Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മെലിആട്ടു- ദളിത് സാഹിത്യത്തില്‍പെടാത്ത ദളിത് നോവല്‍

ഡോ.പി. ശിവപ്രസാദ്ഡോ.പി. ശിവപ്രസാദ്
9 April 2021

സാമ്പ്രദായികമായ ദളിത് സാഹിത്യത്തിന്റെ പരിധിയില്‍ വരാത്ത നോവലാണ് വാസുദേവന്‍ ചീക്കല്ലൂരിന്റെ ‘മെലിആട്ടു’. വയനാട്ടിലെ പണിയവിഭാഗത്തിന്റെ അനുഭവങ്ങളാണ് നോവലിലുള്ളത്. സാമൂഹിക നിലവാരത്തില്‍ കേരളത്തിലെ ഏറ്റവും താഴേത്തട്ടില്‍ നില്‍ക്കുന്ന പണിയഗോത്രത്തിലാണ് നോവലിസ്റ്റ് ജനിച്ചത്. താന്‍ ഉള്‍പ്പെടുന്ന പണിയവിഭാഗത്തിന്റെ നേരനുഭവകഥകളാണ് അദ്ദേഹം ആത്മാര്‍ത്ഥമായി ഈ നോവലില്‍ ആവിഷ്‌ക്കരിക്കുന്നത്. വിവരണത്തില്‍ മാനകഭാഷയാണെങ്കിലും സംഭാഷണത്തില്‍ പണിയവിഭാഗത്തിന്റെ തനതുഭാഷയാണ് നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ഇതൊരു ദളിത് സാഹിത്യമാവുന്നില്ല. ദളിത് സാഹിത്യത്തിന് സാമ്പ്രദായികമായ ചില വ്യവസ്ഥകളൊക്കെയുണ്ട്. ഒരു സാഹിത്യരചന, അത് കഥയോ കവിതയോ നോവലോ ആയിക്കോട്ടെ, ദളിത് സാഹിത്യമാവണമെങ്കില്‍ അതൊരു സോദ്ദേശ്യരചനയാവണം എന്നതാണ് പ്രധാന നിയമം. ദളിതരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം ആ പ്രശ്‌നങ്ങള്‍ക്ക് കാരണമായ വ്യവസ്ഥിതിയേയും അതിനുത്തരവാദികളായവരെയും ശത്രുപക്ഷത്ത് നിര്‍ത്തി ആശയപരമോ അല്ലാതെയോ ആക്രമണമഴിച്ചുവിടുമ്പോഴേ ദളിതുവാദികളുടെ കാഴ്ചപ്പാടില്‍ ദളിത് സാഹിത്യമാവുന്നുള്ളു. രചനകള്‍ സാമാന്യനിലവാരം പുലര്‍ത്തണമെന്നോ അത് പാരായണയോഗ്യമാവണമെന്നോ അതില്‍ നേരനുഭവങ്ങളുണ്ടായിരിക്കണമെന്നോ ഉള്ള വിഷയങ്ങള്‍ ഇവിടെ പ്രധാനമല്ല. ആക്രമണം മാത്രം മതി. നിലവാരത്തെക്കുറിച്ച് പറയുമ്പോള്‍ സവര്‍ണരുടെ സാഹിത്യനിലവാരമല്ല ദളിത് സാഹിത്യത്തിന്റേതെന്ന് അവര്‍ വിധിയെഴുതും. എന്തായാലും വാസുദേവന്‍ ചീക്കല്ലൂരിന്റെ നോവലില്‍ ദളിത് വാദികള്‍ക്ക് ആശ്വസിക്കാന്‍ വകയൊന്നും കാണുന്നില്ല. മാത്രമല്ല വ്യവസ്ഥിതിയെയും അതിന് കാരണക്കാരായവരെയും തുറന്നെതിര്‍ക്കാത്തതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ നോവല്‍ ഒരു ദളിത് വിരുദ്ധസാഹിത്യമായി മുദ്രകുത്താനും സാധ്യത കാണുന്നുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

വയനാട്ടിലെ ആദിവാസി ജീവിതത്തെ പശ്ചാത്തലമാക്കി അനേകം നോവലുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. 1962 ല്‍ യു.എ.ഖാദര്‍ രചിച്ച ‘വള്ളൂരമ്മ’ മുതല്‍ അതിന്റെ ചരിത്രമാരംഭിക്കുന്നു. മലയാറ്റൂര്‍, വത്സല, ടി.സി.ജോണ്‍ തുടങ്ങി കെ.ജെ.ബേബിവരെയുള്ളവര്‍ വയനാട്ടിലെ വ്യതിരിക്തമായ ആദിവാസിജീവിതത്തെ തങ്ങളുടേതായ രീതിയില്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ ഇവരാരും ആദിവാസി വിഭാഗത്തില്‍പെട്ടവരായിരുന്നില്ല. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി നോവല്‍രചനയിലേര്‍പ്പെടുന്നത് നാരായനാണ്. ഇടുക്കി ജില്ലയിലെ മലയരന്‍മാരുടെ ജീവിതമാണ് നാരായന്‍ തന്റെ ‘കൊച്ചരേത്തി’യില്‍ അവതരിപ്പിച്ചത്. ദളിത് സാഹിത്യത്തിലെ ഈടുറ്റ രചനയായി ദളിതുവാദികള്‍ കൊച്ചരേത്തിയെ കൊണ്ടാടി. അതേസമയം പി.കെ.രാജശേഖരനെപ്പോലുള്ളവര്‍ കൊച്ചരേത്തി നിലവാരം കുറഞ്ഞ പൈങ്കിളി രചനയാണെന്നും ദളിതനെഴുതിയതുകൊണ്ട് മാത്രമാണ് ഇത് ഇത്രയധികം ആഘോഷിക്കപ്പെട്ടതെന്നും തുറന്നടിച്ചു. ദളിതുസാഹിത്യത്തിന്റെ നിലവാരമളക്കാന്‍ സവര്‍ണ്ണന്റെ അളവുകോലുകള്‍ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് കെ.കെ. കൊച്ച് രാജശേഖരനെതിരെ രംഗത്തെത്തി. തുടര്‍ന്നുണ്ടായ സംവാദം മലയാളത്തിലെ ദളിത് സാഹിത്യത്തെ ഇഴകീറി പരിശോധിക്കുന്ന വിധത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഈ സംവാദങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ സാധാരണ ദളിതരുടെ ജീവിതനിലവാരത്തെയോ അവരുടെ സാമൂഹ്യവീക്ഷണത്തെയോ കുറഞ്ഞതോതില്‍ പോലും സ്പര്‍ശിക്കുകയുണ്ടായില്ല. ദളിതുവാദികള്‍ അവരുടെ പ്രത്യേക അജണ്ടയുമായി പൂര്‍വ്വാധികം മുന്നോട്ടുപോയി. സാധാരണ ദളിതരാവട്ടെ അവരുടെ സ്വാഭാവിക ജീവിതവുമായും.

