ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ, നിരവധി ദേശാഭിമാനികള്‍ക്കു ജന്മം നല്‍കിയ തികഞ്ഞ ദേശീയ പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ മറന്നുകൊണ്ട് ദേശവിരുദ്ധതയുടേയും മതപ്രീണനത്തിന്റേയും അത്യന്തം അപകടകരമായ തലങ്ങളിലേക്കും അതിനുമപ്പുറം തികഞ്ഞ ഹിന്ദുവിരുദ്ധരായി മാറുന്നതായും കാണാന്‍ കഴിയും. ബ്രിട്ടീഷുകാരന്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി രൂപീകരിച്ച ആ പ്രസ്ഥാനം പിന്നീട് ദേശീയതയുടെ സന്ദേശവാഹകരായി മാറി എങ്കിലും പലപ്പോഴും സംഘടിത വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പിറകെപോയി തരംതാണ നിലപാടുകള്‍ കൈക്കൊള്ളുന്നതായും കാണുന്നു. ഈ പ്രക്രിയ ഇന്നും തുടരുകയാണ്.
ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ സ്വാതന്ത്ര്യസമരകാലത്ത് ഇന്നത്തെ ഐ.എസ്.ഐ.എസ്സിനോട് എന്തുകൊണ്ടും ചേരുംപടി ചേര്‍ക്കാവുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ ‘ദേശീയ’ മുദ്രചാര്‍ത്തി നാടെങ്ങും സ്വീകാര്യത നേടിക്കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം നടത്തിയ പരിശ്രമങ്ങളെ ജിന്നയെ പോലുള്ള മുസ്ലീം നേതാക്കള്‍ പോലും പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഗാന്ധിജിയടക്കമുള്ള നേതാക്കള്‍ തികഞ്ഞ മതമൗലികവാദികളായ അലിസഹോദരരടങ്ങുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ’സ്വാതന്ത്ര്യസമരത്തിനൊപ്പം’ചേര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഹൈന്ദവ സമൂഹത്തോട് കോണ്‍ഗ്രസ് ചെയ്ത ഏറ്റവും വലിയ പാതകമായിരുന്നു അത്. മാപ്പിള ലഹളയെന്ന കുപ്രസിദ്ധമായ ഹിന്ദുവംശഹത്യ ഇത്തരം സമീപനങ്ങളില്‍ നിന്നും ഉണ്ടായതായിരുന്നു. മുസ്ലീം സമൂഹത്തെ സ്വാതന്ത്ര്യപ്രക്രിയയില്‍ പങ്കെടുപ്പിക്കുക എന്ന സദുദ്ദേശ്യപരമായ ലക്ഷ്യത്തോടെയാണെങ്കിലും ഗാന്ധിജിയടക്കമുള്ളവര്‍ അതില്‍ പരോക്ഷമായെങ്കിലും പങ്കാളിയായി എന്നതാണ് ഏറ്റവും വലിയ ദുഃഖസത്യം.
