‘അരയുമ്പോള്‍ കളഭമണം എരിയുമ്പോള്‍ കനകത്തിളക്കം’ എന്നൊരു ഉപദര്‍ശനമുണ്ട് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വൈഷ്ണവ തീര്‍ത്ഥങ്ങളില്‍. ആ കാവ്യ പ്രപഞ്ചത്തിന്റെ അന്തര്‍നാദമാണ് ഇതില്‍ മുഴങ്ങിക്കേള്‍ക്കുക. ആദി പ്രരൂപങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത സത്യധര്‍മ്മങ്ങളെയാണ് ആ കാവ്യജീവിതസരണി അനുയാനം ചെയ്യുന്നത്. ജി.ക്ക് ശേഷം ആധുനികകവിതയ്ക്ക് ദാര്‍ശനിക മുഖം പകര്‍ന്നുകിട്ടിയത് വിഷ്ണുവിലൂടെയാണ്. യോഗാത്മകമായ നിയോഗങ്ങളും അബോധത്തെ അനാവരണം ചെയ്യുന്ന കാല്പനികതയും നിറലാവണ്യത്തിന്റെ പൈതൃകപ്പെരുമയുമായി സോപാനസംഗീതിക പോലെ അത് പ്രവഹിക്കുകയായിരുന്നു.
ഐശ്വര്യസത്തയുടെ ആദിബിംബങ്ങളിലൂടെ ആസ്തിക്യത്തിന്റെ പൂര്‍ണ്ണിമയിലേക്കാണ് ആ കവിത പറന്നുയരുക. അതീതങ്ങളുടെ മഹാകാശങ്ങളില്‍ അത് ചേക്കേറുന്നു. കുലധര്‍മ്മാനുസാരിയായി വേദം ഗ്രഹിച്ച കവി പ്രായോഗിക വേദാന്തത്തിന്റെ ജീവനശാസ്ത്രത്തിലും മാനവികമൂല്യങ്ങളിലുമാണ് തപം ചെയ്യുന്നത്. ഏകാത്മമാനവവാദത്തിന്റെ നിത്യമധുരമായ ചിന്താധാരയാണ് കവിയെ ഒരേ സമയം ഭൗതികാത്മീയാരാധനകളില്‍ പങ്കാളിയാക്കുന്നത്. അന്തിച്ചോപ്പും പുലരിപ്പൂക്കളും പ്രണയോപാസനയും ഹൈമവതഭൂവും ഗംഗാതീര്‍ത്ഥവും ദാര്‍ശനിക വ്യഥയും അവിടെ ചലനമന്ദാരമാവുന്നത് ജീവസമഷ്ടിയായ ഏകത്വത്തിലേക്കുള്ള യാത്രാപഥത്തിലാണ്. അദ്വൈതത്തിന്റെ ശൃംഗമേറുമ്പോഴും ദ്വൈതത്തെ നുണച്ചറിയുന്ന അനുഭൂതിസാരം ആ കാവ്യാക്ഷരങ്ങളെ ദ്വന്ദ്വാതീതമാക്കുന്നു. പാശ്ചാത്യമായ ദര്‍ശനമാനങ്ങളെ തനതായ നിലയില്‍ സ്വാംശീകരിച്ച് സമന്വയ സംഗീതമാക്കുന്ന വിസ്മയവിദ്യയാണിത്.
”നിന്നെക്കുറിച്ചെന്തു പാടുവാ, നല്ലെങ്കില്‍
നിന്നെക്കുടിവച്ചതില്ലെന്‍ കുടിലില്‍ ഞാന്‍.