ഈയൊരു പശ്ചാത്തലത്തിലാണ് ആദിവാസികളില്‍ത്തന്നെ ഏറ്റവും താഴേത്തട്ടില്‍ നില്‍ക്കുന്ന പണിയവിഭാഗത്തില്‍ നിന്നും ഒരു നോവല്‍ 2020 ജനുവരിയില്‍ പുറത്തുവരുന്നത്. പണിയരുടെ ജീവിതാവസ്ഥകള്‍ ടി.സി.ജോണ്‍ 1977ല്‍ തന്നെ ‘ഉറാട്ടി’ എന്ന നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിലുണ്ടായിരുന്നത് മുകളില്‍നിന്നും താഴേക്കുള്ള നോട്ടമായിരുന്നു. പ്രഥമപുരുഷ സര്‍വ്വനാമത്തിന്റെ സഹതാപം നോവലില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം മെലിആട്ടുവില്‍ ഉത്തമപുരുഷ സര്‍വ്വനാമത്തിന്റെ ഉള്‍ക്കരുത്താണുള്ളത്. മറ്റോരോ അനുഭവിക്കുന്ന ജീവിതത്തെ മാറിനിന്ന് നോക്കിക്കാണുമ്പോഴുണ്ടാവുന്ന നിര്‍വികാരതയല്ല വാസുദേവന്റെ നോവലിലുള്ളത്. പകരം, നൂറ്റാണ്ടുകളായി തന്റെ വര്‍ഗ്ഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ നരക യാഥാര്‍ത്ഥ്യത്തില്‍നിന്നും ഉയിര്‍ക്കൊള്ളുന്ന വീര്യമാണ്.

