Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മലയാളിയും രാമന്റെ അയനവും (മലയാളിയുടെ രാമന്‍ തുടര്‍ച്ച)

കെ.കെ.വാമനൻകെ.കെ.വാമനൻ
12 March 2021

ഒരുമയുടെ തെളിവും ഫലവുമാണ് പ്രാചീനകാലം മുതല്‍ മലയാളി അയോധ്യയിലെ രാമനെ നെഞ്ചേറ്റിയത്. ഇവിടെയും രാമന്‍ ഒരേസമയം ഒരു പൂജാവിഗ്രഹവും മാതൃകയാക്കേണ്ട ഉടല്‍പൂണ്ട ധര്‍മ്മവുമായിരുന്നു. കണ്ണശ്ശന്മാരും തുഞ്ചത്താചാര്യനും രാമന്റെ ആ രണ്ടുതരത്തിലുള്ള മഹിമയേയും മലയാളിയുടെ ഉള്ളിലുണര്‍ത്തി. എം.സതീശന്‍ ‘രാമകഥ പാടി മലയാളം’ എന്ന തന്റെ ഭാവസുന്ദരമായ ലേഖനത്തില്‍ (ജന്മഭൂമി, ജനുവരി 30, 2021) ചൂണ്ടിക്കാണിച്ചതുപോലെ പി.നാരായണക്കുറുപ്പ് (രാമക്ഷേത്രദര്‍ശനം), കുമാരനാശാന്‍ (ചിന്താവിഷ്ടയായ സീത), വള്ളത്തോള്‍ (കൊച്ചുസീത, കിളിക്കൊഞ്ചല്‍), സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ (സാകേതം, ലങ്കാലക്ഷ്മി), ഇടശ്ശേരി (ഹനുമത്സേവ തുഞ്ചന്‍പറമ്പില്‍), മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ (പുതിയ രാമായണം), ഡി.വിനയചന്ദ്രന്‍ (പ്രവാസിയുടെ ഓര്‍മ്മ) തുടങ്ങിയ കവികോകിലങ്ങള്‍ ഈ ആധുനികകാലത്തും രാമകഥാവാഹിനിയാല്‍ സഹൃദയരായ മലയാളികളുടെ അന്തരംഗത്തില്‍ കുളിര്‍മ്മ നിലനിര്‍ത്തുന്നു.

Google NewsAdd Kesari Weekly as a preferred source on Google

കേരളീയരുടെ ദേവതാസങ്കല്‍പ്പം എന്ന പുസ്തകത്തില്‍ പ്രസിദ്ധചരിത്രപണ്ഡിതനായ എം.ജി. ശശിഭൂഷണ്‍ കേരളത്തിലെ ക്ഷേത്രപദ്ധതിയില്‍ പൂജാബിംബമായും ചുവര്‍ചിത്രങ്ങളായും മുപ്പത്തിയഞ്ചോളം തരത്തില്‍ രാമനും രാമായണവും പ്രത്യക്ഷപ്പെടുന്നതു വിവരിക്കുന്നു. ദശരഥനന്ദനരാമന്‍, കൗസല്യാസുഖവര്‍ദ്ധനരാമന്‍, വിശ്വാമിത്രപ്രിയരാമന്‍, താടകാഘാതരാമന്‍, അഹല്യോദ്ധാരകരാമന്‍, ത്ര്യംബകകാര്‍മ്മുകഭഞ്ജകരാമന്‍, സീതാര്‍പ്പിതവരമാലികരാമന്‍, ഭാര്‍ഗവദര്‍പ്പവിനാശകരാമന്‍, പിതൃവാക്യാശ്രിതകാനനരാമന്‍, പ്രിയഗുഹനിവേദിതപദരാമന്‍, ദുഷ്ടവിരാധവിനാശനരാമന്‍, ശൂര്‍പ്പണഖാര്‍ത്തിവിധായകരാമന്‍, ഖര-ദൂഷണമുഖസൂദകരാമന്‍, മാരീചാര്‍ത്തികൃദാശുകരാമന്‍, വിനഷ്ടസീതാന്വേഷകരാമന്‍, കബന്ധമോക്ഷരാമന്‍, സുഗ്രീവാഭീഷ്ടദരാമന്‍, ഗര്‍വിതബാലിസംഹാരകരാമന്‍, സീതാന്വേഷണരാമന്‍, സീതാപ്രാണധാരകരാമന്‍, വാനരസൈന്യസമാവൃതരാമന്‍, രാവണനിധനപ്രസ്ഥിതരാമന്‍, സേതുനിബന്ധകരാമന്‍, വിഭീഷണദായകരാമന്‍, രാക്ഷസസംഘവിമര്‍ദ്ദകരാമന്‍, കുംഭകര്‍ണ്ണനിഗ്രഹരാമന്‍, ഇന്ദ്രജിത്ത് നിഗ്രഹരാമന്‍, രാവണാന്തകരാമന്‍, വീരരാമന്‍, വിഭീഷണവിലാപം, മണ്ഡോദരീവിലാപം, സീതാരാമപുനസ്സമാഗമം, പട്ടാഭിഷേകരാമന്‍, അയോധ്യാധിപതിരാമന്‍ എന്നിവയാണവ. വാല്‍മീകിയുടെ മര്യാദാപുരുഷോത്തമനും അധ്യാത്മരാമായണത്തിലെ പരമാത്മാവായ രാമനും ഒരുപോലെ മലയാളിക്കു സ്വീകാര്യനായിരുന്നു എന്നും ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