ഉമ്മ വച്ചിട്ടില്ലിതേവരെ; ക്കണ്ണെറി-
ഞ്ഞില്ല; കൈമാറിയിട്ടില്ല കുറിപ്പുകള്‍”
എന്ന് പ്രണയഗീതങ്ങള്‍ക്ക് അപൂര്‍വ്വതയണയ്ക്കുന്ന മുഖക്കുറി ചാര്‍ത്തുന്ന കവി ”എന്തിന്, നീയാം വികാരമെന്‍ ഉള്‍പ്പൂവില്‍ ഗന്ധമായ് നിന്നതിന്നാരുണ്ടു സാക്ഷിയായ്” എന്നുവരെ കാമിനിയോട് സങ്കല്‍പ്പസാക്ഷ്യമായി ചോദിച്ചുപോകുന്നു. പ്രണയത്തെയും പ്രണയിയെയും അപൂര്‍വ്വ ലാവണ്യപ്രകാശത്തിന്‍ ചിത്രണം ചെയ്യാനുള്ള മാര്‍ഗ്ഗം കൂടിയാണിത്. ഹരിതം ശ്യാമം സിന്ദുരം സൗവര്‍ണ്ണം എന്ന് പ്രണയ വിഭൂതികള്‍ക്ക് നൈര്‍മല്യം പകരുന്ന കവി ബോധാബോധ മനസ്സിന്റെ വിവിധ തലങ്ങളില്‍ പ്രണയത്തിന് ഒരുതരം അതീത വ്യാഖ്യാനം മൗലികമായി സൃഷ്ടിക്കാനാണ് ശ്രമിക്കുക. ഉദാത്തതയോളം ചെല്ലുന്ന ദിവ്യരതിയാണ് വിഷ്ണുവിന്റെ പ്രണയ സങ്കല്പത്തില്‍ തളിരിടുന്നത്. ഭൗതികമോ ആത്മീയമോ അതെന്ന ഉപരിവിചിന്തനത്തിന് ആ പ്രണയദര്‍ശനം വഴങ്ങുന്നില്ല. കാല്‍പ്പനിക രീതിസാഫല്യങ്ങളില്‍ നിന്ന് അബോധാത്മകമായെങ്കിലും ചിറകുകുടഞ്ഞ് ഉയരുന്നത് ഒരുവേള ആത്മീയ സാധനാപഥത്തിലാണ്. ചുംബനാശ്ലേഷങ്ങളും ശീല്‍ക്കാരങ്ങളും ഉണര്‍ച്ചകളുമില്ലാതെ ആ പ്രേമരസം സങ്കല്‍പ്പ മധുവിധുവിലാണ് ആനന്ദിക്കുന്നത്.
സ്‌നേഹം ഭൂമിയുടെ ഭൂമികതന്നെയായാണ് ഈ കവി വരച്ചെടുക്കുന്നത്. മണ്ണിന്റെ മധുരപരാഗകണമായി പ്രണയത്തെ രൂപകമാക്കുന്ന കല്പനാചാതുരിയാണത്. ഭൂമി ഗീതങ്ങളായി അത് പ്രകൃതിയുടെ ലാവണ്യപൂരത്തില്‍ ഉദിക്കുന്നു. ‘കാറ്റ് മധുരമായി വീശട്ടെ’ എന്ന് തുടങ്ങുന്ന ബൃഹദാരണ്യകോപനിഷത്തിലെ ‘മധുമതീ മന്ത്രം’ പോലെ സ്വയം മധുരപൂരമായിത്തീരുന്ന സങ്കല്‍പ്പധന്യതയാണത്. ‘അഹോ, ഉദഗ്രരമണീയാ പൃഥിവീ’ എന്നു കാളിദാസ സ്പന്ദനത്തിലാണ് വിഷ്ണുവിന്റെ ഭൂമിഗീതങ്ങള്‍ ഉയിര്‍ക്കൊള്ളുന്നത്. ‘ആകെയുമൂറിയടിഞ്ഞെന്‍ ചേതസി നിറവൂ നിതാന്ത മാധുര്യം’ എന്ന നിര്‍വൃതിപ്പൊലിമയാണിത്.
‘മതി തിരിച്ചു പോരുവന്‍
മഹിയിലേക്കു തന്നെ ഞാന്‍
വിരസമല്ലീ നാകവും
മനുജനെന്നിയേ തുലോം’
എന്ന മഹി മഹിമയാണ് മനുഷ്യനെയും വേര്‍തിരിച്ചു ഹൃദയത്തില്‍ ചേര്‍ക്കാന്‍ കവി കാണുന്ന ഉപായം. മനുഷ്യന്റെ ചലനവും ഉച്ഛ്വാസവും ഗന്ധവും ഇല്ലാത്ത നാകം നരകമാണ്. ഭൂമിതന്നെ ലഹരി, ഭൂമി തന്നെ അഭിമാനം, ഭൂമിതന്നെ സ്വര്‍ഗ്ഗം എന്ന നിര്‍ണ്ണയദര്‍ശനം തേടുന്ന ഗീതകങ്ങളില്‍ ജീവനതാളത്തിന്റെ പൊരുളുകളും, ഐഹിക കര്‍മ്മ രഥ്യയുടെ ഉജ്ജീവനവും ഉണര്‍ത്തിയെടുക്കുന്നു. ‘ആദമും ദൈവവും’, ‘ഉര്‍വ്വശീനൃത്തം’ ‘സ്വര്‍ഗ്ഗാരോഹണം’, ‘മധുപാനം’ എന്നീ രചനകള്‍ ജീവനകാമനയുടെ പദനിസ്വനങ്ങളാണ്. സ്വപ്‌നവും ആനന്ദവും തൃപ്തിയും മാനവതയുടെ മുഖചിത്രങ്ങളായാണ് ‘വിഷ്ണുലോകത്ത്’ പ്രത്യക്ഷപ്പെടുക. നരനെ നാരായണനാക്കുന്ന പരികല്പനയില്‍ അദ്വൈത പ്രമാണമാണ് മുഴങ്ങുന്നത്. മനുഷ്യമഹത്വത്തിന്റെ ഈ മഹാസംഗീത ലയ പൂര്‍ണ്ണിമയാണ് ‘ഋതുസംഹാര’ വിവര്‍ത്തനത്തില്‍ പ്രകടമാക്കുന്നത്. മുഖക്കുറിയായ ‘കാളിദാസന്റെ ‘ഉഭയരാശി’ യില്‍ത്തന്നെ കവി കൈയ്യൊപ്പ് ചാര്‍ത്തുന്നുണ്ട്. പദസംബന്ധിയായ ഔചിത്യം, ദര്‍ശനാത്മകമായ മൗലികത, സാംസ്‌കാരിക ദേശീയതയുടെ അന്തര്‍നാദം എന്നീ കാവ്യപ്രത്യയങ്ങളെല്ലാം വിഷ്ണുവില്‍ കാളിദാസീയതയുടെ സ്പര്‍ശമണികളാണ്. ‘ആര്‍ഷനിര്‍മ്മിതമായ പൈതൃകം തൊട്ടറിയുന്ന ആത്മീയസ്പര്‍ശിനി’ കളെന്ന് എം.ലീലാവതി കവിയുടെ മനനേന്ദ്രിയത്തില്‍ കണ്ടെത്തുന്ന മൂല്യസങ്കല്‍പ്പധാരയാണിത്. ‘ഉജ്ജയിനിയിലെ രാപ്പകലുകളി’ല്‍ പെയ്യുന്ന മാളവമഴ കാളിദാസമഹാമാരി തന്നെ. മാളവത്തില്‍ പെയ്തലിയാന്‍ ഒരു പടയണിയായി മാരിമുകിലുകളെ വിളിക്കുന്ന കവി അതിനുള്ളില്‍ മഴബിംബങ്ങള്‍ക്കതീതമായ തേജോമയമായ രൂപകക്കുളിരിലാണ് നനയുന്നത്.
”പൊടിയണിക്കൂന്തല്‍ മീതെ ഒഴിഞ്ഞമണ്‍കുടം പേറും
ഒരു കന്യ; തുരുമ്പിക്കുമൊരു കലപ്പ;
തളിര്‍ നാമ്പു നുള്ളിടുമ്പോള്‍ വിറകൊള്ളും കരം; അന്തി-
ക്കറിയാതെ കൂമ്പുമുള്ളില്‍ കിനിയും മൗനം.”
ബോധമനസ്സില്‍ നിന്നുയരുന്ന അനുഭൂതി നിര്‍ഭരമായ ബിംബാലികള്‍ ഉണര്‍ത്തുക ഹര്‍ഷവര്‍ഷമാണ്. കവി മുളയ്ക്കുന്ന വേരു കണ്ടെത്താന്‍ അകലെ നിന്നണയുന്ന ചങ്ങാതിയോട്, വൈശാഖ പഞ്ചമി രാത്രിയില്‍ ചെറിയ തോണിതുഴഞ്ഞ് വരാനാണ് കവിയോതുക. ‘അരികില്‍ ജാഹ്നവീ നിര്‍ഝരം കാളിദാസനിലുണര്‍ത്ത സംഗീതവും കേള്‍ക്കുക’ എന്ന നിവേദനം വിഷ്ണുകവിതയുടെ ഉള്ളില്‍ത്തരിക്കുന്ന കാളിദാസസംഗീതിക തന്നെ. കാളിദാസ സാഹിത്യസര്‍വ്വസ്വത്തിന്റെ ഗംഗാസ്‌നാന വിശുദ്ധിയാണ് വിഷ്ണുലോകം നേടുക.
‘ഭൂമിയെന്നാലെന്റെ കുലപൈതൃകമല്ലയോ’ എന്ന് നോമ്പിടുമ്പോഴും ഭാരതീയ പൈതൃകപ്പൊലിമയുടെ തീരഭംഗികളിലാണ് ആ പ്രതിഭായാനം. ‘സുഭദ്രാര്‍ജ്ജനം’ ‘ലക്ഷ്മണന്‍’, ‘അഹല്യാ മോക്ഷം’, ‘ദിലീപന്‍’ തുടങ്ങിയ പുരാണ പ്രോക്തമായ കവനക്കനലുകളില്‍ കവി ആര്‍ഷസംസ്‌കൃതിയുടെ ജ്ഞാനരമണീയമായ വിഭൂതിയാണ് വിടര്‍ത്തിയെടുക്കുക. പൂര്‍വ്വ സുകൃത സ്മിതത്തിന്റെ തീവ്രമായ ഇച്ഛാശക്തിയും ദാമ്പത്യാനുഷ്ഠാനത്തിലെ ധര്‍മ്മ സങ്കല്‍പ്പപ്രവണതകളും ഭഗ്നപ്രണയരാജയുടെ അഗാധതയും താത്ത്വിക പ്രഹേളികയായി ഇവയില്‍ വായിച്ചെടുക്കാം.
”അര്‍ത്ഥവും സേനയും വെറും അലങ്കാര പരിച്ഛദങ്ങളാണെന്നും രാഷ്ട്രത്തെ താങ്ങിനിറുത്തുന്നത് അതിന്റെ ആന്തരകോശത്തിലാകെ ജ്വലിച്ചുനില്‍ക്കുന്ന ധാര്‍മ്മിക മഹസ്സാണെന്നും ‘രഘുവംശം’ പഠിക്കുന്ന പ്രായം തൊട്ടേ ഭാരതീയന്‍ അറിയുന്നു. ആ ധാര്‍മ്മിക മഹസ്സ് അവനെ ഇന്ത്യയെന്ന വിവേകത്തില്‍ കൊണ്ടുചെന്ന് തളയ്ക്കുന്നു. അതിന്റെ സാക്ഷാത്ക്കാരത്തില്‍ കവിഞ്ഞൊരു സാഫല്യം ഇവിടത്തെ കവിതയ്ക്കും ശാസ്ത്രത്തിനും മതത്തിനും ചരിത്രത്തിനുമില്ല.” ദേശീയ പ്രബുദ്ധതയുടെ ആദിമന്ത്രമായി സ്വന്തം വാങ്മയത്തെ സങ്കല്‍പ്പിച്ചുണര്‍ത്തുകയാണ് വിഷ്ണു. ‘ഇന്ത്യയെന്ന വികാരം’ വിചാരവും വിവേകവുമായി രൂപപ്പെടുകയാണ് കവിയില്‍, സ്വന്തം മണ്ണിനെയും വിണ്ണിനെയും തിരിച്ചറിയുന്ന ആത്മവീര്യമാണിത്. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ യെന്ന ഉപനിഷത് പ്രമാണത്തിലാണ് ഇതിന്റെ ആരോഹണം.
ഈശ്വര ചൈതന്യത്തിന്റെ പ്രകട രൂപമാണ് പ്രകൃതിയെന്ന് നിര്‍വ്വചിക്കുന്ന വിഷ്ണു പ്രകൃത്യുപാസനയ്ക്കും ആരാധനയ്ക്കും വാഴ്ത്തലിനുമപ്പുറം പ്രകൃതിയില്‍ പ്രകൃതിയായി സ്വയം അഭിരമിക്കുകയാണ്. പ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും സത്യശിവസൗന്ദര്യത്തിന്റെ സമഗ്രസത്തയാണ് വിഷ്ണുവിന്റെ ലാവണ്യദര്‍ശന മീമാംസ. പ്രകൃതി ലാവണ്യ ഹേതു ഈശ്വരനിലേക്കും കലാസൗന്ദര്യത്തിന്റെ ലാവണ്യാത്മക പ്രാതിനിധ്യം ഏകത്വത്തിലേക്കും കവി സമന്വയിപ്പിക്കുന്നു. ബോധാബോധമനസ്സില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണതയാണ് പ്രകൃതി. പ്രകൃതിയുടെ അതീതപ്രത്യക്ഷങ്ങളും അമേയമായ ഘടനയുമാണ് കവിയുടെ തത്ത്വചിന്തയ്ക്ക് ആധാരം. മാനവ പ്രകൃതിയില്‍ നിന്ന് സമാര്‍ജ്ജിച്ച സ്‌നേഹത്തിന്റെയും കൃപയുടെയും മൂല്യങ്ങളില്‍ നിന്ന് രൂപപ്പെട്ട പ്രകൃതി വിലയനമാണത്. സൃഷ്ടിസ്ഥിതിലയാത്മകമായ പ്രകൃത്യംബയുടെ കാരുണ്യ വര്‍ഷത്തില്‍ ഒരു കണമായി ഇണങ്ങിയൊഴുകുകയാണ് കവി. പരിസ്ഥിതി പ്രവര്‍ത്തകന്റെ വഴിയിലെ കര്‍മ്മാനുഷ്ഠാനങ്ങള്‍ ഈ മാര്‍ഗ്ഗസഞ്ചാരമാണ്. ‘അമൃതപാനം’, ‘വേനല്‍ മഴ’, ‘പച്ചമണ്ണില്‍’ എന്നീ രചനകളില്‍ തപ സാന്നിദ്ധ്യമാവുന്നത് പ്രകൃതിയാണ്. ‘ഋതുസംഹാര’ത്തിന്റെ ഭാഷാന്തരം, സൂക്ഷ്മാല്‍ സൂക്ഷ്മമായി പദരേണുക്കളുടെ മായിക പ്രഭാവത്തെ വിടര്‍ത്തിയും കാളിദാസന്റെ സാരസ്വത ലോകത്തെ ലാവണ്യാത്മകമായി ചേര്‍ത്തു പിടിച്ചുമാണ് നിര്‍വ്വഹിക്കുന്നത്. ഹൈമവതഭൂവിന്റെ മായിക മന്ദാരങ്ങളും അതീത പ്രത്യക്ഷങ്ങളും ഋതുവിലാസത്തിന്റെ നനുത്ത പ്രകൃതി പ്രമാണമായാണ് പ്രവഹിക്കുക.
നേര്‍ത്ത് നേര്‍ത്ത് ശൂന്യതയില്‍ ലയിക്കുന്ന വീണ്‍താരകത്തെപ്പോലെ ശുദ്ധ കവിതയുടെ ആത്മപ്രഭ വിടര്‍ത്തുകയാണ് വിഷ്ണുലോകം. സാമൂഹ്യമായ പ്രശ്‌നങ്ങളൊ സംഘര്‍ഷഭൂമികകളൊ പ്രത്യക്ഷത്തില്‍ അവ ഉള്‍ക്കൊള്ളുന്നില്ല. കാവ്യാന്തര്‍നാദമായി മാത്രമാണ് അതില്‍ സാമൂഹ്യ രാഷ്ട്രീയ തലങ്ങളുടെ വിചിന്തനങ്ങള്‍ കേള്‍ക്കുക. വേനലില്‍ ഓളങ്ങള്‍ നിലച്ച് അടിത്തട്ടു കാണുന്ന ജലാശയം പോലെ അത് നൈര്‍മല്യത്തിന്റെ ചൈതന്യമായും നന്മയുടെ നിലാവായും സഹൃദയനില്‍ ബിംബിക്കുന്നു. ചിരപുരാതനമായ നമ്മുടെ ഈ മഹാരാഷ്ട്രത്തിന് പ്രാണപ്രതിഷ്ഠ നല്‍കുന്ന നടപടിയാണ് രാഷ്ട്രീയം എന്ന് വേദം മുന്‍ നിറുത്തിയാണ് കവി നിര്‍വ്വചിക്കുന്നത്. ‘പൂക്കളില്‍ ശ്യാമ തുളസിയെ, രാക്കളില്‍ കൃഷ്ണപഞ്ചമിത്തെല്ലിനെ, കാര്‍വില്ലില്‍ നീലാഞ്ചലത്തെ, തുലാക്കോളില്‍ ആടി വിറയ്ക്കും കരിംകൂവളത്തിനെ, നീറുമോര്‍മ്മയ്ക്കകം മുറ്റും പ്രണയത്തെ, നീരാഞ്ജനം പോല്‍ പ്രസന്നം കവിതയെ’ സ്‌നേഹിക്കുന്ന വിഷ്ണുവിന്റെ ജീവിത ദര്‍ശന പരിപ്രേക്ഷ്യം സുതാര്യമാണ്.
വേദോക്തികളില്‍ അന്തര്‍വഹ്നിയായി ഒഴുകുന്ന സ്‌നേഹസംസ്‌കൃതിയെ കാല്പനിക വര്‍ണ്ണങ്ങളില്‍ സമന്വയിച്ചാണ് വിഷ്ണുസാരസ്വതം മാനവതയായി ഒഴുകുന്നത്. പ്രകൃതിയുടെ അതീതപ്പൊരുളിനുള്ളിലും മുള്ളും പൂവും തേടി നടക്കുന്ന വിഷ്ണുവില്‍ ഋഷിയുടെ കരളും ശിശുവിന്റെ കണ്ണും വിടര്‍ന്നു നില്‍ക്കുന്നു. ‘മനുഷ്യന്‍! എത്ര സുന്ദരമായ പദം!’ എന്നല്ല ‘പദം! എത്രസുന്ദരമായ മനുഷ്യന്‍!’ എന്നാണ് വിഷ്ണുവിന്റെ വിഭാവനം ”സപ്രപഞ്ചമായ ആത്മീയതയ്ക്കു സഹജമായ മൗലികപ്രതീകം രതിയത്രെ. ആത്മീയതയുടെ പരിമളം പരത്തുന്ന രതിഘടകങ്ങള്‍ കേവലം സ്വാഭാവികങ്ങളെന്ന് വെളിവാക്കുന്നു. യേറ്റ്‌സിന്റെ അന്തിമ രചനകള്‍ കൗതുകപൂര്‍വ്വം ഇവയോട് അണിചേരുന്നു.” ഫ്രായിറ്റിനപ്പുറം യാത്രചെയ്യുന്ന വിഷ്ണു മനഃശാസ്ത്ര പരികല്പനകള്‍ക്കും കാവ്യാത്മകമായ അറിവുകള്‍ക്കും മാതൃകയാക്കുന്നത് കാളിദാസനെയും യേറ്റ്‌സിനെയും വൈലോപ്പിള്ളിയെയുമത്രെ. സഹജമായ ആ പരിക്രമശീലവും സ്വത്ത്വാന്വേഷണത്തിന് പ്രേരണയായിട്ടുണ്ട്.
‘കാവ്യഗുരുവും ജ്യേഷ്ഠസോദരിയുമായ’ സുഗതകുമാരിയെ പ്രണമിച്ചതിന് വിശദീകരണം കൊടുക്കേണ്ടിവന്ന മേല്‍ശാന്തിയാണ് വിഷ്ണു. കടല്‍ കടന്ന് സായിപ്പിന് വേദമോതിയ ‘കുറ്റ’ത്തിന് സമുദായ ഭ്രഷ്ടനായ വേദജ്ഞനാണ് വിഷ്ണു. വേദത്തില്‍ വിഷ്ണു നാം സൂര്യനെ പ്രതിനിധീകരിക്കുന്നു എന്ന് ഗ്രഹിച്ച വിഷ്ണു എന്നും നിര്‍മ്മമനും നിര്‍ലോപനുമായി ‘ഇദം ന മമ’യില്‍ ചരിച്ചു. ജ്ഞാനത്തില്‍ വിരിയുന്ന വെണ്‍ താമരയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിത. സ്വന്തം വേരുകള്‍ അറിയാനും ആരായാനും കണ്ടെത്താനുമാണ് ആ ആത്മാന്വേഷണയാനം. ‘എന്റെ വേരുകളി’ല്‍ വിഷ്ണുവും വിഷ്ണുലോകദര്‍ശനവും സാന്ദ്രസൗഭഗത്തോടെ ചിറകുവിരിയ്ക്കുന്നു. അഗാധതയിലേക്കിറങ്ങി സൂക്ഷ്മസത്യത്തെ സ്പര്‍ശിക്കുകയാണ് ആ അക്ഷരദൗത്യം. സ്വാത്മവിശകലനത്തിന്റെ സൂക്ഷ്മസംവേദനത്വം അത് ആവശ്യപ്പെടുന്നു. ജീവിത നൈരന്തര്യബോധത്തെ തിരിച്ചറിയുകയാണ് വിഷ്ണുവിന്റെ അഗാധമായ മാനവ ദര്‍ശനം. മധുരോദാരമായ മദ്ധ്യമ മാര്‍ഗ്ഗമാണ് കവിതയിലും ജീവിതത്തിലും കവി സ്വീകരിക്കുന്നത്. ഭാരതീയമായ കലാസാഹിത്യ രാഷ്ട്രീയ സാമൂഹ്യ ദര്‍ശനങ്ങള്‍ അവിടെ ഉള്‍പ്പൊരുളായുണ്ട്. ഉള്ളവനും ഇല്ലാത്തവനുമപ്പുറം, ഉണ്ടായിട്ടും വേണ്ടെന്ന് വെയ്ക്കുന്ന തഥാഗത മതമാണത്. അപരിഗ്രഹം, ഉദാരത എന്നെല്ലാമുള്ള ധന്യസങ്കല്പത്തിനപ്പുറം സ്വയം നിസ്വനാവുകയെന്ന ആനന്ദവിഭൂതിചിത്തമാണത്. ‘ത്യാഗം തന്നെ അമൃതത്ത്വ’ മെന്ന ഉപനിഷത്തില്‍ കവിയും കവിതയും സമര്‍പ്പിതമാകുന്നു.
”വേനലില്‍ കനികള്‍ മധുരിക്കുന്നു. സുഖദുഃഖങ്ങളും ജനിമൃതികളും ആ മധുരരസത്തിനു പോഷകമാകുന്നു. ചരാചരങ്ങള്‍ക്കെല്ലാം ഈ ഭൂമി തേനാകുന്നു. ചരാചരങ്ങള്‍ മറിച്ചും ഭൂമിക്ക് തേനാകുന്നു – വേദാക്ഷരങ്ങളില്‍ മധുരപൂരമായി വിഷ്ണു വിലയിക്കുന്നു. ദിവ്യപ്രപഞ്ച ലീലയുടെ വൈദിക കല്‍പ്പനങ്ങളില്‍ പ്രിയതരമായി അലിഞ്ഞും ഭൗമികവികാരമെന്ന ഉത്തമമായ ആത്മീയസത്തയില്‍ ആനന്ദിച്ചും വാക്കിന്റെ ഗംഗയില്‍ മുങ്ങിത്തുടിക്കുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ദര്‍ശന സാക്ഷ്യം ഭൂമിയില്‍ ജീവനയജ്ഞമാകുന്ന മാനവന്‍ തന്നെ.
പൂരപ്രഭ വിടര്‍ത്തിയാ
ദീപാരാധന നട തു-
റന്നേന്‍! കര്‍പ്പൂരത്തട്ടുമാ-
യിറങ്ങുന്നോ ശാന്തിക്കാരന്‍!
അക്ഷര വല്ലഭേശ്വരന്‍!





















