Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കേരളം മറന്ന കല്പാത്തിപ്രക്ഷോഭം

കെ. കനകരാജ്കെ. കനകരാജ്
7 May 2021
പണ്ഡിറ്റ് വേദബന്ധുശര്‍മ്മ, കേശവദേവ്‌

പണ്ഡിറ്റ് വേദബന്ധുശര്‍മ്മ, കേശവദേവ്‌

ഭാരതത്തില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെ പാത തെളിയിച്ചത്, ഇവിടെ രൂപംകൊണ്ട നവോത്ഥാനപ്രസ്ഥാനങ്ങളായിരുന്നു. സമൂഹത്തില്‍ അക്കാലത്ത് പരക്കെ നിലനിന്നിരുന്ന പൈശാചികമായ അനാചാരങ്ങളെ ഉന്മൂലനം ചെയ്ത് ശുദ്ധിവരുത്തുന്നതിന്, നവോത്ഥാനപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ബ്രഹ്മസമാജം, ആര്യസമാജം, പ്രാര്‍ത്ഥനാസമാജം തുടങ്ങി അക്കാലത്ത് പ്രവര്‍ത്തിച്ച നവോത്ഥാനപ്രസ്ഥാനങ്ങളില്‍ ആര്യസമാജത്തിനായിരുന്നു ഭാരതത്തില്‍ സാര്‍വ്വത്രികമായ വേരോട്ടം സിദ്ധിച്ചത്. അയിത്തോച്ചാടനം, വിധവാവിവാഹം, സ്ത്രീവിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും പുരോഗമനാശയങ്ങള്‍ പ്രചരിക്കുന്നതിനും, പണ്ഡിതരും പ്രാപ്തരുമായ അനേകം പേര്‍ ആര്യസമാജത്തിന്റെ സംഘടനാസംഘത്തില്‍ ഉണ്ടായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

1875-ല്‍ മഹര്‍ഷി ദയാനന്ദസരസ്വതി മുംബൈ നഗരത്തിലെ, കാകഡ്‌വാഡിയില്‍ സ്ഥാപിച്ച ആര്യസമാജം ഹിന്ദുനവോത്ഥാന ചരിത്രത്തിലെ മായാത്ത മുദ്രയായി മാറുകയായിരുന്നു. മഹര്‍ഷി ദയാനന്ദനാണ്, ‘സ്വരാജ്യ’മെന്ന മഹത്തായ ആശയത്തെ ആദ്യമായി തന്റെ ‘സത്യാര്‍ഥപ്രകാശ’മെന്ന വിഖ്യാതഗ്രന്ഥത്തിലൂടെ ഇവിടെ പ്രഖ്യാപനം ചെയ്തത്.1

1921-ല്‍ മലബാര്‍കലാപത്തെ തുടര്‍ന്നാണ് ആര്യസമാജം കേരളത്തില്‍ ശുദ്ധിപ്രസ്ഥാനവുമായി2 കടന്നുവരുന്നത്. കലാപത്തിന് ഇരകളായ ഹിന്ദുക്കളെ രക്ഷിക്കുന്നതിന് മുന്നില്‍നിന്നു പ്രവര്‍ത്തിച്ച സമാജം പിന്നീട് അയിത്തത്തിനും ജാതിക്കുമെതിരായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവന്നു. 1921-ല്‍ മലബാറിലെത്തിയ ആര്യസമാജികളില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. പണ്ഡിറ്റ് വേദബന്ധുശര്‍മ്മയായിരുന്നു അത്. പിന്നീട് ഏതാണ്ട് 1956 വരെ ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്തത്, പണ്ഡിറ്റ് വേദബന്ധുവായിരുന്നു. മഹാപണ്ഡിതനും ബഹുഭാഷാവിജ്ഞനുമായ അദ്ദേഹം കൊട്ടാരക്കരയ്ക്ക് അടുത്തുള്ള തൃക്കണ്ണമംഗല്‍ എന്ന സ്ഥലത്ത് 1901-ല്‍ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. ആര്യസമാജപ്രവര്‍ത്തകനായതോടെ, വെങ്കിടാചലം അയ്യര്‍ എന്ന തന്റെ പൂര്‍വ്വനാമം ഉപേക്ഷിച്ച് വേദബന്ധു എന്ന പേര് സ്വീകരിച്ചു. 1995-ല്‍ തന്റെ 94-ാം വയസ്സില്‍ നിര്യാതനാകുംവരെ അദ്ദേഹം കര്‍മ്മനിരതനായിരുന്നു. സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് തീര്‍ത്തും അജ്ഞാതമാണെന്നു പറയാം. വ്യാഖ്യാനങ്ങളും, തര്‍ജ്ജമകളും, സ്വതന്ത്രകൃതികളുമായി ഏതാണ്ട് അമ്പതിലധികം കനപ്പെട്ട ഗ്രന്ഥങ്ങള്‍, മലയാളസാഹിത്യശാസ്ത്രത്തിനും വൈദികസാഹിത്യത്തിനും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

ADVERTISEMENT

കേരളത്തില്‍ ആകമാനം നവോത്ഥാനത്തിന്റെ അന്തരീക്ഷം പാകപ്പെടുത്തുന്നതില്‍ ആര്യസമാജം ശക്തമായ പങ്കുവഹിച്ചു. മലബാര്‍ലഹളക്കാലത്ത് ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ ആയിരക്കണക്കിന് ഹിന്ദുക്കളെ സ്വമതത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ ആര്യസമാജത്തിന് സാധിച്ചു.

പക്ഷെ, ഹിന്ദുസമൂഹത്തിനുള്ളില്‍ നിലനിന്നിരുന്ന അസമത്വം, ഹിന്ദുക്കളെ മറ്റു മതങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കി എന്നതും ഒരു വസ്തുതയാണ്. ഹിന്ദുവായി ജനിച്ചാല്‍ അയിത്തം, മുസ്ലീമിനോ ക്രിസ്ത്യാനിക്കോ ഇതു ബാധകമല്ലതാനും. അവര്‍ക്ക് എല്ലാവിധ സാമൂഹ്യ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നു.