കോടതികളില്‍ സത്യം ചെയ്യാന്‍ രാമായണം ഇന്നും ഉപയോഗപ്പെടുത്തുന്നു. നവരാത്രികാലത്തെ പൂജവെയ്പ്പില്‍ രാമായണം ഒഴിവാക്കാനാവാത്ത ഒന്നാണല്ലോ. മലയാളിവീടുകളില്‍ വൈകുന്നേരത്തെ സന്ധ്യകളില്‍ നിത്യവും മുടങ്ങാതെ നടത്തിവന്ന നാമകീര്‍ത്തനസപര്യയില്‍ രാമനാമജപം പ്രധാനപങ്കു വഹിച്ചിരുന്നു. കര്‍ക്കടകമാസത്തില്‍ ഇരുപത്തിഒന്നു ദിവസത്തെ വ്രതത്തോടു കൂടിയ രാമായണപാരായണം മലയാളികുടുംബങ്ങളുടെ പതിവായിരുന്നു. ഇന്നും ആ ചടങ്ങിന്റെ സ്വീകാര്യതയ്ക്കു മങ്ങലേറ്റിട്ടില്ലല്ലോ. ഗ്രാമനഗരവാസികളായ മലയാളികളിലെന്നപോലെ വനവാസികളായ മലയാളികളിലും രാമനും രാമകഥയും ഭക്തിയുടെയും ധര്‍മ്മബോധത്തിന്റെയും ഗൃഹാതുരത്വം പണ്ടുമുതലേ ഉണര്‍ത്തിയിരുന്നു എന്നു കാണാം.

ADVERTISEMENT

ഇസ്ലാംമതവിശ്വാസികളായ മലയാളികളും രാമകഥയെ സ്വാംശീകരിച്ചു. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാര്‍ സമ്പാദനം ചെയ്ത മാപ്പിള രാമായണം. പ്രശസ്തഭാഷാപണ്ഡിതനായ ഡോക്ടര്‍ കെ. ഭാസ്‌കരന്‍ നായര്‍ 1978-ല്‍ എഴുത്തച്ഛനെക്കുറിച്ച് എഴുതിയ ലേഖനത്തില്‍(K. Bhaskaran Nair, 1978, Thunchattu Ezhuthachan in Ramayana, Maha bharata and Bhagavata Writers. New Delhi: Publication Division ) ക്രൈസ്തവമതാനുയായികളായ മലയാളികളും രാമായണത്തെ ആദരിച്ചിരുന്നു എന്നു ചൂണ്ടിക്കാട്ടുന്നു. ‘ആന്ധ്രസ്വദേശിയായ എസ്. ടി. റെഡ്യാര്‍ അച്ചടിച്ച ഇതിന്റെ (എഴുത്തച്ഛന്റെ രാമായണത്തിന്റെ) ആദ്യകാലപതിപ്പുകള്‍ ബൈബിളിനോടൊപ്പം ഒരമൂല്യനിധിയായി സൂക്ഷിക്കുന്ന കേരളത്തിലെ നിരവധി ക്രൈസ്തവകുടുംബങ്ങളെ എനിക്കറിയാം’ എന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. പി. എ. വാഡിയയും കെ. ടി. മെര്‍ച്ചന്റും ചേര്‍ന്നെഴുതിയ ഔവര്‍ എക്കൊണോമിക് പ്രോബ്ലം (1943) എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ ഗ്രാമീണസംസ്‌കൃതി ഇതരസമൂഹങ്ങളെ സ്വാംശീകരിക്കുന്നതായിരുന്നു എന്നു പറയുന്നുണ്ട്.

ലോകചരിത്രം വെളിവാക്കുന്നത് വൈദേശികസമൂഹങ്ങള്‍ ഇതരസമൂഹങ്ങളെ സംഹരിച്ച (അനിഹിലേഷന്‍) പ്പോള്‍ നമ്മുടെ മേല്‍ക്കണ്ട ഹിന്ദുത്വാധിഷ്ഠിതഏകാത്മസംസ്‌കൃതി അവയെ സ്വാംശീകരിച്ചു (അസിമിലേഷന്‍) എന്നതാണല്ലോ. രാമനും രാമന്റെ അയനവും ഇവിടെ ആ സ്വാംശീകരണപ്രക്രിയക്ക് ആക്കം കൂട്ടി എന്നു കാണാം. മൂന്ന് സെമിറ്റിക്ക് തീവ്രവാദങ്ങളുടെ കടന്നുകയറ്റവും അന്യവല്‍ക്കരണശ്രമങ്ങളും- സി. ഇ. 712-ല്‍ മുഹമ്മദ് ബിന്‍ കാസിമിന്റെ സിന്ധ് ആക്രമണം മുതലാണ് മതത്തിന്റെയും തുടര്‍ന്ന് ഇസത്തിന്റെയും പേരിലുള്ള തികച്ചും വൈദേശികമായ സെമിറ്റിക് തീവ്രവാദം ഭാരതത്തിലേക്കുള്ള അതിന്റെ കടന്നുകയറ്റം തുടങ്ങിയത്. ഒന്നിനു പിറകേ ഒന്നായി ഇവിടേക്ക് കടന്നു വന്ന വിദേശസമൂഹങ്ങളുടെ ചരിത്രം പഠിച്ചാല്‍ നിലനില്‍പ്പിനു വേണ്ടി അവിടങ്ങളിലെ മനുഷ്യസമൂഹങ്ങള്‍ തമ്മില്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ നാള്‍വഴിപട്ടിക ആണ് അത് എന്നു കാണാം. തന്മൂലം പ്രകൃതി, ജീവജാലങ്ങള്‍, ഇതരമനുഷ്യസമൂഹങ്ങള്‍ എന്നിവയുടെ എല്ലാം മേല്‍ മേല്‍ക്കോയ്മ അഥവാ അധീശത്വം (ഹെജുമണി) ഉറപ്പിക്കലും അവയെയെല്ലാം ആവോളം ചൂഷണം ചെയ്യലും ആ സമൂഹങ്ങളുടെ, വിശിഷ്യ പാശ്ചാത്യസമൂഹങ്ങളുടെ, സ്വഭാവമായി മാറി.