തുടര്‍ന്നിങ്ങോട്ട് ഇസ്ലാമിസ്റ്റുകളുടെ ചൊല്‍പ്പടിയിലമരുന്ന ഒരു മത സംഘടനയോ അല്ലെങ്കില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോഷക സംഘടനയോ ആയി കോണ്‍ഗ്രസ് തരം താണു. 1923ലെ കാക്കിനാഡെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിഷ്ണു ദിഗംബര്‍ പുലസ്‌കര്‍ വന്ദേമാതരം ചൊല്ലിയപ്പോള്‍ അധ്യക്ഷനായ മൗലാനാ മുഹമ്മദലി, ‘ഹൈന്ദവ’മാണെന്ന് ആക്ഷേപിച്ച് ‘വന്ദേമാതരത്തിനെതിരെ പരസ്യമായി നിലപാടെടുത്തു. മതഭേദമെന്യേ ദേശീയവാദികള്‍ ഉയര്‍ത്തിയ സമരഗീതമായിരുന്ന വന്ദേമാതരത്തെ ഇവ്വിധം പരസ്യമായി അപമാനിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ആരും അവിടെ തയ്യാറായതുമില്ല. കോണ്‍ഗ്രസ് എത്രത്തോളം ഇസ്ലാമികവത്ക്കരിക്കപ്പെട്ടു എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു പ്രസ്തുത സംഭവം. തുടര്‍ന്ന്, മൗലാനാ മുഹമ്മദലി നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം ചെയ്യാന്‍ 50% ഹരിജനങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകപോലും ചെയ്തു (കെ.ആര്‍. മല്‍ക്കാനി. സംഘചരിത്രം – പേജ്: 31). അക്കാലത്ത് കൊടിയ ജാതി പീഡനമേറ്റുവാങ്ങുന്ന ഹരിജനങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഗാന്ധിജിയടക്കമുള്ളവര്‍ ഏറെ പണിപ്പെടുന്ന സമയത്താണ് ഈ കോണ്‍ഗ്രസ് നേതാവില്‍ നിന്നും ഒരു തികഞ്ഞ മതമൗലികവാദിയുടെ ശബ്ദമുയര്‍ന്നത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ലക്ഷക്കണക്കിനു കാശ്മീരി ഹിന്ദുക്കളുടെ ജീവിതം തകര്‍ത്ത കാശ്മീര്‍ പ്രശ്‌നം അതിന്റെ പ്രാരംഭകാലത്തുതന്നെ യു.എന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ച്, തികച്ചും ഭാരതത്തിന്റെ ആഭ്യന്തര പ്രശ്‌നമായ ഒരു പ്രശ്‌നത്തെ അന്താരാഷ്ട്രവത്ക്കരിച്ച് ഇന്നും ഒരു തര്‍ക്കപ്രദേശമാക്കിയത് വിശ്വപൗരന്‍ എന്നറിയപ്പെടുന്ന നെഹ്‌റുവിന്റെ ഇസ്ലാമിക പ്രീണനത്തിന്റെ അനേകമുദാഹരണങ്ങളിലൊന്നാണ്.
നെഹ്‌റു തുടങ്ങിവെച്ച ഹിന്ദുവിരുദ്ധ നിലപാടുകള്‍ രാഷ്ട്രത്തെ വിഭാഗീയതയിലേക്കു നയിച്ചപ്പോള്‍ ഒരു പടികൂടികടന്ന് ഇന്ദിരാഗാന്ധി ഭാരതത്തിന്റെ ചരിത്ര പുസ്തകങ്ങളെ ഇസ്ലാമികവത്ക്കരിച്ചുകൊണ്ട് വരുംതലമുറകളുടെ ചിന്തകളെ വക്രീകരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഇന്ദിരയുടെ കാലം മുതലാണ് ചരിത്രത്തിന്റെ നുണയെഴുത്തുകള്‍ ശക്തമായത്. ഹിന്ദുരക്തദാഹികളായ ഔറംഗസീബിനേയും ഹൈദരാലിയേയും ടിപ്പുവിനേയും അവരുടെ ഭരണത്തേയും മഹത്വവത്ക്കരിച്ചപ്പോള്‍ മഹത്തായ മൗര്യ, ചോള, ചേര, പല്ലവ സാമ്രാജ്യങ്ങളേയും ശിവജിയേയും കൃഷ്ണദേവരായരേയും ചാണക്യനേയും എല്ലാം അക്രമണകാരികളോ സാമ്രാജ്യത്വവാദികളോ ആയി മുദ്ര ചാര്‍ത്തി. ജി.പാര്‍ത്ഥസാരഥി, അര്‍ജുന്‍ദേവ് തുടങ്ങിയ ഇടതു ചരിത്രകാരന്മാരെ ഭാരതത്തിന്റെ ചരിത്രമെഴുതാന്‍ നിയോഗിച്ച ഇന്ദിരാഗാന്ധി കാലങ്ങളായി കോണ്‍ഗ്രസ്സിനെ ഗ്രസിച്ച മതപ്രീണനനയത്തിന്റെ മറ്റൊരു മുഖമായി മാറുകയായിരുന്നു.