ഈ ദുഷ്പ്രവണത ദൂരീകരിക്കുന്നതിനു തീവ്രസമരപരിപാടികളില്‍ ആര്യസമാജം സജീവമായതോടെ, ഹിന്ദുക്കളില്‍ ഉത്പതിഷ്ണുക്കളായ യുവാക്കള്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുമ്പോട്ടുവന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളും കല്പാത്തി മുതല്‍ ശുചീന്ദ്രം വരെയുള്ള ചെറുതും വലുതുമായ സമരങ്ങളും കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ മാറ്റിയെഴുതി.3

സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പാലക്കാട് കല്പാത്തിയില്‍, ആര്യസമാജം നടത്തിയ സമരം നമ്മുടെ സാമൂഹ്യചരിത്രത്തിലെ മറഞ്ഞുകിടക്കുന്ന ഒരേടാണ്. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ പോലെ, കല്പാത്തി അഗ്രഹാരസമരത്തിന് നമ്മുടെ നവോത്ഥാനചരിത്രത്തില്‍ വേണ്ടത്ര പ്രാമുഖ്യം സിദ്ധിക്കാതെപോയതെന്തുകൊണ്ട്?

അതിന് പ്രധാനമായി രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, അവര്‍ണരുടെ അവകാശങ്ങള്‍ക്കുവേണ്ടി സവര്‍ണരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടതായിരുന്നു വൈക്കം, ഗുരുവായൂര്‍ സമരങ്ങള്‍. മറ്റൊന്ന് പ്രസ്തുത സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍, അക്കാലത്തുതന്നെ പൊതുമണ്ഡലത്തില്‍ പേരും പ്രശസ്തിയും ഉള്ളവരായിരുന്നു. ശ്രീനാരായണഗുരു, മഹാത്മാഗാന്ധി എന്നീ മഹാന്മാരുടെ സാന്നിദ്ധ്യം, ശക്തമായ വാര്‍ത്താപ്രചരണം ഇതെല്ലാം വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ക്കു ഭാരതചരിത്രത്തില്‍തന്നെ ചിരസ്ഥാനം നേടിക്കൊടുക്കുന്നതിന് സഹായിച്ചു. എന്നാല്‍, കല്പാത്തിസമരത്തിന്റെ ചരിത്രപശ്ചാത്തലം മേല്പറഞ്ഞതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സവര്‍ണമേധാവിത്വത്തിനെതിരെ അവര്‍ണസമുദായം തങ്ങളുടെ സാമൂഹ്യനീതിക്കുവേണ്ടി നേരിട്ടു നടത്തിയ പോരാട്ടമായിരുന്നു കല്പാത്തിസമരം. ഈ സമരത്തിന്റെ പ്രാരംഭഘട്ടത്തില്‍, അതിനു നേതൃത്വം കൊടുക്കാന്‍ പ്രാപ്തരായ നേതാക്കളോ പ്രസ്ഥാനങ്ങളോ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു ചരിത്രവസ്തുതയാണ്.

വൈക്കം സത്യാഗ്രഹത്തില്‍നിന്നുണ്ടായ ആത്മവീര്യത്തിന്റെ ബലത്തില്‍ വിദ്യാസമ്പന്നരും ഉത്പതിഷ്ണുക്കളായ പാലക്കാട്ടെ കുറച്ച് ഈഴവര്‍ തങ്ങള്‍ അനുഭവിക്കുന്ന സാമൂഹികാസമത്വങ്ങളെയും അനാചാരങ്ങളെയും ചോദ്യംചെയ്യാന്‍ സന്നദ്ധരായി എന്നത് അന്നത്തെ സാഹചര്യത്തില്‍ വളരെ ധീരമായൊരു നിശ്ചയമായിരുന്നു. പണവും അധികാരവും സംഘബലവുമുള്ള യാഥാസ്ഥിതിക ജാതിമേധാവിത്വത്തിനെതിരെ നടത്തിയ സമരം എന്ന നിലയ്ക്ക് മാത്രമല്ല, അവര്‍ണ നവോത്ഥാനത്തിന്റെ ചരിത്രഭൂമിക കൂടിയാണ് കല്പാത്തിപ്രക്ഷോഭം. ഒപ്പം ഈ പ്രക്ഷോഭം നയിച്ച വേദബന്ധുവിനെപ്പോലുള്ളവരുടെ ചിന്തയും നിലപാടും അതിലെ ഉറച്ച ധാര്‍മികതയും, ഉന്നതമായ സത്യസന്ധതയും ഇന്നു നമുക്ക് ചിന്തിക്കാന്‍പോലും കഴിയാത്തതാണ്. പേരും പ്രശസ്തിയും വിഷംപോലെ ത്യജിക്കണം എന്നും, ചരിത്രപരമായി രേഖപ്പെടുത്തേണ്ട വിഷയങ്ങളില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നുമുള്ള അടിസ്ഥാനചിന്ത എല്ലായ്‌പ്പോഴും പ്രകടിപ്പിച്ചിരുന്നവരായിരുന്നു അന്നത്തെ ആര്യസമാജ പ്രവര്‍ത്തകര്‍.
തുടര്‍ന്നുവരുന്ന ഭാഗങ്ങള്‍ വേദബന്ധുവിന്റെ വാക്കുകളില്‍തന്നെ വായിക്കുന്നതായിരിക്കും ഉചിതം:

”യാഥാസ്ഥിതികരായ ബ്രാഹ്മണരുടെ ഒരു കേന്ദ്രമായിരുന്നു പാലക്കാട്. ബ്രാഹ്മണരുടെ അഗ്രഹാര റോഡുകളില്‍ക്കൂടി ഈഴവര്‍ ഉള്‍പ്പെടെ യാതൊരു തീണ്ടല്‍ജാതിക്കാരെയും നടക്കാന്‍ അനുവദിച്ചിരുന്നില്ല. 1924-25ല്‍ വൈക്കം സത്യാഗ്രഹത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പാലക്കാട്ടെ ഈഴവര്‍ ഒരു ഈഴവവക്കീലിന്റെ നേതൃത്വത്തില്‍ കല്പാത്തിയിലെ അഗ്രഹാരം റോഡില്‍ക്കൂടി നടക്കാന്‍ നിശ്ചയിച്ചു. ബഹുമാന്യനായ ഈ ഈഴവവക്കീല്‍ അഗ്രഹാരം റോഡില്‍ കാല്‍കുത്തിയ ഉടനെതന്നെ ബ്രാഹ്മണരുടെ ഒരു വലിയ സംഘം അയാളുടെമേല്‍ ചാടിവീഴുകയും കഠിനമായ ദേഹോപദ്രവമേല്പിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. മര്‍ദ്ദനം വളരെ മൃഗീയമായിരുന്നു. എങ്കിലും വക്കീലിന്റെ അനുയായികള്‍ സത്യാഗ്രഹികളായിരുന്നതിനാല്‍ തിരിച്ചടിക്കാതെ തിരിഞ്ഞോടുകയാണ് ചെയ്തത്.