ബ്രിട്ടീഷുകാരുടെ വരവോടെ, ഭാരതീയരെ ഒന്നാക്കി നിര്‍ത്തുന്ന മേല്‍പ്പറഞ്ഞ ഹിന്ദുത്വത്തെ ഇല്ലായ്മചെയ്യാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ ഈ മനഃസ്ഥിതി (മൈന്‍ഡ്സെറ്റ്) പുലര്‍ത്തുന്ന ആംഗ്ളോ-ജര്‍മ്മന്‍ പണ്ഡിതന്മാര്‍ ആരംഭിച്ചു. ഹൈന്ദവമായ എന്തിനേയും ഇകഴ്ത്തിക്കാട്ടി ഈ ദേശവാസികളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുവാന്‍ അധീശത്വമോഹികളായ ആ തീവ്രവാദശക്തികള്‍ പരിശ്രമിച്ചു പോന്നു. ഇന്നും തടരുകയും ചെയ്യുന്നു.

ഡോക്ടര്‍ എസ്.എന്‍.സദാശിവന്‍ തന്റെ എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യ എന്ന പുസ്തകത്തിലെ ദി ആര്യന്‍ ഇന്‍വേഷന്‍ ഓഫ് ഇന്‍ഡ്യ എന്ന ഒന്നാം അധ്യായത്തില്‍ ഈ നീക്കങ്ങളെ അക്കമിട്ടു നിരത്തുകയും അവരുടെ വാദങ്ങളെ ഓരോന്നിനേയും സമര്‍ത്ഥമായി ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ പ്രാമാണികപണ്ഡിതന്മാരുടെ ആധുനികപഠനങ്ങളും കണ്ടെത്തലുകളും, ബ്രിട്ടീഷുകാരുടെ അധിനിവേശകാലം തൊട്ട,് ആംഗ്ലോ-ജര്‍മ്മന്‍ പണ്ഡിതന്മാരും പിന്നീട് കമ്മ്യൂണിസ്റ്റു എഴുത്തുകാരും ഹിന്ദുസ്ഥാനം, ഹിന്ദുസമാജം, ഹിന്ദുധര്‍മ്മം എന്നിവയെക്കുറിച്ചു തയ്യാറാക്കി പ്രചരിപ്പിച്ച ആശയങ്ങളുടെ പൊള്ളത്തരങ്ങളേയും കള്ളത്തരങ്ങളേയും തുറന്നു കാട്ടുന്നവയുമാണ്. മേല്‍പ്പറഞ്ഞ ഛിദ്രശക്തികള്‍ മെനഞ്ഞുണ്ടാക്കി ശാസ്ത്രീയപരിവേഷം പകര്‍ന്നു പ്രചരിപ്പിച്ച നിരവധി കള്ളക്കഥകളില്‍ ചിലത് ആര്യ-ദ്രാവിഡവാദം, ഭാരതചരിത്രം വൈദികകാലം എന്ന ഒരു സാങ്കല്‍പികകാലഘട്ടം മുതലാണു തുടങ്ങുന്നതെന്നു വരുത്തിത്തീര്‍ക്കല്‍, ഭാരതീയഭാഷകളെ ഇന്‍ഡോ-യൂറോപ്യന്‍ (ആര്യന്‍) എന്നും ദ്രാവിഡം എന്നും ഭാഷാപരമായി വേര്‍തിരിക്കല്‍്, ശരീരഘടനയുടെ അടിസ്ഥാനത്തില്‍ പല വംശ (റേയ്സ്) ങ്ങളായി ഭാരതീയരെ മൊത്തം തരംതിരിക്കല്‍, സനാതനികള്‍ എന്നും അറിയപ്പെടുന്ന വൈദികസമ്പ്രദായികളെ മാത്രം ഹിന്ദുക്കള്‍ എന്ന പട്ടികയിലും മറ്റുള്ള അവൈദികരെ ജൈനര്‍, ബൗദ്ധര്‍, സിക്കുകാര്‍, ദളിതര്‍, ആദിവാസികള്‍ എന്നിങ്ങനെ വിവിധ പട്ടികകളിലും പെടുത്തി ഭാരതീയരെ ആകമാനം റിലിജിയന്‍ എന്ന തെറ്റായ അര്‍ത്ഥം കല്‍പ്പിച്ചു പ്രയോഗിച്ചുവരുന്ന മത-ത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കല്‍, വൈദികമേല്‍ക്കോയ്മക്കെതിരായി അടിച്ചമര്‍ത്തപ്പെട്ട അവൈദികജനത നടത്തിയ രാജനൈതിക (പൊളിറ്റിക്കല്‍) മാനമുള്ള കലാപമാണ് ബൗദ്ധജൈനപ്രസ്ഥാനങ്ങള്‍ എന്ന വാദം, ശാങ്കരവേദാന്തം മേലാള-കീഴാളവ്യവസ്ഥിതിയെ ഊട്ടിഉറപ്പിക്കാനുള്ള ആശയവാദം (ഐഡിയലിസം) ആണ് എന്ന പ്രസ്താവം, കാസ്റ്റിസം അഥവാ ജാതി അഥവാ വര്‍ണ്ണം എന്ന തരത്തില്‍ അവര്‍ തന്നെ ഉണ്ടാക്കിയ സമവാക്യം സൂചിപ്പിക്കുന്ന വിവേചനാത്മകമായ സാമൂഹ്യവ്യവസ്ഥിതി ആണ് ഹിന്ദുയിസത്തിന്റെ സ്ഥായീഭാവം എന്നു സ്ഥാപിക്കല്‍, അയിത്തം എന്ന ദുരാചാരം ഈ വ്യവസ്ഥിതിയ്ക്കടിസ്ഥാനമായ സാമ്പത്തികവിവേചനത്തിന്റെ സൃഷ്ടിയാണ് എന്നു വരുത്തിത്തീര്‍ക്കല്‍ എന്നിവയാണ്.

