നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേ വിവാദമായിരിക്കുകയാണ്. സര്‍വ്വേ നടത്തിയ മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കോഴ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായ നടത്തിയതാണ് സര്‍വ്വേകള്‍ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല പറയുന്നതെല്ലാം സത്യമാണെന്ന് ഘടകകക്ഷികള്‍ പോയിട്ട് വീട്ടുകാര്‍ പോലും വിശ്വസിക്കില്ല. പക്ഷേ, ഈ സര്‍വ്വേകളുടെ ഫലം കാണുമ്പോള്‍ ചെന്നിത്തല പറയുന്നതില്‍ കാര്യമില്ലേ എന്ന സംശയം ബാക്കി. കാരണം, സര്‍വ്വേകളുടെ മൊത്തം പോക്ക് ആ വഴിക്കാണ്.
നേരോടെ നിര്‍ഭയം നിരന്തരം എന്നവകാശപ്പെടുന്ന, ഒരു ചാനലാണ് ആദ്യം സര്‍വ്വേയുമായി രംഗത്തുവന്നത്. ചാനലിന്റെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാനായിരിക്കണം പതിവുപോലെ സി പി എമ്മിന് അനുകൂലമായി, കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വരുത്തിത്തീര്‍ക്കും വിധമാണ് ചാനലിന്റെ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുള്‍മുനയില്‍ നിര്‍ത്തിയ സ്വപ്‌നയുടെ സ്വപ്‌നാടനം മുതല്‍ ശിവശങ്കരവധം വരെയുള്ള അഴിഞ്ഞാട്ടങ്ങള്‍ കേരളജനതയെ സ്വാധീനിച്ചിട്ടേയില്ല പോലും. പിണറായി വിജയന്‍ ചരിത്രം തിരുത്തുമെന്നാണ് ഈ സര്‍വ്വേ അവകാശപ്പെട്ടത്. ഇടതു മുന്നണി 72-78 വരെ സീറ്റ് നേടുമ്പോള്‍ യു ഡി എഫ് 59-65 വരെ സീറ്റ് നേടുമത്രെ. 41 ശതമാനം വോട്ട് ഇടതു മുന്നണിക്കും 37 ശതമാനം വോട്ട് യു ഡി എഫിനും ഏഴ് സീറ്റ് വരെ നേടുന്ന എന്‍ ഡി എക്ക് 20 ശതമാനം വോട്ടും ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറഞ്ഞത്. ഏഷ്യാനെറ്റിന്റെ എല്ലാ സര്‍വ്വേകളിലും എല്ലാകാലത്തും ഇടതുപക്ഷ രാഷ്ട്രീയം ആധിപത്യം പുലര്‍ത്തിയിട്ടുള്ളത് ആകസ്മികമാണെന്ന് കരുതാനാകില്ല. തുടക്കം മുതല്‍ ഇന്നുവരെ നിഷ്പക്ഷമാണ് അവര്‍ എന്ന് ആരും കരുതുന്നുമില്ല. ഭാരതത്തിനും ഹിന്ദുത്വത്തിനും ദേശീയതയ്ക്കും എതിരായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ വൈമുഖ്യവും കാട്ടിയിട്ടില്ല. ഏഷ്യാനെറ്റും സീ ഫോറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലെ ഏറ്റവും വലിയ തട്ടിപ്പ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിലായിരുന്നു. ഇടതു മുന്നണിയില്‍ നിന്ന് പിണറായി വിജയന്റെയും കെ കെ ശൈലജയുടെയും പേര് മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ പിണറായി വിജയന്റെ പേര് തന്നെ പറഞ്ഞു. രണ്ടാമതെത്തിയ ഉമ്മന്‍ചാണ്ടിയെ 18 ശതമാനം പേരും ശശി തരൂരിനെ ഒന്‍പത് ശതമാനം പേരും രമേശ് ചെന്നിത്തലയെ ആറുശതമാനം പേരും മുല്ലപ്പള്ളിയെ നാലുശതമാനം പേരും കുഞ്ഞാലിക്കുട്ടിയെ രണ്ടുശതമാനം പേരുമാണ് പിന്തുണച്ചത്. യു ഡി എഫ് നേതാക്കള്‍ക്ക് കിട്ടിയ വോട്ട് കണക്കു കൂട്ടിയാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ യു ഡി എഫ് ഭരണത്തെയും യു ഡി എഫ് മുഖ്യമന്ത്രിയെയുമാണ് പിന്തുണച്ചത്. ആറുശതമാനം പേര്‍ കെ.സുരേന്ദ്രനെയും ഏഴുശതമാനം പേര്‍ കെ.കെ.ശൈലജയെയും പിന്തുണച്ചു. പിണറായി വിജയനാണ് ഏറ്റവും സ്വീകാര്യനെന്ന നിലയിലേക്ക് വന്നത് യു ഡി എഫിലെ ആറുപേരെ ഒന്നിച്ചു നിര്‍ത്തിയതാണെന്ന തട്ടിപ്പ് സാധാരണക്കാര്‍ക്കാര്‍ക്കും മനസ്സിലാവില്ല. മദ്ധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ വരവിനെ കുറിച്ച് ഒരു പ്രത്യേക ചോദ്യവും രേഖപ്പെടുത്തുമ്പോള്‍ പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ചോദ്യങ്ങള്‍ ഇവയില്‍ ധാരാളമായി കടന്നുവന്നു എന്ന കാര്യം തള്ളാനാകില്ല. ഇടതുപക്ഷത്തിനു വേണ്ടി നേരോടെ നിര്‍ഭയം നിരന്തരം നടത്തുന്ന പ്രചാരവേലയായി ഇത് മാറി എന്നതാണ് ഈ സര്‍വ്വേയുടെ ഫലത്തെ രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും വിലയിരുത്തിയത്.
മാതൃഭൂമി സര്‍വ്വേയാണ് ഒരുപക്ഷേ, 2021 ലെ ഏറ്റവും വലിയ തമാശ. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ നയിക്കുന്ന ലോക് താന്ത്രിക ജനതാദള്‍ ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷിയാണെന്നു മാത്രമല്ല, കല്‍പ്പറ്റ സീറ്റില്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയും കൂടിയാണ്. കേരളത്തിലെവിടെയും ഒരു പഞ്ചായത്ത് മെമ്പറെ പോലും വിജയിപ്പിക്കാന്‍ ശേഷിയില്ലാത്ത ഈ അഖിലേന്ത്യാ പാര്‍ട്ടിയുടെ നേതാവ് പിണറായി വിജയന്റെ കാലു നക്കിയല്ലാതെ എങ്ങനെയാണ് മുന്നണിയില്‍ സ്ഥാനമാനങ്ങള്‍ നേടുക? ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണ് ഇടതുമുന്നണി അധികാരത്തില്‍ എത്തുമെന്ന മാതൃഭൂമി സര്‍വ്വേയ്ക്ക് അടിസ്ഥാനമെന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. 75-83 വരെ സീറ്റ് ഇടതു മുന്നണിക്കും 56-64 വരെ സീറ്റ് യു ഡി എഫിനും എന്‍ ഡി എയ്ക്ക് രണ്ടു സീറ്റും ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറഞ്ഞത്. ഇടതുമുന്നണിക്ക് 40.9 ശതമാനം വോട്ടും യു ഡി എഫിന് 37.9 ശതമാനം വോട്ടും എന്‍ ഡി എയ്ക്ക് 16.6 ശതമാനം വോട്ടുമാണ് ഈ സര്‍വ്വേ പ്രവചിച്ചത്. സ്വര്‍ണ്ണക്കള്ളക്കടത്ത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 25.2 ശതമാനം പേരും ശബരിമല സ്വാധീനിക്കുമെന്ന് 20.2 ശതമാനം പേരും കൊറോണ ബാധിക്കുമെന്ന് 13 ശതമാനം പേരും പ്രളയദുരന്തം സ്വാധീനിക്കുമെന്ന് എട്ടുശതമാനം പേരുമാണ് അഭിപ്രായപ്പെട്ടത്. 40 മണ്ഡലങ്ങളിലായി 18 നും 85 നും ഇടയിലുള്ള 14913 പേരെയാണ് ഈ സര്‍വ്വേയ്ക്കു വേണ്ടി അഭിമുഖം നടത്തിയത്. ഈ സര്‍വ്വേയും ഏഷ്യാനെറ്റ് സര്‍വ്വേ പോലെ തന്നെ പിണറായി വിജയനെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ രമേശ് ചെന്നിത്തലയെ വെറും രണ്ടര ശതമാനം പേര്‍ പിന്തുണയ്ക്കുന്ന നേതാവായിട്ടാണ് വിലയിരുത്തിയത്. ബി ജെ പിയിലെ ഒരാളെ പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാട്ടിയില്ല എന്നു മാത്രമല്ല, കേരളത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടി എന്ന നിലയില്‍ 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ബി ജെ പിയെ ആണെന്നും ഒരു ഉളുപ്പുമില്ലാതെ പറയാന്‍ ഇവര്‍ ധൈര്യം കാട്ടി. ഇതിനെയാണ് മിക്ക നേതാക്കളും നിരീക്ഷകരും ചോദ്യം ചെയ്തത്. കഴിഞ്ഞതവണ ഏതാണ്ട് ഇതേ സര്‍വ്വേകള്‍ പിണറായി വിജയനെ വെറും രണ്ടു ശതമാനമാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചിരുന്നത് എന്ന കാര്യവും വിമര്‍ശകര്‍ ഉയര്‍ത്തുന്നു. ഈ സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്, മാറണം എന്ന് ആഗ്രഹിക്കുന്നവര്‍ 40.5 ശതമാനവും സര്‍ക്കാരിനോട് എതിര്‍പ്പുണ്ട് മാറേണ്ടതില്ലെന്ന് 27.6 ശതമാനവും രേഖപ്പെടുത്തിയപ്പോള്‍ 31.9 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിനോട് എതിര്‍പ്പില്ല മാറേണ്ടതില്ല എന്ന് രേഖപ്പെടുത്തിയത്. ഏതാണ്ട് 69 ശതമാനം പേരും ഈ സര്‍ക്കാരിനോട് എതിര്‍പ്പുണ്ട് എന്നുപറഞ്ഞത് ജനവികാരമാണെന്ന് മനസ്സിലാക്കുന്നതില്‍ ഈ സര്‍വ്വേ പൂര്‍ണ്ണമായും പരാജയപ്പെട്ടു.
സര്‍വ്വേകളുടെ തട്ടിപ്പ് വ്യക്തമാകുന്നത് തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയും പ്രകടന പത്രികകള്‍ പോലും പുറത്തുവരികയും ചെയ്യുന്നതിന് മുന്‍പാണ് ഈ സര്‍വ്വേകള്‍ നടത്തിയത് എന്നകാര്യം അറിയുമ്പോഴാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വന്നതിനുശേഷം കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ കാണാത്ത സവിശേഷതകള്‍ കേരളം കണ്ടു എന്നതാണ് പ്രത്യേകത. ജീവിതത്തിലുടനീളം സംശുദ്ധമായ പ്രവര്‍ത്തനത്തിലൂടെ ലോകാരാധ്യനായി മാറിയ ഇ ശ്രീധരന്‍ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നു. പത്മവിഭൂഷണ്‍ നേടിയ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരിക്കും അദ്ദേഹം. മലയാളികള്‍ രാഷ്ട്രീയം കൊണ്ടു മാത്രം വയറു നിറയ്ക്കുന്നവരല്ലെങ്കില്‍, യുക്തിയും ബോധവും നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ ഇ.ശ്രീധരനെ പിന്തുണയ്ക്കാതിരിക്കാനാകുമോ? ശ്രീധരന്‍ മാത്രമല്ല, ഡോ. കെ എസ് രാധാകൃഷ്ണനും ഡോ. അബ്ദുള്‍ സലാമും ഇതേപോലെ സമാനതകള്‍ ഉള്ള വ്യക്തിത്വങ്ങളാണ്. ഇക്കാര്യങ്ങളൊന്നും സര്‍വ്വേകള്‍ പരിഗണിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ സ്വര്‍ണ്ണക്കടത്ത്, സ്വപ്‌ന, സരിത, ഡോളര്‍ കടത്ത് തുടങ്ങിയ മിക്ക കാര്യങ്ങളും വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന കാര്യത്തെ കുറിച്ച് യുക്തിസഹമായി അവതരിപ്പിക്കുന്നതില്‍ സര്‍വ്വേകള്‍ പരാജയപ്പെട്ടു. 25 ശതമാനത്തിലേറെ ആളുകള്‍ ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നുപറയുമ്പോള്‍ വെറും ഒന്നു മുതല്‍ മൂന്നു വരെ ശതമാനം മാത്രം വ്യത്യാസമുള്ള കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ സ്ഥാനത്തെ കുറിച്ച് ജയാപജയങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ ഒരു അനുമാനം മുന്നോട്ടു വെയ്ക്കുന്നതിലും സര്‍വ്വേകള്‍ പരാജയപ്പെട്ടു.
ശാസ്ത്രീയമായ സര്‍വ്വേകളുടെ രീതിശാസ്ത്രം അനുസരിച്ച്, ഏതു ജനവിഭാഗത്തെയാണോ സര്‍വ്വേ ചെയ്യുന്നത് അതിലെ സര്‍വ്വ തലങ്ങളെയും സ്പര്‍ശിക്കുന്ന തരത്തില്‍ മൂന്നുശതമാനം പേരെ എങ്കിലും സര്‍വ്വേക്ക് വിധേയമാക്കണം എന്നാണ് പറയുന്നത്. ആ തരത്തില്‍ സര്‍വ്വതല സ്പര്‍ശിയായി നടത്തുന്ന സര്‍വ്വേക്ക് മാത്രമാണ് വിശ്വാസ്യതയുള്ളത്. മുതലാളിയുടെ ഈര്‍ക്കില്‍ പാര്‍ട്ടിയെ സ്റ്റേജിന്റെ പ്രമുഖ സ്ഥാനത്ത് ഉറപ്പിക്കാന്‍ നടത്തുന്ന ഒരു പൊറാട്ട് നാടകം മാത്രമായിട്ടാണ് ചില സര്‍വ്വേകളെങ്കിലും വിലയിരുത്തപ്പെട്ടത്. മാധ്യമങ്ങള്‍ സര്‍വ്വേ നടത്തിയ ഏജന്‍സികളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും രാജാവ് നഗ്നനാണെന്ന തെരുവിലെ കുഞ്ഞിന്റെ വാക്ക് സാമൂഹിക ജീവിതത്തില്‍ മുഴച്ചു നില്‍ക്കുന്നു. സര്‍വ്വേകള്‍ ശാസ്ത്രീയവും ആധികാരികവുമല്ലെന്ന് സമൂഹം പാഠം പഠിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ സര്‍വ്വേകളില്‍ നിന്നാണ്. നരേന്ദ്രമോദി അധികാരത്തില്‍ എത്തില്ലെന്നും ഭൂരിപക്ഷം കിട്ടില്ലെന്നും പറഞ്ഞ അവസാന തവണ പോലും അദ്ദേഹം നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വായനക്കാരുടെയും പ്രേക്ഷകരുടെയും താല്‍ക്കാലിക ശ്രദ്ധ നേടാന്‍ വേണ്ടി മാത്രം നടത്തിയ തട്ടിക്കൂട്ട് സംഭവമാണ് ഈ സര്‍വ്വേകള്‍ എന്നാണ് കേരളത്തിലെ സാധാരണക്കാര്‍ വിശ്വസിക്കുന്നത്. അതിനപ്പുറം ഒന്നുമില്ല. സര്‍വ്വേ സംഘടിപ്പിച്ച ചാനല്‍ സഖാക്കള്‍ക്ക് നഷ്ടപ്പെടാന്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ കൈവിലങ്ങുകള്‍ മാത്രം. ധാര്‍മ്മികതയുടെ കൈവിലങ്ങുകള്‍.