ചരിത്രകാലഘട്ടങ്ങളില്‍ നിരവധി ഹൈന്ദവ രാജാക്കന്മാര്‍ പണിത ഇന്നും ലോകത്തിനു വിസ്മയമായ മഹാക്ഷേത്രങ്ങളും ഭാസ്‌കരാചാര്യരും ആര്യഭടനുമടങ്ങുന്ന മഹാപ്രതിഭകളും ചരിത്രപുസ്തകങ്ങളില്‍ നിന്നും അകറ്റപ്പെട്ടു. പകരം മുഗളന്റെ കലാബോധം (?) മാത്രം ഉയര്‍ത്തിക്കാട്ടി ഈ നാടിന്റെ മഹത്തായ പൈതൃകത്തെ പുതിയ തലമുറകളില്‍ നിന്നും അകറ്റി നിറുത്താന്‍ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ഏറെ പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇത്തരം പ്രവൃത്തികള്‍ ഇടതു ചരിത്രകാരന്മാരെ ഏല്‍പ്പിച്ചതോടെ കലാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവരില്‍ വലിയൊരു വിഭാഗം ഭാരതീയ ചിന്തകളെ അവഹേളിക്കുന്ന അവസ്ഥയിലും എത്തി. മെക്കാളെ തുടങ്ങിവെച്ച കാര്യങ്ങള്‍ സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ കൃത്യമായി നടപ്പിലാക്കി എന്നര്‍ത്ഥം. ജെ.എന്‍.യു, ഉസ്മാനിയ, അലിഗഢ് യൂണിവേഴ്‌സിറ്റികളില്‍ ഇന്നും ഉയരുന്ന രാഷ്ട്രവിരുദ്ധ ശബ്ദങ്ങള്‍ ഇത്തരം വികലപാഠ്യപദ്ധതികളില്‍ നിന്നും രൂപപ്പെടുന്നതാണെന്ന് തിരിച്ചറിഞ്ഞ ഇന്നത്തെ ഭരണാധികാരികള്‍ പഴയ തെറ്റായ ചരിത്രങ്ങളെ തിരുത്തി ഭാരതത്തിന്റെ സത്യസന്ധമായ ചരിത്രത്തെ പഠിപ്പിക്കാന്‍ ശ്രമം തുടങ്ങിയത് ദേശീയവാദികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
പാകിസ്ഥാന്‍ കേന്ദ്രീകൃത മതഭീകരഗ്രൂപ്പുകള്‍ ഭാരതത്തെ നിരന്തരം ആക്രമിച്ചുകൊണ്ട് ചോരപ്പുഴകള്‍ ഒഴുക്കിയപ്പോള്‍ ഭീകരവാദികളെ തള്ളിപ്പറയുന്നതിനുപകരം ആ കുറ്റം ഹൈന്ദവ സംഘടനകളുടെ മേല്‍ ചാര്‍ത്താനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ ഭരണകൂടവും തയ്യാറായത്. കാവിഭീകരത, ഹിന്ദുതീവ്രവാദം തുടങ്ങിയ പദപ്രയോഗങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമാണ് പ്രയോഗിച്ചത്. ഇസ്ലാമിക ഭീകരര്‍ രാജ്യം മുഴുവന്‍ സ്‌ഫോടനങ്ങളും മറ്റ് ആക്രമണങ്ങളും അഴിച്ചുവിട്ട സമയങ്ങളില്‍ ”ഇത്തരം സ്‌ഫോടനങ്ങള്‍ക്കുത്തരവാദികള്‍ രാജ്യത്തിനകത്തുള്ളവരാണെന്ന്” പറഞ്ഞ് പാകിസ്ഥാനെ ന്യായീകരിക്കാന്‍ എ.ആര്‍. ആന്തുലേയും അര്‍ജുന്‍ സിംഗിനേയും പോലുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ രംഗത്തു വരികയുണ്ടായി. ഇതിനെ എതിര്‍ത്തുകൊണ്ട് അന്നത്തെ ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് രംഗത്തുവന്നപ്പോള്‍ അതിനെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍-ലീഗ്-കമ്മ്യൂണിസ്റ്റുകള്‍ ഒന്നടങ്കം രംഗത്തുവരികയുണ്ടായി. (ചന്ദ്രിക ദിനപത്രം 2005 ജൂലായ് 15)