ADVERTISEMENT

ഒരു ഫോക്‌ലോറിസ്റ്റിന് കൗതുകമുണ്ടാവുന്ന നിരവധി കാര്യങ്ങള്‍ നോവലിലുണ്ട്. പണിയവിഭാഗത്തിന്റെ ജീവിതവും സംസ്‌കാരവും ഭാഷയുമെല്ലാം അയാള്‍ക്ക് തന്റെ നോടോടിവിജ്ഞാനത്തിന്റെ ധാരണകള്‍ക്കനുസരിച്ച് വിലയിരുത്താനും വിശദീകരിക്കാനും സാധിക്കും. നാരായന്റെ കൊച്ചരേത്തി എന്ന നോവലിനെപ്പോലെ മെലിആട്ടുവും ഭാവിയില്‍ ഫോക് സാധ്യതകളുപയോഗിച്ച് പഠിക്കപ്പെടാം. ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ പണിയര്‍ നടത്തുന്ന വ്യതിരിക്തമായ ആചാരങ്ങളെക്കുറിച്ച് ധാരണയുള്ള ഒരു ഫോക്‌ലോറിസ്റ്റ് ഈ നോവല്‍ വായിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക അവയിലെ ആചാരവിശേഷങ്ങളായിരിക്കും. പണിയരുടെ വിവാഹരീതികള്‍ എങ്ങനെയാണ് വ്യതിരിക്തമാവുന്നതെന്ന് അയാള്‍ ഉദാഹരണസഹിതം നമ്മെ കാണിച്ചുതരും. പെണ്ണ് കാണാന്‍ പോവുന്നതു മുതല്‍ വിവാഹസത്കാരം വരെയുള്ള ഘട്ടങ്ങളില്‍ പണിയര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് കൗതുകത്തോടെ അയാള്‍ വിവരിക്കും. അത് ഏതാണ്ട് ഇങ്ങനെയായിരിക്കും- ”പണിയരുടെ വിവാഹനിശ്ചയത്തിന് പണവെപ്പ് എന്നാണ് പറയുക. ആണ്‍വീട്ടുകാര്‍ പെണ്‍വീട്ടില്‍ പോയാണ് നിശ്ചയം നടത്തുക. പോവുമ്പോള്‍ കല്ല, വള, മാല, കോടിമുണ്ട്, പെണ്ണുവീട്ടിലെ ദൈവത്തറയില്‍ വെക്കാനുള്ള പണം, ചൂരല്‍വടി, കയറിന്റെ കഷ്ണം എന്നിവ ആണ്‍വീട്ടുകാര്‍ കരുതണം. അടുത്ത ചടങ്ങ് കോലും വല്ലിയും പോകലാണ്. വരനും വരന്റെ അളിയനും കൂടി അരി, പലഹാരങ്ങള്‍, എണ്ണ, സോപ്പ്, ഒരുകെട്ട് വിറക് എന്നിവയുമായി പെണ്‍വീട്ടില്‍ പോയി അവിടെ ഒരു രാത്രി താമസിക്കുന്ന ചടങ്ങാണിത്. കല്യാണത്തലേന്ന് രണ്ടുവീട്ടുകാരും രണ്ടുപേരെവീതം പരസ്പരം ഇരുവീടുകളിലേക്കുമയച്ച് കല്യാണത്തിന് സമ്മതം നല്‍കും. ഇങ്ങനെ പോവുന്നവരെ നടുവത്തന്‍മാര്‍ എന്ന് വിളിക്കും. അന്ന് രാത്രി പുലര്‍ച്ചവരെ തുടികൊട്ടി വട്ടക്കളിയാണ്. പുലര്‍ച്ചെതന്നെ ഒരു ചാക്കില്‍ നെല്ലും മണവാട്ടിക്കുള്ള പുത്തന്‍ സാരിയും കല്ലമാല തുടങ്ങിയവയും പെണ്ണിനുള്ള ഭക്ഷണപ്പൊതിയുമായി ചെറുക്കനും സംഘവും പുറപ്പെടുന്നു. പെണ്‍വീട്ടിലെത്തിയാല്‍ അവിടെയും തുടികൊട്ടിക്കളിയുണ്ടാവും. വരനെ തോളിലേറ്റിയാണ് പെണ്‍വീട്ടിലേക്ക് കയറ്റേണ്ടത്. വിവാഹച്ചടങ്ങുകളുടെ വലിയൊരു പ്രത്യേകത ആണ്‍വീട്ടുകാരാണ് പെണ്‍വീട്ടുകാര്‍ക്ക് സ്ത്രീധനം നല്‍കേണ്ടത് എന്നാണ്’. അതുപോലെ പെണ്‍കുട്ടി ഋതുമതിയാവുമ്പോഴും പണിയര്‍ക്കിടയില്‍ വിപുലമായ ചടങ്ങുകളുണ്ട്. വയസ്സറിഞ്ച കല്ലിയാണം എന്നാണ് ഇതിന് പേര്. തുടികൊട്ടും കളിയും ഇവിടെ പ്രധാനമാണ്. പണിയരുടെ ഏത് ചടങ്ങുകള്‍ക്കും ക്ഷണിക്കപ്പെട്ട എല്ലാവരും തങ്ങള്‍ക്കാവും വിധം പണമോ ഭക്ഷണസാധനങ്ങളോ ക്ഷണിതാവിന് നല്‍കാറുണ്ട്. മാതപ്പുലയെക്കുറിച്ചുള്ള വിശദമായ വിവരണത്തില്‍ അത് കാണാം. ഭൂതപ്രേതപിശാചുകളില്‍നിന്നും ബാധയൊഴിപ്പിക്കാന്‍ പണിയര്‍ വിചിത്രമായ ചടങ്ങുകള്‍ നടത്താറുണ്ട്. നോവലിന്റെ പേര് തന്നെ അതുമായി ബന്ധപ്പെട്ടതാണ്. പ്രേതബാധ കൂടിയ ശരീരം ക്ഷീണിച്ച് മെലിയും. അങ്ങനെ മെലിഞ്ഞ ശരീരത്തില്‍നിന്നും ബാധയെ ആട്ടിയകറ്റുന്ന ചടങ്ങാണ് മെലിആട്ടു. എഴുത്തുകാരനെ സംബന്ധിച്ച് നോവലെഴുത്തുവഴി ശരീരത്തിലെ ബാധയ്ക്കുപകരം മനസ്സിലുള്ള സര്‍ഗ്ഗബാധയെ ആട്ടിപ്പുറത്താക്കലാണ് ലക്ഷ്യം.

ഇതൊക്കെയാണെങ്കിലും വാസുദേവന്റെ നോവല്‍ സാമ്പ്രദായിക ഫോക് കൗതുകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവേണ്ട ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം. പകരം അത് മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തിന്റെ ഭാഗമായി മാറണം. ഇങ്ങനെ പറയുമ്പോള്‍ മലയാളത്തില്‍ മുഖ്യധാരാ സാഹിത്യം എന്ന ഒരു ജനുസ്സിനെ സ്ഥാപനവല്‍ക്കരിക്കുകയും ദളിത് വാദ- ഫോക് സാഹിത്യങ്ങളെ അരികുവല്‍ക്കരിക്കുകയുമാണെന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ല. സത്യത്തില്‍ ഇത്തരമൊരു വിഭജനം നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മലയാളത്തിലുണ്ട് എന്നത് വാസ്തവമാണ്. ദളിതുവാദികള്‍ ദളിത് സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് നിരൂപണമെഴുതുന്നത്, ദളിത് വിഭാഗങ്ങളുടെ സ്വത്വബോധത്തെ മുന്‍നിര്‍ത്തിയാണ്. അവര്‍ അദളിത് രചനകളെക്കുറിച്ചാണ് നിരൂപണമെഴുതുന്നതെങ്കില്‍ അവയില്‍ ദളിത് വിരുദ്ധമായതെന്തെങ്കിലുമുണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടി വിമര്‍ശിക്കാന്‍ മാത്രവും. ഇനി അദളിത് നിരൂപകരാവട്ടെ ദളിത് രചനകളെയായാലും അദളിത് രചനകളെയായാലും വിലയിരുത്തുന്നത് അവയില്‍ തങ്ങളുടെ ബോധ്യമനുസരിച്ചുള്ള സാഹിത്യനിലവാരമുണ്ടോ എന്ന് നോക്കിയാണ്. കോച്ചരേത്തിയെക്കുറിച്ചുണ്ടായ സംവാദങ്ങള്‍ ഇതിനു സാക്ഷ്യമാണ്. സംഗതി ഇങ്ങനെയായിരിക്കെ മെലിആട്ടു എന്ന നോവല്‍ ദളിത് നിരൂപകരെയോ അദളിത് നിരൂപകരെയോ ഒരിക്കലും തൃപ്തിപ്പെടുത്തുവെന്ന് തോന്നുന്നില്ല. കാരണം ഈ രണ്ടുകൂട്ടരുടെയും സാഹിത്യബോധ്യങ്ങളോട് നോവല്‍ സമരസപ്പെട്ടുപോവുന്നില്ല.

പി.കെ.രാജശേഖരനെപ്പോലുള്ള അദളിത് നിരൂപകരുടെ കാഴ്ചപ്പാടുകള്‍വെച്ച് നോക്കിയാല്‍ മെലിആട്ടു നിലവാരപ്പെട്ട നോവലാകണമെന്നില്ല. അല്ലെങ്കില്‍തന്നെ വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും ഇപ്പോഴും ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഒരു വിഭാഗത്തില്‍ നിന്നും സി.വി.രാമന്‍പിള്ളയുടെ നിലവാരത്തിലുള്ള നോവല്‍ ഉണ്ടാവണമെന്ന് വാശിപിടിക്കുന്നതിലെന്തര്‍ത്ഥം? കെ.കെ. കൊച്ച് ഉന്നയിക്കുന്ന സവര്‍ണ്ണനിലവാരത്തിന്റെ പ്രശ്‌നമല്ല ഉദ്ദേശിക്കുന്നത്. തമ്പ്രാന്റെ കാലിക്കാരനായ കയമക്കൂട്ടന്റെയും അനാഥനായ ദേവന്റെയും ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി ആദിമദ്ധ്യാന്തപ്പൊരുത്തമൊന്നുമില്ലാതെ കഥപറഞ്ഞുപോവുന്ന ഈ നോവല്‍ മലയാളനോവലിന്റെ ആഖ്യാനഘടനയില്‍ പുതുമയൊന്നും കൊണ്ടുവരുന്നില്ല. 1950 കള്‍ മുതലിങ്ങോട്ടുള്ള കാലഘട്ടങ്ങളിലെ പണിയജീവിതമാണ് നോവലിലുള്ളത്. നോവലിന്റെ ആദ്യഭാഗം കയമക്കൂട്ടന്റെ വിചിത്രമായ ജീവതത്തിലൂടെ കടന്നുപോവുന്നു. വിഫലമായ ഒരു പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ദേവനെന്ന കേന്ദ്രകഥാപാത്രം വികസിക്കുന്നത്. അനാഥനായ ദേവനെ കയമക്കൂട്ടനാണ് സംരക്ഷിക്കുന്നത്. സ്‌കൂളില്‍ പോവുന്നതിന് മുമ്പ് വരെ ദേവന് പേരില്ലായിരുന്നു. ചെക്കന്‍ എന്നാണ് ആളുകള്‍ അവനെ വാത്സല്യപൂര്‍വ്വം വിളിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ പണിയവിഭാഗത്തില്‍ പെട്ട ഒരു വിദ്യാര്‍ത്ഥി പടിപടിയായി ഉയര്‍ന്ന് ഉദ്യോഗത്തിലെത്തുന്നതിനിടയിലുള്ള സംഭവവികാസങ്ങളാണ് നോവലിലുള്ളത്.

പ്രദീപന്‍ പാമ്പിരിക്കുന്നിനെപ്പോലുള്ള ദളിത് നിരൂപകരുടെ ദൃഷ്ടിയിലാവട്ടെ, വ്യവസ്ഥിതിക്കെതിരെ പ്രിതിഷേധിക്കാത്തതിനാല്‍ മെലിആട്ടു ഒരു ദളിത് വിരുദ്ധകൃതിയായിരിക്കും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ സാമൂഹ്യമായ പരിവര്‍ത്തനത്തെ ലക്ഷ്യം വെക്കുന്നവയായിരിക്കും ദളിത് രചനകള്‍- ”അത് സോദ്ദേശ്യമായ ഒരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണ്. ആത്മാവിഷ്‌കാരം എന്നത് ദലിത് അര്‍ത്ഥത്തില്‍ സാമൂഹ്യചലനങ്ങളില്‍നിന്ന് ഭിന്നമല്ല. കലയ്ക്കുവേണ്ടി മാത്രമുള്ള കലയോ സാഹിത്യമോ അല്ല ദലിതരുടേത്. അനീതികളെ എതിര്‍ക്കാനുള്ള സാമൂഹ്യബോധമുണര്‍ത്തുകയാണ് അവരുടെ ലക്ഷ്യം”(1) പ്രദീപന്‍ പാമ്പിരിക്കുന്ന് അതിരിട്ട് നിശ്ചയിക്കുന്ന ഈ വിധത്തിലുള്ള രചനയല്ല മെലിആട്ടു. തങ്ങള്‍ മേലാളരില്‍നിന്നും അനുഭവിച്ച കൊടിയദുരിതങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നോവലിലില്ല എന്നല്ല. തീര്‍ച്ചയായയും വയനാട്ടിലെ ഏറ്റവും അധസ്ഥിതരായ ജനവിഭാഗം എന്ന നിലയില്‍ കാലങ്ങളായി പണിയര്‍ വിവിധങ്ങളായ ചൂഷണങ്ങള്‍ക്കു വിധേയമാവുന്നത് നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. വയനാട്ടിലെ വള്ളിയൂര്‍ കാവുത്സവത്തിന് നടക്കുന്ന അടിമക്കച്ചവടം അതിലൊന്നാണ്. തമ്പ്രാക്കന്‍മാര്‍ ആണിനും പെണ്ണിനും കൂടി പത്ത് രൂപ നിപ്പുപണം അഥവാ അടിമപ്പണം നല്‍കി ഒരു വര്‍ഷത്തേക്ക് പണിയരെപ്പോലുള്ള ആദിവാസികളെ വിലക്കെടുക്കുന്ന ഏര്‍പ്പാടാണിത്. ഈ നോവലില്‍ ഒരു കൊല്ലം മുഴുവന്‍ തമ്പുരാന്റെ അടിമയായി ജോലി ചെയ്യാനുള്ള പണിയരെ എത്തിച്ചുകൊടുക്കുന്നത് കയമക്കൂട്ടനാണ്. അതായത് പണിയരുടെ മൂപ്പന്‍ തന്നെയാണ് തന്റെ വര്‍ഗ്ഗത്തില്‍പെട്ടവരെ അടിമയാക്കാന്‍ സഹായിക്കുന്നതെന്നര്‍ത്ഥം. പതിനെട്ടാം നൂറ്റാണ്ടില്‍ ആഫ്രിക്കയില്‍ അടിമയായി ജീവിച്ച ഒലൗദ ഇക്വിയാനോ സമാനമായ അനുഭവം വിവരിക്കുന്നുണ്ട്. അടിമകളെ വേണ്ടപ്പോള്‍ വെള്ളക്കാര്‍ ആഫ്രിക്കന്‍ ആദിവാസിഗോത്രങ്ങളിലെ മൂപ്പന്‍മാരെയാണ് കാണുക. പണത്തിന്റെ പ്രലോഭനത്തില്‍ വീണ മൂപ്പന്‍മാര്‍ തങ്ങളുടെ സ്വന്തം വര്‍ഗ്ഗക്കാരെ അവര്‍ക്ക് അടിമകളായി വില്‍ക്കുന്നു. മെലിആട്ടുവിലെ കയമക്കൂട്ടന്‍ തമ്പുരാക്കന്‍മാരില്‍നിന്നും പണം വാങ്ങിയല്ല അടിമക്കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നത് എന്നുമാത്രം. പണിയര്‍ ഏത് തമ്പ്രാന്റെ കീഴിലായാലും അടിമപ്പണിതന്നെയാണ് ചെയ്യേണ്ടത്. തങ്ങള്‍ ചെയ്യുന്നത് അടിമപ്പണിയാണെന്ന വിചാരം പോലും അവര്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മേലാളര്‍ അടിയാളരോട് കാട്ടിയ ക്രൂരതയുടെ മറ്റൊരു മുഖമായി ‘കമ്പള’ത്തെക്കുറിച്ചുള്ള വിവരണം നോവലില്‍ കാണാം. വിത്തുവിതയ്ക്കാനുള്ള പാകത്തിനായി വയലുകള്‍ ഒരുക്കുന്നതിന് പണിയരെക്കൊണ്ട് കമ്പളനൃത്തം ചെയ്യിക്കുന്നു. പണിയരെ മാത്രമല്ല വയനാട്ടിലെ ആദിവാസികളെ മുഴുവന്‍ മേലാളന്‍മാര്‍ ഇങ്ങനെ ചൂഷണം ചെയ്തിരുന്നു. ഡോ.ആര്‍. രാഘേഷ് നിരീക്ഷിക്കുന്നത് പോലെ കീഴാളരുടെ ഉള്ളുരുകി വരുന്ന കല മുഴുവന്‍ അദ്ധ്വാനത്തിനായി സവര്‍ണ്ണവിഭാഗം ഉപയോഗപ്പെടുത്തുന്നതാണിത്. ഇതിനേക്കാള്‍ വലിയ ക്രൂരതകളെക്കുറിച്ച് നോവലില്‍ പരാമര്‍ശമുണ്ട്. അടുത്ത കൊയ്ത്തുവരെയുള്ള തമ്പ്രാക്കന്‍മാരുടെ ചെലവിനുള്ള നെല്ല് കണക്കാക്കി ബാക്കി വരുന്ന നെല്ല് വയലില്‍കൊണ്ടുപോയി കുന്നുപോലെ കൂട്ടി കത്തിച്ചുകളയുന്ന ഏര്‍പ്പാടാണത്. അടുത്ത കൃഷിക്ക് വളമാവാന്‍ വേണ്ടിയാണ് ഇതു ചെയ്യുന്നത്. അരവയര്‍ പട്ടിണിക്കാരായ പണിയരെക്കൊണ്ടുതന്നെയാണ് ഇത് ചെയ്യിക്കുന്നതെന്നോര്‍ക്കണം. ഈ സന്ദര്‍ഭത്തില്‍ നോവലിസ്റ്റ് പറയുന്നു- ”വിശന്നൊട്ടിയ വയറുമായി പാവങ്ങള്‍ നെല്ല് കൂമ്പാരത്തില്‍നിന്നുയരുന്ന തീനാളങ്ങള്‍ കണ്ട് അവരുടെ വയറും ആളിക്കത്തും. കത്തിച്ചുകളയുന്ന നെല്ല് തങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്നു പറയുന്നതുപോയിട്ട് അങ്ങനെ ചിന്തിക്കാനുള്ള അവകാശംപോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടതാണ്”.(2)

ഈരീതിയില്‍ വയനാട്ടിലെ പണിയരുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാല്‍ അതിന് പരിഹാരമായി ചൂഷകര്‍ക്കെതിരെ വാളെടുക്കുന്നതിനു പകരം, വിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ വര്‍ഗ്ഗം ഒന്നടങ്കം പുരോഗതി പ്രാപിക്കണമെന്ന ആഗ്രഹമാണ് നോവലിസ്റ്റിനുള്ളത്. ഒരുതരത്തില്‍ വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗം തന്നെയാണ് വിദ്യാഭ്യാസം നിറവേറ്റലിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ദളിത് വാദികളെ സംബന്ധിച്ച് ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. അവരുടെ കാഴ്ചപ്പാടില്‍ വ്യവസ്ഥിതിക്കെതിരെയുള്ള നേരിട്ടുള്ള പ്രതിഷേധം മാത്രമാണ് പോംവഴി. യഥാര്‍ത്ഥത്തില്‍ പഴയ വ്യവസ്ഥിതിക്കൊക്കെ നാട്ടില്‍ വലിയ മാറ്റം വന്നു. ഒരു ദളിതന് അവന്‍ ദളിതനായതുകൊണ്ടുമാത്രം നിയമപരമായോ രാഷ്ട്രീയമായോ സമൂഹത്തിന്റെ പരിഗണന ലഭിക്കാത്ത അവസ്ഥ ഇന്ന് കേരളത്തിലില്ല. അപ്പോള്‍ ദളിതുവാദികളുടെ പ്രതിഷേധം ആര്‍ക്കെതിരെയാണ്? ദളിതുവിരുദ്ധ വ്യവസ്ഥിതി സൃഷ്ടിച്ച ഇന്നത്തെ സവര്‍ണ്ണരുടെ പൂര്‍വ്വികര്‍ക്കെതിരാണ്. പൂര്‍വ്വികരോട് ഇപ്പോള്‍ പ്രതിഷേധിച്ചതുകൊണ്ടെന്ത് കാര്യം? ഒരു കാര്യവുമില്ല. അതുകൊണ്ട് സവര്‍ണ്ണരുടെ പൂര്‍വ്വികര്‍ ചെയ്ത ക്രൂരതകള്‍ക്ക് പ്രതികാരമായി അവരുടെ ഇന്നത്തെ തലമുറയോട് യുദ്ധം പ്രഖ്യാപിച്ചാല്‍ മതിയെന്ന് ദളിതുവാദികള്‍ തീരുമാനിക്കുന്നു. ഇവിടെവെച്ചാണ് ദളിതുവാദികളോട് വിയോജിക്കേണ്ടിവരുന്നതെന്ന് വി.സി. ശ്രീജന്‍ പറയുന്നു. വാസുദേവന്‍ ചീക്കല്ലൂരും ദളിതുവാദികളുടെ ഈ നിലപാടിനോട് യോജിക്കില്ല. കാരണം മുമ്പുണ്ടായിരുന്ന ചൂഷണ വ്യവസ്ഥയേയും അതിന് കാരണക്കാരെയും ആക്രമണോത്സുകമായി നേരിടുന്നതിനു പകരം നിലവിലുള്ള വ്യവസ്ഥസ്ഥിതിയില്‍ തന്റെ വര്‍ഗ്ഗത്തെ എങ്ങനെ പുരോഗതിയിലേക്ക് കൊണ്ടുപോകാം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. വിദ്യാഭ്യാസം അതിനുള്ള വഴിയായി അദ്ദേഹം കാണുന്നു.

സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ നോവല്‍ എഴുതിയിട്ടുള്ളതെന്ന് വാസുദേവന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചുരുക്കം ചില കഥാപാത്രങ്ങള്‍ സാങ്കല്പികമാണെങ്കിലും 1950കള്‍ മുതലുള്ള ജീവിതത്തിനിടയില്‍ നോവലിസ്റ്റ് കണ്ടും കേട്ടും അറിഞ്ഞ അനുഭവങ്ങളാണ് നോവലിന്റെ പശ്ചാത്തലം. ദളിതുവാദികള്‍ ആഗ്രഹിക്കുന്നതുപോലെ ദളിതരും തമ്പുരാക്കന്‍മാരും തമ്മിലുള്ള കുടിപ്പക അവതരിപ്പിക്കാനല്ല വാസുദേവന്‍ ശ്രമിക്കുന്നത്. പകരം മറ്റൊരു വിധത്തിലാണ് നോവലിസ്റ്റ് ആ കാലഘട്ടത്തെ നോക്കിക്കാണുന്നത്. കയമക്കൂട്ടന്റെ കീഴിലുള്ള പണിയര്‍ക്കും അവരുടെ ജന്മിക്കും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് നോവലില്‍ പലതവണ പരാമര്‍ശിക്കുന്നുണ്ട്. കോരിച്ചൊരിയുന്ന മഴയത്ത് പണിയരില്‍ ചിലരുടെ കൂര തകര്‍ന്നു പോയപ്പോള്‍ ഉടന്‍തന്നെ അവിടെ മറ്റൊന്ന് കെട്ടിയുണ്ടാക്കാന്‍ എല്ലാ സഹായവും ചെയ്യുന്ന തമ്പ്രാനെ നോവലിന്റെ തുടക്കത്തില്‍ കാണാം. മഴക്കാലത്ത് പണിയര്‍ പട്ടിണിയിലാവുമ്പോള്‍ ജന്മി കാര്യസ്ഥനോട് പറയുന്നത് ഇങ്ങനെയാണ്- ”പരമേശ്വരാ കോളനിയില്‍ നിന്നും വരുന്ന പണിയരെ വെറും കൈയ്യോടെ പറഞ്ഞുവിടരുത്. അരിയോ നെല്ലോ എന്താവശ്യപ്പെട്ടാലും കൊടുത്തോളൂ”. ജന്മി തന്റെ ഭാര്യയോട് ഇങ്ങനെ പറയുന്നു- ”ശ്രീദേവിയേ.. ചോറോ പലഹാരങ്ങളോ എന്താച്ചാ എപ്പോഴും കരുതി വെച്ചോളൂ….എപ്പോഴാ പണിയ കോളനിയില്‍നിന്നും വിശന്നു വലഞ്ഞ് കേറിവര്യാ എന്നറില്ല”.(3) ക്രൂരന്‍മാരായ തമ്പ്രാക്കളോടൊപ്പം ഇത്തരം കരുതലുള്ള തമ്പ്രാക്കളും അക്കാലത്ത് അവര്‍ക്കിടയിലുണ്ടായിരുന്നു എന്നാണ് നോവലിസ്റ്റ് പറഞ്ഞുവെക്കുന്നത്. അതുപോലെതന്നെ കായികമായി തമ്പുരാക്കന്‍മാരെ നേരിടാന്‍ കരുത്തുള്ള പണിയര്‍ അക്കാലത്തുണ്ടായിരുന്നതായി നോവലില്‍ സൂചനയുണ്ട്. വളയന്‍ കാരണവരെ നോക്കുക. നാട്ടിലെ തമ്പ്രാക്കള്‍ക്കും പണിയര്‍ക്കും ഒരു പേടിസ്വപ്‌നമായിരുന്നു അയാള്‍. ഒക്കല് നെല്ലിന്റെ പകുതി തറവാട്ടിലെത്തിക്കാന്‍ ആജ്ഞാപിക്കുന്ന ചെറിയമ്പ്രാനോട് ഒരുപിടി നെല്ല് തരില്ല എന്ന് മുഖത്ത് നോക്കി വളയന്‍ പറയുന്നുണ്ട്. അതിനുശേഷമുണ്ടായ അടിപിടിയില്‍ തോറ്റോടിയ ചെറിയമ്പ്രാനെ പിന്തുടര്‍ന്ന് തറവാട്ടിലെത്തിയ വളയനെ തറവാട്ട് കാരണവര്‍ മുഴുവന്‍ നെല്ലും കൊടുത്ത് സമാധാനിപ്പിച്ച് വിടുകയാണുണ്ടായത്.

അയിത്തമൊക്കെയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തമ്പ്രാക്കന്‍മാരുടെ മക്കളോടൊപ്പം തന്നെയാണ് പണിയക്കുട്ടികളും കളിച്ചുവളരുന്നത്. ഗുരുകുലസമ്പ്രദായമനുസരിച്ച് തമ്പ്രാക്കന്‍മാരുടെ മക്കള്‍ തറവാട്ടില്‍നിന്ന് പഠിക്കുമ്പോള്‍ വരാന്തയുടെ മൂലയ്ക്കുള്ള തൂണിന്‍മറവില്‍നിന്ന് ദേവന്‍ അക്ഷരം പഠിക്കുന്നുണ്ട്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവോടെ സമൂഹത്തില്‍ ചില മാറ്റങ്ങള്‍ വരാന്‍ തുടങ്ങുന്നു. എങ്കിലും പണിയരുടെ ജീവിതത്തിന് വലിയ മാറ്റമൊന്നുമുണ്ടാവുന്നില്ല. ഗവ. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വന്നതോടെ പണിയക്കുട്ടികള്‍ സ്‌കൂളിലെത്തിച്ചേരുന്നു. ഇത് ഈ വിഭാഗത്തിന്റെ ജീവിതസാഹചര്യത്തില്‍ വലിയ തോതില്‍ മാറ്റം വരുത്തി. ഗുരുകുലരീതിയിലുള്ള വിദ്യാഭ്യാസമായിരുന്നു സ്‌കൂളിലുണ്ടായിരുന്നത്. സ്‌കൂള്‍ജീവിതം ദേവനെ സംബന്ധിച്ച് പുതിയൊരു ലോകംതന്നെയായിരുന്നു. ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടായി. രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്നതുമുതല്‍ ദേവന്റെ ഒരു ദിവസം തുടങ്ങുന്നു. പ്രഭാതവന്ദനവും കുളിയും ഭക്ഷണത്തിനുമുമ്പുള്ള ഭോജനമന്ത്രവും വൈകുന്നേരത്തെ മീനെണ്ണസേവയും അവന്‍ ശീലിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിലും നവമി ആഘോഷത്തിലും അവന്‍ സ്വതന്ത്രനായി അഭിമാനത്തോടെ ആദ്യമായി പങ്കെടുക്കുന്നു. കൂടാതെ സ്‌കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിക്കാന്‍ നാടകം പഠിക്കുന്നു. അങ്ങനെ പണിയവിഭാഗത്തില്‍പെട്ട ഈ വിദ്യാര്‍ത്ഥിയുടെ പടിപടിയായുള്ള ഉയര്‍ച്ചയാണ് പിന്നീടുണ്ടാവുന്നത്. സ്‌കൂളിലെ ഗുരുജിയായ പ്രഭാകരന്‍ മാസ്റ്ററുടെ കണ്ണൂരിലുള്ള വീട്ടില്‍ വെക്കേഷന് രണ്ടുമാസം താമസിച്ചതിന്റെ അനുഭവങ്ങള്‍ മധുരമുള്ളതായിരുന്നു. ഭാഗവതരുടെയടുത്തുനിന്ന് ദേവന്‍ സംഗീതം പഠിക്കാന്‍ തുടങ്ങുന്നതും സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ. ഇതിനിടയില്‍ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ദേവനെ സഹായിക്കുന്നത് സവര്‍ണ്ണരോ തമ്പ്രാക്കന്‍മാരോ ആണ്. പറഞ്ഞുവരുന്നത് ഇത്രമാത്രം- നന്മകളെല്ലാം ഒരു ഭാഗത്തും തിന്മകളെല്ലാം മറുഭാഗത്തും എന്ന തരത്തിലുള്ള പാരമ്പര്യ ദളിത് സങ്കല്പമല്ല ഈ നോവലിലുള്ളത്. അതുകൊണ്ടുതന്നെ സാമ്പ്രദായിക ദളിത് സാഹിത്യത്തില്‍നിന്നും ഇത്തരം കാര്യങ്ങളാല്‍ മെലിആട്ടു അകന്നു നില്‍ക്കുന്നു.

പണിയസമുദായത്തിന്റെ തനതായ ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ കാലാന്തരത്തില്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാണ് ഇത്തരമൊരു നോവലെഴുതാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. അതേസമയം ഇത്തരം സംസ്‌കാരം അതുപോലെ നിലനിര്‍ത്തിക്കൊണ്ട് ഒരു പണിയന്‍ ജീവിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഒരിക്കലും എത്തിച്ചേരാനാവില്ല എന്നും നോവലിസ്റ്റ് കരുതുന്നു. താന്‍ സ്‌കൂളിലെത്തിയില്ല എങ്കില്‍ ഇങ്ങനെയൊരു നോവലെഴുതാനോ തന്റെ വര്‍ഗ്ഗത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ കഴിയില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. പണിയര്‍ സമാജം എന്ന സമുദായോദ്ധാരണ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികൂടിയാണ് നോവലിസ്റ്റ്. തന്നെപ്പോലെ ഓരോ പണിയനും അവനവന്റെ കഴിവുകള്‍വെച്ച് സമൂഹത്തിലേക്ക് ഇറങ്ങിവരേണ്ടതുണ്ട്. എന്നാല്‍ പാരമ്പര്യ ദളിതുവാദികള്‍ ഇതംഗീകരിക്കില്ല. മുഖ്യധാരാ സമൂഹം എന്ന കാഴ്ചപ്പാട് തന്നെ തനി സവര്‍ണ്ണമാണെന്ന് അവര്‍ കരുതുന്നു. സവര്‍ണ്ണര്‍ സൃഷ്ടിച്ച മുഖ്യധാരയിലേക്ക് ദളിതന്‍ വരേണ്ട എന്നാണ് അവരുടെ നിശ്ചയം. പകരം സ്വന്തം സ്വത്വവുമായി അവന്‍ ജീവിക്കട്ടെ. ഈയൊരു വാദം യഥാര്‍ത്ഥത്തില്‍ ജനാധിപത്യപരമല്ല. അതുകൊണ്ട് ദളിതര്‍ക്ക് ദോഷമല്ലാതെ യാതൊരു നേട്ടവുമുണ്ടാക്കുന്നില്ല. സത്യത്തില്‍ അരനൂറ്റാണ്ടുമുമ്പ് സവര്‍ണ്ണര്‍ ഉന്നയിച്ച വാദങ്ങളുടെ മറുപുറമാണ് ദളിതരുടെ ഈ അതിസ്വത്വവാദം. ഇതിനെക്കുറിച്ച് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് പറയുന്നത് നോക്കുക- ”ചൂഷണത്തിന് വേണ്ടി ചിലര്‍ ഉണ്ടാക്കിയ കൃത്രിമമായ ഒരു വിഭജനമാണ് ജാതിവ്യവസ്ഥ എന്നാണ് അന്‍പതുകൊല്ലംമുമ്പ് നമ്മള്‍ കേട്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ നിരോധിക്കപ്പെട്ടത്. എന്നാല്‍ ഇന്നു നാം കേള്‍ക്കുന്നു ദളിതത്വം ചൂഷണത്തിന്റെയും വിവേചനത്തിന്റെയും ഫലമുണ്ടായ ഒരു അവസ്ഥയല്ല, ഒരു യഥാര്‍ത്ഥസ്വത്വം തന്നെയാണെന്ന്. മേല്‍ജാതിക്കാര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ഭാഗമാവാന്‍ അതിനാല്‍ ദളിതന് സാധിക്കില്ലെന്നും അവന്‍ അതിന് തയ്യാറല്ലെന്നും. ഏതാണ്ട് ഇതേ മട്ടിലായിരുന്നു പണ്ട് സവര്‍ണ്ണര്‍ സംസാരിച്ചിരുന്നത്, അവര്‍ണ്ണര്‍ അവരില്‍നിന്നും വ്യത്യസ്ത വികാരങ്ങളും വേദനയും അറിയാത്ത വേറൊരു തരം മനുഷ്യരാണെന്നും അതുകൊണ്ട് അവരെ ചൂഷണം ചെയ്യുന്നതില്‍ തെറ്റില്ലെന്നും”(4) അതായത് പഴയ ഉച്ചനീചത്വത്തിന് പകരം പുതിയ ഉച്ചനീചത്വം തന്നെയാണിത്. ദളിത് സ്വത്വമെന്ന പുകമറ സൃഷ്ടിച്ച് പാവം ദളിതരെ ഒരുതരത്തിലും ഉയര്‍ന്നുവരാന്‍ സമ്മതിക്കില്ല എന്നുതന്നെയാണ് ദളിതുവാദികളുടെ ഉദ്ദേശ്യം എന്ന് ഇവിടെ വ്യക്തം. ദളിതുവാദികളുടെ ഈ സങ്കുചിതവാദത്തെ വാസുദേവന്റെ നോവല്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നുണ്ട്. അതുകൊണ്ടുതന്നെ ദളിത് സാഹിത്യത്തില്‍പെടാത്ത ദളിത് നോവലായി മെലിആട്ടു മാറിനില്‍ക്കുന്നു.

അടിക്കുറിപ്പുകള്‍
1. ആധുനികാനന്തര മലയാള സാഹിത്യവിമര്‍ശനം, പുറം-41
2. മെലിആട്ടു, പുറം-120
3. മെലിആട്ടു, പുറം-24
4. ദളിതപാതകള്‍- 58
അവലംബഗ്രന്ഥങ്ങള്‍
1.ഡോ.പി.ജി. പത്മിനി(2011) പണിയഭാഷാ നിഘണ്ടു, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
2. ബോബി തോമസ് (എഡിറ്റര്‍)(2010), ദളിതപാതകള്‍, സൈന്‍ ബുക്‌സ്, തിരുവനന്തപുരം
3. ഡോ. രാഘേഷ് ആര്‍.(2017) വാക്കുകള്‍ വരയ്ക്കുന്ന ദേശഭൂപടങ്ങള്‍, മൈത്രി ബുക്‌സ്, തിരുവനന്തപുരം
4. ഷാജി ജേക്കബ്(എഡിറ്റര്‍)(2018), ആധുനികാനന്തര മലയാള സാഹിത്യവിമര്‍ശനം, സൈകതം ബുക്‌സ്, ഏര്‍ണ്ണാകുളം
5. വാസുദേവന്‍ ചീക്കല്ലൂര്‍(2020) മെലിആട്ടു, നീര്‍മാതളം, വയനാട്

Share9TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies