രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്ഥാനമൊഴിയുന്ന വേളയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പതിവുണ്ട്. ദൂരദര്‍ശനിലൂടെയാണ് അവര്‍ ജനങ്ങളോട് സംസാരിക്കാറുള്ളത്. ഉപരാഷ്ട്രപതിസ്ഥാനമൊഴിയുന്നതിനു തലേന്ന് ഡോ.ഹമീദ് അന്‍സാരി തനിയ്ക്ക് അഭിമുഖസംഭാഷണത്തിന് കരണ്‍ഥാപ്പറിനെ തന്നെ വേണം എന്നു ശഠിച്ചു. മോദി വിരുദ്ധനായ കരണിനെ വിളിക്കുന്നതില്‍ അന്‍സാരിക്ക് നിക്ഷിപ്ത താല്പര്യമുണ്ടായിരുന്നു. ഈ അഭിമുഖത്തിലാണ് രാജ്യത്ത് മുസ്ലിങ്ങള്‍ അസ്വസ്ഥരും അരക്ഷിതരുമാണെന്ന് അന്‍സാരി പറഞ്ഞത്. ഡോ. എസ്. രാധാകൃഷ്ണനുശേഷം രണ്ടു തവണ ഉപരാഷ്ട്രപതി പദവിയില്‍ ഇരുന്നയാളാണ് ഹമീദ് അന്‍സാരി. ദീര്‍ഘകാലം ഉപരാഷ്ട്രപതി പദവിയിലിരുന്നപ്പോഴൊന്നും തോന്നാത്ത, മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന ബോധം സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് ഉണ്ടാവാന്‍ കാരണമെന്താണ്? അന്‍സാരിയെ അരക്ഷിതനും അസ്വസ്ഥനുമാക്കുന്ന ഘടകം എന്തായിരുന്നു? അന്‍സാരി ഉപരാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുന്ന ഒരു പുസ്തകം മുന്‍ റോ ഉദ്യോഗസ്ഥനായ ആര്‍.കെ. യാദവ് എഴുതിയിരുന്നു. ‘മിഷന്‍ റോ’ എന്ന പുസ്തകത്തില്‍ അന്‍സാരി രാഷ്ട്രസുരക്ഷയെ ഒറ്റിക്കൊടുത്തു എന്നു വ്യക്തമായി പറയുന്നുണ്ട്. അതിലെ വസ്തുതകള്‍ തന്നെ പിന്തുടരുന്നുണ്ടെന്നും സ്ഥാനമൊഴിഞ്ഞാല്‍ അതിന്റെ വേട്ടയാടല്‍ ശക്തമാകുമെന്നും അദ്ദേഹത്തിനറിയാം. ഈ അറിവാണോ അന്‍സാരിയുടെ അസ്വസ്ഥതയ്ക്ക് കാരണം?
ദേശസുരക്ഷയെ ഒറ്റിക്കൊടുത്തു എന്നതു പോലെ ഗുരുതരമായ മറ്റൊരു ആരോപണം കൂടി പിന്നീട് അന്‍സാരിയുടെ പേരില്‍ ഉയര്‍ന്നുവന്നു. അത് ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണത്തെ അമ്പതുവര്‍ഷത്തിലധികം പിന്നോട്ടു വലിക്കുകയും പ്രശസ്തരായ ഗവേഷകരെ തകര്‍ക്കുകയും ചെയ്തു എന്നതായിരുന്നു.
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ വലിയൊരു നാഴികക്കല്ലായിരുന്നു രാജ്യത്തിനകത്ത് സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റാറ്റ്‌ലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിള്‍. ഇതിനുപിന്നാലെ ഭാരം കൂടിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ജി.എസ്.എല്‍.വി. സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കാനുള്ള നീക്കത്തിലായിരുന്നു ഭാരതീയ ശാസ്ത്രജ്ഞര്‍. അന്ന് അമേരിക്കയുടെയും റഷ്യയുടെയും കൈവശമേ ഈ സാങ്കേതിക വിദ്യ ഉണ്ടായിരുന്നുള്ളൂ. അമേരിക്ക സ്വന്തം കച്ചവടതാല്പര്യം മുന്‍നിര്‍ത്തി ഭാരതത്തിനു അതു നല്‍കിയില്ലെന്നു മാത്രമല്ല റഷ്യ നല്‍കുന്നതു തടയുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. അതിനു ചുക്കാന്‍ പിടിച്ചത് നമ്പിനാരായണനും ശശികുമാറുമായിരുന്നു. ഈ സംരംഭത്തെ തുരങ്കം വെക്കാന്‍ സി.ഐ.എ ശ്രമങ്ങളാരംഭിച്ചു.
അന്നു വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന്റെ സുരക്ഷാചുമതലയുള്ള ഐബിയുടെ ഡെപ്യൂട്ടി സ്റ്റേഷന്‍ ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് ആയിരുന്നു ആര്‍.ബി. ശ്രീകുമാര്‍. അദ്ദേഹത്തിന്റെ മുകളിലുള്ള ഐ.ബി. ഡയറക്ടര്‍ ആയിരുന്നു രത്തന്‍ സൈഗാള്‍. രണ്ടുപേരും സി.ഐ.എയ്ക്കു വേണ്ടി ചാരപ്പണി നടത്തി എന്നാണ് മുന്‍ റോ ഉദ്യോഗസ്ഥനായ കെ.എന്‍. സൂദ് ഉന്നയിച്ചിരിക്കുന്നത്. ഈ നീക്കത്തില്‍ അന്‍സാരിക്കും പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു. ഹമീദ് അന്‍സാരിയുമായി ഒത്തുചേര്‍ന്നു ചാരപ്പണി നടത്തിയ ആളാണ് സൈഗാള്‍ എന്നത് ‘മിഷന്‍ റോ’ യില്‍ ആര്‍.കെ. യാദവും ഉന്നയിച്ചതാണ്.
അന്‍സാരിയും ശ്രീകുമാറും രത്തന്‍ സൈഗാളും പല രംഗത്തും ഒറ്റക്കെട്ടായിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളുമായുള്ള ബന്ധമാണ് അതിലൊന്ന്. ശരിയത്ത് കോടതികള്‍ ജില്ലാതലത്തില്‍ വേണമെന്ന് ഉപരാഷ്ട്രപതിയായിരിക്കെ പരസ്യമായി പറഞ്ഞ അന്‍സാരി സ്ഥാനമൊഴിഞ്ഞശേഷം പങ്കെടുത്ത ചടങ്ങുകളിലൊന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ വനിതാവിഭാഗം സംഘടിപ്പിച്ച യോഗമാണ്. കാശ്മീര്‍ തീവ്രവാദി വിഭാഗങ്ങള്‍ക്ക് അന്‍സാരിയുടെ പിന്തുണ ഉണ്ടായിരുന്നു. കാശ്മീര്‍ ഭീകരര്‍ക്ക് ഇറാനില്‍ പരിശീലനം കിട്ടുന്നത് ‘റോ’ നിരീക്ഷിക്കുന്നതു തടയാനാണ് അദ്ദേഹം ശ്രമിച്ചത്. ആര്‍.ബി. ശ്രീകുമാറിന്റെ രക്ഷാധികാരിമാര്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളാണ്. ഇത്തരം സംഘടനകളുടെ വേദികളില്‍ അദ്ദേഹം സ്ഥിരം ക്ഷണിതാവാണ്. അദ്ദേഹത്തിന്റെ കേസുകള്‍ക്ക് സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ചാരപ്പണിക്ക് രഹസ്യാന്വേഷണവിഭാഗത്തിലിരുന്നു സംരക്ഷണം നല്‍കിയത് രത്തന്‍ സൈഗാളാണ്. സി.ഐ.എയ്ക്കുവേണ്ടിയുള്ള ചാരപ്പണി കയ്യോടെ പിടികൂടപ്പെട്ടപ്പോള്‍ സൈഗാള്‍ പുറത്താക്കപ്പെട്ടു. എന്നാല്‍ രാഷ്ട്രീയ യജമാനന്മാരുടെ സഹായത്തോടെ ശിക്ഷയില്‍ നിന്നും ഒഴിവായി. ഇതിനു അന്‍സാരിയുടെ സഹായം എത്രമാത്രം ലഭിച്ചു എന്ന വിവരങ്ങള്‍ പുറത്തുവരാനുണ്ട്. സൈഗാള്‍ ഉടന്‍തന്നെ അമേരിക്കയിലേയ്ക്ക് കടക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഐ.എസ്.ആര്‍.ഒയെ തകര്‍ക്കാന്‍ സി.ഐ.എ. ഉപയോഗിച്ചത് മാലിചാരക്കേസാണ്. ഈ കേസ് അന്വേഷിച്ചവരില്‍ ഒരാള്‍ ശ്രീകുമാറാണ്.
നമ്പിനാരായണനും ശശികുമാറും ബഹിരാകാശ ഗവേഷണസംബന്ധമായ രഹസ്യങ്ങള്‍ ചേര്‍ത്തിക്കൊടുത്തു എന്നായിരുന്നു കേസ്. നമ്പിനാരായണനെ പ്രതിചേര്‍ക്കാന്‍ ശ്രീകുമാര്‍ പ്രത്യേക താല്പര്യമെടുത്തു എന്ന ആരോപണമുണ്ട്. ഈ ശാസ്ത്രജ്ഞര്‍ കേസ്സിലകപ്പെട്ടതോടെ ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ ഗവേഷണ സംരംഭങ്ങള്‍ മരവിപ്പിക്കപ്പെട്ടു. അതു തന്നെയായിരുന്നു അമേരിക്കയുടെ ആവശ്യം. ഉന്നതങ്ങളിലെ ആസൂത്രണമില്ലാതെ ഈ ഗൂഢനീക്കം വിജയിക്കില്ലെന്നു ഉറപ്പാണ്. ഉന്നതങ്ങളിലെ ആരാണ് ശ്രീകുമാറിനും സൈഗാളിനും പിന്തുണയായത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഇറാനുവേണ്ടി ‘റോ’യുടെ പ്രവര്‍ത്തനങ്ങളെ ഒറ്റുകൊടുത്ത അന്‍സാരിയുടെ നീക്കങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനു നേരെയും വിരല്‍ ചൂണ്ടപ്പെടും എന്നതില്‍ സംശയമില്ല.
ഉപരാഷ്ട്രപതി പദവിയില്‍ നിന്നും രാജ്യത്തെ ഒറ്റുകൊടുത്തയാള്‍ എന്ന കുറ്റവാളി പദവിയിലേക്ക് പതിക്കുമ്പോള്‍ തന്റെ മുസ്ലിം മതകവചം കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഹമീദ് അന്‍സാരി ചെയ്യുന്നത്. മുസ്ലിമായതുകൊണ്ടാണ് മോദി സര്‍ക്കാര്‍ അന്‍സാരിക്കു നേരെ നടപടിയെടുക്കുന്നത് എന്ന വാദവുമായി ചില മുസ്ലിം പത്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.