എല്‍.കെ. അദ്വാനിയടക്കമുള്ള ബിജെപി ഉന്നത നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട് കോയമ്പത്തൂരില്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ നിരവധിയാളുകളുടെ ജീവനെടുത്തപ്പോള്‍ അവിടെയും ഭീകരവാദികള്‍ക്കു തുണയായത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. സീതാറാം കേസരി, ആര്‍.എസ്.എസ് ആണ് സ്‌ഫോടനം നടത്തിയതെന്നുവരെ നിര്‍ലജ്ജം പ്രസ്താവനയിറക്കിയപ്പോള്‍ അത് ഇവിടത്തെ തീവ്രവാദ ഗ്രൂപ്പുകള്‍ ഏറ്റുപിടിക്കുകയും ചെയ്തു. പഴയ എന്‍ഡിഎഫിന്റെ മനുഷ്യാവകാശ മുഖം മൂടിയായിരുന്ന മുകുന്ദന്‍ സി. മേനോനടക്കമുള്ളവര്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ആര്‍.എസ്.എസ്സിന്റെ പേരും ചേര്‍ത്ത് നടത്തിയ നുണ പ്രചരണങ്ങള്‍ ചില മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു.
ലഷ്‌കര്‍ തൊയ്ബയെക്കാള്‍ നമ്മുടെ പ്രധാന ശത്രു ആര്‍.എസ്.എസ് ആണെന്ന് രാഹുല്‍ ഗാന്ധി ഒരു വിദേശ വനിതാ നയതന്ത്ര പ്രതിനിധിയോട് പറഞ്ഞത് കോണ്‍ഗ്രസ് പ്രസ്ഥാനം ഹൈന്ദവ സമൂഹത്തോട് കാട്ടുന്ന കടുത്ത വെറുപ്പിന്റെ പ്രതിഫലനമാണ്. കാശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്ര ഗവണ്‍മെന്റിന്റെ ധീരമായ നടപടികള്‍ രാജ്യമെങ്ങും സ്വീകരിക്കപ്പെട്ടപ്പോള്‍ ‘കശ്മീരില്‍ ആര്‍.എസ്.എസ്. അജണ്ട നടപ്പിലാക്കുന്നു’ എന്നും പ്രസ്തുത വകുപ്പ് എടുത്തുമാറ്റിയതോടെ കശ്മീരില്‍ ജനങ്ങള്‍ കൊല്ലപ്പെടുകയാണെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് യു.എന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷെറിന്‍ മസാരി ഹര്‍ജി നല്‍കിയതും തികഞ്ഞ ദേശദ്രോഹ നിലപാടുകളാണ്.
ഹിന്ദു താലിബാന്‍ എന്ന ശശി തരൂരിന്റെ ഒന്നിലധികം തവണയുള്ള പ്രസ്താവനകളും ഇതിന്റെ ഒരു ഭാഗമായി ചേര്‍ക്കാവുന്നതാണ്. അടുത്തകാലത്തായി മുന്‍രാഷ്ട്രപതിയുടെ പുസ്തകത്തില്‍ സോണിയാഗാന്ധിയുടെ ഹിന്ദുവിരുദ്ധ ചിന്തകളും ഏറെ വിവാദമായി മാറിയിരുന്നു.