ബ്രാഹ്മണരുടെ നടപടിയില്‍ ക്ഷുഭിതരായ ഈഴവര്‍, തിരുവിതാംകൂറില്‍നിന്നു ക്രിസ്ത്യന്‍ മിഷണറിമാരെ പാലക്കാട്ടേക്ക് ക്ഷണിക്കുകയും ചില പ്രമുഖ ഈഴവ കുടുംബക്കാര്‍ ക്രിസ്ത്യാനികളാവാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ ആറ് മതപരിവര്‍ത്തനങ്ങള്‍ നടന്നു. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബക്കാര്‍ക്ക് കല്പാത്തി റോഡില്‍ക്കൂടി സ്വച്ഛന്ദം നടക്കാന്‍ അനുവാദമുണ്ടായിരുന്നപ്പോള്‍ ഹിന്ദുക്കളായി തുടര്‍ന്ന അവരുടെ ബന്ധുക്കള്‍ക്ക് കല്പാത്തിയെ സമീപിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന വസ്തുത പത്രങ്ങളില്‍ വരികയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ശരിയായ വിചിന്തനത്തിനുശേഷം ആര്യസമാജം പ്രവര്‍ത്തകര്‍ ഉടനെ പാലക്കാട്ടേക്ക് പുറപ്പെട്ടു. 1925-ന്റെ ആദിയില്‍തന്നെ ആര്യസമാജം പാലക്കാട്ട് ഒരു കേന്ദ്രം തുറന്നു (വിക്‌ടോറിയ കോളേജിന്റെ സമീപത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടത്തിലായിരുന്നു പ്രസ്തുത ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്). ഹിന്ദുക്കളായിരിക്കുമ്പോള്‍ അശുദ്ധരായ ആളുകള്‍ ക്രിസ്ത്യാനികളാകുന്ന നിമിഷത്തില്‍ ശുദ്ധരാവുക എന്ന ആചാരത്തിന്റെ അര്‍ത്ഥശൂന്യത ബ്രാഹ്മണരെ ബോദ്ധ്യപ്പെടുത്താന്‍ ആര്യസമാജം ഒരുമാസക്കാലത്തോളം പരിശ്രമിച്ചു. പക്ഷെ, ഈ അഭ്യര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായില്ല. ഒടുവില്‍, കല്പാത്തിക്ക് പുറത്തുള്ള ചില പുരോഗമനവാദികളോടുകൂടി കല്പാത്തിയില്‍ പ്രവേശിക്കാന്‍ സമാജം തീരുമാനിച്ചു.

ആര്യസമാജം സംഘടിപ്പിക്കുന്നത് സത്യാഗ്രഹമല്ലെന്ന് ബ്രാഹ്മണര്‍ മനസ്സിലാക്കി. ആര്യസമാജത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഈഴവരടങ്ങിയവരുടെ ജാഥകളുണ്ടായി, സവര്‍ണജാതിയില്‍പ്പെട്ട ഒരു ആര്യസമാജം മിഷണറിയുടെ (അത് വേദബന്ധുവായിരുന്നു) നേതൃത്വത്തില്‍ സംഘടിപ്പിക്കുകയും അഗ്രഹാര റോഡില്‍ക്കൂടി ജാഥയായി നടക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഏതാനും ദിവസത്തേക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ബ്രാഹ്മണര്‍ രഹസ്യമായി സംഘടിച്ച് സമാജത്തിന്റെ ജാഥയെ ആക്രമിച്ചു.”
ഈ സംഭവംതന്നെ പി. കേശവദേവിന്റെ ആത്മകഥയായ ‘എതിര്‍പ്പി’ല്‍ ഈ വിധം പറയുന്നു:

അവന്‍ ഒലവക്കോട്ടു സ്റ്റേഷനില്‍ ഇറങ്ങി, പാലക്കാട്ടേക്ക് നടന്നു. വിക്‌ടോറിയാ കോളേജിനടുത്തുള്ള ആര്യസമാജമന്ദിരത്തില്‍ അവന് സ്വാഗതം ലഭിച്ചു. അടുത്തദിവസം രാവിലെ വൈദിക ചടങ്ങുകളോടുകൂടി അവനെ ആര്യസമാജത്തില്‍ ചേര്‍ത്തു.
ഒരു ചെറിയ ഹോമകുണ്ഡത്തില്‍ അല്പാല്പമായി നെയ്യൊഴിച്ചുകൊണ്ട് ഋഷിറാം വേദമന്ത്രങ്ങള്‍ ചൊല്ലി. പിന്നെ ഒരു പൂണൂല്‍ കേശവന്റെ കൈയില്‍ കൊടുത്തിട്ട് ഒരു മന്ത്രം ചൊല്ലിക്കൊടുത്തു: ”യജ്ഞോപവീതം പരമം പവിത്രം പ്രജാപതേ യത് സഹജം പുരസ്താദ് ആയുഷ്യമഗ്ര്യം പ്രതിമുഞ്ച ശുഭ്രം യജ്ഞോപവീതം ബലമസ്തുതേജഃ” ആ മന്ത്രം ജപിച്ചുകൊണ്ട് അവന്‍ പൂണൂല്‍ ധരിച്ചു. പിന്നെ ഗായത്രി ഉപദേശിച്ചു: ”ഓം ഭൂര്‍ ഭുവഃ സ്വഃ തത്സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്”. അവന്റെ പേരിനും മാറ്റംവരുത്തി. അതുവരെ അവന്‍ കേശവപിള്ളയായിരുന്നു. പിള്ള എന്നത് ജാതിയെ വെളിപ്പെടുത്തുന്നതാകയാല്‍ അതുപയോഗിക്കാന്‍ പാടില്ല. അതിനുപകരം ദാസ് എന്നോ ദേവ് എന്നോ സ്വീകരിച്ചുകൊള്ളുവാന്‍ ഋഷിറാം നിര്‍ദ്ദേശിച്ചു. ദാസ് ആകുവാന്‍ കേശവനിഷ്ടമില്ല. അതുകൊണ്ട്, അവന്‍ ദേവ് ആകുവാന്‍ സമ്മതിച്ചു. അങ്ങനെ, കേശവപിള്ള കേശവദേവായി.
പാലക്കാട്ടെ കല്പാത്തി അഗ്രഹാരം അന്നത്തെ അജയ്യമായ ഒരു ജാതിക്കോട്ടയായിരുന്നു. പല ഉപഗ്രാമങ്ങളുള്ള ആ അഗ്രഹാരത്തില്‍ ബ്രാഹ്മണഗൃഹങ്ങള്‍ മാത്രമേയുള്ളൂ. സവര്‍ണര്‍ക്ക് മാത്രമേ അവിടെ പ്രവേശനമുണ്ടായിരുന്നുമുള്ളൂ. ഗ്രാമത്തിനകത്തോ, പരിസരങ്ങളിലോ അവര്‍ണര്‍ പ്രവേശിച്ചുകൂടാ എന്നാണ് നിയമം.