ഈ പട്ടികയില്‍ ആദ്യം കൊടുത്ത ആര്യ-ദ്രാവിഡവാദത്തില്‍ നിന്നാണ് മറ്റു നുണക്കഥകളെല്ലാം മെനഞ്ഞിരിക്കുന്നത് എന്നു കാണാം. അവരുടെ കണ്ടെത്തലുകള്‍ തികച്ചും ശരിയാണെന്ന തോന്നലുളവാക്കാന്‍ ഋഗ്വേദം മുതലായ ശ്രുതികളേയും, മനുസ്മൃതി മുതലായ സ്മൃതികളെയും മറ്റു ഭാരതീയസാഹിത്യങ്ങളേയും തരംപോലെ ദുര്‍വ്യാഖ്യാനിക്കലും ആര്‍ക്കിയോളജി, സോഷ്യോളജി, ജനറ്റിക്സ് എന്നിവ നല്‍കുന്ന വിവര (ഡാറ്റാ) ങ്ങളെ ദുരുപയോഗം ചെയ്ത് തെറ്റായ നിഗമനങ്ങള്‍ അവതരിപ്പിക്കലും ആണ് ഇക്കൂട്ടര്‍ സ്വീകരിച്ചിരിക്കുന്ന ഉപായം. അമേരിക്കന്‍ ഗവേഷകയായ വൈ.സി. റോസ്സര്‍- ഇക്കൂട്ടര്‍, പ്രത്യേകിച്ചു മാര്‍ക്സിസ്റ്റു ചരിത്രകാരന്മാര്‍ നടത്തിവരുന്ന ഈ കപടനാടകത്തെ ഈ അടുത്തിടെ തുറന്നു കാട്ടിയതിന്റെ വാര്‍ത്ത ജന്മഭൂമിയുടെ വെബ്ഡസ്‌ക് (ജനുവരി 13, 2021, 8:23 എ.എം) തന്നെ കൊടുത്തിരുന്നല്ലോ. ഇവരുടെ മേല്‍പ്പറഞ്ഞ ബാലിശമായ ആരോപണങ്ങള്‍ക്കെല്ലാം തന്നെ യുക്തിയുക്തമായും തെളിവുകള്‍ നിരത്തിയും മറുപടികള്‍ പണ്ഡിതലോകം ഇന്നു നല്‍കിവരുന്നു. അവയെ എല്ലാം ഈ ചെറിയ ലേഖനത്തിലൂടെ ഇവിടെ പ്രസ്താവിക്കാന്‍ കഴിയുകയില്ലല്ലോ. എങ്കിലും ആര്യദ്രാവിഡവാദം, കാസ്റ്റിസം, അയിത്തം എന്നിവയെക്കുറിച്ച് പ്രാമാണികരായ ആര്‍ക്കിയോളജിസ്റ്റുകളുടെയും സോഷ്യോളജിസ്റ്റുകളുടെയും നിഗമനങ്ങളെ ചുരുക്കത്തില്‍ എഴുതാം.

ആര്യദ്രാവിഡവാദം വെറുമൊരു കെട്ടുകഥ മാത്രമാണെന്നു പണ്ഡിതലോകം തിരിച്ചറിയുകയും അതര്‍ഹിക്കുന്ന ഇടമായ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തുകഴിഞ്ഞു. എന്നാലും ചില തല്‍പരകക്ഷികള്‍ ഇപ്പോഴും അതിനെ ജനിതകശാസ്ത്രം, ജൈവശാസ്ത്രപരമായി തെറ്റെന്നു തെളിഞ്ഞ വംശ (റേയ്സ്) വാദം എന്നിവയുടെ മറപിടിച്ച് ദുരുപയോഗം ചെയ്യുന്നതായി ദിലീപ് ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഡയറക്ടര്‍ ജനറലായിരുന്ന (1968-72) പ്രൊഫസര്‍ ബി.ബി.ലാല്‍ ഇപ്രകാരം പറയുന്നു- ‘കുറേക്കാലങ്ങളായി തുടര്‍ച്ചയായി ചില നിഗമനങ്ങള്‍ ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടിനെ വികലമാക്കിക്കൊണ്ടിരിക്കുകയാണ്. (1) വേദങ്ങള്‍ക്ക് 1200 ബിസിഇ- യേക്കാള്‍ പഴക്കമില്ല. വൈദിക ജനത നാടോടികള്‍ (Nomads) ആയിരുന്നു. (2)3000 ബിസിഇ- യില്‍ ഉണ്ടായതെന്നു കരുതാവുന്ന ഹാരപ്പന്‍ നാഗരികതയുടെ ഉപജ്ഞാതാക്കള്‍ ദ്രാവിഡഭാഷ സംസാരിക്കുന്നവരായിരുന്നു. ഈ നാഗരികതയെ ആര്യന്‍ ആക്രമണകാരികള്‍ നിശ്ശേഷം നശിപ്പിച്ചു. (3)ആര്യന്‍ ആക്രമണം എന്നൊന്നില്ലായിരുന്നു എന്നു തെളിയിക്കപ്പെട്ടപ്പോള്‍ ആര്യന്മാര്‍ മധ്യേഷ്യയിലെ Bactria Margiana Archeil ogical Complex നിന്നുള്ള കുടിയേറ്റക്കാരാണ് എന്ന് മറ്റൊരു സിദ്ധാന്തം പ്രചരിപ്പിക്കപ്പെട്ടു. സമീപകാലത്ത് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ നടത്തിയ ഉത്ഖനനങ്ങളും വൈദികഗ്രന്ഥങ്ങളുടെ പുതിയ പഠനവും മേല്‍പ്പറഞ്ഞ മൂന്നു സിദ്ധാന്തങ്ങളും അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ന് താഴെപ്പറയുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ട്, തീര്‍ച്ചയുണ്ട്. (1) ഋഗ്വേദം 2000 ബിസിഇ-യേക്കാള്‍ വളരെയേറെ പഴക്കമുളളതാണ്. ഈ ഗ്രന്ഥത്തിന്റെ സൂക്ഷ്മപഠനത്തിലൂടെ തെളിയുന്നത് ഋഗ്വേദ ജനത നാടോടികളായിരുന്നില്ല എന്നതാണ്. (2) ഋഗ്വേദത്തിന്റെ പ്രദേശവും ഹാരപ്പന്‍ നാഗരികതയുടെ പ്രദേശവും ഒന്നുതന്നെയാണ്. വൈദികസംസ്‌കാരവും ഈ നാഗരികതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്. (3) ഹാരപ്പന്‍ നാഗരികത നാമാവശേഷം ആയില്ല. നേരേമറിച്ച് അതിന്റെ പല സവിശേഷതകളും ഇന്നും കാണാം.(4) ഹാരപ്പന്‍ നാഗരികതയുടെ വേരുകള്‍ സി-14 റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ 5000 ബിസിഇ-യിലേക്കോ അതിലും പിന്നോട്ടോ നീളുന്നു. അതായത് ഹാരപ്പന്‍- വേദിക് ജനതകള്‍ ആക്രമണകാരികളോ കുടിയേറ്റക്കാരോ ആയിരുന്നില്ല എന്നു മാത്രമല്ല സ്വദേശികള്‍ (ഇന്‍ഡിജിനസ്) തന്നെയായിരുന്നുവെന്നും തീര്‍ച്ചപ്പെടുത്താം. (5) കൂടാതെ വൈദിക ജനത 2000- ബിസിഇയുടെ തുടക്കത്തില്‍ തന്നെ ഇറാന്‍ വഴി പടിഞ്ഞാറ് ടര്‍ക്കി വരെ എത്തിയിരുന്നുവെന്ന് ആര്‍ക്കിയോളജിയുടേയും സാഹിത്യത്തിന്റെയും സംയുക്തമായ തെളിവുകള്‍ വ്യക്തമാക്കുന്നു’.

വൈദികകാലം എന്നു പറയാവുന്ന ഒരു കാലത്തെക്കുറിച്ചുള്ള പുരാവസ്തുശാസ്ത്രപരമായ തെളിവുകള്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് ദിലീപ് കെ. ചക്രവര്‍ത്തി (ഇന്‍ഡ്യാ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി- പാലിയോലിത്തിക് ബിഗിനിങ്സ് റ്റു ഏര്‍ലി ഹിസ്റ്റോറിക് ഫൗണ്ടേഷന്‍സ്) പറയുന്നത്. വൈദികവ്യവസ്ഥിതി ഒരുകാലത്തും ഹിന്ദുസ്ഥാനമൊട്ടാകെ നിലവില്‍ വന്നിട്ടില്ല എന്നാണ് പ്രമുഖ സോഷ്യോളജിസ്റ്റ് ആയ എം.എന്‍. ശ്രീനിവാസന്റെ (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്‍ഡ്യ) ഉറച്ച അഭിപ്രായം. സൈന്ധവനാഗരികത മുതല്‍ക്കെങ്കിലും ഹിന്ദുക്കളുടെ ഇടയില്‍ പ്രചരിച്ചിരുന്ന നിരവധി സമ്പ്രദായങ്ങളില്‍ ഒന്നു മാത്രമാണ് വൈദികം എന്നു നാം മുകളില്‍ കണ്ടു. സാമ്പത്തികമായ ഉച്ചനീചത്വവുമായി ബന്ധപ്പെടുത്തിയാണല്ലോ ശുദ്ധാശുദ്ധത്തിന്റെ ആചരണത്തെ പലരും വിശദീകരിക്കുന്നത്. ശ്രീനിവാസന്റെ അഭിപ്രായത്തില്‍ ഈ ശുദ്ധാശുദ്ധസങ്കല്‍പത്തിന്റെ ഉറവിടം പൂജാദി അനുഷ്ഠാനവുമായി ബന്ധപ്പെട്ടതാണ്. റിച്വല്‍ പ്യൂരിറ്റി (കര്‍മ്മശുദ്ധി) എന്ന വാക്കാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഈ ശുദ്ധാശുദ്ധിബോധം ഏതെങ്കിലും ഒരു സമ്പ്രദായത്തില്‍ പെട്ടവര്‍ മാത്രം ഉള്‍ക്കൊണ്ടിരുന്നതല്ലത്രേ. സൈന്ധവനാഗരികതയുടെ കാലം തൊട്ടു തന്നെ ഹിന്ദുക്കളുടെ ഇടയില്‍ പൊതുവേ ഇത് ആചരണത്തില്‍ ഉണ്ടായിരുന്നു എന്ന് ആ നാഗരികതയിലെ വലിയ ജലാശയങ്ങളും ജലവിനിമയപദ്ധതികളും ചൂണ്ടിക്കാണിച്ചുകൊണ്ട് ദിലീപ് കെ. ചക്രവര്‍ത്തി (ഹിന്ദുയിസം ഫ്രം പ്രീഹിസ്റ്ററി റ്റു ഹിസ്റ്ററി) സമര്‍ത്ഥിക്കുന്നു. അതായത് മുഴുവന്‍ സമാജവും ഇതിനെ സ്വാംശീകരിച്ചിരുന്നു എന്നര്‍ത്ഥം. ജനനം, മരണം, ആര്‍ത്തവം മുതലായ സന്ദര്‍ഭങ്ങളില്‍ സമാജത്തിലെ വിവിധ വിഭാഗങ്ങള്‍ പുലവാലായ്മകള്‍ എന്ന പേരിലും മറ്റും ഈ ആചരണം ഇന്നും തുടരുന്നതും കാണാം. ദൈനന്ദിനജീവിതത്തില്‍ ഏവരും അവശ്യം പാലിക്കേണ്ടതും ദേവതാരാധനയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ വിശിഷ്യ അനുവര്‍ത്തിച്ചുപോന്നതും ആയ ഈ ശുദ്ധാശുദ്ധി കേവലം ജന്മത്തിന്റെ അടിസ്ഥാനത്തില്‍ സാമുദായികമായ അയിത്തം, തീണ്ടല്‍ എന്നെല്ലാം അറിയപ്പെടുന്ന ഒരു ദുരാചാരമായി അധ:പതിച്ചത് ഇടക്കാലത്തു മാത്രമാണ് എന്നതിനു തെളിവുകള്‍ പണ്ഡിതന്മാര്‍ നല്‍കുന്നുണ്ട്.

ആറ്റൂര്‍ കൃഷ്ണപ്പിഷാരടി തന്റെ കേരളചരിത്രം എന്ന പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു-‘ജനങ്ങളെല്ലാം മതത്തെ സംബന്ധിച്ചേടത്തോളം വൈദികമതക്കാര്‍, ബുദ്ധമതക്കാര്‍ എന്നിങ്ങനെ രണ്ടു തരക്കാരായിട്ടാണ് അന്നിരുന്നത്. അതില്‍ത്തന്നെയും സംഖ്യ കൊണ്ടു ബുദ്ധമതക്കാര്‍ വൈദികമതക്കാരേക്കാള്‍ ഒട്ടും കുറവായിരുന്നില്ല. വൈദികമതക്കാര്‍ അന്യമതക്കാരെ ഇക്കാലത്തെപ്പോലെയോ അടുത്തകാലത്തുണ്ടായിരുന്നതുപോലെയോ അകന്ന നിലയില്‍ ഗണിക്കയും നികൃഷ്ടന്മാര്‍ എന്നു കരുതുകയും ചെയ്തിരുന്നില്ല. ഒരു ഗൃഹത്തിലെ അംഗങ്ങളില്‍ത്തന്നെ ജ്യേഷ്ഠന്‍ വൈദികമതക്കാരനും അനുജന്‍ ബുദ്ധമതക്കാരനും ആയാലും അവര്‍ തമ്മില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്നോ ഒരാള്‍ പാകം ചെയ്തത് മറ്റെ ആള്‍ക്കു ഭക്ഷിക്കുന്നതിന്നോ മതസംബന്ധമായി യാതൊരു വിരോധവും അക്കാലത്തേര്‍പ്പെട്ടിരുന്നില്ല. ദമ്പതിമാരില്‍ത്തന്നെ ഭര്‍ത്താവ് ഒരു മതവും ഭാര്യ മറ്റൊരു മതവും സ്വീകരിച്ചവരായി ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അതുപോലെതന്നെ താണ ജാതിക്കാരെന്നു കരുതിവന്നിരുന്ന ചിലര്‍ക്ക് കുറെക്കാലമായി കേരളത്തില്‍ ആചരിച്ചുവരുന്ന തീണ്ടല്‍ എന്ന ഏര്‍പ്പാടും ആദിപെരുമാക്കന്മാരുടെ വാഴ്ചക്കാലത്ത് ഏര്‍പ്പെട്ടുകഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇക്കാലത്തു തീണ്ടല്‍ജാതിക്കാരായി ഗണിച്ചുവരുന്ന മലയര്‍, കുറുച്ചിയര്‍, കാണിക്കാര്‍ മുതലായവര്‍ അക്കാലത്തു പൊതുജനങ്ങളുടെ ഇടയില്‍ ഏതുസമയത്തും അടുത്തുപെരുമാറി വന്നിരുന്നു’ (ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കേരളചരിത്രം, അധ്യായം 3, 8. മതവും ആചാരവും, പേജ് 40).

വൈദികധര്‍മ്മശാസ്ത്രങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച പാണ്ഡുരംഗ വാമന്‍ കെയ്ന്‍ (ഹിസ്റ്ററി ഓഫ് ധര്‍മ്മശാസ്ത്ര, അഞ്ചു വലിയ ഭാഗങ്ങള്‍) അഭിപ്രായപ്പെടുന്നത്- ‘ജാതി (കാസ്റ്റ്) വ്യവസ്ഥ മാറ്റാന്‍ കഴിയാത്തതരത്തില്‍ ഉറച്ചുപോയിരുന്നില്ല. ജാതി മാറ്റം അനുവദിച്ചിരുന്നോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെങ്കിലും പന്തിഭോജനവും വിജാതിവിവാഹവും നിഷിദ്ധമായിരുന്നില്ല. ഇന്നത്തെപ്പോലെ ജാതികളും അവയുടെ നിരവധി അവാന്തരവിഭാഗങ്ങളും തമ്മില്‍ ഇത്രയേറെ വിടവുണ്ടായിരുന്നില്ല. പക്ഷേ മേല്‍ജാതിയിലുള്ളയാള്‍ കീഴ്ജാതിക്കാരനോട് അനുവര്‍ത്തിക്കേണ്ട അയിത്താചരണത്തിന്റെ തുടക്കം ധര്‍മ്മസൂത്രങ്ങളില്‍ നമുക്കു കാണാന്‍ കഴിയും’ എന്നാണ്. ദിലീപ്. കെ.ചക്രവര്‍ത്തി തന്റെ ഇന്‍ന്ത്യ ഓഫ് ദി വേദിക് ടെക്സ്റ്റ്സ് എന്ന പ്രബന്ധത്തില്‍ ഈ അഭിപ്രായത്തെ ഉദ്ധരിക്കുന്നുണ്ട്. ബ്രാഹ്മണരെഴുതിയ മനുസ്മൃതി പോലുള്ള വൈദികഗ്രന്ഥങ്ങളില്‍, കെയ്ന്‍ പറഞ്ഞതുപോലെ, ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥിതിയേയും മറ്റും വര്‍ണ്ണിക്കുന്നുണ്ടെങ്കിലും അവ സത്യത്തില്‍ ഏട്ടിലെ പശുവായിരുന്നു എന്നും നാടാകെ, സമൂഹമാകെ ഒരു കാലത്തും അതു നടപ്പായിരുന്നില്ലെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാരതത്തിലെ 560,000 ഗ്രാമങ്ങളിലെ മിക്ക ഇടങ്ങളിലും വൈദികവ്യവസ്ഥിതിയുടെ പേരുപോലും കേട്ടിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല പല ഗ്രാമങ്ങളിലും ബ്രാഹ്മണരും ഹരിജനങ്ങളും ഗ്രാമജീവിതത്തിന്റെ പല തലങ്ങളില്‍ സഹകരിച്ചുപോന്നിരുന്നു എന്നും അതാതു ഗ്രാമങ്ങളിലെ സ്വാധീനശേഷിയുള്ള ജാതിയിലേക്കു പടിപടിയായി കയറ്റം നേടാന്‍ കീഴ്ജാതികള്‍ക്കു കഴിയുമായിരുന്നു എന്നും അത്തരത്തില്‍ ഒരു ചലനാത്മകമായ (ഡയനമിക്) പ്രക്രിയ ബ്രിട്ടീഷുകാര്‍ ഭരണത്തില്‍ പിടിമുറുക്കുന്നതു വരെ ഹിന്ദുസമാജത്തില്‍ സജീവമായിരുന്നു എന്നും അദ്ദേഹം പറയുന്നു. വൈദികസമ്പ്രദായികള്‍ ആയ ബ്രാഹ്മണരോ ത്രൈവര്‍ണ്ണികരോ (വൈദികവ്യവസ്ഥിതിയിലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വിഭാഗങ്ങള്‍) മാത്രം ശൂദ്രാദി മറ്റെല്ലാ വിഭാഗങ്ങളുടെ നേരെയും അനുവര്‍ത്തിച്ചുപോന്നതാണ് ഈ ഹീനാചാരം എന്നും പലരും കരുതി വരുന്നുണ്ടല്ലോ. എന്നാല്‍ ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇത് അന്യോന്യം ആചരിച്ചുപോന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കര്‍ണ്ണാടകത്തിലെ ചില ബ്രാഹ്മണവിഭാഗങ്ങളെ അയിത്തം ആരോപിച്ച് അവിടുത്തെ ചില ഹരിജനവിഭാഗങ്ങള്‍ അകറ്റിനിര്‍ത്തിയിരുന്നതായി ശ്രീനിവാസന്‍ ചൂണ്ടിക്കാണിക്കുന്നു. സത്യത്തില്‍ വൈദികര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നതാണ് ഇതെന്നു കാണാന്‍ കഴിയും. ഈ നികൃഷ്ടാചരണത്തെ മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെയും വ്യവസ്ഥിതിയുടെ അവിഭാജ്യഘടകമാണെന്നു വരുത്തിത്തീര്‍ക്കാന്‍് നിരന്തരം ശ്രമിച്ചത് ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചിരുന്ന മേല്‍പ്പറഞ്ഞ ആംഗ്ളോ-ജര്‍മ്മന്‍ പണ്ഡിതന്മാരും പിന്നീട് ഇടതുപണ്ഡിതരുമാണ്. മനുസ്മൃതിയെ ബ്രിട്ടീഷ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ പ്രധാനഭാഗമാക്കിയത് ഈ വെള്ളക്കാരായിരുന്നു എന്നു ശ്രീനിവാസന്‍ ചൂണ്ടിക്കാണിക്കുന്നു. സ്മൃതികളെ പ്രാമാണികമായി കരുതി വന്നിരുന്നത് വൈദികര്‍ മാത്രമായിരുന്നു. അവര്‍ പോലും ഭാരതത്തിലെ മുഴുവന്‍ വൈദികര്‍ക്കും ബാധകമായി മനുസ്മൃതിയേയൊ മറ്റ് ഏതെങ്കിലും ഒരു സ്മൃതിയെയോ ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. ഇതുപോലെ തന്നെ ആണ് വംശം (റെയ്സ്) എന്ന അര്‍ത്ഥം പറയാവുന്ന കാസ്റ്റ് എന്ന പോര്‍ച്ചുഗീസ് പദത്തെ കടമെടുത്ത് ഹിന്ദുസമൂഹത്തെ ആകമാനം പരസ്പരം ബന്ധമില്ലാത്ത അറകള്‍ പോലുള്ള പട്ടികകളാക്കി തിരിച്ച് വിഭജിച്ചതും. ബ്രിട്ടീഷ്‌കാര്‍ തങ്ങളുടെ ഭരണാധികാരം ദുര്‍വിനിയോഗം ചെയ്ത് ഇതിനായി നിരവധി സെന്‍സസ്സുകള്‍ നടത്തി ഹിന്ദുപൊതുബോധത്തില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചെടുത്തു. അവരുടെ ഈ ദുഷ്ച്ചെയ്തികളെ തെളിവുകള്‍സഹിതം സഞ്ജോയ് ചക്രവര്‍ത്തി തന്റെ ദി ട്രൂത്ത് എബൗട് അസ് എന്ന പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതു കാണാം. വാസ്തവത്തില്‍ കാസ്റ്റും ഭാരതത്തിലെ ജാതിയും വര്‍ണ്ണവും തമ്മില്‍ ഒരു ബന്ധവുമില്ല. പ്രധാനമായും തൊഴിലുമായി ബന്ധപ്പെട്ടാണ് ജാതി ഉരുത്തിരിഞ്ഞത്. ഒന്നോ അതിലധികമോ തൊഴിലുകള്‍ ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ജാതിസമൂഹമായി പരിണമിച്ചത് എന്നു കാണാം.