2016-ലെ തിരഞ്ഞെടുപ്പ് സമയം ”ബേപ്പൂരിന് മുസ്ലീം എം.എല്‍.എയാണു വേണ്ടതെന്ന” കോണ്‍ഗ്രസ് നേതാവ് കെ.സി. അബുവിന്റെ വാക്കുകളും ഒരു ഭീകരനേതാവിന്റെ ശൈലിയും സമീപനവുമായിരുന്നു. വിഷലിപ്തമായ ഇത്തരം പ്രസ്താവനക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി.പ്രകാശ് ബാബു തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുകയും കമ്മീഷന്‍ കെ.സി.അബുവിനെ പരസ്യമായി ശാസിക്കുകയുമുണ്ടായി. (മാതൃഭൂമി 2016 മെയ് 3)
ഉത്തരേന്ത്യയിലെവിടെയെങ്കിലും ഏതെങ്കിലും ഹിന്ദു കടലാസ് സംഘടന മതാത്മകമായ എന്തെങ്കിലും പ്രസംഗമോ മറ്റോ നടത്തിയാല്‍ കാവി ഭീകരതയെ ന്നും പറഞ്ഞ് ചര്‍ച്ചാ പരമ്പരകള്‍ നടത്തുന്ന കേരളത്തിലെ മാധ്യമങ്ങള്‍ കോണ്‍ഗ്രസ് നേതാവിന്റെ ഈ വര്‍ഗ്ഗീയ പ്രസംഗത്തെ വിദഗ്ദ്ധമായി കണ്ടില്ലെന്നു നടിച്ചു.
മുന്‍ കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടത്തിയ ‘ടിപ്പു ജയന്തി’ ആഘോഷങ്ങള്‍ കര്‍ണാടകയിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുടെ വിത്തുവിതക്കാനുള്ള പതിവുതന്ത്രത്തിന്റെ ഭാഗമായിരുന്നു. ടിപ്പുസുല്‍ത്താന്‍ കുടകിലും മറ്റും നടത്തിയ ഹിന്ദുകൂട്ടക്കുരുതിയുടെ ആഴത്തിലുള്ള മുറിവുകള്‍ ഇന്നും ജനങ്ങളുടെ മനസ്സില്‍ ചോരപുതഞ്ഞു നില്‍ക്കുമ്പോഴാണ് ടിപ്പു ചരിത്ര പുരുഷനെന്ന വിചിത്രവാദവുമായി കോണ്‍ഗ്രസ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഏറ്റവുമൊടുവില്‍ പുലികേശി നഗര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്കുനേരെ നടത്തിയ മതഭീകര ആക്രമണങ്ങളും ബംഗളൂരു കലാപവും നാടിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍, ന്യായമായും എം.എല്‍.എക്കൊപ്പം നില്‍ക്കേണ്ട കോണ്‍ഗ്രസ് നേതൃത്വം ദളിത് നേതാവുകൂടിയായ ശ്രീനിവാസമൂര്‍ത്തിയെ തള്ളിപ്പറഞ്ഞുകൊണ്ട് തീവ്രവാദക്കൂറ് കാട്ടുകയാണ് ചെയ്തത്.
പ്രത്യക്ഷത്തില്‍ ഇടതു ചിന്തകളാല്‍ നയിക്കപ്പെട്ട മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി എന്ന തികഞ്ഞ മതമൗലികവാദിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിയതും ഇതേ സംഘടനയായിരുന്നു. ഇറാന്‍ ചാര സംഘടനയായ ‘സവാകു’മായി ഗൂഢബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് മുന്‍ റോ മേധാവി ഈയടുത്ത കാലത്തായി വെളിപ്പെടുത്തിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബഹിരാകാശ രംഗത്ത് ഉറച്ച കാല്‍വെയ്പുകളോടെ മുന്നേറിയ ഭാരതത്തെ ഏറെ പിറകിലേക്കു വലിച്ച കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നില്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കിയതും നമ്പിനാരായണനും ശശികുമാറുമടങ്ങുന്ന പ്രഗല്‍ഭ ശാസ്ത്ര പ്രതിഭകളെ ചാരന്മാരായി മുദ്രകുത്തിയ സംഭവങ്ങളിലുമെല്ലാം ഈ മുന്‍ ഉപരാഷ്ട്രപതിയുടെ അദൃശ്യകരങ്ങളുണ്ടായിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
കഴിഞ്ഞവര്‍ഷം നടന്ന സിഎഎ വിരുദ്ധ യോഗങ്ങള്‍ പ്രത്യക്ഷത്തില്‍ നയിച്ചത് മതതീവ്രവാദികളായിരുന്നെങ്കിലും അവര്‍ക്കുവേണ്ട സര്‍വ്വപിന്തുണയും നല്‍കി നാടെങ്ങും കലാപശ്രമങ്ങള്‍ നടത്താനും സാധാരണ മുസ്ലിം മനസ്സുകളില്‍ വിദ്വേഷത്തിന്റെ കനല്‍ കോരിയിടാനും കോണ്‍ഗ്രസ്സിന്റെ ദേശീയ പ്രസിഡന്റു മുതല്‍ താഴെ തട്ടിലുള്ള ബൂത്ത് പ്രസിഡന്റുമാര്‍ വരെയുള്ള പാര്‍ട്ടി സംവിധാനങ്ങള്‍ ആവുംവിധം പരിശ്രമിക്കുകയുണ്ടായി.
2004-ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ വധിക്കാന്‍ ഇസ്രത്ത് ജഹാനും കൂട്ടാളികളും നടത്തിയ ശ്രമം ഗുജറാത്ത് പോലീസ് പരാജയപ്പെടുത്തുകയും കുറ്റവാളികള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ നരേന്ദ്രമോദിയെതന്നെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അവരുടെ പതിവു നുണതന്ത്രങ്ങള്‍ ഉപയോഗിച്ചെങ്കിലും അതു വിജയിച്ചില്ല. അന്നത്തെ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ, 2013 സപ്തംബര്‍ 5ന് തീന്‍മൂര്‍ത്തി ഭവനില്‍ വിളിച്ചുവരുത്തി സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയെങ്കിലും അദ്ദേഹം അതിനു വഴങ്ങാതിരുന്നതിനാല്‍ അത്തരം ഉദ്യമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്നും സിബിഐ ഡയറക്ടര്‍ തന്നെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി (മാതൃഭൂമി 2014 ഫിബ്രവരി 15). കോണ്‍ഗ്രസ് എന്നത് അടിസ്ഥാനപരമായി ഹിന്ദുവിരുദ്ധവും രാഷ്ട്രതാല്‍പര്യത്തിന് വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന അവസരവാദ ആശയധാരയാണെന്നതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല. ശബരിമല നിലയ്ക്കല്‍ പ്രശ്‌നങ്ങളില്‍ ക്രൈസ്തവ മതമേധാവികളുടെ ഇംഗിതത്തിനനുസരിച്ച് ഹൈന്ദവ വിശ്വാസത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ രണ്ട് വര്‍ഷം മുമ്പ് യുവതീപ്രവേശന വിഷയത്തില്‍ അവസരവാദപരമായി ‘വിശ്വാസിപക്ഷ’ മുഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടതിന്റെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. സൃഗാലതന്ത്രങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതില്‍ അമ്പരപ്പിക്കുന്ന പ്രവര്‍ത്തന മികവുള്ള ഈ സംഘടന കാലാകാലങ്ങളില്‍ തുടരുന്ന ഹിന്ദുവിരുദ്ധ നിലപാടുകള്‍ മാപ്പിള ലഹളയെന്ന കുപ്രസിദ്ധമായ ഹിന്ദുവംശഹത്യയെ ന്യായീകരിക്കുന്നതില്‍ എത്തി നില്‍ക്കുന്നുണ്ട്. ആലി മുസലിയാരെയും മാപ്പിള ലഹളയേയും പിന്തുണക്കുന്നവരില്‍ നിന്ന് ഹൈന്ദവ സമൂഹത്തിന് ഇനിയും എന്തെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്.
കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ തന്നെ പല സംസ്ഥാനങ്ങളിലും നടപ്പാക്കിയ ഗോവധ നിരോധനം മഹാരാഷ്ട്രയില്‍ കഴിഞ്ഞ ബി.ജെ.പി സഖ്യഗവണ്‍മെന്റ് നടപ്പിലാക്കിയപ്പോള്‍ നിരോധനമില്ലാത്ത കേരളത്തില്‍ പശുവിനെയറുത്ത് ‘പ്രതിഷേധിച്ച’ കോണ്‍ഗ്രസ്സുകാര്‍ മുസ്ലിങ്ങളുടെ വോട്ടുകിട്ടാനുള്ള സര്‍വ്വതന്ത്രങ്ങളും പയറ്റുമെന്നത് ഇനിയെങ്കിലും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.