ആര്യസമാജക്കാര്‍ക്ക് കല്പാത്തി അഗ്രഹാരത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു സമരം ആരംഭിച്ചിരുന്നു. അഗ്രഹാരത്തിലെ പൊതുനിരത്തുകളില്‍ അവര്‍ണര്‍ക്ക് നടക്കുവാന്‍ അവകാശമുണ്ടെന്നു മാത്രമായിരുന്നില്ല, ആര്യസമാജക്കാരുടെ വാദം. ഏതു ജാതിയില്‍പ്പെട്ടവരായാലും ആര്യസമാജത്തില്‍ ചേര്‍ന്നാല്‍, ആര്യബ്രാഹ്മണരാകുമെന്നും ആര്യബ്രാഹ്മണര്‍ക്ക് അയിത്തമില്ലെന്നും കൂടി അവര്‍ വാദിച്ചിരുന്നു.
ഈ അഗ്രഹാരസമരത്തിന്റെ ആദ്യപടി എന്ന നിലയില്‍, അഗ്രഹാരത്തിലുള്ള ഒരു പീടികമുറി വാടകയ്‌ക്കെടുത്ത് അതില്‍ ആര്യസമാജ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. പ്രസിദ്ധീകരണങ്ങള്‍ ചെലവാകണമെന്നുള്ളതല്ല, ഒരു ആര്യസമാജക്കാരന്‍ എപ്പോഴും അവിടെ ഉണ്ടായിരിക്കണമെന്നുള്ളതാണ് അതിന്റെ പ്രധാന ഉദ്ദേശ്യം. ആ ബുക്ക്സ്റ്റാളിന്റെ ചുമതല, രാമദാസ് എന്നു പേരായ ഒരു ആര്യസമാജ പ്രവര്‍ത്തകനെയാണ് ഏല്പിച്ചിരുന്നത്. പിന്നീട്, ആ ചുമതല കേശവനെ ഏല്പിച്ചു. അതിനിടയില്‍ അഗ്രഹാരസമരം ഊര്‍ജ്ജിതപ്പെടുത്താനുള്ള ആലോചനയും ഉണ്ടായിരുന്നു. ഒരുദിവസം വൈകുന്നേരം പി.സി. ഗോപാലന്‍, തീത്തേലന്‍ മുതലായ പത്തുപതിനൊന്ന് ആര്യസമാജക്കാര്‍ വേദബന്ധുവിന്റെ നേതൃത്വത്തില്‍, അഗ്രഹാരത്തില്‍ക്കൂടി ഒരു പര്യടനം നടത്തി. എല്ലാവരുടെയും കൈയില്‍ കഠാരയുമുണ്ടായിരുന്നു. സമരരംഗത്ത് നില്‍ക്കുന്നതുകൊണ്ട് കേശവനും തോലുറയില്‍ കഠാരയും തിരുകിക്കൊണ്ടാണ് ബുക്ക്സ്റ്റാളില്‍ ഇരുന്നത്.

വേദബന്ധുവിന്റെ നേതൃത്വത്തിലുള്ള പര്യടനസംഘം ബുക്ക്സ്റ്റാളില്‍ കയറി അല്പം വിശ്രമിച്ചതിനുശേഷം അഗ്രഹാരത്തിലെ അന്നപൂര്‍ണേശ്വരീക്ഷേത്രത്തിന്റെ മുമ്പില്‍ക്കൂടി കല്പാത്തിനദിയിലേക്ക് ഇറങ്ങി, മണല്‍ത്തിട്ടയിലിരുന്നു. അപ്പോഴേക്ക് അവര്‍ണര്‍ അഗ്രഹാരത്തില്‍ പ്രവേശിച്ച് അശുദ്ധമാക്കി എന്ന സംഭ്രമജനകമായ വാര്‍ത്ത അഗ്രഹാരം മുഴുവന്‍ പ്രചരിച്ചു. ബ്രാഹ്മണരെല്ലാം വടി, തടി ആയുധങ്ങളോടുകൂടി അന്നപൂര്‍ണേശ്വരീക്ഷേത്രത്തിന്റെ മുമ്പില്‍ കൂടി. റോഡില്‍നിന്നു കരിങ്കല്‍ച്ചില്ലുകളും പെറുക്കിക്കൂട്ടിയിരുന്നു.

ഈ സമരസന്നാഹങ്ങളെ നേരിടുവാന്‍തന്നെ വേദബന്ധുവും കൂട്ടരും നിശ്ചയിച്ചു. അവര്‍ മണല്‍ത്തിട്ടയില്‍നിന്നു വീണ്ടും അഗ്രഹാരത്തില്‍ പ്രവേശിച്ചു. ആയിരത്തിലധികം ബ്രാഹ്മണരും പതിനൊന്ന് ആര്യസമാജക്കാരും തമ്മില്‍ ഉഗ്രമായ ഒരു സംഘട്ടനം നടന്നു.

ബഹളംകേട്ട് കേശവന്‍ ബുക്ക്സ്റ്റാളില്‍നിന്ന് ഇറങ്ങിനോക്കി. അവന് കാര്യം മനസ്സിലായി. അവന്‍ ആള്‍ക്കൂട്ടത്തിലേക്കു കുതിച്ചുകയറി. ബ്രാഹ്മണര്‍ പിശാചുക്കളെപ്പോലെ, വേദബന്ധുവിനെയും കൂട്ടരെയും വളഞ്ഞുനിന്ന് ആക്രമിക്കുകയാണ്. ആര്യസമാജക്കാര്‍ ധീരതയോടുകൂടി എതിര്‍ക്കുന്നുമുണ്ട്. ഇടികളും അടികളും ഏറ്റുകൊണ്ട് അവന്‍ അവന്റെ കൂട്ടുകാരുടെ അടുത്തെത്തി. ഒരാള്‍ ചോരയൊലിച്ചു വീണുകിടക്കുന്നുണ്ട്. തലയില്‍ ഒരു അടിയേറ്റതാണത്. പെട്ടെന്ന് വേദബന്ധു കഠാര വലിച്ചൂരി; ശേഷമുള്ളവരും കഠാര എടുത്തു. ഒരു കഠാര ഒരു ബ്രാഹ്മണന്റെ വയറ്റിലേക്കു പാഞ്ഞുകയറി. അയാള്‍ മലര്‍ന്നുവീണു. അതോടുകൂടി ബ്രാഹ്മണര്‍ അകന്നു. പക്ഷെ, അവര്‍ സമരരംഗത്തുനിന്നു പോയില്ല. അവര്‍ കരിങ്കല്‍ക്കഷണങ്ങളെടുത്ത് ഏറുതുടങ്ങി. എറിയുന്ന കല്ലുകള്‍ എടുത്ത് ആര്യസമാജക്കാര്‍ തിരിച്ചെറിഞ്ഞു.

ഒടുവില്‍ അടിയേറ്റു വീണുകിടക്കുന്ന കൂട്ടുകാരനെ താങ്ങിയെടുത്തുകൊണ്ട്, കഠാരകള്‍ ചുഴറ്റിക്കൊണ്ട് കേശവനും കൂട്ടരും ഓടി ബുക്ക്സ്റ്റാളിനുള്ളില്‍ കടന്നു മിന്നല്‍വേഗത്തില്‍ പലകകള്‍ നിരത്തി. ഒരു പലക മാത്രം ഇട്ടില്ല. ആ വിടവില്‍ക്കൂടി പിന്നെയും കല്ലുകള്‍ പാഞ്ഞുവന്നുകൊണ്ടിരുന്നു. സമയം സന്ധ്യയായി. ബുക്ക്സ്റ്റാളിനുള്ളില്‍ കൂരിരുട്ടാണ്. അടിയേറ്റ കൂട്ടുകാരന്‍ മോഹാലസ്യപ്പെട്ടു കിടക്കുന്നു. മറ്റുള്ളവരുടെയെല്ലാം ശരീരത്തില്‍നിന്നു രക്തം ഒലിക്കുന്നുണ്ട്. ഒരിറ്റു വെള്ളം! ഒരുതുള്ളി കാറ്റ്! പോലീസ്! പോലീസ്! പുറത്തുനിന്ന് ആരോ വിളിച്ചുപറഞ്ഞു. ‘കഠാരയൊന്നും പോലീസിനെ കാണിക്കരുത്’. വേദബന്ധു കേശവനോടു പറഞ്ഞു. എല്ലാവരും കഠാരകള്‍ കേശവന്റെ കൈയില്‍ കൊടുത്തു. എവിടെയാണ് ഒളിച്ചുവെയ്ക്കുക?

പോലീസ് ബുക്ക്സ്റ്റാളിന്റെ മുമ്പില്‍ എത്തിക്കഴിഞ്ഞു. ‘ഒളിക്കണം – എവിടെയെങ്കിലും ഒളിക്കണം’ വേദബന്ധു പറഞ്ഞു. കേശവന്‍ കാല്‍കൊണ്ട് തപ്പിത്തടഞ്ഞ് ഒരു പുല്‍ച്ചൂല്‍ കയ്യിലെടുത്തു. കഠാരകളെല്ലാം ആ പുല്‍ച്ചൂലില്‍ തിരുകി ഒരു മൂലയില്‍വെച്ചു. പോലീസ് അതു കാണുകയില്ലെന്നാണ് അവന്റെ സങ്കല്പം. ഇന്‍സ്‌പെക്ടറും ഒരു ഹെഡ്‌കോണ്‍സ്റ്റബിളും നാലു കോണ്‍സ്റ്റബിള്‍മാരും ബുക്ക്സ്റ്റാളിനുള്ളില്‍ കടന്നു. ഒരു കോണ്‍സ്റ്റബിള്‍ മെഴുകുതിരി കത്തിച്ചുവെച്ചു. ‘ഞങ്ങള്‍ക്ക് വെള്ളം തരണം’. വേദബന്ധു ഇന്‍സ്‌പെക്ടറോട് പറഞ്ഞു. ഇന്‍സ്‌പെക്ടറുടെ ആജ്ഞയനുസരിച്ച് ഒരു കോണ്‍സ്റ്റബിള്‍ സോഡാ കൊണ്ടുവന്നു. എല്ലാവരും സോഡാ കുടിച്ചു. ഇന്‍സ്‌പെക്ടര്‍ മുറിവുകള്‍ പരിശോധിച്ച് മഹസ്സര്‍ എഴുതിത്തുടങ്ങി. ഒടുവില്‍ അയാള്‍ ചോദിച്ചു: ‘നിങ്ങളുടെ കൈയില്‍ ആയുധങ്ങള്‍ വല്ലതുമുണ്ടോ?’
‘ഇല്ല’, കേശവന്‍ ഉടനുത്തരം കൊടുത്തു. ‘പരിശോധിക്കൂ!’ ഇന്‍സ്‌പെക്ടര്‍ ആജ്ഞാപിച്ചു. ഒരു കോണ്‍സ്റ്റബിള്‍ മുറി പരിശോധിച്ച്, പുല്‍ച്ചൂല്‍ കയ്യിലെടുത്തു. പെട്ടെന്നു കഠാരകള്‍ ചിതറിവീണു. ഇന്‍സ്‌പെക്ടര്‍ പൊട്ടിച്ചിരിച്ചു. നാലു ജഡ്ക്കകളില്‍ പോലീസ് ഗാട്ടോടുകൂടി അവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. മുറിവുകള്‍ വച്ചുകെട്ടി. രണ്ടുപേര്‍ മാത്രം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. മറ്റുള്ളവര്‍ സമാജമന്ദിരത്തിലേക്ക് പോയി.”
1925-ലെ മദ്രാസ് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടില്‍ ഈ വിഷയം ഈവിധം രേഖപ്പെടുത്തിയിരിക്കുന്നു:

”ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ പാലക്കാട്ടെ ഈഴവരെ അയിത്തജാതിക്കാരായാണ് പരിഗണിക്കുന്നത്. തങ്ങളുടെ സാമൂഹ്യപദവിയില്‍ ഉയര്‍ച്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ ഈഴവര്‍ അടുത്തകാലത്തായി ക്രിസ്തുമതത്തിലേക്ക് ചേരുവാന്‍ തുടങ്ങിയിട്ടുണ്ട്. ആര്യസമാജക്കാര്‍ അവരുടെ അണിയിലേക്ക് സ്വാഗതം ചെയ്തു. കല്പാത്തിയിലെ രഥോത്സവത്തില്‍ പങ്കുകൊള്ളാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് 1924-ല്‍ ചില ഈഴവര്‍ വാദിക്കാന്‍ തുടങ്ങിയിപ്പോള്‍ ചില കുഴപ്പങ്ങളെല്ലാമുണ്ടായി. 1925-ല്‍ ഈ കുഴപ്പങ്ങള്‍ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. യാഥാസ്ഥിതിക ബ്രാഹ്മണരുടെ കേന്ദ്രമായ കല്പാത്തി അഗ്രഹാരത്തില്‍ പ്രവേശിക്കാന്‍ ഒക്‌ടോബര്‍ 31-ാം തീയതി ആര്യസമാജക്കാര്‍ ഒരു ശ്രമം നടത്തി. അവര്‍ ഈഴവരാണെന്ന കാരണം പറഞ്ഞ് ബ്രാഹ്മണര്‍ അവരെ തടഞ്ഞു. അവര്‍ ചില ബ്രാഹ്മണരെ കുത്തി. നവംബര്‍മാസത്തില്‍ നടന്ന രഥോത്സവസമയത്ത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാവുമെന്നു കരുതി ഒരു മുന്‍കരുതലെന്ന നിലയില്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ 144-ാം വകുപ്പുപ്രകാരം ഈഴവര്‍, ചെറുമര്‍ മുതലായവരുടെമേല്‍ അഗ്രഹാരത്തില്‍ പ്രവേശിക്കരുതെന്ന നിരോധനം പുറപ്പെടുവിച്ചു.”

ആര്യസമാജം പ്രവര്‍ത്തകര്‍ മദിരാശി ഗവര്‍ണറെ സമീപിച്ച് നിരോധനകല്പന പിന്‍വലിക്കാന്‍ നിവേദനം നടത്തി. നിരോധനകല്പന പിന്‍വലിക്കുകയും സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കാന്‍ ഒരു ഏകാംഗകമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ച കമ്മ്യൂണിക്കേയില്‍ സങ്കടം നേരിട്ട കക്ഷിക്കാര്‍ കോടതിയെ സമീപിക്കണമെന്നും, ഗവണ്‍മെന്റ് ഈ പ്രശ്‌നത്തില്‍ പക്ഷംപിടിക്കുന്നതല്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍ ഈഴവസമുദായത്തില്‍നിന്ന് ആര്യസമാജത്തിലേക്കു പരിവര്‍ത്തനം ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അയാളുടെ കൃത്യനിര്‍വഹണത്തിനിടയില്‍ കല്പാത്തിയിലൂടെ നടന്നുപോവുമ്പോള്‍ അയാളെ തടഞ്ഞുവെയ്ക്കുകയും ദേഹോപദ്രവമേല്പിക്കുകയുമുണ്ടായി. അയാള്‍ പോലീസില്‍ പരാതി ബോധിപ്പിച്ചതിനെത്തുടര്‍ന്ന് കയ്യേറ്റക്കാരുടെമേല്‍ കേസ് ചാര്‍ജ്ജ് ചെയ്യുകയും കയ്യേറ്റക്കാരുടെ നേതാവിനെ പാലക്കാട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശിക്ഷിക്കുകയും ചെയ്തു. ഉടനെതന്നെ ബ്രാഹ്മണര്‍ മദിരാശി ഹൈക്കോടതിയില്‍ ഒരു റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ചെയ്തു. ഏറ്റവും മികച്ച നിയമജ്ഞരുടെ സഹായത്തോടുകൂടി കേസ് പ്രോസിക്യൂട്ട് ചെയ്യാന്‍ ആര്യസമാജം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഒന്നാം സാക്ഷികള്‍, അതായത് ഈഴവസമുദായത്തില്‍നിന്ന് ആര്യസമാജത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍, കല്പാത്തി റോഡില്‍ക്കൂടി നടക്കാന്‍ അവകാശമുണ്ടെന്നും ഹര്‍ജിക്കാരന്, അതായത് അയാളെ തടഞ്ഞ ബ്രാഹ്മണന് അയാളെ തടഞ്ഞുവെയ്ക്കാന്‍ യാതൊരുവിധത്തിലും അവകാശമില്ലെന്നുമായിരുന്നു ഹൈക്കോടതിവിധി. മദിരാശി ഹൈക്കോടതിയുടെ ഈ വിധിയെത്തുടര്‍ന്ന്, അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന പല റോഡുകളും അവര്‍ക്കായി തുറന്നുകൊടുപ്പിക്കുവാന്‍ സാധിച്ചു. അതിനായി ഉയര്‍ന്ന ജാതിക്കാരെ പ്രേരിപ്പിക്കുവാനും ആര്യസമാജത്തിന് കഴിഞ്ഞു.

നമ്മുടെ സാമൂഹ്യപരിവര്‍ത്തനത്തിന്, ആര്യസമാജത്തിന്റെ പ്രവര്‍ത്തനം എത്രമാത്രം ഗുണഫലം ഉണ്ടാക്കിയെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇത്രയും ദീര്‍ഘമായി ഉദ്ധരിച്ചത്. മാത്രമല്ല, 94 വര്‍ഷങ്ങള്‍ക്കു മുമ്പ്, കാലത്തിന്റെ ഏതോ പരിണാമസന്ധിയില്‍വെച്ച്, പാലക്കാടന്‍മണ്ണില്‍ നടന്ന അവകാശസമരത്തിന്റെ നേരനുഭവങ്ങളുടെ സാക്ഷ്യപത്രമാണ് മുകളില്‍ കൊടുത്തത്.

ശ്രീമാന്മാര്‍ അഡ്വ. പി.സി. ഗോപാലന്‍, (1929-ല്‍ ‘അഭിമാനി’ എന്ന പേരില്‍ ഒരു പത്രം പാലക്കാട്ടുനിന്നും ഗോപാലന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ പത്രം സി. കൃഷ്ണന്റെ മിതവാദിയില്‍ ലയിച്ചു). ദാമോദരന്‍, പത്മനാഭന്‍, എം.പി. രാഘവന്‍, ടി.കെ. ചാമി (ഇദ്ദേഹം ക്രിസ്തുമതത്തില്‍ ചേര്‍ന്ന് തോമസായി. പ്രസിദ്ധ സാഹിത്യകാരനായ ഒ.വി. വിജയന്റെയും ഒ.വി. ഉഷയുടെയും മുത്തച്ഛനാണ് ചാമി), കെ.വി. കിട്ട (ജോണ്‍ എന്ന ക്രിസ്തീയനാമം സ്വീകരിച്ചു. 1957-ലെ പ്രഥമ കേരള നിയമസഭയില്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്ര എം.എല്‍.എയായി. അദ്ദേഹം പിന്നീട് ജോണ്‍ കിട്ട എന്ന പേരില്‍ അറിയപ്പെട്ടു), പാരമ്പര്യ ജന്മി കുടുംബാംഗമായ എരുമയൂര്‍ വടക്കുമ്പ്രം മുത്തു എന്ന ചാള്‍സ്, അദ്ദേഹത്തിന്റെ അനുജന്‍ മധുസൂദനന്‍ എന്ന അലക്‌സാണ്ടര്‍, തച്ചമുച്ചിക്കല്‍ കേശവന്‍ എന്ന അലക്‌സാണ്ടര്‍ (ഇദ്ദേഹം മുഴുവന്‍സമയ മിഷണറി പ്രവര്‍ത്തനവും സിനിമാ തിയേറ്റര്‍ നടത്തിപ്പുമായി കോഴിക്കോട്ട് സ്ഥിരതാമസമാക്കി), കേശവന്റെ അനുജന്‍ അപ്പുക്കുട്ടന്‍ വിന്‍സെന്റായി (ഇദ്ദേഹം പാലക്കാട് മിഷന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി), തേങ്കുറുശ്ശി ഇലമന്ദം ചാമി (ഈഴവചരിത്രം എന്ന അപ്രകാശിത ഗ്രന്ഥത്തിന്റെ കര്‍ത്താവും മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പറുമായിരുന്നു. ഇ.കെ. ചാമിയുടെ അനുജന്‍ കേശവന്‍ ഇസ്ലാംമതം സ്വീകരിച്ച് അബ്ദുള്‍ റസാക്കായി മുസ്ലീംസമുദായത്തിലെ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതിലുണ്ടായ ഒരു മകന്‍ പാക്കിസ്ഥാന്‍ പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി), കെ.ടി. മാധവന്‍ എന്ന ഫിലിപ്പ് (ഇദ്ദേഹം നല്ലൊരു പ്രാസംഗികനായിരുന്നു. പാലക്കാട്ടും, തിരുവിതാംകൂറിലും സുവിശേഷപ്രസംഗങ്ങള്‍ നടത്തി പ്രസിദ്ധനായി), ഡോ. കൃഷ്ണന്‍, പി.സി. ശങ്കരന്‍ (റജിസ്‌ട്രേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിനാണ് ഔദ്യോഗിക ആവശ്യത്തിനായി കല്പാത്തി റോഡിലുടെ നടന്നുപോകവേ ബ്രാഹ്മണരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവേണ്ടിവന്നത്) എന്നിവരെല്ലാം കല്പാത്തി സമരത്തിലെ മുന്‍നിര പ്രവര്‍ത്തകരായിരുന്നു. മേല്‍ കാണിച്ച പട്ടിക അപൂര്‍ണമാണ് എന്നു പറയേണ്ടതില്ലല്ലോ. കാരണം, ആ മഹത്തായ ജനകീയസമരത്തില്‍ പങ്കെടുത്തവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. മാത്രമല്ല, അവരുടെയെല്ലാം പിന്‍മുറക്കാര്‍ ആരാണെന്നോ എവിടെയാണെന്നോ നിശ്ചയവുമില്ല. എങ്കിലും വളരെ ആഴത്തിലുള്ള ഒരന്വേഷണം നടത്തിയാല്‍ പ്രസ്തുത സമരത്തില്‍ പങ്കെടുത്തവരുടെ വിശദവിവരങ്ങള്‍ പല രേഖകള്‍ പരതി പ്രകാശിപ്പിക്കാനാവുമെന്ന് കരുതുന്നു.

മദ്രാസ് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ സമരക്കാരല്ല ആക്രമണം അഴിച്ചുവിട്ടത്. ബ്രാഹ്മണരും അവരുടെ ഗുണ്ടകളും ചേര്‍ന്ന് സമരക്കാരെ ആക്രമിച്ചപ്പോഴാണ് പ്രത്യാക്രമണമുണ്ടായത്. ഈ സന്ദര്‍ഭത്തില്‍ പ്രധാനപ്പെട്ടൊരു കാര്യത്തെക്കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടതുണ്ട്. കല്പാത്തി സമരത്തിന്റെ വിധി തിരുത്തിയത് ആര്യസമാജമായിരുന്നു. സമാജം ഇടപെട്ടില്ലായിരുന്നുവെങ്കില്‍, പാലക്കാട്ടെ നല്ലൊരു വിഭാഗം ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്കോ, ഇസ്ലാം മതത്തിലേക്കോ കൂട്ടമായി മതംമാറുന്ന ദുരവസ്ഥ സംജാതമാവുമായിരുന്നു. അക്കാലത്തെ ജീവിതവും സാമൂഹ്യവ്യവസ്ഥയും, വിവേകവും ആത്മാഭിമാനവുമുള്ള ഏതൊരു വ്യക്തിയേയും മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. കല്പാത്തിസമരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കനത്ത ജീവിതനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനിച്ച സമുദായത്തില്‍നിന്നും ബഹിഷ്‌കൃതനാവുക, സമൂഹത്തില്‍ കുറ്റവാളിയെപ്പോലെ കഴിയേണ്ടിവരിക, കുടുംബബന്ധങ്ങള്‍ ശിഥിലമാവുക, മാനസികപീഡനത്തിനും ശാരീരികമര്‍ദ്ദനത്തിനും ഇരയാവുക, അന്യമതങ്ങളില്‍ അഭയം തേടേണ്ടിവരിക – ഇതെല്ലാം അന്നത്തെ ജാതിശക്തിയെ എതിര്‍ത്തതിന്റെ തിക്തഫലങ്ങളായിരുന്നു.