ക്രമേണ സജാതീയവിവാഹം, ഒരേ വിശ്വാസ ആചാരഅനുഷ്ഠാനങ്ങള്‍ അഥവാ സമ്പ്രദായം, തൊഴിലിനു സഹായകമായ ഒരേ ജീവിതക്രമം മുതലായവയും ഇത്തരം സമുദായങ്ങളുടെ സ്വത്വഘടകങ്ങളായി. ഒരു ജാതിയില്‍ നിന്നും മറ്റൊരു ജാതിയിലേക്കുള്ള പരിവര്‍ത്തനം നിഷിദ്ധമല്ലായിരുന്നു എന്നു മാത്രമല്ല സാധ്യവുമായിരുന്നു എന്നു നാം കണ്ടു. വര്‍ണ്ണമാകട്ടെ തികച്ചും വൈദികസമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന നാലു വര്‍ണ്ണങ്ങളാണ് വൈദികത്തിലെ അടിസ്ഥാനവര്‍ണ്ണങ്ങള്‍. പില്‍ക്കാലത്ത് ഈ വര്‍ണ്ണങ്ങളില്‍ പെട്ടവര്‍ പരസ്പരം വര്‍ണ്ണം മാറി വിവാഹബന്ധത്തിലേര്‍പ്പെടുകയും ആ ബന്ധത്തിലുണ്ടായവരെ വൈദികര്‍ വിവിധങ്ങളായ അനുലോമ, വിലോമവര്‍ണ്ണപ്പട്ടികകളുണ്ടാക്കി അവയില്‍ പെടുത്തുകയും ചെയ്തു. അതിന്റെ വിശദാംശങ്ങള്‍ വാചസ്പതി പരമേശ്വരന്‍ മൂസ്സ് എഴുതിയ അമരകോശവ്യാഖ്യാനത്തിലെ ബ്രഹ്മവര്‍ഗഭാഗത്തു കാണാം. കാലാന്തരത്തില്‍ ഈ ജാതികളും വര്‍ണ്ണങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്തവിധം ഇഴചേര്‍ന്ന അവസ്ഥയിലായി എന്നു മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുസമൂഹത്തിന്റെ അന്യവല്‍ക്കരണത്തിനായി ഹിന്ദുസമാജത്തിലെ ചില തലങ്ങളിലെ, ചില കാലങ്ങളിലെ കുറ്റങ്ങളേയും കുറവുകളേയും അവയുടെ യഥാര്‍ത്ഥകാരണം മനസ്സിലാക്കാതെ പെരുപ്പിച്ചു കാണിച്ചും പ്രാദേശികമായോ ചില ശ്രേണികളിലോ മാത്രം ഒതുങ്ങി നിന്ന അവയെ സാമാന്യവല്‍ക്കരിച്ചും ആണ് ഇക്കൂട്ടര്‍ ഹിന്ദുസംസ്‌കൃതിയെ വികൃതവും വികലവുമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നതു സ്പഷ്ടമാണല്ലോ.

സത്യത്തില്‍ ഒരു മനുഷ്യനും സമൂഹത്തിനും ലോകത്തിനും പ്രകൃതിക്കു തന്നെയും സ്വസ്ഥമായ നിലനില്‍പ്പിന് ആവശ്യമായതെല്ലാം ഉള്‍ക്കൊള്ളുന്നതാണ് നാം മുകളില്‍ക്കണ്ട ഹിന്ദുത്വത്തിന്റെ ഉള്ളടക്കമായ ആധ്യാത്മികദര്‍ശനവും അതിന്റെ അടിത്തറയിലൂന്നിയ ചതുര്‍വിധപുരുഷാര്‍ത്ഥ (ധര്‍മ്മ, അര്‍ത്ഥ, കാമ, മോക്ഷങ്ങള്‍) കല്‍പ്പനയും. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനഗവേഷണങ്ങളും സമൂഹമനസ്സിനെ ബോധ്യപ്പെടുത്തലും കാലഘട്ടത്തിന്റെ ആവശ്യമാണ്. 4. ഈ അസുലഭസന്ദര്‍ഭത്തിന്റെ പ്രസക്തി- മലയാളനാട്ടിലെ സാമൂഹ്യജീവിതത്തിന്റെ സ്വസ്ഥതയും മാധുര്യവും എന്നെന്നേക്കുമായി തകര്‍ത്ത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന തരത്തിലുള്ള സെമിറ്റിക് തീവ്രവാദശക്തികളുടെ സൃഗാല (കുറുക്കന്‍) ശൈലികളെ, നിന്ദ്യമായ നീക്കങ്ങളെ മലയാളികള്‍ ഒന്നടങ്കം ഇന്നു തിരിച്ചറിഞ്ഞു വരികയാണല്ലോ. ഭാരതീയരുടെ മറ്റെല്ലാ സാഹിത്യസൃഷ്ടികളേയും അപേക്ഷിച്ച് സ്വദേശത്തെ എല്ലാ വിഭാഗം ജനതതികളും (ഇസ്‌ലാമിക, ക്രൈസ്തവവിശ്വാസികളുള്‍പ്പടെ) അതുപോലെ കടലിനക്കരെയുള്ളവര്‍ പോലും ആടുകയും പാടുകയും കൊണ്ടാടുകയും ചെയ്യുന്ന രാമായണത്തിലെ പ്രധാനകഥാപാത്രവും മാനവധര്‍മ്മത്തിന്റെ പ്രതീകവും ആയ അയോധ്യയിലെ രാമന്‍ തന്നെയാണ് മലയാളിയുടെയും രാമന്‍ എന്നു നമുക്കു മേല്‍ക്കൊടുത്ത വിവരണത്തില്‍ നിന്നും മനസ്സിലാക്കാം. ആ രാമന്റെ ക്ഷേത്രം നാനാതരം പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് പണിതുയര്‍ത്തുന്ന ഈ പുണ്യവേളയില്‍ മാനവനെ വിശ്വമാനവനായി ഉയര്‍ത്തുന്ന ഹിന്ദുത്വത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളാം. രാമരാവണയുദ്ധത്തില്‍ അണ്ണാരക്കണ്ണനും തന്നാലായതുപോലെ എന്ന നിലയ്ക്ക് രാമനു കൈത്താങ്ങാകാം.
(അവസാനിച്ചു)

Tags: Ayodhyaമലയാളിയുടെ രാമന്‍
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies