാരിയും പ്രകാശവും നേരിട്ടെത്തി. ഏറനാട്ടിലും വള്ളുവനാട്ടിലും ഖിലാഫത്തിനു കമ്മിറ്റികളായി. ലഘുപത്രികകളും ലേഖനങ്ങളും ഹര്‍ത്താലുകളും പരിപാടികളും നിറഞ്ഞു. ചര്‍ക്കകള്‍ കറങ്ങി. വിദേശ വസ്ത്രങ്ങള്‍ തീക്കൂനകളില്‍ ദഹിച്ചു. ഖാദിയുടെ ശുഭ്രതയില്‍ നാടുണര്‍ന്നു.
പ്രസ്ഥാനം ശക്തിപ്പെടുന്നതു കണ്ട് അധികാരികള്‍ ശ്രദ്ധ കൂര്‍പ്പിച്ചു. നൂറ്റിനാല്‍പ്പത്തിനാലു പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട്, ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പ്രവര്‍ത്തനത്തെ തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. ഭീഷണിയും പ്രഹരവും തുടങ്ങി. കേളപ്പനടക്കം ചിലര്‍ ജയിലിലായി.
ജനങ്ങള്‍ ഭയന്നു. മര്‍ദ്ദനം പേടിച്ച് അവര്‍ വീടുകളിലൊതുങ്ങി. ഖിലാഫത്തെന്ന പേരുപോലും കേള്‍ക്കാതെയായി. നിരോധന കല്‍പ്പനകളുടെ കാലം കഴിഞ്ഞശേഷം ഖിലാഫത്ത് കമ്മിറ്റികള്‍ സ്ഥാപിക്കാനായി ഏറനാട്ടില്‍ സഞ്ചരിച്ചപ്പോള്‍ എം.പി.നാരായണമേനോനെയും മുഹമ്മദ് മുസലിയാരെയും വീട്ടില്‍ പ്രവേശിപ്പിക്കാനോ ഭക്ഷണം കൊടുക്കാനോ പോലും ആരും തയ്യാറായില്ല.
മുന്നോട്ടുവന്നവര്‍ പിന്നോട്ടൊതുങ്ങി. ബോര്‍ഡുകളും കൊടികളും ചര്‍ക്കകളും അട്ടങ്ങളിലെ ഇരുട്ടിലേക്കു പിന്‍വാങ്ങി.
വേലായുധനും അവൂക്കറും നടന്നു തളര്‍ന്നു.
വേനല്‍ കനത്തു വീണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രവര്‍ത്തനം ക്ഷീണിച്ചു കിടന്നു.
പക്ഷേ, ഒറ്റപ്പാലത്തു നടന്ന കോണ്‍ഫറന്‍സ് പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു. ഭയപ്പാടിന്റെ ഇരുളറകളില്‍ നിന്ന് പ്രവര്‍ത്തകരൊരുമിച്ചെത്തി. ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് അവസാനിച്ച് വിദ്യാര്‍ത്ഥി യോഗം കൂടുന്ന അവസരത്തില്‍ ചുറ്റുമുണ്ടായിരുന്ന എം.എസ്.പി സംഘം ലാത്തിയുടെ ശക്തി കാട്ടാന്‍ തുടങ്ങി.
പ്രതികരിക്കാതെ പ്രവര്‍ത്തകര്‍ അഹിംസയുടെ വരയില്‍ നിന്നു. അടിയേറ്റുവാങ്ങി പി. രാമുണ്ണി മേനോന്‍ യഥാര്‍ത്ഥനായകനായി. നാട് ധീരത മറന്നിട്ടില്ലെന്ന് ഒറ്റപ്പാലം കോണ്‍ഫറന്‍സ് വ്യക്തമാക്കി.
(തുടരും)
Comments