ഈ പ്രതിലോമാവസ്ഥകളെയെല്ലാം നേരിട്ടുകൊണ്ട്, കല്പാത്തിസമരത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് അവര്‍ണസമുദായത്തിന്റെ എക്കാലത്തെയും വലിയ സാമൂഹ്യനേട്ടങ്ങളില്‍ ഒന്നാണ്. ഈ സംഭവങ്ങളെല്ലാം കാലത്തോടൊപ്പം മറഞ്ഞ കഥകളായ്ക്കഴിഞ്ഞെങ്കിലും ഇവയില്‍ ഇപ്പോഴും മഹത്തായൊരു ചരിത്രം സ്പന്ദിക്കുന്നുണ്ടെന്ന സത്യത്തെ നാം തിരസ്‌ക്കരിക്കരുത്, തമസ്‌കരിക്കരുത്.

കാലം ഏറെക്കഴിഞ്ഞു. പ്രവചനാതീതമായ പരിവര്‍ത്തനത്തിലേക്ക് മനുഷ്യസമൂഹം എത്തിപ്പെട്ടു. കഴിഞ്ഞകാലത്തേക്ക് പിന്‍തിരിഞ്ഞുനോക്കാന്‍ ആധുനിക മനുഷ്യര്‍ മറന്നുപോവുന്നു. യാന്ത്രികജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ സമയമെവിടെ? എങ്കിലും നാം എവിടെയെത്തിനില്‍ക്കുന്നുവെന്നും, ഇന്നു കാണുന്ന സാമൂഹ്യവ്യവസ്ഥിതി രൂപപ്പെടുത്തുന്നതിന്, ത്യാഗികളായ എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും ജീവിതവും ഹോമിക്കപ്പെട്ടിട്ടുണ്ട് എന്നും നാം മറന്നുപോവരുത്. ഇത്തരം പവിത്രമായ ഓര്‍മ്മകള്‍ നമുക്ക് ഒരാത്മപരിശോധനയ്‌ക്കെങ്കിലും ഹേതുവാകണം.

വാല്‍ക്കഷണം
1. ഇപ്പോള്‍ നിര്‍ഭാഗ്യം കൊണ്ടും ഭാരതീയരുടെ മടി, അശ്രദ്ധ, അന്യോന്യവിരോധം എന്നിവകൊണ്ടും ആര്യന്മാരുടെ അഖണ്ഡവും സ്വതന്ത്രവും സ്വാധീനവും നിര്‍ഭയവുമായിട്ടുള്ള രാജ്യഭരണം ആര്യാവര്‍ത്തത്തില്‍ തന്നെ ഒരിടത്തുമില്ല. മറ്റുള്ള രാജ്യങ്ങള്‍ ഭരിക്കുന്നതിന്റെ കഥ പിന്നെന്തു പറയാന്‍! ആര്യാവര്‍ത്തത്തില്‍ ആര്യന്മാരുടെ നാടുവാഴ്ച അല്പമെങ്കിലുമുണ്ടെങ്കിലും അതും വിദേശീയ ആക്രമണത്തിന് വിധേയമാകുന്നു. സ്വതന്ത്രരായ രാജാക്കന്മാര്‍ വളരെ കുറച്ചുപേരേയുള്ളു. ദുര്‍ദിനങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അനേകവിധത്തിലുള്ള ദുഃഖങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ആര്‍ എത്ര വളരെ നന്മ ചെയ്താലും ശരി, സ്വദേശീയഭരണം തന്നെയാണ് നാടിന് ഏറ്റവും നല്ലത്. മറിച്ച് പറഞ്ഞാല്‍ മതമതാന്തരങ്ങളാഗ്രഹിക്കാതെ അവനവന്റെയോ അന്യരുടെയോ കാര്യങ്ങളില്‍ പക്ഷഭേദം കാണിക്കാതെ പ്രജകളുടെ നേരെ മാതാപിതാക്കന്മാരെപ്പോലെ പെരുമാറിക്കൊണ്ട് ദയ, ന്യായം എന്നിവയോടുകൂടി നടത്തുന്ന രാജ്യഭരണം പോലും വിദേശീയരുടേതാണെങ്കില്‍ പൂര്‍ണസുഖപ്രദമല്ല. (സത്യാര്‍ഥപ്രകാശം, 8-ാം സമുല്ലാസം, ദയാനന്ദസാഹിത്യസാകല്യം, വാല്യം-1, പേജ് 338-339 – ആര്‍ഷനാദം പ്രകാശനം 2012).

2. മലബാര്‍ മാപ്പിളലഹളക്കാലത്ത് കോഴിക്കോട്ടും പൊന്നാനിയിലും മറ്റും ആര്യസമാജത്തിന്റെ ശുദ്ധിപ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പുതന്നെ അന്നത്തെ മദ്രാസ് പ്രവിശ്യയില്‍ പലസ്ഥലങ്ങളിലും ആര്യസമാജങ്ങള്‍ ആരംഭിച്ചിരുന്നു. അക്കൂട്ടത്തില്‍ മലബാര്‍ ജില്ലയിലും ആര്യസമാജ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യത്തിനുശേഷം അല്പകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാര്‍ ജില്ല. കോഴിക്കോട് നഗരമായിരുന്നു ജില്ലാ ആസ്ഥാനം. ഇന്നത്തെ കേരളത്തില്‍നിന്നും കാസര്‍ഗോഡ് ഒഴികെയുള്ള കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ മലബാര്‍ ജില്ല. ഇതുകൂടാതെ ലക്ഷദ്വീപും ബ്രിട്ടീഷ് കൊച്ചിയും മലബാര്‍ ജില്ലയുടെ ഭാഗങ്ങളായിരുന്നു.

Tags: മാപ്പിള ലഹളമാപ്പിള കലാപംകല്പാത്തിപ്രക്ഷോഭം
Share9TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies