വാര്‍ന്നെടുത്തതാമോലയില്‍ തിരുനാരായത്തിന്‍
വായ്ത്തല, ഓം, ഹരിശ്രീ മന്ത്രങ്ങള്‍ വായ്ത്താരിയായ്
അച്ഛനിന്നൊ’രെഴുത്തച്ഛനാ’യ്, മകനേ! നിന-
ക്കക്ഷരം പകരുവാനിരിപ്പൂ ഹൃഷ്ടാത്മാവായ്.
അഷ്ടമംഗലത്തളിക; യരിക്കിണ്ണം, ചുറ്റു-
മിഷ്ടബന്ധുക്കള്‍, ഇതു മറ്റൊരു മാമുണ്ണലോ?
നാദബ്രഹ്മത്തിന്‍ നാകരഥ്യകള്‍ തുറക്കുന്നൂ
നാവിന്റെ തൂണീരത്തില്‍ സ്വനങ്ങള്‍ നിറയുന്നൂ.
എന്റെ ശബ്ദം നീയേറ്റുവാങ്ങുമ്പോള്‍, വീണ്ടും വീണ്ടും
നിന്റെയീക്കുഞ്ഞിച്ചുണ്ടില്‍ തൂമുത്തായടരുമ്പോള്‍
എന്തൊരു കൃതാര്‍ത്ഥത; യെത്രമേല്‍ പുരാപുണ്യം!
അന്തരിന്ദ്രിയഹര്‍ഷമെനിക്കോ നിന്നമ്മയ്‌ക്കോ?
അമ്മതന്‍ സ്വപ്നങ്ങളില്‍ പട്ടുകോണകം ചുറ്റി
അമ്മയ്ക്കുമാത്രം മാറില്‍ യുഗധന്യത ചാര്‍ത്തി
നിന്‍ പ്രഥമാനുഭൂതി തന്നാവിഷ്‌ക്കരണങ്ങ-
ളപ്രതിരോധ്യകാലബിന്ദുക്കള്‍ സൂക്ഷിക്കുന്നു.
സ്വരവ്യഞ്ജനങ്ങളില്‍ സൂര്യകോടിപ്രഭ, നിന്‍
സിരകള്‍ക്കുശക്തിയും മനസ്സിന്നു സിദ്ധിയും
പകരാന്‍, യുഗനിര്‍മ്മാണയജ്ഞവേദിയില്‍ നിന്‍
വികാരങ്ങള്‍ ഹവിസ്സാകുവാനീയാശംസകള്‍.
ഹൃദയം തുടിയാകുന്നൂ തെന്നിയടരുന്നൂ
നാദ കണങ്ങള്‍, കാലം താണ്ഡവമാടീടവേ.
അറിവിന്നറകളില്‍ തപമാചരിക്കുവാന്‍
പൊരുളിന്‍ പൊരുള്‍ തേടി മൗനമുദ്രകള്‍ ചൂടാന്‍
മൗനത്തെ മഹാധ്വനിയായ് മാറ്റാന്‍, സമൂഹത്തിന്‍
മാറാലകള്‍ക്കുള്ളില്‍ കൊടുങ്കാറ്റായ് പടര്‍ന്നേറാന്‍
നീയീ നിമിഷത്തെ കാത്തുസൂക്ഷിയ്ക്കൂ! മകനേ
നീയീ വികാരത്തെ കാലാതിവര്‍ത്തിയായ് മാറ്റൂ.
സുപരീക്ഷിതമാവട്ടെ മേധാശക്തി, നിന്നില്‍
പ്രപഞ്ചം നെല്ലിക്കയായ് കയ്ക്കട്ടെയിനിക്കട്ടെ.






















